സത്യവിശ്വാസികളായ തന്റെ ദാസന്മാർക്ക് സംരക്ഷണത്തിന്റെ കോട്ടകളൊരുക്കി അവരെ വലയം ചെയ്യുകയും, വിവിധ ഇനം കാവലുകളും പരിചരണങ്ങളും നൽകി അവരെ സഹായിക്കുകയും ചെയ്ത അല്ലാഹുവിന് സർവ്വസ്തുതിയും. പരിശുദ്ധനായ അവനെ ഞാൻ സ്തുതിക്കുകയും അവനോട് ഞാൻ നന്ദി കാണിക്കുകയും ചെയ്യുന്നു. എന്റെ കർമ്മങ്ങളിലെ എല്ലാ വീഴ്ചകളിൽ നിന്നും ഞാൻ അവനോട് പാപമോചനം തേടുന്നു. ഏകദൈവവിശ്വാസികളുടെ സാക്ഷ്യമെന്ന നിലയിൽ, അല്ലാഹുവല്ലാതെ സത്യത്തിലധിഷ്ഠിതമായ മറ്റൊരു ആരാധ്യനുമില്ലെന്നും അവൻ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് (ﷺ) അവന്റെ അടിമയും ദൂതനും ലോകർക്ക് സമ്മാനിക്കപ്പെട്ട കാരുണ്യവുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്റെ റസൂലിനും (ﷺ) അദ്ദേഹത്തിന്റെ കുടുംബത്തിനും അനുചരന്മാർക്കും അല്ലാഹുവിന്റെ സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ.
ഹേ സത്യവിശ്വാസികളേ, നിശ്ചയം അല്ലാഹു (ﷻ) മുഹമ്മദ് നബിയെ (ﷺ) നമ്മിലേക്ക് കൃപയുള്ളവനും കരുണാമയനുമായിക്കൊണ്ട് നിയോഗിച്ചു. അതിനാൽ നന്മയുടെ ഒരു വാതിലും നമുക്കവിടുന്ന് കാണിച്ചുതരാതിരുന്നിട്ടില്ല. തിന്മയുടെ ഒരു വാതിലും നമുക്കവിടുന്ന് മുന്നറിയിപ്പ് നൽകാതിരുന്നിട്ടില്ല. മുഹമ്മദ് നബി (ﷺ) നമുക്ക് കാണിച്ച് തന്ന നന്മയുടെ വാതിലുകളിൽ പെട്ടതാണ്, നമുക്ക് വലിയൊരു കാവൽ (കിഫായത്ത്) നേടിക്കൊടുക്കുന്ന ഒരു വാതിൽ.
അബൂ മസ്ഊദ് അൽ-ബദ്രിയിൽ (رَضِيَ اللَّهُ عَنْهُ) നിന്ന് സ്വഹീഹുൽ ബുഖാരിയിൽ ഇപ്രകാരം വന്നിട്ടുണ്ട്. നബി (ﷺ) അരുളി:
مَنْ قَرَأَ بِالْآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ
ആരെങ്കിലും സൂറത്ത് അൽ-ബഖറയുടെ അവസാനത്തെ രണ്ട് ആയത്തുകൾ ഒരു രാത്രിയിൽ പാരായണം ചെയ്താൽ, അവനുവേണ്ടി ആ രണ്ട് ആയത്തുകൾ മതിയാകുന്നതാണ്. [സ്വഹീഹുൽ ബുഖാരി – 4008]
വാക്കുകളുടെ ചുരുക്കവും ഘടനയുടെ ലളിത്യവും ഉണ്ടായിരുന്നിട്ടുപോലും, മഹത്തായ ഒരു കാര്യമാണ് ഈ ഹദീസിലൂടെ അവിടുന്ന് (ﷺ) വിവരിച്ചുതരുന്നത്. അതായത്, രാത്രി മുഴുവൻ ഒരുവന് കാവലും സുരക്ഷിതത്വവും ലഭിക്കുന്ന ഒരു കാര്യം കരസ്ഥമാക്കുക എന്നത്. അവിടുന്ന് (ﷺ) പറഞ്ഞു: “ആരെങ്കിലും സൂറത്ത് അൽ-ബഖറയുടെ അവസാനത്തെ രണ്ട് ആയത്തുകൾ ഒരു രാത്രിയിൽ പാരായണം ചെയ്താൽ, അവനുവേണ്ടി ആ രണ്ട് ആയത്തുകൾ മതിയാകുന്നതാണ്.”
’ആരെങ്കിലും’ (مَنْ): ഈ പ്രയോഗം എല്ലാ വ്യക്തികളെയും ഉൾക്കൊള്ളുന്ന പൊതുവായ ഒന്നാണ്. ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്: മുസ്ലിമും, ബുദ്ധിമാനും, വകതിരിവുള്ളവനുമായ ഒരു വ്യക്തി എന്നതാണ്. ഈ മൂന്ന് വിശേഷണങ്ങളും ഒത്തുചേർന്ന ഒരാൾ ഈ രണ്ട് ആയത്തുകൾ പാരായണം ചെയ്താൽ, അതിൽ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള പ്രതിഫലം അവന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ വകതിരിവില്ലാത്ത (മുമയ്യിസ് അല്ലാത്ത) ഒരാളാണ് ഇത് പാരായണം ചെയ്യുന്നതെങ്കിൽ അവനിൽ നിന്ന് അതിനുള്ള ശരിയായ ഉദ്ദേശ്യം ഉണ്ടാവുകയില്ല. അതുപോലെ ബുദ്ധിയില്ലാത്തവനോ, മുസ്ലിമല്ലാത്ത അവിശ്വാസിയോ ആണ് ഇത് പാരായണം ചെയ്യുന്നതെങ്കിൽ, ഈ ഹദീസിൽ പറയപ്പെട്ട പ്രതിഫലം അവന് ലഭിക്കുകയില്ല.
’പാരായണം ചെയ്താൽ’ (قَرَأَ): തുടർന്ന് ഈ പ്രതിഫലം ലഭിക്കാനുള്ള കർമ്മത്തിലേക്ക് നബി (ﷺ) മാർഗ്ഗനിർദ്ദേശം നൽകി. അവിടുന്ന് പറഞ്ഞു: ‘പാരായണം ചെയ്താൽ’. പാരായണം ചെയ്യുന്നതിന് മൂന്ന് പദവികളുണ്ട്:
▪️ഒന്നാമത്തെ പദവി: തനിക്കും മറ്റുള്ളവർക്കും കേൾക്കുന്ന രൂപത്തിൽ പാരായണം ചെയ്യുക.
▪️രണ്ടാമത്തെ പദവി: തനിക്ക് മാത്രം കേൾക്കുന്ന രൂപത്തിൽ പാരായണം ചെയ്യുക.
▪️മൂന്നാമത്തെ പദവി: ശബ്ദം കേൾപ്പിക്കാതെ, ചുണ്ടുകളും വായും നാവും മാത്രം ചലിപ്പിച്ചുകൊണ്ട് പാരായണം ചെയ്യുക.
ഇതിൽ ഒന്നാമത്തെ പദവി പൂർണ്ണതയുള്ള പദവിയാണ്. വ്യക്തമായ ശബ്ദത്തിൽ തനിക്കും മറ്റുള്ളവർക്കും കേൾക്കുന്ന രൂപത്തിൽ ഒരു വ്യക്തി അത് പാരായണം ചെയ്യുക. ഖുർആൻ ഓതുന്ന മറ്റു വ്യക്തികൾക്കോ നമസ്കരിക്കുന്നവർക്കോ അവൻ ശല്യമാകാതിരിക്കുന്നിടത്തോളം ഈ രൂപത്തിൽ പാരായണം ചെയ്യാവുന്നതാണ്. രണ്ടാമത്തെ പദവി തനിക്ക് മാത്രം കേൾക്കുന്ന രൂപത്തിൽ പാരായണം ചെയ്യുക എന്നതാണ്. ഇത് ഒന്നാമത്തെ പദവിക്ക് താഴെയാണ്. മൂന്നാമത്തെ പദവി, താൻ പോലും കേൾക്കാത്ത രൂപത്തിൽ ചുണ്ടുകളും നാവും മാത്രം ചലിപ്പിച്ചുകൊണ്ട് പാരായണം ചെയ്യുക എന്നതാണ്. ഈ മൂന്ന് പദവികളിലും പാരായണം എന്ന കർമ്മം സാധുവാകുന്നതാണ്. എന്നാൽ ചുണ്ടുകളോ നാവോ ചലിപ്പിക്കാതെ ഒരാൾ വെറുതെ തന്റെ മനസ്സിലൂടെ ഇത് ഓടിച്ചുപോയാൽ, അതിന് പാരായണം എന്ന് പറയുകയില്ല. അതിനാൽ, ഹദീസിൽ പറയപ്പെട്ട ഈ പ്രതിഫലം നിനക്ക് ലഭിക്കണമെങ്കിൽ നീ ശ്രദ്ധിക്കേണ്ട ഏറ്റവും ചുരുങ്ങിയ കാര്യം, ഈ ആയത്തുകൾ പാരായണം ചെയ്യുമ്പോൾ നിന്റെ ചുണ്ടുകളും നാവും നീ ചലിപ്പിക്കുക എന്നതാണ്.
’സൂറത്ത് അൽ-ബഖറയുടെ അവസാനത്തെ രണ്ട് ആയത്തുകൾ’ (آخِرِ آيَتَيْنِ مِنْ سُورَةِ الْبَقَرَةِ): തുടർന്ന് നബി (ﷺ) പാരായണം ചെയ്യാൻ കൽപ്പിക്കപ്പെട്ട ഭാഗമേതാണെന്ന് വ്യക്തമാക്കി. അവിടുന്ന് (ﷺ) പറഞ്ഞു: “സൂറത്ത് അൽ-ബഖറയുടെ അവസാനത്തെ രണ്ട് ആയത്തുകൾ.” ഈ പ്രതിഫലം ബന്ധപ്പെട്ടിരിക്കുന്നത് രണ്ട് ആയത്തുകളോടാണ്. ആ രണ്ട് ആയത്തുകളാകട്ടെ സൂറത്ത് അൽ-ബഖറയുടെ അവസാനത്തിലാണുള്ളത്. ഒരാൾ സൂറത്ത് അൽ-ബഖറയുടെ ആദ്യത്തിൽ നിന്നുള്ള രണ്ട് ആയത്തുകളാണ് ഓതുന്നതെങ്കിൽ അവന് ഈ പ്രതിഫലം ലഭിക്കുകയില്ല. ഇനി അവൻ സൂറത്ത് അൽ-ബഖറയുടെ ഏറ്റവും അവസാനത്തെ ഒരു ആയത്ത് മാത്രമാണ് ഓതുന്നതെങ്കിലും അവന് ഈ പ്രതിഫലം ലഭിക്കുകയില്ല. മറിച്ച്, അല്ലാഹുവിന്റെ (ﷻ) ഈ വചനം മുതൽ പാരായണം ആരംഭിക്കുമ്പോഴാണ് അവന് ആ പ്രതിഫലം ലഭിക്കുന്നത്:
ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ
തന്റെ രക്ഷിതാവിങ്കൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെത്തുടർന്ന്) സത്യവിശ്വാസികളും…
ഇവിടെ മുതൽ സൂറത്ത് അൽ-ബഖറ അവസാനിക്കുന്നത് വരെ അവൻ പൂർത്തിയാക്കണം. അപ്പോൾ അവൻ സൂറത്ത് അൽ-ബഖറയുടെ അവസാനത്തെ രണ്ട് ആയത്തുകൾ പാരായണം ചെയ്തവനായിത്തീരും.
’ഒരു രാത്രിയിൽ’ (فِي لَيْلَةٍ): തുടർന്ന് ഈ രണ്ട് ആയത്തുകൾ പാരായണം ചെയ്യേണ്ട സമയം നബി (ﷺ) നിശ്ചയിച്ചു നൽകി. അത് ‘ഒരു രാത്രിയിൽ’ എന്നതാണ്. രാത്രി എന്നത് ആരംഭിക്കുന്നത് സൂര്യൻ അസ്തമിക്കുന്നതോടെയാണ്. മഗ്രിബിന്റെ സമയം പ്രവേശിച്ചുകൊണ്ട് സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ, ഉടനെത്തന്നെ ഈ ആയത്തുകൾ പാരായണം ചെയ്യാൻ ധൃതി കാണിക്കൽ സുന്നത്താണ്. ഒരാൾ രാത്രിയുടെ തുടക്കത്തിൽ തന്നെ അത് പാരായണം ചെയ്യാൻ മുൻഗണന നൽകിയാൽ, സ്വന്തം ശരീരത്തിന് സംരക്ഷണം തീർക്കുന്നതിൽ അവൻ മുൻഗണന നൽകി കഴിഞ്ഞു. ഇനി അവൻ മഗ്രിബിന് ശേഷമോ ഇശാഅ് നമസ്കാരത്തിന് ശേഷമോ ആണ് അത് പാരായണം ചെയ്യാൻ വൈകിപ്പിക്കുന്നതെങ്കിൽ, സ്വന്തം ശരീരത്തിന് സംരക്ഷണം നൽകുന്നതിലും അവൻ വൈകിപ്പിച്ചു കഴിഞ്ഞു.
’അവനുവേണ്ടി ആ രണ്ട് ആയത്തുകൾ മതിയാകുന്നതാണ്’ (كَفَتَاهُ): തുടർന്ന് അവിടുന്ന് (ﷺ) അതിനുള്ള പ്രതിഫലം വ്യക്തമാക്കി. അവിടുന്ന് (ﷺ) പറഞ്ഞു: ‘കഫതാഹു’. അതുകൊണ്ട് ഉദ്ദേശിക്കുന്നത്: അവൻ ഭയപ്പെടുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അവന് അത് മതിയാകും എന്നാണ്. ഒരു അടിമ ഭയപ്പെടുന്ന ഏതൊരു കാര്യത്തിൽ നിന്നും, ഈ രണ്ട് ആയത്തുകളുടെ പാരായണം അവനിൽ നിന്ന് തിന്മകളെ തടഞ്ഞുനിർത്തുന്നതാണ്; അത് മനുഷ്യരിലെ പിശാചുക്കൾ മുഖേനയുണ്ടാകുന്ന പ്രത്യക്ഷമായ തിന്മകളുടെ ആളുകളിൽ നിന്നായാലും, ജിന്നുകളിലെ പിശാചുക്കൾ മുഖേനയുണ്ടാകുന്ന പരോക്ഷമായ തിന്മകളുടെ ആളുകളിൽ നിന്നായാലും ശരി.
സൂറത്ത് അൽ-ബഖറയിലെ ഏറ്റവും കുറഞ്ഞ ഭാഗമാണ് ഈ രണ്ട് ആയത്തുകൾ. കാരണം സൂറത്ത് അൽ-ബഖറ വളരെ വലിയ ഒരു സൂറത്താണ്. അതിന്റെ പത്തിലൊരംശം പോലും ഈ ആയത്തുകൾ വരുന്നില്ല. നമ്മിലൊരാൾ ഈ രണ്ട് ആയത്തുകൾ പാരായണം ചെയ്യാൻ ഒരു മിനിറ്റിലധികം സമയം ആവശ്യമില്ല. അങ്ങനെയായിരുന്നിട്ടുപോലും ഇതിന്റെ പ്രതിഫലം ഇപ്രകാരമാണ്: ‘ആരെങ്കിലും സൂറത്ത് അൽ-ബഖറയുടെ അവസാനത്തെ രണ്ട് ആയത്തുകൾ ഒരു രാത്രിയിൽ (അതായത് സൂര്യൻ അസ്തമിച്ചതിന് ശേഷം) പാരായണം ചെയ്താൽ, അവനുവേണ്ടി ആ രണ്ട് ആയത്തുകൾ മതിയാകുന്നതാണ്.’ അതിനാൽ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളുടെ രാത്രികളിൽ മുഴുവൻ നിങ്ങൾക്ക് കാവൽ ലഭിക്കുന്നതിനായി ഈ രണ്ട് ആയത്തുകൾ പാരായണം ചെയ്യുന്നതിൽ നിങ്ങൾ അതീവ ശ്രദ്ധ പുലർത്തുക.
നന്മകൾ ചെയ്യാൻ നമുക്ക് തൗഫീഖ് നൽകാനും, വഴിപാടുകൾ അനുഷ്ഠിക്കാൻ നമ്മെ സഹായിക്കാനും, നമ്മുടെ കാര്യങ്ങളിൽ നേർവഴി കാണിച്ചുതരാനും ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. സർവ്വലോക രക്ഷിതാവായ അല്ലാഹുവിന് സർവ്വസ്തുതിയും. അല്ലാഹുവിന്റെ റസൂൽ മുഹമ്മദ് നബിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുചരന്മാർക്കും അല്ലാഹുവിന്റെ സ്വലാത്തും സലാമും എക്കാലത്തും വർഷിക്കുമാറാകട്ടെ.
ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദില്ല അൽ ഉസ്വൈമി حَفِظَهُ اللَّهُ
വിവര്ത്തനം : മുഹമ്മദ് അമീൻ
www.kanzululoom.com