യഥാര്‍ത്ഥ വിജയം

ജനങ്ങളുടെ ചില സദസ്സുകളിൽ വിജയത്തെക്കുറിച്ചും, വിജയികളെക്കുറിച്ചും, വിജയത്തിന്റെ കാരണങ്ങളെക്കുറിച്ചും, ആരാണ് വിജയിച്ചത് എന്നതിനെക്കുറിച്ചുമൊക്കെയുള്ള ചർച്ചകൾ നടക്കാറുണ്ട്.  ആളുകളുടെ ധാരണയിൽ ‘വിജയം’ എന്നതിന്റെ അർത്ഥം നശിച്ചുപോകുന്ന സുഖസൗകര്യങ്ങളിലും താൽക്കാലികമായ കാര്യങ്ങളിലും മാത്രമായി ചുരുങ്ങിപ്പോകുന്നു. അതുകൊണ്ട്, വ്യാപാര മത്സരങ്ങളിലെ വിജയത്തെക്കുറിച്ചും, കായിക മത്സരങ്ങളിലെ വിജയത്തെക്കുറിച്ചും, അതുപോലെ ചൂതാട്ടം പോലെയുള്ള നിഷിദ്ധമായ ഇടപാടുകളിലൂടെ നേടുന്ന വിജയത്തെ കുറിച്ചുമൊക്കെയാണ് അവിടെ ചർച്ചകൾ നടക്കുന്നത്. എന്നാൽ, ലോകരക്ഷിതാവായ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള യഥാർത്ഥവും മഹത്തായതുമായ വിജയത്തെക്കുറിച്ച് പലരുടെയും മനസ്സുകൾ വിസ്മരിച്ചുകളയുന്നു. അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കുക, അവന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുക, അവന്റെ സ്വർഗ്ഗം കരസ്ഥമാക്കുക എന്നതാണ് ആ മഹത്തായ വിജയം. ഐഹിക ലോകത്തെ സുഖങ്ങളിലും ആഡംബരങ്ങളിലും ഇച്ഛകളിലും മുഴുകുന്നതിനിടയിൽ, യഥാർത്ഥ വിജയത്തിന്റെ ഈ അർത്ഥം പലരുടെയും മനസ്സുകളിൽ നിന്ന് മാഞ്ഞുപോകുന്നു.

ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ

ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍. (ഖു൪ആന്‍:29/64)

അല്ലാഹുവിനെ കണ്ടുമുട്ടുന്ന നാളിലെ ഏറ്റവും വലിയതും, മഹത്തായതും വിജയത്തെ കുറിച്ച് എപ്പോഴും ഓർമ്മിക്കുക എന്നത് ഓരോ മുസ്ലിമിനും നിർബന്ധമാണ്.

كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:3/185)

ഇതാണ് അല്ലാഹു യഥാർത്ഥവും മഹത്തായതുമായ വിജയം നൽകി അനുഗ്രഹിച്ച വിജയികളുടെയും ലാഭം കൈവരിച്ചവരുടെയും പദവി. അല്ലാഹു അവർക്ക് മഹത്തായ യഥാർത്ഥ വിജയം നൽകി അനുഗ്രഹിക്കുന്നു. ഭയാനകമായതിൽ നിന്നുള്ള രക്ഷയും, ആഗ്രഹിച്ചതിലേക്ക് എത്തിച്ചേരലുമാണ് വിജയം. സ്വർഗ്ഗാവകാശികളായ സത്യവിശ്വാസികൾക്ക് ഈ രണ്ട് കാര്യങ്ങളും ഒത്തുചേരുന്നു. അല്ലാഹു അവരെ നരകത്തിൽ നിന്ന് രക്ഷിക്കുകയും സ്വർഗ്ഗത്തിൽ പ്രവേശനം നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇതാണ് വിജയത്തിന്റെ യാഥാർത്ഥ്യം. നരകത്തേക്കാൾ ഭയാനകമായി മറ്റെന്തുണ്ട്? സ്വർഗ്ഗത്തേക്കാൾ ആഗ്രഹിക്കത്തക്കതായി മറ്റെന്തുണ്ട്?

അതുകൊണ്ട്, നാം ഓരോരുത്തരും ഈ മഹത്തായ സന്ദർഭത്തെ ഓർമ്മിക്കേണ്ടതുണ്ട്. നാമെല്ലാവരും അതിലേക്ക് എത്തിച്ചേരാനിരിക്കുന്നവരുമാണ്. അബൂസഈദില്‍ ഖുദ്’രി رضى الله عنه വിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു:

ثُمَّ يُضْرَبُ الْجِسْرُ عَلَى جَهَنَّمَ وَتَحِلُّ الشَّفَاعَةُ وَيَقُولُونَ اللَّهُمَّ سَلِّمْ سَلِّمْ ‏”‏ ‏.‏ قِيلَ يَا رَسُولَ اللَّهِ وَمَا الْجِسْرُ قَالَ ‏”‏ دَحْضٌ مَزِلَّةٌ ‏.‏ فِيهِ خَطَاطِيفُ وَكَلاَلِيبُ وَحَسَكٌ تَكُونُ بِنَجْدٍ فِيهَا شُوَيْكَةٌ يُقَالُ لَهَا السَّعْدَانُ فَيَمُرُّ الْمُؤْمِنُونَ كَطَرْفِ الْعَيْنِ وَكَالْبَرْقِ وَكَالرِّيحِ وَكَالطَّيْرِ وَكَأَجَاوِيدِ الْخَيْلِ وَالرِّكَابِ فَنَاجٍ مُسَلَّمٌ وَمَخْدُوشٌ مُرْسَلٌ وَمَكْدُوسٌ فِي نَارِ جَهَنَّمَ ‏.‏

പിന്നീട് നരകത്തിന് മുകളിൽ പാലം സ്ഥാപിക്കപ്പെടും. ശഫാഅത്ത് വന്നണയും. അവർ പ്രാർത്ഥിക്കും: രക്ഷിതാവേ, രക്ഷപ്പെടുത്തേണമേ, രക്ഷപ്പെടുത്തേണമേ. ചോദിക്കപ്പെട്ടു: അല്ലാഹുവിൻ്റെ റസൂലേ, എന്താണ് ജിസ്ർ? തിരുമേനി പറഞ്ഞു: വഴുതുന്നതും കാൽ തെന്നുന്നതുമാണ്. അതിൽ കൊളുത്തുകളും തോട്ടികളും ഇരിമ്പിൻ്റെ മുള്ളുകളുള്ള ഹസകുമുണ്ട്. ഹസക് നജ്‌ദിലുള്ള സഅ്ദാൻ എന്ന് പറയപ്പെടുന്ന ഒരുതരം മുൾ ചെടിയാണ്. അതിലൂടെ മുഅ്‌മിനീങ്ങൾ കണ്ണിമ വെട്ടുന്നതുപോലെയും മിന്നൽപിണർ, കാറ്റ്, പറവകൾ, മുന്തിയതരം കുതിരകൾ, രികാബ് (വാഹനം) എന്നിവ പോലെയും കടന്നുപോകും. അങ്ങിനെ സുരക്ഷിതാനായി രക്ഷപ്പെടുന്നവനുണ്ട്. കൊളുത്തി വലിക്കപ്പെടുകയും രക്ഷപ്പെടുകയും ചെയ്യുന്നവനുണ്ട്. നരകത്തീയിൽ വലിച്ച് വീഴ്ത്തപ്പെടുന്നവനുമുണ്ട്. (മുസ്ലിം:183)

തീർച്ചയായും നാം എത്തിച്ചേരാനിരിക്കുന്ന ഈ മഹത്തായ സന്ദർഭത്തെക്കുറിച്ച് ചിന്തിക്കുക. നരകത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ആ പാലത്തിൽ (സ്വിറാത്ത്) ജനങ്ങൾ മൂന്ന് വിഭാഗങ്ങളാണെന്ന് അല്ലാഹുവിന്റെ റസൂൽ ﷺ വ്യക്തമാക്കിയതാണ്. ആ മൂന്ന് വിഭാഗങ്ങളെക്കുറിച്ചും, നരകത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ആ പാലത്തിലൂടെയുള്ള ജനങ്ങളുടെ കടന്നുപോക്കിനെക്കുറിച്ചും ചിന്തിക്കുക. മുടിയേക്കാൾ നേർത്തതാണെന്ന് ചില ഹദീസുകളിൽ വന്നിട്ടുള്ള ആ പാലത്തിൽ, നാം നിൽക്കുന്നതായി സങ്കൽപ്പിക്കുക. നമുക്ക് മുന്നിലും പിന്നിലുമായി ജനങ്ങൾ ഉണ്ട്. അവരിൽ ചിലർ രക്ഷപ്പെട്ട് സുരക്ഷിതരാകുന്നു, ചിലർ മുറിവേറ്റവരാണെങ്കിലും കടന്നുപോകുന്നു, മറ്റു ചിലർ നരകത്തിലേക്ക് തള്ളിയിടപ്പെടുന്നു. ആ പാലത്തിലൂടെയുള്ള അവരുടെ വേഗത, ഈ ജീവിതത്തിൽ അല്ലാഹുവിനെ അനുസരിക്കുന്നതിലുള്ള അവരുടെ വ്യത്യാസമനുസരിച്ച് മാറിയിരിക്കുന്നു – ചിലർ മിന്നൽ പോലെയും, കാറ്റ് പോലെയും, അതിവേഗമുള്ള കുതിരകളെപ്പോലെയുമൊക്കെ കടന്നുപോകുന്നു. അതിനാൽ, നാമും അവരിൽ ഒരാളായി ആ സ്ഥാനത്ത് നിൽക്കുമ്പോൾ നമ്മുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കുക.

وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا ‎﴿٧١﴾‏ ثُمَّ نُنَجِّى ٱلَّذِينَ ٱتَّقَوا۟ وَّنَذَرُ ٱلظَّٰلِمِينَ فِيهَا جِثِيًّا ‎﴿٧٢﴾

അതിനടുത്ത് (നരകത്തിനടുത്ത്‌) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്‍റെ രക്ഷിതാവിന്‍റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്‌. പിന്നീട് ധര്‍മ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട് നാം അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്‌. (ഖു൪ആന്‍:19/71-72)

ആ വിജയികളുടെ ഗുണവിശേഷങ്ങൾ എന്തെല്ലാമാണ്? ഈ മഹത്തായ വിജയം അവർക്ക് നേടിക്കൊടുത്ത പ്രവർത്തനങ്ങൾ എന്തൊക്കെയാണ്? വിശുദ്ധ ഖുർആനിൽ  അതിനുള്ള മറുപടി കണ്ടെത്താം. മാത്രമല്ല, വിജയത്തിന്റെയും നേട്ടത്തിന്റെയും കാരണങ്ങളെല്ലാം ക്രോഡീകരിച്ചുകൊണ്ട് ഖുർആനിലെ ഒരൊറ്റ വചനത്തിൽ തന്നെ  ആ ഉത്തരം ലഭിക്കുന്നതാണ്.

وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخْشَ ٱللَّهَ وَيَتَّقْهِ فَأُو۟لَٰٓئِكَ هُمُ ٱلْفَآئِزُونَ

അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയം നേടിയവര്‍. (ഖു൪ആന്‍ :24/52)

അവ നാല് ഗുണവിശേഷങ്ങളാണ്; ഒരു ദാസനിൽ ഇവ ഒത്തുചേർന്നാൽ അവൻ വിജയികളിൽ ഉൾപ്പെട്ടവനായിത്തീരും:

1.അല്ലാഹുവിനെ അനുസരിക്കുക.

2.അല്ലാഹുവിന്റെ റസൂൽ ﷺയെ അനുസരിക്കുക.

3.അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ മുന്നിൽ നിൽക്കേണ്ടി വരുമെന്ന ബോധ്യമുണ്ടായിരിക്കുകയും ചെയ്യുക.

4.പാപങ്ങളിൽ നിന്നും തിന്മകളിൽ നിന്നും വിട്ടുനിന്നുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുക.

ആരെങ്കിലും ഇപ്രകാരമുള്ള ഗുണവിശേഷങ്ങൾ ഉള്ളവരും ഈ അവസ്ഥയിലുള്ളവരുമാണെങ്കിൽ, അവർ തീർച്ചയായും വിജയികളിൽ ഉൾപ്പെട്ടവരായിരിക്കും. നരകത്തിൽ നിന്നുള്ള മോചനത്തിനും അതിലെ ശിക്ഷയിൽ നിന്നുള്ള രക്ഷയ്ക്കും അതിൽ പ്രവേശിക്കാതെ സുരക്ഷിതരായ വിജയികളായ ആ വിശ്വാസികളുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുക. അവർക്ക് എന്താണുള്ളത്? ഈ വിജയികൾക്കായി അല്ലാഹു എന്താണ് ഒരുക്കിവെച്ചിട്ടുള്ളത്?”

إِنَّ لِلْمُتَّقِينَ مَفَازًا ‎﴿٣١﴾‏ حَدَآئِقَ وَأَعْنَٰبًا ‎﴿٣٢﴾‏ وَكَوَاعِبَ أَتْرَابًا ‎﴿٣٣﴾‏ وَكَأْسًا دِهَاقًا ‎﴿٣٤﴾‏ لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا ‎﴿٣٥﴾‏ جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا ‎﴿٣٦﴾

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്‌. അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും, തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും. നിറഞ്ഞ പാനപാത്രങ്ങളും. അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല. (അത്‌) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു. (ഖുർആൻ:78/31-36)

എത്ര മഹത്തായ അവസ്ഥയാണത്! എത്ര ഉത്തമമായ പര്യവസാനമാണത്! അല്ലാഹു അവരെ നരകത്തിൽ നിന്ന് മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്തു. അവർ സിറാത്ത് (പാലം) കടന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്തു; ശാശ്വതമായ ഈ അനുഗ്രഹം അവർ കരസ്ഥമാക്കി. ആകയാൽ ഈ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കുക. സ്വർഗ്ഗാവകാശികൾ സ്വർഗ്ഗത്തിന്റെ കവാടത്തിലൂടെ പ്രവേശിക്കുന്നത് ഏറ്റവും വലിയ വിജയവുമായാണ്, ഏറ്റവും വലിയ നേട്ടം കൈവരിച്ചുകൊണ്ട്.

يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ‎

സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും, അവരുടെ പ്രകാശം അവരുടെ മുന്‍ഭാഗങ്ങളിലൂടെയും വലതുഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന നിലയില്‍ നീ കാണുന്ന ദിവസം! (അന്നവരോട് പറയപ്പെടും:) ഇന്നു നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത ചില സ്വര്‍ഗത്തോപ്പുകളെ പറ്റിയാകുന്നു. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കും. നിങ്ങള്‍ അതില്‍ നിത്യവാസികളായിരിക്കും. അത് മഹത്തായ വിജയം തന്നെയാണ്‌. (ഖുർആൻ:57/12)

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം. (ഖു൪ആന്‍:85/11)

ഇതിനേക്കാൾ വലിയൊരു വിജയം തേടാനുണ്ടോ? എന്തെന്നാൽ, ഇത് ലക്ഷ്യങ്ങളുടെ ലക്ഷ്യവും അന്ത്യങ്ങളുടെ അന്ത്യവുമാണ്; ഭൂമിയുടെയും ആകാശങ്ങളുടെയും രക്ഷിതാവിന്റെ തൃപ്തി അവർ നേടിയെടുക്കുന്നു. അവനുമായുള്ള സാമീപ്യത്തിലും, അവനോട് രഹസ്യ സംഭാഷണത്തിന്റെ ആസ്വാദനത്തിലും അവർ സന്തോഷിക്കുന്നു. അവന്റെ ഉദാത്തമായ മുഖത്തേക്ക് നോക്കിക്കൊണ്ട് അവർ അനുഗ്രഹം അനുഭവിക്കുന്നു; അതാണ് ഏറ്റവും വലിയ അനുഗ്രഹവും ഏറ്റവും പൂർണ്ണമായ ആസ്വാദനവും. ഈ വ്യക്തമായ വിജയത്തിൽ നിന്ന് നമ്മെ ഇവിടുത്തെ സുഖഭോഗങ്ങൾ ശ്രദ്ധതിരിക്കാതിരിക്കട്ടെ. ഈ ഉന്നതമായ അവസ്ഥയെക്കുറിച്ച് തന്റെ എല്ലാ ദിവസങ്ങളിലും ഓർമ്മിച്ചുകൊണ്ടിരിക്കുക എന്നത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്.

إِنَّ هَٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ ‎﴿٦٠﴾‏ لِمِثْلِ هَٰذَا فَلْيَعْمَلِ ٱلْعَٰمِلُونَ ‎﴿٦١﴾

തീര്‍ച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം. ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്‌. (ഖു൪ആന്‍:37/60-61)

ഈ ആയത്ത് വിശദീകരിച്ച് ശൈഖ് നാസ്വി൪ അസ്സഅ്ദി رحمه الله പറഞ്ഞു:

فَهُوَ أَحَقُّ مَا أُنْفِقَتْ فِيهِ نَفَائِسُ الْأَنْفَاسِ وَأَوْلَى مَا شَمَّرَ إِلَيْهِ الْعَارِفُونَ الْأَكْيَاسَ، وَالْحَسْرَةُ كُلُّ الْحَسْرَةِ، أَنْ يَمْضِيَ عَلَى الْحَازِمِ وَقْتٌ مِنْ أَوْقَاتِهِ، وَهُوَ غَيْرُ مُشْتَغِلٍ بِالْعَمَلِ الَّذِي يُقَرِّبُ لِهَذِهِ الدَّارِ، فَكَيْفَ إِذَا كَانَ يَسِيرُ بِخَطَايَاهُ إِلَى دَارِ الْبَوَارِ؟

ചെലവഴിക്കുന്നവരുടെ ഏറ്റവും മൂല്യവത്തായ കാര്യങ്ങൾ ചെലവഴിക്കാൻ ഏറ്റവും അർഹതപ്പെട്ടത് അതാകുന്നു. ബുദ്ധിയുള്ളവരും അറിവുള്ളവരും ധൃതിയിൽ പ്രവർത്തിക്കാൻ അനുയോജ്യമായിട്ടുള്ളതും അതാകുന്നു. അത് നഷ്ടപ്പെടുത്തുക എന്നത് വലിയ നഷ്ടമാകുന്നു. മറ്റുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകാതെ ഈ ഭവനത്തിലേക്ക് അടുപ്പിക്കുന്നതായ കാര്യങ്ങളെകൊണ്ട് ഒരുവന്റെ സമയത്തിൽ നിന്ന് ഉറപ്പോടെ കഴിച്ചുകൂട്ടേണ്ടത് അതിനാണ്. അപ്പോൾ അവൻ തന്റെ പാപങ്ങളുമായി നാശത്തിന്റെ വാസസ്ഥലത്തേക്ക് സഞ്ചരിച്ചാലോ? (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *