നമസ്കാരം ഉപേക്ഷിക്കുന്നവർക്ക് സകാത്ത് നൽകാമോ?

നമസ്കാരം ഉപേക്ഷിക്കുന്നവർക്ക് സകാത്ത് (നിര്‍ബന്ധദാനം) നൽകാൻ പാടുണ്ടോ എന്ന കാര്യത്തിൽ ഇസ്‌ലാമിക പണ്ഡിതന്മാർക്കിടയിൽ വിശദമായ ചർച്ചകളും വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്. അത് അവർ നമസ്കാരം ഒഴിവാക്കുന്നതിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തപ്പെടുന്നത്. ​പ്രധാനമായും രണ്ട് സാഹചര്യങ്ങളാണ് ഇതിലുള്ളത്:

1. നമസ്കാരം നിർബന്ധമില്ല എന്ന് വിശ്വസിച്ച് ഉപേക്ഷിക്കുന്നവർ. ​

നമസ്കാരം ഇസ്‌ലാമിൽ നിർബന്ധമുള്ള കാര്യമേയല്ല എന്ന് മനഃപൂർവ്വം വിശ്വസിച്ചുകൊണ്ട് അത് പൂർണ്ണമായി ഉപേക്ഷിക്കുന്ന ഒരാൾ ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുമെന്നാണ് പണ്ഡിതന്മാരുടെ ഐക്യകണ്ഠേനയുള്ള (ഇജ്മാഅ്) അഭിപ്രായം. ഇത്തരം വ്യക്തികൾക്ക് സകാത്ത് നൽകാൻ പാടുള്ളതല്ല. കാരണം സകാത്ത് മുസ്ലിങ്ങളിലെ പാവപ്പെട്ടവർക്ക് മാത്രം അവകാശപ്പെട്ടതാണ്.

​2. മടി, അലസത കാരണം നമസ്കാരം ഉപേക്ഷിക്കുന്നവർ

നമസ്കാരം നിർബന്ധമാണെന്ന് പൂർണ്ണമായി വിശ്വസിക്കുകയും, എന്നാൽ മടിയോ അലസതയോ കാരണം അത് കൃത്യമായി നിർവഹിക്കാതിരിക്കുകയും ചെയ്യുന്നവരുടെ കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ രണ്ട് അഭിപ്രായങ്ങളുണ്ട്:

ഒന്നാമത്തെ അഭിപ്രായം (ഭൂരിപക്ഷം പണ്ഡിതന്മാരും – ശാഫിഈ, മാലികീ, ഹനഫീ മദ്ഹബുകൾ): ഇവർ വലിയ പാപമാണ് ചെയ്യുന്നത് എങ്കിലും ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്നില്ല (മുസ്ലിം തന്നെയാണ്). അതിനാൽ ഇവർ അതിദരിദ്രരാണെങ്കിൽ ഇവർക്ക് സകാത്ത് നൽകുന്നത് അനുവദനീയമാണ്. എന്നാൽ ഈ പണം അവർ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കില്ല എന്ന് ഉറപ്പുവരുത്തണം.

രണ്ടാമത്തെ അഭിപ്രായം (ഹൻബലി മദ്ഹബിലെ പ്രമുഖ അഭിപ്രായം): മടി കാരണം കൊണ്ടാണെങ്കിലും നമസ്കാരം പൂർണ്ണമായി ഉപേക്ഷിക്കുന്നയാൾ ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുമെന്നാണ് ഈ വീക്ഷണം. ഈ അഭിപ്രായപ്രകാരം ഇവർക്ക് സകാത്ത് നൽകാൻ പാടില്ല.

എന്നാൽ നമസ്കാരം ഇല്ലാത്ത ഒരാൾക്ക് സകാത്ത് നൽകുന്നത് വഴി അയാൾക്ക് നമസ്കാരത്തിലേക്ക് വരാൻ താല്പര്യമുണ്ടാകുമെന്നോ, അയാൾ സന്മാർഗ്ഗത്തിലാകുമെന്നോ പ്രതീക്ഷയുണ്ടെങ്കിൽ, ഭൂരിപക്ഷ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അയാൾക്ക് സകാത്ത് നൽകാവുന്നതാണ്.

എന്റെ സക്കാത്ത് പണം നമസ്കരിക്കാത്ത ഒരു സ്ത്രീക്ക് നൽകുന്നത് അനുവദനീയമാണോ? എന്ന ചോദ്യത്തിന് ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:

لا يعطى، لا تعطيها الزكاة، أعطيها امرأة تصلي، ابحثي عن الفقراء الطيبين، الذي ما يصلي كافر، نعوذ بالله، يقول النبي ﷺ: {العهد الذي بيننا وبينهم الصلاة، فمن تركها فقد كفر} ولا يعطى الكفرة إلا المؤلفة قلوبهم، يعطوا من الزكاة، المؤلفة قلوبهم من رؤساء العشائر، وكبار الناس الذين إذا هداهم الله هدى الله بهداهم غيرهم، وحصل بهداهم نفع كبير للناس، أما أفراد الناس الكفرة لا، نعم.

നൽകാൻ പാടില്ല, അവൾക്ക് സക്കാത്ത് നൽകരുത്. നമസ്കരിക്കുന്ന ഒരു സ്ത്രീക്ക് നീ അത് നൽകുക. നല്ലവരായ (ധാർമ്മിക നിഷ്ഠയുള്ള) പാവപ്പെട്ടവരെ നീ അന്വേഷിച്ചു കണ്ടെത്തുക. നമസ്കരിക്കാത്തവൻ കാഫിറാണ് (സത്യനിഷേധിയാണ്), അല്ലാഹുവിൽ ശരണം! നബി ﷺ പറഞ്ഞിട്ടുണ്ട്: {നമുക്കും അവർക്കും (സത്യനിഷേധികൾക്കും) ഇടയിലുള്ള കരാർ നമസ്കാരമാകുന്നു. അതിനാൽ ആര് അത് ഉപേക്ഷിക്കുന്നുവോ, അവൻ തീർച്ചയായും കാഫിറായിരിക്കുന്നു} സത്യനിഷേധികൾക്ക് സക്കാത്ത് പണം നൽകാൻ പാടില്ല. المؤلفة قلوبهم (ഇസ്‌ലാമിനോട് മനസ്സ് ഇണക്കപ്പെടേണ്ടവർ) എന്ന വിഭാഗത്തിനൊഴികെ; അവർക്ക് സക്കാത്തിൽ നിന്ന് നൽകാവുന്നതാണ്. ഗോത്രത്തലവന്മാരും സമൂഹത്തിലെ പ്രമുഖരുമാണവര്‍. അവർക്ക് അല്ലാഹു ഹിദായത്ത് നൽകിയാൽ, അവർ മുഖേന അല്ലാഹു മറ്റ് പലർക്കും നേർവഴി നൽകും. അവരുടെ സന്മാർഗ്ഗദർശനം വഴി ജനങ്ങൾക്ക് വലിയ നന്മയും ഉപകാരവും ഉണ്ടാകുകയും ചെയ്യും. എന്നാൽ അതല്ലാത്ത സത്യനിഷേധികൾക്ക് (അത് നൽകാൻ) പാടില്ല.

​ഇവിടെ നമുക്ക് സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ മാർഗ്ഗം ​നമസ്കാരം കൃത്യമായി നിർവഹിക്കുന്ന, സകാത്തിന് അർഹരായവരെ കണ്ടെത്തി, അവര്‍ക്ക് സക്കാത്ത് കൊടുക്കുക എന്നതാണ്. അതാണ് ഏറ്റവും ഉത്തമവും സൂക്ഷ്മവുമായ വഴി. സക്കാത്ത് കമ്മിറ്റിക്കാരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. നമസ്കരിക്കാത്തവര്‍ മനസ്സിലാക്കേണ്ടത് അവര്‍ക്ക് ആഖിറത്തിന് പുറമേ ദുൻയാവിലും നഷ്ടങ്ങൾ ഉണ്ടാകുമെന്നതാണ്.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *