മലഉൽ അഅ്‌ലാ യിലെ ചര്‍ച്ച

അല്ലാഹു പറയുന്നു:

مَا كَانَ لِىَ مِنْ عِلْمِۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ ‎﴿٦٩﴾‏ إِن يُوحَىٰٓ إِلَىَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٌ مُّبِينٌ ‎﴿٧٠﴾‏

അത്യുന്നത സമൂഹം വിവാദം (തർക്കം) നടത്തിയിരുന്ന സന്ദര്‍ഭത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിന് മാത്രമാണ് എനിക്ക് സന്ദേശം നല്‍കപ്പെടുന്നത്‌. (ഖുർആൻ:38/69-70)

‘മലഉൽ അഅ് ലാ’ (الملأ الاعلى) എന്ന വാക്കിനു ‘ഉന്നത സമൂഹം’ എന്നും മറ്റും വിവർത്തനം നല്കപ്പെടാം. ഇതു മലക്കുകൾക്കു പൊതുവിൽ പറയപ്പെടുന്നതാണെന്നും, അതല്ല അവരിലുള്ള ഒരു പ്രത്യേക വിഭാഗത്തിനു പറയപ്പെടുന്നതാണെന്നും മഹാന്മാർക്കിടയിൽ രണ്ടഭിപ്രായങ്ങളുണ്ട്. ഏതായാലും ‘മലഉൽ അഅ്ലാ’ എന്ന പേർ മലക്കുകളെ ഉദ്ദേശിച്ചു മാത്രം പറയപ്പെടുന്നതാണെന്നും, മനുഷ്യരെക്കുറിച്ചു പറയപ്പെടുന്നതല്ലെന്നുമുള്ളതിൽ ആർക്കും പക്ഷാന്തരമില്ല. (അമാനി തഫ്സീര്‍)

الْملأُ الأَعْلَى (അത്യുന്നത സമൂഹം) വിവാദം (തർക്കം) നടത്തികൊണ്ടിരിക്കുമ്പോൾ എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്ന് പറയാനാണ് അല്ലാഹു നബി ﷺയോട് ഈ വചനത്തിൽ പറഞ്ഞിരിക്കുന്നത്. അവരുടെ ചര്‍ച്ച എന്തിനെ കുറിച്ചായിരുന്നു?

ഇബ്നു ജരീർ അത്വബരീ رحمه الله ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ പറഞ്ഞു:

وقوله: {مَا كَانَ لِىَ مِنْ عِلْمِۭ بِٱلْمَلَإِ ٱلْأَعْلَىٰٓ} يقول لنبيه محمد صلى الله عليه وسلم: قل يا محمد لمشركي قومك: {مَا كَانَ لِىَ مِنْ عِلْمِۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ} في شأن آدم من قبل أن يوحي إلي ربي فيعلمني ذلك, يقول: ففي إخباري لكم عن ذلك دليل واضح على أن هذا القرآن وحي من الله وتنزيل من عنده, لأنكم تعلمون أن علم ذلك لم يكن عندي قبل نزول هذا القرآن, ولا هو مما شاهدته فعاينته, ولكني علمت ذلك بإخبار الله إياي به .

وبنحو الذي قلنا في ذلك قال أهل التأويل. ذكر من قال ذلك :

عن ابن عباس , قوله: {مَا كَانَ لِىَ مِنْ عِلْمِۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ} قال: الملأ الأعلى: الملائكة حين شووروا في خلق آدم, فاختصموا فيه, وقالوا: لا تجعل في الأرض خليفة.

عن السدي {بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ} هو:  {وَإِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى جَاعِلٌ فِى ٱلْأَرْضِ خَلِيفَةً}[البقرة: 30]

عن قتادة, قوله: { مَا كَانَ لِىَ مِنْ عِلْمِۭ بِٱلْمَلَإِ ٱلْأَعْلَىٰٓ} قال: هم الملائكة, كانت خصومتهم في شأن آدم حين قال ربك للملائكة: {إِنِّى خَٰلِقُۢ بَشَرًا مِّن طِينٍ}

{അത്യുന്നത സമൂഹത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല} (അല്ലാഹു) തന്റെ പ്രവാചകനായ മുഹമ്മദ് നബി ﷺ യോട് പറയുന്നു: ഓ മുഹമ്മദ്, താങ്കളുടെ ജനതയിലെ മുശ്‌രിക്കുകളോട് പറയുക: {അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദര്‍ഭത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല} ‘ആദമിന്റെ കാര്യത്തിൽ, എന്റെ റബ്ബ് എനിക്ക് വഹ്‌യ് നൽകി അത് പഠിപ്പിച്ചുതരുന്നതിന് മുൻപ്.’ നബി ﷺ പറയുന്നു: ‘ഞാൻ ഇതിനെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതിൽ തന്നെ, ഈ ഖുർആൻ അല്ലാഹുവിൽ നിന്നുള്ള ദിവ്യസന്ദേശമാണെന്നതിനും അവങ്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതാണെന്നതിനും വ്യക്തമായ തെളിവുണ്ട്. കാരണം, ഈ ഖുർആൻ അവതരിക്കുന്നതിന് മുൻപ് ഇതിനെക്കുറിച്ചുള്ള അറിവ് എനിക്കില്ലായിരുന്നു എന്ന് നിങ്ങൾക്കറിയാമല്ലോ. ഞാൻ നേരിട്ട് കാണുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്ത ഒരു കാര്യവുമല്ല ഇത്. എന്നാൽ അല്ലാഹു എന്നെ അത് അറിയിച്ചതുകൊണ്ട് മാത്രമാണ് ഞാൻ അത് മനസ്സിലാക്കിയത്.’

നാം ഈ കാര്യത്തിൽ പറഞ്ഞതുപോലെ തന്നെയാണ് (ഖുര്‍ആൻ) വ്യാഖ്യാതാക്കളും  അഭിപ്രായപ്പെട്ടിട്ടുള്ളത്. അങ്ങനെ പറഞ്ഞവരെ താഴെ പരാമർശിക്കുന്നു:

ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: {അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദര്‍ഭത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല} ‘ഉന്നത സമൂഹം’ എന്നത് മലക്കുകളാണ്; ആദമിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് അവരോട് ആലോചിക്കപ്പെട്ടപ്പോൾ അവർ അതിൽ തർക്കിക്കുകയും, ‘ഭൂമിയിൽ ഒരു ഖലീഫയെ ഉണ്ടാക്കരുതേ’ എന്ന് പറയുകയും ചെയ്ത സന്ദർഭമാണത്.

സുദ്ദി رحمه الله പറയുന്നു: {അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദര്‍ഭം} എന്നത് ഈ സന്ദര്‍ഭമാണ്: {ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം 2/30}.

ഖതാദ رحمه الله പറയുന്നു: {അത്യുന്നത സമൂഹത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല} അവർ മലക്കുകളാണ്. {തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌ 38/71} എന്ന് നിന്റെ നാഥൻ മലക്കുകളോട് പറഞ്ഞ സന്ദർഭത്തിൽ, ആദം നബിയുടെ കാര്യത്തിലായിരുന്നു അവരുടെ ആ തർക്കം. (തഫ്‌സീറുത്ത്വബ്‌രി)

عَنْ ابْنِ عَبَّاسٍ رضي الله عنهما قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (في كلام الله له في المنام) يَا مُحَمَّدُ هَلْ تَدْرِي فِيمَ يَخْتَصِمُ الْملأُ الأَعْلَى. قَالَ فِي الْكَفَّارَاتِ ، وَالْكَفَّارَاتُ الْمُكْثُ فِي الْمَسَاجِدِ بَعْدَ الصَّلَوَاتِ وَالْمَشْيُ عَلَى الأَقْدَامِ إِلَى الْجَمَاعَاتِ وَإِسْبَاغُ الْوُضُوءِ فِي الْمَكَارِهِ وَمَنْ فَعَلَ ذَلِكَ عَاشَ بِخَيْرٍ وَمَاتَ بِخَيْرٍ وَكَانَ مِنْ خَطِيئَتِهِ كَيَوْمِ وَلَدَتْهُ أُمُّهُ.

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ (സ്വപ്നത്തിൽ അല്ലാഹു തന്നോട് സംസാരിച്ചതിനെക്കുറിച്ച്) പറഞ്ഞു: “അല്ലാഹു ചോദിച്ചു: ‘ഓ മുഹമ്മദ്, ഉന്നതസമൂഹം എന്തിനെക്കുറിച്ചാണ് തർക്കിക്കുന്നത് എന്ന് താങ്കൾക്കറിയാമോ?’. അദ്ദേഹം പറഞ്ഞു: പാപപരിഹാരങ്ങളെ (കഫ്ഫാറത്ത്) കുറിച്ചാണ്. നമസ്കാരങ്ങൾക്ക് ശേഷം പള്ളികളിൽ തുടരുന്നതും, ജമാഅത്ത് നമസ്കാരങ്ങൾക്കായി കാൽനടയായി പോകുന്നതും, പ്രയാസകരമായ സാഹചര്യങ്ങളിൽ വുദു പൂർണ്ണമായ രൂപത്തിൽ ചെയ്യുന്നതുമാണ് പാപപരിഹാരങ്ങൾ. ആര് ഇപ്രകാരം ചെയ്യുന്നുവോ അവൻ നന്മയിൽ ജീവിക്കുകയും നന്മയിൽ മരണപ്പെടുകയും ചെയ്യും. അവന്റെ മാതാവ് അവന് ജന്മം നൽകിയ ദിവസത്തെപ്പോലെ അവൻ തന്റെ പാപങ്ങളിൽ നിന്ന് മുക്തനാവുകയും ചെയ്യും. [الترمذي 3157 وهو في صحيح الجامع 59]

قال المباركفوري رحمه الله في شرح الحديث {فِيمَ} أي في أي شيء {يَخْتَصِمُ} أي يبحث {الْملأُ الأَعْلَى} أي الملائكة المقربون ، والملأ هم الأشراف الذين يملئون المجالس والصدور عظمة وإجلالا ووصفوا بالأعلى إما لعلو مكانهم وإما لعلو مكانتهم عند الله تعالى . واختصامهم إما عبارة عن تبادرهم إلى إثبات تلك الأعمال والصعود بها إلى السماء وإما عن تقاولهم في فضلها وشرفها وإما عن اغتباطهم الناس بتلك الفضائل .. وإنما سماه مخاصمة لأنه ورد مورد سؤال وجواب وذلك يشبه المخاصمة والمناظرة فلهذا السبب حسن إطلاق لفظ المخاصمة عليه . والله تعالى أعلم

മാം മുബാറക്ഫൂരി رحمه الله ഹദീസിന്റെ വ്യാഖ്യാനത്തിൽ പറയുന്നു: {എന്തിനെക്കുറിച്ച്}: അതായത് ഏത് കാര്യത്തെക്കുറിച്ചാണ്. {അവർ തർക്കിക്കുന്നത്}: അതായത് അവർ അന്വേഷിക്കുന്നത്. (മലഉൽ അഅ്‌ലാ – ഉന്നത സമൂഹം): അതായത് അല്ലാഹുവോട് സാമീപ്യം സിദ്ധിച്ച മലക്കുകൾ. ‘മലഅ്’ (الملأ) എന്നാൽ പ്രൗഢിയും ആദരവും കൊണ്ട് സദസ്സുകളെയും മനുഷ്യഹൃദയങ്ങളെയും നിറയ്ക്കുന്ന പ്രമുഖരും മാന്യരുമായ കൂട്ടർ എന്നാണ് അർത്ഥം. അവർ വസിക്കുന്ന ഇടത്തിന്റെ (ആകാശത്തിന്റെ) ഉന്നതി കൊണ്ടോ, അല്ലെങ്കിൽ അല്ലാഹുവിന്റെ അടുക്കൽ അവർക്കുള്ള ഉന്നതമായ സ്ഥാനവും പദവിയും കൊണ്ടോ ആണ് അവർക്ക് ‘അഅ്‌ലാ’ (ഉന്നതർ) എന്ന വിശേഷണം നൽകപ്പെട്ടത്.

അവരുടെ ആ തര്‍ക്കം (ചർച്ച) ഒന്നുകിൽ ആ പുണ്യപ്രവൃത്തികൾ രേഖപ്പെടുത്തുന്നതിനും അവയുമായി ആകാശത്തേക്ക് ഉയരുന്നതിനും അവർ കാണിക്കുന്ന തിടുക്കത്തെക്കുറിച്ചാകാം; അല്ലെങ്കിൽ ആ പ്രവൃത്തികളുടെ ശ്രേഷ്ഠതയെയും മഹത്വത്തെയും കുറിച്ച് അവർ പരസ്പരം സംസാരിക്കുന്നതിനെക്കുറിച്ചാകാം; അതുമല്ലെങ്കിൽ ഈ പുണ്യങ്ങൾ കാരണം മനുഷ്യർക്ക് ലഭിച്ച വലിയ ഭാഗ്യത്തെ അവർ അസൂയയില്ലാതെ കൊതിക്കുന്നതിനെ കുറിച്ചാകാം.

അതിനെ المخاصمة (തർക്കം) എന്ന് വിളിക്കാൻ കാരണം, അത് ചോദ്യോത്തര രൂപത്തിലാണ് വന്നിട്ടുള്ളത് എന്നത് കൊണ്ടാണ്. അത് ഒരു സംവാദത്തോടും തർക്കത്തോടും സാദൃശ്യമുള്ളതാണ്. ഈ ഒരു കാരണം കൊണ്ടാണ് അതിന് المخاصمة എന്ന പദം പ്രയോഗിക്കുന്നത് ഉചിതമായിത്തീർന്നത്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

ചുരുക്കത്തിൽ മലഉൽ അഅ്‌ലാ യിലെ ചര്‍ച്ച, ഒന്നുകിൽ അല്ലാഹു ആദം നബിയെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചപ്പോൾ മലക്കുകൾ അതിനെക്കുറിച്ച് നടത്തിയ ചർച്ചകളായിരിക്കാം.

അല്ലെങ്കിൽ മനുഷ്യർ ചെയ്യുന്ന വുളൂഅ്, ജമാഅത്ത് നമസ്കാരം, അതുമായി ബന്ധപ്പെട്ട പുണ്യങ്ങൾ രേഖപ്പെടുത്താനും അതിന്റെ മഹത്വം ചർച്ച ചെയ്യാനും മലക്കുകൾക്കിടയിൽ ഉണ്ടാകുന്ന ചര്‍ച്ചയായിരിക്കാം.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *