അടിയുറച്ച വിശ്വാസത്തിന്റെ ഉപമ

ഉയരത്തിൽ ഒരു കെട്ടിടം പണിയാൻ ആഗ്രഹിക്കുന്ന ഏതൊരാളും അതിന്റെ അടിത്തറയെ ശക്തിപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും അതിൽ വളരെയധികം ശ്രദ്ധ ചെലുത്തുകയും വേണം. കാരണം, ഒരു കെട്ടിടത്തിന്റെ ഉയരം നിർണയിക്കുന്നത് അതിന്റെ അടിത്തറയുടെ ഉറപ്പും സ്ഥിരതയുമാണ്.

കർമങ്ങളും പുണ്യത്തിന്റെ പദവികളും ഒരു കെട്ടിടം പോലെയാണ്; അതിന്റെ അടിത്തറ വിശ്വാസമാണ്. അടിത്തറ ഉറച്ചതാണെങ്കിൽ, അതിന് ആ കെട്ടിടത്തെ താങ്ങിനിറുത്താനും പിന്നീട് അതിനെ ഉയരത്തിൽ നിർമിക്കാനും സാധിക്കും. അടിത്തറ ഉറച്ചതാണെങ്കിൽ, കെട്ടിടത്തിൽനിന്ന് ഏതെങ്കിലും ഒരു ഭാഗം തകർന്നാലും, അത് നന്നാക്കാൻ എളുപ്പമാണ്. അടിത്തറ ഉറച്ചതല്ലെങ്കിൽ, കെട്ടിടം ഉയരത്തിൽ നിർമിക്കാൻ സാധിക്കുകയില്ല, സ്ഥിരതയുണ്ടാവുകയുമില്ല. ഇനി അടിത്തറയിൽനിന്ന് എന്തെങ്കിലും തകർന്നാൽ, കെട്ടിടം വീഴുകയോ വീഴാറാകുകയോ ചെയ്യും.

ജ്ഞാനിയായ വ്യക്തി അടിത്തറയെ ഉറപ്പിക്കുന്നതിലും സ്ഥിരപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം അജ്ഞനായ വ്യക്തി അടിത്തറയില്ലാതെ പണിയുന്നു; അവന്റെ കെട്ടിടം ഉടൻ തന്നെ തകരും. അല്ലാഹു പറയുന്നു:

أَفَمَنْ أَسَّسَ بُنْيَٰنَهُۥ عَلَىٰ تَقْوَىٰ مِنَ ٱللَّهِ وَرِضْوَٰنٍ خَيْرٌ أَم مَّنْ أَسَّسَ بُنْيَٰنَهُۥ عَلَىٰ شَفَا جُرُفٍ هَارٍ فَٱنْهَارَ بِهِۦ فِى نَارِ جَهَنَّمَ ۗ

അല്ലാഹുവെ സംബന്ധിച്ച ഭക്തിയിന്‍മേലും അവന്‍റെ പ്രീതിയിന്‍മേലും തന്‍റെ കെട്ടിടം സ്ഥാപിച്ചവനോ അതല്ല, പൊളിഞ്ഞുവീഴാന്‍ പോകുന്ന ഒരു മണല്‍തിട്ടയുടെ വക്കത്ത് കെട്ടിടം സ്ഥാപിക്കുകയും എന്നിട്ടത് തന്നെയും കൊണ്ട് നരകാഗ്നിയില്‍ പൊളിഞ്ഞുവീഴുകയും ചെയ്തവനോ കൂടുതല്‍ ഉത്തമന്‍?  (ഖു൪ആന്‍:9/109)

മനുഷ്യശരീരത്തിന് ആരോഗ്യം എത്രത്തോളം ആവശ്യമാണോ അതുപോലെയാണ് കർമങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറ. ഒരാളുടെ ആരോഗ്യം ശക്തമാകുമ്പോൾ, അത് ശരീരത്തെ പിന്തുണയ്ക്കുകയും പല ശാരീരിക പ്രയാസങ്ങളിൽനിന്നും സംരക്ഷിക്കുകയും ചെയ്യും. എന്നാൽ, ഒരാളുടെ ആരോഗ്യം ദുർബലമാകുമ്പോൾ ശരീരത്തെ പിന്തുണക്കാനുള്ള കഴിവ് ദുർബലമാവുകയും ശാരീരികപ്രയാസങ്ങളും ബുദ്ധിമുട്ടുകളും വേഗത്തിൽ കടന്നുവരികയും ചെയ്യും.

അതുകൊണ്ട്, വിശ്വാസത്തിന്റെ അടിത്തറയുടെ ബലത്തിൽ നിങ്ങളുടെ കെട്ടിടം പണിയുക; കാരണം കെട്ടിടത്തിന്റെ മുകൾ ഭാഗത്തോ അതിന്റെ പ്രതലത്തിലോ എന്തെങ്കിലും അസ്ഥിരമാകുകയാണെങ്കിൽ, അടിത്തറ തകർന്നുവീഴുന്നതിനെക്കാൾ എളുപ്പത്തിൽ അത് പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും.

ഈ അടിത്തറയ്ക്ക് രണ്ട് ഘടകങ്ങളുണ്ട്:

ഒന്ന്: അല്ലാഹുവിനെക്കുറിച്ചും അവന്റെ കൽപനകളെക്കുറിച്ചും അവന്റെ നാമങ്ങളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചുമുള്ള കൃത്യമായ അറിവ്.

രണ്ട്: അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള പൂർണമായ സമർപ്പണം. അല്ലാഹുവിന്റെ ഒരു ദാസന് തന്റെ കെട്ടിടം നിർമിക്കാൻ കഴിയുന്ന ഏറ്റവും വിശ്വസനീയമായ അടിത്തറയാണിത്. അതിന്റെ ശക്തിയനുസരിച്ച്, കെട്ടിടം അവൻ ആഗ്രഹിക്കുന്നത്രയും ഉയരത്തിൽ നിർമിക്കാൻ സാധിക്കും.

അതുകൊണ്ട് അടിത്തറ ശക്തിപ്പെടുത്തുക; ആ ശക്തിയെ നിലനിർത്തുക, അത് സംരക്ഷിക്കാനുള്ള ചിട്ട പാലിക്കുക, ഉള്ളിൽ വൃത്തികേടുകൾ വർധിക്കുകയാണെങ്കിൽ സ്വയം ശുദ്ധീകരിക്കുക, മിതത്വം പാലിക്കുക. എങ്കിൽ നിങ്ങൾ ആഗ്രഹിച്ച ലക്ഷ്യത്തിലെത്തും. അതല്ലെങ്കിൽ, ശക്തി ദുർബലമായിരിക്കുന്നിടത്തോളം കാലം, അവരുടെ ഉപജീവനമാർഗം ദുഷിച്ചതാകും; ദോഷകരമായ കാര്യങ്ങളിൽനിന്ന് മുക്തനാകുകയും ചെയ്യുകയില്ല. പിന്നെ അവന്റെ അവസ്ഥ ഒരു കവി പറഞ്ഞതുപോലെയായിരിക്കും:

‘അതുകൊണ്ട് ജീവിതത്തോട് സലാം പറയുക, കാരണം അത് അതിന്റെ ആസന്നമായ വേർപാടിനെക്കുറിച്ച് നിങ്ങളെ അറിയിച്ചിട്ടുണ്ട്.’

പിന്നെ, കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ, ആളുകളോടുള്ള സൽസ്വഭാവവും ദയയും കൊണ്ട് അതിനെ വെള്ളപൂശുക. തുടർന്ന് ഒരു ശത്രുവിനും അത് തകർക്കാൻ കഴിയാത്ത വിധത്തിൽ, ഒരു പോരായ്മയും വെളിപ്പെടാതിരിക്കാൻ ജാഗ്രതയുടെ ഒരു മതിൽ കൊണ്ട് അതിന് ചുറ്റുമതിൽ നിർമിക്കുക..

പിന്നെ അതിന്റെ വാതിലുകളിൽ കർട്ടനുകൾ തൂക്കിയിടുക; നിങ്ങൾ ഭയപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിച്ചുകൊണ്ട് പ്രധാന വാതിൽ അടയ്ക്കുക. പിന്നെ അതിന് അല്ലാഹുവിന്റെ സ്മരണയുടെ ഒരു താക്കോൽ സ്ഥാപിക്കുക. അത് ഉപയോഗിച്ച് നിങ്ങൾ അത് തുറക്കുകയും അടയ്ക്കുകയും ചെയ്യുക. നിങ്ങൾ അത് തുറന്നാൽ, ആ താക്കോൽ ഉപയോഗിച്ചാണ് തുറന്നത്; നിങ്ങൾ വാതിൽ അടച്ചാൽ, അത് ഉപയോഗിച്ചാണ് അടച്ചത്. അങ്ങനെ, നിങ്ങളുടെ ശത്രുക്കൾക്കെതിരെ നിങ്ങൾക്ക് പ്രതിരോധം സ്ഥാപിക്കാനുള്ള ഒരു കോട്ട പണിതുകഴിഞ്ഞു. ശത്രു അതിനെ വളഞ്ഞാൽ, അവർക്ക് പ്രവേശനത്തിന് ഒരു വഴിയും കണ്ടെത്താനാവുകയില്ല. നിങ്ങളെ തൊട്ട് അവർ നിരാശരാവുക മാത്രമായിരിക്കും ഫലം.

പിന്നെ ഓരോ നിമിഷവും കോട്ടയുടെ ഘടന പരിശോധിച്ചുകൊണ്ടിരിക്കുക. കാരണം, ശത്രു കവാടത്തിലൂടെ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, പാപങ്ങളുടെ മഴുകൾ ഉപയോഗിച്ച് അവൻ ദൂരെനിന്ന് നിങ്ങളെ തകർക്കാൻ കുഴികൾ കുഴിക്കും. ഈ കാര്യം നിങ്ങൾ അവഗണിച്ചാൽ, ആ കുഴി നീണ്ടുവന്ന് നിങ്ങളിലേക്ക് എത്തും. അപ്പോൾ ശത്രു നിങ്ങളോടൊപ്പം കോട്ടയ്ക്കുള്ളിൽ എത്തിയേക്കും. ആ ഘട്ടത്തിൽ അവനെ പുറത്താക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും.

മൂന്ന് സാഹചര്യങ്ങളിൽ ഒന്നിൽ നിങ്ങൾ അവനുമായി ഏറ്റുമുട്ടേണ്ടിവരും: ഒന്നുകിൽ അവൻ നിങ്ങളെ പരാജയപ്പെടുത്തി കോട്ട പിടിച്ചെടുക്കും; അല്ലെങ്കിൽ അവൻ നിങ്ങളോടൊപ്പം അതിൽ വസിക്കും. അതുമല്ലെങ്കിൽ നിങ്ങളുടെ താൽപര്യങ്ങൾ ശരിയായ രൂപത്തിൽ പരിപാലിക്കുന്നതിനു പകരം, അവനെ എതിർത്ത് തോൽപിക്കുന്നതിലേക്ക് അവൻ നിങ്ങളുടെ ശ്രദ്ധതിരിക്കും. കോട്ടയുടെ ദ്വാരങ്ങൾ അടയ്ക്കാനും കുഴപ്പങ്ങൾ പരിഹരിക്കാനുമാണ് പിന്നെ നിങ്ങൾ ശ്രമിക്കുക.

അവൻ കുഴിക്കുന്ന ആ കുഴി നിങ്ങളിൽ എത്തിക്കഴിഞ്ഞാൽ, നിങ്ങൾക്ക് അവനിൽനിന്ന് മൂന്ന് ദുരന്തങ്ങൾ നേരിടേണ്ടിവരും: (1) കോട്ടയെ കുഴപ്പത്തിലാക്കൽ. (2) അതിലെ സംഭരണശാലകളും നിധികളും കൊള്ളയടിക്കൽ. (2) അവന്റെ വർഗത്തിൽ പെട്ട സമാനമായ കള്ളന്മാർക്കും കൊള്ളക്കാർക്കും അതിന്റെ ദുർബലതകളെക്കുറിച്ച് സൂചന നൽകൽ.

അങ്ങനെ, നിങ്ങളുടെ ശക്തിയെ ദുർബലപ്പെടുത്തുകയും നിങ്ങളുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതുവരെ ഒന്നിനുപുറകെ ഒന്നായി ആക്രമണങ്ങൾ നിങ്ങളെ നിരന്തരം ബാധിച്ചു കൊണ്ടിരിക്കും. അത് നിങ്ങളെ കോട്ട ഉപേക്ഷിച്ച് അവർക്ക് വിട്ടുകൊടുക്കുന്നതിലേക്ക് നയിക്കും.

ഈ ശത്രുവിനോടൊപ്പമുള്ള മിക്ക ആളുകളുടെയും അവസ്ഥ ഇതാണ്. അതുകൊണ്ടാണ് അവർ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി, അതല്ലെങ്കിൽ തങ്ങൾക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാൻ കഴിവില്ലാത്ത തങ്ങളെപ്പോലുള്ള ഒരു സൃഷ്ടിയെ പ്രീതിപ്പെടുത്താൻ വേണ്ടി, തങ്ങളുടെ നാഥനെ കോപിപ്പിക്കുന്നതായി നിങ്ങൾ കാണുന്നത്.

നശ്വരമായ ഈ ലോകത്തെ സാമ്പത്തിക നേട്ടങ്ങൾക്കായി അവർ മതപരമായ നേട്ടങ്ങൾ പാഴാക്കുന്നു. തങ്ങളുടെതായി നിലനിൽക്കാത്ത കാര്യങ്ങൾക്കായി അവർ സ്വയം നശിപ്പിക്കുന്നു. തങ്ങൾക്ക് നേരെ പുറംതിരിഞ്ഞു നിന്ന ഈ ലോകത്തിനായി അവർ അത്യധികം ആഗ്രഹിക്കുന്നു. അതേസമയം തങ്ങളിലേക്ക് സമീപസ്ഥമായിക്കൊണ്ടിരിക്കുന്ന പരലോകത്തോട് അവർ നിസ്സംഗത പുലർത്തുന്നു.

തന്നിഷ്ടങ്ങളെ പിന്തുടർന്നുകൊണ്ട് അവർ തങ്ങളുടെ നാഥനോട് എതിര് പ്രവർത്തിക്കുകയാണ് ചെയ്യുന്നത്; മരണത്തെ മറന്നുകൊണ്ട് അവർ ജീവിതത്തെ ആശ്രയിക്കുകയും ചെയ്യുന്നു. അല്ലാഹു അവരെ ഏൽപിച്ച കരാർ മറന്നുകൊണ്ട് അവർ തന്നിഷ്ടങ്ങളെയും സ്വാർഥ താൽപര്യങ്ങളെയും ഓർമിക്കുന്നു.

അല്ലാഹു അവർക്ക് ഉറപ്പുനൽകിയ കാര്യങ്ങളിലാണ് അവർ ആശങ്കാകുലരാകുന്നത്. (ഉദാ: ഭൗതികമായ വിഭവങ്ങളും ഉപജീവനവും). എന്നാൽ അല്ലാഹു അവരോട് കൽപിച്ച കാര്യങ്ങളിൽ അവർ ശ്രദ്ധ ചെലുത്തുന്നില്ല. അവർ ഈ ദുനിയാവുകൊണ്ട് സന്തുഷ്ടരാവുകയും അതിൽനിന്നുള്ള ഓഹരി നഷ്ടപ്പെട്ടതിൽ ദുഃഖിക്കുകയും ചെയ്യുന്നു. പക്ഷേ, സ്വർഗവും അതിലുള്ളതും നഷ്ടപ്പെട്ടതിൽ ദുഃഖിക്കുന്നില്ല.

ദിർഹമോ ദിനാറോ ലഭിച്ചാൽ സന്തോഷിക്കുന്നതുപോലെ അവർ ഈമാനിന്റെ വിഷയത്തിൽ സന്തോഷിക്കുന്നില്ല; അവർ തങ്ങളുടെ കൈവശമുള്ള സത്യത്തെ അസത്യം കൊണ്ടും സന്മാർഗത്തെ ദുർമാർഗം കൊണ്ടും നന്മയെ തിന്മകൊണ്ടും ദുഷിപ്പിക്കുന്നു. തങ്ങളുടെ വിശ്വാസത്തെ അനാവശ്യമായ സംശയങ്ങൾ കൊണ്ട് അവർ കളങ്കപ്പെടുത്തുന്നു; അനുവദനീയമായതിനെ നിഷിദ്ധവുമായി കൂട്ടിക്കലർത്തുന്നു. അവരുടെ അഭിപ്രായങ്ങളുടെയും ചിന്തകളുടെയും ആശയക്കുഴപ്പത്തിൽ അവർ അന്ധാളിച്ചു നിൽക്കുന്നു. അങ്ങനെ അല്ലാഹു അവർക്ക് നൽകിയ സന്മാർഗം അവർ വേണ്ടെന്നു വയ്ക്കുന്നു.

ഈ ശത്രു കോട്ടയുടെ യജമാനനെക്കൊണ്ടുതന്നെ സ്വന്തം കൈകളാൽ തന്റെ കോട്ട നശിപ്പിക്കാൻ ഉപയോഗിക്കുന്നത് അത്ഭുതകരമാണ്.

 

ഇമാം ഇബ്‌നുൽ ക്വയ്യിമിെന്റ ‘അൽഫവാഇദ്’ എന്ന ഗ്രന്ഥത്തിൽനിന്നുള്ള ഒരു ഭാഗത്തിന്റെ ആശയ വിവർത്തനം

വിവര്‍ത്തനം : മുഹമ്മദ് സിയാദ് കണ്ണൂർ

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *