إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴿٦﴾ خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَٰرِهِمْ غِشَٰوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ ﴿٧﴾
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല. അവരുടെ ഹൃദയങ്ങളടെ മേലും, അവരുടെ കേള്‍വിയുടെ മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു . അവരുടെ ദൃഷ്ടികളിന്മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു വമ്പിച്ച ശിക്ഷയുള്ളത്. (ഖുര്‍ആൻ:2/6-7)
പരിപൂർണ്ണ കാഫിറുകളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
സൂറത്തുൽ ബഖറ അല്ലാഹു ആരംഭിക്കുന്നത് ജനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചുകൊണ്ടാണ്:
1.പരിപൂർണ്ണ സത്യവിശ്വാസികൾ
2.പരിപൂർണ്ണ സത്യനിഷേധികൾ
3.നാവുകൊണ്ട് മാത്രം വിശ്വസിക്കുകയും ഹൃദയം കൊണ്ട് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവർ
അതിനാൽ അല്ലാഹു നല്ലവരെകൊണ്ട് ആരംഭിച്ചു, പിന്നീട് മോശക്കാരെയും, തുടർന്ന് ഏറ്റവും മോശക്കാരെയും പരാമർശിച്ചു. അതായത്:
നല്ലവർ (الطيب): ഈ വിശേഷണങ്ങളാൽ വിശേഷിപ്പിക്കപ്പെട്ട മുത്തഖീങ്ങളാണ്.
മോശക്കാർ (الخبيث): സത്യനിഷേധികളാണ്.
ഏറ്റവും മോശക്കാർ (الأخبث): കപടവിശ്വാസികളാണ്.
{തീർച്ചയായും സത്യനിഷേധികളായവർ} എന്നാൽ: ‘വിശ്വസിക്കൽ നിർബന്ധമായ കാര്യങ്ങളിൽ നിഷേധിച്ചവർ’ എന്നാണ്.
{നീ അവര്‍ക്ക് താക്കീത് നല്കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല} എന്ന വചനത്തെക്കുറിച്ച് പണ്ഡിതന്മാർ പറയുന്നു: ഇത് തന്റെ ദൂതനായ മുഹമ്മദ് നബി ﷺ യെ ആശ്വസിപ്പിക്കാൻ അല്ലാഹു ചെയ്ത കാര്യമാണ്; അല്ലാതെ സത്യനിഷേധികൾക്ക് ന്യായീകരണം നൽകാനോ، നബി ﷺ യെ നിരാശപ്പെടുത്താനോ ഉള്ളതല്ല.
‘ഇൻദാർ’ (الإنذار – താക്കീത്) എന്നാൽ പേടിപ്പെടുത്തുന്നതോടുകൂടിയുള്ള അറിയിപ്പാണ്.
നബി ﷺ ബശീർ (بشير) ആണ്, നദീർ (نذير) ആണ്:
ബശീർ: സത്യവിശ്വാസികൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നവൻ.
നദീർ: സത്യനിഷേധികൾക്ക് ദുരിതം നൽകുന്ന കാര്യങ്ങളെക്കുറിച്ച് അറിയിച്ചു കൊടുക്കുന്നവൻ.
എന്നാൽ, സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും അത് ദുർവാശിയോടെ തള്ളിക്കളഞ്ഞ ഈ വാശിയേറിയ സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം, നബി ﷺ അവർക്ക് താക്കീത് നൽകുന്നതും നൽകാതിരിക്കുന്നതും ഒരേപോലെയാണ്. അതാണ് അല്ലാഹു പറയുന്നത്: {അവർ വിശ്വസിക്കുകയില്ല}
അങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം ഇതാണ് {അല്ലാഹു അവരുടെ ഹൃദയങ്ങളിൽ മുദ്രവെച്ചിരിക്കുന്നു}
‘അൽ-ഖത്മ്’ (الختم – മുദ്രവെക്കൽ): എന്നാൽ ‘അത്ത്വബ്അ്’ (الطبع – അടച്ചുപൂട്ടി മുദ്രവെയ്ക്കുക) എന്നാണ് അർത്ഥം. ‘അത്ത്വബ്അ്’ (الطبع) എന്നാൽ, ഒരാൾ ഒരു വസ്തു അടച്ചുപൂട്ടിയാൽ അതിൽ നിന്ന് ഒന്നും പുറത്തുപോകാതിരിക്കാനും, അതിലേക്ക് ഒന്നും അകത്തു കടക്കാതിരിക്കാനും വേണ്ടി അതിന്മേൽ മുദ്രവെക്കുന്നതിനെയാണ് പറയുന്നത്. ഇതുപോലെ തന്നെയാണ് ഇവരുടെ കാര്യവും (അല്ലാഹുവിൽ അഭയം!). ഇവരുടെ ഹൃദയങ്ങളിൽ മുദ്രവെക്കപ്പെട്ടിരിക്കുന്നു; അതിനാൽ അതിൽ നിന്ന് യാതൊരു നന്മയും പുറത്തുവരികയില്ല, അതിലേക്ക് യാതൊരു നന്മയും ചെന്നെത്തുകയുമില്ല.
‘കേള്‍വിയുടെ മേൽ മുദ്രവെക്കുക’ എന്ന് പറഞ്ഞാൽ, അത് കേട്ടാൽ ഉപകാരപ്പെടുന്ന യാതൊരു നന്മയും അത് കേൾക്കാതിരിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്.
{غِشَاوَةٌ} എന്നാൽ ഒരു മൂടി (غطاء) എന്നാണ് അർത്ഥം. സത്യത്തെ നോക്കിക്കാണുന്നതിൽ നിന്ന് അത് അവരെ തടയുന്നു. ഇനി അവർ സത്യം കണ്ടാൽ തന്നെയും, അതുകൊണ്ട് അവർക്ക് യാതൊരു ഉപകാരവും ലഭിക്കുകയുമില്ല.
{അവര്‍ക്കാകുന്നു വമ്പിച്ച ശിക്ഷയുള്ളത്} ഇത് നരകശിക്ഷയാണ്. അല്ലാഹു ഇതിനെ ‘വമ്പിച്ച’ (عظيم) എന്ന് വിശേഷിപ്പിച്ചു; കാരണം നരകശിക്ഷയേക്കാൾ കഠിനമായ മറ്റൊന്നുമായി ശിക്ഷകളിൽ ഇല്ല.
ഈ വചനങ്ങളിൽ നിന്നുള്ള പ്രധാന ഗുണപാഠങ്ങൾ
1.സത്യനിഷേധികൾ സത്യത്തെ തള്ളിക്കളയുകയും നബി ﷺ യുടെ പ്രബോധനം സ്വീകരിക്കാതിരിക്കുകയും ചെയ്യുമ്പോൾ, അല്ലാഹു നബി ﷺ യെ ആശ്വസിപ്പിക്കുന്നു എന്നതാണ് ഇതിൽ നിന്നുള്ള ഒരു ഗുണപാഠം.
2.പ്രബോധനം ചെയ്യുന്നതും താക്കീത് നൽകുന്നതും ആരായാലും ‘അല്ലാഹുവിന്റെ ശിക്ഷയുടെ വാക്ക് ഉറപ്പായിക്കഴിഞ്ഞവൻ’ വിശ്വസിക്കുകയില്ല. കാരണം അവന് അതിൽ നിന്ന് യാതൊരു ഉപകാരവും ലഭിക്കുകയില്ല; അല്ലാഹു അവന്റെ ഹൃദയത്തിന്മേൽ മുദ്രവെച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞതുപോലെ:
إِنَّ ٱلَّذِينَ حَقَّتْ عَلَيْهِمْ كَلِمَتُ رَبِّكَ لَا يُؤْمِنُونَ ﴿٩٦﴾ وَلَوْ جَآءَتْهُمْ كُلُّ ءَايَةٍ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ ﴿٩٧﴾
തീര്‍ച്ചയായും ഏതൊരു വിഭാഗത്തിന്റെ മേല്‍ നിന്റെ രക്ഷിതാവിന്റെ വചനം സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ വിശ്വസിക്കുകയില്ല. ഏതൊരു തെളിവ് അവര്‍ക്ക് വന്നുകിട്ടിയാലും. വേദനയേറിയ ശിക്ഷ നേരില്‍ കാണുന്നതുവരെ. (ഖുര്‍ആൻ:10/96-97)
അല്ലാഹു പറയുന്നു:
أَفَمَنْ حَقَّ عَلَيْهِ كَلِمَةُ ٱلْعَذَابِ أَفَأَنتَ تُنقِذُ مَن فِى ٱلنَّارِ
അപ്പോള്‍ വല്ലവന്റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും (അവനെ നിനക്ക് സഹായിക്കാനാകുമോ?) അപ്പോള്‍ നരകത്തിലുള്ളവനെ നിനക്ക് രക്ഷപ്പെടുത്താനാകുമോ? (ഖുര്‍ആൻ:39/19)
അതായത്, ഇവർക്ക് നരകം ഉറപ്പായിക്കഴിഞ്ഞു; ഇവരുടെ കാര്യം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു, ഇനി ഇവരെ രക്ഷപ്പെടുത്താൻ സാധിക്കുകയുമില്ല.
3.ഒരാൾക്ക് ഉപദേശം കേൾക്കുമ്പോൾ ഭയം തോന്നുന്നില്ലെങ്കിലോ, അല്ലാഹുവിലേക്ക് അടുക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നില്ലെങ്കിലോ, അവനിൽ സത്യനിഷേധികളോട് സാദൃശ്യമുണ്ട്. കാരണം, സത്യനിഷേധികൾ ഉപദേശങ്ങൾ കൊണ്ട് പാഠം ഉൾക്കൊള്ളുകയോ, അല്ലാഹുവിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ വിശ്വസിക്കുകയോ ചെയ്യാത്തവരാണ്.
4.ഗ്രഹണശക്തിയുടെയും ബോധത്തിന്റെയും കേന്ദ്രം ഹൃദയങ്ങളാണ്. കാരണം അല്ലാഹു പറയുന്നു: خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ (അല്ലാഹു അവരുടെ ഹൃദയങ്ങളിൽ മുദ്രവെച്ചിരിക്കുന്നു) അതായത്, അതിലേക്ക് യാതൊരു നന്മയും ചെന്നെത്തുകയില്ല.
5.സന്മാർഗ്ഗം പ്രാപിക്കാനുള്ള വഴികൾ ഒന്നുകിൽ കേൾവിയിലൂടെയാണ്, അല്ലെങ്കിൽ കാഴ്ചയിലൂടെയാണ്. കേൾവിയിലൂടെ എന്നാൽ: അല്ലാഹുവിന്റെ വചനങ്ങളും ഉപദേശങ്ങളും കേൾക്കുന്നതിലൂടെ. കാഴ്ചയിലൂടെ എന്നാൽ: പ്രപഞ്ചത്തിലെ ദൃഷ്ടാന്തങ്ങൾ കാണുന്നതിലൂടെ. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ ഒന്നുകിൽ ഓതിക്കേൾപ്പിക്കപ്പെടുന്നവയും ശ്രവിക്കപ്പെടുന്നവയുമായിരിക്കും, അല്ലെങ്കിൽ വ്യക്തമായി ദൃശ്യമാകുന്നവയും കണ്ടറിയുന്നവയുമായിരിക്കും.
6.സത്യനിഷേധികൾക്ക് വലിയ ശിക്ഷയെക്കുറിച്ച് നൽകിയിട്ടുള്ള താക്കീത്.
“ഈ മുദ്രവെക്കലിന് അവരുടെ സ്വന്തം ഭാഗത്തുനിന്നുള്ള ഏതെങ്കിലും കാരണമുണ്ടോ, അതോ ഇത് അല്ലാഹുവിൽ നിന്നുള്ള പരീക്ഷണം മാത്രമാണോ?” എന്ന് ആരെങ്കിലും ചോദിച്ചാൽ അതിനുള്ള മറുപടി:
ഇതിന് അവരുടെ സ്വന്തം ഭാഗത്തുനിന്നുള്ള ഒരു കാരണമുണ്ട്; അല്ലാഹു പറഞ്ഞതുപോലെ:
فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ
അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. (ഖുര്‍ആൻ:39/19)
അല്ലാഹു പറയുന്നു:
فَبِمَا نَقْضِهِم مِّيثَٰقَهُمْ لَعَنَّٰهُمْ وَجَعَلْنَا قُلُوبَهُمْ قَٰسِيَةً ۖ
അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ ഹൃദയങ്ങളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു. (ഖുര്‍ആൻ:5/13)
അവലംബം: كتاب تفسير العثيمين
www.kanzululoom.com