ഇജ്മാഅ് (الإجماع) ഖിയാസ് (القياس) എന്നിവ ശറഇയ്യായ വിധികൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഇസ്ലാമിക പ്രമാണങ്ങളിൽ പെട്ടവയാണ്.
ഇജ്മാഅ് (الإجماع)
പ്രമാണങ്ങളുടെ മുൻഗണനാക്രമത്തിൽ ഇജ്മാഇന്റെ സ്ഥാനം വിശുദ്ധ ഖുർആനും സുന്നത്തിനും ശേഷം മൂന്നാമതായാണ് വരുന്നത്. ഭാഷാപരമായി ‘ഇജ്മാഅ്’ (الإجماع) എന്ന വാക്ക് രണ്ട് അർത്ഥങ്ങളിൽ പൊതുവായി ഉപയോഗിക്കപ്പെടുന്നു. അതിലൊന്ന്: ഉറച്ച തീരുമാനം (العزم) എന്നതാണ്. അല്ലാഹു പറഞ്ഞു:
فَأَجْمِعُوٓا۟ أَمْرَكُمْ
അതില് നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള് പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. (ഖു൪ആന് :10/71)
രണ്ടാമത്തെ അർത്ഥം: യോജിപ്പ് / ഐക്യകണ്ഠത (الاتفاق) എന്നതാണ്. ഉദാഹരണത്തിന്: ഒരു കൂട്ടം ആളുകൾ ഏതെങ്കിലും ഒരു കാര്യത്തിൽ യോജിച്ചാൽ أَجْمَعَتِ الْجَمَاعَةُ عَلَى كَذَا എന്ന് പറയാറുണ്ട്.
എന്നാൽ കർമ്മശാസ്ത്രപരമായി, അല്ലമാ അൽസർക്കശി رحمه الله തൻ്റെ البحر المحيط എന്ന ഗ്രന്ഥത്തിൽ (6 /379) അതിനെ ഇപ്രകാരം നിർവ്വചിച്ചിരിക്കുന്നു:
هو اتفاق مجتهدي أمة محمد – صلى الله عليه وسلم – بعد وفاته في حادثة على أمر من الأمور في عصر من الأعصار
മുഹമ്മദ് നബി ﷺ യുടെ വഫാത്തിന് ശേഷം, ഏതെങ്കിലും ഒരു കാലഘട്ടത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ, അവിടുത്തെ ഉമ്മത്തിലെ മുജ്തഹിദുകളായ മുഴുവൻ പണ്ഡിതന്മാരും ഐക്യകണ്ഠമായി യോജിക്കുന്നതിനാണ് ഇജ്മാഅ് എന്ന് പറയുന്നത്.
ഈ നിർവ്വചനത്തിൽ നിന്ന് ഇജ്മാഅ് നിലവിൽ വരണമെങ്കിൽ ചില നിബന്ധനകൾ അത്യാവശ്യമാണെന്ന് മനസ്സിലാക്കാം. അവ താഴെ പറയുന്നവയാണ്:
1.ആ യോജിപ്പ് മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിലെ മുജ്തഹിദുകളായ പണ്ഡിതന്മാരിൽ നിന്നായിരിക്കണം എന്നത്. അതിനാൽ, പൂർവ്വ പ്രവാചകന്മാരുടെ ഉമ്മത്തുകളുടെ യോജിപ്പ് ഇതിൽ നിന്ന് പുറത്തുപോകുന്നു. അത് ഇജ്മാഅ് ആയി പരിഗണിക്കപ്പെടില്ല.
2.അത് നബി ﷺ യുടെ വഫാത്തിന് ശേഷമായിരിക്കണം. കാരണം, അവിടുത്തെ ജീവിതകാലത്ത് ഇജ്മാഇന് സ്ഥാനമില്ല.
3.’ഏതെങ്കിലും ഒരു കാലഘട്ടത്തിൽ’ എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ്. അന്ത്യനാൾ വരെ വരാനിരിക്കുന്ന എല്ലാ മുജ്തഹിദുകളെയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ പരാമർശം. ഈ ധാരണ തെറ്റാണ്; കാരണം, അങ്ങനെ കരുതുന്നത് ഇജ്മാഅ് എന്ന ഒന്ന് സംഭവിക്കുകയേയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. അപ്പോൾ ഒരു വിഷയത്തിൽ ഒരു പ്രത്യേക കാലഘട്ടത്തിലുള്ള മുഴുവൻ മുജ്തഹിദുകളും ഒത്തൊരുമിച്ചാൽ തന്നെ ഇജ്മാഅ് സ്ഥിരപ്പെട്ടു കഴിഞ്ഞു.
ഇജ്മാഅ് എന്നത് ഒരു ശറഇയ്യായ പ്രമാണമാണ്; കാരണം, അത് ഈ ഉമ്മത്തിന്റെ പിഴവറ്റ തനിമയിലും തെറ്റില്ലായ്മയിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്. ഈ ഉമ്മത്ത് ഒരിക്കലും ഒരു ദുർമാർഗ്ഗത്തിൽ ഒന്നിക്കുകയില്ല. ഇത് സുന്നത്തിന്റെ തെളിവുകളാൽ സ്ഥിരപ്പെട്ട കാര്യമാണ്.
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :إِنَّ اللَّهَ لاَ يَجْمَعُ أُمَّتِي – أَوْ قَالَ أُمَّةَ مُحَمَّدٍ صلى الله عليه وسلم – عَلَى ضَلاَلَةٍ.
ഇബ്നു ഉമര് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും അല്ലാഹു എന്റെ ഉമ്മത്തിനെ – അല്ലെങ്കിൽ അവിടുന്ന് പറഞ്ഞു: മുഹമ്മദ് ﷺ യുടെ ഉമ്മത്തിനെ – ഒരു വഴിപിഴച്ച കാര്യത്തിൽ ഒന്നിപ്പിക്കുകയില്ല. (തിര്മിദി:2167 – സ്വഹീഹ് അൽബാനി)
عن أبي بصرة الغفاري صاحب رسول الله صلى الله عليه وسلم ، أن رسول الله صلى الله عليه وسلم قال : سألت ربي عز وجل أربعا فأعطاني ثلاثا ومنعني واحدة : سألت الله عز وجل أن لا يجمع أمتي على ضلالة فأعطانيها.
അബൂ ബസ്വറ അൽ-ഗിഫാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഞാൻ എന്റെ രക്ഷിതാവിനോട് നാല് കാര്യങ്ങൾ ചോദിച്ചു; അപ്പോൾ അവൻ എനിക്ക് മൂന്നെണ്ണം നൽകുകയും ഒരെണ്ണം തടയുകയും ചെയ്തു. എൻ്റെ ഉമ്മത്തിനെ ഒരു വഴികേടിൽ ഒന്നിപ്പിക്കരുതെന്ന് ഞാൻ അല്ലാഹുവിനോട് അപേക്ഷിച്ചു, അവനത് എനിക്ക് നൽകി (സ്വീകരിച്ചു). (അഹ്മദ് :27224)
ചില ഖുർആനിക വചനങ്ങൾ ഈ തത്ത്വത്തെ സ്ഥിരീകരിക്കുന്നതിലേക്ക് വിരൽ ചൂണ്ടിയിട്ടുമുണ്ട്. അതിൽ പെട്ടതാണ് അല്ലാഹുവിന്റെ ഈ വചനം:
مَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا
തനിക്ക് സന്മാര്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്ത്ത് നില്ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന് തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം! (ഖു൪ആന് :4/115)
ഈ ആയത്തിലൂടെ സത്യവിശ്വാസികളുടെ പാത പിന്തുടരൽ അല്ലാഹു നിർബന്ധമാക്കുകയും, അതിനോട് വിപരീതമായി പ്രവർത്തിക്കുന്നത് തടയുകയും ചെയ്തിരിക്കുന്നു. ഇത് സത്യവിശ്വാസികളുടെ ഇജ്മാഅ് (ഐക്യകണ്ഠമായ തീരുമാനം) ശരിയാണെന്നതിന് തെളിവാണ്. കാരണം, അവർക്ക് തെറ്റ് സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നുവെങ്കിൽ, അവരെ പിന്തുടരാൻ ആജ്ഞാപിക്കപ്പെട്ടയാൾ തെറ്റിനെ പിന്തുടരാൻ ആജ്ഞാപിക്കപ്പെട്ടവനായി മാറുമായിരുന്നു. എന്നാൽ, അല്ലാഹു ഏതൊരു കാര്യത്തെ പിന്തുടരാൻ കല്പിച്ചുവോ അത് സത്യവും ശരിയുമായി അല്ലാതെ സംഭവിക്കുകയില്ല.
قال شيخ الإسلام ابن تيمية رحمه الله:إجماع هذه الأمة حجة ؛ لأن الله تعالى أخبر أنهم يأمرون بكل معروف وينهون عن كل منكر ؛ فلو اتفقوا على إباحة محرم أو إسقاط واجب ؛ أو تحريم حلال أو إخبار عن الله تعالى ؛ أو خلقه بباطل : لكانوا متصفين بالأمر بمنكر والنهي عن معروف.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: ‘ഈ ഉമ്മത്തിന്റെ ഇജ്മാഅ് ഒരു ശറഇയ്യായ പ്രമാണമാണ്. കാരണം, അവർ എല്ലാ നന്മകളും കൽപിക്കുന്നവരും എല്ലാ തിന്മകളും വിരോധിക്കുന്നവരുമാണെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്. അതിനാൽ, അവർ ഏതെങ്കിലും ഒരു നിഷിദ്ധമായത് അനുവദനീയമാക്കാനോ, ഒരു നിർബന്ധ കാര്യത്തെ ഒഴുവാക്കാനോ, ഒരു ഹലാലിനെ നിരോധിക്കാനോ, അല്ലാഹുവിനെക്കുറിച്ചോ അവ അവന്റെ സൃഷ്ടികളെക്കുറിച്ചോ തെറ്റായ വിവരം നൽകാനോ യോജിക്കുകയാണെങ്കിൽ, അവർ തിന്മ കല്പിക്കുന്നവരും നന്മ വിരോധിക്കുന്നവരുമായി മാറുമായിരുന്നു (എന്നാൽ അത് അസാധ്യമാണ്).’ [മജ്മൂഉൽ ഫതാവാ (28/125)]
മുഹമ്മദ് നബി ﷺ യുടെ ഉമ്മത്ത് ഒരു വഴികേടിലോ തെറ്റിലോ ഒന്നിച്ചുചേരുന്നതിൽ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിച്ചിരിക്കുന്നുവെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; ഇമാം സർക്കശി رحمه الله അത് ഇപ്രകാരം വിശദീകരിക്കുന്നു:
والسر في اختصاص هذه الأمة بالصواب في الإجماع أنهم الجماعة بالحقيقة ؛ لأن النبي – صلى الله عليه وسلم – بعث إلى الكافة ، والأنبياء قبله إنما بعث النبي لقومه ، وهم بعضٌ من كلٍّ ، فيصدق على كل أمة أن المؤمنين غير منحصرين فيهم في عصر واحد ، وأما هذه الأمة فالمؤمنون منحصرون فيهم ، ويد الله مع الجماعة، فلهذا – والله أعلم – خصها بالصواب
ഈ ഉമ്മത്തിന് മാത്രം ഇജ്മാഇൽ ശരിപ്പെടാനുള്ള (തെറ്റുപറ്റാതിരിക്കാനുള്ള) സവിശേഷത ലഭിച്ചതിന്റെ രഹസ്യം, യഥാർത്ഥത്തിൽ ‘അൽ-ജമാഅഃ’ (സത്യവിശ്വാസികളുടെ ഏകീകൃത സമൂഹം) ഇവർ മാത്രമാണ് എന്നതാണ്. കാരണം, നബി ﷺ സർവ്വ മനുഷ്യരിലേക്കുമായി നിയോഗിക്കപ്പെട്ടയാളാണ്. എന്നാൽ അവിടുത്തേക്ക് മുമ്പുള്ള പ്രവാചകന്മാർ സ്വന്തം ജനതയിലേക്ക് മാത്രമാണ് അയക്കപ്പെട്ടത്. അവർ മൊത്തത്തിൽ നിന്നുള്ള ഒരു ചെറിയ ഭാഗം മാത്രമായിരുന്നു. അതിനാൽ പൂർവ്വ സമുദായങ്ങളിൽ ഓരോരുത്തരെ എടുത്തുനോക്കിയാലും, ആ കാലഘട്ടത്തിലെ സത്യവിശ്വാസികൾ അവരിൽ മാത്രം പരിമിതപ്പെട്ടിരുന്നില്ല (മറ്റ് നാടുകളിൽ മറ്റ് വിശ്വാസികൾ ഉണ്ടായിരുന്നു). എന്നാൽ ഈ ഉമ്മത്തിന്റെ കാര്യത്തിൽ, (ലോകത്തുള്ള) എല്ലാ സത്യവിശ്വാസികളും ഇവരിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ കൈ അൽജമാഅത്തിനോടൊപ്പമാണ്. അതുകൊണ്ടാണ് – അല്ലാഹുവാണ് ഏറ്റവുമധികം അറിയുന്നവൻ – ഈ ഉമ്മത്തിന് മാത്രം ശരി സംഭവിക്കാനുള്ള പ്രത്യേകത അവൻ നൽകിയത്. [البحر المحيط (6 / 396)]
ഇജ്മാഇനുള്ള ഉദാഹരണങ്ങൾ:
നബി ﷺ യുടെ കാലഘട്ടത്തിൽ ഇജ്മാഇന് ഉദാഹരണങ്ങൾ ലഭ്യമല്ല; കാരണം മുമ്പ് വിശദീകരിച്ചതുപോലെ ഇജ്മാഅ് എന്നത് നബി ﷺ യുടെ വഫാത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
قال الآمدي :وإجماع الموجودين في زمن الوحي ليس بحجة في زمن الوحي ، بالإجماع , وإنما يكون حجة بعد النبي عليه السلام.
ഇമാം ആമിദി رحمه الله പറഞ്ഞു: ‘വഹ്യിന്റെ (ദൈവീക സന്ദേശത്തിന്റെ) കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നവരുടെ ഐക്യകണ്ഠത എന്നത് ആ വഹ്യിന്റെ കാലത്ത് ഒരു (സ്വതന്ത്ര) പ്രമാണമല്ല, ഇക്കാര്യത്തിൽ ഇജ്മാഉമുണ്ട്. മറിച്ച്, അവിടുത്തേക്ക് (പ്രവാചകന്) ശേഷം മാത്രമാണ് അത് പ്രമാണമായി മാറുക.’ [الإحكام في أصول الأحكام 1/213]
എന്നാൽ നബി ﷺ യുടെ വഫാത്തിന് ശേഷമുള്ള ഇജ്മാഇന് ധാരാളം ഉദാഹരണങ്ങളുണ്ട്. ഉദാഹരണത്തിന് അതിൽ ചിലത് താഴെ പറയുന്നവയാണ്:
മുസ്ലിം രാജ്യങ്ങളിൽ ക്രിസ്തീയ പള്ളികൾ നിർമ്മിക്കുന്നത് ഹറാമാണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഇജ്മാഉണ്ട്. ഈ ഇജ്മാഅ് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله ഉദ്ധരിച്ചിട്ടുണ്ട്. الفروع وتصحيح الفروع (10/338) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കാണാം:
ويمنعون من إحداث الكنائس والبِيَع , ذكره شيخنا (ابن تيمية) إجماعا
അവർ പുതിയ ദേവാലയങ്ങളും ആരാധനാലയങ്ങളും ഉണ്ടാക്കുന്നതിൽ നിന്ന് തടയപ്പെടും; നമ്മുടെ ഷെയ്ഖ് (ഇബ്നു തൈമിയ്യ رحمه الله) ഇത് ഒരു ഇജ്മാഅ് ആയി രേഖപ്പെടുത്തിയിരിക്കുന്നു.
അതുപോലെ അൽ-മർദാവിയുടെ الإنصاف في معرفة الراجح من الخلاف (4/236) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം വന്നിരിക്കുന്നു:
ويمنعون من إحداث الكنائس والبيع ، قال الشيخ تقي الدين – رحمه الله -: إجماعا ، واستثنى الأصحاب ما اشترطوه فيما فتح صلحا على أنها لنا “
അവർ പുതിയ ദേവാലയങ്ങളും ആരാധനാലയങ്ങളും നിർമ്മിക്കുന്നതിൽ നിന്ന് തടയപ്പെടും. ഷെയ്ഖ് തഖിയ്യുദ്ദീൻ (ഇബ്നു തൈമിയ്യ رحمه الله) പറഞ്ഞു: ഇത് ഇജ്മാഅ് ഉള്ള കാര്യമാണ്. എന്നാൽ സമാധാന സന്ധിയിലൂടെ കീഴടക്കപ്പെടുകയും അത് നമുക്കുള്ളതാണെന്ന് ഉപാധി വെക്കുകയും ചെയ്ത പ്രദേശങ്ങളെ ഹമ്പലീ പണ്ഡിതന്മാർ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതുപോലെ സുബ്കിയും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ‘ഫതാവ അസ്സുബ്കി’ (2/369) യിൽ ഇപ്രകാരം കാണാം:
فإن بناء الكنيسة حرام بالإجماع
തീർച്ചയായും (പുതിയ) ദേവാലയം നിർമ്മിക്കൽ ഇജ്മാഅ് പ്രകാരം ഹറാമാണ് (നിഷിദ്ധമാണ്).
ഇജ്മാഇന് സമകാലിക കാലഘട്ടത്തിലെ ഉദാഹരണങ്ങൾ നിരവധിയാണ്. സിനിമകളിലും നാടകങ്ങളിലും നബി ﷺ യെയും മറ്റു പ്രവാചകന്മാരെയും റസൂലുകളെയും അഭിനേതാക്കൾ അവതരിപ്പിക്കുന്നതും ചിത്രാവിഷ്കാരം നടത്തുന്നതും ഹറാമാണെന്നതിൽ മുസ്ലിം പണ്ഡിതന്മാർക്കിടയിലുള്ള ഇജ്മാഅ് ഇതിലൊന്നാണ്.
ശൈഖ് ബക്കർ അബൂസൈദ് رحمه الله ഈ ഇജ്മാഅ് നിവേദനം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘
أجمع القائلون بالجواز المقيد ، على تحريمه – أي التمثيل – في حق أنبياء الله ورسله – عليهم والصلاة والسلام – وعلى تحريمه في حق أمهات المؤمنين زوجات النبي – صلى الله عليه وسلم ، وولده – عليهم السلام – وفي حق الخلفاء الراشدين – رضي الله عنهم
ചില ഉപാധികളോടെ (പൊതുവായി) അഭിനയം അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാർ പോലും, അല്ലാഹുവിന്റെ പ്രവാചകന്മാരുടെയും റസൂലുകളുടെയും കാര്യത്തിലും, നബി ﷺ യുടെ പത്നിമാരായ ഉമ്മഹാത്തുൽ മുഅ്മിനീങ്ങളുടെയും സന്താനങ്ങളുടെയും കാര്യത്തിലും, അതുപോലെ നേർമാർഗ്ഗം പ്രാപിച്ച ഖലീഫമാരുടെ (ഖുലഫാഉർ റാശിദീങ്ങളുടെ) കാര്യത്തിലും അഭിനയം ഹറാമാണെന്ന വിഷയത്തിൽ ഐക്യകണ്ഠമായി യോജിച്ചിരിക്കുന്നു. [حكم التمثيل (1 / 43)]
ഖിയാസ് (القياس)
ഖിയാസ് (القياس) എന്നത് ശറഇയ്യായ വിധികൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഒരു പ്രമാണമാണ്. അതിന്റെ സ്ഥാനം ഇജ്മാഇന് ശേഷം നാലാമതായാണ്. ഭാഷാപരമായി ഇതിന്റെ അർത്ഥം അളക്കുക (തിട്ടപ്പെടുത്തുക), തുല്യമാക്കുക എന്നിവയാണ്. എന്നാൽ ശറഇയ്യായി ഇബ്നു ഖുദാമ رحمه الله ഇതിനെ നിർവ്വചിച്ചത് ഇപ്രകാരമാണ്:
حمل فرع على أصل في حكم بجامع بينهما
ഒരു കാര്യത്തിൽ അവ രണ്ടിനുമിടയിലുള്ള സമാനമായ കാരണം മൂലം, ഒരു പുതിയ വിഷയത്തെ അടിസ്ഥാന വിഷയത്തോട് വിധിയിൽ ചേർത്തുവെക്കൽ. [روضة الناظر وجنة المناظر (2 / 141).]
حمل فرع على أصل (ഒരു പുതിയ വിഷയത്തെ അടിസ്ഥാന വിഷയത്തോട് ചേർത്തുവെക്കുക) എന്ന വചനത്തിലെ ‘ഹംല്’ (الحمل) എന്ന വാക്കിന്റെ അർത്ഥം: വിധിയിൽ അവ രണ്ടിനെയും തമ്മിൽ ബന്ധിപ്പിക്കുക, ഒപ്പത്തിനൊപ്പം സമമാക്കുക എന്നതാണ്.
ഖിയാസിന് നാല് അടിസ്ഥാന ഘടകങ്ങളാണുള്ളത്:
1.الأصل (അടിസ്ഥാനം)
2.الفرع (പുതിയ വിഷയം)
3.الحكم (മതവിധി)
4.العلة الجامعة (ബന്ധിപ്പിക്കുന്ന കാരണം)
ഈ ഘടകങ്ങളെ താഴെ പറയുന്ന ഉദാഹരണത്തിലൂടെ വ്യക്തമാക്കാം; ഉദാഹരണത്തിന്:
‘ഈന്തപ്പഴക്കള്ള് (النبيذ) ലഹരിയുണ്ടാക്കുന്ന ഒന്നാണ്, അതിനാൽ മദ്യത്തെപ്പോലെ (الخمر) അതും ഹറാമാണ്. ഇവിടെ അടിസ്ഥാന വിഷയം (الأصل) എന്നത് മദ്യമാണ്. ഇതിനെയാണ് ‘مقياس عليه (ഉപമിക്കാൻ അടിസ്ഥാനമാക്കിയ വിഷയം) എന്ന് വിളിക്കുന്നത്. ഖുർആനിക വചനത്തിലൂടെയോ ഹദീസിലൂടെയോ ഇജ്മാഇലൂടെയോ വിധി വ്യക്തമായി വന്നിട്ടുള്ള സംഭവത്തെ അല്ലെങ്കിൽ വസ്തുവിനെയാണ് الأصل എന്ന് പറയുന്നത്.
الفرع (പുതിയ വിഷയം) എന്നത് ഈന്തപ്പഴക്കള്ളാണ്. ഇതിനെ ‘മഖീസ്’ (المقيس – ഉപമിക്കപ്പെടുന്ന വിഷയം) എന്ന് വിളിക്കുന്നു. ഖുർആനിക പ്രമാണത്തിലോ ഇജ്മാഇലോ വ്യക്തമായ വിധി വരാത്തതും, എന്നാൽ ശറഇയ്യായ വിധി എന്താണെന്ന് വ്യക്തമാക്കാൻ ഉദ്ദേശിക്കപ്പെടുന്നതുമായ സംഭവത്തെയാണ് /വസ്തുവിനെയാണ് الفرع എന്ന് പറയുന്നത്.
الحكم (മതവിധി) എന്നത് ഹറാം (നിഷിദ്ധം) എന്നതാണ്. അതിന്റെ അർത്ഥം ഇതാണ്: പ്രമാണത്തിലൂടെയോ (ഖുർആൻ/സുന്നത്ത്) ഇജ്മാഇലൂടെയോ അടിസ്ഥാന വിഷയത്തിൽ (الأصل) സ്ഥിരപ്പെട്ട ഹറാം പോലെയുള്ള ഒരു വിധിയെ, ശറഇയ്യായ പ്രമാണങ്ങളിൽ നേരിട്ട് വിധി പരാമർശിക്കപ്പെടാത്ത പുതിയ വിഷയത്തിലേക്ക് (الفرع) പകർത്താൻ ഉദ്ദേശിക്കുന്നു എന്നതാണ്.
العلة الجامعة (ബന്ധിപ്പിക്കുന്ന കാരണം) എന്നത് ‘ലഹരിയുണ്ടാക്കൽ’ ആകുന്നു. വ്യക്തമായതും, കൃത്യമായി നിർണ്ണയിക്കപ്പെട്ടതുമായ, അടിസ്ഥാന വിഷയത്തിലെ വിധിക്ക് അല്ലാഹു പ്രമാണമായി നിശ്ചയിച്ചതുമായ വിശേഷണത്തെയാണ് ‘ഇല്ലത്ത്’ (العلة) എന്ന് നിർവ്വചിക്കുന്നത്.
നബി ﷺ തന്റെ വിധികൾ നൽകുമ്പോൾ, ജനങ്ങൾക്ക് ഖിയാസ് മനസ്സിലാക്കിക്കൊടുക്കാനും അത് പഠിപ്പിക്കാനുമായി ഖിയാസ് ഉപയോഗിച്ചിട്ടുണ്ടായിരുന്നു. അതിൽ പെട്ട ചില ഉദാഹരണങ്ങൾ താഴെ പറയുന്നവയാണ്:
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ امْرَأَةً، مِنْ جُهَيْنَةَ جَاءَتْ إِلَى النَّبِيِّ صلى الله عليه وسلم فَقَالَتْ إِنَّ أُمِّي نَذَرَتْ أَنْ تَحُجَّ، فَلَمْ تَحُجَّ حَتَّى مَاتَتْ أَفَأَحُجُّ عَنْهَا قَالَ “ نَعَمْ. حُجِّي عَنْهَا، أَرَأَيْتِ لَوْ كَانَ عَلَى أُمِّكِ دَيْنٌ أَكُنْتِ قَاضِيَةً اقْضُوا اللَّهَ، فَاللَّهُ أَحَقُّ بِالْوَفَاءِ ”.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ജുഹൈന ഗോത്രത്തിലെ ഒരു സ്ത്രീ നബിﷺയോട് ചോദിച്ചു. എന്റെ മാതാവ് ഹജ്ജിന് നേ൪ച്ചയാക്കിയിരുന്നു. അങ്ങനെ അത് നി൪വ്വഹിക്കാന് കഴിയാതെ അവ൪ മരിച്ച് പോയി. അതുകൊണ്ട് അവ൪ക്ക് പകരമായി ഞാന് ഹജ്ജ് ചെയ്യട്ടെയോ? നബിﷺ പറഞ്ഞു: അതെ, അവ൪ക്ക് പകരമായി നീ ഹജ്ജ് ചെയ്യുക. നിന്റെ മാതാവ് കൊടുത്ത് വീട്ടേണ്ട കടമുണ്ടായിരുന്നെങ്കില് നീ അത് വീട്ടുമായിരുന്നില്ലേ? അല്ലാഹുവിന്റെ ബാധ്യത നി൪വ്വഹിക്കൂ. അവന്റെ ബാധ്യതയാണ് നി൪വ്വഹിക്കാന് കൂടുതല് അ൪ഹമായിട്ടുള്ളത്. (ബുഖാരി 1852)
[ഈ ഹദീസിലെ ഖിയാസ് വിശകലനം: أصل: കടം, فرع:മരണപ്പെട്ടയാൾക്ക് വേണ്ടി വീട്ടേണ്ട നേർച്ച ഹജ്ജ്, حكم: കടം വീട്ടി ഒഴിവാക്കൽ നിർബന്ധമാണ് علة:രണ്ടും പൂർത്തീകരിക്കേണ്ട നിർബന്ധ ബാധ്യതകളാണ്]
عَنِ ابْنِ عَبَّاسٍ، – رضى الله عنهما – أَنَّ امْرَأَةً، أَتَتْ رَسُولَ اللَّهِ صلى الله عليه وسلم فَقَالَتْ إِنَّ أُمِّي مَاتَتْ وَعَلَيْهَا صَوْمُ شَهْرٍ . فَقَالَ ” أَرَأَيْتِ لَوْ كَانَ عَلَيْهَا دَيْنٌ أَكُنْتِ تَقْضِينَهُ ” . قَالَتْ نَعَمْ . قَالَ ” فَدَيْنُ اللَّهِ أَحَقُّ بِالْقَضَاءِ ” .
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു സ്ത്രീ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കൽ വന്ന് പറഞ്ഞു: ‘എന്റെ ഉമ്മ മരണപ്പെട്ടു, അവരുടെ പേരിൽ ഒരു മാസത്തെ നോമ്പ് ബാക്കിയുണ്ട്.’ അപ്പോൾ നബിﷺ ചോദിച്ചു: ‘നിന്റെ ഉമ്മയ്ക്ക് വല്ല കടവും ഉണ്ടായിരുന്നുവെങ്കിൽ നീ അത് വീട്ടുമായിരുന്നോ?’ അവർ പറഞ്ഞു: ‘അതെ.’ നബിﷺ പറഞ്ഞു: ‘എന്നാൽ അല്ലാഹുവോടുള്ള കടമാണ് വീട്ടപ്പെടാൻ ഏറ്റവും അർഹതയുള്ളത്.’ (മുസ്ലിം:1148)
[ഈ ഹദീസിലെ ഖിയാസ് വിശകലനം: أصل: കടം, فرع:മരിച്ച ആൾക്ക് വേണ്ടി വീട്ടേണ്ട നോമ്പ്, حكم: കടം വീട്ടൽ നിർബന്ധമാണ്. علة:രണ്ടും പൂർത്തീകരിക്കേണ്ട നിർബന്ധ ബാധ്യതകളാണ്]
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، أَنَّ رَجُلاً، سَأَلَ النَّبِيَّ صلى الله عليه وسلم أَنَّ أَبِي أَدْرَكَهُ الْحَجُّ وَهُوَ شَيْخٌ كَبِيرٌ لاَ يَثْبُتُ عَلَى رَاحِلَتِهِ فَإِنْ شَدَدْتُهُ خَشِيتُ أَنْ يَمُوتَ أَفَأَحُجُّ عَنْهُ قَالَ “ أَرَأَيْتَ لَوْ كَانَ عَلَيْهِ دَيْنٌ فَقَضَيْتَهُ أَكَانَ مُجْزِئًا ” . قَالَ نَعَمْ . قَالَ ” فَحُجَّ عَنْ أَبِيكَ ” .
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു വ്യക്തി നബിﷺ യോട് ചോദിച്ചു: ‘എന്റെ പിതാവിന് ഹജ്ജ് നിർബന്ധമായിരിക്കുന്നു; എന്നാൽ അദ്ദേഹം വളരെ പ്രായമായ ഒരു വൃദ്ധനാണ്. വാഹനത്തിന് പുറത്ത് ഉറച്ചിരിക്കാൻ അദ്ദേഹത്തിന് കഴിയില്ല. ഞാൻ അദ്ദേഹത്തെ (വാഹനത്തിൽ) വെച്ചാൽ അദ്ദേഹം മരണപ്പെടുമെന്ന് ഞാൻ ഭയക്കുന്നു. അതിനാൽ ഞാൻ അദ്ദേഹത്തിന് വേണ്ടി ഹജ്ജ് ചെയ്യട്ടെയോ?’ നബിﷺ ചോദിച്ചു: ‘നിന്റെ പിതാവിന് ഒരു സാമ്പത്തിക കടമുണ്ടായിരിക്കുകയും നീ അത് വീട്ടുകയും ചെയ്താൽ അത് പര്യാപ്തമാകുമോ (വീട്ടിയതായി കണക്കാക്കുമോ)?’ അയാൾ പറഞ്ഞു: ‘അതെ.’ അപ്പോൾ നബിﷺ പറഞ്ഞു: ‘എന്നാൽ നീ നിന്റെ പിതാവിന് വേണ്ടി ഹജ്ജ് നിർവ്വഹിക്കുക.’ (നസാഇ:2640)
[ഈ ഹദീസിലെ ഖിയാസ് വിശകലനം: أصل: കടം, فرع:വാർദ്ധക്യസഹജമായ പിതാവിന് വേണ്ടി പകരക്കാരനായി ഹജ്ജ് നിർവ്വഹിക്കൽ, حكم: മക്കളോ മറ്റോ ബാധ്യത നിർവ്വഹിച്ചാൽ അത് പര്യാപ്തമാകും. علة:രണ്ടും പൂർത്തീകരിക്കേണ്ട നിർബന്ധ ബാധ്യതകളാണ്]
عَنْ عُمَرَ بْنِ الْخَطَّابِ، رَضِيَ اللَّهُ عَنْهُ أَنَّهُ قَالَ هَشَشْتُ يَوْمًا فَقَبَّلْتُ وَأَنَا صَائِمٌ فَأَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقُلْتُ صَنَعْتُ الْيَوْمَ أَمْرًا عَظِيمًا قَبَّلْتُ وَأَنَا صَائِمٌ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَرَأَيْتَ لَوْ تَمَضْمَضْتَ بِمَاءٍ وَأَنْتَ صَائِمٌ فَقُلْتُ لَا بَأْسَ بِذَلِكَ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَفِيمَ.
ഉമർ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ‘ഒരു ദിവസം എനിക്ക് വികാരം തോന്നുകയും നോമ്പുകാരനായിരിക്കെ ഞാൻ (ഭാര്യയെ) ചുംബിക്കുകയും ചെയ്തു. തുടർന്ന് ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കൽ വന്ന് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഇന്ന് ഞാൻ വളരെ ഗുരുതരമായ ഒരു കാര്യം ചെയ്തുപോയി, നോമ്പുകാരനായിരിക്കെ ഞാൻ ചുംബിച്ചു!’ അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ ചോദിച്ചു: ‘നീ നോമ്പുകാരനായിരിക്കെ വായിൽ വെള്ളം കൊപ്ലിച്ചാൽ നിന്റെ അഭിപ്രായമെന്താണ്?’ ഞാൻ പറഞ്ഞു: ‘അതുകൊണ്ട് കുഴപ്പമൊന്നുമില്ല.’ അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ‘എന്നാൽ പിന്നെന്താണ് സംശയം?’ (അഹ്മദ്:372)
[ഈ ഹദീസിലെ ഖിയാസ് വിശകലനം: أصل: നോമ്പുകാരൻ വായിൽ വെള്ളം കൊപ്ലിക്കൽ, فرع:നോമ്പുകാരൻ ഭാര്യയെ ചുംബിക്കൽ, حكم: നോമ്പ് മുറിയുകയില്ല. علة:രണ്ടും പ്രധാന കാര്യത്തിലേക്ക് (കുടിക്കുക / സംയോഗം ചെയ്യുക) നയിച്ചേക്കാവുന്ന മുന്നോടിയായ കാര്യങ്ങൾ മാത്രമാണ്; അത് നോമ്പിനെ ബാധിക്കില്ല]
ഈ നിവേദനങ്ങളിലെല്ലാം ഖിയാസിന്റെ സ്ഥിരീകരണവും, സമാനമായ ഉദാഹരണങ്ങളിലേക്ക് ഒരു വിഷയത്തെ മടക്കി ചിന്തിക്കാനുള്ള ഓർമ്മപ്പെടുത്തലുമുണ്ട്.
ആധുനിക കാലത്ത് ഖിയാസ് എങ്ങനെ പ്രയോഗിക്കുന്നു എന്ന് മനസ്സിലാക്കാൻ ഏറ്റവും ലളിതമായ ഒരു ഉദാഹരണമാണ് DNA പരിശോധന. പഴയകാലത്ത് ഒരു കുട്ടിയുടെ പിതാവ് ആരാണെന്ന കാര്യത്തിൽ തർക്കമുണ്ടായാൽ, ആളുകളുടെ കാലടയാളങ്ങളും ശാരീരിക ലക്ഷണങ്ങളും നിരീക്ഷിച്ച് കുടുംബബന്ധം തിരിച്ചറിയുന്ന ‘അൽ-ഖാഫ’ (القافة) എന്നൊരു രീതി അറബികൾക്കിടയിൽ ഉണ്ടായിരുന്നു. ഈ പഴയ സംഭവത്തെ അടിസ്ഥാനമാക്കി ആധുനിക പണ്ഡിതന്മാർ DNA പരിശോധനയെ ഖിയാസ് ആക്കി.
മയക്കുമരുന്നുകളുടെ (Drugs) കാര്യം മറ്റൊരു ഉദാഹരണമാണ്: ഖുർആനിൽ മദ്യം ആണ് ഹറാമാക്കിയിട്ടുള്ളത്. എന്നാൽ ബുദ്ധിയെ മറക്കുന്നു എന്ന അതേ കാരണം ഉള്ളതുകൊണ്ട് ഹെറോയിൻ, കഞ്ചാവ് തുടങ്ങിയ എല്ലാത്തരം ലഹരിമരുന്നുകളും ഖിയാസ് വഴി ‘ഹറാം’ ആകുന്നു.
www.kanzululoom.com