ഖുർആൻ ഘട്ടം ഘട്ടമായി അവതരിച്ചതിന്റെ യുക്തിയും പാഠങ്ങളും

വിശുദ്ധ ഖുർആൻ നബി ﷺ യുടെ മേൽ 23 വർഷങ്ങൾക്കിടയിൽ ഘട്ടംഘട്ടമായിട്ടാണ് അവതരിച്ചത്. നബി ﷺ അതിൽ ഭൂരിഭാഗവും ചെലവഴിച്ചത് മക്കയിലായിരുന്നു. അല്ലാഹു പറഞ്ഞു:

وَقُرْءَانًا فَرَقْنَٰهُ لِتَقْرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكْثٍ وَنَزَّلْنَٰهُ تَنزِيلًا

നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതികൊടുക്കേണ്ടതിനായി ഖുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :17/106)

പണ്ഡിതന്മാർ ഖുർആനെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു: ‘മക്കീ’ (مكي), ‘മദനീ’ (مدني).

‘മക്കീ’ എന്നാൽ: നബി ﷺ മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പായി അവതരിച്ചവയാണ്.

‘മദനീ’ എന്നാൽ: നബി ﷺ മദീനയിലേക്ക് ഹിജ്റ പോയതിന് ശേഷം അവതരിച്ചവയാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ നബി ﷺ ക്ക് മക്കയിൽ ഹജ്ജത്തുൽ വിദാഇൽ   വെച്ചാണ് അവതരിച്ച ഈ വചനം ‘മദനീ’ (المدني) വിഭാഗത്തിൽ പെട്ടതാണ്.

ٱﻟْﻴَﻮْﻡَ ﺃَﻛْﻤَﻠْﺖُ ﻟَﻜُﻢْ ﺩِﻳﻨَﻜُﻢْ ﻭَﺃَﺗْﻤَﻤْﺖُ ﻋَﻠَﻴْﻜُﻢْ ﻧِﻌْﻤَﺘِﻰ ﻭَﺭَﺿِﻴﺖُ ﻟَﻜُﻢُ ٱﻹِْﺳْﻠَٰﻢَ ﺩِﻳﻨًﺎ ۚ

…. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. ……(ഖു൪ആന്‍ :5/3)

قَالَ عُمَرُ قَدْ عَرَفْنَا ذَلِكَ الْيَوْمَ وَالْمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ صلى الله عليه وسلم وَهُوَ قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ‏.‏

ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ ക്ക് ആ ആയത്ത് അവതരിച്ച ആ ദിവസവും അവിടുന്ന് ഉണ്ടായിരുന്ന സ്ഥലവും തീർച്ചയായും ഞങ്ങൾക്ക് അറിയാം; അവിടുന്ന് വെള്ളിയാഴ്ച ദിവസം അറഫയിൽ നിൽക്കുമ്പോഴാണ് അത് അവതരിച്ചത്. (ബുഖാരി:45)

മക്കീ വിഭാഗം മദനീ വിഭാഗത്തിൽ നിന്ന് ശൈലിയുടെയും വിഷയത്തിന്റെയും അടിസ്ഥാനത്തിൽ വേറിട്ടുനിൽക്കുന്നു.

A.ശൈലിയുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ അവ ഇപ്രകാരമാണ്:

1. മക്കീ വിഭാത്തിൽ ഭൂരിഭാഗവും ശൈലി കടുപ്പമുള്ളതും, സംബോധന ശക്തമായതുമാണ്. കാരണം, അതിലെ അഭിസംബോധിതരിൽ ഭൂരിഭാഗവും സത്യത്തിൽ നിന്ന് തിരിഞ്ഞുകളയുന്നവരും അഹങ്കാരികളുമായിരുന്നു. അത്തരക്കാർക്ക് അനുയോജ്യമായതാണത്. ഉദാഹരണത്തിന് ‘സൂറ: മുദ്ദഥ്വിർ’, ‘സൂറ: ഖമർ’ എന്നിവ പാരായണം ചെയ്തു നോക്കുക.

എന്നാൽ മദനീ വിഭാഗത്തിലാകട്ടെ, ഭൂരിഭാഗം ശൈലിയും ശാന്തമായതും, സംബോധന ലളിതമായതുമാണ്. കാരണം, അതിലെ അഭിസംബോധിതരിൽ ഭൂരിഭാഗവും സത്യത്തെ സ്വീകരിക്കുന്നവരും അനുസരണയുള്ളവരുമായിരുന്നു. ഉദാഹരണത്തിന് ‘സൂറത്തുൽ മാഇദ’ പാരായണം ചെയ്തു നോക്കുക.

2. മക്കീ വിഭാഗത്തിൽ ഭൂരിഭാഗവും ആയത്തുകൾ ചെറുതും, പ്രമാണബന്ധിതമായ തർക്കങ്ങളും ന്യായവാദങ്ങളും ശക്തമായതുമാണ്. കാരണം, അതിലെ അഭിസംബോധിതരിൽ ഭൂരിഭാഗവും വാശിപിടിക്കുന്നവരും സത്യത്തോട് ശത്രുത വെച്ചുപുലർത്തുന്നവരുമായിരുന്നു. അതിനാൽ അവരുടെ അവസ്ഥ എന്താണോ ആവശ്യപ്പെടുന്നത് ആ രീതിയിലാണ് അവരോട് സംസാരിക്കപ്പെട്ടത്. ഉദാഹരണത്തിന് ‘സൂറത്തുത്തുൂർ’ പാരായണം ചെയ്തു നോക്കുക.

എന്നാൽ മദനീ വിഭാഗത്തിലാകട്ടെ, ഭൂരിഭാഗവും ആയത്തുകൾ ദൈർഘ്യമേറിയതും, വാദപ്രതിവാദങ്ങളില്ലാതെ നേരിട്ടുള്ള ശറഇയ്യായ നിയമങ്ങളുടെ വിവരണങ്ങളുമാണ്. കാരണം, അവരുടെ അവസ്ഥ ആവശ്യപ്പെടുന്നത് അതിനെയാണ്. ഉദാഹരണത്തിന് ‘സൂറത്തുൽ ബഖറ’യിലെ ‘ആയത്തുദ്ദൈൻ’ (കടമിടപാടുമായി ബന്ധപ്പെട്ട ദീർഘമായ ആയത്ത്) പാരായണം ചെയ്തു നോക്കുക.

B വിഷയത്തിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ അവ ഇപ്രകാരമാണ്:

1. മക്കീ വിഭാഗത്തിൽ ഭൂരിഭാഗവും തൗഹീദിനെയും (ഏകദൈവവിശ്വാസം) അഖീദയെയും (വിശ്വാസകാര്യങ്ങളെയും) ഉറപ്പിച്ചു സ്ഥാപിക്കലാണ്; പ്രത്യേകിച്ച് ‘തൗഹീദുൽ ഉലൂഹിയ്യതുമായി’ (ആരാധനയിലെ ഏകത്വം) ബന്ധപ്പെട്ട കാര്യങ്ങളും പുനരുത്ഥാനത്തിലുള്ള (പരലോക) വിശ്വാസവും. കാരണം, അതിലെ അഭിസംബോധിതരിൽ ഭൂരിഭാഗവും അതിനെ നിഷേധിക്കുന്നവരായിരുന്നു.

എന്നാൽ മദനീ വിഭാഗത്തിലാകട്ടെ, ഭൂരിഭാഗവും ആരാധനകളുടെയും ഇടപാടുകളുടെയും വിധികൾ വിശദീകരിക്കുന്നവയാണ്. കാരണം, അതിലെ അഭിസംബോധിതരുടെ ഹൃദയങ്ങളിൽ തൗഹീദും അഖീദയും വിശ്വാസവും ഉറച്ചു കഴിഞ്ഞിരുന്നു. അതിനാൽ അവർക്ക് ആരാധനകളും ഇടപാടുകളും വിശദമായി പഠിക്കേണ്ട ആവശ്യകതയാണുണ്ടായിരുന്നത്.

2. മദനീ വിഭാഗത്തിൽ ജിഹാദിനെയും അതിന്റെ വിധികളെയും കുറിച്ചും, കപടവിശ്വാസികളെയും അവരുടെ അവസ്ഥകളെക്കുറിച്ചുമുള്ള വിശദമായ പ്രതിപാദനം കാണാം. കാരണം, അവിടത്തെ സാഹചര്യം അത് ആവശ്യപ്പെട്ടിരുന്നു; അവിടെയാണ് ജിഹാദ് നിയമമാക്കപ്പെട്ടതും കപടവിശ്വാസം വെളിവായതും. എന്നാൽ മക്കീ വിഭാഗത്തിന്റെ അവസ്ഥ ഇതിന് വിരുദ്ധമായിരുന്നു.

മക്കീ, മദനീ ആയത്തുകളെക്കുറിച്ച് അറിയുന്നതിന്റെ പ്രയോജനങ്ങൾ

മക്കീ-മദനീ ആയത്തുകളെക്കുറിച്ചുള്ള വിജ്ഞാനം ഖുർആൻ വിജ്ഞാനീയങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു ഇനമാണ്. കാരണം, അതിൽ നിരവധി പ്രയോജനങ്ങളുണ്ട്. അവയിൽ പെട്ടതാണ്:

1. ഖുർആന്റെ അത്യുന്നത തലത്തിലുള്ള സാഹിത്യ മികവും ആശയ ഗാംഭീര്യവും ഇതിലൂടെ വ്യക്തമാകുന്നു; കാരണം, അത് ഓരോ ജനവിഭാഗത്തോടും അവരുടെ അവസ്ഥയ്ക്കും സാഹചര്യത്തിനും അനുയോജ്യമായ രീതിയിലാണ് സംസാരിക്കുന്നത്. ശക്തിയും കണിശതയും ആവശ്യമുള്ളിടത്ത് അപ്രകാരവും, മൃദുത്വവും ലാളിത്യവും ആവശ്യമുള്ളിടത്ത് അപ്രകാരവും.

2. ഇസ്‌ലാമിക ശരീഅത്തിന്റെ അത്യുന്നതമായ ലക്ഷ്യങ്ങളിലുള്ള ദൈവീക യുക്തി വെളിവാകുന്നു. കാരണം, അഭിസംബോധിതരുടെ അവസ്ഥയും (നിയമങ്ങൾ) സ്വീകരിക്കാനും നടപ്പിലാക്കാനുമുള്ള അവരുടെ സന്നദ്ധതയും എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ച്, ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് ഖുർആൻ കാര്യങ്ങളെ ഘട്ടംഘട്ടമായി അവതരിപ്പിച്ചു.

3. അല്ലാഹുവിലേക്ക് ആളുകളെ ക്ഷണിക്കുന്ന പ്രബോധകരെ വളർത്തിയെടുക്കലും, അഭിസംബോധന ചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ ഖുർആൻ സ്വീകരിച്ച ശൈലിയും വിഷയക്രമീകരണവും പിന്തുടരാൻ അവരെ വഴിനടത്തലുമാണിത്. അതായത്, ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ കൊണ്ട് ആരംഭിക്കുക (മുൻഗണന നൽകുക), കടുപ്പവും കർശനതയും അതിന്റെ സ്ഥാനത്തും, ലാളിത്യവും മൃദുത്വവും അതിന് അനുയോജ്യമായ സ്ഥാനത്തും ഉപയോഗിക്കുക.

4. നാസിഖ് (മുൻവിധി റദ്ദാക്കി പകരം വന്ന പുതിയ നിയമം), മൻസൂഖ് (റദ്ദാക്കപ്പെട്ട പഴയ നിയമം) എന്നിവയെ വേർതിരിച്ചറിയാൻ സാധിക്കുന്നു. അതായത്, ഒരു മക്കീ ആയത്തും ഒരു മദനീ ആയത്തും വരികയും അവയിൽ ‘നസ്ഖിന്റെ’ (നിയമങ്ങൾ റദ്ദാക്കപ്പെടുന്നതിന്റെ) ഉപാധികൾ ഒത്തുവരികയും ചെയ്താൽ, മദനീ ആയത്ത് മക്കീ ആയത്തിനെ റദ്ദാക്കുന്നതായിരിക്കും; കാരണം മദനീ ആയത്ത് മക്കീ ആയത്തിനു ശേഷം അവതരിച്ചതാണ്.

ഖുർആൻ ഘട്ടംഘട്ടമായി അവതരിപ്പിച്ചതിലെ യുക്തി

ഖുർആനെ മക്കീ എന്നും മദനീ എന്നും തരംതിരിക്കുന്നതിൽ നിന്ന്, അത് നബി ﷺ ക്ക് ഘട്ടങ്ങൾ (ഭാഗങ്ങൾ) ആയാണ് അവതരിക്കപ്പെട്ടതെന്ന് വ്യക്തമാകുന്നു. ഇപ്രകാരം ക്രമേണയായി അവതരിച്ചതിന് ധാരാളം യുക്തികളും ലക്ഷ്യങ്ങളുമുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്:

1.നബി ﷺ യുടെ ഹൃദയത്തെ ഉറപ്പിച്ചു നിർത്തുക; അല്ലാഹുവിന്റെ ഈ വചനം പോലെ:

وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةً وَٰحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَٰهُ تَرْتِيلًا ‎﴿٣٢﴾‏وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَٰكَ بِٱلْحَقِّ وَأَحْسَنَ تَفْسِيرًا ‎﴿٣٣﴾

സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റതവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്‌. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്‌. അത് കൊണ്ട് നിന്‍റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ ഏതൊരു പ്രശ്നവും കൊണ്ട് നിന്‍റെ അടുത്ത് വരികയാണെങ്കിലും അതിന്‍റെ യാഥാര്‍ത്ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക് നാം കൊണ്ട് വന്ന് തരാതിരിക്കില്ല. (ഖു൪ആന്‍ :25/32-33)

2.ജനങ്ങൾക്ക് ഖുർആൻ ഹൃദയസ്ഥമാക്കാനും മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും എളുപ്പമാവുക അത് ജനങ്ങൾക്ക് മുന്നിൽ സാവകാശത്തിൽ കുറശ്ശെയായി ഓതിക്കേൾപ്പിക്കുന്നതിലൂടെയാണത് സാധ്യമാകുന്നത്. അല്ലാഹുവിന്റെ ഈ വചനം പോലെ:

وَقُرْءَانًا فَرَقْنَٰهُ لِتَقْرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكْثٍ وَنَزَّلْنَٰهُ تَنزِيلًا

നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതികൊടുക്കേണ്ടതിനായി ഖുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :17/106)

3.അവതരിക്കുന്ന ഖുർആൻ വചനങ്ങൾ സ്വീകരിക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനുമുള്ള ആവേശവും താല്പര്യവും വളർത്തിയെടുക്കുക; കാരണം, ജനങ്ങൾ കടുത്ത ആവശ്യകതയുള്ള സന്ദർഭങ്ങളിൽ പുതിയ ആയത്തുകളുടെ അവതരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ഉദാഹരണത്തിന് അപവാദ പ്രചരണത്തിന്റെയും (ആയിശ رضى الله عنها ക്കെതിരെയുള്ള അപവാദ പ്രചരണം) ലിആനിന്റെയും (ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശപഥം) ആയത്തുകൾ അവതരിച്ച സന്ദർഭം പോലെ.

