‏ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു (ഇബാദത്ത്). നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു (ഇസ്തിആനത്ത്). (ഖു൪ആന്‍:1/5)

അഖില പ്രവാചകൻമാരും ലോകത്തെ പഠിപ്പിച്ച ഇസ്‌ലാമിന്റെ അടിസ്ഥാന ആദർശമാണ് ഇത്.

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു എന്ന് പറയുന്നതോടൊപ്പം إِيَّاكَ نَسْتَعِينُ (നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു) എന്നും പ്രഖ്യാപിക്കുന്നു. സൃഷ്ടികളില്‍ നിന്ന് ലഭ്യമല്ലാത്തതും അല്ലാഹുവിങ്കല്‍ നിന്ന് അദൃശ്യമായി മാത്രം ലഭിക്കുന്നതുമായ സഹായമാണ് ഇവിടെ ഉദ്ദേശ്യം.

وَقَوْلُهُ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ أَيْ: نَخُصُّكَ وَحْدَكَ بِالْعِبَادَةِ. وَالِاسْتِعَانَةُ، لِأَنَّ تَقْدِيمَ الْمَعْمُولِ يُفِيدُ الْحَصْرَ، وَهُوَ إِثْبَاتُ الْحُكْمِ لِلْمَذْكُورِ، وَنَفْيُهُ عَمَّا عَدَاهُ. فَكَأَنَّهُ يَقُولُ: نَعْبُدُكَ، وَلَا نَعْبُدُ غَيْرَكَ، وَنَسْتَعِينُ بِكَ، وَلَا نَسْتَعِينُ بِغَيْرِكَ.

അതായത്: ഇബാദത്തുകളെ മുഴുവൻ ഞങ്ങൾ നിനക്ക് മാത്രമായി സവിശേഷമാക്കുന്നു. അതുപോലെത്തന്നെയാണ് ഇസ്തിആനത്തിന്റെ (സഹായംതേടലിന്റെ) കാര്യവും. കാരണം, (വ്യാകരണ നിയമപ്രകാരം) അവസാനം വരേണ്ട കർമ്മപദത്തെ ആദ്യംകൊണ്ടുവരുന്നത് പരിമിതപ്പെടുത്തൽ എന്ന അർത്ഥത്തെയാണ് നൽകുന്നത്. അത്, പരാമർശിക്കപ്പെട്ട (അല്ലാഹുവിന്) മാത്രം സ്ഥിരപ്പെടുത്തലും, അതിനപ്പുറമുള്ള മറ്റെല്ലാറ്റിൽ നിന്നും നിഷേധിക്കലുമാകുന്നു. അപ്പോൾ ഇപ്രകാരം പറയുന്നതുപോലെയാകുന്നു: ഞങ്ങൾ നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു, നിനക്കല്ലാതെ മറ്റാർക്കും ഞങ്ങൾ ഇബാദത്ത് ചെയ്യുന്നില്ല. ഞങ്ങൾ നിന്നോട് മാത്രം സഹായം തേടുന്നു, നിന്നോടല്ലാതെ മറ്റാരോടും ഞങ്ങൾ സഹായം തേടുന്നുമില്ല. (തഫ്സീറുസ്സഅ്ദി)

{الِاسْتِعَانَةُ} هِيَ الِاعْتِمَادُ عَلَى اللَّهِ تَعَالَى فِي جَلْبِ الْمَنَافِعِ، وَدَفْعِ الْمَضَارِّ، مَعَ الثِّقَةِ بِهِ فِي تَحْصِيلِ ذَلِكَ.

ഇസ്തിആനത്ത്‌ (സഹായം തേടൽ) എന്നാൽ: ഉപകാരങ്ങൾ കൈവരിക്കുന്നതിനും, ഉപദ്രവങ്ങളെ തടുക്കുന്നതിനും വേണ്ടി, അവ നേടിയെടുക്കുന്നതിൽ അല്ലാഹുവിൽ പൂർണ്ണമായി അർപ്പിച്ചു വിശ്വസിച്ചുകൊണ്ട്, അത്യുന്നതനായ അല്ലാഹുവിൻമേൽ മാത്രം പൂർണ്ണമായി ആശ്രയിക്കലാകുന്നു. (തഫ്സീറുസ്സഅ്ദി)

…. ചുരുക്കിപ്പറഞ്ഞാല്‍, ഏതൊരു നിസ്സാര കാര്യത്തിലും അതിനുള്ള എല്ലാ സാഹചര്യവും ചുറ്റുപാടും അല്ലാഹുവില്‍ നിന്നുത്തന്നെ ലഭിക്കേണ്ടതുണ്ട്. അത് കൊണ്ട് സൃഷ്ടികളില്‍ നിന്ന് ലഭ്യമല്ലാത്തതും അല്ലാഹുവിങ്കല്‍ നിന്ന് അദൃശ്യമായി മാത്രം ലഭിക്കുന്നതുമായ സഹായമാണ് ഇവിടെ ഉദ്ദേശ്യമെന്ന് മൊത്തത്തില്‍ മനസ്സിലാക്കാം. അതുകൊണ്ടാണ് ‘നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു’ എന്ന് പറയുന്നത്. അദൃശ്യമായ കഴിവ് അല്ലാഹുവിന് മാത്രമാകകൊണ്ട് മറ്റാരോടും അതിനപേക്ഷിക്കുന്നത് വ്യര്‍ത്ഥമായിരിക്കുമെന്ന് മാത്രമല്ല, അത് തനി ശിര്‍ക്കും കൂടിയാണ് താനും. അല്ലാഹുവിനോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് (لا تَدْعُوا مَعَ الله احدا) എന്ന് അല്ലാഹു പറഞ്ഞതും അതുകൊണ്ടുതന്നെ. (അമാനി തഫ്സീര്‍)

ഇസ്തിആനത്ത് (സഹായം തേടൽ) പ്രധാനപ്പെട്ട ഇബാദത്തുകളിൽ ഒന്നാണ്. അത് അല്ലാഹുവല്ലാത്ത ആരോടും പാടില്ല.

عَنِ ابْنِ عَبَّاسٍ، قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ ‏ “‏ يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ ‏”‏ ‏

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അല്ലാഹുവിന്റെ റസൂൽ യുടെ പിന്നിലായിരിക്കെ നബി ﷺപറഞ്ഞു: കുട്ടീ, നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെ! നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവന്റെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി. (തിർമിദി:37/ 2706)

സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും, അദൃശ്യ മാര്‍ഗ്ഗത്തിലൂടെ അല്ലാഹുവില്‍നിന്ന് മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളില്‍ അല്ലാഹു അല്ലാത്ത ആരോടും സഹായം അര്‍ത്ഥിക്കുന്നത് ശിര്‍ക്കാണ്.

ഇബാദത്തിന്റെ കൂടെ ഇസ്തിആനത്ത് പറയുന്നതിൽ മറ്റൊരു കാര്യം കൂടിയുണ്ട്. അതായത് അല്ലാഹുവിനെ ഇബാദത്ത് ചെയ്യുക എന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിന് അവന്റെ സഹായം കൂടിയേ തീരൂ. അവന്റെ തൗഫീഖ് കൂടാതെ ഒരാൾക്കും അത് സാധ്യമല്ല.

إِيَّاكَ نَسْتَعِينُ എന്ന് പറയുന്നതിലൂടെ നമുക്ക് സ്വന്തമായി യാതൊരു കഴിവും ശക്തിയും ഇല്ലെന്നും പ്രഖ്യാപിക്കുന്നു. എല്ലാം റബ്ബിൽ അർപ്പിക്കുന്നു. അവനിൽ ഭാരമേൽപ്പിക്കുന്നു.

ഇപ്പറഞ്ഞതില്‍ നിന്ന് സൃഷ്ടികളോട് യാതൊരു കാര്യത്തിലും സഹായം അര്‍ത്ഥിക്കേണ്ടതില്ലെന്നോ, അര്‍ത്ഥിച്ചുകൂടാ എന്നോ ധരിക്കേണ്ടതില്ല. അല്ലാഹു പറയുന്നു: {وَتَعَاوَنُوا عَلَى الْبِرِّ وَٱلتَّقْوَىٰ} (പുണ്യകരമായതിലും, ഭയഭക്തിയിലും – അഥവാ സൂക്ഷ്മത പാലിക്കുന്നതിലും നിങ്ങളന്യോന്യം സഹായം നല്കുവീന്‍ (മാഇദ:2). മനുഷ്യന് നല്‍കപ്പെട്ടിട്ടുള്ള കഴിവില്‍ പെട്ടതും നല്ലതുമായ ഏതു കാര്യങ്ങളിലും പരസ്പരം സഹായ സഹകരണം ചെയ്യണമെന്ന് സാരം. ഇത് തെറ്റല്ലെന്നു മാത്രമല്ല, ചിലപ്പോള്‍ അത്യാവശ്യവും, ചിലപ്പോള്‍ അനിവാര്യവും കൂടിയായിരിക്കും. ദുല്‍ഖര്‍നൈനി (عليه الصلاة والسلام) പോലും – ‘യഅ്ജൂജ് മഅ്ജൂജി’ന്റെ പ്രവേശനം തടയുവാനുള്ള അണക്കെട്ട് നിര്‍മ്മാണത്തില്‍ ജനങ്ങളോട്  {فَأَعِينُونِي بِقُوَّةٍ} (ശക്തി നല്‍കി എന്നെ സഹായിക്കണം) എന്ന് ആവശ്യപ്പെട്ടതായും, അവര്‍ ഇരുമ്പ് കട്ടികളും മറ്റും നല്‍കി സഹായിച്ചതായും സൂറത്തുല്‍ കഹ്ഫില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍, സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും, അദൃശ്യമാര്‍ഗ്ഗത്തിലൂടെ അല്ലാഹുവില്‍നിന്ന് മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളില്‍ അവനോട് മാത്രമേ സഹായം തേടാവൂ എന്നതില്‍ സംശയമില്ല. അത്തരം കാര്യങ്ങളില്‍ അല്ലാഹു അല്ലാത്ത ആരോടും സഹായം അര്‍ത്ഥിക്കുന്നത് കേവലം നിരര്‍ത്ഥമാണെന്ന് മാത്രമല്ല, അത് ശിര്‍ക്കും സൃഷ്ടികള്‍ക്ക് ദിവ്യത്വം കല്പിക്കലുമാകുന്നു. (അമാനി തഫ്സീര്‍)

ഇവിടെ അമാനി മൌലവി رحمه الله “സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും, അദൃശ്യമാര്‍ഗ്ഗത്തിലൂടെ അല്ലാഹുവില്‍നിന്ന് മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളില്‍ അവനോട് മാത്രമേ സഹായം തേടാവൂ” എന്ന് പറഞ്ഞതിലെ സഹായതേട്ടമാണ് സൂറ:ഫാതിഹയിലെ ഇസ്തിആനത്ത്.

ഇസ്തിആനത്തുമായി ബന്ധപ്പെട്ട പുതിയ ഒരു വാദം ഈ അടുത്ത കാലത്തായി ചിലരിൽ നിന്നും പറഞ്ഞു കേൾക്കുന്നു. അത് ഇപ്രകാരമാണ് : എല്ലാ സഹായതേട്ടവും അല്ലാഹുവോടുമാത്രം. അല്ലാഹു അല്ലാത്ത ആരോടു തേടിയാലും അത് ശിർക്കായി. അതിൽ നിന്ന് ഒഴിവുള്ളത് (ഇസ്‌തിസ്നാഅ്) മനുഷ്യൻ മാത്രമാണ്. മനുഷ്യരോട് തേടിയാൽ ശിർക്കാകുകയില്ല. അതിനുള്ള തെളിവ് ഇതാണ്.

… ﻭَﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻟْﺒِﺮِّ ﻭَٱﻟﺘَّﻘْﻮَﻯٰ ۖ ﻭَﻻَ ﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻹِْﺛْﻢِ ﻭَٱﻟْﻌُﺪْﻭَٰﻥِ ۚ….

… പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌ ….. (ഖു൪ആന്‍ :5/2)

സൂറ:ബഖറ 183-185 ആയത്തുകളില്‍ നോമ്പ് നിര്‍ബന്ധമാണെന്ന് പ്രഖ്യാപിക്കുകയും അതി‍ല്‍ നിന്നും രോഗിയും യാത്രക്കാരനും ഒഴിവാണെന്ന് പറഞ്ഞതുപോലെ, ഈ ഇസ്തിആനത്തില്‍ നിന്ന് മനുഷ്യനോടുള്ള തേട്ടം ഒഴിവാണന്നും ഈ ആയത്തിലൂടെ അവര്‍ വിശദീകരിക്കുന്നു. അങ്ങനെ മനുഷ്യർ പരസ്പരം സഹായം തേടിയാൽ ശിർക്കാവില്ല, അല്ലാത്ത ആരോട് തേടിയാലും ശിർക്കായി. ഇത് വിചിത്രമായ വാദമാണ്. 

‏ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ലെ ആരാധനയും (ഇബാദത്ത്), സഹായാർത്ഥനയും (ഇസ്തിആനത്ത്) ഓരേ ഇനത്തിൽ പെട്ടതാണ്. ഏതു ഘട്ടത്തിലും അല്ലാഹുവിലേക്കല്ലാതെ തിരിച്ചുവിടാൻ പാടില്ലാത്ത തേട്ടങ്ങളാണിവ. ഈ തേട്ടങ്ങൾ അല്ലാഹുവിനോടു മാത്രമേ ആകാവൂ. അവനോടു മാത്രം ചോദിക്കാവുന്ന കാര്യങ്ങളാണിവ. അഥവാ കാര്യകാരണ ബന്ധങ്ങൾക്കതീതമായി / അഭൗതികമായി /മറഞ്ഞവഴിയിൽ/അസാധാരണ മാര്‍ഗത്തിൽ/അദൃശ്യമാര്‍ഗത്തിൽ പുണ്യം പ്രതീക്ഷിച്ചുകൊണ്ടും ദോഷബാധയെ ഭയന്നുകൊണ്ടുള്ള തേട്ടം. ഈ തേട്ടം മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ ഏത് സൃഷ്ടിയോടായാലും അതു ശിർക്കുതന്നെ.

തഫ്സീറുകള്‍ അറിയിക്കുന്നതും ഇതുതന്നെയാണ്, അതല്ലാതെ ഇതില്‍ നിന്നും മനുഷ്യര്‍ ഒഴിവാണെന്നല്ല. ചില തഫ്സീറുകള്‍ കാണുക:

وَذَكَرَ (الِاسْتِعَانَةَ) بَعْدَ (الْعِبَادَةِ) مَعَ دُخُولِهَا فِيهَا، لِاحْتِيَاجِ الْعَبْدِ فِي جَمِيعِ عِبَادَاتِهِ إِلَى الِاسْتِعَانَةِ بِاللَّهِ تَعَالَى. فَإِنَّهُ إِنْ لَمْ يُعِنْهُ اللَّهُ، لَمْ يَحْصُلْ لَهُ مَا يُرِيدُهُ مِنْ فِعْلِ الْأَوَامِرِ، وَاجْتِنَابِ النَّوَاهِي.

(ഇനി,) ‘സഹായം തേടൽ’ (ഇസ്തിആനത്ത്) എന്നത് ആരാധനയുടെ പരിധിയിൽ ഉൾപ്പെടുന്ന ഒന്നായിരുന്നിട്ടുകൂടി, അതിനെ ആരാധനക്ക് (ഇബാദത്ത്) ശേഷം പ്രത്യേകം എടുത്തു പറഞ്ഞത്; ഒരു അടിമ തന്റെ സകല ആരാധനാ കർമ്മങ്ങളിലും അത്യുന്നതനായ അല്ലാഹുവിന്റെ സഹായം തേടുന്നതിലേക്ക് അതീവ ആവശ്യക്കാരനായതു കൊണ്ടാണ്. കാരണം, അല്ലാഹു ഒരു അടിമയെ സഹായിക്കാതിരുന്നാൽ, കൽപ്പനകൾ അനുസരിക്കുന്നതിലും വിലക്കപ്പെട്ടവയിൽ നിന്ന് അകന്നുനിൽക്കുന്നതിലും താൻ ഉദ്ദേശിക്കുന്ന യാതൊന്നും തന്നെ അവന് കൈവരിക്കാൻ സാധിക്കുകയില്ല. (തഫ്സീറുസ്സഅ്ദി)

عَنِ ابْنِ عَبَّاسٍ : {إِيَّاكَ نَعْبُدُ} يَعْنِي : إِيَّاكَ نُوَحِّدُ وَنَخَافُ وَنَرْجُو يَا رَبَّنَا لَا غَيْرَكَ {وَإِيَّاكَ نَسْتَعِينُ} عَلَى طَاعَتِكَ وَعَلَى أُمُورِنَا كُلِّهَا .

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: {നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു} എന്നാൽ: ഞങ്ങളുടെ റബ്ബേ, നിന്നെ ഞങ്ങൾ ഏകനാക്കുന്നു (തൗഹീദ് പുലർത്തുന്നു), നിന്നെ മാത്രം ഞങ്ങൾ ഭയപ്പെടുകയും നിന്നി‍ല്‍ മാത്രം ഞങ്ങള്‍ പ്രതീക്ഷ വെക്കുകയും ചെയ്യുന്നു, നിന്നെയല്ലാതെ മറ്റാരെയും (ഞങ്ങള്‍ ഇലാഹാക്കുന്നില്ല). {നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു} എന്നാൽ: നിന്റെ അനുസരണത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും ഞങ്ങൾ നിന്നോട് സഹായം തേടുന്നു. (ഇബ്നുകസീര്‍)

قَالَ أَبُو جَعْفَرٍ : وَمَعْنَى قَوْلِهِ : (وَإِيَّاكَ نَسْتَعِينُ) : وَإِيَّاكَ رَبَّنَا نَسْتَعِينُ عَلَى عِبَادَتِنَا إِيَّاكَ وَطَاعَتِنَا لَكَ وَفِي أُمُورِنَا كُلِّهَا – لَا أَحَدًا سِوَاكَ ، إِذْ كَانَ مَنْ يَكْفُرُ بِكَ يَسْتَعِينُ فِي أُمُورِهِ مَعْبُودَهُ الَّذِي يَعْبُدُهُ مِنَ الْأَوْثَانِ دُونَكَ ، وَنَحْنُ بِكَ نَسْتَعِينُ فِي جَمِيعِ أُمُورِنَا مُخْلِصِينَ لَكَ الْعِبَادَةَ .

അബൂജഅ്ഫർ رحمه الله പറഞ്ഞു: {നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു} എന്ന വചനത്തിന്റെ അർത്ഥം: ഞങ്ങളുടെ റബ്ബേ, നിന്നെ ആരാധിക്കുന്നതിലും നിന്നെ അനുസരിക്കുന്നതിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നോട് മാത്രമാണ് ഞങ്ങൾ സഹായം തേടുന്നത്, നിന്നെയല്ലാതെ മറ്റാരോടും (ഞങ്ങൾ സഹായം തേടുന്നില്ല). കാരണം, നിന്നെ അവിശ്വസിക്കുന്നവൻ അവന്റെ കാര്യങ്ങളിൽ നിനക്ക് പകരമായി താൻ ആരാധിക്കുന്ന വിഗ്രഹങ്ങളോടാണ് സഹായം തേടുന്നത്; എന്നാൽ ഞങ്ങൾ ആരാധന നിനക്ക് മാത്രം ആത്മാർത്ഥമാക്കിക്കൊണ്ട് ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നോട് മാത്രമാണ് സഹായം തേടുന്നത്. (ത്വബ്‌രി)

عَنْ مُعَاذِ بْنِ جَبَلٍ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَخَذَ بِيَدِهِ ، وَقَالَ : يَا مُعَاذُ ، وَاللَّهِ إِنِّي لَأُحِبُّكَ ، وَاللَّهِ إِنِّي لَأُحِبُّكَ ، فَقَالَ : أُوصِيكَ يَا مُعَاذُ لَا تَدَعَنَّ فِي دُبُرِ كُلِّ صَلَاةٍ تَقُولُ : اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ

മുആദ് ബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: ‘മുആദേ, അല്ലാഹുവാണെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു. അല്ലാഹുവാണെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു. എന്നിട്ട് നബി ﷺ പറ‍ഞ്ഞു:  മുആദേ, ഞാൻ നിന്നോട് വസ്വിയ്യത്ത് ചെയ്യുന്നു; ഒരു നമസ്‌കാരശേഷവും ഇപ്രകാരം പറയാൻ നീ വിട്ടുപോകരുത്: ‘അല്ലാഹുവേ, നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദി കാണിക്കുവാനും നിനക്ക് നല്ലരൂപത്തിൽ ആരാധനകളനുഷ്ഠിക്കുവാനും നീ എന്നെ സഹായിക്കേണമേ’. (അബാദൂവൂദ്)

നബി ﷺ പഠിപ്പിച്ച ഈ പ്രാര്‍ത്ഥന ശ്രദ്ധിക്കുക. അല്ലാഹുവിനുള്ള ഇബാദത്ത് ചെയ്യാന്‍ അവന്റെ സഹായം അനിവാര്യമാണ്. ഈ സഹായതേട്ടം അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. സൂറ:ഫാതിഹയിലെ സഹായതേട്ടവും ഇതുതന്നെയാണ്.

സൂറത്തു മാഇദയിലെ വചനത്തിൽ പറഞ്ഞ പരസ്പരം സഹായിക്കൽ സാധാരണയിൽ മനുഷ്യർ മനുഷ്യർക്ക് ചെയ്തുകൊടുക്കാൻ സാധിക്കുന്ന സഹായങ്ങളെ കുറിച്ചാണ്. കാര്യകാരണബന്ധങ്ങൾക്കകത്തുള്ള/ഭൗതികമായ/ /തെളിഞ്ഞവഴിയിലുള്ള/സാധാരണ മാര്‍ഗത്തിലുള്ള/ദൃശ്യമാര്‍ഗത്തിലുള്ള സഹായങ്ങളാണവ. അത് ഒരിക്കലും إِيَّاكَ نَسْتَعِينُ ലെ സഹായതേട്ടത്തിൽ നിന്നുള്ള ‘ഇസ്‌തിസ്‌നാഅ്’ ആകുകയില്ല.

ഹുദൈബിയ സന്ധിയുമായി ബന്ധപ്പെട്ടാണ് സൂറത്തു മാഇദയിലെ ഈ ആയത്തിന്റെ അവതരണം. ഈ ആയത്ത് ഇറങ്ങുന്നതിന്റെ മുമ്പും ശേഷവും പരസ്പരം സഹായം തേടൽ സർവരും നടത്തിയിരുന്നു. ഈ ആയത്താണ് മനുഷ്യനോടുള്ള സഹായതേട്ടം അനുവദനീയമാക്കിയെങ്കിൽ ഈ ആയത്തിന്റെ അവതരണത്തിന് മുമ്പും സ്വഹാബികൾ പരസ്പരം സഹായം തേടിയിരുന്നു. അപ്പോൾ അതെല്ലാം ശിർക്കാണെന്ന് പറയേണ്ടി വരും. അതാകട്ടെ അസംഭവ്യമാണ്. യഥാർത്ഥത്തിൽ മനുഷ്യ ചരിത്രത്തിന്റെ തുടക്കം മുതൽക്കേ മനുഷ്യർ തമ്മിലുള്ള സഹായ തേട്ടം നടന്ന് വരുന്നുണ്ട്. അതിനെ ഒരു കാലത്തും നിഷിദ്ധമാക്കിയിട്ടില്ല. എന്നാൽ ആരാധനയുടെ ഇനങ്ങളിൽ ഒന്നും തന്നെ ഒരു സൃഷ്ടിക്കും പാടില്ല എന്നാണ് സർവ്വ പ്രവാചകരും പഠിപ്പിച്ചിട്ടുള്ളത് എന്നത് സുവ്യക്തമാണ്. ചുരുക്കത്തിൽ അല്ലാഹുവിനോടുള്ള  സഹായതേട്ടം വേറെ, മനുഷ്യനോടുള്ള സഹായതേട്ടം വേറെ. إِيَّاكَ نَسْتَعِينُ ലെ സഹായതേട്ടം അല്ലാഹുവിനോട് മാത്രമുള്ളതും.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *