മൂസാ നബി عليه السلام യെ തന്റെ സമൂഹം നിരന്തരം ദ്രോഹിച്ചിരുന്നു. മാനസികമായി അദ്ദേഹത്തെ അവര്‍ വളരെ പ്രയാസപ്പെടുത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കാത്തവരാണ് ഏറെ പീഡിപ്പിച്ചിരുന്നത്. എന്നാല്‍ തന്റെ കൂടെ കൂടിയവരില്‍ നിന്നും കുത്തുവാക്കുകളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ സൂചന നല്‍കുന്നത് കാണുക:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ ءَاذَوْا۟ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُوا۟ ۚ وَكَانَ عِندَ ٱللَّهِ وَجِيهًا
സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു.(ഖു൪ആന്‍:33/69)
മൂസാ നബി عليه السلام യോട് അവര്‍ ചെയ്ത് ദ്രോഹങ്ങൾ ഒട്ടനവധിയായിരുന്നു. ശത്രുക്കളുമായി യുദ്ധം നടത്തേണ്ടുന്ന ഘട്ടം വന്നപ്പോള്‍ ഇസ്രാഈല്യര്‍ മൂസാ عليه السلام നബിയോടു പറഞ്ഞു:
قَالُوا۟ يَٰمُوسَىٰٓ إِنَّا لَن نَّدْخُلَهَآ أَبَدًا مَّا دَامُوا۟ فِيهَا ۖ فَٱذْهَبْ أَنتَ وَرَبُّكَ فَقَٰتِلَآ إِنَّا هَٰهُنَا قَٰعِدُونَ
അപ്പോള്‍ അവര്‍ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവും കൂടിപ്പോയി യുദ്ധം ചെയ്ത് കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്.(ഖു൪ആന്‍:5/24)
‘തീഹു’ മരുഭൂമിയില്‍വെച്ച് ‘മന്നാ’യും ‘സല്‍വാ’യും (ഒരു തരം കട്ടിത്തേനും, കാടപ്പക്ഷിയും) സുഭിക്ഷം ലഭിച്ചുകൊണ്ടിരുന്ന അവസരത്തില്‍ അവര്‍ പറഞ്ഞു:
وَإِذْ قُلْتُمْ يَٰمُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍ وَٰحِدٍ فَٱدْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنۢبِتُ ٱلْأَرْضُ مِنۢ بَقْلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ
ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്, പയറ്, ഉള്ളി മുതലായവ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതരുവാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ത്ഥിക്കുക എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) (ഖു൪ആന്‍:2/61)
മറ്റൊരവസരത്തില്‍ അവര്‍ ശഠിച്ചു:
وَإِذْ قُلْتُمْ يَٰمُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهْرَةً فَأَخَذَتْكُمُ ٱلصَّٰعِقَةُ وَأَنتُمْ تَنظُرُونَ
ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത് വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി. (ഖു൪ആന്‍:2/55)
മൂസാനബി عليه السلام തൗറാത്തു ഏറ്റുവാങ്ങുവാന്‍വേണ്ടി സീനാപര്‍വ്വതത്തില്‍ പോയി വന്നപ്പോഴേക്കും അവര്‍ പശുക്കുട്ടിയെ ദൈവമാക്കി ആരാധിച്ച സംഭവം പ്രസിദ്ധമാണ്. ഇങ്ങിനെ പലതും അവര്‍ ചെയ്തു.
അതിന് പുറമെ മൂസാനബി عليه السلام യോടുള്ള അവരുടെ മറ്റൊരു ഉപദ്രവത്തെ പറ്റി മുഹമ്മദ് നബിﷺ നമുക്ക് വിവരിച്ച് തന്നിട്ടുണ്ട്. അതായത് അദ്ധേഹത്തെ കുറിച്ച് ഇസ്‌റാഈൽ സന്തതികൾ പറഞ്ഞത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّ مُوسَى كَانَ رَجُلاً حَيِيًّا سِتِّيرًا، لاَ يُرَى مِنْ جِلْدِهِ شَىْءٌ، اسْتِحْيَاءً مِنْهُ، فَآذَاهُ مَنْ آذَاهُ مِنْ بَنِي إِسْرَائِيلَ، فَقَالُوا مَا يَسْتَتِرُ هَذَا التَّسَتُّرَ إِلاَّ مِنْ عَيْبٍ بِجِلْدِهِ، إِمَّا بَرَصٌ وَإِمَّا أُدْرَةٌ وَإِمَّا آفَةٌ. وَإِنَّ اللَّهَ أَرَادَ أَنْ يُبَرِّئَهُ مِمَّا قَالُوا لِمُوسَى فَخَلاَ يَوْمًا وَحْدَهُ فَوَضَعَ ثِيَابَهُ عَلَى الْحَجَرِ ثُمَّ اغْتَسَلَ، فَلَمَّا فَرَغَ أَقْبَلَ إِلَى ثِيَابِهِ لِيَأْخُذَهَا، وَإِنَّ الْحَجَرَ عَدَا بِثَوْبِهِ، فَأَخَذَ مُوسَى عَصَاهُ وَطَلَبَ الْحَجَرَ، فَجَعَلَ يَقُولُ ثَوْبِي حَجَرُ، ثَوْبِي حَجَرُ، حَتَّى انْتَهَى إِلَى مَلإٍ مِنْ بَنِي إِسْرَائِيلَ، فَرَأَوْهُ عُرْيَانًا أَحْسَنَ مَا خَلَقَ اللَّهُ، وَأَبْرَأَهُ مِمَّا يَقُولُونَ، وَقَامَ الْحَجَرُ فَأَخَذَ ثَوْبَهُ فَلَبِسَهُ، وَطَفِقَ بِالْحَجَرِ ضَرْبًا بِعَصَاهُ، فَوَاللَّهِ إِنَّ بِالْحَجَرِ لَنَدَبًا مِنْ أَثَرِ ضَرْبِهِ ثَلاَثًا أَوْ أَرْبَعًا أَوْ خَمْسًا، فَذَلِكَ قَوْلُهُ {يَا أَيُّهَا الَّذِينَ آمَنُوا لاَ تَكُونُوا كَالَّذِينَ آذَوْا مُوسَى فَبَرَّأَهُ اللَّهُ مِمَّا قَالُوا وَكَانَ عِنْدَ اللَّهِ وَجِيهًا}.”
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും മൂസാ ലജ്ജയുള്ളവനും (നഗ്‌നത മുഴുവനും) മറയ്ക്കുന്നവനുമായിരുന്നു. അദ്ദേഹത്തിന്റെ ലജ്ജ കാരണം തൊലിയില്‍ നിന്നും യാതൊന്നും കാണപ്പെടുമായിരുന്നില്ല. എന്നാൽ ഇസ്രായീൽ സന്തതികളിൽപ്പെട്ട ചിലർ അദ്ദേഹത്തെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ‘മൂസാ ഇങ്ങനെ മറച്ചുവെക്കുന്നത്, അവന്റെ തൊലിയില്‍ പാണ്ടുപോലുള്ള ന്യൂനത നിമിത്തമോ അല്ലെങ്കില്‍ അദ്ദേഹത്തിന് വൃഷണവീക്കം ഉള്ളത് കൊണ്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന് വേറെന്തോ ഒരു കുഴപ്പം ഉള്ളത് കൊണ്ടോ ആണ്.” മൂസായെ പറ്റി അവര്‍ പറയുന്നതില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ മുക്തനാക്കുവാന്‍ ഉദ്ദേശിച്ചു. അങ്ങനെ അദ്ദേഹം ഒരു ദിവസം ഒറ്റക്കായിരുന്നു. അങ്ങനെ തന്റെ വസ്ത്രം ഒരു കല്ലില്‍ വെച്ചു. പിന്നീട് കുളിച്ചു. കുളി കഴിഞ്ഞപ്പോള്‍ വസ്ത്രം എടുക്കാനായി മുന്നോട്ടു വന്നു. (അപ്പോള്‍ ആ) കല്ല് അദ്ദേഹത്തിന്റെ വസ്ത്രവുമായി ഓടി. അപ്പോള്‍ മൂസാ തന്റെ വടിയുമായി കല്ലിന് പിറകെ പുറപ്പെട്ടു. എന്നിട്ട് ‘കല്ലേ എന്റെ വസ്ത്രം, കല്ലേ എന്റെ വസ്ത്രം’ എന്ന് വിളിച്ച് പറയുകയും ചെയ്തു. അങ്ങനെ അദ്ദേഹം ബനൂ ഇസ്‌റാഈല്യരിലെ പ്രമാണിമാരിലേക്ക് എത്തുന്നത് വരെ പോയി.’ അങ്ങനെ അവര്‍ അദ്ദേഹത്തെ അല്ലാഹു ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചതായി, നഗ്‌നാവസ്ഥയില്‍ കാണുകയുണ്ടായി. അവര്‍ പറയുന്നതില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. കല്ല് നില്‍ക്കുകയും തന്റെ വസ്ത്രം എടുക്കുകയും അത് ധരിക്കുകയും ചെയ്തു. എന്നിട്ട് തന്റെ വടികൊണ്ട് ആ കല്ലിനെ ശക്തിയായി അടിച്ചു. അല്ലാഹുവാണ് സത്യം, അദ്ദേഹത്തിന്റെ അടികൊണ്ട് ആ കല്ലില്‍ മൂന്നോ നാലോ അഞ്ചോ അടയാളങ്ങള്‍ ഉണ്ടായി. അതാണ് അല്ലാഹു പറഞ്ഞത്: {സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉത്കൃഷ്ടനായിരിക്കുന്നു 33/69} (ബുഖാരി:3404)
മുഹമ്മദ് നബിﷺയെ ജനങ്ങള്‍ ഏതെങ്കിലും രൂപത്തില്‍ വിഷമിപ്പിക്കുമ്പോഴെല്ലാം മൂസാ നബി عليه السلام യെ അദ്ദേഹത്തിന്റെ ജനത വിഷമിപ്പിച്ചത് എടുത്തു പറയാറുണ്ടായിരുന്നു എന്ന് നമുക്ക് ഹദീഥുകളില്‍ കാണാം. ഒരു സംഭവം കാണുക:
عَنْ عَبْدِ اللَّهِ، قَالَ لَمَّا قَسَمَ النَّبِيُّ صلى الله عليه وسلم قِسْمَةَ حُنَيْنٍ قَالَ رَجُلٌ مِنَ الأَنْصَارِ مَا أَرَادَ بِهَا وَجْهَ اللَّهِ. فَأَتَيْتُ النَّبِيَّ صلى الله عليه وسلم فَأَخْبَرْتُهُ، فَتَغَيَّرَ وَجْهُهُ ثُمَّ قَالَ “ رَحْمَةُ اللَّهِ عَلَى مُوسَى، لَقَدْ أُوذِيَ بِأَكْثَرَ مِنْ هَذَا فَصَبَرَ ”.
ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ”റസൂൽﷺ ഒരു സമ്പത്ത് വീതിക്കുകയായിരുന്നു. അപ്പോള്‍ അന്‍സ്വാറുകളില്‍ ഒരാള്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! മുഹമ്മദ് ഇതുകൊണ്ട് അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിക്കുന്നില്ല.’ അപ്പോള്‍ ഞാന്‍ റസൂൽﷺയുടെ അടുത്തു ചെന്നു. എന്നിട്ട് ഞാന്‍ അത് നബിയെ അറിയിച്ചു. അപ്പോള്‍ നബിﷺയുടെ മുഖം വിവര്‍ണമായി. നബിﷺ പറയുകയും ചെയ്തു: ‘അല്ലാഹു മൂസാ عليه السلام ക്ക് കരുണ ചൊരിയട്ടെ. തീർച്ചയായും അദ്ദേഹം (മൂസാ നബി) ഇതിനേക്കാൾ കഠിനമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം ക്ഷമിക്കുകയുണ്ടായി” (ബുഖാരി:4335)
സത്യവിശ്വാസികൾക്കുള്ള പാഠം
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ ءَاذَوْا۟ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُوا۟ ۚ وَكَانَ عِندَ ٱللَّهِ وَجِيهًا
സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു.(ഖു൪ആന്‍:33/69)
ഇവിടെ അല്ലാഹു വിശ്വാസികളായ അടിമകൾക്ക് അവന്റെ ദൂതനായ മുഹമ്മദ് നബിﷺയെ ദ്രോഹിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. അവർ ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ അതിന് വിപരീതമാണ് അവർ ചെയ്തത്. മൂസാനബി عليه السلام യെ അദ്ദേഹത്തിന്റെ അനുയായികൾ ഉപദ്രവിച്ചതുപോലെ നിങ്ങൾ ഉപദ്രവിക്കരുത്. അവർ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ മോശമായ കാര്യങ്ങളിൽ അദ്ദേഹം നിരപരാധിയാണെന്ന് അല്ലാഹു വ്യക്തമാക്കി. കുറ്റപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ ഒരു കാരണവുമില്ലാത്തത്ര ഉയർന്ന പദവിയിലാണ് മൂസാ عليه السلام ഉള്ളത്. കാരണം അദ്ദേഹം അല്ലാഹുവിന്റെ അടുക്കൽ മാന്യനും അവനോട് അടുപ്പമുള്ളവനുമായിരുന്നു. ജൂതൻമാരിൽനിന്നും അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്തവനും നിഷ്‌കളങ്കനായ ഒരു ദാസനുമാണ്. ഇതൊന്നും അദ്ദേഹത്തെ ഉപദ്രവിക്കുന്നതിൽനിന്നും അപകീർത്തിപ്പെടുത്തുന്നതിൽ നിന്നും അവരെ പിന്തിരിപ്പിച്ചില്ല. അതിനാൽ സത്യവിശ്വാസികളേ, നിങ്ങൾ അവരെപ്പോലെ ആകാതിരിക്കാൻ ശ്രദ്ധിക്കുക. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com