4.നിയമനിർമ്മാണത്തിൽ അത് പൂർണ്ണതയിൽ എത്തുന്നത് വരെ ഘട്ടം ഘട്ടമായുള്ള രീതി  സ്വീകരിക്കുക; മദ്യത്തിന്റെ കാര്യത്തിലുള്ള ആയത്തുകൾ പോലെ. ജനങ്ങൾ അതിൽ വളരുകയും അതിനോട് ഇണങ്ങിച്ചേരുകയും ചെയ്തിരുന്നതിനാൽ, ഒറ്റയടിക്ക് പൂർണ്ണമായി നിരോധിച്ചുകൊണ്ട് അവരെ നേരിടുന്നത് അവർക്ക് പ്രയാസകരമായിരുന്നു. അതിനാൽ മദ്യത്തിന്റെ കാര്യത്തിൽ ആദ്യമായി അവതരിച്ചത് അല്ലാഹുവിന്റെ ഈ വചനമാണ്:

يَسْـَٔلُونَكَ عَنِ ٱلْخَمْرِ وَٱلْمَيْسِرِ ۖ قُلْ فِيهِمَآ إِثْمٌ كَبِيرٌ وَمَنَٰفِعُ لِلنَّاسِ وَإِثْمُهُمَآ أَكْبَرُ مِن نَّفْعِهِمَا ۗ

(നബിയേ) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്‌….. (ഖുര്‍ആന്‍ : 2/ 219)

ഈ ആയത്തിൽ മദ്യത്തിന്റെ നിരോധനം പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ ഹൃദയങ്ങളെ സജ്ജമാക്കലായിരുന്നു അടങ്ങിയിരുന്നത്. കാരണം, പ്രയോജനത്തേക്കാൾ കൂടുതൽ പാപവും കേടുപാടുകളുമുള്ള ഒരു കാര്യം പ്രവർത്തിക്കരുത് എന്നതാണല്ലോ യുക്തിയും ബുദ്ധിയും ആവശ്യപ്പെടുന്നത്.

പിന്നീട് രണ്ടാമതായി അല്ലാഹുവിന്റെ ഈ വചനം അവതരിച്ചു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ

സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ……(ഖുര്‍ആന്‍ :4/43)

ഈ ആയത്തിൽ ചില സമയങ്ങളിൽ, അഥവാ നമസ്കാര സമയങ്ങളിൽ മദ്യം ഉപേക്ഷിക്കാനുള്ള ഒരു പരിശീലനമായിരുന്നു അടങ്ങിയിരുന്നത്.

പിന്നീട് മൂന്നാമതായി അല്ലാഹുവിന്റെ ഈ വചനം അവതരിച്ചു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ‎﴿٩٠﴾‏ إِنَّمَا يُرِيدُ ٱلشَّيْطَٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ ‎﴿٩١﴾‏ وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَٱحْذَرُوا۟ ۚ فَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّمَا عَلَىٰ رَسُولِنَا ٱلْبَلَٰغُ ٱلْمُبِينُ ‎﴿٩٢﴾‏

സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ? നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, (ധിക്കാരം വന്നു പോകാതെ) സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നമ്മുടെ ദൂതന്‍റെ ബാധ്യത വ്യക്തമായ രീതിയില്‍ സന്ദേശമെത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക. (ഖുര്‍ആന്‍ :5/90-92)

അങ്ങനെ ഈ വിഷയത്തിൽ ഹൃദയങ്ങളെ സജ്ജമാക്കുകയും പിന്നീട് ചില സമയങ്ങളിൽ മദ്യം ഉപേക്ഷിക്കാൻ പരിശീലനം നൽകുകയും ചെയ്ത ശേഷം, ഈ ആയത്തുകളിലൂടെ എല്ലാ സമയങ്ങളിലും മദ്യം ഉപയോഗിക്കുന്നത് പൂർണ്ണമായും  തടയുകയുണ്ടായി.

 

അവലംബം: كتاب تفسير العثيمين

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *