ഹജ്ജും തവക്കുലും

ഹജ്ജ് എന്നത് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകിക്കൊണ്ടും, അവന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും, അവന്റെ മഹത്തായ വാഗ്ദാനവും അനുഗ്രഹങ്ങളും വമ്പിച്ച പ്രതിഫലവും നേടിയെടുക്കാമെന്ന ആഗ്രഹത്തോടെയും ഭൂമിയിലെ ഏറ്റവും ഉത്തമവും ആദരണീയവുമായ പുണ്യഭൂമിയിലേക്ക് നടത്തുന്ന അനുഗൃഹീതമായ ഒരു യാത്രയും മഹത്തായൊരു പ്രയാണവുമാണ്. അത് പാപഭാരങ്ങൾ ഇറക്കിവെക്കാനും, തിന്മകൾ പൊറുക്കപ്പെടാനും, നന്മകൾ വർദ്ധിപ്പിക്കാനും, വീഴ്ചകൾ പൊറുക്കപ്പെടാനും, നരകമോചനം സാധ്യമാക്കാനുമുള്ള അതിവിശാലമായൊരു കവാടമാണ്.

തന്റെ വീട്ടിൽ നിന്നും ഹജ്ജിനായി പുറപ്പെടുന്ന ഏതൊരാളും പുറപ്പെടുന്നത് തന്റെ റബ്ബിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ടും, അവനിൽ ഭരമേൽപ്പിച്ചുകൊണ്ടും, തന്റെ സർവ്വ കാര്യങ്ങളും അവനിലേക്ക് ഏൽപ്പിച്ചുകൊണ്ടുമാണ്. അവൻ അല്ലാഹുവിനോട് മാത്രം സഹായവും തൗഫീഖും സന്മാർഗ്ഗവും തേടുന്നു; കാരണം എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ വിധിയും നിര്‍ണ്ണയവും അനുസരിച്ചാണ് നടക്കുന്നതെന്ന് അവൻ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അവൻ ഉദ്ദേശിച്ചത് എന്തോ അത് സംഭവിക്കും, അവൻ ഉദ്ദേശിക്കാത്തതൊന്നും സംഭവിക്കുകയുമില്ല.  അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും  ശക്തിയും ഇല്ല. അതോടൊപ്പം തന്നെ അവൻ തന്റെ യാത്രയ്ക്കുള്ള പാഥേയം (വിഭവങ്ങൾ) കൂടെക്കരുതുകയും, അല്ലാഹുവിന്റെ കാരുണ്യവും പ്രതിഫലവും നേടിയെടുക്കാനുള്ള കാരണങ്ങൾ പൂർണ്ണമായി സ്വീകരിക്കുകയും ചെയ്യുന്നു.

ഹജ്ജിന്റെ വിഷയത്തിൽ അല്ലാഹുവിന്റെ വചനംകാണുക:

وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ

… നിങ്ങള്‍ യാത്രാ വിഭവങ്ങള്‍ ഒരുക്കുകയും ചെയ്യുവിന്‍. എന്നാല്‍, യാത്രാ വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് ‘തഖ്‌വ’ [സൂക്ഷ്മത]യാകുന്നു. (ഖുർആൻ: 2/197)

ചില ആളുകൾ യാതൊരുവിധ യാത്രാവിഭവങ്ങളും കൂടെക്കരുതാതെയായിരുന്നു ഹജ്ജിനായി പുറപ്പെട്ടിരുന്നത്; ഇതാണ് യഥാർത്ഥ ഭരമേൽപ്പിക്കൽ (തവക്കുൽ) എന്ന് അവർ ധരിക്കുകയും ചെയ്തിരുന്നു. എന്നാൽ യാത്രയിലുടനീളം അവർ ആളുകളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയും അവരോട് ചോദിച്ചു വാങ്ങേണ്ടി വരികയും ചെയ്യുമായിരുന്നു. ഇതാണ് ഈ ആയത്ത് അവതരിക്കാനുണ്ടായ കാരണം.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ أَهْلُ الْيَمَنِ يَحُجُّونَ وَلاَ يَتَزَوَّدُونَ وَيَقُولُونَ نَحْنُ الْمُتَوَكِّلُونَ، فَإِذَا قَدِمُوا مَكَّةَ سَأَلُوا النَّاسَ، فَأَنْزَلَ اللَّهُ تَعَالَى ‏‏{‏وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى‏}

ഇബ്‌നുഅബ്ബാസ് رضى الله عنهما പറഞ്ഞു: യമനുകാരായ ചിലര്‍ യാത്രയക്കാവശ്യമായ പാഥേയമൊരുക്കാതെ തങ്ങള്‍ തവക്കുലാക്കുകയാണെന്നും പറഞ്ഞ് ഹജ്ജിന് പോകുമായിരുന്നു. അങ്ങനെ അവർ മക്കയിൽ എത്തിയാൽ ജനങ്ങളോട് ചോദിച്ചു വാങ്ങുമായിരുന്നു. അപ്പോഴാണ് ഈ വചനം അല്ലാഹു അവതരിപ്പിച്ചത്:{നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക …} (ബുഖാരി: 1523)

عن معاوية ابن قرَّة قال: لقي عمر بن الخطاب ناساً من أهل اليمن فقال: مَن أنتم؟ قالوا: نحن المتوكِّلون، قال: بل أنتم المتَّكلون، إنَّ المتوكِّل الذي يلقي حبَّة في الأرض ويتوكَّل على الله عزَّ وجلَّ.

മുആവിയ ബ്നു ഖുർറ رضى الله عنه പറയുന്നു: ഉമർ ബ്നുൽ ഖത്താബ് رضى الله عنه യമൻവാസികളായ ചില ആളുകളെ കണ്ടുമുട്ടി. അപ്പോൾ അദ്ദേഹം അവരോട് ചോദിച്ചു: ‘നിങ്ങൾ ആരാണ്?’ അവർ പറഞ്ഞു: ‘ഞങ്ങൾ അല്ലാഹുവിൽ ഭരമേൽപ്പിച്ചവരാണ്.’ അപ്പോൾ ഉമർ رضى الله عنه പറഞ്ഞു: ‘അല്ല, നിങ്ങൾ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. തീർച്ചയായും യഥാർത്ഥത്തിൽ അല്ലാഹുവിൽ ഭരമേൽപ്പിച്ചവൻ എന്നാൽ, മണ്ണിൽ വിത്ത് വിതയ്ക്കുകയും (അതിനുശേഷം) പ്രതാപശാലിയും മഹാനുമായ അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നവനാണ്.’ [وروى ابن أبي الدنيا في كتاب التوكل (10)]

തവക്കുലിന്റെ യഥാർത്ഥ വശം എന്നത് ഹൃദയത്തിന്റെ പ്രവർത്തനവും, അല്ലാഹുവിൽ പൂർണ്ണമായി ആശ്രയിച്ച് അവന് കീഴ്പ്പെടലാണ്. കൂടാതെ, തന്റെ കാര്യങ്ങളെല്ലാം അവനിലേക്ക് ഏൽപ്പിക്കലും അവൻ വിധിക്കുന്നതിൽ പൂർണ്ണമായി തൃപ്തിപ്പെടലുമാണത്. തന്റെ കാര്യങ്ങൾ അവനിലേക്ക് ഏൽപ്പിച്ചാൽ  അല്ലാഹു തനിക്ക് മതിയെന്നതിനെക്കുറിച്ചും, തന്റെ ദാസന് വേണ്ടി അവൻ തിരഞ്ഞെടുക്കുന്നത് ഏറ്റവും ഉത്തമമായിരിക്കും എന്നതിനെക്കുറിച്ചും ആ വ്യക്തിക്ക് കൃത്യമായ ബോധ്യമുണ്ട്. ഇതോടൊപ്പം തന്നെ, കൽപ്പിക്കപ്പെട്ടിട്ടുള്ള ഭൗതികമായ കാരണങ്ങളെയും മുൻകരുതലുകളെയും സ്വീകരിക്കുകയും അവ നേടിയെടുക്കാൻ പരമാവധി പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. അപ്പോൾ തവക്കുൽ എന്നാൽ: “പങ്കുകാരില്ലാത്ത ഏകനായ അല്ലാഹുവിൽ മാത്രം പൂർണ്ണമായി ആശ്രയിക്കുക, അതോടൊപ്പം കൽപ്പിക്കപ്പെട്ട കാരണങ്ങൾ സ്വീകരിക്കാൻ ഭൗതികമായി പ്രവർത്തിക്കുകയും ചെയ്യുക”.

തവക്കുലിന്റെ കാര്യത്തിൽ മനുഷ്യർ മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു: രണ്ടു തീവ്ര നിലപാടുകാരും ഒരു മധ്യ നിലപാടുകാരനും. ഇതിൽ ഒന്നാമത്തെ വിഭാഗം: തവക്കുലിനെ സംരക്ഷിക്കാൻ വേണ്ടി ഭൗതികമായ കാരണങ്ങളെയും മുൻകരുതലുകളെയും പൂർണ്ണമായി ഉപേക്ഷിച്ചവരാണ്. രണ്ടാമത്തെ വിഭാഗം: ഭൗതികമായ കാരണങ്ങളെയും മുൻകരുതലുകളെയും സംരക്ഷിക്കാൻ വേണ്ടി അല്ലാഹുവിലുള്ള തവക്കുലിനെ പൂർണ്ണമായി ഉപേക്ഷിച്ചവരാണ് (കാരണങ്ങളിൽ മാത്രം വിശ്വസിച്ചവർ). എന്നാൽ മധ്യനിലപാടുകാരായ മൂന്നാമത്തെ വിഭാഗം: ഭൗതികമായ കാരണങ്ങൾ കൃത്യമായി നിർവ്വഹിച്ചുകൊണ്ട് മാത്രമേ തവക്കുലിന്റെ യഥാർത്ഥ വശം പൂർണ്ണമാവുകയുള്ളൂ എന്ന് കൃത്യമായി മനസ്സിലാക്കിയവരാണ്. അതിനാൽ അവർ ആ കാരണങ്ങൾ സ്വീകരിക്കുന്നതിലൂടെ തന്നെ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നു.

തവക്കുലിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഈ രണ്ട് അടിസ്ഥാന പ്രമാണങ്ങളെയും (അല്ലാഹുവിലുള്ള ആശ്രയത്വവും ഭൗതികമായ കാരണങ്ങൾ സ്വീകരിക്കലും) ഒന്നിച്ച് ചേർത്തുകൊണ്ട് നിരവധി തെളിവുകൾ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു:

فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ

ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. (ഖുർആൻ: 11/123)

‏ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (ഖുർആൻ: 1/5)

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ وَلَا تَعْجَزْ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ മുസ്‌ലിമിനേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനും. എല്ലാവരിലും നന്മയുണ്ട്. നിനക്ക് പ്രയോജനപ്പെടുന്നതിനോട് താല്‍പര്യം കാണിക്കുക. അല്ലാഹുവിനോട് സഹായം തേടുക. നീ ദുര്‍ബലനായിപ്പോകരുത് … (മുസ്‌ലിം:2664)

“നിനക്ക് പ്രയോജനപ്പെടുന്നതിനോട് താല്‍പര്യം കാണിക്കുക” എന്നതിൽ, മതപരവും ഭൗതികവുമായ എല്ലാ കാരണങ്ങളും മുൻകരുതലുകളും സ്വീകരിക്കാനുള്ള കൽപ്പനയുണ്ട്. മാത്രമല്ല, ആ കാര്യങ്ങളിൽ അതീവ ശ്രദ്ധയും കഠിനാധ്വാനവും പുലർത്താനും, ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും പ്രവൃത്തിയിലും അതിനായി കടുത്ത താല്പര്യം കാണിക്കാനുമുള്ള കൽപ്പനയും അതിലുണ്ട്.

“അല്ലാഹുവിനോട് സഹായം തേടുക” എന്നതിൽ, അല്ലാഹുവിന്റെ ഖളാഅ്-ഖദ്റിലുള്ള വിശ്വാസമുണ്ട്. കൂടാതെ അവനിൽ ഭരമേൽപ്പിക്കാനും , അവനെ മാത്രം ആശ്രയിക്കാനും, അവനിൽ പൂർണ്ണമായി വിശ്വസിക്കാനുമുള്ള കൽപ്പനയുമുണ്ട്.

عن أنس بن مالك رضي الله عنه قال: قَالَ رَجُلٌ يَا رَسُولَ اللَّهِ أَعْقِلُهَا وَأَتَوَكَّلُ أَوْ أُطْلِقُهَا وَأَتَوَكَّلُ قَالَ ‏ “‏ اعْقِلْهَا وَتَوَكَّلْ ‏”‏ ‏.‏

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ഞാൻ എന്റെ ഒട്ടകത്തെ കെട്ടിയിട്ട ശേഷമാണോ അല്ലാഹുവിൽ ഭരമേൽപ്പിക്കേണ്ടത്? അതോ അതിനെ അഴിച്ചുവിട്ട ശേഷമാണോ ഭരമേൽപ്പിക്കേണ്ടത്?” നബി ﷺ പറഞ്ഞു: “നീ അതിനെ കെട്ടിയിടുക, അതിനുശേഷം അല്ലാഹുവിൽ ഭരമേൽപ്പിക്കുക.” (തിര്‍മിദി:2517)

അതിനാൽ ഭൗതികമായ കാരണം സ്വീകരിക്കുക, അതോടൊപ്പം പ്രതാപശാലിയും മഹാനുമായ അല്ലാഹുവിൽ പൂർണ്ണമായി ആശ്രയിക്കുക എന്നീ രണ്ട് കാര്യങ്ങളെയും ഒന്നിച്ച് കൊണ്ടുപോകാനാണ് നബി ﷺ അദ്ദേഹത്തിന് മാർഗ്ഗനിർദ്ദേശം നൽകിയത്.

عَنْ عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا تُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا.

ഉമറുബ്‌നുല്‍ ഖത്താബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവില്‍ തവക്കുലാക്കേണ്ട പോലെ തവക്കുലാക്കുകയാണെങ്കില്‍ പക്ഷികള്‍ക്ക് ഉപജീവനം നല്‍കപ്പെടുന്നപോലെ നിങ്ങള്‍ക്കും നല്‍കപ്പെടുമായിരുന്നു. അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി കൂടുവിട്ട് പോകുന്നു. പ്രദോഷത്തില്‍ നിറഞ്ഞ വയറുമായി കൂടണയുന്നു. (അഹ്മദ്, തുര്‍മുദി)

നബി ﷺ ഈ രണ്ട് കാര്യങ്ങളെയും ഒരുമിച്ച് പരാമർശിച്ചു. പക്ഷികൾ രാവിലെ പുറപ്പെടുക എന്നത്, ഉപജീവനം തേടിയുള്ള യാത്രയും, അത് നേടിയെടുക്കാനുള്ള കഠിനാധ്വാനവും ആത്മാർത്ഥമായ പരിശ്രമവുമാണ്.

قيل للإمام أحمد رحمه الله: ما تقول في رجل جلس في بيته أو مسجده وقال: لا أعمل شيئاً حتى يأتيني رزقي؟ فقال أحمد: هذا رجلٌ جهِلَ العلمَ، أما سمع قول النَّبيِّ صلى الله عليه وسلم: إنَّ الله جعل رزقي تحت ظلِّ رُمحي، وقال حين ذكر الطيرَ: تغدو خماصاً وتروح بطاناً.

ഇമാം അഹ്‌മദ് رحمه الله ചോദിക്കപ്പെട്ടു: “ഒരാൾ തന്റെ വീട്ടിലോ പള്ളിയിലോ ഇരുന്ന് ‘എനിക്ക് എന്റെ ഉപജീവനം തേടിവരുന്നതുവരെ ഞാൻ യാതൊരു ജോലിയും ചെയ്യുകയില്ല’ എന്ന് പറയുന്നതിനെക്കുറിച്ച് താങ്കൾ എന്താണ് പറയുന്നത്?” അപ്പോൾ ഇമാം അഹ്‌മദ് رحمه الله മറുപടി നൽകി: “ഇയാൾ അറിവില്ലാത്ത  മനുഷ്യനാണ്. നബി ﷺ ഇപ്രകാരം പറഞ്ഞതായി അദ്ദേഹം കേട്ടിട്ടില്ലേ: ‘തീർച്ചയായും അല്ലാഹു എന്റെ ഉപജീവനം എന്റെ കുന്തത്തിന്റെ തണലിൻ കീഴിലാണ് നിശ്ചയിച്ചിരിക്കുന്നത്.’ കൂടാതെ പക്ഷികളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പ്രവാചകൻ ﷺ പറഞ്ഞിട്ടുമുണ്ട്: ‘അവ അതിരാവിലെ ഒട്ടിയ വയറുമായി പുറപ്പെടുകയും വൈകുന്നേരം നിറഞ്ഞ വയറോടെ തിരിച്ചെത്തുകയും ചെയ്യുന്നു.’ [ذكره ابن قدامة في مختصر منهاج القاصدين (ص:95).]

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാം: ഭൗതികമായ കാരണങ്ങൾ ചെയ്യുക, അതോടൊപ്പം  അല്ലാഹുവിൽ പൂർണ്ണമായി ആശ്രയിക്കുക എന്നീ രണ്ട് കാര്യങ്ങളെയും ഒരുമിച്ച് കൊണ്ടുപോയാൽ മാത്രമേ തവക്കുൽ പൂർണ്ണമാവുകയുള്ളൂ. എന്നാൽ ഭൗതികമായ കാരണങ്ങളെയും പരിശ്രമങ്ങളെയും പാഴാക്കിക്കളയുകയും, എന്നിട്ട് താൻ അല്ലാഹുവിൽ ഭരമേൽപ്പിച്ചവനാണെന്ന് വാദിക്കുകയും ചെയ്യുന്നവൻ യഥാർത്ഥത്തിൽ അലസനും വഞ്ചിക്കപ്പെട്ടവനുമാണ്. അവന്റെ ഈ പ്രവൃത്തി കേവലം അപ്രാപ്തിയും, അനാസ്ഥയും, കാര്യങ്ങളെ നശിപ്പിക്കലുമാണ്. ഉദാഹരണത്തിന് ഒരാൾ ഇപ്രകാരം പറയുകയാണെങ്കിൽ: ‘എനിക്ക് അറിവ് ലഭിക്കാൻ വിധി ഉണ്ടെങ്കിൽ ഞാൻ കഠിനാധ്വാനം ചെയ്താലും ഇല്ലെങ്കിലും അത് എനിക്ക് ലഭിക്കും’, അല്ലെങ്കിൽ ‘എനിക്ക് കുട്ടികൾ ഉണ്ടാകാൻ വിധി ഉണ്ടെങ്കിൽ ഞാൻ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും അവർ ഉണ്ടാകും’ എന്ന് പറയുന്നതുപോലെയാണിത്. അതുപോലെ നിലം ഉഴുതുമറിക്കുകയോ, വിത്തു വിതയ്ക്കുകയോ, നനയ്ക്കുകയോ ചെയ്യാതെ വിളവോ ധാന്യങ്ങളോ ലഭിക്കുമെന്ന് പ്രത്യാശിക്കുന്നവന്റെ അവസ്ഥയും ഇതുതന്നെയാണ്. ഇതുപോലെ തന്നെയാണ് തന്റെ ഭാര്യയെയും മക്കളെയും അവർക്കാവശ്യമായ ചെലവുകളോ ഭക്ഷണമോ നൽകാതെയും, അതിനായി യാതൊരുവിധത്തിലും അദ്ധ്വാനിക്കാതെയും ‘എല്ലാം വിധിപോലെ നടക്കട്ടെ’ എന്ന് പറഞ്ഞ് അവഗണിക്കുന്നവന്റെ അവസ്ഥയും. ഇതെല്ലാം കാര്യങ്ങളെ പാഴാക്കിക്കളയലും, വീഴ്ചവരുത്തലും, അശ്രദ്ധയും, തെറ്റായ രീതിയിലുള്ള അലസമായ ഭരമേൽപ്പിക്കലുമാണ്.

قال ابن قدامة رحمه الله: قد يظنُّ بعضُ الناس أنَّ معنى التوكُّل تركُ الكسب بالبدن، وترك التدبير بالقلب، والسقوط على الأرض كالخرقة وكلحم على وضم، وهذا ظنُّ الجُّهَّال، فإنَّ ذلك حرامٌ في الشرع.

ഇബ്‌നു ഖുദാമ رحمه الله പറഞ്ഞു: ചില ആളുകൾ ധരിച്ചുവെച്ചിരിക്കുന്നത് തവക്കുൽ എന്നാൽ ശാരീരികമായി അധ്വാനിക്കുന്നത് ഉപേക്ഷിക്കലും, ഹൃദയം കൊണ്ട് യാതൊരുവിധ ആസൂത്രണങ്ങളും മുൻകരുതലുകളും നടത്താതിരിക്കലുമാണ് എന്നാണ്. ഒരു കീറത്തുണി പോലെ നിലത്തേക്ക് വീണുകിടക്കുക (സ്വയം അശക്തനായി ഒരിടത്ത് കിടക്കുക), കശാപ്പുകാരന്റെ പലകമേൽ വെച്ചിരിക്കുന്ന ഇറച്ചി കഷണം പോലെ (ചലനമില്ലാതെ കിടക്കുക) പോലെയോ സ്വയം അശക്തനായി നിലകൊള്ളുക എന്നതാണ് (അവരുടെ ധാരണ). ഇത് തികച്ചും വിവരമില്ലാത്തവരുടെ ധാരണയാണ്. കാരണം, അപ്രകാരം ചെയ്യൽ ശറഇൽ നിഷിദ്ധമാണ്. [مختصر منهاج القاصدين (ص:361).]

തവക്കുൽ എന്നത് ഒരു സത്യവിശ്വാസിയുടെ മതപരവും ഭൗതികവുമായ എല്ലാ കാര്യങ്ങളിലും അവനോടൊപ്പം എപ്പോഴുമുള്ളതാണ്. അതുകൊണ്ട് തന്നെ അവന്റെ നമസ്കാരം, നോമ്പ്, ഹജ്ജ്, പുണ്യകർമ്മങ്ങൾ തുടങ്ങിയ മതപരമായ കാര്യങ്ങളിലും ഇത് അവനെ അനുഗമിക്കുന്നു. അതുപോലെ തന്നെ, ഉപജീവനം സമ്പാദിക്കുന്നതിലും, അനുവദനീയമായ കാര്യങ്ങൾ തേടുന്നതിലും ഉൾപ്പെടെയുള്ള അവന്റെ ഭൗതിക ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളിലും തവക്കുൽ അവനോടൊപ്പമുണ്ട്.

തവക്കുൽ എന്നത് ദീനിന്റെ എല്ലാ പദവികളുടെയും അടിസ്ഥാനമാണ്. അതിന് ദീനിലുള്ള സ്ഥാനം, ശരീരത്തിന് തലയുമായുള്ള ബന്ധം പോലെയാണ്. തലയ്ക്ക് ശരീരമില്ലാതെ നിലനിൽപ്പില്ലാത്തതുപോലെ, ഈമാനും അതിന്റെ പദവികളും കർമ്മങ്ങളും തവക്കുൽ എന്ന തണ്ടിന്മേലല്ലാതെ നിലകൊള്ളുകയില്ല.

അല്ലാഹു നമ്മെ അവനിൽ യഥാർത്ഥ രീതിയിൽ ഭരമേൽപ്പിക്കുന്നവരുടെ കൂട്ടത്തിലും, പൂർണ്ണമായ ഉറപ്പോടും സത്യസന്ധതയോടും കൂടി അവനെ മാത്രം ആശ്രയിക്കുന്നവരുടെ കൂട്ടത്തിലും ഉൾപ്പെടുത്തുമാറാകട്ടെ. അവൻ നമുക്ക് മതിയായവനാണ്; ഭരമേൽപ്പിക്കാൻ ഏറ്റവും ഉത്തമനായ കൈകാര്യകർത്താവും അവൻ തന്നെ.

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *