യുവാക്കൾക്കുള്ള ഉപദേശം

അനുഗൃഹീതനായ യുവാവേ! നിന്നോട് അങ്ങേയറ്റം സ്നേഹവും അനുകമ്പയുമുള്ള ഒരു ഗുണകാംക്ഷിയുടെ ഉപദേശമായി, ഞാൻ നിനക്ക് നൽകുന്ന ചില നിർദ്ദേശങ്ങളാണിത്. നീ ഈ ഉപദേശങ്ങൾ ഉൾക്കൊണ്ട് (ജീവിതത്തിൽ പകർത്തുകയാണെങ്കിൽ), അത് നിന്റെ രക്ഷക്ക് കാരണമാകുകയും, നിന്റെ ഇഹലോകത്തെയും പരലോകത്തെയും വിജയത്തിനും സൗഭാഗ്യത്തിനും വഴിവെക്കുകയും ചെയ്യും:

ഓ യുവാവേ! എല്ലാത്തരം തിന്മകളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും അകന്നുമാറിക്കൊണ്ട് നിന്റെ യൗവനത്തെ സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും നീ കഠിനമായി ശ്രമിക്കേണ്ടതുണ്ട്. അതിനായി അത്യുന്നതനായ അല്ലാഹുവോട് മാത്രം സഹായം തേടുകയും അവനിൽ മാത്രം ഭരമേൽപ്പിക്കുകയും (തവക്കുൽ) ചെയ്യുക. നിന്നെ ഏതെങ്കിലും തരത്തിലുള്ള തിന്മയിലേക്കോ കുഴപ്പങ്ങളിലേക്കോ നയിക്കുന്ന എല്ലാ വാതിലുകളും, പ്രവേശന കവാടങ്ങളും, വഴികളും നീ പൂർണ്ണമായും വർജ്ജിക്കുക; അതിനെക്കുറിച്ച് അങ്ങേയറ്റം ജാഗ്രത പുലർത്തുകയും ചെയ്യുക.

ഓ യുവാവേ! ഇസ്‌ലാമിലെ നിർബന്ധ കർമ്മങ്ങളും ദീനിലെ ബാധ്യതകളും പൂർണ്ണമായ രീതിയിൽ കാത്തുസൂക്ഷിക്കാൻ നീ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്; പ്രത്യേകിച്ച് നമസ്കാരത്തിന്റെ കാര്യം. കാരണം തീർച്ചയായും നമസ്കാരം തിന്മകളിൽ നിന്നുള്ള നിന്റെ കവചവും ബാത്വിലിൽ (നിരര്‍ത്ഥകം) നിന്നുള്ള നിന്റെ സുരക്ഷയുമാണ്. കൂടാതെ നമസ്കാരം നന്മകൾ പ്രവർത്തിക്കാൻ വലിയൊരു സഹായവും എല്ലാവിധ തിന്മകളിൽ നിന്നും ബാത്വിലിൽ നിന്നും നിന്നെ തടയുന്നതുമാണ്.

ഓ യുവാവേ! അല്ലാഹു നിന്റെ മേൽ നിർബന്ധമാക്കിയ മനുഷ്യരുടെ അവകാശങ്ങൾ കൃത്യമായി നിറവേറ്റാൻ നീ ശ്രദ്ധിക്കേണ്ടതുണ്ട്. ആ അവകാശങ്ങളിൽ വെച്ച് ഏറ്റവും മഹത്തരമായത് മാതാപിതാക്കളുടെ അവകാശമാണ്. തീർച്ചയായും അത് അങ്ങേയറ്റം വലിയൊരു അവകാശവും അതീവ ഗൗരവമുള്ളൊരു കടമയുമാണ്.

ഓ യുവാവേ! അറിവുള്ളവരോടും സമൂഹത്തിലെ ശ്രേഷ്ഠരായ മുതിർന്ന വ്യക്തികളോടും നീ എപ്പോഴും അടുപ്പം പുലർത്തേണ്ടതുണ്ട്. അവരുടെ വാക്കുകൾ നീ ശ്രദ്ധിച്ചു കേൾക്കുകയും, അവരുടെ മതവിധികളിലൂടെ നേർമാർഗ്ഗം തേടുകയും, അവരുടെ അറിവിൽ നിന്ന് ഉപകാരം നേടുകയും ചെയ്യുക. കൂടാതെ നിനക്ക് പ്രാധാന്യമുള്ളതോ നിന്നെ അലട്ടുന്നതോ ആയ കാര്യങ്ങളിൽ നീ അവരോട് കൂടിയാലോചന നടത്തുകയും ചെയ്യുക.

ഓ യുവാവേ, നിന്റെ ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്ന കാര്യത്തിൽ അല്ലാഹു നിന്റെ മേൽ നിർബന്ധമാക്കിയ കാര്യം നീ നിറവേറ്റണം.  കാരണം തീർച്ചയായും അതിലാണ് രക്ഷയുള്ളത്. എന്നാൽ, ഭരണാധികാരികളുടെ അനുവാദമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുക, (മുസ്‌ലിം) പൊതുസമൂഹത്തിൽ നിന്ന് പുറത്തുപോവുക, അനുസരണത്തിൽ നിന്ന് കൈവലിക്കുക (ധിക്കരിക്കുക) എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള തെറ്റായ വഴികൾ; അവ അത് ചെയ്യുന്നവരെ തിന്മകളിലേക്കും നാശത്തിലേക്കും മാത്രമാണ് എത്തിക്കുക.

ഓ യുവാവേ! നിന്റെ രാപ്പകലുകളിൽ അത്യുന്നതനായ അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് (ദിക്റുള്ള) നിന്റെ മനസ്സിനെയും ശരീരത്തെയും കാത്തുസൂക്ഷിക്കാൻ  നീ കഠിനമായി ശ്രമിക്കേണ്ടതുണ്ട്. രാവിലെയും വൈകുന്നേരവും, നമസ്കാരങ്ങൾക്ക് ശേഷവും, (വീട്ടിലോ പള്ളിയിലോ) പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും, വാഹനങ്ങളിൽ കയറുമ്പോഴും ഒക്കെയുള്ള, നിശ്ചയിക്കപ്പെട്ട ദിക്റുകളിൽ നീ സ്ഥിരത പുലർത്തുന്നവനാകണം. കാരണം തീർച്ചയായും പ്രതാപശാലിയായ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ പിശാചിൽ നിന്നുള്ള സുരക്ഷാ കവചവും, അത് നിർവ്വഹിക്കുന്നവന് ഉപദ്രവങ്ങളിൽ നിന്നും വിപത്തുകളിൽ നിന്നുമുള്ള വലിയൊരു അഭയവുമാണ്.

ഓ യുവാവേ! നിന്റെ മനസ്സിന് സമാധാനം ലഭിക്കുന്നതിനായി അല്ലാഹുവിന്റെ ഗ്രന്ഥവുമായി (വിശുദ്ധ ഖുർആൻ) നിനക്ക് എല്ലാ ദിവസവും ബന്ധം ഉണ്ടായിരിക്കേണ്ടതുണ്ട്. കാരണം, തീർച്ചയായും പ്രതാപശാലിയും മഹത്വമുള്ളവനുമായ അല്ലാഹുവിന്റെ ഗ്രന്ഥം ഹൃദയങ്ങൾക്ക് ശാന്തതയും, ഇഹലോകത്തിലും പരലോകത്തിലും വലിയ സൗഭാഗ്യവുമാണ്.

ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ

അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌. (ഖു൪ആന്‍:13/28)

ഓ യുവാവേ! സത്യത്തിലും സന്മാർഗ്ഗത്തിലും നിന്നെ ഉറപ്പിച്ചു നിർത്താനും, എല്ലാത്തരം തിന്മകളിൽ നിന്നും വിനാശങ്ങളിൽ നിന്നും നിനക്ക് അഭയം നൽകാനും പ്രതാപശാലിയായ അല്ലാഹുവോട് നീ അധികമായി പ്രാർത്ഥിക്കേണ്ടതുണ്ട്. കാരണം തീർച്ചയായും പ്രാർത്ഥന എന്നത് ഇഹലോകത്തിലെയും പരലോകത്തിലെയും എല്ലാ നന്മകളുടെയും താക്കോലാകുന്നു.

ഓ യുവാവേ! നല്ലവരായ ആളുകളോടൊപ്പം സഞ്ചരിക്കാനും പുണ്യവാന്മാരുമായി കൂട്ടുകൂടാനും നീ അതീവ താല്പര്യം പുലർത്തേണ്ടതുണ്ട്. തിന്മയുടെയും കുഴപ്പങ്ങളുടെയും ആളുകളിൽ നിന്ന് നീ പൂർണ്ണമായി അകന്നു മാറുകയും വേണം. കാരണം, തീർച്ചയായും തിന്മയുടെ വക്താക്കളുമായുള്ള കൂട്ടുകെട്ടിൽ വലിയ നാശമാണുള്ളത്.

ഓ യുവാവേ! യുവാക്കൾ ഏതിലൂടെയാണോ (ആശയപരമായും സാംസ്കാരികമായും) കടന്നാക്രമിക്കപ്പെട്ടിരിക്കുന്നത്, ആ മാർഗ്ഗങ്ങളെയും ഉപാധികളെയും കുറിച്ച് നീ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്; പ്രത്യേകിച്ച് ഇന്റർനെറ്റിനെ കുറിച്ച്. നിന്റെ ദീൻ നിനക്ക് സുരക്ഷിതമായിരിക്കാനും, നിന്റെ ജീവിതകാര്യങ്ങളിൽ നീ പൂർണ്ണമായ ആഫിയത്തിൽ ആയിരിക്കാനും വേണ്ടിയാണിത്. തീർച്ചയായും ആഫിയത്തിന് തുല്യമായി മറ്റൊന്നുമില്ല തന്നെ.

ഓ യുവാവേ! നീ ഒരു ദിവസം അല്ലാഹുവിന്റെ മുമ്പിൽ വിചാരണയ്ക്കായി നിൽക്കേണ്ടി വരുമെന്നും, നിന്റെ ഈ യൗവനകാലം നീ എന്തിലാണ് ചിലവഴിച്ചതെന്നും എപ്രകാരമാണ് തീർത്തുകളഞ്ഞതെന്നും അവൻ നിന്നോട് ചോദിക്കുമെന്നുമുള്ള കാര്യം നീ എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കേണ്ടതുണ്ട്.

قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ ‎﴿٢٦﴾‏ فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ ‎﴿٢٧﴾‏

അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നവരായിരുന്നു. അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും രോമകൂപങ്ങളില്‍ തുളച്ചുകയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്ത് രക്ഷിക്കുകയും ചെയ്തു. (ഖുർആൻ :52/26-27)

പ്രതാപശാലിയും മഹത്വമുള്ളവനുമായ അല്ലാഹുവോട്, അവൻ തന്റെ സജ്ജനങ്ങളായ ദാസന്മാരെ എപ്രകാരമാണോ കാത്തുസൂക്ഷിക്കുന്നത്, അതുപോലെ നിന്നെയും കാത്തുസൂക്ഷിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.

 

https://al-badr.net/muqolat/4193

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *