മരണപ്പെട്ടവരോട് തേടുന്നവരോട് രണ്ട് ചോദ്യങ്ങൾ

വിപത്തുകൾ തടുക്കാനും പ്രയാസങ്ങൾ അകറ്റാനും, അല്ലെങ്കിൽ ആവശ്യങ്ങൾ പൂർത്തീകരിക്കാനും ആഗ്രഹങ്ങൾ നേടിയെടുക്കാനുമൊക്കെ മരണപ്പെട്ടവരോട് സഹായം തേടുന്നത് അനുവദനീയമാണെന്ന് വാദിക്കുന്നവരുടെ ന്യായങ്ങൾക്കെതിരെ രണ്ട് സുപ്രധാനമായ ചോദ്യങ്ങളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതിൽ ഒന്നാമത്തേത്,

മരണപ്പെട്ട സ്വാലിഹീങ്ങളോടും ഔലിയാക്കളോടും സഹായം തേടുന്നതും അവരോട് ആവശ്യങ്ങൾ ചോദിക്കുന്നതും അനുവദനീയമാക്കുന്നവർ പറയുന്നത്, ഇത് ചെയ്യുന്നവർ അത് നിർവ്വഹിക്കുന്നത് ശുപാർശ (ശഫാഅത്ത്) തേടലിന്റെയും വസീലയാക്കലിന്റെയും (തവസ്സുൽ) അടിസ്ഥാനത്തിലാണ് എന്നാണ്; അല്ലാതെ കാര്യങ്ങൾ യാഥാർത്ഥത്തിൽ അവരോട് ചോദിക്കുന്ന രീതിയിലല്ല.

വിഷമങ്ങൾ അകറ്റാനും പ്രയാസങ്ങൾ നീക്കാനും ആവശ്യങ്ങൾ പൂർത്തിയാക്കാനുമായി ആളുകൾ മരണപ്പെട്ടവരോട് നടത്തുന്ന വിളികൾ المجاز العقلي മാത്രമാണ്. അതായത് മരണപ്പെട്ട വലിയ്യാഇനോട് “എന്റെ വിഷമം തീർക്കണേ” എന്ന് പുറമെ വിളിച്ചു പറയുമ്പോഴും, ഉള്ളിൽ അല്ലാഹുവാണ് കാര്യങ്ങൾ സാധിച്ചു തരുന്നത് എന്ന ബോധ്യത്തോടെ പറയുന്ന പ്രയോഗിക ശൈലി മാത്രമാണിത്. വിളിച്ച് പ്രാർത്ഥിക്കുന്ന ആൾക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കാനോ, അവന്റെ ആവശ്യങ്ങൾ പൂർത്തീകരിച്ചു കിട്ടാൻ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ ചെയ്യാനോ വേണ്ടി ആ സ്വാലിഹായ ഖബറാളിയെ ഇടനിലക്കാരനാക്കുന്നു എന്നുമാത്രം.

അതിനാൽ, ഇതിലൊന്നും തന്നെ ശിർക്ക് (അല്ലാഹുവിൽ പങ്കുചേർക്കൽ) ഉണ്ടാകുന്നില്ല, ആ സ്വാലിഹായ ഖബറാളിയോ വലിയ്യോ അല്ലാഹുവിൽ നിന്ന് സ്വതന്ത്രമായി ഈ പ്രപഞ്ചത്തിൽ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവനാണെന്നും, സ്വന്തം കഴിവുകൊണ്ട് കാര്യങ്ങൾ ചെയ്തുതരുന്നവനാണെന്നും വിശ്വസിച്ചാൽ മാത്രമാണ് അത് ശിർക്കാവുന്നത്. അല്ലാതെ അല്ലാഹുവാണ് വിഷമങ്ങൾ അകറ്റുന്നതും പ്രയാസങ്ങൾ നീക്കുന്നതും ആവശ്യങ്ങൾ വീട്ടുന്നതും എന്ന വിശ്വാസത്തോടെയാണെങ്കിൽ അത് ശിർക്കാവില്ല. ചുരുക്കത്തിൽ: അല്ലാഹുവിനെ കൂടാതെ സ്വതന്ത്രമായി കാര്യം ചെയ്യാൻ വലിയ്യിന് കഴിവുണ്ടെന്ന് വിശ്വസിച്ചാൽ മാത്രമേ ആ വിളി ശിർക്ക് ആകുന്നുള്ളൂ; അല്ലാത്തപക്ഷം അത് അനുവദനീയമായ തവസ്സുലും ശഫാഅത്തുമാണ് എന്നാണ് അവരുടെ വാദം.

ഇതിനുള്ള മറുപടി:

എല്ലാ പ്രശ്നങ്ങളുടെയും കേന്ദ്രവും ശിർക്കിന്റെ അടിസ്ഥാനവും  അല്ലാഹുവിനെക്കൂടാതെ സ്വതന്ത്രമായി കാര്യം ചെയ്യാൻ കഴിവുണ്ടെന്ന വിശ്വാസത്തിലാണ് അടങ്ങിയിരിക്കുന്നതെങ്കിൽ, എന്തുകൊണ്ടാണ് നൂഹ് നബി عليه السلام തന്റെ ജനതയോട് വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ് എന്നീ ആൾക്കാരെക്കുറിച്ചുള്ള അവരുടെ വിശ്വാസം തിരുത്തിക്കൊടുക്കുന്നതിനായി ഈയൊരു വഴി സ്വീകരിക്കാതിരുന്നത്? അത് അവർക്കിടയിൽ ഒരു പരിഹാരവും  അവരുടെ മനസ്സുകളെ സത്യത്തിലേക്ക് അടുപ്പിക്കാൻ കൂടുതൽ അനുയോജ്യവുമായ വഴിയാകുമായിരുന്നല്ലോ?കാരണം നൂഹ് നബി عليه السلام യുടെ ജനത ആരാധിച്ചിരുന്ന ആ വിഗ്രഹങ്ങൾ ചില സ്വാലിഹീങ്ങളായ മനുഷ്യരുടെ പേരുകളായിരുന്നു’.

وهي أَسْمَاءُ رِجَالٍ صَالِحِينَ مِنْ قَوْمِ نُوحٍ، فَلَمَّا هَلَكُوا أَوْحَى الشَّيْطَانُ إِلَى قَوْمِهِمْ أَنِ انْصِبُوا إِلَى مَجَالِسِهِمُ الَّتِي كَانُوا يَجْلِسُونَ أَنْصَابًا، وَسَمُّوهَا بِأَسْمَائِهِمْ فَفَعَلُوا فَلَمْ تُعْبَدْ حَتَّى إِذَا هَلَكَ أُولَئِكَ وَتَنَسَّخَ الْعِلْمُ عُبِدَتْ‏.‏

ഇവരെല്ലാം നൂഹ്‌നബി عليه السلام യുടെ സമുദായത്തില്‍ ജീവിച്ചിരുന്ന നല്ല മനുഷ്യന്‍മാരായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ പിശാച്‌ ആ ജനതക്ക്‌ ദുര്‍ബോധനം നല്‍കി. ആ പുണ്യ പുരുഷന്‍മാര്‍ ഇരിക്കാറുണ്ടായിരുന്ന ഇരിപ്പിടങ്ങളില്‍ അവരുടെ പേര്‌ നല്‍കിക്കൊണ്ട്‌ ചില പ്രതിഷ്‌ഠകള്‍ സ്ഥാപിക്കണമെന്ന്‌ പിശാച്‌ മന്ത്രിച്ചു. അവര്‍ അപ്രകാരം ചെയ്‌തു. അവര്‍ ആദ്യം അവരെ ആരാധിച്ചിരുന്നില്ല.’ ആ തലമുറ മരണെപ്പട്ടുപോയി. അത്‌ സംബന്ധിച്ചുള്ള അറിവ്‌ ഇല്ലാതാവുകയും ചെയ്‌തു. തുടര്‍ന്ന്‌ അവര്‍ ആരാധിക്കപ്പെട്ടു. (ബുഖാരി)

അതുകൊണ്ട്, നൂഹ് നബി عليه السلام തന്റെ ജനതയോട് അവർ ആരാധിച്ചിരുന്ന വസ്തുക്കളെ പൂർണ്ണമായി തള്ളിപ്പറയാൻ ആവശ്യപ്പെടുന്നതിന് പകരം – അത് അവരിൽ വലിയ എതിർപ്പും വെറുപ്പും ഉണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ട് – ആ സ്വാലിഹീങ്ങളെക്കുറിച്ചുള്ള അവരുടെ വിശ്വാസം തിരുത്തിക്കൊടുക്കുകയായിരുന്നു ഇതിനേക്കാൾ അനുയോജ്യം. അതായത്, അവരോട് ഇങ്ങനെ പറയാമായിരുന്നു: ‘നിങ്ങൾ അവർക്കായി ബലി അർപ്പിക്കുകയും നേർച്ചകൾ നേർന്ന് അവരോട് ഇസ്തിഗാസ നടത്തുകയും ചെയ്തോളൂ; പക്ഷേ അത് അല്ലാഹുവിന്റെ അടുക്കൽ അവരെ ഇടനിലക്കാരാക്കാനും (തവസ്സുൽ) ശുപാർശക്കാരാക്കാനും (ശഫാഅത്ത്) മാത്രമായിരിക്കണം. അല്ലാതെ അല്ലാഹുവിനെക്കൂടാതെ സ്വതന്ത്രമായി കാര്യം ചെയ്യാൻ അവർക്ക് കഴിവുണ്ടെന്ന വിശ്വാസത്തോടെയാകരുത്. നിങ്ങൾ വദ്ദിനെയോ സുവാഇനെയോ വിളിക്കുമ്പോഴും, മഴ പെയ്യിക്കാനോ രോഗം മാറ്റാനോ അവരോട് ചോദിക്കുമ്പോഴും അല്ലാഹുവിന്റെ അടുക്കൽ അവർക്കുള്ള സ്ഥാനവും പദവിയും മുൻനിർത്തി തവസ്സുൽ ചെയ്തുകൊണ്ട് മാത്രം അപേക്ഷിച്ച് കൊള്ളുക. അത് നിങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ കൂടുതൽ സഹായകമാണ്. എന്നാൽ അല്ലാഹുവിന്റെ അനുമതിയില്ലാതെ സ്വതന്ത്രമായി മഴ പെയ്യിക്കാനോ രോഗം മാറ്റാനോ അവർക്ക് കഴിയും എന്ന് വിശ്വസിക്കരുത്, കാരണം അത് ശിര്‍ക്കും കുഫ്റുമാണ്. നൂഹ് നബി عليه السلام തന്റെ ജനതയെ ക്ഷണിക്കുന്നതിൽ ഈയൊരു രീതിയല്ലേ കൂടുതൽ ഫലപ്രദവും, ജനങ്ങൾ ആ ക്ഷണം സ്വീകരിക്കാൻ കൂടുതൽ സാധ്യതയുള്ളതും ആകുമായിരുന്നത്?

അതുപോലെത്തന്നെ, എന്തുകൊണ്ടാണ് നബി ﷺ ഖുറൈശികളായ മുശ്രിക്കുകളോട് തങ്ങളുടെ ദഅ്‌വത്തിൽ ഈയൊരു വഴി സ്വീകരിക്കാതിരുന്നത്? എന്നാൽ അവരാകട്ടെ – ഖുർആൻ തന്നെ വ്യക്തമാക്കുന്നത് പോലെ – ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടാവും പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സ്രഷ്ടാവും മഴ പെയ്യിക്കുന്നവനും അല്ലാഹു മാത്രമാണെന്ന് അംഗീകരിക്കുന്നവരായിരുന്നു താനും; അല്ലാഹു പറയുന്നു:

وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്‌) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌? (ഖു൪ആന്‍ : 29/61)

ﻭَﻟَﺌِﻦ ﺳَﺄَﻟْﺘَﻬُﻢ ﻣَّﻦ ﻧَّﺰَّﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺣْﻴَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﻣِﻦۢ ﺑَﻌْﺪِ ﻣَﻮْﺗِﻬَﺎ ﻟَﻴَﻘُﻮﻟُﻦَّ ٱﻟﻠَّﻪُ ۚ ﻗُﻞِ ٱﻟْﺤَﻤْﺪُ ﻟِﻠَّﻪِ ۚ ﺑَﻞْ ﺃَﻛْﺜَﺮُﻫُﻢْ ﻻَ ﻳَﻌْﻘِﻠُﻮﻥَ

ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന്‍ നല്‍കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന് സ്തുതി. പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:29/63)

وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌? (ഖു൪ആന്‍ : 43/87)

ഖുറൈശികൾ തങ്ങളുടെ ദൈവങ്ങളിലേക്ക് വഴിപാടുകളും  സഹായതേട്ടവും അപേക്ഷകളുമായി തിരിഞ്ഞിരുന്നത് അല്ലാഹുവിന്റെ അടുക്കൽ അവരെ ശുപാർശക്കാരാക്കാനും, അവർ മുഖേന അല്ലാഹുവിലേക്ക് അടുക്കാനും വേണ്ടി മാത്രമായിരുന്നു. അല്ലാഹു പറയുന്നത് കാണുക:

ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺨَﺬُﻭا۟ ﻣِﻦ ﺩُﻭﻧِﻪِۦٓ ﺃَﻭْﻟِﻴَﺎٓءَ ﻣَﺎ ﻧَﻌْﺒُﺪُﻫُﻢْ ﺇِﻻَّ ﻟِﻴُﻘَﺮِّﺑُﻮﻧَﺎٓ ﺇِﻟَﻰ ٱﻟﻠَّﻪِ ﺯُﻟْﻔَﻰٰٓ

അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. (ഖു൪ആന്‍:39/3)

അവർ മുന്നിൽ വെച്ച് പ്രാർത്ഥിച്ചിരുന്ന ആ കല്ലോ വിഗ്രഹമോ തന്നെയാണ് തങ്ങളെയോ ആകാശഭൂമികളെയോ സൃഷ്ടിച്ചത് എന്ന് അവർ വിശ്വസിച്ചിരുന്നെന്ന് ആരും കരുതരുത്. ഇതിനെക്കുറിച്ച്  അശ്‌അരിയ്യഃത്തിന്റെയും ഇൽമുൽ കലാമിന്റെയും പണ്ഢിതനായ ഇമാം ഷഹ്‌റസ്താനി പറയുന്നത് കാണുക:

ചുരുക്കത്തിൽ, വിഗ്രഹാരാധകർ വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കുന്നത് മറഞ്ഞിരിക്കുന്ന (അദൃശ്യനായ) ഒരു ആരാധ്യന് പകരമായിട്ടാണ്; അങ്ങനെ നിർമ്മിക്കപ്പെട്ട വിഗ്രഹം ആ ആരാധ്യന്റെ രൂപത്തിന് അനുയോജ്യമായ രീതിയിൽ അതിനു പകരമായും ആ സ്ഥാനത്ത് നിലകൊള്ളുന്നതുമായി മാറുന്നു. അതല്ലാതെ, തന്റെ സ്വന്തം കൈകൊണ്ട് ഒരു രൂപം കൊത്തിയുണ്ടാക്കി, അതിന് ഒരു രൂപം നൽകിയ ശേഷം, അതാണ് തന്റെ ദൈവവും സൃഷ്ടാവും സർവ്വത്തിന്റെയും ദൈവവും സൃഷ്ടാവും എന്ന് ബുദ്ധിയുള്ള ഏതെങ്കിലും ഒരു മനുഷ്യൻ വിശ്വസിക്കില്ല എന്ന് നമുക്ക് അറിയാം. കാരണം, ആ വിഗ്രഹത്തിന്റെ നിലനിൽപ്പ് അതിനെ ഉണ്ടാക്കിയ ശില്പിയുടെ നിലനിൽപ്പിന് ശേഷമുള്ളതാണ് (അതിനെക്കാൾ പിൽക്കാലത്തുള്ളതാണ്); അതിന്റെ രൂപമാകട്ടെ, അതിനെ കൊത്തിയുണ്ടാക്കിയ കൊത്തുപണിക്കാരന്റെ നിർമ്മാണത്തിലൂടെ മാത്രം ഉണ്ടാകുന്നതുമാണ്.

എന്നാൽ, ആ ജനവിഭാഗം ആ വിഗ്രഹങ്ങളിലേക്ക് പൂർണ്ണമായി ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയപ്പോൾ, അവരുടെ ആ ശ്രദ്ധ തിരിക്കൽ തന്നെ ഒരു ‘ആരാധന’യായി മാറി. അവയോട് തങ്ങളുടെ ആവശ്യങ്ങൾ ചോദിക്കുന്നത് ആ വിഗ്രഹങ്ങൾക്ക് ദൈവീകത ഉണ്ടെന്ന് സ്ഥാപിക്കലുമായി മാറി. ഇതിനെക്കുറിച്ചാണ് അവർ പറഞ്ഞിരുന്നത്: {അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. (ഖു൪ആന്‍:39/3)}. ഇനി, അവർ ആ വിഗ്രഹങ്ങളുടെ രൂപങ്ങളിൽ മാത്രമാണ് റബൂബിയ്യത്തും ഇലാഹിയ്യത്തും വിശ്വസിച്ചിരുന്നതെങ്കിൽ, അവർ അവയിൽ നിന്ന് പ്രപഞ്ചനാഥനിലേക്ക്  കടന്നു ചിന്തിക്കുമായിരുന്നില്ല. [الملل والنحل (3/ 104)]

എന്തുകൊണ്ടാണ് നബി ﷺ ആ ഒരു അടിസ്ഥാനത്തിൽ നിന്നുകൊണ്ട് കാര്യങ്ങളെ സമീപിക്കാതിരുന്നത്? വിഗ്രഹങ്ങളെയോ മലക്കുകളെയോ ഈസാ عليه السلام യെയോ ആരാധിക്കുന്ന എല്ലാവരോടും നബി ﷺ എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞില്ല: {നിങ്ങൾ പ്രാർത്ഥന കൊണ്ടും സഹായതേട്ടം കൊണ്ടും നേർച്ചവഴിപാടുകൾ കൊണ്ടും  മുമ്പുണ്ടായിരുന്ന അതേ അവസ്ഥയിൽ തന്നെ തുടർന്നുകൊള്ളുക. എന്നാൽ അതിന് രണ്ട് നിബന്ധനകളുണ്ട്:

ഒന്ന്: അല്ലാഹുവിന്റെ അടുക്കൽ അവരെ ഇടനിലക്കാരാക്കാനും (തവസ്സുൽ) ശുപാർശക്കാരാക്കാനും വേണ്ടി മാത്രം നിങ്ങൾ അത് ചെയ്യുക. കാരണം മലക്കുകളും ഈസാ നബി عليه السلام യും, നിങ്ങൾ വിഗ്രഹങ്ങളുടെ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്ന സ്വാലിഹീങ്ങളായ ആളുകളും അല്ലാഹുവിന്റെ അടുക്കൽ അടുത്ത പദവിയുള്ള ശുപാർശക്കാരാണ്. അല്ലാഹുവിന് പുറമെ ഈ ശുപാർശകർക്ക് സ്വയം കാര്യങ്ങൾ നിയന്ത്രിക്കാനും സൃഷ്ടിക്കാനും ഉണ്ടാക്കാനുമുള്ള കഴിവുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുകയും; കഴിവിൻ്റെയും സൃഷ്ടിപ്പിൻ്റെയും കാര്യത്തിൽ അവർ അല്ലാഹുവിന് തുല്യരായ മറ്റ് രക്ഷിതാക്കളാണെന്ന് വിശ്വസിക്കുകയും ചെയ്താൽ മാത്രമായിരിക്കും നിങ്ങൾ നിങ്ങൾ മുശ്രിക്കും കാഫിറും ആകുക.  അതുകൊണ്ട്, നിങ്ങൾ അവരിലേക്ക് എത്ര നേർച്ചകൾ അർപ്പിച്ചാലും വഴിപാടുകൾ നൽകിയാലും, ഒരു ഉപകാരം ലഭിക്കാനോ ഉപദ്രവം തടയാനോ വേണ്ടി കരഞ്ഞുവിളിച്ച് അവരുടെ നാമം ഉറക്കെ വിളിച്ചാലും – നിങ്ങളുടെ ഉദ്ദേശ്യം അല്ലാഹുവിനോട് ശുപാർശ ചോദിക്കലും തവസ്സുൽ ചെയ്യലുമാണെങ്കിൽ – നിങ്ങൾ മുശ്രിക്കുകൾ ആകില്ല; മറിച്ച്, അവർ അല്ലാഹുവിന് തുല്യരായ, അവനെക്കൂടാതെ സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ദൈവങ്ങളാണ് എന്ന് വിശ്വസിച്ചാൽ മാത്രമേ നിങ്ങൾ ശിർക്ക് ചെയ്യുന്നവരാകൂ!

രണ്ട്: നിങ്ങൾ ചെയ്യുന്ന ഈ കാര്യങ്ങളെ ‘ആരാധന’ (ഇബാദത്ത്) എന്ന് വിളിക്കുന്നത് നിങ്ങൾ ഒഴിവാക്കുക!. പകരം അതിനെ ‘തവസ്സുൽ’ (ഇടനിലയാക്കൽ), ‘തശഫ്ഫുഅ്’ (ശുപാർശ തേടൽ) എന്ന് വിളിക്കുക, അല്ലാതെ ഇബാദത്ത് എന്ന് വിളിക്കരുത്. കാരണം, ഇബാദത്ത് അല്ലാഹുവിന് മാത്രമായി നൽകപ്പെടേണ്ട ഒന്നാണ്. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ ഇബാദത്ത് എന്ന് വിളിക്കാതെ തവസ്സുൽ എന്നും തശഫ്ഫുഅ് എന്നും വിളിക്കുകയാണെങ്കിൽ, അതോടെ നിങ്ങൾ ശിർക്കിൽ നിന്നും കുഫ്‌റിൽ നിന്നും പുറത്തുകടക്കുന്നതാണ്.}

ജനങ്ങളോട് ഈ ആരാധ്യരെയെല്ലാം പൂർണ്ണമായി തള്ളിപ്പറയാനു, അവരെ ഉപേക്ഷിക്കാനും, അവരെ വിളിച്ചു പ്രാർത്ഥിക്കുന്നവരുടെ ബുദ്ധിയെ ചോദ്യം ചെയ്യാനും ആവശ്യപ്പെടുന്നതിന് പകരം – ആ ആരാധ്യരിലേക്ക് തിരിയുമ്പോൾ തങ്ങളുടെ വിശ്വാസത്തെ ഈ പറഞ്ഞതുപോലെ തിരുത്താൻ ആവശ്യപ്പെടലല്ലേ നബി ﷺക്ക് ഏറ്റവും എളുപ്പവും ലളിതവുമായ വഴി? അങ്ങനെ ചെയ്യുന്നത് അവർ നബി ﷺയുടെ പ്രബോധനം സ്വീകരിക്കുന്നതിന് കൂടുതൽ ഉചിതവും അടുത്തതുമായിരുന്നില്ലേ?  അങ്ങനെയായിരുന്നെങ്കിൽ ആ ആരാധ്യവസ്തുക്കളിലേക്ക് തിരിയുന്നത് അവർ ഉപേക്ഷിക്കേണ്ടി വരുമായിരുന്നില്ല. അതേസമയം തന്നെ, അല്ലാഹു മാത്രമാണ് സ്രഷ്ടാവും കാര്യങ്ങൾ നിയന്ത്രിക്കുന്നവനും എന്ന് അവർ അംഗീകരിക്കുകയും ചെയ്യുമ്പോൾ, വിശ്വാസപരമായ ആ ലക്ഷ്യം ഇവിടെ നേടാനാവുകയും ചെയ്യുന്നു. പ്രയാസങ്ങളിൽ അവർ പേരെടുത്ത് വിളിക്കുകയും നേർച്ചകളും ബലികളും അർപ്പിക്കുകയും ചെയ്യുന്ന ആ വ്യക്തികൾ അല്ലാഹുവിങ്കൽ അവർക്കുള്ള പദവിയും സ്ഥാനവും കാരണത്താൽ ജനങ്ങൾക്കും അവരുടെ രക്ഷിതാവിനുമിടയിലുള്ള ശുപാര്‍ശക്കാരും ഇടനിലക്കാരും മാത്രമാണ്! കൂടാതെ, തങ്ങൾ ചെയ്യുന്നത് ആ ശഫാഅത്തുകാരോടുള്ള ‘ആരാധന’യല്ല, മറിച്ച് ശഫാഅത്ത് തേടലും (ഇസ്തിഷ്ഫാഅ്) ഖുർആനിലൂടെ അല്ലാഹു തന്റെ ദാസന്മാരോട് കല്പിച്ച ഈ കൽപ്പനയുടെ പ്രയോഗവുമാണ്:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ …

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുക. (ഖുർആൻ:5/35)

ചിന്തിച്ചു നോക്കൂ! നബി ﷺ വർഷങ്ങളോളം മക്കയിൽ തനിക്കെതിരെയും തന്റെ അനുയായികൾക്കെതിരെയും വധഭീഷണികളും സർവ്വനാശത്തിന്റെ അപായസാധ്യതകളും നിലനിൽക്കെ ആ അവസ്ഥയെ അഭിമുഖീകരിച്ചു. എന്നാൽ, ഖുറൈശികളെയും മറ്റു അറബികളെയും അവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടില്ലാത്ത വിധം തന്റെ ദീനിലേക്ക് എളുപ്പത്തിൽ ആകർഷിക്കാമായിരുന്ന ആ പരിഹാരം നബി ﷺ സ്വീകരിച്ചതേയില്ല!

അല്ലാഹു അല്ലാത്തവരോട് നേർച്ച നേരുന്നവരുടെയും, അവരെ വിളിച്ചു പ്രാർത്ഥിക്കുന്നവരുടെയും, സഹായം തേടുന്നവരുടെയും ഉദ്ദേശ്യം (നിയ്യത്ത്) ശരിയാക്കി കൊടുക്കാനോ, അല്ലെങ്കിൽ അവർ ചെയ്യുന്ന ആ കാര്യങ്ങൾക്ക് ‘ആരാധന’ എന്നതിന് പകരം ‘തവസ്സുൽ’ എന്നും ‘തശഫ്ഫുഅ്’ (ശുപാർശ തേടൽ) എന്നും പേര് മാറ്റി നൽകാനോ തുനിയാതെ,  മരണപ്പെട്ട ആളുകളിലേക്കുള്ള എല്ലാവിധ തിരിയലുകളും പൂർണ്ണമായി വിച്ഛേദിക്കാനും; ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും നേർച്ചവഴിപാടുകളും വിളികളും സഹായമഭ്യർത്ഥനകളും അല്ലാഹുവിന് മാത്രമായി സമർപ്പിക്കാനും നബി ﷺ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണ്?

യഥാർത്ഥത്തിൽ, നബി ﷺ കൊണ്ടു വന്ന ഈ നിലപാടിൽ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം, അവിടുത്തെ പ്രബോധനത്തിന്റെ കേന്ദ്രവും അടിസ്ഥാനവും കാതലുമെന്നത് – മുൻകഴിഞ്ഞ മുഴുവൻ പ്രവാചകന്മാരുടെ പ്രബോധനത്തിന്റെയും – ആപത്തുകളിലും പ്രയാസങ്ങളിലും പ്രാർത്ഥനകളും വിളികളും ലക്ഷ്യങ്ങളും അല്ലാഹുവിന് മാത്രമായി അർപ്പിക്കലാണ് (തൗഹീദ്). അതുപോലെ തന്നെ മറ്റെല്ലാ ആരാധനകളും അർപ്പണങ്ങളും അവന് മാത്രമായി പരിമിതപ്പെടുത്തണം; ദീൻ ബാഹ്യമോ ആന്തരികമോ, യഥാർത്ഥമോ പ്രതീകാത്മകമോ ആയ എല്ലാ പങ്കുചേർക്കലുകളിൽ (ശിർക്ക്) നിന്നും മുക്തമായി അല്ലാഹുവിന് മാത്രം നിർമ്മലമായിരിക്കണം എന്നതാണ് അത്.

قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَٰلَمِينَ ‎﴿١٦٢﴾‏ لَا شَرِيكَ لَهُۥ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا۠ أَوَّلُ ٱلْمُسْلِمِينَ ‎﴿١٦٣﴾‏

പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്‌പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്. (ഖു൪ആന്‍ : 6/162-163)

രണ്ടാമത്തെ ചോദ്യം ഇതാണ്:

സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അല്ലാഹുവിന് മാത്രമാണ് അധികാരമെന്ന വിശ്വാസത്തോടെ മരണപ്പെട്ടവരോട് സഹായം തേടുന്നതും, അവരോട് ഉപജീവനവും മറ്റും ചോദിക്കുന്നതും, ആപത്തുകൾ തടുക്കാനും സന്തോഷങ്ങൾ ലഭിക്കാനും അവരോട് പ്രാർത്ഥിക്കുന്നതും  അനുവാദം നൽകപ്പെട്ടതും അത് ഒരു ‘തവസ്സുൽ’ (ഇടനിലയാക്കൽ), ‘തശഫ്ഫുഅ്’ (ശുപാർശ തേടൽ) എന്നിവ മാത്രമാണെങ്കിൽ, എന്തുകൊണ്ടാണ് നബി ﷺ യുടെ സ്വഹാബിമാര്‍ ഈ അനുവദനീയമായ കാര്യം ചെയ്യാതെ അതിൽ നിന്ന് പൂർണ്ണമായി പിന്തിരിഞ്ഞത്? അതിനുള്ള അടിയന്തിര സാഹചര്യങ്ങളും ആവശ്യങ്ങളും അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് അവരെല്ലാവരും അത് ഉപേക്ഷിക്കുന്നതിൽ ഏകോപിച്ചു?

എന്തുകൊണ്ടാണ് നബി ﷺ യുടെ സ്വഹാബിമാര്‍ നബി ﷺ യുടെ ﷺ ഖബറിടത്തിലേക്ക് വന്ന് തങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിച്ചു തരാനും, ആഗ്രഹങ്ങൾ നിർവ്വഹിച്ചു തരാനും, തങ്ങളുടെയോ മക്കളുടെയോ ഭാര്യമാരുടെയോ ബന്ധുക്കളുടെയോ രോഗങ്ങൾ ശമിപ്പിച്ചു തരാനും നബി ﷺ യോട് ചോദിക്കുന്നതായി നമ്മൾ കാണാതിരുന്നത്?അതല്ലെങ്കിൽ, തങ്ങൾക്ക് പ്രയാസങ്ങളും ആപത്തുകളും വന്നുഭവിക്കുമ്പോൾ അവരുള്ള സ്ഥലങ്ങളിൽ വെച്ചുതന്നെ നബി ﷺ യുടെ നാമം വിളിച്ച് തങ്ങളെ ബാധിച്ച വിഷമങ്ങൾ നീക്കിത്തരാൻ തേടാതിരുന്നത് എന്തുകൊണ്ടാണ്?

ഇന്ന് കിഴക്കും പടിഞ്ഞാറുമുള്ള സാധാരണക്കാരായ ആളുകൾ മഹാന്മാരുടെയും സ്വാലിഹീങ്ങളുടെയും നാമങ്ങൾ വിളിച്ച് അലമുറയിടുന്നതുപോലെ, ദുരന്തങ്ങൾ സംഭവിക്കുമ്പോഴും ആപത്തുകൾ തങ്ങൾക്കുചുറ്റും വലയം ചെയ്യുമ്പോഴും അത്തരം കാര്യങ്ങൾ ചെയ്യാൻ അനുവാദം നൽകുന്നവർ അത് ‘അനുവദനീയമായ തവസ്സുലും തശഫ്ഫുഉം’ ആണെന്ന് ന്യായീകരിക്കുന്നത് പോലെ, സ്വഹാബികൾ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? അതൊ ഇനി, മരണപ്പെട്ടയാളെ വിളിക്കുന്നതും അയാളോട് ചോദിക്കുന്നതും യഥാർത്ഥ ചോദിക്കലല്ല, മറിച്ച് അത് المجاز العقلي (പ്രയോഗിക ശൈലി) മാത്രമാണെന്ന് പിൽക്കാലക്കാരായ ആളുകൾ മനസ്സിലാക്കിയ ആ കാര്യം  സ്വഹാബികൾക്ക് അറിയാതെ പോയതാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ഈ സഹായതേട്ടം അനുവാദനീയമാക്കുന്നവർ പിൽക്കാലത്ത് കണ്ടെത്തിയ, ഭാഷാപരവും ശർഇയ്യുമായ ഈ ‘സൂക്ഷ്മ വശം’ മനസ്സിലാക്കാൻ സാധിക്കാത്തത്ര വിവരമില്ലാത്തവരായിരുന്നു സ്വഹാബികൾ എന്നാണോ നിങ്ങൾ കരുതുന്നത്? ഈ വാദക്കാർ മനസ്സിലാക്കിയതുപോലെ അത് ഗ്രഹിക്കാനും ഉൾക്കൊള്ളാനും സ്വഹാബികൾക്ക് സാധിക്കാതെ പോയി എന്നുമാണോ നിങ്ങൾ കരുതുന്നത്?

അതുപോലെ തന്നെ, സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളിൽ സ്വഹാബികളിൽ നിന്ന് ഇത്തരത്തിൽ വ്യക്തമായ പ്രാർത്ഥനകളുടെയോ ഇസ്തിഗാസകളുടെയോ ഒരു തെളിവുപോലും നമ്മൾ കാണാത്തത് എന്തുകൊണ്ടാണ്? ഈ സഹായതേട്ടം അനുവദനീയമാക്കുന്നവരുടെ പക്കൽ ഈ വിഷയത്തിൽ ഉദ്ധരിക്കാൻ  ഒന്നുകിൽ ആരെന്നറിയാത്ത വ്യക്തികളുടെ കഥകൾ, അല്ലെങ്കിൽ ഉദ്ദേശിച്ച വിഷയത്തിന് ഒട്ടും തെളിവാകാത്ത റിപ്പോർട്ടുകൾ എന്നല്ലാതെ സ്വഹാബികളിൽ നിന്ന് ഒന്നും ഇല്ലാതെ പോയത് എന്തുകൊണ്ടാണ്? ആ വചനങ്ങളുടെ അർത്ഥം വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനങ്ങൾ നൽകിയും തങ്ങളുടെ വാദത്തിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചും മാത്രമാണ് അതിൽ നിന്ന് എന്തെങ്കിലും തെളിവുണ്ടാക്കുന്നത്!

മനുഷ്യർക്ക് പ്രയാസങ്ങളും പരീക്ഷണങ്ങളും ആഗ്രഹങ്ങളും എപ്പോഴും വന്നുകൊണ്ടിരിക്കും. അങ്ങനെയൊരു ആപത്ത് വരുമ്പോൾ, അത് മാറാൻ സഹായിക്കുമെന്ന് തോന്നുന്ന ഏത് വഴിയും ആളുകൾ സ്വാഭാവികമായും തിരയും. നബി ﷺ യുടെ ഖബറിനരികിൽ ചെന്ന് സഹായം ചോദിക്കുന്നത് അനുവദനീയമായ രീതിയായിരുന്നെങ്കിൽ, ആപത്ത് വന്ന ആ സമയത്ത് സ്വഹാബികൾ അത് ചെയ്യുമായിരുന്നു.  എന്നാൽ സ്വഹാബികളാരും അത് ചെയ്തില്ല. അതിനാൽ, മരണപ്പെട്ടവരോടുള്ള സഹായതേട്ടം എന്നത് സ്വഹാബികളുടെ മാതൃകയല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.

മരണപ്പെട്ടവരോട് സഹായം തേടൽ അനുവദിനീയമായ ഒരു കാര്യമായിരുന്നുവെങ്കിൽ, നബി ﷺ യും സ്വഹാബികളും അത് ജനങ്ങളെ വ്യക്തമായി പഠിപ്പിക്കുകയും തലമുറകളിലേക്ക് റിപ്പോർട്ട് ചെയ്തു കൈമാറുകയും ചെയ്യുമായിരുന്നു. അല്ലാഹുവിനോടല്ലാതെ പ്രാർത്ഥിക്കരുത് എന്ന് വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിൽ വളരെ വ്യക്തമായി വിലക്കിയിട്ടുണ്ട്. ഖുർആനിൽ അങ്ങനെ വിലക്കിയിട്ടുണ്ടെങ്കിലും “മഹാന്മാരായ ആളുകളോട് ചോദിക്കുന്നത് തെറ്റല്ല” എന്നൊരു ഇളവ് ഇസ്ലാമിൽ ഉണ്ടായിരുന്നുവെങ്കിൽ, നബി ﷺ അത് ജനങ്ങൾക്ക് വ്യക്തമായി പറഞ്ഞു കൊടുക്കേണ്ടതായിരുന്നു. മാത്രമല്ല മുശ്രിക്കുകൾ അവരുടെ ആരാധ്യൻമാരോട് തേടിയിരുന്ന പ്രവൃത്തിയിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമാണ് ഇത് എന്ന്  വ്യക്തമാക്കപ്പെടേണ്ടതിന്റെ ആവശ്യകത എത്രയോ വലുതായിരുന്നു! ആളുകൾക്ക് തെറ്റിദ്ധാരണ വരാതിരിക്കാൻ അത് പഠിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാൽ നബി ﷺ യിൽ നിന്നോ സ്വഹാബികളിൽ നിന്നോ അങ്ങനെ ഒരു അനുവാദം നൽകിയതായി ഒരൊറ്റ സ്വഹീഹായ ഹദീസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ ഇല്ലാത്ത ഒരു ഇളവ് പിൽക്കാലത്ത് ഉണ്ടാക്കിയെടുത്തതാണ്.

സ്വഹാബിയായ ജാബിർ ബ്നു അബ്ദില്ലാഹ് رضي الله عنه തന്റെ വസ്ത്രങ്ങൾ കൊളുത്തിൽ തൂക്കിയിട്ടിരിക്കെ, ഒരൊറ്റ തുണിയുടുത്ത് നമസ്കരിക്കുകയുണ്ടായി. താബിഇയ്യായ മുഹമ്മദ് ബിൻ അൽ-മുൻകദിർ അദ്ദേഹത്തോട് ഇതിന്റെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ജാബിർ رضي الله عنه പറഞ്ഞത് ഇപ്രകാരമാണ്:

إِنَّمَا صَنَعْتُ ذَلِكَ لِيَرَانِي أَحْمَقُ مِثْلُكَ، وَأَيُّنَا كَانَ لَهُ ثَوْبَانِ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم

നിന്നെപ്പോലെയുള്ള (മതകാര്യങ്ങളിൽ) വിവരമില്ലാത്തവർ കണ്ടു മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ ഇപ്രകാരം ചെയ്തത്! നബി ﷺ യുടെ കാലത്ത് നമ്മളിൽ ആർക്കാണ് രണ്ട് വസ്ത്രങ്ങൾ വീതം ഉണ്ടായിരുന്നത്? (ബുഖാരി:352)

ഈ പ്രവൃത്തിയിലൂടെ, ഒരൊറ്റ വസ്ത്രം മാത്രം ധരിച്ച് നമസ്കരിക്കുന്നത് അനുവദനീയമാണെന്ന്  സമൂഹത്തിന് പഠിപ്പിച്ചു കൊടുക്കാനും കൈമാറാനുമാണ് ജാബിർ رضي الله عنه ആഗ്രഹിച്ചത്. ഇത്തരത്തിൽ കാര്യങ്ങൾ ജനങ്ങൾക്ക് കൈമാറിയതിന്റെ ഉദാഹരണങ്ങൾ ഹദീസ് ഒട്ടനവധിയാണ്. അപ്പോൾ, ഒരൊറ്റ വസ്ത്രത്തിൽ നമസ്കരിക്കുന്നത് അനുവദനീയമാണ് എന്ന് വ്യക്തമാക്കുന്നതിനേക്കാളും, സമാനമായ വിഷയങ്ങളേക്കാളും തൗഹീദുമായി  ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ തെളിച്ചുകാണിക്കാനല്ലേ സ്വഹാബികൾ കൂടുതൽ മുൻഗണന നൽകേണ്ടിയിരുന്നത്?

സ്വഹാബികൾ ഇസ്ലാമിക പ്രബോധനത്തിനായി മറ്റ് ഭൂപ്രദേശങ്ങളിലേക്ക് നാടുവിട്ടു പോവുകയും അവിടെ താമസമാക്കുകയും ചെയ്തിരുന്നുവല്ലോ. എങ്കിൽ, നബി ﷺ യോടോ ﷺ അല്ലെങ്കിൽ അബൂബക്കർ (റ), ഉമർ (റ) തുടങ്ങിയ പ്രമുഖ സ്വഹാബികളോടോ അവരുടെ വഫാത്തിന് ശേഷമോ ഇത്തരത്തിലുള്ള ഇസ്തിഗാസകൾ ഇടയ്ക്കിടയ്ക്ക് ചെയ്യേണ്ടത് അവരിൽ അത്യന്തം അനിവാര്യമായ ഒരു കാര്യമായിരുന്നില്ലേ? വ്യത്യസ്ത പശ്ചാത്തലങ്ങളുമുള്ള താബിഇകൾക്ക് ഈ വിഷയം കൈമാറാനും, ആവശ്യങ്ങൾ നിറവേറ്റാനും പ്രയാസങ്ങൾ അകറ്റാനുമുള്ള ഏറ്റവും ഫലപ്രദമായ ഈ വഴിയിലേക്ക് അവരെ വഴിനടത്താനും വേണ്ടി സ്വഹാബികൾ അത് വീണ്ടും വീണ്ടും പ്രവർത്തിക്കേണ്ടതായിരുന്നില്ലേ? എന്നാൽ അവരാരും അത് ചെയ്തിട്ടില്ലല്ലോ.

അതുപോലെ തന്നെ, ഈ കാര്യം എല്ലാ ദിവസവും, അല്ലെങ്കിൽ ഓരോ മണിക്കൂറിലും ധാരാളമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നായി മാറി! മുസ്ലിം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇത് വ്യാപിക്കുകയും ഈ സാമൂഹ്യ വിപത്തിനെ ന്യായീകരിക്കാനും അനുവദനീയമാക്കാനും ചിലർ രംഗത്തുവരികയും, ഇതിനുവേണ്ടി വാദിക്കുകയും, ഇതിനെ തടയുന്നവർക്കെതിരെ കഠിനമായി ആക്ഷേപിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി! മാത്രവുമല്ല, ഇതിനെതിരെ ഇസ്ലാമിക പ്രമാണം കൊണ്ട് സംസാരിക്കുന്നവര്‍ മുസ്ലിംകളുടെ പ്രവർത്തനങ്ങൾക്ക് എതിര് നിൽക്കുന്നവരാണെന്ന് ആരോപിക്കുകയും ചെയ്യുന്നു!

അവസാനമായി,

മരണപ്പെട്ട സ്വാലിഹീങ്ങളോടും ഔലിയാക്കളോടും സഹായം തേടുന്നതും അവരോട് ആവശ്യങ്ങൾ ചോദിക്കുന്നതും – അല്ലാഹുവാണ് സ്രഷ്ടാവെന്ന വിശ്വാസത്തോടെയാണെങ്കിലും – അത് ശിർക്ക് തന്നെയാണ്. പ്രവാചകന്മാർക്ക് ശേഷം സൃഷ്ടികളിൽ ഏറ്റവും ഉത്തമരും, തൗഹീദിന്റെ വക്താക്കളായ തന്റെ സ്വഹാബികളോട് നബി ﷺ ഇപ്രകാരം പറയുകയുണ്ടായി:

لا تحلفوا بآبائكم، من حلَف بشيء دون الله فقد أشرك

നിങ്ങൾ നിങ്ങളുടെ പിതാക്കളെക്കൊണ്ട് സത്യം ചെയ്യരുത്. അല്ലാഹു അല്ലാത്തവരെക്കൊണ്ട് ആരെങ്കിലും സത്യം ചെയ്താൽ അവൻ ശിർക്ക് ചെയ്തു.

കൂടാതെ, നബി ﷺ യോട് സംസാരിക്കവേ “അല്ലാഹുവും അങ്ങയും ഉദ്ദേശിച്ചത്” എന്ന് പറഞ്ഞ ഒരാളോട് നബി ﷺ ഇപ്രകാരം ചോദിച്ചു:

أَجَعَلْتَنِي لِلَّهِ عَدْلا ؟ قُلْ : مَا شَاءَ اللَّهُ وَحْدَهُ

നീ എന്നെ അല്ലാഹുവിന് സമനാക്കുകയാണോ? പകരം, ‘അല്ലാഹു മാത്രം ഉദ്ദേശിച്ചത്’ എന്ന് പറയുക.

അതിനാൽ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് സന്മാർഗ്ഗം ലഭിച്ച വ്യക്തി ആലോചിച്ചു നോക്കട്ടെ! ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ഹൃദയങ്ങളെ അല്ലാഹുവിൽ മാത്രം ബന്ധിപ്പിക്കാൻ നബി ﷺ കാണിച്ച ശ്രദ്ധ എത്രത്തോളമായിരുന്നു! മാത്രവുമല്ല, ഒരാൾ ഒരു വാക്ക് പറയുമ്പോൾ അല്ലെങ്കിൽ ഒരു പ്രവൃത്തി ചെയ്യുമ്പോൾ  അവന്റെ ഉള്ളിലെ ഉദ്ദേശ്യത്തെക്കുറിച്ചോ (നിയ്യത്ത്), മനസ്സിനുള്ളിലെ വിശ്വാസത്തെക്കുറിച്ചോ, താൻ പറഞ്ഞ വാക്കിലൂടെ സൃഷ്ടികളെ അല്ലാഹുവിന് സമന്മാരായി കാണുന്നുണ്ടോ എന്നതിനെക്കുറിച്ചോ ചോദിച്ചു നോക്കാതെ തന്നെ  പ്രവൃത്തിയുടെയും വാക്കിന്റെയും ബാഹ്യ രൂപത്തിൽ പോലും തൗഹീദ് കാത്തുസൂക്ഷിക്കാൻ അവിടുന്ന് എത്രത്തോളം ജാഗ്രത പുലർത്തിയിരുന്നു!

അങ്ങനെയായിരിക്കണം നബി ﷺ യെ മാതൃകയാക്കുന്ന യഥാർത്ഥ മുസ്‌ലിമിന്റെ നിലപാട്. തന്റെ ഹൃദയവും ശരീരവും, അതുപോലെ തന്റെ നിയ്യത്തും സംസാരവും തൗഹീദിന് അനുസൃതമായിരിക്കാനും ശിര്‍ക്കിൽ നിന്ന് മുക്തമാകാനും അവൻ അതിയായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും വേണം.. മറിച്ച്, താൻ സംസാരിക്കുന്ന വാക്കുകളും ബാഹ്യമായ പ്രവൃത്തികളും ശിർക്കിന്റെ രൂപത്തിലായിരിക്കുകയും; എന്നിട്ട് ‘എന്റെ ഹൃദയവും ഉദ്ദേശ്യവും തൗഹീദിലാണ്, അതുകൊണ്ട് ബാഹ്യമായ ഈ രൂപം എനിക്ക് ദോഷം ചെയ്യില്ല’ എന്ന് ന്യായീകരിക്കുകയും ചെയ്യുന്ന നിലപാട് പാടില്ലാത്തതുമാണ്.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *