അല്ലാഹുവിന്റെ ഖലീൽ

ഖലീൽ (خليل) എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ഉറ്റമിത്രം, ആത്മസുഹൃത്ത് എന്നൊക്കെയാണ്. മഹാനായ ഇബ്‌റാഹീം നബി عليه السلام ക്ക് അല്ലാഹു നൽകിയ വിശേഷണമാണ് അല്ലാഹുവിന്റെ ഖലീൽ (خليل الله) എന്നത്. ഇത് ഏറെ പ്രസിദ്ധമായ കാര്യവുമാണ്. എന്നാൽ പലരും ധരിച്ചിട്ടുള്ളത് അല്ലാഹുവിന്റെ ഖലീൽ ആയി ഇബ്‌റാഹീം നബി عليه السلام മാത്രമേയുള്ളൂ എന്നാണ്. ഇബ്‌റാഹീം നബി عليه السلام ക്ക് പുറമെ മഹാനായ മുഹമ്മദ് നബി ﷺ യും അല്ലാഹുവിന്റെ ഖലീൽ ആണ്. പലര്‍ക്കും ഇത് അറിയില്ല. ഇത് അറിയിക്കുന്ന തെളിവുകൾ കാണുക:

وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ وَٱتَّبَعَ مِلَّةَ إِبْرَٰهِيمَ حَنِيفًا ۗ وَٱتَّخَذَ ٱللَّهُ إِبْرَٰهِيمَ خَلِيلًا

സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്‌? അല്ലാഹു ഇബ്രാഹീമിനെ ഖലീൽ ആയി സ്വീകരിച്ചിരിക്കുന്നു. (ഖു൪ആന്‍:4/125)

{وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا} والخُلة أعلى أنواع المحبة، وهذه المرتبة حصلت للخليلين محمد وإبراهيم عليهما الصلاة والسلام، وأما المحبة من الله فهي لعموم المؤمنين، وإنما اتخذ الله إبراهيم خليلا لأنه وفَّى بما أُمر به وقام بما ابْتُلي به، فجعله الله إماما للناس، واتخذه خليلا، ونوه بذكره في العالمين.

{അല്ലാഹു ഇബ്രാഹീമിനെ ഖലീൽ ആയി സ്വീകരിച്ചിരിക്കുന്നു} സ്നേഹത്തിന്റെ  ഏറ്റവും ഉന്നതമായ പദവിയാണ് ‘ഖുല്ലഃ’ (الخُلة) എന്നത്. ഈ പദവി രണ്ട് ഖലീലുമാർക്കാണ് ലഭിച്ചിട്ടുള്ളത്, മുഹമ്മദ് നബി ﷺ ക്കും ഇബ്രാഹീം നബി عليه السلام ക്കും. എന്നാൽ പൊതുവായ സ്നേഹം എല്ലാ മുഅ്മിനുകൾക്കുമുള്ളതാണ്. അല്ലാഹു ഇബ്രാഹീമിനെ ഖലീലാക്കാൻ കാരണം, അദ്ദേഹം തന്നോട് കൽപ്പിക്കപ്പെട്ട കാര്യങ്ങൾ പൂർണ്ണമായി നിറവേറ്റുകയും, പരീക്ഷണങ്ങളിൽ ശരിയായ രീതിയിൽ നിലകൊള്ളുകയും ചെയ്തതുകൊണ്ടാണ്. അതിനാൽ അല്ലാഹു അദ്ദേഹത്തെ ജനങ്ങൾക്ക് ഇമാമാക്കുകയും, ഖലീലായി സ്വീകരിക്കുകയും, ലോകരിലുടനീളം അദ്ദേഹത്തിന്റെ കീർത്തി ഉയർത്തുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

عَنْ جُنْدَبٌ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم قَبْلَ أَنْ يَمُوتَ بِخَمْسٍ وَهُوَ يَقُولُ ‏”‏ إِنِّي أَبْرَأُ إِلَى اللَّهِ أَنْ يَكُونَ لِي مِنْكُمْ خَلِيلٌ فَإِنَّ اللَّهَ تَعَالَى قَدِ اتَّخَذَنِي خَلِيلاً كَمَا اتَّخَذَ إِبْرَاهِيمَ خَلِيلاً وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلاً لاَتَّخَذْتُ أَبَا بَكْرٍ خَلِيلاً ….

ജുന്‍ദുബ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ വഫാത്താകുന്നതിന് അഞ്ച് ദിവസം മുമ്പ് ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങളിൽ ആരെങ്കിലും ഒരാളെ എന്റെ ‘ഖലീൽ’ (ഉറ്റമിത്രം) ആക്കുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിലേക്ക് വിട്ടുനിൽക്കുന്നു. കാരണം, അല്ലാഹു ഇബ്‌റാഹീം നബിയെ ഖലീലാക്കിയതുപോലെ എന്നെയും അവന്റെ ഖലീലാക്കിയിരിക്കുന്നു. ഇനി എന്റെ ഉമ്മത്തിൽ നിന്ന് ഞാൻ ഒരാളെ ഖലീലാക്കുകയായിരുന്നുവെങ്കിൽ തീർച്ചയായും ഞാൻ അബൂബക്കറിനെ ഖലീലാക്കുമായിരുന്നു. (മുസ്ലിം :532)

അറബി ഭാഷയിൽ സ്നേഹത്തിന് പല പദങ്ങളുണ്ട്. മഹബ്ബത്ത്, ഹുബ്ബ്, വുദ്ദ് പോലെ. എന്നാൽ അതിൽ ഏറ്റവും ഉയർന്നതും പൂർണ്ണവുമായ പദവിയാണ് ‘ഖുല്ലഃ’ (الخُلة) എന്നത്. ഹൃദയത്തിന്റെ ഓരോ അണുവിലും അല്ലാഹുവോടുള്ള സ്നേഹവും സമർപ്പണവും മാത്രം നിറയുകയും, അവനല്ലാത്ത മറ്റൊന്നിനും അവിടെ സ്ഥാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *