അല്ലാഹു പറയുന്നു:
وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ
സാഹിര്‍ എവിടെച്ചെന്നാലും വിജയിക്കുകയില്ല. (ഖു൪ആന്‍:20/69)
ഈ വചനത്തിൽ നിന്ന് മനസ്സിലാക്കാവുന്ന പത്ത് പാഠങ്ങൾ വിവരിക്കുന്നു:
ഒന്ന്: അല്ലാഹു അറിയിച്ചുതന്നതുപോലെ, ഒരു സാഹിര്‍ ഒരിക്കലും വിജയിക്കുകയില്ല. ‘ഫലാഹ്’ എന്നാൽ ഇഹലോകത്തും പരലോകത്തും നന്മകൾ നേടിയെടുക്കുക എന്നാണ് അർത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ സാഹിറിൽ നിന്ന് വിജയം നിഷേധിക്കുക എന്നാൽ, ഇഹലോകത്തോ പരലോകത്തോ യാതൊരു നന്മയും നേടിയെടുക്കാൻ അവന് സാധിക്കില്ല എന്നാണ് അർത്ഥം. അവൻ ദുനിയാവിലും ആഖിറത്തിലും പരാജിതനും നഷ്ടക്കാരനുമാണ്.
രണ്ട്: സിഹ്ർ എന്നത് ഒരേയൊരു രീതിയിലുള്ളതല്ല. മറിച്ച് അത് ഒട്ടനവധി രീതികളുള്ളതും, വൈവിധ്യമാർന്ന പാഠശാലകളും വിവിധ ഇനങ്ങളുമുള്ള ഒന്നാണ്. ഈ പശ്ചാത്തലത്തിലാണ് അല്ലാഹു {حَيْثُ أَتَى} (അവൻ എവിടെ വന്നാലും / എപ്രകാരം വന്നാലും) എന്ന് പറഞ്ഞിട്ടുള്ളത്. അതായത്, അവന്റെ രീതി ഏതായാലും, സിഹ്റിൽ അവൻ സ്വീകരിക്കുന്ന ശൈലി ഏതായാലും, അവൻ ഏത് വിഭാഗത്തിൽപ്പെട്ടവനായാലും ശരി; സിഹ്ർ ഏത് രൂപത്തിലായാലും ശൈലിയിലായാലും അതിന്റെ പരിണാമവും അന്തിമഫലവും ഒന്നാണ്: അത് ചെയ്യുന്നവൻ ഇഹലോകത്തോ പരലോകത്തോ ഒരിക്കലും വിജയിക്കുകയില്ല.
മൂന്ന്: അല്ലാഹു അറിയിച്ചുതന്നതുപോലെ, ഒരു സാഹിര്‍ എവിടെച്ചെന്നാലും വിജയിക്കുകയില്ല എങ്കിൽ; പിന്നെ അവന്റെ അടുത്തുചെന്ന് വല്ല ഉപകാരമോ ഗുണമോ നേട്ടമോ ആഗ്രഹിക്കുന്നവന്റെ അവസ്ഥ എന്തായിരിക്കും? അവൻ തീർച്ചയായും പരാജയപ്പെടും.
നാല്: സിഹ്റിനെ മറ്റൊരു സിഹ്ര് കൊണ്ട് ചികിത്സിക്കുക ( النشرة) എന്നത് അസാധുവാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. നബി ﷺ യോട് ഇത്തരത്തിലുള്ള ചികിത്സയെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ‘അത് പിശാചിന്റെ പ്രവർത്തനങ്ങളിൽപ്പെട്ടതാണ്’ എന്നാണ് മറുപടി നൽകിയത്. അതിനാൽ സിഹ്റിനെ മറ്റൊരു സിഹ്ർ കൊണ്ട് മാറ്റുക എന്നത് അനുവദനീയമല്ല. തന്റെ മേലുള്ള ബാധ മാറ്റാനാണെങ്കിൽ പോലും ഒരു മന്ത്രവാദിയുടെ അടുത്തേക്ക് പോകുന്നത് മുസ്ലിമിന് നിഷിദ്ധമാണ്. അല്ലാഹു പറഞ്ഞ {حَيْثُ أَتَى} (അവൻ എവിടെ വന്നാലും / എപ്രകാരം വന്നാലും) എന്ന പൊതുവായ വചനത്തിൽ ഇതും ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ, സിഹ്ര് മാറ്റാനാണെങ്കിൽ പോലും സാഹിറിന്റെ പക്കൽ നിന്ന് യാതൊരു വിജയവും ലഭിക്കുക സാധ്യമല്ല.
അഞ്ച്: ഒരു സാഹിര്‍ ഒരിക്കലും വിജയിക്കില്ല – അതായത് ഇഹലോകത്തോ പരലോകത്തോ യാതൊരു നന്മയും അവന് ലഭിക്കില്ല – എന്ന് ഉറപ്പായാൽ, തന്റെ ബാധ മാറ്റാനാണെങ്കിൽ പോലും അവന്റെ അടുത്തേക്ക് പോകുന്നവനും ആ സാഹിറിനുണ്ടായ അതേ പരാജയവും നഷ്ടവും തന്നെയാണ് സംഭവിക്കുക. അതുകൊണ്ടാണ് സാഹിറുകളുടെ അടുത്തേക്ക് ഒരാൾ തന്റെ രോഗശമനത്തിന് വേണ്ടി ചെന്നാൽ പോലും, പിശാചുക്കൾക്ക് വഴിപ്പെട്ടുകൊണ്ടല്ലാതെ അവർ ചികിത്സിക്കാത്തത്. ചിലപ്പോൾ അവർ ആ വ്യക്തിയുടെ നിസ്സാരമായ ഒരു രോഗം മാറ്റിയേക്കാം, പക്ഷേ അതിലൂടെ അയാളെ അതിനേക്കാൾ വലിയൊരു വിപത്തിലേക്കായിരിക്കും അവർ തള്ളിയിടുന്നത്; അതായത് അല്ലാഹുവിൽ അവിശ്വസിക്കുക, ശിർക്കിൽ അകപ്പെടുക, പിശാചുക്കളുമായി ബന്ധം സ്ഥാപിക്കുക, അവർക്ക് പ്രീതികരമായ കാര്യങ്ങൾ ചെയ്യുക തുടങ്ങിയ വൻപാപങ്ങളിലേക്ക്.
ആറ്: ഈ ഖുർആൻ ആയത്ത് ഒരു വിശ്വാസിയുടെ ഹൃദയത്തിൽ അല്ലാഹുവിലുള്ള ഭരമേൽപ്പിക്കലും (തവക്കുൽ) അവനിലുള്ള ഉറച്ച വിശ്വാസവും ശക്തിപ്പെടുത്തുന്നു. കാരണം, സാഹിര്‍ വിജയിക്കില്ലെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്. അല്ലാഹു മറ്റൊരിടത്ത് പറഞ്ഞിരിക്കുന്നു:
وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ
എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് (സിഹ്ര് കൊണ്ട്) യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. (ഖുർആൻ:2/102)
ഇത് അല്ലാഹുവിന്റെ ദാസന് അവനിലുള്ള തവക്കുലും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. സാഹിറുകളെയോ അവരുടെ സഹായികളെയോ ഭയന്നുകൊണ്ട് ഹൃദയം അവരുടെ നേർക്ക് തിരിയാതിരിക്കാൻ ഇത് കാരണമാകുന്നു. പകരം, അവൻ തന്റെ റബ്ബിൽ വിശ്വസിക്കുകയും അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അനുവാദമില്ലാതെ തന്നെ യാതൊന്നും ഉപദ്രവിക്കില്ലെന്ന ബോധ്യത്തോടെ അവനിലുള്ള ഈമാനും തവക്കുലും വർദ്ധിപ്പിക്കുന്നു. അതിനാൽ അവൻ അല്ലാഹുവിലേക്ക് മാത്രം അഭയം തേടുന്നു, അവനിൽ മാത്രം ഭരമേൽപ്പിക്കുന്നു, അവനോട് മാത്രം സഹായം തേടുന്നു.
ഏഴ്: വിജയവും (الفلاح) ഔന്നത്യവും (العلو) സത്യവിശ്വാസികൾക്ക് മാത്രമുള്ളതാണ്. ഇതേ സന്ദർഭത്തിൽ സാഹിറുകൾ പറഞ്ഞതായി ഖുർആനിൽ വന്നിട്ടുണ്ട്:
وَقَدْ أَفْلَحَ ٱلْيَوْمَ مَنِ ٱسْتَعْلَىٰ
മേൻമ നേടിയവരാരോ അവരാണ് ഇന്ന് വിജയികളായിരിക്കുക. (ഖുർആൻ:20/64)
എന്നാൽ വിജയം സത്യവിശ്വാസികൾക്ക് മാത്രമായിരിക്കണമെന്ന് അല്ലാഹു നിശ്ചയിച്ചു. അതുകൊണ്ടാണ് ഈ സന്ദർഭത്തിൽ അല്ലാഹു ഇപ്രകാരം അരുളിച്ചെയ്തത്:
وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ
സാഹിര്‍ എവിടെച്ചെന്നാലും വിജയിക്കുകയില്ല. (ഖു൪ആന്‍:20/69)
അതുകൊണ്ടാണ് തന്റെ പ്രവാചകനായ മൂസാ عليه السلام യോട്, സാഹിറുകളുടെ വമ്പിച്ച മന്ത്രവിദ്യകൾക്ക് മുന്നിൽ തന്റെ കയ്യിലുള്ള ചെറിയ വടി എറിയാൻ കൽപ്പിച്ചതിന് ശേഷം അല്ലാഹു ഇപ്രകാരം പറഞ്ഞത്:
وَأَلْقِ مَا فِى يَمِينِكَ تَلْقَفْ مَا صَنَعُوٓا۟ ۖ إِنَّمَا صَنَعُوا۟ كَيْدُ سَٰحِرٍ ۖ وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ
നിന്റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്റെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാരന് എവിടെച്ചെന്നാലും വിജയിക്കുകയില്ല. (ഖു൪ആന്‍:20/69)
എട്ട്: “സാഹിര്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല” എന്ന് വചനത്തിലൂടെ അല്ലാഹു നൽകിയിട്ടുള്ള വിധി എല്ലാ കാലത്തുമുള്ള എല്ലാ സാഹിറുകൾക്കും ബാധകമാണ്. ഖുർആനിന്റെ ശൈലിയിൽ നിന്ന് ഇതാണ് മനസ്സിലാക്കുന്നത്. യഥാർത്ഥത്തിൽ മൂസാ عليه السلام യുമായി ഏറ്റുമുട്ടിയ ആ പ്രത്യേക സാഹിറൻമാരെ കുറിച്ചാണല്ലോ ഈ സന്ദർഭത്തിൽ പരാമർശിക്കുന്നത്; എങ്കിലും അല്ലാഹു ‘ആ സാഹിറുകൾ വിജയിക്കില്ല’ എന്നല്ല പറഞ്ഞത്, മറിച്ച് السَّاحِرُ എന്ന് പൊതുവായ അർത്ഥത്തിൽ ‘എവിടെ വന്നാലും വിജയിക്കില്ല’ എന്നാണ്. ഖുർആനിന്റെ രീതി എപ്രകാരമെന്നാൽ; ഒരു വിധി, ആ സന്ദർഭത്തിൽ പരാമർശിക്കപ്പെട്ട പ്രത്യേക വ്യക്തികൾക്ക് മാത്രം ബാധകമായ ഒന്നല്ലെങ്കിൽ, മറിച്ച് ആ സ്വഭാവമുള്ള (സിഹ്ര് പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്ന) എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണെങ്കിൽ, അല്ലാഹു ആ വിധി പ്രസ്താവിക്കുന്നത് പൊതുവായ രൂപത്തിലായിരിക്കും. ഇവിടെ الساحر എന്നതിലെ ‘അൽ’ (ال) എന്ന അക്ഷരം ആ വർഗ്ഗത്തെ മുഴുവനായി സൂചിപ്പിക്കുന്നതാണ്. അതുകൊണ്ട് ഇതിന്റെ അർത്ഥം: ഏത് കാലത്തോ ഏത് സ്ഥലത്തോ ഉള്ള ഏത് സാഹിറായാലും അവൻ ഒരിക്കലും വിജയിക്കുകയില്ല എന്നാണ്.
ഒമ്പത്: പ്രവാചകന്മാരുടെ ചരിത്രങ്ങൾ പഠിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇതിൽ നിന്നുള്ള മറ്റൊരു പാഠം. ആ ചരിത്രങ്ങൾ ഒട്ടനവധി ഗുണപാഠങ്ങളും ചിന്താവിഷയങ്ങളും ഗൗരവകരമായ പാഠങ്ങളും നിറഞ്ഞതാണ്. അവ ഈമാനിനെ ശക്തിപ്പെടുത്തുകയും, വിശ്വാസിയുടെ മനസ്സിന് സ്ഥൈര്യം നൽകുകയും, തന്റെ റബ്ബുമായുള്ള ബന്ധവും അവനിലുള്ള ഭരമേൽപ്പിക്കലും (തവക്കുൽ) ദൃഢമാക്കുകയും ചെയ്യുന്നു. വിശുദ്ധ ഖുർആനിലെ ഇത്തരം ചരിത്രങ്ങളും അവയ്ക്ക് സമാനമായ ഉദാഹരണങ്ങളും വായിക്കുന്നവർക്ക് അതിൽ വലിയ പാഠങ്ങൾ കണ്ടെത്താൻ സാധിക്കും. അല്ലാഹു പറഞ്ഞതുപോലെ:
لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لِّأُو۟لِى ٱلْأَلْبَٰبِ
തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്മാര്ക്ക് പാഠമുണ്ട്. (ഖു൪ആന്‍:12/111)
പത്ത്: ഈ വചനം അല്ലാഹുവിന്റെ മറ്റ് രണ്ട് വചനങ്ങൾക്ക് വലിയൊരു സാക്ഷ്യമാണ്:
وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ
വല്ലവനും അല്ലാഹുവില്‍ ഭരമേല്പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. (ഖു൪ആന്‍:65/3)
أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ
തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? (ഖു൪ആന്‍:39/36)
മുഫസ്സിറുകൾ രേഖപ്പെടുത്തിയതനുസരിച്ച്, ആ സന്ദർഭത്തിൽ മൂസാ നബി عليه السلام യുടെ മുന്നിൽ മുപ്പതിനായിരത്തോളം വരുന്ന – അതിൽ കൂടുകയോ കുറയുകയോ ചെയ്യാം – അതിശക്തരായ മന്ത്രവാദികളാണ് ഉണ്ടായിരുന്നത്. അവർ കൊണ്ടുവന്ന മന്ത്രവിദ്യകളും കുതന്ത്രങ്ങളും മൂസാ നബി عليه السلام ക്കെതിരെ അവർ ഒറ്റക്കെട്ടായി നിന്നതുമെല്ലാം ആ വലിയ കൂമ്പാരം പോലെ അവിടെ ഉണ്ടായിരുന്നു. എന്നാൽ അല്ലാഹു അതെല്ലാം നിഷ്ഫലമാക്കി:
فَلَمَّآ أَلْقَوْا۟ قَالَ مُوسَىٰ مَا جِئْتُم بِهِ ٱلسِّحْرُ ۖ إِنَّ ٱللَّهَ سَيُبْطِلُهُۥٓ ۖ إِنَّ ٱللَّهَ لَا يُصْلِحُ عَمَلَ ٱلْمُفْسِدِينَ
അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ പറഞ്ഞു: നിങ്ങള്‍ ഈ അവതരിപ്പിച്ചത് ജാലവിദ്യയാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചു കളയുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കിത്തീര്‍ക്കുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:10/81)
അല്ലാഹു അത് തകർത്തു കളയുകയും അവരുടെ അന്ത്യം പരാജയത്തിലും നഷ്ടത്തിലും നിരാശയിലുമായി മാറുകയും ചെയ്തു.
https://www.al-badr.net/muqolat/2595
www.kanzululoom.com