മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ നിയമങ്ങളും ധാർമ്മിക മൂല്യങ്ങളും നൽകിയിട്ടുള്ള സമ്പൂർണ്ണമായ ഒരു ജീവിതവ്യവസ്ഥയാണ് ഇസ്ലാം. വ്യക്തിയുടെ ആരാധനാജീവിതം മുതൽ റോഡിലെ പെരുമാറ്റച്ചട്ടങ്ങൾ വരെ അതിൽ ഉൾക്കൊണ്ടിരിക്കുന്നു. ആധുനിക കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത സംവിധാനത്തിന്റെ ഭാഗമായ ഡ്രൈവിംഗിലും റോഡ് ഉപയോഗത്തിലും ഇസ്ലാം കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ ഒന്നാണ് (*).
(*)ഇസ്ലാമിൽ മനുഷ്യന്റെ അടിസ്ഥാന താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ചില ലക്ഷ്യങ്ങളുണ്ട്. ഇവ മനുഷ്യന്റെ ഐഹികവും പാരത്രികവുമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ജീവന്റെ സംരക്ഷണം (حفظ النفس), ബുദ്ധിയുടെ സംരക്ഷണം (حفظ العقل), വംശത്തിന്റെ സംരക്ഷണം (حفظ النسل), സ്വത്തിന്റെ സംരക്ഷണം (حفظ المال), മതത്തിന്റെ സംരക്ഷണം (حفظ الدين) എന്നിവയാണവ.
പഴയ കാലത്ത് ജനങ്ങൾ ഒട്ടകം, കുതിര, കോവർകഴുത, കഴുത തുടങ്ങിയ പഴയകാല വാഹനങ്ങളിലാണ് യാത്ര ചെയ്തിരുന്നത്. പിന്നീട് അല്ലാഹു കാറുകൾ തുടങ്ങിയ ആധുനിക വാഹനങ്ങൾ അവര്‍ക്ക് അനുഗ്രഹമായി നൽകി. അതോടെ റോഡിലെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും റോഡിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്ന ഭരണപരമായ നിയമങ്ങൾ രൂപീകരിക്കേണ്ടതും അത്യന്താപേക്ഷിതമായി തീർന്നു. അങ്ങനെ ഭരണകൂടം റോഡുകൾ ടാറിട്ട് നന്നാക്കുകയും ആധുനിക വാഹനങ്ങളുടെ ഗതാഗത നിയമങ്ങളും ഡ്രൈവിംഗ് ചട്ടങ്ങളും നിർമ്മിക്കുകയും, ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷയോട് അലംഭാവം കാണിക്കുന്നവർക്കുള്ള ശിക്ഷാവിധികൾ നടപ്പിലാക്കുകയും ചെയ്തു. ഇവയൊക്കെ ജീവിക്കാനുള്ള അവകാശവും സ്വത്തവകാശവും സംരക്ഷിക്കുക എന്ന ഇസ്ലാമിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് സാക്ഷാത്കരിക്കുക തന്നെയാണ് അവ ചെയ്യുന്നത്.
റോഡിന്റെ അവകാശങ്ങളും പൊതുസുരക്ഷയും
ഇസ്ലാമിക ശരീഅത്ത് റോഡിന് കൃത്യമായ അവകാശങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. റോഡ് എന്നത് പൊതുജനങ്ങൾക്കെല്ലാം ഒരുപോലെ അവകാശപ്പെട്ടതും പ്രയോജനപ്പെടുന്നതുമായ ഇടമാണ്. അവർ അതിലൂടെ തങ്ങളുടെ ആവശ്യങ്ങളിലേക്ക് പോകുകയും തിരിച്ച് വീടുകളിലേക്ക് മടങ്ങുകയും ചെയ്യുന്നു. നബി ﷺ വഴിയോരങ്ങളിൽ ഇരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിപ്പിച്ച പ്രശസ്തമായ ഹദീസിൽ റോഡിന്റെ അവകാശങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അവ ഇതാണ്:
غَضُّ الْبَصَرِ، وَكَفُّ الأَذَى، وَرَدُّ السَّلاَمِ، وَأَمْرٌ بِالْمَعْرُوفِ، وَنَهْىٌ عَنِ الْمُنْكَرِ.
കണ്ണിനെ നിയന്ത്രിക്കുക; ഉപദ്രവങ്ങൾ തടയുക; വല്ലവനും സലാം പറഞ്ഞാൽ സലാം മടക്കുക; നന്മ ഉപദേശിക്കുക; തിന്മ വിരോധിക്കുക. (ബുഖാരി:2465)
ഈ ഹദീസിലെ ‘ഉപദ്രവങ്ങൾ തടയുക’ എന്ന അടിസ്ഥാനം ഗതാഗത നിയമങ്ങളുമായി ബന്ധമുണ്ട്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റോഡിൽ ഇടപെടുന്നത് ഒഴിവാക്കണം. ഇക്കാര്യങ്ങളൊക്കെ റോഡിൽ ഇരിക്കുന്നവനായാലും നടന്നുപോകുന്നവനായാലും വാഹനമോടിക്കുന്നവനായാലും ബാധകമാണ്.
ഗതാഗത നിയമങ്ങൾ പാലിക്കുക
ഇന്നത്തെ കാലത്തെ റോഡപകടങ്ങൾ വലിയ തോതിൽ ജീവനുകളും സ്വത്തുക്കളും അപഹരിച്ചുകൊണ്ടിരിക്കുന്നു. ഇത് തടയാൻ ഗതാഗത നിയമങ്ങളും റോഡ് സിഗ്നലുകളും കർശനമായി പാലിക്കേണ്ടതുണ്ട്. ഏത് രാജ്യത്തെയായലും റോഡ് നിയമങ്ങൾ കേവലം മനുഷ്യനിർമ്മിതമായ ചട്ടങ്ങൾ മാത്രമായി കാണരുത്; മറിച്ച് അത് ജീവൻ സംരക്ഷിക്കുക എന്ന ഇസ്ലാമിക ലക്ഷ്യത്തിന്റെ ഭാഗമാണ്. ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമല്ലാത്ത ഇത്തരം നിയമങ്ങൾ അനുസരിക്കൽ നമ്മുടെ ബാധ്യതയാണ്. ഇസ്ലാമിക രാജ്യത്താണെങ്കിൽ ഈ അനുസരണം ഈ ആയത്തിന്റെ പരിധിയിൽ പെടുന്നതുമാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. (ഖുർആൻ:4/59)
റോഡ് സിഗ്നൽ പോലുള്ള ഗതാഗത നിയമങ്ങൾ പാലിക്കുക, അവ ലംഘിക്കാതിരിക്കുക. റോഡ് വിജനമാണെങ്കിൽ പോലും ഇത് പാലിക്കണം; അൽപ്പം ക്ഷമ നിങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും, എന്നാൽ പെട്ടെന്നുള്ള ഒരു തിടുക്കം മരണത്തിലേക്കും പരിക്കുകളിലേക്കും നിങ്ങളെ വേഗത്തിൽ എത്തിച്ചേക്കാം.
വാഹനത്തിൽ കയറുമ്പോൾ
നൂഹ് നബി عليه السلام യുടെ ജനത അദ്ദേഹത്തെ കളവാക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ഘോരമായ പ്രളയത്തിലൂടെ നശിപ്പിക്കുവാനും നൂഹ് നബി عليه السلام യെയും വിശ്വാസികളെയും രക്ഷപ്പെടുത്തുവാനും തീരുമാനിച്ചു. നൂഹ് നബി عليه السلام യും വിശ്വാസികളും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷനേടുവാനായി അല്ലാഹുവിന്റെ കല്പന പ്രകാരം ഉണ്ടാക്കിയ കപ്പലില്‍ കയറി. ഈ യാത്രയെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക:
وَقَالَ ٱرْكَبُوا۟ فِيهَا بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآ ۚ إِنَّ رَبِّى لَغَفُورٌ رَّحِيمٌ
അദ്ദേഹം (അവരോട്) പറഞ്ഞു: നിങ്ങളതില്‍ കയറിക്കൊള്ളുക. അതിന്റെ ഓട്ടവും നിര്‍ത്തവും അല്ലാഹുവിന്റെ പേരിലാകുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. (ഖു൪ആന്‍ :11/41)
അല്ലാഹുവിന്റെ നാമത്തിലും അവനില്‍ ഭരമേല്‍പിച്ചുമാണ് യാത്രക്കായി നാം വാഹനത്തില്‍ കയറേണ്ടത്. بِسْمِ ٱللَّهِ എന്ന് പറഞ്ഞുകൊണ്ട് വാഹനത്തിൽ കയറുക.
ശേേഷമുള്ള പ്രാർത്ഥന നിര്‍വ്വഹിക്കുക:
عَنْ عَلِيِّ بْنِ رَبِيعَةَ، قَالَ شَهِدْتُ عَلِيًّا – رضى الله عنه – وَأُتِيَ بِدَابَّةٍ لِيَرْكَبَهَا فَلَمَّا وَضَعَ رِجْلَهُ فِي الرِّكَابِ قَالَ بِسْمِ اللَّهِ فَلَمَّا اسْتَوَى عَلَى ظَهْرِهَا قَالَ الْحَمْدُ لِلَّهِ ثُمَّ قَالَ { سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ * وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ } ثُمَّ قَالَ الْحَمْدُ لِلَّهِ . ثَلاَثَ مَرَّاتٍ . ثُمَّ قَالَ اللَّهُ أَكْبَرُ . ثَلاَثَ مَرَّاتٍ ثُمَّ قَالَ {سُبْحَانَكَ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ} . ثُمَّ ضَحِكَ فَقِيلَ يَا أَمِيرَ الْمُؤْمِنِينَ مِنْ أَىِّ شَىْءٍ ضَحِكْتَ قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم فَعَلَ كَمَا فَعَلْتُ ثُمَّ ضَحِكَ فَقُلْتُ يَا رَسُولَ اللَّهِ مِنْ أَىِّ شَىْءٍ ضَحِكْتَ قَالَ ” إِنَّ رَبَّكَ يَعْجَبُ مِنْ عَبْدِهِ إِذَا قَالَ اغْفِرْ لِي ذُنُوبِي يَعْلَمُ أَنَّهُ لاَ يَغْفِرُ الذُّنُوبَ غَيْرِي ” .
അലിയ്യ് ഇബ്നു റബീഅഃ رَضِيَ اللهُ عَنْهُ യിൽ നിന്ന് നിവേദനം. ഞാൻ അലിയ്യ് رَضِيَ اللهُ عَنْهُ വിന്റെ അടുക്കൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തിനു സഞ്ചരിക്കുവാൻ ഒരു വാഹനം കൊണ്ടുവരപ്പെട്ടു. അപ്പോൾ അദ്ദേഹം തന്റെ കാൽ കാലണിയിൽ വെച്ചപ്പോൾ {بِسْمِ اللَّهِ} എന്നു പറഞ്ഞു. വാഹനത്തിൽ കയറിയപ്പോൾ,{الْحَمْدُ لِلَّهِ} എന്നു പറഞ്ഞു. ശേഷം ഇപ്രകാരം ചൊല്ലി:
{سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ – وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ}
ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്. അത് പ്രയോജന പ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു.
ശേഷം മൂന്ന് തവണ {الْحَمْدُ لِلَّهِ} എന്നു പറഞ്ഞു. പിന്നെ മൂന്ന് തവണ {اللَّهُ أَكْبَرُ } എന്നു പറഞ്ഞു. ശേഷം ഇപ്രകാരം ചൊല്ലി:
{سُبْحَانَكَ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ}
അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധനാണ് നിശ്ചയം, ഞാന്‍ എന്നോട് തന്നെ അക്രമം (പാപം) ചെയ്തിരിക്കുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്ത് തരേണമേ. നീയല്ലാതെ പാപങ്ങള്‍ ഏറ്റവും കൂടുതല്‍ പൊറുക്കുകയില്ല. (സുനനു അബൂദാവൂദ് :2602 – തി൪മുദി :3446 – സ്വഹീഹ് അല്‍ബാനി)
അല്ലാഹുവിന്റെ അനുഗ്രഹം തിരിച്ചറിയുക
عَنِ سعد بن أبي وقاص، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أربعٌ من السعادةِ : المرأةُ الصالحةُ ، والمسكنُ الواسعُ ، والجارُ الصالحُ ، والمركبُ الهنيءُ .
സഅ്ദ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങൾ സൗഭാഗ്യമാണ്. സ്വാലിഹത്തായ ഭാര്യ, വിശാലമായ പാർപ്പിടം, നല്ല അയൽവാസി, സുഖകരമായ വാഹനം. (ഹാകിം – സ്വഹീഹ് അൽബാനി)
وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَٰمِ مَا تَرْكَبُونَ ﴿١٢﴾ لِتَسْتَوُۥا۟ عَلَىٰ ظُهُورِهِۦ ثُمَّ تَذْكُرُوا۟ نِعْمَةَ رَبِّكُمْ إِذَا ٱسْتَوَيْتُمْ عَلَيْهِ وَتَقُولُوا۟ سُبْحَٰنَ ٱلَّذِى سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ ﴿١٣﴾ وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ ﴿١٤﴾
എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്തവന്. അവയുടെ പുറത്ത് നിങ്ങള്‍ ഇരിപ്പുറപ്പിക്കാനും എന്നിട്ട് നിങ്ങള്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുവാനും, നിങ്ങള്‍ ഇപ്രകാരം പറയുവാനും വേണ്ടി: ഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു. (ഖുര്‍ആൻ:43/12-14)
{ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ} بِالِاعْتِرَافِ بِالنِّعْمَةِ لِمَنْ سَخَّرَهَا، وَالثَّنَاءِ عَلَيْهِ تَعَالَى بِذَلِكَ،
{എന്നിട്ട് നിങ്ങൾ അവിടെ ഇരിപ്പുറപ്പിച്ച് കഴിയുമ്പോൾ നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങൾ ഓർമിക്കുവാനും} നിങ്ങൾക്കതിനെ കീഴ്പ്പെടുത്തിത്തന്നവന്റെ അനുഗ്രഹങ്ങൾ അംഗീകരിക്കുവാനും അതിന്റെ പേരിൽ അവനെ പുകഴ്ത്തുവാനും. (തഫ്സീറുസ്സഅ്ദി)
വാഹനപ്പുറത്തു കയറിയിരുന്നു ശരിപ്പെടുമ്പോള്‍ – വാഹനം ഏതായാലും ശരി – അല്ലാഹു തങ്ങള്‍ക്കുചെയ്തു തന്ന അനുഗ്രഹമാണ് അതെന്നും, അവന്റെ സഹായമില്ലെങ്കില് അതിനെ തങ്ങളുടെ ഹിതംപോലെ ഉപയോഗപ്പെടുത്തുമാറാക്കുവാന്‍ സാധിക്കുമായിരുന്നില്ലെന്നും ഓര്‍മ്മിക്കേണ്ടതുണ്ട്. നാവുകൊണ്ട് അതു സമ്മതിച്ചു പറയുകയും അതിനു നന്ദികാണിക്കുകയും വേണം. പറയേണ്ടുന്ന വാചകം അല്ലാഹുതന്നെ നമ്മുക്കു പഠിപ്പിച്ചുതരുന്നു. (അമാനി തഫ്സീര്‍)
ഡ്രൈവിംഗിലുള്ള കഴിവുകളിൽ അമിത വിശ്വാസം ഒഴിവാക്കുക
عن سليمان بن يسار « أنَّ أقوامًا ، كانوا في سفر ، فلما ارتحلوا قالوا :{سُبْحانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ . وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَ}. قال : ومن القوم رجلٌ له ناقةٌ رازم ، فقال : أما أنا فقد أمسيت لهذه مقرنا ، قال : فمضت به ، فدقت عنقه »
സുലൈമാൻ ബ്നു യസാർ رحمه الله പറഞ്ഞു: ചില ആളുകൾ ഒരു യാത്രയിലായിരുന്നു. അവർ (വാഹനപ്പുറത്ത്) കയറിയപ്പോൾ ഇപ്രകാരം പറഞ്ഞു: {ഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു}[സൂറത്തുസ്സുഖ്റുഫ്: 13-14]. ആ കൂട്ടത്തിൽ, മെലിഞ്ഞു ദുർബലമായ ഒരു ഒട്ടകമുണ്ടായിരുന്ന ഒരാളുണ്ടായിരുന്നു. അവൻ പറഞ്ഞു: ‘ഞാനാണെങ്കിൽ, ഇതിനെ ഒതുക്കാൻ കഴിവുള്ളവനായിത്തന്നെയാണ് വൈകുന്നേരമായത്.’ (അത് പറഞ്ഞതും) ആ ഒട്ടകം അവനെയും കൊണ്ട് കുതിച്ചുപാഞ്ഞു. അത് അവന്റെ കഴുത്തൊടിച്ചു. (അൽ-ഉഖൂബാത് – ഇബ്നു അബിദ്ദുൻയാ (316)
ഇത് വിശദീകരിച്ച് ശൈഖ് അബ്ദുറസാഖ് അൽബദർ حَفِظَهُ اللَّهُ പറയുന്നു:
كثيرٌ من الشباب أصلحهم الله وهداهم يعتمد على مهارته في قيادة السيارة ويرى أنه مطيقٌ لضبطها ثم ينطلق بها مغرورًا متهورًا فيلقى حتفه. فيا أيها الشاب سم الله إذا أردت الركوب واحمده إذا استويت على المقعد ثم قل: {سُبْحانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ . وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَ}، واحذر الغرور والتهور.
ധാരാളം യുവാക്കൾ – അല്ലാഹു അവരെ നന്നാക്കുകയും നേർവഴിയിലാക്കുകയും ചെയ്യട്ടെ – തങ്ങളുടെ ഡ്രൈവിംഗിലുള്ള കഴിവുകളിൽ അമിതമായി വിശ്വസിക്കുകയും, അതിനെ നിയന്ത്രിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ധരിക്കുകയും ചെയ്യുന്നു. എന്നിട്ട് അവർ അഹങ്കാരത്തോടും അശ്രദ്ധയോടും കൂടെ വാഹനവുമായി കുതിച്ചുപാഞ്ഞ് മരണത്തിലേക്ക് ചെന്നുചാടുകയും ചെയ്യുന്നു.
ഹേ യുവാവേ! നീ വാഹനം കയറാൻ ഉദ്ദേശിക്കുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക (ബിസ്മി ചൊല്ലുക); നീ ഇരിപ്പിടത്തിൽ സമാധാനമായി ഇരുന്നുകഴിഞ്ഞാൽ അവനെ സ്തുതിക്കുകയും ചെയ്യുക (അൽഹംദുലില്ലാഹ് എന്ന് പറയുക). ശേഷം ഇങ്ങനെ പ്രാർത്ഥിക്കുക:
{سُبْحانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ – وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَ}
അഹങ്കാരത്തെയും അശ്രദ്ധമായ പാച്ചിലിനെയും നീ സൂക്ഷിക്കുക! [https://al-badr.net/muqolat/4270]
വാഹനം ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുക
ഡ്രൈവിംഗിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക; മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, പാട്ടുകളും മറ്റും കൈൾക്കൽ, ഡ്രൈവറും യാത്രികനും തമ്മിലുള്ള അമിതമായ സംസാരം ഉദാഹരണങ്ങളാണ്.
ഒരേ സമയം രണ്ട് കാര്യങ്ങളിൽ പൂർണ്ണമായി മനസ്സ് നൽകാൻ മനുഷ്യന് സാധിക്കില്ല. അല്ലാഹു പറയുന്നു:
مَّا جَعَلَ ٱللَّهُ لِرَجُلٍ مِّن قَلْبَيْنِ فِى جَوْفِهِۦ ۚ
യാതൊരു മനുഷ്യന്നും അവന്റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. (ഖു൪ആന്‍:33/4)
അപ്പോള്‍, ഒരേ കാര്യത്തില്‍ വ്യത്യസ്തമായ രണ്ടഭിപ്രായങ്ങളോ, രണ്ടു ആശയഗതികളോ, രണ്ടുതരം സമീപനമോ ഒരേ സമയത്ത് ഒരാള്‍ക്ക് ഉണ്ടായിക്കൂടാത്തതാണ്. അതുപോലെത്തന്നെ, ഒരേ വേളയില്‍ വ്യത്യസ്തങ്ങളായ രണ്ടു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും മനുഷ്യനു സാദ്ധ്യമല്ലെന്നു വ്യക്തമാണ്. (അമാനി തഫ്സീര്‍)
ഉറക്കച്ചടവുള്ളപ്പോഴോ രാത്രി ഏറെ വൈകിയുള്ള ഉറക്കമിളച്ചുള്ള യാത്രയിലോ വാഹനമോടിക്കുന്നത് ഒഴിവാക്കുക.
സ്വയം അപകടത്തിൽ പെടലും മറ്റുള്ളവരെ അപകടത്തിലാക്കലും
ഇസ്ലാം മനുഷ്യജീവിതത്തിന് നൽകുന്ന വില വളരെ വലുതാണ്. സ്വന്തം ജീവൻ സ്വയം ഇല്ലാതാക്കുന്നത് ഇസ്ലാമിൽ വൻപാപമാണ്. അശ്രദ്ധമായ ഡ്രൈവിംഗിലൂടെയോ അതിവേഗതയിലോ വാഹനം ഓടിച്ച് സ്വന്തം ജീവൻ അപകടത്തിലാക്കുന്നത് ഗൗരവകരമായ കാര്യമാണ്. അല്ലാഹു പറയുന്നു:
وَلَا تَقْتُلُوٓا۟ أَنفُسَكُمْ ۚ
നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. (ഖു൪ആന്‍:4/29)
മറ്റുള്ളവരെ അപകടത്തിലാക്കലും ഇസ്ലാമിൽ പാടില്ലാത്തതാണ്.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ ضَرَرَ وَلاَ ضِرَارَ.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാൻ ആരെയും ഉപദ്രവിക്കാനില്ല, എന്നെ ആരും ഉപദ്രവിക്കുവാനും പാടില്ല. (ഇബ്നുമാജ 2341: സ്വഹീഹ് അൽബാനി)
ഉദ്ദേശപൂർവ്വം ഉപദ്രവിക്കില്ല, അബദ്ധത്തിലും ഉപദ്രവിക്കലില്ല എന്നും ഇതിന് ആശയമുണ്ട്.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ ….
അബ്ദുല്ലാഹിബ്നു അംറ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരുവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും മുസ്ലിംകൾ സുരക്ഷിതരാണോ അവനാണ് (യഥാർത്ഥ) മുസ്ലിം. (ബുഖാരി:10)
ﻣَﻦ ﻗَﺘَﻞَ ﻧَﻔْﺴًۢﺎ ﺑِﻐَﻴْﺮِ ﻧَﻔْﺲٍ ﺃَﻭْ ﻓَﺴَﺎﺩٍ ﻓِﻰ ٱﻷَْﺭْﺽِ ﻓَﻜَﺄَﻧَّﻤَﺎ ﻗَﺘَﻞَ ٱﻟﻨَّﺎﺱَ ﺟَﻤِﻴﻌًﺎ
… മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു …..,… (ഖു൪ആന്‍:5/ 32)
അനുവദനീയമായ വേഗത ക്രമീകരിക്കുക.
ഈ മര്യാദയിൽ വീഴ്ച വരുത്തുന്നതാണ് വലിയൊരു പങ്ക് അപകടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമായിട്ടുള്ളത്. ഡ്രൈവിംഗിൽ നിശ്ചിത വേഗത കവിഞ്ഞുപോകുന്നത് വിനാശത്തിലേക്കും നഷ്ടത്തിലേക്കും നയിക്കും. മരണത്തിലേക്കുള്ള ഏറ്റവും എളുപ്പമുള്ള വഴികളിൽ ഒന്നാണത്;
പാര്‍ക്കിംഗ്
വാഹനം നിർത്തിയിടാൻ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുക. റോഡ് എല്ലാവർക്കുമുള്ളതാണ്. പാർക്കിംഗ് ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് “മറ്റുള്ളവർക്ക് തടസ്സമോ ബുദ്ധിമുട്ടോ ഉണ്ടാക്കരുത്” എന്ന അടിസ്ഥാന ഇസ്ലാമിക തത്വമാണ്.
عَنْ حُذَيْفَةَ بْنِ أُسَيْدٍ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَنْ آذَى الْمُسْلِمِينَ فِي طُرُقِهِمْ وَجَبَتْ عَلَيْهِ لَعَنَتُهُمْ
ഹുദൈഫ ബ്നു ഉസൈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരാണോ മുസ്ലിമീങ്ങളെ അവരുടെ വഴികളുടെ വിഷയത്തിൽ ഉപദ്രവിച്ചിരിക്കുന്നത്, അവന് അവരുടെ ശാപം ഫലിക്കുന്നതാണ്. (ത്വബ്റാനി)
ഈ ഹദീസ് വിശദീകരിച്ച് ശൈഖ് സുലൈമാൻ അർറുഹൈലി حفظه الله പറയുന്നു: എല്ലാവിധ ഉപദ്രവങ്ങളും ഇതിൽ പെടും. വഴിയിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞു കൊണ്ടോ, മലമൂത്ര വിസർജനം ചെയ്തുകൊണ്ടോ, വാഹനം വഴിതടസ്സമുണ്ടാക്കിക്കൊണ്ട് പാർക്ക് ചെയ്തുകൊണ്ടോ ഒക്കെയുള്ള ഉപദ്രവങ്ങൾ ഇതിൽ പെടും.
വാഹനത്തിൽ നിന്നും വേസ്റ്റ് വലിച്ചെറിയൽ
قَالَ رَسُولُ اللَّهِ صلى الله عليه وسلم إِمَاطَةُ الأَذَى عَنِ الطَّرِيقِ صَدَقَةٌ
നബി ﷺ പറഞ്ഞു: ……. വഴിയിലുള്ള ഉപദ്രവം നീക്കല്‍ ധര്‍മമാണ്. (അദബുല്‍ മുഫ്രദ് : 422 – സ്വഹീഹ് അല്‍ബാനി)
വഴിയിൽ കിടക്കുന്ന തടസ്സങ്ങളും അഴുക്കുകളും നീക്കം ചെയ്യുന്നത് പുണ്യപ്രവർത്തിയായിരിക്കെ, സ്വന്തം വാഹനത്തിൽ നിന്ന് വഴിയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് തിൻമയാണ്.
قال العلامة ابن عثيمين رحمه الله: وإذا كان إماطة الأذى عن الطريق صدقة فإن إلقاء الأذى في الطريق سيئة.
ശൈഖ് ഉസൈമീൻ رحمه الله പറഞ്ഞു : വഴിയിലെ തടസ്സം നീക്കൽ ധർമ്മമാണെങ്കിൽ, നിശ്ചയം വഴിയിൽ മാലിന്യം നിക്ഷേപിക്കൽ അധർമ്മവുമാണ്. (ശറഹു രിയാളിസ്സ്വാലിഹീൻ : 1/290)
www.kanzululoom.com