അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതും അതിന് വിരുദ്ധമായ ബഹുദൈവാരാധന, അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ എന്നിവ വെടിയുക എന്നതുമാണ് ഒരു വിശ്വാസിയുടെ ഏറ്റവും പ്രധാനപ്പെട്ട കടമ. കാരണം, ഇസ്ലാമിന്റെ അടിസ്ഥാനം തൗഹീദാണ്. അത് കൂടാതെ അല്ലാഹു ഒരു കർമവും സ്വീകരിക്കുകയില്ല. തൗഹീദിന്റെ മഹത്ത്വത്തെക്കുറിച്ചും അതിന് വിരുദ്ധമായ കാര്യങ്ങളുടെ അപകടത്തെക്കുറിച്ചും വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും ധാരാളം തെളിവുകൾ വന്നിട്ടുണ്ട്.
യഥാർഥ ശത്രുവിനെ തിരിച്ചറിയുക
മനുഷ്യനെ നേർമാർഗത്തിൽ നടത്തുന്നവനാണ് അല്ലാഹു. എന്നാൽ അതിൽനിന്നും തെറ്റിച്ചുകളയാനും നന്മയിൽനിന്ന് തടയാനും പിശാചുക്കൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് നമ്മൾ മറക്കരുത്. അല്ലാഹു പറയുന്നു:
ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ يُخْرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۖ وَٱلَّذِينَ كَفَرُوٓا۟ أَوْلِيَآؤُهُمُ ٱلطَّٰغُوتُ يُخْرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَٰتِ ۗ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ
വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന് അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു. (ഖുര്‍ആൻ:2/257)
നബിﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു:
إِنِّي خَلَقْتُ عِبَادِي حُنَفَاءَ كُلَّهُمْ وَإِنَّهُمْ أَتَتْهُمُ الشَّيَاطِينُ فَاجْتَالَتْهُمْ عَنْ دِينِهِمْ وَحَرَّمَتْ عَلَيْهِمْ مَا أَحْلَلْتُ لَهُمْ وَأَمَرَتْهُمْ أَنْ يُشْرِكُوا بِي مَا لَمْ أُنْزِلْ بِهِ سُلْطَانًا
‘എന്റെ ദാസന്മാരെ ഞാൻ നേരായ മാർഗത്തിലാണ് സൃഷ്ടിച്ചത്. എന്നാൽ പിശാചുക്കൾ അവരുടെ അടുത്തുവന്ന്, ദീനിൽനിന്ന് അവരെ തെറ്റിക്കുകയും ഞാൻ അനുവദിച്ച കാര്യങ്ങൾ അവർക്ക് നിഷിദ്ധമാക്കുകയും ഞാൻ യാതൊരു അധികാരവും നൽകാത്ത കാര്യങ്ങളിൽ എന്നോട് ശിർക്ക് ചെയ്യാൻ അവരോട് കൽപിക്കുകയും ചെയ്തു. (മുസ്ലിം:2865)
സ്വഫർ മാസം (شَهْرُ صَفَرُ); നാം അറിയേണ്ടത്
‘സ്വഫർ’ എന്നത് ഹിജ്റ കലണ്ടറിലെ രണ്ടാമത്തെ മാസമാണ്. ജാഹിലിയ്യ കാലത്തെ അറബികൾ ഈ മാസത്തിൽ യുദ്ധങ്ങൾ, ഏറ്റുമുട്ടലുകൾ പോലുള്ള വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അങ്ങനെ കൈവശമുള്ള ധനമെല്ലാം തീർന്നുപോകുകയും ചെയ്തിരുന്നു. അതിനാലാണ് ‘സ്വഫർ’ (ശൂന്യം) എന്ന് ഈ മാസത്തിന് പേരു വന്നത് എന്നാണ് പറയപ്പെടുന്നത്.
ജാഹിലിയ്യ കാലത്തെ അറബികൾ ഈ മാസത്തിൽ രണ്ട് ഗുരുതരമായ തെറ്റുകൾ ചെയ്തിരുന്നു. തങ്ങൾക്ക് ഇഷ്ടമുള്ള മാസങ്ങളിൽ യുദ്ധം ചെയ്യുന്നതിനായി അവർ മാസങ്ങളുടെ ക്രമം മാറ്റിമറിക്കാറുണ്ടായിരുന്നു എന്നതാണ് അതിലൊന്ന്. ഇതിനെ ‘നസീഅ്’ (മാസങ്ങളെ മാറ്റിവെക്കൽ) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അല്ലാഹു പറയുന്നു:
ﺇِﻧَّﻤَﺎ ٱﻟﻨَّﺴِﻰٓءُ ﺯِﻳَﺎﺩَﺓٌ ﻓِﻰ ٱﻟْﻜُﻔْﺮِ ۖ ﻳُﻀَﻞُّ ﺑِﻪِ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻳُﺤِﻠُّﻮﻧَﻪُۥ ﻋَﺎﻣًﺎ ﻭَﻳُﺤَﺮِّﻣُﻮﻧَﻪُۥ ﻋَﺎﻣًﺎ ﻟِّﻴُﻮَاﻃِـُٔﻮا۟ ﻋِﺪَّﺓَ ﻣَﺎ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﻓَﻴُﺤِﻠُّﻮا۟ ﻣَﺎ ﺣَﺮَّﻡَ ٱﻟﻠَّﻪُ ۚ ﺯُﻳِّﻦَ ﻟَﻬُﻢْ ﺳُﻮٓءُ ﺃَﻋْﻤَٰﻠِﻬِﻢْ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟْﻜَٰﻔِﺮِﻳﻦَ
വിലക്കപ്പെട്ടമാസം പുറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്റെ വര്‍ദ്ധനവ് തന്നെയാകുന്നു. സത്യനിഷേധികള്‍ അത് മൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത് അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കാനാണത്. അങ്ങനെ, അല്ലാഹു നിഷിദ്ധമാക്കിയത് ഏതോ അത് അനുവദനീയമാക്കുന്നു. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.(ഖു൪ആന്‍ :9/37)
സ്വഫർ മാസത്തെ അപശകുനമായി (നഹ്സ്) കാണലാണ് രണ്ടാമത്തെ തെറ്റ്. സ്വഫർ മാസം ദുരന്തങ്ങൾ നിറഞ്ഞതാണെന്നും ഈ മാസത്തിൽ വിവാഹം കഴിച്ചാലോ കച്ചവടം ചെയ്താലോ വിജയിക്കില്ലെന്നും ജാഹിലിയ്യാ അറബികൾ വിശ്വസിച്ചുപോന്നിരുന്നു.
ഏകദൈവ വിശ്വാസത്തിന് വിരുദ്ധമായ ഇതേ അന്ധവിശ്വാസങ്ങൾ ഇന്നത്തെ മുസ്ലിംകളിൽ ചിലർ പിന്തുടരുന്നത് കാണാം. അവർ സ്വഫർ അപശകുനങ്ങളുടെ മാസമാണന്നും ഈ മാസത്തിൽ രോഗികളെ സന്ദർശിക്കാൻ പാടില്ലെന്നും കരുതുന്നു. ഈ മാസം വിവാഹ ചടങ്ങുകൾ ഒഴിവാക്കുന്നവരും മാസത്തിലെ അവസാന ബുധനാഴ്ചയെ അപശകുനമായി വിശ്വസിച്ചുപോരുന്നവരും അവരിലുണ്ട്. സ്വഫർ മാസത്തിൽ ആയിരക്കണക്കിന് ദുരന്തങ്ങൾ ഇറങ്ങുമെന്നും അത് തടയാൻ പ്രത്യേക നമസ്കാരങ്ങളും പ്രാർഥനകളും നിർബന്ധമാണെന്നും വിശ്വസിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നവരാണ് അവർ.
ഇത്തരം പ്രത്യേകം നമസ്കാരത്തിനോ പ്രാർഥനയ്ക്കോ ക്വുർആനിലോ സുന്നത്തിലോ യാതൊരു തെളിവുമില്ല. ഇത് തികഞ്ഞ ബിദ്അത്താണ് (പുത്തനാനാചാരമാണ്).
