അല്ലാഹുവും അവന്റെ റസൂലും നിര്‍ത്തിയേടത്ത് നിൽക്കാൻ ഒരു വിശ്വാസിക്ക് കഴിയണം. അതിനപ്പുറത്തേക്കുള്ള അതിരുവിടൽ വലിയ അപകടമാണ്. അല്ലാഹു പറയുന്നു:
إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ
തങ്ങൾക്കിടയിൽ (റസൂൽ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവർതന്നെയാണ് വിജയികൾ. (ഖു൪ആന്‍:24/51)
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന് വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:33/36)
എന്നാൽ മതപരമായ ഈ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് വിവിധതരം അതിരുകവിച്ചിലുകളിലൂടെ പിശാച് പലരെയും വഴിതെറ്റിച്ചിട്ടുണ്ട്. പല മേഖലകളിലും ഇത് കാണാനാകും. ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടവയെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം. എന്നാൽ അതിൽ അതിരുകവിച്ചിൽ ഉണ്ടാകുവാൻ പാടില്ല. പണ്ഡിതന്മാരെയും സജ്ജനങ്ങളെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് സത്യവിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ അവിടെ അതിരുകവിഞ്ഞ് അവരെ അനർഹമായ സ്ഥാനത്തേക്ക് ഉയർത്തുന്ന പ്രവണത പല സമൂഹങ്ങളിലും മുമ്പ് ഉണ്ടായിട്ടുണ്ട്.
പ്രവാചകാനുചരന്മാരും അവരുടെ ശിഷ്യന്മാരും അടങ്ങുന്ന സച്ചരിതരായ മുൻഗാമികൾ അവരിലെ പ്രായമായവരെയും പണ്ഡിതന്മാരെയും സജ്ജനങ്ങളെയുമൊക്കെ ശരിയായവിധത്തിൽ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അവരുടെ സ്ഥാനമാനങ്ങൾ അംഗീകരിക്കുകയും ചെയ്തു. എന്നാൽ അവരാരും ആദരവിന്റെ പേരിൽ സ്വഹാബിമാരിൽ ഒരാളുടെയും ക്വബ്ർ കെട്ടി ഉയർത്തുകയോ അവിടെ വിളക്ക് കത്തിക്കുകയോ ചെയ്തില്ല. പ്രാർഥനകൾക്കും മറ്റുമായി അവിടങ്ങളിലേക്ക് പ്രത്യേകം യാത്ര പുറപ്പെടുകയും ചെയ്തില്ല. അബൂബക്ർ സിദ്ദീക്വ് رضي الله عنه ഈ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ഠനായ വ്യക്തിയാണ്. എന്നാൽ സ്വഹാബിമാരാരും അദ്ദഹത്തിന്റെ കൈ മുത്തുവാനും കാൽക്കൽ വീഴുവാനുമൊന്നും തയ്യാറായിട്ടില്ല; അത്തരം അതിരുകവിച്ചിലുകളെ അവർ സൂക്ഷിക്കുകയും അതിനെതിരിൽ ജാഗ്രത കാണിക്കുകയും ചെയ്തിരുന്നു.
മനുഷ്യചരിത്രത്തിൽ ആദ്യമായി ശിർക്ക് സംഭവിച്ചത് നൂഹ് നബി عليه السلام യുടെ ജനതയിലായിരുന്നു. അത് ഇത്തരം അതിരുകവിച്ചിലിന്റെ ഭാഗമായിട്ടാണ് ഉണ്ടായത് എന്ന് രേഖകൾ മനസ്സിലാക്കിത്തരുന്നുണ്ട്. ആ ജനത അല്ലാഹുവിന് പുറമേ ആരാധിച്ച വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്വ്ർ തുടങ്ങിയ ആരാധ്യർ നൂഹ് നബി عليه السلام യുടെ ജനതയിലെ സജ്ജനങ്ങളായിരുന്നു. അവരുടെ കാലശേഷം അവർക്കുള്ള ബഹുമാനാദരവുകൾ അതിർവരമ്പുകൾ ലംഘിച്ച് ആരാധനയിലേക്ക് വഴിമാറി എന്നുള്ള കാര്യം ക്വുർആൻ വ്യാഖ്യാതാക്കൾ പലരും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം തിന്മകളിലേക്ക് എത്തിക്കുന്ന എല്ലാ വഴികളും ഇസ്ലാം കൊട്ടിയടച്ചു. തദ്വിഷയകമായി പ്രവാചകൻﷺ ശക്തമായ ഉപദേശനിർദേശങ്ങൾ നൽകിയതായി കാണാം. അവിടുന്ന് പറഞ്ഞു:
لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ
ക്രൈസ്തവ൪ മറിയമിന്റെ മകനെ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. തീ൪ച്ചയായും ഞാന്‍ (അല്ലാഹുവിന്റെ) അടിമയാണ്. നിങ്ങള്‍ പറയുക: അല്ലാഹുവിന്റെ റസൂലും അവന്റെ അടിമയുമെന്ന്. (ബുഖാരി:3445)
നബിﷺ പറഞ്ഞു;
ما أُحِبُّ أنْ تَرفعوني فوقَ مَنزلتي التي أنزَلَني اللهُ.
‘അല്ലാഹു എന്നെ അവരോധിച്ച സ്ഥാനത്തിന് ഉപരിയായി നിങ്ങളെന്നെ ഉയർത്തുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല’ (അഹ്മദ്).
ബഹുമാനത്തിന്റെ പേരിൽ എഴുന്നേറ്റ് നിൽക്കുന്നതുപോലും അവർ ഇഷ്ടപ്പെട്ടിരുന്നില്ല. പണ്ഡിതന്മാരോടുള്ള ആദരവിന്റെ മറവിൽ പൗരോഹിത്യം പടർന്നുപന്തലിക്കുന്നത് കാണാം. ജനിച്ചാലും മരിച്ചാലുമെല്ലാം ഓരോരോ ചടങ്ങുകൾ സംഘടിപ്പിച്ച് പൗരോഹിത്യത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. ഇത്തരം ചടങ്ങുകളും അനാചാരങ്ങളും കൈമടക്കുകളുമൊക്കെ മതത്തിന്റെ ഭാഗമായി വളർന്ന് പന്തലിക്കുമ്പോൾ പിശാചിന്റെ കുതന്ത്രങ്ങളാണ് വിജയിക്കുന്നത് എന്ന കാര്യം നാം തിരിച്ചറിയണം.
അല്ലാഹുവിന്റെ വിധിവിലക്കുകൾക്ക് വിരുദ്ധമായി പണ്ഡിത-പുരോഹിതന്മാർ കൽപിക്കുന്ന കാര്യങ്ങൾ അനുസരിച്ചുകൊണ്ട് മതത്തിൽ മാറ്റത്തിരുത്തലുകൾ വരുത്തിയ ജൂത-ക്രൈസ്തവരെ ആക്ഷേപിച്ചുകൊണ്ട് ക്വുർആൻ പറഞ്ഞ കാര്യം ശ്രദ്ധേയമാണ്:
ٱتَّخَذُوٓا۟ أَحْبَارَهُمْ وَرُهْبَٰنَهُمْ أَرْبَابًا مِّن دُونِ ٱللَّهِ وَٱلْمَسِيحَ ٱبْنَ مَرْيَمَ وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوٓا۟ إِلَٰهًا وَٰحِدًا ۖ لَّآ إِلَٰهَ إِلَّا هُوَ ۚ سُبْحَٰنَهُۥ عَمَّا يُشْرِكُونَ
അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ റബ്ബുകളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്! (ഖുർആൻ:9/31)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ശൈഖ് സഅദി رحمه الله പറയുന്നു:
{أَرْبَابًا مِنْ دُونِ اللَّهِ} يُحِلُّونَ لَهُمْ مَا حَرَّمَ اللَّهُ فَيُحِلُّونَهُ، وَيُحَرِّمُونَ لَهُمْ مَا أَحَلَّ اللَّهُ فَيُحَرِّمُونَهُ، وَيُشَرِّعُونَ لَهُمْ مِنَ الشَّرَائِعِ وَالْأَقْوَالِ الْمُنَافِيَةِ لِدِينِ الرُّسُلِ فَيَتَّبِعُونَهُمْ عَلَيْهَا.
وَكَانُوا أَيْضًا يُغْلُونَ فِي مَشَايِخِهِمْ وَعُبَّادِهِمْ وَيُعَظِّمُونَهُمْ، وَيَتَّخِذُونَ قُبُورَهُمْ أَوْثَانًا تُعْبَدُ مِنْ دُونِ اللَّهِ، وَتُقْصَدُ بِالذَّبَائِحِ، وَالدُّعَاءِ وَالِاسْتِغَاثَةِ.
അല്ലാഹു നിഷിദ്ധമാക്കിയത് അവർ ആളുകൾക്ക് അനുവദിച്ചുകൊടുക്കും. അപ്പോൾ ആളുകൾ അത് അനുവദനീയമായി ഗണിക്കും. അപ്രകാരംതന്നെ അല്ലാഹു അനുവദിച്ചത് അവർ ആളുകൾക്ക് തടയും. അപ്പോൾ ആളുകൾ അതിനെ നിഷിദ്ധമായും ഗണിക്കും. അങ്ങനെ പ്രവാചകന്മാർ പഠിപ്പിച്ചതിന് വിരുദ്ധമായ പല വാക്കുകളും പ്രവൃത്തികളും മതത്തിന്റെ ആവരണമണിയിച്ച് മതാചാരങ്ങളായി ആളുകൾക്ക് അവർ നൽകും. അപ്പോൾ ആളുകൾ അവരെ അന്ധമായി പിൻപറ്റുകയും ചെയ്യും. അങ്ങനെയാണ് പണ്ഡിത പുരോഹിതന്മാരെ അവർ റബ്ബുകളാക്കി മാറ്റിയത്.
അപ്രകാരംതന്നെ അവരിലെ ഭക്തന്മാരും പണ്ഡിതന്മാരുമായ ആളുകളുടെ വിഷയത്തിൽ അതിരുകവിഞ്ഞുകൊണ്ട് അവരുടെ ക്വബ്റുകളെ ആരാധനാലയങ്ങളും ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളുമാക്കിത്തീർക്കുന്ന സ്ഥിതിവരെ ഉണ്ടായി. പ്രാർഥനകൾക്കും ബലികർമങ്ങൾക്കും മറ്റു പല ആരാധനകൾക്കും അത്തരം സ്ഥലങ്ങളെ ലക്ഷ്യംവച്ച് പോകുന്ന അവസ്ഥയും കാണാം. (തഫ്സീർ സഅദി).
ഇതുതന്നെയാണ് മക്കാമുശിരിക്കുകൾക്കും സംഭവിച്ച അപകടം. അല്ലാഹു പറയുന്നു:
ﻭَﻳَﻌْﺒُﺪُﻭﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ ﻭَﻳَﻘُﻮﻟُﻮﻥَ ﻫَٰٓﺆُﻻَٓءِ ﺷُﻔَﻌَٰٓﺆُﻧَﺎ ﻋِﻨﺪَ ٱﻟﻠَّﻪِ ۚ ﻗُﻞْ ﺃَﺗُﻨَﺒِّـُٔﻮﻥَ ٱﻟﻠَّﻪَ ﺑِﻤَﺎ ﻻَ ﻳَﻌْﻠَﻢُ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَﻻَ ﻓِﻰ ٱﻷَْﺭْﺽِ ۚ ﺳُﺒْﺤَٰﻨَﻪُۥ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳُﺸْﺮِﻛُﻮﻥَ
അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന് അറിയാത്ത വല്ലകാര്യവും നിങ്ങളവന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു. (ഖു൪ആന്‍:10/18)
ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി رحمه الله പറയുന്നത് കാണുക:
انهم وضعوا هذه الاصنام والاوثان على صور انبيائهم وأكابرهم وزعموا أنهم متى اشتغلوا بعبادة هذه التماثيل فان أولئك الا مابر تكون شفعاء لهم عند الله تعالى ونظيره فى هذا الزمان اشتغال كثير من الخلق بتعظيم قبور الاكابر على اعتقاد انهم اذا عظموا قبورهم فانهم يكونون شفعاء لهم عند الله
നിശ്ചയം അവർ ഈ വിഗ്രഹങ്ങളെയും പ്രതിഷ്ഠകളെയും അവരിലെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപങ്ങളിലാണ് പ്രതിഷ്ഠിച്ചിരുന്നത്. ആ പ്രതിഷ്ഠകളുടെ മുമ്പിൽ ആരാധനകൾകൊണ്ട് വ്യാപൃതരാകുമ്പോഴെല്ലാം ആ മഹത്തുക്കൾ ഇവർക്കു വേണ്ടി അല്ലാഹുവിന്റെയടുക്കൽ ശുപാർശ പറയും എന്നായിരുന്നു അവരുടെ വിശ്വാസം. ഇതിന് സമാനമാണ് ഈ കാലത്ത് ധാരാളം ആളുകൾ മഹാന്മാരുടെ ക്വബ്റുകൾ ആദരിക്കുന്നു, അവയെ ബഹുമാനിക്കുന്നു എന്ന പേരിൽ കാട്ടിക്കൂട്ടുന്നത്. അഥവാ അവരുടെ ക്വബ്റുകളെ ബഹുമാനിച്ചാൽ തീർച്ചയായും ഈ മഹത്തുക്കൾ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്കുവേണ്ടി ശുപാർശ പറയും എന്നാണ് അവരുടെ വിശ്വാസം. (തഫ്സീർ റാസി).
മുസ്ലിം സമുദായത്തിൽ ഇത്തരം അതിരുകവിച്ചിലുകൾ പലതും വന്നിട്ടുള്ളത് ശിയാക്കളിൽനിന്നുമാണ്. അലി رَضِيَ اللَّهُ عَنْهُ വോടുള്ള സ്നേഹത്തിന്റെ പേരിൽ വ്യാജമായി മഹത്ത്വങ്ങളും കഥകളും പറയുന്ന ധാരാളം ഹദീസുകൾ അവർ പടച്ചുണ്ടാക്കി. എന്നാൽ അതിൽ അധികവും അലി رَضِيَ اللَّهُ عَنْهُ വിനെ വാഴ്ത്തുകയല്ല പ്രത്യുത ഇകഴ്ത്തുകയാണ് ചെയ്യുന്നത് എന്നതാണ് ഏറെ രസകരം. ഇബ്നുൽ ജൗസി رحمه الله അത്തരം കുറെ വ്യാജ ഹദീസുകൾ തന്റെ ‘അൽ മൗദൂആത്’ (വ്യാജ ഹദീസുകൾ) എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.
ശിയാക്കൾ ഉണ്ടാക്കിയ അത്തരം വ്യാജ ഹദീസുകളിൽ പെട്ട ഒന്നാണ് ‘ഒരിക്കൽ സൂര്യൻ അസ്തമിച്ച കാരണത്താൽ അലി رَضِيَ اللَّهُ عَنْهُ വിന് നമസ്കരിക്കാൻ പറ്റിയില്ല. അപ്പോൾ അദ്ദേഹത്തിനായി സൂര്യനെ തിരിച്ചയച്ചു’ എന്ന റിപ്പോർട്ട്. ഇതിന്റെ പരമ്പര പരിശോധിക്കുമ്പോൾ വ്യാജമായി നിർമിച്ച ഒന്നാണ് എന്ന് സുതരാം വ്യക്തമാകും. വിശ്വസ്തനായ ഒരാളും ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിന്റെ ആശയം പരിശോധിക്കുകയാണെങ്കിലോ? നമസ്കാരത്തിന്റെ സമയം നഷ്ടപ്പെട്ടാൽ അത് നഷ്ടപ്പെട്ടു. സൂര്യനെ വീണ്ടും കൊണ്ടുവരിക എന്നത് പുതിയ ഒരു ഉദയമാണ്. അത് നഷ്ടപ്പെട്ട സമയത്തല്ല തിരിച്ചുകൊണ്ടു വരുന്നത് എന്നതിനാൽ കഴിഞ്ഞു പോയതിന് പകരമാകുമോ? അപ്രകാരംതന്നെ അവർ ഉണ്ടാക്കിയ മറ്റൊരു ഹദീസാണ് ‘ഫാത്വിമ رضي الله عنها തന്റെ മയ്യിത്ത് കുളിപ്പിക്കൽ സ്വയം നിർവഹിച്ച ശേഷമാണ് മരണപ്പെട്ടത്’ എന്നത്. മരിക്കുന്നതിനു മുമ്പ് സ്വയം കുളിച്ച ഫാത്വിമ رضي الله عنها ഇപ്രകാരം പറഞ്ഞുവത്രെ: ‘എന്റെ മയ്യിത്ത് ഞാൻ കുളിച്ചിട്ടുണ്ട്; ഇനിയാരും എന്നെ മയ്യിത്ത് കുളിപ്പിക്കേണ്ടതില്ല.’ താൻ കുളിച്ച ആ കുളി അതിനു മതിയാകുന്നതാണ് എന്ന് അവർ പറയുകയും ചെയ്തുവത്രെ! ഇതും റിപ്പോർട്ടർമാരുടെ നിജസ്ഥിതി പരിശോധിക്കുമ്പോൾ വ്യാജമാണെന്ന് തെളിയും. ആശയം പരിശോധിക്കുമ്പോൾ ഗ്രാഹ്യക്കുറവും വിവരമില്ലായ്മയും അതിൽ നിഴലിച്ച് കാണാം. കാരണം മരണത്തോട് കൂടി നിർബന്ധമാകുന്ന ‘മയ്യിത്ത് കുളിപ്പിക്കൽ’ എങ്ങനെയാണ് മരണത്തിന് മുമ്പ് കുളിച്ചാൽ സ്വഹീഹാകുന്നത്?
ഇതുപോലെ പ്രമാണ പിൻബലവും ആശയ ഭദ്രതയുമില്ലാത്ത ധാരാളം അന്ധവിശ്വാസങ്ങളും കെട്ടു കഥകളും ഇവരുടെ പക്കലുണ്ട്. കർമശാസ്ത്ര മസ്അലകളിലും ഇവർ പുതുതായി ഉണ്ടാക്കിയ പല വീക്ഷണങ്ങളും കാണാം. ഇസ്ലാമിക ലോകത്ത് ഐകകണ്ഠ്യേന അംഗീകരിച്ചുപോന്ന പല ‘ഇജ്മാഉ’കൾക്കും വിരുദ്ധമായ നിരവധി കെട്ടുകഥകളും അവർ കൊണ്ടുനടക്കുന്നുണ്ട്. (വിശദവിവരത്തിന് ‘തൽബീസു ഇബ്ലീസ്’ പേജ് 110 കാണുക).
സുജൂദ് മണ്ണിലല്ലാതെ പറ്റില്ല, വുദൂഅ് ചെയ്യുമ്പോൾ തല തടവാൻ വേറെ വെള്ളം എടുക്കാവതല്ല; കൈകഴുകിയ നനവുകൊണ്ട് തല തടവണം, ഇനി കയ്യെങ്ങാനും ഉണങ്ങി നനവ് നഷ്ടമായാൽ വീണ്ടും വുദൂഅ് എടുക്കണം; ആരെങ്കിലും ഇശാഅ് നമസ്കരിക്കാതെ ഉറങ്ങിപ്പോകുകയും അർധരാത്രി പിന്നിട്ട ശേഷം ഉണരുകയും ചെയ്താൽ പ്രസ്തുത നമസ്കാരം നിർബന്ധമായും ഖദാ വിട്ടുന്നതോടൊപ്പം അതിനുള്ള പ്രായച്ഛിത്തം എന്ന നിലയിൽ പിറ്റേദിവസം നോമ്പെടുക്കുകയും വേണം. സ്ത്രീകൾ അവരുടെ മുടി മുറിച്ചാൽ മനഃപൂർവമല്ലാത്ത നരഹത്യക്കുള്ള പ്രായച്ഛിത്തം നൽകണം. തന്റെ സന്താനത്തിന്റെയോ ഭാര്യയുടെയോ മരണം കാരണത്താൽ ആരെങ്കിലും സങ്കടം പ്രകടിപ്പിച്ച വസ്ത്രം വലിച്ചുകീറിയാൽ ശപഥലംഘനത്തിന്റെ പ്രായച്ഛിത്തം (അഥവാ 10 സാധുക്കൾക്ക് ഭക്ഷണം നൽകൽ, അല്ലെങ്കിൽ വസ്ത്രം നൽകൽ, അതല്ലെങ്കിൽ അടിമയെ മോചിപ്പിക്കൽ – സൂറത്തുൽ മാഇദ: 89) ചെയ്യണം. തുടങ്ങി അവരിലെ ഇമാമിയാക്കളുടെ പ്രത്യേകമായുള്ള വിചിത്ര മസ്അലകളും ചില കർമശാസ്ത്ര വിധികളും ഇബ്നുൽ ജൗസി رحمه الله തൽബീസു ഇബ്ലീസിൽ ഉദ്ധരിച്ചത് കാണാം (പേജ് 111).
ശമീർ മദീനി
www.kanzululoom.com