സൂറ: മുഅ്മിനൂൻ 12-16 ആയത്തുകളിലൂടെ ….
وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍ مِّن طِينٍ ﴿١٢﴾ ثُمَّ جَعَلْنَٰهُ نُطْفَةً فِى قَرَارٍ مَّكِينٍ ﴿١٣﴾ ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَٰمًا فَكَسَوْنَا ٱلْعِظَٰمَ لَحْمًا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ ﴿١٤﴾ ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ ﴿١٥﴾ ثُمَّ إِنَّكُمْ يَوْمَ ٱلْقِيَٰمَةِ تُبْعَثُونَ ﴿١٦﴾
തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തയില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്. (ഖു൪ആന്‍:23/12-16)
അല്ലാഹു ഈ വചനങ്ങളിൽ മനുഷ്യന്റെ വിവിധ ഘട്ടങ്ങളെയും അവന്റെ അവസ്ഥാന്തരങ്ങളെയും കുറിച്ച് പരാമർശിച്ചിരിക്കുന്നു; അവന്റെ സൃഷ്ടിപ്പിന്റെ തുടക്കം മുതൽ അവൻ ചെന്നെത്തുന്ന അവസാന ഘട്ടം വരെ. അങ്ങനെ മനുഷ്യവംശത്തിന്റെ പിതാവായ ആദം عليه السلام യുടെ സൃഷ്ടിപ്പിന്റെ തുടക്കത്തെക്കുറിച്ചും, അദ്ദേഹം കളിമണ്ണിന്റെ സത്തയിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്നും അല്ലാഹു പരാമർശിച്ചു. അതായത്: (ആ കളിമണ്ണ്) ഭൂമിയിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് വേർതിരിച്ചെടുത്തതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ (ആദം നബിയുടെ) സന്തതികൾ ഭൂമിയുടെ പ്രകൃതത്തിന് അനുസൃതമായിട്ടാണ് ഉണ്ടായത്. അവരിൽ നല്ലവരും, ചീത്തയായവരും, അതിനിടയിലുള്ളവരും ഉണ്ട്; അതുപോലെതന്നെ സൗമ്യരായവരും, കഠിന ഹൃദയരും , അതിനിടയിലുള്ളവരും ഉണ്ട്.
{പിന്നീട് നാം അവനെ ആക്കി} അതായത്: മനുഷ്യവംശത്തെ നാം ഒരു ഒരു ബീജകണമാക്കി ( نُطْفَةً), അത് (പുരുഷന്റെ) മുതുകിന്റെയും (സ്ത്രീയുടെ) നെഞ്ചെല്ലുകളുടെയും ഇടയിൽ നിന്ന് പുറപ്പെടുന്നു. തുടർന്ന് അത് ഭദ്രമായ ഒരു സ്ഥാനത്ത് ചെന്ന് സ്ഥിരപ്പെടുന്നു; അതത്രെ ഗർഭപാത്രം. കേടുപാടുകളിൽ നിന്നും, കാറ്റിൽ നിന്നും, മറ്റു വസ്‌തുക്കളിൽ നിന്നും അത് അവിടെ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നു.
പിന്നീട്, മുമ്പ് (ഗർഭപാത്രത്തിൽ) സ്ഥിരപ്പെട്ടു കഴിഞ്ഞിരുന്ന ആ ബീജകണത്തെ നാം ഒരു രക്തക്കട്ടയായി (عَلَقَةً) രൂപാന്തരപ്പെടുത്തി; അതായത്: ഒരു ചുവന്ന രക്തമായിട്ട്; ബീജകണത്തിന്റെ ഘട്ടത്തിൽ നിന്നും നാൽപത് ദിവസങ്ങൾ പിന്നിട്ടതിന് ശേഷം.
തുടർന്ന്, (മറ്റൊരു) നാൽപത് ദിവസങ്ങൾ പിന്നിട്ട ശേഷം ആ രക്തക്കട്ടയെ (عَلَقَةً) നാം ഒരു മാംസപിണ്ഡമായി (مُضْغَةً) രൂപാന്തരപ്പെടുത്തി; അതായത്: ഒരു ചെറിയ മാംസക്കഷ്ണം; അതിന്റെ ചെറുപ്പം കാരണം (ഒരു മനുഷ്യന്) ചവച്ചരക്കാൻ പാകത്തിലുള്ള അത്രയും വലിപ്പമുള്ളത്.
തുടർന്ന്, മൃദുവായ ആ മാംസപിണ്ഡത്തെ (مُضْغَةً) നാം കട്ടിയുള്ള അസ്ഥികളായി (عِظَامًا) മാറ്റിമറിച്ചു. ശരീരത്തിന് അവയോടുള്ള ആവശ്യത്തിനനുസരിച്ച് ആ എല്ലുകൾ മാംസത്തിനിടയിലൂടെ തുളച്ചുകയറി (മാംസത്തിനിടയിൽ വിന്യസിക്കപ്പെട്ടു)
{എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു}; അതായത്, നാം മാംസത്തെ എല്ലുകൾക്കുള്ള ഒരു വസ്‌ത്രമാക്കി (അവയെ മൂടുന്ന ഒന്നാക്കി) മാറ്റി, എല്ലുകളെ നാം മാംസത്തിനുള്ള ഒരു താങ്ങാക്കി മാറ്റിയത് പോലെ തന്നെ. ഇത് (ഗർഭധാരണത്തിന്റെ) മൂന്നാമത്തെ നാൽപത് ദിവസങ്ങളിലാണ് സംഭവിക്കുന്നത്.
{പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു} അതിൽ (ഗർഭത്തിലുള്ള ശരീരത്തിൽ) റൂഹ് (ജീവൻ) ഊതപ്പെട്ടു. അങ്ങനെ അത് ഒരു നിർജ്ജീവാവസ്ഥയിൽ നിന്നും മാറി ജീവനുള്ള ഒരു ജീവിയായി രൂപാന്തരപ്പെട്ടു;
{അപ്പോള്‍ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു}അതായത്: അവൻ അത്യുന്നതനും മഹാനുഭാവനും അവന്റെ നന്മകൾ അത്യധികം വർദ്ധിച്ചതുമായിരിക്കുന്നു. അവന്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവാണ്. അല്ലാഹു പറയുന്നു:
ٱلَّذِىٓ أَحْسَنَ كُلَّ شَىْءٍ خَلَقَهُۥ ۖ وَبَدَأَ خَلْقَ ٱلْإِنسَٰنِ مِن طِينٍ ﴿٧﴾ ثُمَّ جَعَلَ نَسْلَهُۥ مِن سُلَٰلَةٍ مِّن مَّآءٍ مَّهِينٍ ﴿٨﴾ ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ ﴿٩﴾
താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്‍റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്‍റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്‍റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ. (ഖു൪ആന്‍:32/7-9)
അതിനാൽ അല്ലാഹുവിന്റെ സൃഷ്ടിപ്പ് മുഴുവൻ മനോഹരമാണ്. മനുഷ്യനാകട്ടെ അവന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ഭംഗിയുള്ള ഒന്നാണ്; തന്നെയുമല്ല, മനുഷ്യൻ പൊതുവേ സൃഷ്ടികളിൽ ഏറ്റവും ഉത്തമനായ സൃഷ്ടി തന്നെയാണ്. അല്ലാഹു പറഞ്ഞതുപോലെ:
لَقَدْ خَلَقْنَا ٱلْإِنسَٰنَ فِىٓ أَحْسَنِ تَقْوِيمٍ
തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു. (ഖുർആൻ:95/4)
അതുകൊണ്ടുതന്നെയാണ്, മനുഷ്യന്റെ സവിശേഷ ഗുണങ്ങൾ സൃഷ്ടികളിൽ ഏറ്റവും ഉത്തമവും ഏറ്റവും പരിപൂർണ്ണവും ആയിത്തീർന്നത്.
{പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം} അതായത് ആ സൃഷ്ടിപ്പിനും റൂഹ് (ജീവൻ) ഊതപ്പെട്ടതിനും ശേഷം – {മരിക്കുന്നവരാകുന്നു}; അത് നിങ്ങളുടെ (ജീവിത) ഘട്ടങ്ങളിലും അവസ്ഥാന്തരങ്ങളിലും പെട്ട ഒരു ഘട്ടമത്രെ.
{പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്} അങ്ങനെ നിങ്ങളുടെ കർമ്മങ്ങൾക്ക് – അവയിലെ നല്ലതിനും ചീത്തതിനും – നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടും. അല്ലാഹു പറയുന്നു:
أَيَحْسَبُ ٱلْإِنسَٰنُ أَن يُتْرَكَ سُدًى ﴿٣٦﴾ أَلَمْ يَكُ نُطْفَةً مِّن مَّنِىٍّ يُمْنَىٰ ﴿٣٧﴾ ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ ﴿٣٨﴾ فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ ﴿٣٩﴾ أَلَيْسَ ذَٰلِكَ بِقَٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ ﴿٤٠﴾
മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്! അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി. അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ? (ഖുർആൻ:75/36-40)
തഫ്സീറുസ്സഅ്ദി
www.kanzululoom.com