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ
നബിﷺ പറഞ്ഞു: ‘ആരെങ്കിലും നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ് (ബുഖാരി, മുസ്ലിം).
ഈ അനാചാരങ്ങളെ നബിﷺയിലേക്കും സ്വഹാബികളിലേക്കും ചേർത്തുപറയുന്നത് വലിയ കളവും മഹാപാതകവുമാണ് എന്ന് വിശ്വാസികൾ തിരിച്ചറിയണം.
അപശകുനമില്ല
ഒരു നിലയ്ക്കുമുള്ള അപശകുനങ്ങളും ഇല്ലെന്നാണ് നബിﷺ പഠിപ്പിച്ചത്. അവിടുന്ന് പറഞ്ഞു:
لا عَدوى ، ولا طيَرةَ ، ولا صفرَ ، ولا هامَّة.
(അല്ലാഹുവിന്റെ അനുമതികൂടാതെ തനിയെ പകരുന്ന) പകർച്ചവ്യാധിയില്ല, പക്ഷിശകുനങ്ങളില്ല, ‘സ്വഫർ’ മാസം അശുഭകരമല്ല, മരണപ്പെട്ടയാളുടെ ആത്മാവ് പക്ഷിരൂപത്തിൽ വരുമെന്ന വിശ്വാസത്തിന് അടിസ്ഥാനമില്ല. (അബൂദാവൂദ്)
ഇത്തരത്തിലുള്ള വിശ്വാസങ്ങളെ ബഹുദൈവാരാധനയുടെ ഭാഗമായാണ് നബിﷺ പഠിപ്പിച്ചത്. അത്തരം ശിർക്കൻ വിശ്വാസത്തിൽനിന്നും രക്ഷപ്പെടാനുള്ള മാർഗം അല്ലാഹുവിൽ യഥാവിധി ഭരമേൽപിക്കുക എന്നതാണ്. ദുശ്ശകുന ചിന്ത മനസ്സിൽ വന്നാൽ, ‘അല്ലാഹുവിൽ പൂർണമായി ഭരമേൽപിക്കുന്നതു വഴി അല്ലാഹു ആ ചിന്തകളെ നീക്കിക്കളയു’മെന്ന് നബിﷺ പറഞ്ഞതായി കാണാം (അബൂദാവൂദ്)
ചിലയാളുകൾ ഈ മാസത്തെ ‘സ്വഫറുൽ ഖൈർ’ (നന്മയുടെ സ്വഫർ) എന്ന് വിളിക്കാറുണ്ട്. ഇതും ശരിയല്ല. കാരണം ഈ മാസം പ്രത്യേകം നന്മയോ തിന്മയോ നിറഞ്ഞതല്ല; മറിച്ച് മറ്റു മാസങ്ങളെപ്പോലെ സാധാരണ ഒരു മാസം മാത്രമാണ്. അതുകൊണ്ട്, ഇത്തരം അന്ധവിശ്വാസങ്ങളെ തള്ളിക്കളയണം.
ഏറ്റവും വലിയ ദുശ്ശകുനം!
സ്വർഗവാസികളുടെ ഏറ്റവും വലിയ സൽകർമം അല്ലാഹുവിനെ മാത്രം ആരാധിക്കലാണ്. നരകവാസികളുടെ ഏറ്റവും വലിയ കുറ്റം അല്ലാഹുവിൽ പങ്കുചേർക്കലും ദീനിൽ ഇല്ലാത്ത കാര്യങ്ങൾ കൂട്ടിച്ചേർക്കലുമാണ്.
ജീവിതകാലം മുഴുവനും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് ജീവിക്കാൻ നാം പരിശ്രമിക്കണം. തനിക്ക് അനുവദിക്കപ്പെട്ട ജീവിതം അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നവനാണ് യഥാർഥ വിജയി. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനോടുള്ള അനുസരണക്കേടാണ് ഏറ്റവും വലിയ ദുശ്ശകുനം. ഏതൊരു മാസത്തെ പോലെയും ഈ മാസം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങാനും നന്മകൾ വർധിപ്പിക്കാനും നമുക്ക് സാധിക്കണം.
ശബീബ് സ്വലാഹി
www.kanzululoom.com