അളവിലും തൂക്കത്തിലും കൃത്യത കാണിക്കുക

وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ ‎﴿٧﴾‏ أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ ‎﴿٨﴾

ആകാശത്തെ അവന്‍ ഉയര്‍ത്തുകയും, (എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള) തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്‌. (ഖുർആൻ:55/7-8)

وقوله : {وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَان} يعني : العدل ، كما قال :{لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ} [ الحديد : 25 ]

{ആകാശത്തെ അവന്‍ ഉയര്‍ത്തുകയും തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു} അതായത്: നീതി. അല്ലാഹു പറഞ്ഞതുപോലെ: {തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. (57/25)} (ഇബ്നു കസീര്‍)

അല്ലാഹു ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളഖിലം നീതിയിലാണ് നിലനിര്‍ത്തിയിട്ടുള്ളത്. അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ നീതിയുക്തങ്ങളുമായിരിക്കും. അതിനാൽ അല്ലാഹുവിന്റെ അടിമകളും നീതിപാലിക്കുന്നവരായിരിക്കണം. അതിൽപെട്ടതാണ് അളവും തൂക്കവും കൃത്യമാക്കി കൊടുക്കുന്നതും.

ഭൂരിഭാഗം കച്ചവടങ്ങളിലും സാധനസാമഗ്രികൾ തൂക്കിയോ അളന്നോ കൊടുക്കുന്നതായിരിക്കും. കടകളിൽ മാത്രമല്ല, വീടുകളിലും കച്ചവടം ചെയ്യുന്നവരുണ്ട്. പാലും ഭക്ഷ്യവസ്തുക്കളും പോലെ. സത്യവിശ്വാസികൾ ഏറെ ശ്രദ്ധിക്കേണ്ട ഒരു മേഖലയാണിത്.

അളവും തൂക്കവും പൂര്‍ത്തിയാക്കിക്കൊടുക്കണം. അഥവാ അതില്‍ കൃത്രിമവും കുറവും വരുത്തരുത്‌. വിശുദ്ധ ഖു൪ആനിലെ സൂറഃ അല്‍അന്‍ആമിലെ 151-153 വചനങ്ങളിലൂടെ പരലോകരക്ഷ ആഗ്രഹിക്കുന്ന ഏതൊരാളും ഉള്‍ക്കൊള്ളേണ്ട പത്ത് ഉപദേശങ്ങള്‍ അല്ലാഹു നല്‍കിയിട്ടുള്ളതായി കാണാം. അതിലൊന്ന് ഈ വിഷയത്തിലാണ്.

وَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ بِٱلْقِسْطِ

നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. (ഖുർആൻ:6/152)

അല്ലാഹു പറയുന്നു:

وَيَٰقَوْمِ أَوْفُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ بِٱلْقِسْطِ ۖ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ

എന്‍റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വ്വം പൂര്‍ണ്ണമാക്കികൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌. (ഖു൪ആന്‍ :11/85)

وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചുകൊടുക്കുക. ശരിയായ തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും. (ഖു൪ആന്‍ :17/35)

അളത്തത്തിലും തൂക്കത്തിലും കൃത്രിമം നടത്തി വല്ലതും വഞ്ചിക്കപ്പെടുന്നപക്ഷം, തല്‍ക്കാലം അതൊരു നേട്ടമായി തോന്നാമെങ്കിലും അതിന്റെ ഭാവി നഷ്ടത്തിലാണു കലാശിക്കുകയെന്നും, രണ്ടിലും കൃത്യം പാലിക്കുന്നതു മൂലം ഇഹത്തിലും പരത്തിലും പല നന്മയും അഭിവൃദ്ധിയും ഉണ്ടായിത്തീരുമെന്നുമാണ് ഈ പറഞ്ഞതിന്റെ താല്‍പര്യം. (അമാനി തഫ്സീര്‍)

അളവിലും തൂക്കത്തിലും തട്ടിപ്പ് കാണിക്കുന്നവ൪ക്ക് വമ്പിച്ച നാശമാണുള്ളതെന്നും ഖിയാമത്തു നാളില്‍ അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ അതിന് മറുപടി പറയേണ്ടിവരുമെന്നും ശക്തമായ ഭാഷയില്‍ അല്ലാഹു അറിയിച്ചിട്ടുണ്ട്.

وَيْلٌ لِّلْمُطَفِّفِينَ ‎﴿١﴾‏ ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ ‎﴿٢﴾‏ وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ ‎﴿٣﴾‏ أَلَا يَظُنُّ أُو۟لَٰٓئِكَ أَنَّهُم مَّبْعُوثُونَ ‎﴿٤﴾‏ لِيَوْمٍ عَظِيمٍ ‎﴿٥﴾‏ يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ ‎﴿٦﴾‏

അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും, ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ, തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌ ? ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌. അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം.(ഖു൪ആന്‍ : 83/1-6)

അളവിലും തൂക്കത്തിലും കുറവ് വരുത്തിയോ അളവും തൂക്കവും പൂര്‍ണമാക്കാതെയോ മറ്റേതെങ്കിലും രൂപത്തിലോ അവര്‍ നഷ്ടം വരുത്തുന്നു. ഇത് യഥാര്‍ഥത്തില്‍ ജനങ്ങളുടെ സ്വത്ത് മോഷ്ടിക്കലും അവരോട് അനീതി ചെയ്യലുമാണ്. അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവരോടാണ് ഈ താക്കീതെങ്കിലും ജനങ്ങളുടെ ധനം ശക്തി ഉപയോഗിച്ച് മോഷ്ടിച്ചു കൈവശപ്പെടുത്തുന്നവര്‍ ഇവരെക്കാളും ഈ താക്കീതിന്നര്‍ഹരാണ്. ഇടപാടുകളില്‍ ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നവര്‍ അവര്‍ക്ക് തിരിച്ചുനല്‍കുമ്പോഴും അവരുടെ അവകാശങ്ങള്‍ പൂര്‍ത്തിയാക്കി കൊടുക്കാന്‍ ബാധ്യസ്ഥരാണ്. (തഫ്സീറുസ്സഅ്ദി)

ജാതിമതഭേദമന്യെ എല്ലാവരും സമ്മതിക്കുന്ന ഒരു വിധിയാണ് അളത്തത്തിലും തൂക്കത്തിലും അന്യരെ കബളിപ്പിക്കുന്നതു തെറ്റാണെന്ന്. പക്ഷേ, അതേ സമയത്തു ഈ അക്രമം ജനമധ്യെ സര്‍വത്ര നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ചില ആളുകള്‍ ഇങ്ങോട്ടു വാങ്ങുന്നതിനും, അങ്ങോട്ടു കൊടുക്കുന്നതിനും വെവ്വേറെ അളവുതാപ്പുകളും, തൂക്കക്കട്ടികളും ഉപയോഗിക്കലും പതിവാണ്. ഈ സ്വഭാവത്തെ അല്ലാഹു എത്രമാത്രം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നു നോക്കുക. ഒന്നാമതായി, അവര്‍ക്ക്‌ വമ്പിച്ച നാശമാണുള്ളതെന്ന് താക്കീതു ചെയ്തു. പിന്നീട്, ഖിയാമത്തു നാളില്‍ അവര്‍ അല്ലാഹുവിന്‍റെ മുമ്പില്‍ കൈകെട്ടി നിന്ന് അതിനുത്തരം പറയേണ്ടിവരുമെന്നും ശക്തിയായ ഭാഷയില്‍ താക്കീതു ചെയ്തു. ഇത്തരം തോന്നിയവാസങ്ങളും അക്രമങ്ങളും ചെയ്യുന്നവര്‍ക്കുണ്ടാകുന്ന ശിക്ഷാനുഭവങ്ങളെക്കുറിച്ചു തുടര്‍ന്നുള്ള വചനങ്ങളില്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു. അപ്പോള്‍, അല്ലാഹുവില്‍ വിശ്വാസമുള്ള ഒരു വ്യക്തിയില്‍ നിന്നു ഒരിക്കലും ഉണ്ടാകുവാന്‍ പാടില്ലാത്ത ഒരു മഹാപാതകമാണിതെന്നു പറയേണ്ടതില്ല. എന്നാല്‍, മറ്റേതു സമുദായത്തെക്കാളും ഈ പാപകൃത്യത്തില്‍ നിന്ന് ഒഴിവായിരിക്കേണ്ടുന്ന മുസ്‌ലിംകളുടെ ഇന്നത്തെ നില വളരെ പരിതാപകരമാകുന്നു. പലരും അതൊരു കച്ചവട സാമര്‍ത്ഥ്യമായിട്ടുപോലും കരുതി വരുന്നു! അങ്ങനെയുള്ളവര്‍ – അവര്‍ യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികളാണെങ്കില്‍ – ഈ (4 – 6 വചനങ്ങളിലെ) ഗൗരവപ്പെട്ട ചോദ്യത്തിനുള്ള മറുപടി എന്തു പറയുമെന്നു സ്വയം ആലോചിക്കേണ്ടതാണ്. (അമാനി തഫ്സീര്‍)

عَنِ ابْنِ عَبَّاسٍ قَالَ: لَمَّا قَدِمَ النَّبِيُّ -ﷺ- الْمَدِينَةَ كَانُوا مِنْ أَخْبَثِ النَّاسِ كَيْلًا، فَأَنْزَلَ اللَّهُ سُبْحَانَهُ {وَيْلٌ لِلْمُطَفِّفِينَ} [المطففين: 1] فَأَحْسَنُوا الْكَيْلَ بَعْدَ ذَلِكَ.

ഇബ്നു അബ്ബാസ്  رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന് നിവേദനം: നബി ﷺ മദീനയിലേക്ക് വന്നെത്തിയപ്പോൾ അവിടെയുള്ളവർ അളവും തൂക്കവും പാലിക്കുന്നതിൽ തീർത്തും മോശക്കാരായിരുന്നു. അങ്ങനെ അല്ലാഹു സൂറ. മുത്വഫ്ഫിഫീൻ അവതരിപ്പിച്ചു. അതിന് ശേഷം അവർ അളവും തൂക്കവും നന്നാക്കി. (ഇബ്‌നു മാജഃ: 2223)

മദ്‌യന്‍ ഗോത്രക്കാരിലേക്ക് നിയോഗിക്കപ്പെട്ട ശുഐബ് നബി عليه السلام യുടെ പ്രബോധന സന്ദേശങ്ങളില്‍ ഒന്ന് അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതിനെതിരിലുള്ള മുന്നറിയിപ്പായിരുന്നു. കാരണം ആ സമൂഹത്തില്‍ ഈ ദുഷ്പ്രവര്‍ത്തനം അത്രമേല്‍ വ്യാപകമായിരുന്നു. അത് അനുസരിക്കാതിരുന്ന ആ ജനത മുഴുവനും ഒരു പൊതു ശിക്ഷക്കു പാത്രമാകുകയും ചെയ്‌ത സംഭവം വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്.

ദിവ്യപ്രബോധനത്തില്‍ അതിപ്രധാനമായ തൗഹീദിനെക്കുറിച്ചു ഉപദേശിച്ച ശേഷം, ആ ജനങ്ങളില്‍ സര്‍വ്വത്ര നടമാടിയിരുന്ന അഴിമതികളെയും അക്രമങ്ങളെയും കുറിച്ചു ശുഐബ് عليه السلام അവരെ ഉപദേശിക്കുന്നു.

وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۚ قَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥ ۖ وَلَا تَنقُصُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ ۚ إِنِّىٓ أَرَىٰكُم بِخَيْرٍ وَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ مُّحِيطٍ ‎﴿٨٤﴾‏ وَيَٰقَوْمِ أَوْفُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ بِٱلْقِسْطِ ۖ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ‎﴿٨٥﴾‏ بَقِيَّتُ ٱللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍ ‎﴿٨٦﴾

മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍ കുറവ് വരുത്തരുത്‌. തീര്‍ച്ചയായും നിങ്ങളെ ഞാന്‍ കാണുന്നത് ക്ഷേമത്തിലായിട്ടാണ്‌. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. എന്‍റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വ്വം പൂര്‍ണ്ണമാക്കികൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌. അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്‌; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാരനൊന്നുമല്ല. (ഖു൪ആന്‍:11/84-86)

أَوْفُوا۟ ٱلْكَيْلَ وَلَا تَكُونُوا۟ مِنَ ٱلْمُخْسِرِينَ ‎﴿١٨١﴾‏ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ‎﴿١٨٢﴾‏ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ‎﴿١٨٣﴾‏ وَٱتَّقُوا۟ ٱلَّذِى خَلَقَكُمْ وَٱلْجِبِلَّةَ ٱلْأَوَّلِينَ ‎﴿١٨٤﴾‏ قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ ‎﴿١٨٥﴾‏ وَمَآ أَنتَ إِلَّا بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ ٱلْكَٰذِبِينَ ‎﴿١٨٦﴾‏ فَأَسْقِطْ عَلَيْنَا كِسَفًا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّٰدِقِينَ ‎﴿١٨٧﴾‏ قَالَ رَبِّىٓ أَعْلَمُ بِمَا تَعْمَلُونَ ‎﴿١٨٨﴾‏ فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ ٱلظُّلَّةِ ۚ إِنَّهُۥ كَانَ عَذَابَ يَوْمٍ عَظِيمٍ ‎﴿١٨٩﴾‏ إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ‎﴿١٩٠﴾

(ശുഅയ്‌ബ്‌ നബി പറഞ്ഞു:)നിങ്ങള്‍ അളവ് പൂര്‍ത്തിയാക്കികൊടുക്കുക നിങ്ങള്‍ (ജനങ്ങള്‍ക്ക്‌) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്‌. കൃത്രിമമില്ലാത്ത തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ ‍നിങ്ങള്‍ കമ്മിവരുത്തരുത് നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്‌.നിങ്ങളെയും പൂര്‍വ്വതലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍ ഒരാള്‍ മാത്രമാകുന്നു. നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു തീര്‍ച്ചയായും നീ വ്യാജവാദികളില്‍ പെട്ടവനാണെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്‌. അതുകൊണ്ട് നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ ‍ആകാശത്ത് നിന്നുള്ള കഷ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ ‍നീ വീഴ്ത്തുക. അദ്ദേഹം പറഞ്ഞു; നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി എന്‍റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാകുന്നു. അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി അതിനാല്‍ ‍മേഘത്തണല്‍മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു. തീര്‍ച്ചയായും അതില്‍(മനുഷ്യര്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍അധികപേരും വിശ്വസിക്കുന്നവരായില്ല. (ഖു൪ആന്‍:26/181-190)

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ أَقْبَلَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ فَقَالَ ‏ “‏ يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا إِلاَّ فَشَا فِيهِمُ الطَّاعُونُ وَالأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلاَفِهِمُ الَّذِينَ مَضَوْا ‏.‏ وَلَمْ يَنْقُصُوا الْمِكْيَالَ وَالْمِيزَانَ إِلاَّ أُخِذُوا بِالسِّنِينَ وَشِدَّةِ الْمَؤُنَةِ وَجَوْرِ السُّلْطَانِ عَلَيْهِمْ ‏.‏ وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ إِلاَّ مُنِعُوا الْقَطْرَ مِنَ السَّمَاءِ وَلَوْلاَ الْبَهَائِمُ لَمْ يُمْطَرُوا وَلَمْ يَنْقُضُوا عَهْدَ اللَّهِ وَعَهْدَ رَسُولِهِ إِلاَّ سَلَّطَ اللَّهُ عَلَيْهِمْ عَدُوًّا مِنْ غَيْرِهِمْ فَأَخَذُوا بَعْضَ مَا فِي أَيْدِيهِمْ ‏.‏ وَمَا لَمْ تَحْكُمْ أَئِمَّتُهُمْ بِكِتَابِ اللَّهِ وَيَتَخَيَّرُوا مِمَّا أَنْزَلَ اللَّهُ إِلاَّ جَعَلَ اللَّهُ بَأْسَهُمْ بَيْنَهُمْ ‏”‏ ‏.‏

അബ്ദില്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: നബി ﷺ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നിട്ട് പറഞ്ഞു: മുഹാജിറുകളുടെ സമൂഹമേ, അഞ്ച് കാര്യങ്ങള്‍ അവ കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍, നിങ്ങള്‍ അവ അനുഭവിക്കുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു. ശേഷം അഞ്ച് കാര്യങ്ങള്‍ നബി ﷺ എണ്ണി പറഞ്ഞു: മ്ളേച്ഛത ഒരു ജനതയിൽ പരസ്യമായ രീതിയില്‍ വെളിവായാല്‍ അവരുടെ പൂ൪വ്വിക൪ക്ക് ബാധിച്ചിട്ടില്ലാത്ത പക൪ച്ച വ്യാധികള്‍ അവരില്‍ വ്യാപിക്കുന്നതാണ്.  ജനങ്ങള്‍ തൂക്കത്തിലും അളവിലും കുറവ് വരുത്തിയാല്‍ അവരെ പട്ടിണി പിടികൂടുകയും (അവ൪ക്ക്) ജീവിത ചെലവ് കഠിനമാകുകയും ഭരണാധികാരിയുടെ അനീതി അവരെ ബാധിക്കുകയും ചെയ്യാതിരിക്കുകയില്ല. സമ്പത്തിന്റെ സകാത്ത് അവര്‍ നല്‍കാതിരിക്കുന്ന പക്ഷം ആകാശ ലോകത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതിരിക്കില്ല. മൃഗങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഒട്ടും മഴ ലഭിക്കുകയേ ഇല്ല.   അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും ചെയ്ത ഉടമ്പടികള്‍ ലംഘിക്കുന്നവരെ മറ്റൊരു വിഭാഗത്തില്‍പ്പെട്ട ശത്രു കീഴടക്കുകയും അവരുടെ സമ്പാദ്യങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യും.ഏതൊരു സമൂഹമാണോ അവരുടെ നേതാക്കൾ അല്ലാഹു അവതരിപ്പിച്ചതിനേക്കാൾ മറ്റുള്ളവക്ക് മുൻഗണന നൽകുകയും അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ടല്ലാതെ വിധി നടപ്പാക്കുകയും ചെയ്യുന്നത്, അവർക്ക് അവർക്കിടയിൽ നിന്നു തന്നെ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. (ഇബ്നുമാജ: 4019 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

അളന്നും തൂക്കിയും കൊടുക്കുമ്പോള്‍ കൃത്യത പാലിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. വാങ്ങുന്നവര്‍ക്ക് ഒട്ടും കുറവുവരുത്താതിരിക്കാന്‍ സൂക്ഷ്മതയെന്നോണം അല്‍പം മുന്‍തൂക്കം നല്‍കുവാന്‍ സത്യവിശ്വാസികൾ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. സാധനങ്ങള്‍ തൂക്കാന്‍ കൂലിക്ക് നിറുത്തിയ ആളോട് നബി ﷺ പറഞ്ഞു

يَا وَزَّانُ زِنْ وَأَرْجِحْ

അൽപ്പം മുൻതൂക്കം വരുത്തിക്കൊള്ളുക. (ഇബ്നുമാജ:2220)

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *