ഇസ്‌ലാമിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെയും ഹിജാബിനെയും കുറിച്ചുള്ള ശരിയായ കാഴ്‌ചപ്പാട് വിശുദ്ധ ഖുർആന്റെയും പ്രവാചകചര്യയുടെയും വെളിച്ചത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. ബാഹ്യമായ ഒരു വസ്ത്രം ധരിക്കുക എന്നതിനപ്പുറം, അത് അല്ലാഹുവിനോടുള്ള സമർപ്പണത്തിന്റെയും വ്യക്തിത്വ സംരക്ഷണത്തിന്റെയും ഭാഗമാണ്.
വിശ്വാസിനികളായ സ്ത്രീകൾ തങ്ങളുടെ വസ്ത്രധാരണത്തിൽ പുലർത്തേണ്ട സൂക്ഷ്മതയെക്കുറിച്ച് അല്ലാഹു 2 ആയത്തുകളിലൂടെ വ്യക്തമാക്കുന്നുണ്ട്:
1. ജിൽബാബ് ധരിക്കാനുള്ള കൽപ്പന
يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:33/59)
ഈ വചനത്തിൽ പറയുന്ന ‘ജിൽബാബ്’ എന്നാൽ ശരീരത്തെ മുഴുവനായി മൂടുന്ന വസ്ത്രമാണ്. ഇന്നത്തെ കാലത്ത് നാം ഉപയോഗിക്കുന്ന പർദ്ദ ഇതിന്റെ ആധുനിക രൂപമാണ്.
2. സൗന്ദര്യം വെളിപ്പെടുത്താതിരിക്കൽ
وَقُل لِّلْمُؤْمِنَٰتِ يَغْضُضْنَ مِنْ أَبْصَٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ…..
സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. (ഖുർആൻ:24/31)
ഇസ്‌ലാം ഒരു പ്രത്യേക നിറത്തിലോ ഡിസൈനിലോ ഉള്ള വസ്ത്രം തന്നെ ധരിക്കണം എന്ന് നിർബന്ധിക്കുന്നില്ല. പകരം, സ്ത്രീകൾ ധരിക്കുന്ന വസ്ത്രം താഴെ പറയുന്ന നിബന്ധനകൾ പൂർത്തിയാക്കുന്നതായിരിക്കണം:
1.ശരീരം മുഴുവൻ മറയ്ക്കുന്നതായിരിക്കണം
2.വസ്ത്രം സുതാര്യമല്ലാത്തതായിരിക്കണം: ശരീരത്തിന്റെ നിറമോ ചർമ്മമോ പുറത്തുകാണിക്കുന്ന തരത്തിൽ നേർത്തതാകരുത്.
3.ശരീരവടിവ് പ്രകടിപ്പിക്കാത്തത്: ശരീരാവയവങ്ങൾ എടുത്തു കാട്ടുന്ന തരത്തിൽ ഇറുകിപ്പിടിച്ചതാകരുത്.
4.അന്യപുരുഷന്മാരെ ആകർഷിക്കുന്ന അലങ്കാരങ്ങൾ ഇല്ലാത്തത്: വസ്ത്രം ധരിക്കുന്നത് തന്നെ സൗന്ദര്യം മറയ്ക്കാനാണ്. അതിനാൽ വസ്ത്രം തന്നെ ഒരു വലിയ അലങ്കാരമായി ധരിച്ചയാളിലേക്ക് ആളുകളെ ആകർഷിക്കുന്ന തരത്തിൽ മാറരുത്.
5.പുരുഷന്മാരുടെ വസ്ത്രത്തോട് സാദൃശ്യമില്ലാത്തത്: പുരുഷന്മാരുടെ വസ്ത്രധാരണ രീതി സ്ത്രീകളും, സ്ത്രീകളുടേത് പുരുഷന്മാരും അനുകരിക്കരുതെന്ന് ഇസ്ലാം കർശനമായി വിലക്കിയിട്ടുണ്ട്.
ഇന്ന് മുസ്ലിം സ്ത്രീകൾ ധരിക്കുന്ന പല വസ്ത്രങ്ങളും അവരുടെ കഴുത്തും കാലുകളും പുറത്ത് കാണുന്ന തരത്തിലുള്ളതാണ്. അവിടെയാണ് പര്‍ദ്ദയുടെ പ്രസക്തി.
മുഹമ്മദ് അമാനി മൌലവി رحمه الله ഖുര്‍ആൻ 24/60 വിശദീകരിക്കവേ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട് : ഇസ്‌ലാമിലെ പര്‍ദ്ദാ നിയമങ്ങളെ പഴഞ്ചനും, മാമൂലുമായി ചില മുസ്‌ലിംകള്‍പോലും കരുതിവശായിട്ടുണ്ട്. ഏതോ ചുരുക്കം ചില സ്ത്രീകള്‍ – ഇന്ന് അത്തരക്കാരെ വളരെ വിരളമായെ കാണുകയുള്ളു – അന്ധമായി അതിരു കവിഞ്ഞതിന്റെ പേരില്‍, നിയമാനുസൃതമായ പര്‍ദ്ദാനിയമങ്ങളെപ്പോലും ആക്ഷേപിക്കുകയും, പരിഹാസ്യമായി ചിത്രീകരിക്കുകയും ചെയ്യുന്ന ചിലരെയും കാണാം. കുത്തഴിഞ്ഞ അധാര്‍മ്മിക പ്രസ്ഥാനങ്ങളുടെയും, പരിപൂര്‍ണ്ണ നഗ്നനൃത്തം വരെയുള്ള അശ്ലീല കലകളുടെയും ഒഴുക്കില്‍പ്പെട്ട് മനുഷ്യന്റെ മനുഷ്യത്വവും, പുരുഷന്റെ പുരുഷത്വവും, സ്ത്രീയുടെ സ്ത്രീത്വവുമെല്ലാം നാശോന്‍മുഖമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. മാനുഷികമൂല്യങ്ങളെ അതിജയിച്ചു മുന്നേറികൊണ്ടിരിക്കുന്ന ആധുനികപരിഷ്കാരസംസ്കാരങ്ങളുടെ ദൃഷ്ടിയില്‍ ഇസ്‌ലാമിലെ പര്‍ദ്ദാനിയമം അപമാനിക്കപ്പെടുന്നതില്‍ അത്ഭുതമില്ല. പക്ഷെ, പണ്ഡിതവേദികളില്‍ നിന്നുതന്നെ ചില ആളുകള്‍, പര്‍ദ്ദാനിയമങ്ങളെ നിരുത്സാഹപ്പെടുത്തുകയും, ജനഹിതത്തിനൊത്തു ലഘൂകരിച്ച് വ്യാഖ്യാനിക്കുകയും ചെയതുകാണുന്നതാണ് അത്ഭുതം! പര്‍ദ്ദയെ സംബന്ധിച്ചിടത്തോളം, അതില്‍ അതിരു കവിഞ്ഞാലുണ്ടായേക്കുന്ന ദോഷഭവിഷ്യത്തുക്കളെക്കാള്‍ എത്രയോ മടങ്ങ് അപായകരമാണ് അത് കൈവെടിയുന്നതിന്റെ അനന്തരഫലങ്ങളെന്ന് അവര്‍ ഓര്‍ക്കുന്നില്ല.
അത്യാവശ്യ തോതിലെങ്കിലും പര്‍ദ്ദാനിയമങ്ങള്‍ പാലിക്കുന്ന സ്ത്രീകള്‍ ഇന്ന് കേരള മുസ്‌ലിംകളില്‍ താരതമ്യേന കുറവാണെന്നതാണ് പരമാര്‍ത്ഥം. അതേ സമയത്ത് ഒരു വിഭാഗം സ്ത്രീകള്‍ – യഥാര്‍ത്ഥ മതവിജ്ഞാനം ലഭിക്കാത്ത അഭ്യസ്തവിദ്യരിലും, പുരോഗമനേച്ഛുക്കളെന്ന് അവകാശപ്പെടുന്നവരിലുമാണ് ഇവര്‍ കൂടുതലുള്ളത്. – അര്‍ദ്ധനഗ്നരായും പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന വേഷഭൂഷണങ്ങള്‍ അണിഞ്ഞും പരസ്യവിഹാരം ചെയ്‌വാന്‍ സങ്കോചമില്ലാത്തവരാണെന്ന വസ്തുതയും നിഷേധിക്കുക സാധ്യമല്ല. അമുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇതിന്റെവിധി എന്തു തന്നെ ആയിരുന്നാലും ശരി, മുസ്‌ലിംകളെന്ന്‍ അവകാശപ്പെടുന്നവര്‍ക്ക് ഇതൊട്ടും ചേര്‍ന്നതല്ല. ഇത്തരം സംസ്ക്കാരവും ഇസ്‌ലാമുമായി വിദൂരബന്ധം പോലുമില്ലതന്നെ. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും, ശരീരത്തിന്റെ കുറെഭാഗം വെളിക്കുകാണാവുന്ന വിധം അര്‍ദ്ധധാരണംകൊണ്ടു മതിയാക്കുകയോ, ശരീരാവയവങ്ങളെ പ്രത്യക്ഷത്തില്‍ കാണാവുന്നവിധം (നൈലോണ്‍പോലുള്ള) സ്ഫടികസമാനമായ നേര്‍മ്മവസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്യുന്നവരും, പുരുഷന്‍മാരെ ആകര്‍ഷിക്കുമാറുള്ള പെരുമാറ്റങ്ങളും നടപടികളും സ്വീകരിച്ചു വരുന്നവരുമായ സ്ത്രീകളെ (وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ) കുറിച്ച് ഇമാം മുസ്‌ലിം (رحمه الله) നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസില്‍ നബി ﷺ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:
لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا
അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല, അവര്‍ക്കതിന്റെ പരിമളംപോലും ലഭിക്കുകയുമില്ല. (അമാനി തഫ്സീര്‍)
അദ്ധേഹം ഖുര്‍ആൻ 33/59 വിശദീകരിക്കവേ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട് : ഒരു കാര്യം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നതു ഇന്നത്തെ പരിതസ്ഥിതിയില്‍ അധികപ്പറ്റാവുകയില്ല: ഇസ്‌ലാമിക സംസ്കാരങ്ങളെയും, ധാര്‍മ്മികമൂല്യങ്ങളെയും പുച്ഛിച്ചുകൊണ്ടുള്ള ഭൗതിക പരിഷ്കാരങ്ങളുടെ തേര്‍വാഴ്ച നിര്‍വിഘ്നം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തു – അറിഞ്ഞോ അറിയാതെയോ – മുസ്‌ലിം സ്ത്രീകളുടെ പര്‍ദ്ദയെ കഴിവതും വെട്ടിക്കുറക്കുവാനും, അതിനുവേണ്ടി ഖുര്‍ആനെയും സുന്നത്തിനെയും ദുര്‍വ്യാഖ്യാനം ചെയ്യുവാനും, മുസ്ലിംകളുടെ പര്‍ദ്ദാസമ്പ്രദായം അവരുടെ പുരോഗതിക്കു തടസ്സമാണെന്നു ഘോഷിക്കുവാനും മുതിരുന്ന പലരെയും ഇന്നു കാണാം. ഇവരുടെ കെണിവലയില്‍ അകപ്പെടാതിരിക്കുവാനും, അങ്ങിനെ, 59-ാം വചനത്തിലെ താക്കീതിനു പാത്രമായിത്തീരാതിരിക്കുവാനും ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതാകുന്നു.’ والله الموفق (അമാനി തഫ്സീര്‍)
ഒരു സ്ത്രീയുടെ സൗന്ദര്യവും അലങ്കാരവും മറയ്ക്കാനും മാന്യത സംരക്ഷിക്കാനുമാണ് അവൾ പർദ്ദ ധരിക്കുന്നത്. അപ്പോൾ ഈ പർദ്ദ തന്നെ അലങ്കാരമുള്ളതും ആകർഷണീയമയുള്ളതും ആയാലോ? അത് തെരഞ്ഞെടുക്കുന്നവര്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കുക.
www.kanzululoom.com