പാൽ കുടിക്കുമ്പോൾ

പാൽ ഒരു സമീഹൃത ആഹാരമാണ്. അത് പാനീയമായും ഭക്ഷണമായും  ഉപകാരപ്പെടുന്ന ഒന്നാണ്. വിവിധയിനം പോഷകങ്ങളാൽ സമ്പന്നമായ പാൽ കുടിക്കുമ്പോൾ സത്യവിശ്വാസികൾ അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതുമായ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.

وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهِۦ مِنۢ بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَآئِغًا لِّلشَّٰرِبِينَ

കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്‌. അവയുടെ ഉദരങ്ങളില്‍ നിന്ന്‌- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു. (ഖുർആൻ:16/66)

ഹൃദ്യവും രുചികരവുമായ ഒരു പാനീയവും, പോഷക പ്രധാനമായ ഒരു അഹാരവുമാണു പാല്‍. എന്നാല്‍ അതിന്റെ ഉത്ഭവസ്ഥാനമോ? കാലികള്‍ മേഞ്ഞുതിന്നുന്ന സസ്യഭക്ഷണങ്ങള്‍ അവയുടെ ദഹനേന്ദ്രിയങ്ങളില്‍ ചെന്നു ദഹിക്കുന്നതോടെ, അവ സത്തും ചണ്ടിയുമായി വേര്‍തിരിയുന്നു. സത്തില്‍നിന്നു രക്തവും പാലും ഉണ്ടാകുന്നു. ചണ്ടിയില്‍നിന്നു ചാണകവും മൂത്രവും ഉരുത്തിരിയുന്നു. രക്തത്തിന്റെയോ, ചാണക മൂത്രാദികളുടെയോ കലര്‍പ്പൊന്നും കലരാതെ, തനി ശുദ്ധമായ പാല്‍ അവക്കിടയില്‍നിന്നു അവയുടെ അകിടുകളിലൂടെ പുറത്തു വരുന്നു. അത്ഭുതകരമായ ഈ പ്രക്രിയയുടെ പിന്നില്‍ അതിവിദഗ്ധമായ ഒരു ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സല്‍ബുദ്ധിയുള്ള ഏവര്‍ക്കും മനസ്സിലാക്കാമല്ലോ. (അമാനി തഫ്സീർ – ഖുർആൻ:16/66ന്റെ വിശദീകരണത്തിൽ നിന്ന്)

പാൽ കുടിക്കുമ്പോഴുള്ള പ്രാർത്ഥന

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ …….‏ وَإِذَا سُقِيَ لَبَنًا فَلْيَقُلِ اللَّهُمَّ بَارِكْ لَنَا فِيهِ وَزِدْنَا مِنْهُ ‏.‏

നബി ﷺ പറഞ്ഞു:  ഒരാൾ പാൽ കുടിപ്പിക്കപ്പെട്ടാൽ അവൻ ഇപ്രകാരം പറയട്ടെ:

اللَّهُمَّ بَارِكْ لَنَا فِيهِ وَزِدْنَا مِنْهُ

അല്ലാഹുമ്മ ബാരിക് ലനാ ഫീഹി വ സിദ്നാ മിൻഹു

അല്ലാഹുവേ ഞങ്ങൾക്ക് ഇതിൽ ബറകത്ത് നൽകണേ, ഇതിൽ വർദ്ധനവും നൽകണേ. (അബൂദാവൂദ്:3730)

പാൽ കുടിച്ച് കഴിഞ്ഞാൽ വായ കഴുകി വൃത്തിയാക്കണം.

عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم شَرِبَ لَبَنًا، فَمَضْمَضَ وَقَالَ ‏ : إِنَّ لَهُ دَسَمًا ‏‏‏.‏

ഇബ്‌നു അബ്ബാസ് رضى الله عنهما വില്‍ നിന്നു നിവേദനം: പാൽ കുടിച്ചതിന് ശേഷം നബി ﷺ വായ കഴുകി. എന്നിട്ട് പറഞ്ഞു: ‘ഇതിന് കൊഴുപ്പുണ്ട്’. (ബുഖാരി:211)

ശൈഖ് അസീസ് ഫർഹാൻ അൽ അനിസി حَفِظَهُ اللَّهُ പറയുന്നു:പാൽ കുടിച്ച് കഴിഞ്ഞാൽ വായ കഴുകൽ സുന്നത്താണ്. പാൽ കുടിച്ചതിന് ശേഷം നബി ﷺ വായ കഴുകുകയും ‘ഇതിന് കൊഴുപ്പുണ്ട്’ എന്ന് പറയുകയും ചെയ്തിട്ടുണ്ട്. അതിനാൽ, പാലിന് കൊഴുപ്പുണ്ടെന്നും അത് കുടിച്ച് കഴിഞ്ഞാൽ വായ കഴുകൽ സുന്നത്താണെന്നും പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. എന്നാൽ, നബി ﷺ അത് ആരാധന എന്ന നിലക്കുള്ള സുന്നത്തായി ചെയ്തതാണോ, അതല്ല ഒരു സാധാരണ പതിവ് എന്ന നിലക്ക് ചെയ്തതാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. (https://youtu.be/WbpSikKzcvI)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *