ബുദ്ധിയുടെ പേരിൽ പിഴച്ചുപോയവർ

അല്ലാഹു മനുഷ്യന് നൽകിയ വലിയൊരു അനുഗ്രഹമാണ് ബുദ്ധി. അതില്ലെങ്കിൽ മനുഷ്യൻ മൃഗത്തെ ക്കാൾ മോശമായ അവസ്ഥയിലാകും. നല്ലതും ചീത്തയും ഉപകാരമുള്ളതും ഉപദ്രവകരമായതുമൊന്നും വേർതിരിച്ചറിയാൻ കഴിയാതെയാകും. കണ്ടുനിൽക്കുന്നവരുടെ കരളലിയിക്കുന്നതും വെറുപ്പുളവാക്കുന്നതുമായ വിധത്തിലുള്ള പലതും ചെയ്യും.

എന്നാൽ ആ വിശേഷബുദ്ധിയെ എല്ലാമെല്ലാമായി കണ്ടുകൊണ്ട് ദിവ്യസന്ദേശങ്ങളെക്കാൾ അതിന് മഹത്വം കൽപിക്കുന്നത് ഏറ്റവും വലിയ നന്ദികേടും വിരോധാഭാസവുമാണ്. ബുദ്ധിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ അടിക്കടി ഉണർത്തിയ വിശുദ്ധ ക്വുർആൻ, ഈ അതിവാദത്തെയും ശക്തമായി എതിർത്തിട്ടുണ്ട്.

ബുദ്ധിയുടെ മറവിൽ ദിവ്യസന്ദേശങ്ങളാകുന്ന വഹ്‌യിനെ അഥവാ ക്വുർആനിക വചനങ്ങളെയും പ്രവാചകാധ്യാപനങ്ങളെയും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ ഏറ്റവും വലിയ വഴികേടിലാണ് അകപ്പെട്ടിട്ടുള്ളത്. അല്ലാഹു പറയുന്നു:

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത്‌ കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു. (ഖുർആൻ:33/36)

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا

ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)

ഇത്തരം വഴികേടിന്റെ ആളുകളിലൂടെ പിശാച് നിരവധി പേരെ വഴിതെറ്റിച്ചിട്ടുണ്ട്. അത്തരം അപകടങ്ങളിൽനിന്ന് ആളുകളെ തടയാനാണ് മുൻഗാമികളായ ഇമാമുമാർ ഇങ്ങനെയുള്ള ആളുകളുടെ വാക്കുകൾക്ക് ചെവികൊടുക്കരുതെന്ന് പറഞ്ഞു സാധാരണക്കാരെ അവരിൽനിന്ന് തടഞ്ഞത്.

ഇബ്‌നുൽ ജൗസി رحمه الله പറയുന്നു: ഇസ്‌ലാമിക ലോകത്തെ മുൻകാല പണ്ഡിതന്മാർ ഇത്തരം ആളുകൾക്ക് മറുപടി പറഞ്ഞു സമയം കളയാൻ മെനക്കടാതിരുന്നത് അവർക്ക് അതിന് കഴിയാഞ്ഞിട്ടല്ല; മറിച്ച് അതിൽ കാര്യമായ പ്രയോജനങ്ങളില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണ്. പിന്നീട് നല്ലവരായ പല ആളുകളിലേക്കും അതിന്റെ രോഗം പരക്കുന്നത് കണ്ടപ്പോൾ അത്തരം ചർച്ചകളിൽ ഏർപ്പെടുന്നതിനെ വിലക്കുകയാണുണ്ടായത്. (തൽബീസ്, പേജ് 94).

വളയമില്ലാതെ ചാടുന്നവർക്ക് എന്തിനെയാണ് പേടിക്കാനും സൂക്ഷിക്കാനുമുള്ളത്? നിഷേധിക്കാൻ ഒരുങ്ങി നിൽക്കുന്നവരെ എന്ത് ന്യായങ്ങളും തെളിവുകളും നിരത്തിയാലും ബോധ്യപ്പെടുത്താൻ വലിയ പ്രയാസമായിരിക്കും. അവരെക്കൊണ്ടുള്ള അപകടം വളരെ ഗുരുതരവുമാണ്. അതുകൊണ്ടാണ് ഇമാം ശാഫിഈ رحمه الله അടക്കമുള്ള പണ്ഡിതന്മാർ അതിശക്തമായി അവരെ ആക്ഷേപിച്ചു പറഞ്ഞത്. ഇൽമുൽ കലാം അഥവാ വചനശാസ്ത്രത്തിന്റെ ആളുകളെ പൂർവികരായ പല ഇമാമുമാരും ശക്തമായി എതിർത്തിട്ടുണ്ട്. കാരണം, മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ മറഞ്ഞ കാര്യങ്ങളാണ് (ഗൈബ്) വിശ്വാസകാര്യങ്ങളായി മതം പഠിപ്പിക്കുന്നത്. അതിനെ സത്യപ്പെടുത്തി അംഗീകരിക്കുക എന്നതാണ് വിശ്വാസികളുടെ ഒന്നാമത്തെതും ഏറ്റവും പ്രധാനപ്പെട്ടതുമായ സവിശേഷത. വിശുദ്ധ ക്വുർആനിന്റെ മാർഗനിർദേശങ്ങൾ ഉപകാരപ്പെടുന്ന വിശ്വാസികളുടെ പ്രത്യേകതയായി അല്ലാഹു പറഞ്ഞത് കാണുക:

الٓمٓ ‎﴿١﴾‏ ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ‎﴿٢﴾‏ ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿٣﴾

അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്‌.  അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും (ചെയ്യുന്നവരാണവര്‍) (ഖു൪ആന്‍:2/1-3)

എന്നാൽ ഇത്തരം വിശ്വാസകാര്യങ്ങളിൽ തങ്ങളുടെ ചിന്തയും ബുദ്ധിയും യുക്തിയുമൊക്കെ നിരത്തി കുറെ ഊഹാപോഹങ്ങൾ ഭംഗിയാക്കി അവതരിപ്പിക്കുകയും ക്വുർആനും സുന്നത്തുമാകുന്ന പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയോ നിരാകരിക്കുകയോ ചെയ്യുകയും ചെയ്യുന്ന പ്രവണതയാണ് പിന്നീട് അവരിൽ ഉണ്ടായത്. പിശാചിന്റെ കെണിയിൽ അകപ്പെട്ടതറിയാതെ എത്രയോ ആളുകളെയാണ് അക്കൂട്ടരും പിഴപ്പിച്ചുകൊണ്ടിരിക്കുന്നത്! സച്ചരിതരായ മുൻഗാമികൾ മതത്തെ ഉൾക്കൊള്ളുകയും പ്രമാണങ്ങളെ വിശദീകരിക്കുകയും ചെയ്ത രൂപത്തിൽ മതാധ്യാപനങ്ങളെ സമീപിക്കുന്നവർക്ക് മാത്രമെ ഈ വഴികേടുകളിൽനിന്ന് രക്ഷപ്പെടാനുള്ള തൗഫീഖ് ഉണ്ടാവുകയുള്ളൂ. അത് വിശുദ്ധ ക്വുർആനും തിരുസുന്നത്തും കാലേകൂട്ടി അറിയിച്ചതുമാണ്.

وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا

തനിക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവൻ തിരിഞ്ഞവഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം! (ഖു൪ആന്‍:4/115)

എന്നാൽ അതെല്ലാം അറുപഴഞ്ചനും പിന്തിരിപ്പൻ ആശയവുമാണ് എന്നൊക്കെ പറഞ്ഞ് രംഗപ്രവേശം ചെയ്തവരാണ് മേൽപറഞ്ഞ ഇൽമുൽ കലാമിന്റെ (വചന ശാസ്ത്രത്തിന്റെ) ആളുകൾ. അവരെക്കുറിച്ച് ഇമാം ശാഫിഈ رحمه الله പറഞ്ഞത് കാണുക: “ഒരാൾ ശിർക്ക് അഥവാ ബഹുദൈവത്വം ഒഴികെയുള്ള, അല്ലാഹു വിലക്കിയ മറ്റെല്ലാ തിന്മകൾകൊണ്ടും പരീക്ഷിക്കപ്പെടുന്നതാണ് ഇൽമുൽ കലാമിലേക്ക് കടക്കുന്നതിനെക്കാൾ അയാൾക്ക് ഉത്തമമായിട്ടുള്ളത്’’ (തൽബീസു ഇബ്‌ലീസ്, പേജ് 94)

ഇമാം അഹ്‌മദ് ബിൻ ഹമ്പൽ رحمه الله പറയുന്നു: ഇൽമുൽ കലാമിന്റെ ആളുകൾ ഒരിക്കലും വിജയിക്കുകയില്ല. വചനശാസ്ത്ര പണ്ഡിതന്മാർ മതനിഷേധികളാണ്. (അതേ പുസ്തകം, പേജ് 94).

ഇത്രയധികം രൂക്ഷമായി പറയാൻ ഈ പണ്ഡിതന്മാരെ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം ഈ രീതിയിലൂടെ കടന്നുപോയവർ പറഞ്ഞു പ്രചരിപ്പിച്ച വിഷലിപ്തമായ ചില ആശയങ്ങളും അഭിപ്രായങ്ങളുമാണ്.

മുഅ്തസിലിയാക്കൾ അല്ലാഹുവിനെ കുറിച്ച് പറഞ്ഞത്, അല്ലാഹു കാര്യങ്ങൾ എല്ലാം മൊത്തത്തിൽ അറിയുന്നു എന്നതല്ലാതെ ഓരോന്നും വിശദമായി അവൻ അറിയുന്നില്ല എന്നാണ്. ജഹ്‌മിയാക്കളുടെ നേതാവായ ജഹ്‌മുബ്‌നു സ്വഫ്‌വാൻ അല്ലാഹുവിന്റെ അറിവും കഴിവും ജീവനും അടക്കമുള്ള എല്ലാ ഗുണവിശേഷങ്ങളെയും തള്ളിപ്പറയുകയാണുണ്ടായത്. ക്വുർആൻ പറഞ്ഞതുപോലെ:

وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦ

അവർ അല്ലാഹുവിനെ കണക്കാക്കേണ്ട പ്രകാരം കണക്കാക്കിയിട്ടില്ല (ക്വദർ). (ഖുർആൻ:39/67)

അങ്ങനെ ദൈവനിഷേധത്തിലേക്കും മറ്റു പല മതനിരാസ ആശയങ്ങളിലേക്കും ഈ വഴിയിലൂടെ പലരും എത്തിച്ചേർന്നു. ഇബ്‌നുൽ ജൗസി رحمه الله ഈ വിഭാഗങ്ങളുടെ അതിരുവിട്ട പല പിഴവുകളെ സംബന്ധിച്ചും തന്റെ ഗ്രന്ഥത്തിൽ (പേജ് 94, 95) പ്രതിപാദിക്കുന്നുണ്ട്.

 

ശമീർ മദീനി

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *