യഥാർത്ഥ പ്രവാചക സ്നേഹത്തിന്റെ 6 ലക്ഷണങ്ങൾ

മുഹമ്മദ് നബി ﷺ യോടുള്ള സ്നേഹം എന്നത് ഏറ്റവും മഹത്തായതും, അല്ലാഹുവിലേക്ക് അടുക്കാൻ സഹായിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ പുണ്യകർമ്മങ്ങളിൽ ഒന്നുമാണ്. അവിടുന്ന് ആദം സന്തതികളുടെ നേതാവും, സൃഷ്ടിജാലങ്ങളുടെ വഴികാട്ടിയും, അല്ലാഹുവിന്റെ ദാസന്മാർക്ക് ഉത്തമ മാതൃകയും, അല്ലാഹുവിന്റെ നേരായ വഴിയിലേക്ക് ക്ഷണിക്കുന്നവനുമാണ്.

ലോകർക്കാകെ കാരുണ്യമായിക്കൊണ്ടും, സൽസരണിയിലൂടെ സഞ്ചരിക്കുന്നവർക്ക് വ്യക്തമായ വെളിച്ചമായിക്കൊണ്ടും, മുഴുവൻ സൃഷ്ടികൾക്കും എതിരെയുള്ള അല്ലാഹുവിന്റെ വലിയ തെളിവായിക്കൊണ്ടുമാണ് അവിടുന്ന് നിയോഗിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ, അവിടുത്തെ അനുസരിക്കലും, സ്നേഹിക്കലും, ആദരിക്കലും, ബഹുമാനിക്കലും, അവിടുത്തെ അവകാശങ്ങൾ പൂർണ്ണമായി നിർവ്വഹിച്ചു കൊടുക്കലും അല്ലാഹു തന്റെ ദാസന്മാരുടെ മേൽ നിർബന്ധമാക്കിയിരിക്കുന്നു.

എന്നാൽ, ഏതൊരു അവകാശവാദത്തിനും അതിന്റെ സത്യസന്ധത തെളിയിക്കുന്ന ഒരു തെളിവ് അനിവാര്യമാണെന്നിരിക്കെ; നബി ﷺ യോടുള്ള സ്നേഹമെന്ന അവകാശവാദത്തിനും അതിന്റെ സത്യാവസ്ഥ വിളിച്ചോതുന്ന ചില പ്രധാന ലക്ഷണങ്ങളും അടയാളങ്ങളുമുണ്ട്. ഒരു ദാസന് ഈ ലക്ഷണങ്ങളിൽ നിന്ന് എത്രത്തോളം വലിയ പങ്കാണോ ലഭിക്കുന്നത്, അത്രത്തോളം വലിയ പങ്കായിരിക്കും അവന് പ്രവാചക സ്നേഹത്തിൽ നിന്നും ലഭിക്കുക.

ഒന്ന്: നബി ﷺ യുടെ ചര്യകളെ (സുന്നത്ത്) പിന്തുടരലും അദ്ദേഹത്തിന്റെ മാർഗ്ഗദർശനത്തെ  മുറുകെ പിടിക്കലും.

ﻗُﻞْ ﺇِﻥ ﻛُﻨﺘُﻢْ ﺗُﺤِﺒُّﻮﻥَ ٱﻟﻠَّﻪَ ﻓَﭑﺗَّﺒِﻌُﻮﻧِﻰ ﻳُﺤْﺒِﺒْﻜُﻢُ ٱﻟﻠَّﻪُ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ﺫُﻧُﻮﺑَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ

(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 3/31)

ഈ വചനത്തിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ رحمه الله പറയുന്നു:

هذه الآية الكريمة حاكمة على كلِّ مَن ادَّعى محبَّةَ الله وليس هو على الطريقة المحمدية، فإنَّه كاذبٌ في نفس الأمر حتى يتَّبع الشرعَ المحمدي والدِّينَ النَّبوي في جميع أقواله وأفعاله، كما ثبت في الصحيح عن رسول الله صلى الله عليه وسلم أنَّه قال: “من عمل عملاً ليس عليه أمرنا فهو رد”، ولهذا قال: {إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ}أي: يحصل لكم فوق ما طلبتم من محبّتكم إياه، وهو محبته إيّاكم، وهو أعظم من الأوّل.

അല്ലാഹുവിനോട് സ്‌നേഹമുണ്ടെന്ന് വാദിക്കുകയും എന്നിട്ട് മുഹമ്മദ് നബിﷺ പഠിപ്പിച്ച മാർഗത്തിനെതിരിൽ നിലകൊള്ളുകയും ചെയ്യുന്ന ഏതൊരാളുടെയും കാര്യത്തിൽ തീർപ്പുകൽപിക്കുന്നതാണ് ഈ വിശുദ്ധവചനം. അഥവാ, തന്റെ വാക്കുകളിലും പ്രവൃത്തികളിലുമെല്ലാം നബിﷺ പഠിപ്പിച്ച മതനിയമങ്ങളും മാർഗനിർദേശങ്ങളും പിൻപറ്റുന്നതുവരേക്കും അയാൾ തന്റെ അവകാശവാദത്തിൽ വ്യാജവാദിയാണ്; നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ടുവന്നതുപോലെ. അവിടുന്ന് പറഞ്ഞു: {ആരെങ്കിലും നമ്മുടെ നിർദേശമില്ലാതെ വല്ലതും (മതത്തിന്റെ ഭാഗമായി) അനുഷ്ഠിച്ചാൽ അത് തള്ളിക്കളയേണ്ടതാണ്.} അതിനാലാണ് അല്ലാഹു ഇങ്ങനെ പറയാൻ നബിﷺയോട് പറഞ്ഞത്: {നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ നിങ്ങളെന്നെ പിൻപറ്റുക. അപ്പോൾ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും} അതായത്, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നതിലൂടെ നിങ്ങൾ ആഗ്രഹിച്ചതിനേക്കാൾ വലിയൊരു കാര്യം നിങ്ങൾക്ക് ലഭിക്കുന്നു; അതാണ് അല്ലാഹുവിന് നിങ്ങളോടുണ്ടാകുന്ന സ്നേഹം. ഇത് ആദ്യത്തേതിനേക്കാൾ (നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നതിനേക്കാൾ) എത്രയോ മഹത്തരമാണ്. (തഫ്‌സീർ ഇബ്‌നു കസീർ)

ഒരാളുടെ സ്നേഹത്തിന്റെ സത്യസന്ധത തെളിയിക്കുന്നതിന് നബിﷺ യെ പിന്തുടരേണ്ടതിന്റെ അനിവാര്യതയ്ക്കും അവിടുത്തെ മാതൃകയാക്കേണ്ടതിന്റെ  പ്രാധാന്യത്തിനും ധാരാളം തെളിവുകളുണ്ട്.

عن أبي قراد السُّلمي قال: كنا عند رسول الله صلى الله عليه وسلم فدعا بطهور غمس يده فيه ثم توضّأ، فتتبعناه فحسوناه، فقال صلى الله عليه وسلم: ما حملكم على ما صنعتم؟ قلنا: حبّ الله ورسوله. قال: فإن أحببتم أن يحبّكم الله ورسولُه، فأدّوا إذا ائتمنتم، واصدقوا إذا حدّثتم، وأحسنوا جوار من جاوركم.

അബൂ ഖുറാദ് അസ്സുലമി رَضِيَ اللَّهُ عَنْهُ  പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അരികിലായിരുന്നു. അപ്പോൾ അവിടുന്ന് വുദൂഅ് ചെയ്യാനുള്ള വെള്ളം ആവശ്യപ്പെട്ടു. തന്റെ കൈ അതിൽ മുക്കി അവിടുന്ന് വുദൂഅ് ചെയ്തു. അപ്പോൾ ഞങ്ങൾ (ബാക്കി) വെള്ളം പിന്തുടര്‍ന്നെടുത്ത് അത് കുടിക്കുകയും ചെയ്തു. അപ്പോൾ നബി ﷺ ചോദിച്ചു: ‘നിങ്ങളെ ഇതിന് പ്രേരിപ്പിച്ചത് എന്താണ്?’ഞങ്ങൾ പറഞ്ഞു: ‘അല്ലാഹുവോടും അവന്റെ റസൂലിനോടുള്ള സ്നേഹമാണ്.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘എന്നാൽ, അല്ലാഹുവും അവന്റെ റസൂലും നിങ്ങളെ സ്നേഹിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ; അമാനത്ത് നിങ്ങൾ നിറവേറ്റുക, നിങ്ങൾ സംസാരിക്കുമ്പോൾ സത്യം മാത്രം പറയുക, നിങ്ങളുടെ അയൽവാസികളോട് നല്ല രീതിയിൽ വർത്തിക്കുക. [رواه الطبراني وحسنه الألباني]

രണ്ട്: നബി ﷺ യുടെ സ്മരണകൾ വർദ്ധിപ്പിക്കലും, അവിടുത്തെ നേരിട്ട് കാണാനുള്ള കടുത്ത ആഗ്രഹവും.

قال ابن القيم رحمه الله: العبد كلّما أكثر من ذكر المحبوب واستحضاره في قلبه واستحضار محاسنه ومعانيه الجالبة لحبّه تضاعف حبُّه له وتزايد شوقه إليه، واستولى على جميع قلبه. وإذا أعرض عن ذكره وإخطاره وإخطار محاسنه بقلبه نقص حبُّه من قلبه، ولا شيءٌ أقرّ لعين المحِب من رؤية محبوبه، ولا أقرّ لقلبه من ذكره وإخطار محاسنه، إذا قوي هذا في قلبه جرى لسانُه بمدحه والثّناء عليه وذكر محاسنه وتكون زيادةُ ذلك ونقصانُه بحسب زيادة الحبِّ ونقصانه في قلبه.

ഇബ്‌നുല്‍ ഖയ്യിം رحمه الله പറഞ്ഞു: ഒരു ദാസൻ താൻ സ്നേഹിക്കുന്ന വ്യക്തിയെക്കുറിച്ച്  ഓർക്കുന്നതും അദ്ദേഹത്തെ തന്റെ ഹൃദയത്തിൽ ഹാജരാക്കുന്നതും, അദ്ദേഹത്തോട് സ്നേഹം ജനിപ്പിക്കുന്ന അവിടുത്തെ സൽഗുണങ്ങളെയും സവിശേഷതകളെയും മനസ്സ് കൊണ്ട് ആവർത്തിച്ചു ചിന്തിക്കുന്നതും എത്രത്തോളം വർദ്ധിപ്പിക്കുന്നുവോ; അത്രത്തോളം അദ്ദേഹത്തോടുള്ള സ്നേഹം ഇരട്ടിക്കുകയും അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം വർദ്ധിക്കുകയും, അത് ആ ഹൃദയത്തെ പൂർണ്ണമായി കീഴടക്കുകയും ചെയ്യും. എന്നാൽ, അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണകളിൽ നിന്നും അവിടുത്തെ സൽഗുണങ്ങൾ ഹൃദയത്തിൽ കൊണ്ടുവരുന്നതിൽ നിന്നും അവൻ എപ്പോൾ മുഖംതിരിക്കുന്നുവോ, അപ്പോൾ ഹൃദയത്തിൽ അദ്ദേഹത്തോടുള്ള സ്നേഹം കുറഞ്ഞുപോകും. സ്നേഹിക്കുന്നവന്റെ കണ്ണിന് താൻ സ്നേഹിക്കുന്നവനെ കാണുന്നതിനേക്കാൾ കുളിർമ നൽകുന്ന മറ്റൊന്നുമില്ല; അവന്റെ ഹൃദയത്തിന് അവിടുത്തെ ഓർക്കുന്നതിനേക്കാളും അവിടുത്തെ സൽഗുണങ്ങൾ മനസ്സിൽ കൊണ്ടുവരുന്നതിനേക്കാളും ആനന്ദം നൽകുന്ന മറ്റൊന്നുമില്ല. ഈ ചിന്ത ഹൃദയത്തിൽ ശക്തമാകുമ്പോൾ, അവന്റെ നാവ് അവിടുത്തെ പുകഴ്ത്തുന്നതിലും പ്രകീർത്തിക്കുന്നതിലും അവിടുത്തെ സൽഗുണങ്ങൾ വിളിച്ചു പറയുന്നതിലും നിരന്തരം ചലിച്ചുകൊണ്ടിരിക്കും. നാവിന്റെ ഈ പ്രകീർത്തനത്തിന്റെ വര്‍ദ്ധനവും കുറവും ഹൃദയത്തിലെ സ്നേഹത്തിന്റെ വര്‍ദ്ധനവിനും കുറവിനും അനുസരിച്ചായിരിക്കും.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مِنْ أَشَدِّ أُمَّتِي لِي حُبًّا نَاسٌ يَكُونُونَ بَعْدِي يَوَدُّ أَحَدُهُمْ لَوْ رَآنِي بِأَهْلِهِ وَمَالِهِ.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തിൽ എന്നോട് ഏറ്റവും കടുത്ത സ്നേഹമുള്ളവരിൽ പെട്ട ചില ആളുകൾ എനിക്ക് ശേഷം വരുന്നവരാണ്. തന്റെ കുടുംബത്തെയും സമ്പത്തിനെയും മുഴുവൻ നഷ്ടപ്പെടുത്തിക്കൊണ്ടാണെങ്കിലും എന്നെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവരിലൊരാൾ അതിയായി ആഗ്രഹിക്കും. (മുസ്ലിം:2832)

നബി ﷺ യെ ഓർക്കുക എന്നത്; അവിടുത്തെ മഹത്വങ്ങളും, ആദരണീയമായ സ്വഭാവവിശേഷങ്ങളും ചർച്ച ചെയ്യലിലൂടെയും, അവിടുത്തെ ചര്യകളും മഹത്തായ മാതൃകകളും  ജനങ്ങൾക്ക് വിവരിച്ചു കൊടുക്കലിലൂടെയും, അവിടുത്തെ മേൽ ധാരാളമായി സ്വലാത്തും സലാമും ചൊല്ലലിലൂടെയുമാണ് ഉണ്ടാകുന്നത്.

നബി ﷺ യെ നേരിൽ കാണാനുള്ള ആഗ്രഹത്തിന്റെ യഥാർത്ഥ ഫലം എന്നത്; സത്യസന്ധമായ ദൃഢനിശ്ചയവും, കഠിനാധ്വാനവും, അവിടുത്തെ നേരായ വഴിയെയും മാതൃകയെയും പൂർണ്ണമായി പിന്തുടരലുമാണ്. ഇതാണ് ഒരു ദാസന് പരലോകത്തെ സ്വർഗ്ഗത്തോപ്പുകളിൽ വെച്ച് അവിടുത്തെ ദർശിക്കാനും അവിടുത്തെ സാമീപ്യം ലഭിക്കാനുമുള്ള ഭാഗ്യം പ്രധാനം ചെയ്യുന്നത്.

മൂന്ന്: വിശുദ്ധ ഖുർആൻ പഠിക്കലും, അതനുസരിച്ച് ജീവിതത്തിൽ പ്രവർത്തിക്കലും, അതിലെ ഉദാത്തമായ മര്യാദകൾ ഉൾക്കൊണ്ട് സ്വഭാവശുദ്ധിയുള്ളവനാകലും.

عن عبد الله بن مسعود رضي الله عنه أنه قال:لا يَسأل أحد عن نفسه إلا القرآن، فإن كان يحب القرآن فهو يحب الله ورسوله.

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: തന്റെ സ്വന്തം അവസ്ഥയെക്കുറിച്ച് ഖുർആനോടല്ലാതെ ആരും ചോദിച്ചറിയേണ്ടതില്ല. ഒരാൾ ഖുർആനെ സ്നേഹിക്കുന്നുണ്ടെങ്കിൽ, അവൻ അല്ലാഹുവെയും അവന്റെ പ്രവാചകനെയും സ്നേഹിക്കുന്നുണ്ട്. (ബൈഹഖി)

വിശുദ്ധ ഖുർആനെ സ്നേഹിക്കലും, അത് പാരായണം ചെയ്യലും, അതിന്റെ ആശയങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കലും ആണ് സന്മാർഗ്ഗത്തിന്റെ ഏറ്റവും മഹത്തായ കവാടങ്ങൾ. കാരണം, അനുഗ്രഹപൂർണ്ണനും പരമോന്നതനുമായ അല്ലാഹു തന്റെ ദാസന്മാർക്ക് നേർവഴിയായും, കാരുണ്യമായും, പ്രകാശമായും, സന്തോഷ വാർത്തയായും, ഓർക്കുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തലായും ആണ് തന്റെ വ്യക്തമായ ഈ വേദഗ്രന്ഥം അവതരിപ്പിച്ചത്.

അല്ലാഹു അതിനെ ബറകത്ത് നിറഞ്ഞതും ലോകർക്കാകെ സന്മാർഗ്ഗവുമാക്കി മാറ്റിയിരിക്കുന്നു. അത് ഏറ്റവും നേരായ വഴിയിലേക്ക് നയിക്കുന്നു. മനുഷ്യർ ദോഷബാധയെ സൂക്ഷിക്കാനും അല്ലെങ്കിൽ അവർക്ക് ഉൽബോധനമുണ്ടാകാനും വേണ്ടി അല്ലാഹു അതിൽ പലവിധ ദൃഷ്ടാന്തങ്ങളും താക്കീതുകളും വിവരിച്ചിരിക്കുന്നു. ശാരീരിക രോഗങ്ങൾക്കും, പ്രത്യേകിച്ച് മനുഷ്യഹൃദയങ്ങളെ ബാധിക്കുന്ന രോഗങ്ങളായ സംശയങ്ങൾ, ദേഹേച്ഛകൾ  എന്നിവയ്ക്കുള്ള ശമനവും അല്ലാഹു അതിൽ നിശ്ചയിച്ചിരിക്കുന്നു.

അതുകൊണ്ട്, സത്യസന്ധരായ സ്നേഹികളുടെ ഏറ്റവും ഉയർന്ന പദവികളിൽ എത്താൻ ആഗ്രഹിക്കുന്ന ഏതൊരു മുസ്‌ലിമിനും അനുയോജ്യമായ കാര്യം; വിശുദ്ധ ഖുർആനിൽ നിന്നുള്ള തന്റെ പങ്ക് അവൻ വലുതാക്കുക എന്നതാണ്. അതായത്, ഖുർആന്റെ വചനങ്ങൾ ചിന്തിച്ചും, അതിന്റെ അർത്ഥങ്ങൾ ഗ്രഹിച്ചും, അത് ആവശ്യപ്പെടുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രവർത്തിച്ചും അതിനെ യഥാവിധി പാരായണം ചെയ്യുക എന്നതാണ് അത്.

قال ابن القيم رحمه الله: فلا شيءٌ أنفع للقلب من قراءة القرآن بالتدبّر والتفكّر؛ فإنه جامعٌ لجميع منازل السّائرين وأحوال العاملين ومقامات العارفين، وهو الذي يورث المحبّة والشوق والخوف والرّجاء والإنابة والتوكل والرضا والتفويض والشّكر والصبر وسائر الأحوال التي بها حياة القلب وكماله، وكذلك يزجر عن جميع الصّفات والأفعال المذمومة التي بها فساد القلب وهلاكه. فلو علم الناس ما في قراءة القرآن بالتدبّر لاشتغلوا بها عن كلِّ ما سواها، فإذا قرأه بتفكّر حتى مرَّ بآية وهو محتاجٌ إليها في شفاء قلبه كرّرها ولو مائة مرة ولو ليلة، فقراءة آية بتفكر وتفهّم خيرٌ من قراءة ختمة بغير تدبّر وتفهّم، وأنفع للقلب وأدعى إلى حصول الإيمان وذوق حلاوة القرآن.

ഇബ്‌നുല്‍ ഖയ്യിം رحمه الله പറഞ്ഞു: ആശയങ്ങൾ ഗ്രഹിച്ചും ചിന്തിച്ചും  ഖുർആൻ ഓതുന്നതിനേക്കാൾ ഹൃദയത്തിന് ഉപകാരപ്രദമായി മറ്റൊന്നുമില്ല. കാരണം, അല്ലാഹുവിലേക്ക് സഞ്ചരിക്കുന്നവരുടെ എല്ലാ ഘട്ടങ്ങളെയും, പ്രവര്‍ത്തിക്കുന്നവരുടെ എല്ലാ അവസ്ഥകളെയും, ജ്ഞാനികളുടെ എല്ലാ പദവികളെയും അത് ഉൾക്കൊള്ളുന്നു.

അല്ലാഹുവോടുള്ള സ്നേഹം, അവനെ കാണാനുള്ള ആഗ്രഹം, അവനെ ക്കുറിച്ചുള്ള ഭയം, അവനിലുള്ള പ്രതീക്ഷ, അല്ലാഹുവിലേക്കുള്ള മടക്കം, അവനിൽ ഭരമേൽപ്പിക്കൽ , അല്ലാഹുവിന്റെ വിധിയിലുള്ള തൃപ്തി, എല്ലാ കാര്യങ്ങളും അവന് സമർപ്പിക്കൽ, നന്ദി, ക്ഷമ  തുടങ്ങി ഹൃദയത്തിന്റെ ജീവനും പൂർണ്ണതയ്ക്കും കാരണമാകുന്ന മറ്റെല്ലാ ഉദാത്തമായ അവസ്ഥകളെയും ഹൃദയത്തിൽ ജനിപ്പിക്കുന്നത് ഈ ഖുർആൻ പാരായണമാണ്.

അതുപോലെ തന്നെ, ഹൃദയത്തിന്റെ നാശത്തിനും തകർച്ചയ്ക്കും കാരണമാകുന്ന എല്ലാ മോശം സ്വഭാവങ്ങളിൽ നിന്നും പ്രവൃത്തികളിൽ നിന്നും അത് ഹൃദയത്തെ തടയുകയും ചെയ്യുന്നു. ചിന്തിച്ചുകൊണ്ട് ഖുർആൻ ഓതുന്നതിലൂടെ ലഭിക്കുന്ന വലിയ പ്രതിഫലത്തെക്കുറിച്ച് മനുഷ്യർ അറിഞ്ഞിരുന്നെങ്കിൽ, മറ്റെല്ലാ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി അവർ ഇതിൽ മാത്രം മുഴുകുമായിരുന്നു!

അങ്ങനെ ചിന്തിച്ച് ഓതിപ്പോകുമ്പോൾ, തന്റെ ഹൃദയത്തിന്റെ രോഗശമനത്തിന് അനിവാര്യമായ ഒരു വചനത്തിലൂടെയാണ് അവൻ കടന്നുപോകുന്നതെങ്കിൽ, അവൻ ആ വചനം നൂറു തവണയോ അല്ലെങ്കിൽ ഒരു രാത്രി മുഴുവനുമോ ആവർത്തിച്ചുരുവിട്ടുകൊണ്ടേയിരിക്കും. കാരണം, ചിന്തയോടും ആഴത്തിലുള്ള മനസ്സിലാക്കലോടും കൂടി ഒരൊറ്റ ആയത്ത് ഓതുന്നത്, യാതൊരു ചിന്തയുമില്ലാതെ ഖുർആൻ മുഴുവൻ ഓതിത്തീർക്കുന്നതിനേക്കാൾ എത്രയോ ഉത്തമവും, ഹൃദയത്തിന് ഏറ്റവും ഉപകാരപ്രദവും, ഈമാൻ ഉണ്ടാകാനും ഖുർആന്റെ മധുരം ആസ്വദിക്കാനും ഏറ്റവും അനുയോജ്യമായതുമാണ്. (مفتاح دار السعادة)

നാല്: നബി ﷺ ഇഷ്ടപ്പെട്ടതിനെ ഇഷ്ടപ്പെടലും അവിടുന്ന് വെറുത്തതിനെ വെറുക്കലും.

ഇതാണ് ഈമാനിന്റെ (വിശ്വാസത്തിന്റെ) ഏറ്റവും ശക്തമായ കണ്ണികൾ; നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന സ്വഹീഹായ ഹദീസുകൾ വ്യക്തമാക്കുന്നതുപോലെ. അതായത്, നബി ﷺ ഇഷ്ടപ്പെട്ട കർമ്മങ്ങൾ, നല്ല ഗുണങ്ങൾ, മര്യാദകൾ എന്നിവയെ സ്നേഹിക്കലും, അവിടുന്ന് ഇഷ്ടപ്പെട്ട വ്യക്തികളെ സ്നേഹിക്കലുമാണത്. അതുപോലെ തന്നെ, അവിടുന്ന് വെറുത്ത കർമ്മങ്ങളെയും ഗുണങ്ങളെയും മര്യാദകേടുകളെയും വെറുക്കലും, അവിടുന്ന് വെറുത്ത വ്യക്തികളെ വെറുക്കലുമാണത്.

താൻ സ്നേഹിക്കുന്ന നബി ﷺ വെറുക്കുന്ന കാര്യങ്ങളെ ഇഷ്ടപ്പെടുകയും, അവിടുന്ന് ഇഷ്ടപ്പെടുന്ന കാര്യങ്ങളെ വെറുക്കുകയും ചെയ്യുന്ന ഒരാളും തന്റെ സ്നേഹത്തിൽ ഒരിക്കലും സത്യസന്ധനാവുകയില്ല. ഇതിനുള്ള തെളിവുകളും സാക്ഷ്യങ്ങളും വളരെ ഏറെയാണ്.

നബി ﷺ പറഞ്ഞു:

من أحبّ عليّاً فقد أحبّني، ومن أبغض عليّاً فقد أبغضني.

ആരാണോ അലിയെ സ്നേഹിച്ചത്, അവൻ തീർച്ചയായും എന്നെയാണ് സ്നേഹിച്ചത്. ആരാണോ അലിയോട് വെറുപ്പ് കാണിച്ചത്, അവൻ തീർച്ചയായും എന്നോടാണ് വെറുപ്പ് കാണിച്ചത്. (ഹാകിം)

من أحبّهما فقد أحبّني ومن أبغضهما فقد أبغضني.

ആര് ആ രണ്ടുപേരെയും (ഹസനെയും ഹുസൈനെയും) സ്നേഹിച്ചുവോ അവൻ എന്നെയാണ് സ്നേഹിച്ചത്. ആര് ആ രണ്ടുപേരെയും വെറുത്തുവോ അവൻ എന്നെയാണ് വെറുത്തത്. (അഹ്മദ്)

مَنْ أَحَبَّنِي فَلْيُحِبَّ أُسَامَ

ആരെങ്കിലും എന്നെ സ്നേഹിക്കുന്നുവെങ്കിൽ അവൻ ഉസാമയെയും സ്നേഹിച്ചുകൊള്ളട്ടെ. (മുസ്ലിം)

آيَةُ الإِيمَانِ حُبُّ الأَنْصَارِ، وَآيَةُ النِّفَاقِ بُغْضُ الأَنْصَارِ.

ഈമാനിന്റെ (സത്യവിശ്വാസത്തിന്റെ) അടയാളം അൻസാരികളെ സ്നേഹിക്കലാണ്. നിഫാഖിന്റെ (കപടവിശ്വാസത്തിന്റെ) അടയാളം അൻസാരികളെ വെറുക്കലുമാണ്. (ബുഖാരി:17)

അതുകൊണ്ട്, സ്വഹാബികളോടും നബി ﷺ യുടെ കുടുംബത്തോടും, അവരെ ഉത്തമമായ രീതിയിൽ പിന്തുടർന്ന പണ്ഡിതന്മാർ, പുണ്യവാന്മാർ, ഇബാദത്തുകളിൽ മുഴുകിയവർ, ലൗകിക വിരക്തർ, ദാനധർമ്മങ്ങൾ ചെയ്യുന്നവർ, ഉദാരമതികൾ, നന്മയും കരുണയും ചെയ്യുന്നവർ എന്നിവരോടെല്ലാമുള്ള സ്നേഹം, താൻ സ്നേഹിക്കുന്ന പ്രവാചകനെ സ്നേഹിക്കുന്നതിന്റെ ഭാഗം തന്നെയാണ്.

അതുപോലെ തന്നെ, പുണ്യകരമായ കർമ്മങ്ങൾ, പൂർണ്ണമായ മര്യാദകൾ , ഉത്തമമായ പെരുമാറ്റങ്ങൾ എന്നിവയോടുള്ള സ്നേഹം, താൻ സ്നേഹിക്കുന്ന പ്രവാചകൻ ഇഷ്ടപ്പെട്ട കാര്യങ്ങളെ സ്നേഹിക്കുന്നതിന്റെ ഭാഗമാണ്.

അതുപോലെ തന്നെ തിന്മയുടെ ആളുകളോടും തിന്മ നിറഞ്ഞ പ്രവർത്തികളോടുമുള്ള വെറുപ്പ്, പ്രവാചകൻ വെറുത്ത കാര്യങ്ങളോടുള്ള വെറുപ്പിന്റെ ഭാഗമാണ്.

ഈ കാര്യത്തിൽ ആളുകൾ മൂന്ന് വിഭാഗമായി തിരിഞ്ഞിരിക്കുന്നു:

1. യാതൊരുവിധ വെറുപ്പുമില്ലാത്ത, സ്നേഹം മാത്രമുള്ളവര്‍; അവർ പരിപൂർണ്ണ വിശ്വാസികളും, സൽക്കർമ്മികളും, സൽമാർഗ്ഗത്തിൽ കൃത്യമായി നിലകൊള്ളുന്നവരുമാണ്.

2. യാതൊരുവിധ സ്നേഹവുമില്ലാത്ത, വെറുപ്പ് മാത്രമുള്ളവര്‍; അവർ കുഫ്റിന്റെയും ശിര്‍ക്കിന്റെയും നിഫാഖിന്റെയും ആളുകളാണ്.

3. സ്നേഹവും വെറുപ്പുമുള്ളവര്‍; അവർ വിശ്വാസികളിലെത്തന്നെ പാപികളായ ആളുകളാണ്. അവരിലുള്ള നന്മയും വിശ്വാസവും (ഈമാൻ) കാരണം അവരെ സ്നേഹിക്കേണ്ടതുണ്ട്; അതേസമയം, അവരിൽ വന്നുഭവിക്കുന്ന തെറ്റുകളും ധിക്കാരങ്ങളും കാരണം ആ തിന്മകളെ വെറുക്കേണ്ടതുമുണ്ട്.

നബി ﷺ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട മഹത്തരമായ പ്രാർത്ഥനകളിൽ പെട്ട ഒന്ന് കാണുക:

اللهم إني أسألك حبّك وحبّ من يحبُّك والعمل الذي يقرّبني إلى حبِّك

അല്ലാഹുവേ, നിന്നോടുള്ള സ്നേഹവും, നിന്നെ സ്നേഹിക്കുന്നവരോടുള്ള സ്നേഹവും, നിന്റെ സ്നേഹത്തിലേക്ക് എന്നെ അടുപ്പിക്കുന്ന പുണ്യകർമ്മങ്ങൾ ചെയ്യാനുള്ള തൗഫീഖും ഞാൻ നിന്നോട് ചോദിക്കുന്നു.

അഞ്ച്: നബി ﷺ യെ അതിരുവിട്ട് പുകഴ്ത്തുന്നതിനെക്കുറിച്ചും, അല്ലാഹു നബി ﷺ ക്ക് നിശ്ചയിച്ചു നൽകിയ പദവിക്ക് മുകളിലേക്ക് അവിടുത്തെ ഉയർത്തുന്നതിനെക്കുറിച്ചും ജാഗ്രത പാലിക്കുക.

ഈയൊരു അടിസ്ഥാന തത്വം ആർക്കെങ്കിലും മനസ്സിലാകാതെ പോയാൽ, നബി ﷺ യോടുള്ള സ്നേഹം പ്രകടിപ്പിക്കുക എന്ന വ്യാജേന അവിടുത്തെ വ്യക്തിത്വത്തിൽ അതിരുകടന്നുകൊണ്ട് അവരുടെ പാദങ്ങൾ തെന്നിപ്പോകും. തീർച്ചയായും നബി ﷺ  ﷺ ഇതിനെതിരെ ധാരാളം ഹദീസുകളിലൂടെ അതീവ ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

عَنْ يَحْيَى بْنِ سَعِيدٍ ، قَالَ : كُنَّا عِنْدَ عَلِيِّ بْنِ الْحُسَيْنِ فَجَاءَ قَوْمٌ مِنَ الْكُوفِيِّينَ ، فَقَالَ عَلِيٌّ : يَا أَهْلَ الْعِرَاقِ أَحِبُّونَا حُبَّ الإِسْلامِ ، سَمِعْتُ أَبِي يَقُولُ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ : ” يَا أَيُّهَا النَّاسُ ،لا تَرْفَعُونِي فَوْقَ قِدْرِي ، فَإِنَّ اللَّهَ اتَّخَذَنِي عَبْدًا قَبْلَ أَنْ يَتَّخِذَنِي نَبِيًّا “،

യഹ്‌യ ബിൻ സഈദ് رحمه الله പറയുന്നു: ഞങ്ങൾ അലിയ്യ് ബ്നു അൽഹുസൈൻ رحمه الله യുടെ അടുക്കലായിരുന്നു. അപ്പോൾ കൂഫയിൽ നിന്നുള്ള ഒരുസംഘം ആളുകൾ അവിടെ വന്നു. അപ്പോൾ അലി رحمه الله അവരോട് പറഞ്ഞു: “ഓ ഇറാഖുകാരേ, നിങ്ങൾ ഞങ്ങളെ ഇസ്‌ലാമിന്റെ സ്നേഹം കൊണ്ട് സ്നേഹിക്കുക. എന്റെ പിതാവ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: നബി ﷺ പറഞ്ഞു: ‘ഓ ജനങ്ങളേ, നിങ്ങൾ എന്നെ എന്റെ പദവിക്ക് മുകളിലേക്ക് ഉയർത്തരുത്. കാരണം, അല്ലാഹു എന്നെ ഒരു പ്രവാചകനാക്കുന്നതിന് മുൻപ് തന്നെ തന്റെ ഒരു അടിമയാക്കി മാറ്റിയിട്ടുണ്ട്.’ (ഹാകിം)

നബി ﷺ യുടെ أَحِبُّونَا حُبَّ الإِسْلامِ (നിങ്ങൾ ഞങ്ങളെ ഇസ്‌ലാമിന്റെ സ്നേഹം കൊണ്ട് സ്നേഹിക്കുക) എന്ന വാചകം ആഴത്തിൽ ചിന്തിക്കുക. കാരണം, അതാണ് ഉപകാരപ്രദവും അല്ലാഹുവിങ്കൽ സ്വീകാര്യവുമായ സ്നേഹം. എന്നാൽ അതിരുകടക്കുന്നവരുടെ  സ്നേഹമാകട്ടെ, വിശുദ്ധ ഖുർആനിലും സുന്നത്തിലും നമ്മോട് കൽപ്പിക്കപ്പെട്ട ആ ‘ഇസ്‌ലാമിന്റെ സ്നേഹം’ അല്ല.

عن أنس رضي الله عنه أن ناساً قالوا: يا رسول الله، يا خيرنا وابن خيرنا وسيدنا وابن سيدنا، فقال: يا أيها الناس قولوا بقولكم ولا يستهوينّكم الشيطان، أنا محمّد عبد الله ورسوله، ما أحبّ أن ترفعوني فوق منـزلتي التي أنزلني الله عزّ وجل.

അനസ് رضي الله عنه വിൽ നിന്ന് നിവേദനം: ചില ആളുകൾ (നബി ﷺ യോട്) പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, ഞങ്ങളിൽ ഏറ്റവും ഉത്തമനായവരേ, ഞങ്ങളിൽ ഏറ്റവും ഉത്തമനായവരുടെ മകനേ, ഞങ്ങളുടെ നേതാവേ, ഞങ്ങളുടെ നേതാവിന്റെ മകനേ!” അപ്പോൾ നബി ﷺ  പറഞ്ഞു: “ഓ ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ സാധാരണ പറയാറുള്ള വാക്കുകൾ പറയുക, പിശാച് നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. ഞാൻ അല്ലാഹുവിന്റെ അടിമയും അവന്റെ റസൂലുമായ മുഹമ്മദ് ആകുന്നു. സർവ്വശക്തനും മഹത്വവാനുമായ അല്ലാഹു എനിക്ക് നിശ്ചയിച്ചു നൽകിയ പദവിക്ക് മുകളിലേക്ക് നിങ്ങൾ എന്നെ ഉയർത്തുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. (നസാഈ)

عن عمر: أن رسول الله صلى الله عليه وسلم قال: لا تطروني كما أطرت النصارى ابن مريم؛ إنما أنا عبد، فقولوا: عبد الله ورسوله.

ഉമർ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ക്രിസ്ത്യാനികൾ മർമയിന്റെ പുത്രനെ (ഈസാ عليه السلام) വാഴ്ത്തിയതു പോലെ നിങ്ങൾ എന്നെ വാഴ്ത്തരുത്. ഞാനൊരു അടിമ മാത്രമാണ്. അതിനാൽ നിങ്ങൾ, അല്ലാഹുവിന്റെ അടിമയും ദൂതനും എന്നു പറയുക. (ബുഖാരി, മുസ്ലിം)

ആറ്: ബിദ്അത്തുകളിൽ ജാഗ്രത പാലിക്കുക,  തന്നിഷ്ടങ്ങളിൽ നിന്നും അകന്നുനിൽക്കുക.

ബിദ്അത്തുകൾക്കെതിരെ (മതത്തിൽ പുതുതായി നിർമ്മിച്ച കാര്യങ്ങൾ) നബി ﷺ യിൽ നിന്ന് വന്നിട്ടുള്ള ഹദീസുകൾ ധാരാളവും ഏറെ പ്രശസ്തവുമാണ്. നബി ﷺ യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗം ബിദ്അത്തുകളിൽ ഏർപ്പെടലും, തന്നിഷ്ടങ്ങളെ പിന്തുടരലും, മതത്തെ കേവലം ചില ആചാരങ്ങളും ചടങ്ങുകളുമാക്കി മാറ്റലാണെന്നും ചില ആളുകൾ ധരിച്ചുവെച്ചിട്ടുണ്ട്. യാതൊരുവിധ പ്രമാണബലവുമില്ലാത്ത, ഖുർആനിൽ നിന്നോ സുന്നത്തിൽ നിന്നോ യാതൊരു തെളിവുമില്ലാത്ത ചില പ്രവൃത്തികളാണവ. തങ്ങളുടെ ഈ പ്രവൃത്തികളാണ് പ്രവാചക സ്നേഹത്തിന്റെ അടയാളവും, സാക്ഷ്യവും,തെളിവുമെന്ന വാദത്തോടെയാണ് അവർ ഇതൊക്കെ ചെയ്യുന്നത്. ദീനിന്റെ അപരിചിതത്വവും തിരുനബി ﷺ യുടെ ചര്യയെക്കുറിച്ചുള്ള അറിവില്ലായ്മയും നിറഞ്ഞ ഈ കാലത്ത്, ചില മുസ്‌ലിംകൾക്കിടയിൽ വിചിത്രമായ കാര്യങ്ങളും അത്ഭുതകരമായ പുതുനിർമ്മിതികളും ഉടലെടുത്തിട്ടുണ്ട്. പ്രവാചകനോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ വേണ്ടിയാണ് അവരിൽ ചിലർ ഇതിലൂടെ ആഗ്രഹിച്ചത്. അങ്ങനെ അവർ അവിടുത്തെ ജന്മദിനത്തെ ഒരു ഈദായും, മദീനയിലേക്കുള്ള ഹിജ്റ ദിവസത്തെ ഒരു ആഘോഷമായും, ഇസ്രാഅ്-മിഅ്‌റാജ് രാവിനെ ഒരു പ്രത്യേക ഉത്സവകാലമായും, അതുപോലെയുള്ള മറ്റ് ദിവസങ്ങളെയുെമൊക്കെ മാറ്റിയെടുത്തു. ആ ദിവസങ്ങളിൽ അവർ കവിതകൾ ആലപിക്കാനും, മദ്ഹുകൾ പാടാനും, കീർത്തനങ്ങൾ ചൊല്ലാനുമായി ഒത്തുകൂടുന്നു.

ഇത്തരം ആളുകളുടെ ഉദ്ദേശ്യം നബി ﷺ യോടുള്ള സ്നേഹം പ്രകടിപ്പിക്കുക എന്നതാണെങ്കിലും – അത് നല്ലൊരു ഉദ്ദേശ്യമാണെങ്കിൽ പോലും – നബി ﷺ യോടുള്ള സ്നേഹപ്രകടനം അവിടുത്തെ കൃത്യമായി പിന്തുടരുന്നതിലൂടെയും, അവിടുത്തെ ചര്യ മുറുകെപ്പിടിക്കുന്നതിലൂടെയും മാത്രമേ ശരിയാവുകയുള്ളൂ. അതുകൊണ്ടുതന്നെ, സ്വഹാബികളിൽ നിന്നോ, താബിഉകളിൽ നിന്നോ, മുജ്തഹിദുകളായ മറ്റ് പ്രമുഖ ഇമാമുമാരിൽ നിന്നോ ഈ വക പുതുതായി നിർമ്മിച്ച കാര്യങ്ങളിൽ പെട്ട യാതൊന്നും തന്നെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. മറിച്ച്, മതത്തിൽ പുതുതായി കാര്യങ്ങൾ നിർമ്മിക്കുന്നതിനെ  ആക്ഷേപിച്ചുകൊണ്ടും അതിന്റെ അപകടം വ്യക്തമാക്കിക്കൊണ്ടുമുള്ള കാര്യങ്ങളാണ് അവരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്.

.قال أبو بكر رضي الله عنه: إنما أنا متّبع ولست بمبتدع، فإن استقمت فتابعوني وإن زغت فقوموني.

അബൂബക്കർ رضي الله عنه പറഞ്ഞു: തീർച്ചയായും ഞാൻ (പ്രവാചകചര്യയെ) പിന്തുടരുന്നവൻ മാത്രമാണ്, അല്ലാതെ പുതിയ കാര്യങ്ങൾ നിർമ്മിക്കുന്നവനല്ല . അതിനാൽ, ഞാൻ നേർവഴിയിൽ ഉറച്ചുനിന്നാൽ നിങ്ങൾ എന്നെ പിന്തുടരുക; ഇനി ഞാൻ നേർവഴിയിൽ നിന്ന് തെറ്റിപ്പോവുകയാണെങ്കിൽ നിങ്ങൾ എന്നെ തിരുത്തുക. (رواه ابن سعد في الطبقات)

قال عبد الله بن مسعود رضي الله عنه: اتّبعوا ولا تبتدعوا فقد كُفيتم.

അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: നിങ്ങൾ (പ്രവാചക ചര്യയെ) പിന്തുടരുക, പുതുതായി ഒന്നും നിർമ്മിക്കാതിരിക്കുക; തീർച്ചയായും നിങ്ങൾക്ക് (ദീനിലുള്ളത്) മതിയായതാണ്. (ദാരിമി)

قال عبد الله بن مسعود رضي الله عنه: الاقتصاد في السنة خير من الاجتهاد في البدعة.

അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: സുന്നത്തിൽ  മിതത്വം പാലിക്കുന്നതാണ് ബിദ്അത്തിൽ  കഠിനാധ്വാനം ചെയ്യുന്നതിനേക്കാൾ ഉത്തമം. (ഹാകിം)

عن عثمان الأزي قال: دخلت على ابن عباس رضي الله عنه فقلت له: أوصني، فقال: عليك بتقوى الله والاستقامة، اتبع ولا تبتدع.

ഉസ്മാൻ അൽഅസ്ദി رحمه الله യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഇബ്നു അബ്ബാസ് رضي الله عنه വിന്റെ അടുക്കൽ ചെന്നു, എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു: “എനിക്ക് ചില ഉപദേശങ്ങൾ നൽകിയാലും.” അപ്പോൾ അദ്ദേഹം പറഞ്ഞു: “നീ അല്ലാഹുവെ ഭയപ്പെടുകയും (തഖ്‌വ), നേർവഴിയിൽ ഉറച്ചുനിൽക്കുകയും (ഇസ്തിഖാമത്ത്) ചെയ്യുക. നീ (പ്രവാചകചര്യയെ) പിന്തുടരുക, പുതുതായി ഒന്നും നിർമ്മിക്കാതിരിക്കുക (ബിദ്അത്ത് ചെയ്യാതിരിക്കുക).” (ദാരിമി)

ആരാണോ ആദരണീയനായ നബി ﷺ യുടെ അവകാശങ്ങളെക്കുറിച്ചും അവിടുത്തോട് ഉമ്മത്തിനുള്ള കടമകളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയത്, അവൻ ബിദ്അത്തുകളിലേക്ക് തിരിഞ്ഞുനോക്കുകപോലുമില്ല. മറിച്ച്, അവൻ അവിടുത്തെ ചര്യയെ മുറുകെപ്പിടിക്കുകയും അവിടുത്തെ കാൽപ്പാടുകളെ പിന്തുടരുകയും ചെയ്യും. ഈ ഉമ്മത്തിലെ ആദ്യതലമുറക്കാരായ ഉത്തമ സ്വഹാബിവര്യന്മാർ (رضي الله عنهم) ഈ ആദരണീയ പ്രവാചകനോടുള്ള കടമകളും അവിടുത്തെ അവകാശങ്ങളും എന്തെന്ന് പൂർണ്ണമായി മനസ്സിലാക്കിയവരായിരുന്നു. അതുകൊണ്ടുതന്നെ അവർ തങ്ങളുടെ പിതാക്കളെയും മാതാക്കളെയും സ്വന്തം ജീവനെപ്പോലും അവിടുത്തേക്ക് പകരമായി സമർപ്പിച്ചു. സ്വന്തം ശരീരത്തേക്കാളും വിലപിടിപ്പുള്ള മറ്റെല്ലാറ്റിനേക്കാളും മുൻഗണന അവർ പ്രവാചകസ്നേഹത്തിന് നൽകി. അവിടുത്തെ സഹായിക്കുന്നതിനായി അവർ തങ്ങളുടെ ജീവനും സമയവും സമ്പത്തുമെല്ലാം ചിലവഴിച്ചു. അവർ അവിടുത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയും അവിടുത്തെ അവകാശങ്ങൾ പൂർണ്ണമായ അർത്ഥത്തിൽ നിർവ്വഹിക്കുകയും ചെയ്തു. അതിനാൽ തന്നെ അവരായിരുന്നു പ്രവാചകനോട് ഏറ്റവും അടുത്തവരും, അവിടുത്തെ കൂട്ടുചേരാൻ ഏറ്റവും അർഹതപ്പെട്ടവരും, അവിടുത്തെ ചര്യ പിന്തുടരുന്നതിലും മുറുകെപ്പിടിക്കുന്നതിലും ഏറ്റവും സന്മാർഗ്ഗത്തിലായവരും.

ആരാണോ അവരുടെ കാൽപ്പാടുകളെ പിന്തുടരുകയും അവരുടെ വഴി മുറുകെപ്പിടിക്കുകയും അവരുടെ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നത്, അവനാണ് അല്ലാഹുവിന്റെ തൗഫീഖ് ലഭിച്ചവൻ. കാരണം അവരാണ് മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിൽ ഏറ്റവും സന്മാർഗ്ഗ ചാരികളും, വാക്കുകളിൽ ഏറ്റവും സത്യസന്ധരും, സന്മാർഗ്ഗവഴിയിൽ ഏറ്റവും ഉത്തമരുമായിട്ടുള്ളവർ.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *