അല്ലാഹുവിന്റെ സ്വിഫാതുകൾ : അടിസ്ഥാന തത്വങ്ങൾ

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു:

وَمِنَ الْإِيمَانِ بِاللَّهِ:

▪️ الْإِيمَانُ بِمَا وَصَفَ بِهِ نَفْسَهُ فِي كِتَابِهِ

▪️وَبِمَا وَصَفَهُ بِهِ رَسُولُهُ صلى الله عليه وسلم

▪️مِنْ غَيْرِ تَحْرِيفٍ وَلَا تَعْطِيلٍ، وَمِنْ غَيْرِ تَكْييفٍ وَلَا تَمثيل.

അല്ലാഹുവിൽ വിശ്വസിക്കേണ്ടത് എങ്ങനെയെന്നാൽ:

▪️അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ അവനെ സംബന്ധിച്ച് എപ്രകാരം വിശേഷിച്ചിരിക്കുന്നുവോ, അത് വിശ്വസിച്ച് അംഗീകരിക്കുക.

▪️അല്ലാഹുവിന്റെ റസൂൽ ﷺ എന്തൊക്കെ അവനെ വിശേഷിച്ചിരിക്കുന്നുവോ അതെല്ലാം വിശ്വസിച്ച് അംഗീകരിക്കുക.

▪️അവ തഹ്‌രീഫും (تَحْرِيف), തഅ്‌ത്വീലും (تَعْطِيل), തക്‌യീഫും (تَكْييف), തംഥീലും (تَمثيل) കൂടാതെ വിശ്വസിച്ച് അംഗീകരിക്കുക. (അഖീദത്തുൽ വാസിത്വിയ്യ)

വിശദീകരണം

1.അല്ലാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കരുത്.

قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ

പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌. (ഖുർആൻ:7/33)

وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَٰٓئِكَ كَانَ عَنْهُ مَسْـُٔولًا

നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌. (ഖുർആൻ:17/36)

2.അല്ലാഹുവിന് വിശേഷണങ്ങളുണ്ട്.

അല്ലാഹുവിന് ധാരാളം വിശേഷണങ്ങളുണ്ട്. صِفَاتٌ ذَاتِيَّةٌ – ദാത്തിയായ സ്വിഫാത്ത് (അസ്തിത്വപരമായ വിശേഷണങ്ങൾ) അക്കൂട്ടത്തിലുണ്ട്. അല്ലാഹുവിന്റെ മുഖം, കൈകൾ, കണ്ണുകൾ എന്നിവ ഉദാഹരണം.

صِفَاتٌ فِعْلِيَّةٌ – ഫിഅ്’ലിയായ സ്വിഫാത്ത് (പ്രവൃത്തിപരമായ വിശേഷണങ്ങൾ) അല്ലാഹുവിനുണ്ട്. സൃഷ്ടിപ്പ്, നിയന്ത്രണം, സംസാരം, സിംഹാസനാരോഹണം പോലുള്ളവ ഉദാഹരണം.

3.അല്ലാഹു സ്വയം അവനെ വിശേഷിപ്പിച്ചിട്ടുണ്ട്.

4.അല്ലാഹുവിനെ വഹ്‌യിന്റെ അടിസ്ഥാനത്തിൽ നബി ﷺ  യും വിശേഷിപ്പിച്ചിട്ടുണ്ട്.

5.അല്ലാഹുവിൻറെ വിശേഷണങ്ങൾ സ്ഥാപിക്കുന്ന വിഷയത്തിലോ സ്ഥിരീകരിക്കുന്ന വിഷയത്തിലോ അതുമായി ബന്ധപ്പെട്ട കാര്യത്തിലോ ബുദ്ധിക്ക് സ്ഥാനമില്ല. ഖുർആനിലും സുന്നത്തിലും വന്നതാണ് കാര്യം.

قال الإمام أحمد رضي الله عنه: لا يوصف الله إلا بما وصف به نفسه، أو بما وصفه به رسوله صلى الله عليه وسلم، لا يتجاوز القرآن والحديث.

ഇമാം അഹ്മദ് رَحِمَهُ ٱللّٰهُ പറയുന്നു: അല്ലാഹു സ്വന്തത്തെ വിശേഷിപ്പിച്ചതുകൊണ്ട് മാത്രമേ അവനെ വിശേഷിപ്പിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അവന്റെ റസൂൽ ﷺ വിശേഷിപ്പിച്ചതുകൊണ്ട് മാത്രമേ അവനെ വിശേഷിപ്പിക്കാൻ പാടുള്ളൂ. (ഈ കാര്യത്തിൽ) ഖുർആനും സുന്നത്തും വിട്ടുകടക്കാൻ പാടുള്ളതല്ല.

6.ഖുര്‍ആനിൽ വന്ന അല്ലാഹുവിന്റെ വിശേഷങ്ങൾക്ക് ഉദാഹരണം:

പരലാകത്ത് അല്ലാഹു വിചാരണക്ക് വരുന്നതിനെ കുറിച്ച് പറയുന്നു:

‏ وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا

നിന്‍റെ റബ്ബും, അണിയണിയായി മലക്കുകളും വരുകയും, (ഖുർആൻ:89/22)

7.സുന്നത്തിൽ നിന്നും വന്ന അല്ലാഹുവിന്റെ വിശേഷങ്ങൾക്ക് ഉദാഹരണം:

നബി ﷺയുടെ വാക്ക് (قول), പ്രവൃത്തി (فعل), അംഗീകാരം (تقرير) എന്നിവയെല്ലാം സുന്നത്തിൽ പെട്ടതാണ്.

قول യായ ഉദാഹരണം:

عَنْ أَنَسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُكْثِرُ أَنْ يَقُولَ ‏”‏ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ ‏”‏ ‏.

അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഇപ്രകാരം പ്രാർത്ഥിക്കുന്നത് വര്‍ദ്ധിപ്പിക്കുമായിരുന്നു: ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ. (തിര്‍മിദി:2140)

فعل യായ ഉദാഹരണം:

നബി ﷺ യുടെ ഹജ്ജ് വിവരിക്കുന്ന ഹദീസൽ ഇപ്രകാരം കാണാം: എന്നെപ്പറ്റി അന്ത്യനാളിൽ നിങ്ങളോട് ചോദിക്കപ്പെടും. (ഇസ്‌ലാം ദീൻ മുഴുവനായി ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നിരിക്കുന്നുവോ എന്ന്) അപ്പോൾ നിങ്ങളുടെ മറുപടിയെന്തായിരിക്കും?’സ്വഹാബികൾ പറഞ്ഞു:താങ്കളുടെ ദൗത്യം താങ്കൾ പരിപൂർണമായി നിർവഹിക്കുകയും അല്ലാഹുവിന്റെ സന്ദേശം എത്തിച്ചുതരികയും ചെയ്തിരിക്കുന്നുവെന്നതായിരിക്കും ഞങ്ങൾ സാക്ഷ്യം വഹിക്കുക.

فَقَالَ بِإِصْبَعِهِ السَّبَّابَةِ يَرْفَعُهَا إِلَى السَّمَاءِ وَيَنْكُتُهَا إِلَى النَّاسِ ‏”‏ اللَّهُمَّ اشْهَدِ اللَّهُمَّ اشْهَدْ ‏”‏ ‏.‏

എന്നിട്ട് നബി ﷺ തന്റെ ചൂണ്ടുവിരൽ ആകാശത്തേക്ക് ഉയർത്തി, ജനങ്ങൾക്ക് നേരെ ചൂണ്ടി ഇപ്രകാരം പറയുകയുണ്ടായി: ‘അല്ലാഹുവേ, ഇവർ പറയുന്നതിന് നീ സാക്ഷി, നീ സാക്ഷി, നീ സാക്ഷി! (മുസ്‌ലിം 1218)

നബി ﷺയുടെ ഈ പ്രവൃത്തിയിലൂടെ അല്ലാഹു ഉപരിയിലാണെന്ന് സ്ഥിരീകരിക്കുന്നു.

تقرير യായ ഉദാഹരണം:

عن معاوية بن الحكم قال: وَكَانَتْ لِي جَارِيَةٌ تَرْعَى غَنَمًا لِي قِبَلَ أُحُدٍ وَالْجَوَّانِيَّةِ فَاطَّلَعْتُ ذَاتَ يَوْمٍ فَإِذَا الذِّيبُ قَدْ ذَهَبَ بِشَاةٍ مِنْ غَنَمِهَا وَأَنَا رَجُلٌ مِنْ بَنِي آدَمَ آسَفُ كَمَا يَأْسَفُونَ لَكِنِّي صَكَكْتُهَا صَكَّةً فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم فَعَظَّمَ ذَلِكَ عَلَىَّ قُلْتُ يَا رَسُولَ اللَّهِ أَفَلاَ أُعْتِقُهَا قَالَ ‏”‏ ائْتِنِي بِهَا ‏”‏ ‏.‏ فَأَتَيْتُهُ بِهَا فَقَالَ لَهَا ‏”‏ أَيْنَ اللَّهُ ‏”‏ ‏.‏ قَالَتْ فِي السَّمَاءِ ‏.‏ قَالَ ‏”‏ مَنْ أَنَا ‏”‏ ‏.‏ قَالَتْ أَنْتَ رَسُولُ اللَّهِ ‏.‏ قَالَ ‏”‏ أَعْتِقْهَا فَإِنَّهَا مُؤْمِنَةٌ ‏”‏ ‏.‏

മുആവിയതുബിനുൽഹകം رَضِيَ اللَّهُ عَنْهُ പറഞ്ഞു: “എനിക്ക് ജവ്വാനിയ്യ-ഉഹുദ് ഭാഗങ്ങളിൽ ആടിനെ മേച്ചു നടക്കുന്ന ഒരു അടിമപ്പെണ്ണ് ഉണ്ടായിരുന്നു. ഒരിക്കൽ ആ ആട്ടിൻ പറ്റത്തിൽ നിന്ന് ഒന്നിനെ ചെന്നായ പിടിക്കുന്നത്‌ ഞാൻ കണ്ടു. ഞാൻ ഒരു മനുഷ്യനാണ്. ജനങ്ങൾക്ക്‌ ദുഃഖകരമായ കാര്യങ്ങൾ എനിക്കും ദുഖകരമാണ്. അങ്ങനെ ഞാനവളെ നല്ലൊരു അടി അടിച്ചു. അങ്ങനെ ഞാൻ നബി ﷺ യുടെ അടുത്ത് ചെന്നു. അദ്ദേഹം അതിന്റെ ഗൌരവം എന്നെ ബോധ്യപ്പെടുത്തിയപ്പോൾ ‘അല്ലാഹുവിന്റെ റസൂലേ അവളെ ഞാൻ മോചിപ്പിക്കട്ടേ’ എന്നു ചോദിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു. ‘അവളെ ഇങ്ങോട്ട് കൊണ്ട് വരൂ’ അപ്പോൾ ഞാൻ അവളെ കൊണ്ട് വന്നു. അങ്ങിനെ നബി ﷺ അവളോട്‌ ചോദിച്ചു ‘അല്ലാഹു എവിടെയാണ്?’ അവൾ പറഞ്ഞു. ‘ ആകാശത്തിലാണ്’ അദ്ദേഹം ചോദിച്ചു.’ഞാൻ ആരാണ്? അവൾ പറഞ്ഞു.’ നിങ്ങൾ അല്ലാഹുവിന്റെ റസൂലാണ് ‘ . അദ്ദേഹം (എന്നോട്) പറഞ്ഞു. ‘അവളെ മോചിപ്പിച്ചേക്കൂ, അവൾ സത്യവിശ്വാസിനിയാണ്.” ( മുസ്ലിം:537)

അല്ലാഹു ഉപരിയിലാണെന്ന് നബിയുടെ ഈ അംഗീകാരത്തിൽ നിന്നും വ്യക്തമാകുന്നു.

8.തഹ്‌രീഫ്

പദവും ആശയവും മാറ്റുന്നതിനാണ് തഹ്‌രീഫ് എന്ന് പറയുന്നത്.

പദത്തിന് മാറ്റം വരുത്തുന്നത് അക്ഷരം മാറ്റിയോ ഉച്ചാരണം മാറ്റിയോ ആകാം. അശ്അരീ വിഭാഗക്കാരേയും മറ്റു പുത്തൻവാദികളെയും ഇതിന് ഉദാഹരണമായി എടുക്കാം. അവർ

وَكَلَّمَ ٱللَّهُ مُوسَىٰ تَكْلِيمًا

(മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു – അന്നിസാഅ്:164)

ഇവിടെ ٱللَّهُ എന്നതിലെ ഉകാരത്തെ മാറ്റി ٱللَّهَഎന്ന് അകാരമാക്കി കൊടുക്കുന്നത് പോലെ. അപ്പോൾ ‘അല്ലാഹു മൂസയോട് സംസാരിച്ചു’ എന്നത് ‘മൂസ അല്ലാഹുവിനോട് സംസാരിച്ചു’ എന്നാകും. അല്ലാഹുവിന്റെ കലാം എന്ന സ്വിഫത്തിനെ നിഷേധിക്കാൻ വേണ്ടിയാണ് അവർ അപ്രകാരം ചെയ്തത്.

അർത്ഥത്തിൽ മാറ്റം വരുത്തുന്നത്, പദത്തെ നിലനിർത്തിക്കൊണ്ടുതന്നെ തെറ്റായ അർത്ഥം സങ്കൽപ്പിക്കുന്നതാണ്. ഉദാഹരണം, അല്ലാഹുവിന്റെ കരങ്ങളെ ‘ശക്തി’ എന്നും ‘അനുഗ്രഹം’ എന്നുമൊക്കെ അർത്ഥം പറയുക.

ഇത് ജൂതൻമാരുടെ സമ്പ്രദായമാണ്.

مِّنَ ٱلَّذِينَ هَادُوا۟ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِۦ

യഹൂദരില്‍ പെട്ടവരത്രെ (അവര്‍), വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു (يُحَرِّفُونَ). (ഖുർആൻ:4/46)

അവര്‍ വാക്കുകളെ യഥാസ്ഥാനങ്ങളില്‍നിന്ന് തെറ്റിക്കുന്നു. അതായത്, വേദഗ്രന്ഥത്തിലെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. അല്ലെങ്കില്‍ അതിന്‍റെ ചില വാക്കുകള്‍ മാറ്റി തല്‍സ്ഥാനത്ത് തങ്ങളുടെ ഇച്ഛക്ക് യോജിക്കുന്ന വേറെ ചില വാക്കുകള്‍ കുത്തിച്ചെലുത്തി പൊതുജനങ്ങളെ വഞ്ചിക്കുന്നു. (അമാനി തഫ്സീര്‍)

9.തഅ്ത്വീൽ

അല്ലാഹുവിന്റെ നാമവിശേഷണങ്ങൾ ഭാഗികമായോ, പൂർണമായോ നിഷേധിക്കുന്നതിനാണ് തഅ്ത്വീൽ എന്ന് പറയുന്നത്. നിരീശ്വരവാദികളുടെ നിലപാടുകൾ ഇതിന് ഉദാഹരണമാണ്.

10.തക്‌യീഫ്

അല്ലാഹുവിന്റെ വിശേഷണങ്ങൾക്ക് രൂപം പറയലാണ് തക്‌യീഫ്.

ഉദാഹണം: അല്ലാഹുവിന്റെ കയ്യിന് രൂപസങ്കല്‍പമുണ്ടാക്കുക, അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങുന്നതും കയറുന്നതും ഇന്നിന്ന പ്രകാരമാണെന്ന് സങ്കല്‍പിക്കുക. ഇതൊക്കെ അതിന് ഉദാഹരണങ്ങളാണ്. നമുക്ക് പരിചയമുള്ള ഇറക്കമോ കയറ്റമോ അല്ലാഹുവിന് സങ്കല്‍പിച്ചുകൂടാ.

ഇമാം മാലിക് ബ്നു അനസ് رَحِمَهُ اللَّهُ യോട് ഒരാള്‍ ചോദിച്ചു: അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു:

ٱلرَّحْمَٰنُ عَلَى ٱلْعَرْشِ ٱسْتَوَىٰ

“റഹ്മാനായ (അല്ലാഹു) അര്‍ശില്‍ ഇസ്തിവാഅ് ചെയ്തിരിക്കുന്നു” എങ്ങനെയാണ് അല്ലാഹു ഇസ്തിവാഅ് ചെയ്തത്? ഇമാം മാലിക് رحمه الله പറഞ്ഞു:

الإِسْتِوَاءُ مَعْلُومٌ، وَالكَيْفُ مَجْهُولٌ، وَالإِيمَانُ بِهِ وَاجِبٌ، وَالسُّؤَالُ عَنْهُ بِدْعَةٌ

ഇസ്തിവാഅ് അറിയപ്പെട്ടതാണ്. അതിന്റെ രൂപം അജ്ഞമാണ്. അതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. അതിനെ കുറിച്ചുള്ള (ഇത്തരം) ചോദ്യം ബിദ്അത്തുമാണ്.

വേറൊരു റിപ്പോർട്ടിൽ ‘ഇസ്തിവാഅ്’ എന്നത് الاستواء غير مجهول (നമുക്ക് അറിയാത്ത കാര്യമല്ല) എന്നും കാണാം. ഇവിടെ ഇമാം മാലിക് رحمه الله പറഞ്ഞത് ഇസ്തിവാഅ് എന്നത് അറബികൾക്ക് മനസ്സിലാവുന്ന വാക്കാണ്; പക്ഷേ, അതിന്റെ രൂപമോ അതെങ്ങനെ എന്നോ നമുക്കറിയില്ല എന്നാണ്.

11.തംഥീൽ

അല്ലാഹുവിന്റെ ദാത്തിലും സ്വിഫാത്തിലും അവൻ്റെ സൃഷ്ടികളിൽ അവന് തുല്യനെ പറയലാണ് തംഥീൽ എന്ന് പറയുന്നത്.

لَيْسَ كَمِثْلِهِۦ شَىْءٌ

അവന് (അല്ലാഹുവിന്) തുല്യമായി യാതൊന്നുമില്ല. (ഖുർആൻ:42/11)

وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ

അവന് തുല്യനായി ആരും ഇല്ല. (ഖുർആൻ:112/4)

هَلْ تَعْلَمُ لَهُۥ سَمِيًّا

അവന് (അല്ലാഹുവിന്) പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ? (ഖു൪ആന്‍:19/65)

عن نعيمِ بنِ حمَّادٍ قال: من شَبَّه اللهَ بخَلْقِه فقد كَفَر،

(ഇമാം ബുഖാരിയുടെ ഉസ്താദായ) നഈം ബ്നു ഹമ്മാദ് رَحِمَهُ ٱللّٰهُ പറയുന്നു: ആരെങ്കിലും അല്ലാഹുവിനെ അവന്റെ സൃഷ്ടികളോട് സാദ്യശ്യപ്പെടുത്തിയാൽ അവൻ കാഫിറായി. [(العلو للذهبي) (ص172)]

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *