യുവത്വത്തിന് സലഫുകൾ നൽകിയ ഉപദേശങ്ങൾ

ആമുഖം

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ وَسَلَّمَ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ.

മനുഷ്യജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് യുവത്വം എന്ന കാര്യത്തിൽ സംശയമില്ല. കാരണം അത് ശക്തിയുടെയും ഉന്മേഷത്തിന്റെയും, സുഗമമായ ചലനങ്ങളുടെയും, അവയവങ്ങളുടെ കരുത്തിന്റെയും, ഇന്ദ്രിയങ്ങളുടെ സുരക്ഷയുടെയും ഘട്ടമാണ്. എന്നാൽ മനുഷ്യൻ വലുതാകുമ്പോൾ അവന്റെ ഇന്ദ്രിയങ്ങളും ശക്തിയും ദുർബലമാകുന്നു.

ഇസ്‌ലാം ഈ ഘട്ടത്തിന് പ്രത്യേക പരിഗണനയും വലിയ ശ്രദ്ധയും നൽകിയിട്ടുണ്ട്. ഈ ഘട്ടത്തിന്റെ മഹത്വവും പ്രാധാന്യവും ഉറപ്പിച്ചു പറയുന്ന നിരവധി പ്രമാണങ്ങൾ വന്നിട്ടുണ്ട്. നമ്മുടെ നബി ﷺ അത് മുതലെടുക്കാൻ തിടുക്കം കൂട്ടാനും, അത് പാഴാക്കിക്കളയുന്നതിനെതിരെ ജാഗ്രത പുലർത്താനും നമ്മെ പഠിപ്പിച്ചു.

عن ابن عباس -رضي الله عنهما- قال: قال رسول الله -صلى الله عليه وسلم – لرجل وهو يعظه: «اغتنم خمسا قبل خمس: شبابك قبل هرمك، وصحتك قبل سقمك، وغناك قبل فقرك، وفراغك قبل شغلك، وحياتك قبل موتك.

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ ഒരു മനുഷ്യനെ ഉപദേശിച്ചുകൊണ്ട് പറഞ്ഞു: “അഞ്ചിന് മുൻപ് അഞ്ച് കാര്യങ്ങളെ നീ ഉപയോഗപ്പെടുത്തുക: നിന്റെ വാർദ്ധക്യത്തിന് മുൻപ് യുവത്വത്തെ, രോഗത്തിന് മുൻപ് ആരോഗ്യത്തെ, ദാരിദ്ര്യത്തിന് മുൻപ് നിന്റെ ഐശ്വര്യത്തെ, നിന്റെ തിരക്കിന് മുൻപ് ഒഴിവുസമയത്തെ, മരണത്തിന് മുൻപ് ജീവിതത്തെ. (ഹാകിം ‘മുസ്തദ്റകിൽ’ ഉദ്ധരിച്ചത് (7846), അദ്ദേഹം അത് സ്വഹീഹാണെന്ന് പറഞ്ഞു, ദഹബിയും അത് അംഗീകരിച്ചു, അൽബാനി ‘സ്വഹീഹുൽ ജാമിഇ’ൽ (1077) സ്വഹീഹാണെന്ന് പറഞ്ഞു.)

നബി ﷺ യുടെ “മരണത്തിന് മുൻപ് നിന്റെ ജീവിതത്തെ” എന്ന മൊത്തത്തിലുള്ള വാക്കിൽ യൗവനഘട്ടം ഉൾപ്പെടുന്നുണ്ട്. എങ്കിലും അതിന്റെ പ്രാധാന്യവും മഹത്വവും കാരണം നബി ﷺ ഈ ഘട്ടത്തെ പ്രത്യേകം എടുത്തുപറഞ്ഞു. അതിനാൽ ഇക്കാര്യത്തിൽ ഉണർന്നിരിക്കേണ്ടതും, അതിൽ അശ്രദ്ധ കാണിക്കാതിരിക്കേണ്ടതും അനിവാര്യമാണ്.

عن ابن مسعود -رضي الله عنه – أن النبي -صلى الله عليه وسلم – قال: لا تزول قدم ابن آدم يوم القيامة من عند ربه حتى يسأل عن خمس: عن عمره فيم أفناه، وعن شبابه فيم أبلاه، وماله من أين اكتسبه وفيم أنفقه، وماذا عمل فيما علم.

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ഖിയാമത്ത് നാളിൽ ഒരടിമയുടെയും പാദങ്ങൾ നീങ്ങുകയില്ല; അഞ്ച് കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നത് വരെ: അവന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്, അവന്റെ യുവത്വം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്, അവന്റെ ധനം എവിടെ നിന്നാണ് സമ്പാദിച്ചതെന്നും എന്തിലാണ് ചെലവഴിച്ചതെന്നും, അവൻ അറിഞ്ഞ കാര്യങ്ങൾ കൊണ്ട് എന്ത് പ്രവർത്തിച്ചുവെന്നും.” (തിർമിദി ഉദ്ധരിച്ചത് (2416), അൽബാനി ‘സിൽസിലത്തു സ്വഹീഹ’യിൽ (946) സ്വഹീഹാണെന്ന് പറഞ്ഞു.)

അപ്പോൾ നബി ﷺ അറിയിച്ചു, ഖിയാമത്ത് നാളിൽ മനുഷ്യൻ അവന്റെ ജീവിതത്തെക്കുറിച്ച് രണ്ട് ചോദ്യങ്ങൾ ചോദിക്കപ്പെടുമെന്ന്:

ഒന്ന്: അവന്റെ ജീവിതത്തെക്കുറിച്ച് മൊത്തത്തിൽ, അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ.

രണ്ട്: യുവത്വ ഘട്ടത്തെക്കുറിച്ച് പ്രത്യേകമായി. അവന്റെ ജീവിതത്തെക്കുറിച്ച് ചോദിക്കപ്പെടുമ്പോൾ യുവത്വവും അതിൽ ഉൾപ്പെടുമെങ്കിലും, ഖിയാമത്ത് നാളിൽ അതിനെക്കുറിച്ച് പ്രത്യേകമായി ചോദ്യം ചെയ്യപ്പെടും.

അതുകൊണ്ട് ഒരു യുവാവ് ഈ ഘട്ടത്തിന്റെ പ്രാധാന്യം ശ്രദ്ധിക്കേണ്ടതുണ്ട്. തന്റെ രക്ഷിതാവ് ഖിയാമത്ത് നാളിൽ അതിൽ എന്ത് പ്രവർത്തിച്ചുവെന്ന് ചോദിക്കുമെന്ന് എപ്പോഴും ഓർക്കണം. കൂടാതെ, അവന്റെ ജീവിതകാലം മുഴുവൻ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യവും ഉണ്ടാകും. കാരണം യുവത്വം ശക്തിയുടെയും ഉന്മേഷത്തിന്റെയും, ചലനങ്ങളുടെ എളുപ്പത്തിന്റെയും, അവയവങ്ങളുടെ കരുത്തിന്റെയും ഘട്ടമാണ്.

ഒന്നാമത്തെ ഉപദേശം

عن أبي الأحوص قال: قال أبو إسحق- وهو عمرو السبيعي: يا معشر الشباب اغتنموا -أي شبابكم-، قلما تمر بي ليلة إلا وأقرأ فيها ألف آية، وإني لأقرأ البقرة في ركعة، وإني لأصوم الشهر الحرام، وثلاثة أيام من كل شهر والاثنين والخميس، ثم تلا: {وأما بنعمة ربك فحدث}.

അബുൽ അഹ്’വസ് رَحِمَهُ الله പറഞ്ഞു: അബൂ ഇസ്ഹാഖ് അസ്സബീഇ رَحِمَهُ الله പറഞ്ഞു:”ഓ യുവാക്കളെ, നിങ്ങൾ (നിങ്ങളുടെ യുവത്വം) മുതലെടുക്കുക. ഞാൻ ഒരു രാത്രി കഴിച്ചുകൂട്ടാറില്ല, അതിൽ ആയിരം ആയത്തുകൾ ഓതാതെ. ഞാൻ ഒരൊറ്റ റക്അത്തിൽ സൂറത്തുൽ ബഖറ ഓതാറുണ്ട്. ഞാൻ പവിത്രമായ മാസങ്ങളിലും, എല്ലാ മാസത്തിലെ മൂന്ന് ദിവസങ്ങളിലും, തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പെടുക്കാറുണ്ട്.” ശേഷം അദ്ദേഹം ഈ ആയത്ത് ഓതി:

وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ

നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക. (ഖു൪ആന്‍:93/11) [ഹാകിം അൽ-മുസ്തദ്റക് (3947)]

അദ്ദേഹത്തിന്റെ “ഒരു രാത്രിയിൽ ആയിരം ആയത്തുകൾ ഓതുന്നു” എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ഏകദേശ കണക്കാണ്, കൃത്യമായ എണ്ണമല്ല. അതിന്റെ അർത്ഥം, അദ്ദേഹം എല്ലാ ആഴ്ചയിലും ഒരു തവണ ഖുർആൻ ഖത്മ് ചെയ്യാറുണ്ടായിരുന്നു എന്നാണ്. എല്ലാ ആഴ്ചയിലും ഖുർആൻ ഖത്മ് ചെയ്യുക എന്നത് സലഫുകളിൽ ഭൂരിഭാഗം പേരുടെയും പതിവായിരുന്നു.

അംറ് ബ്നു മൈമൂൻ رَحِمَهُ الله തന്റെ സഹോദരന്മാരിൽ ഒരാളെ കണ്ടുമുട്ടുമ്പോൾ ഇപ്രകാരം പറയുമായിരുന്നു:

لقد رزقني الله البارحة من الصلاة كذا، ورزق من الخير كذا.

കഴിഞ്ഞ രാത്രി അല്ലാഹു എനിക്ക് ഇത്രയിത്ര നമസ്കാരം കൊണ്ട് അനുഗ്രഹിച്ചു, ഇത്രയിത്ര നന്മകൾ കൊണ്ടും അനുഗ്രഹിച്ചു.

അബൂ അബ്ദില്ലാഹ് അൽ-ഹാകിം ‘അൽ-മുസ്തദ്റകിൽ’ ഈ രണ്ട് അസറുകളും ഉദ്ധരിച്ച ശേഷം പറഞ്ഞു:

فرحم الله عمرو بن عبيد الله السبيعي، وعمرو ابن ميمون الأودي؛ فلقد نبها لما يرغب الشباب في العبادة.

അംറ് ബ്നു ഉബൈദില്ലാഹ് അസ്സബീഇക്കും, അംറ് ബ്നു മൈമൂൻ അൽ-ഔദിക്കും അല്ലാഹു കരുണ ചെയ്യട്ടെ. അവർ യുവാക്കളെ ഇബാദത്തിൽ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലേക്ക് ഉണർത്തിയിരിക്കുന്നു.

ഈ രണ്ട് അസറുകളിലും മാതൃകയിലൂടെയുള്ള ശിക്ഷണമുണ്ട്. യുവാവിന് ഈ ഒരു തലം ആവശ്യമാണ്, അതുവഴി അവന് ഉന്മേഷം ലഭിക്കുകയും കൽപ്പനകൾ അനുസരിക്കാൻ എളുപ്പമാവുകയും ചെയ്യും. എന്നാൽ അധ്യാപകൻ തന്റെ നിയ്യത്തിന്റെയും ഉദ്ദേശ്യത്തിന്റെയും നന്മയെക്കുറിച്ച് ബോധവാനായിരിക്കണം; അങ്ങനെ അവൻ ലോകമാന്യതയിൽ അകപ്പെടാതിരിക്കുകയും അവന്റെ കർമ്മങ്ങൾ നിഷ്ഫലമാകാതിരിക്കുകയും ചെയ്യും.

രണ്ടാമത്തെ ഉപദേശം

സലഫുകളുടെ ഉപദേശങ്ങളിൽ പെട്ടതാണ് ഹമ്മാദ് ബ്നു സൈദ് رَحِمَهُ الله പറഞ്ഞത്: “ഞങ്ങൾ അനസ് ബ്നു സീരീൻ رَحِمَهُ الله യുടെ അരികിൽ അദ്ദേഹത്തിന്റെ രോഗാവസ്ഥയിൽ പ്രവേശിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു:

اتقوا الله يا معشر الشباب، انظروا ممن تأخذون هذه الأحاديث؛ فإنها من دينكم.

‘ഓ യുവാക്കളെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങൾ ഈ ഹദീസുകൾ ആരിൽ നിന്നാണ് സ്വീകരിക്കുന്നതെന്ന് നോക്കുക; കാരണം അത് നിങ്ങളുടെ ദീനിന്റെ ഭാഗമാണ്’.” (അൽ-ഖതീബ് ‘അൽ-ജാമിഉ ലി-അഖ്’ലാഖി-റാവി വ ആദാബി-സ്സാമിഇ’ൽ ഉദ്ധരിച്ചത് (139). )

ഇതൊരു മഹത്തായ ഉപദേശമാണ്. വിജ്ഞാനം നേടാനും ഹദീസ് കരസ്ഥമാക്കാനും മുന്നോട്ട് വരുന്ന ഒരു യുവാവ്, അവന്റെ പഠനം അഗാധ പാണ്ഡിത്യമുള്ള, സ്ഥിരതയുള്ള, അറിവിലും ഉൾക്കാഴ്ചയിലും കഴിവുറ്റ പണ്ഡിതന്മാരുടെ കൈകളിൽ നിന്നായിരിക്കണം. അല്ലാതെ എല്ലാവരിൽ നിന്നും വിജ്ഞാനം സ്വീകരിക്കരുത്. മറിച്ച്, സുന്നത്തിൽ കാലുറച്ച ഒരു പണ്ഡിതനിൽ നിന്നായിരിക്കണം വിജ്ഞാനം സ്വീകരിക്കേണ്ടത്.

ഇബ്നു ശൗദബ് رَحِمَهُ الله പറഞ്ഞു: “ഒരു യുവാവ് മതപരമായ കാര്യങ്ങളിൽ മുഴുകുമ്പോൾ, അവനെ സുന്നത്തിലേക്ക് നയിക്കുന്ന ഒരു സുന്നത്തിന്റെ ആളുമായി സഹോദരബന്ധം സ്ഥാപിക്കാൻ സാധിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ പെട്ടതാണ്.”

عن عمرو بن قيس الملائي -رحمه الله- قال: إذا رأيت الشاب أول ما ينشأ مع أهل السنة والجماعة فارجه، وإذا رأيته مع أهل البدع فايئس منه، فإن الشاب علي أول نشوئه.

അംറ് ബ്നു ഖൈസ് അൽ-മുലാഇ رَحِمَهُ الله പറഞ്ഞു: “ഒരു യുവാവ് വളർന്നു വരുമ്പോൾ അവൻ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ കൂടെയാണ് ആരംഭിക്കുന്നതെങ്കിൽ അവനെക്കുറിച്ച് നീ നല്ലത് പ്രതീക്ഷിക്കുക. എന്നാൽ അവൻ ബിദ്അത്തിന്റെ ആളുകളുടെ കൂടെയാണ് കാണപ്പെടുന്നതെങ്കിൽ അവനെക്കുറിച്ച് നിരാശനാവുക. കാരണം ഒരു യുവാവ് അവന്റെ വളർച്ചയുടെ തുടക്കത്തിലായിരിക്കും (സ്വാധീനിക്കപ്പെടുക).”

وعن عمرو بن قيس -رحمه الله- قال: إن الشباب لينشأ، فإن آثر أن يجالس أهل العلم كاد أن يَسلَم، وإن مال إلى غيرهم كاد يعطب.

അംറ് ബ്നു ഖൈസ് رَحِمَهُ الله പറഞ്ഞു: “ഒരു യുവാവ് വളർന്നു വരുന്നു. അവൻ പണ്ഡിതന്മാരുടെ കൂടെ ഇരിക്കാനാണ് താൽപര്യപ്പെടുന്നതെങ്കിൽ അവൻ രക്ഷപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ മറ്റുള്ളവരിലേക്ക് അവൻ ചാഞ്ഞാൽ അവൻ നാശത്തിലേക്ക് അടുക്കാൻ സാധ്യതയുണ്ട്.”

[മുകളിൽ പറഞ്ഞ അസറുകൾ ഇബ്നു ബത്ത ‘അൽ-ഇബാനത്തുൽ കുബ്റാ’യിൽ ഉദ്ധരിച്ചത് (1/204, അക്കം: 42-44).]

മൂന്നാമത്തെ ഉപദേശം

മാലിക് ബ്നു ദീനാർ رَحِمَهُ الله പറഞ്ഞതായി വന്നിരിക്കുന്നു:

إنما الخير في الشباب.

നിശ്ചയമായും നന്മ യുവത്വത്തിലാണ്.” [അൽ-ഖതീബ് ‘അൽ-ജാമിഉ ലി-അഖ്’ലാഖി-റാവി വ ആദാബി-സ്സാമിഇ’ൽ ഉദ്ധരിച്ചത് (673).]

ഇത് മാലിക് ബ്നു ദീനാർ رَحِمَهُ الله യിൽ നിന്നുള്ള ഈ ഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള മഹത്തായ ഒരു ഉണർത്തലാണ്. ഒരു യുവാവ് ഈ ഘട്ടത്തെ നന്നായി ഉപയോഗപ്പെടുത്തിയാൽ അവൻ മഹത്തായ നന്മ കരസ്ഥമാക്കും. അവന്റെ യുവത്വത്തിൽ അവൻ നേടിയെടുത്തത്, മരണം വരെ അവനോടൊപ്പം നിലനിൽക്കുന്ന ഒരു അടിത്തറയും, നെടുംതൂണും, ഉറച്ച അടിസ്ഥാനവുമായി മാറും; അത് അവനും അവന്റെ സമൂഹത്തിനും പ്രയോജനകരമാവുകയും, മറ്റുള്ളവർക്ക് ഉപദേശമായിത്തീരുകയും ചെയ്യും.
എന്നാൽ അവൻ അത് നന്നായി ഉപയോഗപ്പെടുത്തിയില്ലെങ്കിൽ, ഈ ഘട്ടത്തിന്റെ നന്മയും ബറകത്തും അവൻ സ്വയം നഷ്ടപ്പെടുത്തുന്നു.

ഒരു യുവാവിൽ യുവത്വത്തിന്റെ ശക്തിയും, ഒഴിവുസമയവും, കയ്യിൽ പണത്തിന്റെ സമൃദ്ധിയും ഒരുമിച്ചുകൂടുമ്പോൾ, അത് അവന് നാശകരമായിത്തീരും. കവി പറഞ്ഞതുപോലെ: “നിശ്ചയമായും യുവത്വവും, ഒഴിവുസമയവും, സമ്പത്തും ഒരു വ്യക്തിക്ക് ഏത് നാശത്തേക്കാളും വലിയ നാശമാണ്.”

യുവത്വത്തിന്റെ ശക്തി, ഒഴിവുസമയം, ധനസമൃദ്ധി എന്നിവയോടൊപ്പം നാലാമതൊരു കാര്യം കൂടി ചേർന്നാൽ – അതായത് ഫിത്നകളുടെ ബാഹുല്യം, അവ യുവാവിനോട് അടുത്തിരിക്കൽ, അതിന്റെ കവാടങ്ങളുടെ വർദ്ധനവ് – ഇവയെല്ലാം യുവാവിന് ഏറ്റവും വലിയ നാശഹേതുക്കളിൽ പെട്ടതാണ്. അതുവഴി അവൻ തന്റെ യുവത്വ ഘട്ടത്തോട് വലിയൊരു ദ്രോഹം ചെയ്യുകയും, യുവത്വത്തിന്റെ നന്മയും ബറകത്തും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

മാലിക് ബ്നു ദീനാർ رَحِمَهُ الله “നിശ്ചയമായും നന്മ യുവത്വത്തിലാണ്” എന്ന് പറഞ്ഞത്, അല്ലാഹു ഒരു യുവാവിന് ഈ ഘട്ടത്തെ തൃപ്തികരമായ രീതിയിൽ ഉപയോഗപ്പെടുത്താൻ തൗഫീഖ് നൽകിയാൽ അതിലുള്ള മഹത്തായ ബറകത്തിനെയും നന്മയെയും കുറിച്ച് ഉണർത്താനാണ്.

നാലാമത്തെ ഉപദേശം

സലഫുകളുടെ ഉപദേശങ്ങളിൽ പെട്ടതാണ് സൈദ് ബ്നു അബീ സുർഖാഅ് رَحِمَهُ الله പറഞ്ഞത്: “സുഫിയാനുസ്സൗരി ഞങ്ങളുടെ വാതിൽക്കൽ നിൽക്കുമ്പോൾ പുറത്തേക്ക് വന്നു പറഞ്ഞു:

يا معشر الشباب تعجلوا بركة هذا العلم ؛ فإنكم لا تدرون لعلكم لا تبلغون ما تؤمِّلون منه، ليُفِدْ بعضكم بعضاً

‘ഓ യുവാക്കളെ, ഈ വിജ്ഞാനത്തിന്റെ ബറകത്ത് നിങ്ങൾ വേഗത്തിൽ നേടിയെടുക്കുക. കാരണം, നിങ്ങൾ പ്രതീക്ഷിക്കുന്നത് നിങ്ങൾക്ക് നേടാൻ സാധിക്കുമോ എന്ന് നിങ്ങൾക്കറിയില്ല. നിങ്ങളിൽ ചിലർ ചിലർക്ക് പ്രയോജനം നൽകട്ടെ’. [അബൂ നുഐം ‘ഹിൽയത്തുൽ ഔലിയാഇ’ൽ ഉദ്ധരിച്ചത് (6/370)]

അദ്ദേഹത്തിന്റെ വാക്ക്: “ഈ വിജ്ഞാനത്തിന്റെ ബറകത്ത് നിങ്ങൾ വേഗത്തിൽ നേടിയെടുക്കുക” എന്നതിനർത്ഥം, നിങ്ങളുടെ യുവത്വത്തിന്റെ അവസരം മുതലെടുക്കുകയും വിജ്ഞാനം നേടാൻ അത് ഉപയോഗിക്കുകയും ചെയ്യുക എന്നാണ്. കാരണം, മനുഷ്യൻ പ്രായമാകുമ്പോൾ അവന്റെ യുവത്വ ഘട്ടത്തിലുള്ളതുപോലെയുള്ള ഉന്മേഷമോ, ഓർമ്മശക്തിയോ, ഓർത്തെടുക്കാനുള്ള കഴിവോ അവനുണ്ടാകില്ല. അതോടൊപ്പം അവനെ വലയം ചെയ്യുന്ന ഉത്തരവാദിത്തങ്ങളും, ജോലികളും, തിരക്കുകളും, മറ്റു കാര്യങ്ങളും ഉണ്ടാകും. എന്നാൽ യുവാവിന് അത്തരം കാര്യങ്ങളൊന്നും ഉണ്ടാകില്ല. മാത്രമല്ല, യുവത്വ ഘട്ടം വളരെ വേഗത്തിൽ കടന്നുപോകും. ഇമാം അഹ്മദ് رَحِمَهُ الله പറഞ്ഞതുപോലെ: “യുവത്വത്തെ ഞാൻ ഉപമിക്കുന്നത് എന്റെ കൈക്കുപ്പായത്തിൽ ഉണ്ടായിരുന്ന ഒരു വസ്തു താഴെ വീണുപോയതുപോലെയാണ്.” [ഹാഫിള് ദഹബി ‘സിയറു അഅ്ലാമിന്നുബലാഇ’ൽ ഉദ്ധരിച്ചത് (11/305).]

അദ്ദേഹത്തിന്റെ വാക്ക്: “കാരണം, നിങ്ങൾ പ്രതീക്ഷിക്കുന്നത് നിങ്ങൾക്ക് നേടാൻ സാധിക്കുമോ എന്ന് നിങ്ങൾക്കറിയില്ല” എന്നതിനർത്ഥം, ഒരു യുവാവ് ഇത്ര വിജ്ഞാനം നേടണമെന്നും, ഇത്ര കാര്യങ്ങൾ മനഃപാഠമാക്കണമെന്നും, ഇത്ര പുസ്തകങ്ങൾ വായിക്കണമെന്നും മറ്റു പല കാര്യങ്ങളും പ്രതീക്ഷിച്ചേക്കാം, പക്ഷേ അവനത് നേടാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ അവൻ തന്റെ മനസ്സിനോട് സമരം ചെയ്യുകയും, അല്ലാഹുവിനോട് സഹായം തേടുകയും, യുവത്വ ഘട്ടം മുതലെടുക്കാൻ ആഗ്രഹിക്കുകയും ചെയ്താൽ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവൻ മഹത്തായ നന്മ കരസ്ഥമാക്കും. അല്ലാഹു ﷻ പറയുന്നു:

وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ﴾

നമ്മുടെ മാർഗത്തിൽ ജിഹാദ് ചെയ്തവരാരോ, അവരെ നാം നമ്മുടെ വഴികളിലേക്ക് നയിക്കുക തന്നെ ചെയ്യും. തീർച്ചയായും അല്ലാഹു സദ്‌വൃത്തരുടെ കൂടെയാകുന്നു.

അദ്ദേഹത്തിന്റെ വാക്ക്: “നിങ്ങളിൽ ചിലർ ചിലർക്ക് പ്രയോജനം നൽകട്ടെ” എന്നതിൽ, യുവാക്കൾ തങ്ങളുടെ കൂടിക്കാഴ്ചകളെ പ്രയോജനകരമായ കാര്യങ്ങൾക്കും, വിജ്ഞാനത്തിന്റെ നല്ല ചർച്ചകൾക്കുമായി ഉപയോഗപ്പെടുത്തണമെന്ന പ്രോത്സാഹനമുണ്ട്.

അഞ്ചാമത്തെ ഉപദേശം

സലഫുകളുടെ ഉപദേശങ്ങളിൽ പെട്ടതാണ് ഹസനുൽ ബസ്വരി رَحِمَهُ الله യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടത്. അദ്ദേഹം ധാരാളമായി ഇങ്ങനെ പറയാറുണ്ടായിരുന്നു:

يا معشر الشباب ، عليكم بالآخرة فاطلبوها ؛ فكثيرًا رأينا من طلب الآخرة فأدركها مع الدنيا ، وما رأينا أحدًا طلب الدنيا فأدرك الآخرة مع الدنيا

“ഓ യുവാക്കളെ, നിങ്ങൾ പരലോകത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക, അത് നിങ്ങൾ തേടുക. കാരണം, പരലോകം തേടിയ ധാരാളം പേരെ നാം കണ്ടിട്ടുണ്ട്, അവർക്ക് ദുനിയാവിനോടൊപ്പം അതും ലഭിച്ചു. എന്നാൽ ദുനിയാവ് തേടിയ ഒരാളെയും നാം കണ്ടിട്ടില്ല, അയാൾക്ക് ദുനിയാവിനോടൊപ്പം പരലോകം ലഭിച്ചത്.” [അൽ-ബൈഹഖി ‘കിതാബുസ്സുഹ്ദി’ൽ ഉദ്ധരിച്ചത് (12)]

ഇമാം ഹസനുൽ ബസ്വരി رَحِمَهُ الله യിൽ നിന്നുള്ള വളരെ മഹത്തായ ഒരു ഉണർത്തലാണിത്. ഒരു യുവാവ് തന്റെ പ്രധാന ലക്ഷ്യം പരലോകമാക്കണമെന്നും, അത് നേടുന്നതിൽ ശ്രദ്ധിക്കണമെന്നും, തന്റെ രക്ഷിതാവിനോട് അടുപ്പിക്കുന്ന കാര്യങ്ങളിൽ സമയം ചെലവഴിക്കണമെന്നും അദ്ദേഹം ഉണർത്തുന്നു. അവൻ അങ്ങനെ ചെയ്താൽ, അല്ലാഹു ﷻ അവന് ദുനിയാവിൽ നിന്നുള്ള അവന്റെ വിഹിതവും ഭാഗ്യവും നൽകി അനുഗ്രഹിക്കും.

മുകളിൽ പറഞ്ഞതിൽ നിന്ന്, മനുഷ്യൻ തന്റെ ദുനിയാവിലെ ജീവിതം നിലനിർത്താനുള്ള സമ്പാദ്യവും, ഉപജീവനവും, പാർപ്പിടവും, വസ്ത്രവും ഉപേക്ഷിച്ച് മറ്റുള്ളവർക്ക് ഭാരമായി ജീവിക്കണമെന്ന് മനസ്സിലാക്കരുത്. മറിച്ച്, ഒരു മുസ്ലിമിന് ജോലി ചെയ്യുന്നതും, അധ്വാനിക്കുന്നതും, ധനം സമ്പാദിക്കുന്നതും ദോഷകരമല്ല, അവന്റെ കയ്യിൽ ധാരാളം സമ്പത്തുണ്ടായാലും ശരി. എന്നാൽ അവനെ ദോഷകരമായി ബാധിക്കുന്നത്, ദുനിയാവ് അവന്റെ പ്രധാന ലക്ഷ്യവും, ആഗ്രഹവും, ഉദ്ദേശ്യവും, അറിവിന്റെ പരിധിയുമായി മാറുമ്പോഴാണ്. നബി ﷺ തന്റെ പ്രാർത്ഥനയിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു:

“ദുനിയാവിനെ ഞങ്ങളുടെ ഏറ്റവും വലിയ ചിന്തയാക്കുകയോ, ഞങ്ങളുടെ അറിവിന്റെ പരിധിയാക്കുകയോ ചെയ്യരുതേ.” [തിർമിദി ‘അൽ-ജാമിഇ’ൽ ഉദ്ധരിച്ചത് (3502), അൽബാനി ‘അൽ-കലിമുത്ത്വയ്യിബി’ൽ (226) ഹസനാണെന്ന് പറഞ്ഞു.]

നബി ﷺ ഇപ്രകാരം കൂടി പറഞ്ഞു:

നീ നിന്റെ അനന്തരാവകാശികളെ ധനികരായി വിട്ടുപോകുന്നത്, അവരെ ദരിദ്രരായി, ജനങ്ങളോട് യാചിക്കുന്നവരായി വിട്ടുപോകുന്നതിനേക്കാൾ ഉത്തമമാണ്.” [ബുഖാരി ‘സ്വഹീഹി’ൽ ഉദ്ധരിച്ചത് (1295), മുസ്ലിം ‘സ്വഹീഹി’ൽ ഉദ്ധരിച്ചത് (1628).]

അപ്പോൾ, ആരുടെ പ്രധാന ലക്ഷ്യം പരലോകമാണോ, അല്ലാഹു അവന്റെ കാര്യങ്ങൾ ഒരുമിച്ചുകൂട്ടും, ദുനിയാവ് അവന്റെയടുക്കൽ നിന്ദ്യമായി വന്നെത്തും. എന്നാൽ ആരുടെ പ്രധാന ലക്ഷ്യം ദുനിയാവാണോ, അല്ലാഹു അവന്റെ ദാരിദ്ര്യം അവന്റെ കൺമുന്നിൽ വെക്കും, ദുനിയാവിൽ നിന്ന് അല്ലാഹു ﷻ അവന് വിധിച്ചത് മാത്രമേ അവന് ലഭിക്കുകയുമുള്ളൂ.

ആറാമത്തെ ഉപദേശം

സലഫുകളുടെ ഉപദേശങ്ങളിൽ പെട്ടതാണ് ഉഖ്ബത്ത് ബ്നു അബീ ഹകീം رَحِمَهُ الله പറഞ്ഞത്: “ഞങ്ങൾ ഔൻ ബ്നു അബ്ദില്ലാഹ് رَحِمَهُ الله യുടെ അടുത്ത് ഇരിക്കാറുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം ഞങ്ങളോട് പറയും:

مَعْشَرَ الشَّبَابِ قَدْ رَأَيْنَا الشَّبَابَ يَمُوتُونَ ، فَمَا يُنْتَظَرُ بِالْحَصَادِ إِذَا بَلَغَ الْمِنْجَلُ .

‘ഓ യുവാക്കളെ, യുവാക്കൾ മരിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. കൊയ്ത്തിന് സമയമായാൽ പിന്നെ അരിവാൾ കൊണ്ട് എന്ത് കാത്തിരിക്കാനാണ്?’

എന്നിട്ട് അദ്ദേഹം തന്റെ താടിയിൽ പിടിക്കും.”[ഇബ്നു അബിദ്ദുൻയാ ‘അൽ-ഉംറു വശ്ശൈബ്’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചത് (42).]

അദ്ദേഹം رَحِمَهُ الله ഉദ്ദേശിക്കുന്നത്, ഈ പ്രായത്തിലെത്തിയ ഒരാൾക്ക് കൊയ്യപ്പെടാൻ സമയമായി എന്നാണ്. കാരണം വിളവ് പൂർണ്ണമായാൽ അതിന്റെ കൊയ്ത്തിന് സമയമായി. അതുപോലെ പ്രായമായവന്റെ മരണവും അടുത്തു. അദ്ദേഹം അത് അവരോട് പറഞ്ഞത്, ദീർഘായുസ്സ് നൽകപ്പെട്ടവരെ കണ്ട് മനുഷ്യൻ വഞ്ചിതനാകരുത് എന്ന് ഉണർത്താനാണ്. കാരണം, ധാരാളം ആളുകൾ ദീർഘായുസ്സുള്ളവരെ കാണുമ്പോൾ വഞ്ചിതരാകുന്നു. തനിക്കും അത്രയും പ്രായം ലഭിക്കുമെന്ന് അവൻ കരുതുന്നു. അങ്ങനെ അവൻ പല കാര്യങ്ങളിലും വീഴ്ച വരുത്തുകയും, കാര്യങ്ങൾ നീട്ടിവെക്കുകയും, നാളേക്ക് മാറ്റിവെക്കുകയും ചെയ്യുന്നു. പറയപ്പെട്ടതുപോലെ:

“ഒരാൾക്ക് ദീർഘായുസ്സ് ലഭിക്കുന്നത് ഒരു സമൂഹത്തെ വഞ്ചിക്കുന്നു, എന്നാൽ യുവാക്കളിൽ നിന്ന് മരിക്കുന്നവരെ മറന്നുപോകുന്നു.”

ഇതേ അർത്ഥത്തിൽ ഹസനുൽ ബസ്വരി رَحِمَهُ الله യിൽ നിന്നും വന്നിട്ടുണ്ട്. അദ്ദേഹം ഒരു ദിവസം തന്റെ കൂടെയിരിക്കുന്നവരോട് – അവരിൽ പ്രായമായവരും യുവാക്കളുമുണ്ടായിരുന്നു – ചോദിച്ചു: “ഓ പ്രായമായവരെ, വിളവ് പാകമായാൽ പിന്നെ എന്തിനാണ് കാത്തിരിക്കുന്നത്?” അവർ പറഞ്ഞു: “കൊയ്ത്തിന്.” അദ്ദേഹം പറഞ്ഞു: “ഓ യുവാക്കളെ, നിശ്ചയമായും വിളവ് പാകമാകുന്നതിന് മുൻപ് അതിനെ രോഗം ബാധിച്ചേക്കാം.” [അൽ-ബൈഹഖി ‘കിതാബുസ്സുഹ്ദി’ൽ ഉദ്ധരിച്ചത് (500).]

അതുകൊണ്ട് ഒരു മുസ്ലിമിന്റെ അവസ്ഥ അസറിൽ വന്നതുപോലെയായിരിക്കണം: “നീ വൈകുന്നേരമായാൽ പ്രഭാതത്തെ പ്രതീക്ഷിക്കരുത്, നീ പ്രഭാതത്തിലായാൽ വൈകുന്നേരത്തെയും പ്രതീക്ഷിക്കരുത്.”[ബുഖാരി ഉദ്ധരിച്ചത് (6416), അബ്ദുല്ലാഹ് ബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് മൗഖൂഫായി. ]

ഇബ്നുൽ ജൗസി رَحِمَهُ الله പറഞ്ഞു: “മരണം എപ്പോഴാണ് തന്നെ പിടികൂടുക എന്നറിയാത്ത ഒരാൾ തയ്യാറെടുപ്പിലായിരിക്കൽ നിർബന്ധമാണ്. അവൻ യുവത്വത്തിലും ആരോഗ്യത്തിലും വഞ്ചിതനാകരുത്. കാരണം, മരിക്കുന്നവരിൽ ഏറ്റവും കുറവ് പ്രായമായവരും, ഏറ്റവും കൂടുതൽ മരിക്കുന്നത് യുവാക്കളുമാണ്. അതുകൊണ്ടാണ് പ്രായമാകുന്നവർ വിരളമാകുന്നത്.” [‘സ്വൈദുൽ ഖാത്വിർ’ (പേജ് 240).]

ഇതിന്റെ സാക്ഷ്യം, നിങ്ങൾ കുടുംബങ്ങളിൽ നോക്കിയാൽ ദീർഘായുസ്സുള്ളവർ കുറവാണെന്നും, മരിക്കുന്നവരിൽ ഭൂരിഭാഗവും യുവത്വത്തിലോ കുട്ടിക്കാലത്തോ ആണെന്നും കാണാം.

ഏഴാമത്തെ ഉപദേശം

സലഫുകളുടെ ഉപദേശങ്ങളിൽ പെട്ടതാണ് ഖാബൂസ് ബ്നു അബീ ളബിയാൻ رَحِمَهُ الله പറഞ്ഞത്: “ഒരു ദിവസം ഞങ്ങൾ അബൂ ളബിയാന്റെ പിന്നിൽ ളുഹർ നമസ്കരിച്ചു. ഞങ്ങളെല്ലാവരും ആ ഗോത്രത്തിലെ യുവാക്കളായിരുന്നു, മുഅദ്ദിൻ ഒഴികെ, അദ്ദേഹം ഒരു വൃദ്ധനായിരുന്നു. അദ്ദേഹം സലാം വീട്ടിയപ്പോൾ ഞങ്ങളുടെ നേരെ തിരിഞ്ഞു. എന്നിട്ട് യുവാക്കളോട് ചോദിക്കാൻ തുടങ്ങി: നീയാരാണ്? നീയാരാണ്? അവരോടെല്ലാം ചോദിച്ച ശേഷം, അവരെ പ്രോത്സാഹിപ്പിക്കാനും ഉന്മേഷം നൽകാനും വേണ്ടി അദ്ദേഹം പറഞ്ഞു:

إنه لم يبعث نبي إلا وهو شاب ، ولم يؤتَ العلم خير منه وهو شاب

‘ഒരു നബിയും നിയോഗിക്കപ്പെട്ടിട്ടില്ല, അദ്ദേഹം യുവാവായിട്ടല്ലാതെ. ഒരാൾക്കും വിജ്ഞാനം നൽകപ്പെട്ടിട്ടില്ല, അത് അദ്ദേഹത്തിന് യുവാവായിരിക്കെ ലഭിച്ചതിനേക്കാൾ ഉത്തമമായിട്ട്’.” [അബൂ ഖൈഥമ ‘കിതാബുൽ ഇൽമ്’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചത് (80).]

അദ്ദേഹം അവരെ യുവത്വത്തിന്റെ നന്മയും ബറകത്തും മുതലെടുക്കാൻ ഉണർത്തി. അത് വിഭവങ്ങൾ ശേഖരിക്കാനും, വിജ്ഞാനം നേടാനും, ഉന്മേഷവും ശക്തിയും ഉപയോഗപ്പെടുത്താനുമുള്ള മഹത്തായ അവസരമാണെന്നും ഓർമ്മിപ്പിച്ചു.

എട്ടാമത്തെ ഉപദേശം

ഇമാം അഹ്മദ് رَحِمَهُ الله തന്റെ ‘അൽ-വറഅ്’ എന്ന ഗ്രന്ഥത്തിൽ അബ്ദുൽ വഹാബ് അസ്സഖഫിയിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: “അയ്യൂബ് അസ്സഖ്തിയാനി رَحِمَهُ الله ഞങ്ങളുടെ അടുത്തേക്ക് പുറത്തുവന്നു പറഞ്ഞു:

يَا معشر الشباب احْتَرِفُوا ، لَا تَحْتَاجُونَ أَنْ تَأْتُوا أَبْوَابَ هَؤُلاءِ

‘ഓ യുവാക്കളെ, നിങ്ങൾ ഒരു തൊഴിൽ പഠിക്കുക. നിങ്ങൾ ഈ ആളുകളുടെ വാതിലുകളിൽ പോകേണ്ടി വരരുത്.’

അദ്ദേഹം വെറുക്കുന്നവരെ ഉദ്ദേശിച്ചാണ് അത് പറഞ്ഞത്. [കിതാബുൽ വറഅ്’, അക്കം (94).]

അതായത്, ഒരു യുവാവ് വിജ്ഞാനം നേടുന്നതോടൊപ്പം ഒരു തൊഴിൽ കൂടി പഠിക്കണം. അതുവഴി അവൻ പണവും ഉപജീവനവും സമ്പാദിക്കുകയും, തനിക്കും, പിന്നീട് തന്റെ കുടുംബത്തിനും മക്കൾക്കും വേണ്ടി ചെലവഴിക്കുകയും ചെയ്യണം. അവൻ മറ്റുള്ളവർക്ക് ഭാരമാകരുത്. അങ്ങനെയാകുമ്പോൾ, അവൻ പ്രായമാകുമ്പോൾ സഹായത്തിനും പിന്തുണയ്ക്കും വേണ്ടി ഇന്നാലിന്ന വ്യക്തിയുടെ അടുത്തേക്ക് പോകേണ്ടി വരില്ല. ഏറ്റവും ബറകത്തുള്ളതും, പ്രയോജനകരവും, ഉത്തമവുമായ ഉപജീവനം സ്വന്തം കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കുന്നതാണ്.

ഒമ്പതാമത്തെ ഉപദേശം

സലഫുകളുടെ ഉപദേശങ്ങളിൽ പെട്ടതാണ് ജഅ്ഫർ പറഞ്ഞത്: “ഥാബിത് അൽ-ബനാനി رَحِمَهُ الله ഞങ്ങളുടെ അടുത്തേക്ക് വരുമായിരുന്നു, ഞങ്ങൾ ഖിബ്‌ലയുടെ ഭാഗത്ത് ഇരിക്കുകയായിരിക്കും. അപ്പോൾ അദ്ദേഹം പറയും:

يَا مَعَاشِرَ الشَّبَابِ حِلْتُمْ بَيْنِي وَبَيْنَ رَبِّي أَنْ أَسْجُدَ لَهُ

‘ഓ യുവാക്കളെ, എനിക്കും എന്റെ രക്ഷിതാവിനും ഇടയിൽ നിങ്ങൾ തടസ്സമായിരിക്കുന്നു, ഞാൻ അവന് സുജൂദ് ചെയ്യുന്നതിൽ നിന്ന്.’

അദ്ദേഹത്തിന് നമസ്കാരം അത്രയധികം പ്രിയപ്പെട്ടതായിരുന്നു.” [അബൂ നുഐം ‘ഹിൽയത്തുൽ ഔലിയാഇ’ൽ ഉദ്ധരിച്ചത് (2/322).]

അദ്ദേഹം رَحِمَهُ الله സൂചിപ്പിക്കുന്നത്, പള്ളിയിൽ കണ്ടുമുട്ടുകയും ഒരുമിച്ചുകൂടുകയും ചെയ്യുന്ന ചില യുവാക്കൾ, തങ്ങളുടെ സുഹൃത്തുക്കളുമായി പള്ളിയിൽ വെച്ച് കണ്ടുമുട്ടുന്ന അവസരം പാർശ്വ സംസാരങ്ങൾക്കായി ഉപയോഗിക്കുന്നു. അവരുടെ അരികിൽ അല്ലാഹുവിനെ ആരാധിക്കാനും, നമസ്കാരത്തിൽ സമാധാനവും ഭക്തിയും കണ്ടെത്താനും വേണ്ടി പള്ളിയിൽ വന്നവരുണ്ടാകും. അങ്ങനെ അവർ ആ വ്യക്തിക്കും അവന്റെ നമസ്കാരത്തിനും ഇടയിൽ തടസ്സമായി മാറുന്നു. അവർ പള്ളിയിൽ ഇബാദത്തിലും ദിക്റിലും മുഴുകുന്നുമില്ല, പള്ളിയിൽ അല്ലാഹുവിനെ ആരാധിക്കാൻ വന്നവനെ ഇബാദത്തിൽ മുഴുകാനും അതിലേക്ക് മുന്നിടാനും വിടുന്നുമില്ല.

അതുകൊണ്ട്, ഒരു യുവാവ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പെട്ടതാണ് പള്ളിയുടെ പവിത്രതയും, പള്ളിയിലുള്ളവരുടെ സ്ഥാനവും പരിഗണിക്കുക എന്നത്. അങ്ങനെ നമസ്കാരത്തിൽ ഏകാഗ്രതയും ഭക്തിയും നഷ്ടപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്ന് അവരെ ശല്യപ്പെടുത്താതിരിക്കാൻ സാധിക്കും. ഈ കാലഘട്ടത്തിൽ പുതുതായി വന്ന വാർത്താവിനിമയ ഉപാധികളെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഒരു യുവാവ് അത് തന്റെ പോക്കറ്റിൽ കൊണ്ടുനടക്കുന്നു. ഒരുപക്ഷേ അവൻ തന്റെ ഫോണിന്റെ റിംഗ്ടോൺ കൊണ്ടോ, ഫോണിന് മറുപടി നൽകുന്നതുകൊണ്ടോ, അതുപോലുള്ള കാര്യങ്ങൾ കൊണ്ടോ നമസ്കരിക്കുന്ന ആളുകളെ ശല്യപ്പെടുത്തിയേക്കാം. അത് ജനങ്ങൾക്ക് അവരുടെ നമസ്കാരത്തിൽ ആശയക്കുഴപ്പമുണ്ടാക്കുകയും, സമാധാനവും അടക്കവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

പത്താമത്തെ ഉപദേശം

സലഫുകളുടെ ഉപദേശങ്ങളിൽ പെട്ടതാണ് മുഹമ്മദ് ബ്നു സൂഖഃ رَحِمَهُ الله പറഞ്ഞത്: “മൈമൂൻ ബ്നു മിഹ്റാൻ എന്നെ കണ്ടുമുട്ടി. ഞാൻ പറഞ്ഞു: ‘حَيَّاكَ اللهُ’ (അല്ലാഹു നിനക്ക് ദീർഘായുസ്സ് നൽകട്ടെ). അപ്പോൾ അദ്ദേഹം പറഞ്ഞു:

هَذِهِ تَحِيَّةُ الشَّبَابِ، قُلْ بِالسَّلَامِ

‘ഇത് യുവാക്കളുടെ അഭിവാദ്യമാണ്. നീ സലാം പറയുക’. [അബൂ നുഐം ‘അൽ-ഹിൽയ’യിൽ ഉദ്ധരിച്ചത് (4/86).]

നബി ﷺ യിൽ നിന്നുള്ള ഹദീസിൽ വന്നിരിക്കുന്നു: “സലാമിന് മുൻപ് സംസാരം തുടങ്ങിയവനോട് നിങ്ങൾ മറുപടി പറയരുത്.” [ഇബ്നുസ്സുന്നി ‘അമലുൽ യൗമി വല്ലൈല’യിൽ ഉദ്ധരിച്ചത് (214), ‘അസ്സ്വഹീഹ’ (816) നോക്കുക.]

അദ്ദേഹത്തിന്റെ വാക്ക്: “ഇത് യുവാക്കളുടെ അഭിവാദ്യമാണ്” എന്നതിനർത്ഥം, ചില യുവാക്കൾക്ക് ഒരുതരം അഭിവാദ്യം ഇഷ്ടപ്പെടുന്നു, അത് തങ്ങളുടെ സഹോദരങ്ങളെയോ കൂട്ടുകാരെയോ കണ്ടുമുട്ടുമ്പോൾ ഏറ്റവും മനോഹരമായ ഒന്നായി അവർ കാണുന്നു. അങ്ങനെ അവർ സലാം ഉപേക്ഷിക്കുകയും, തങ്ങൾ ഇഷ്ടപ്പെടുകയും താല്പര്യം കാണിക്കുകയും ചെയ്യുന്ന ചില അഭിവാദ്യങ്ങൾ കൊണ്ട് തുടങ്ങുകയും ചെയ്യുന്നു. ഒരുപക്ഷേ അവർ അതിൽ മാത്രം ഒതുങ്ങുകയും സലാം ഉപേക്ഷിക്കുകയും ചെയ്യാം, അല്ലെങ്കിൽ സലാമിന് ശേഷം അത് പറഞ്ഞേക്കാം.

പതിനൊന്നാമത്തെ ഉപദേശം

സലഫുകളുടെ ഉപദേശങ്ങളിൽ പെട്ടതാണ് അബുൽ മലേഹ് رَحِمَهُ الله പറഞ്ഞത്: “മൈമൂൻ ബ്നു മിഹ്റാൻ ഞങ്ങളോട് പറഞ്ഞു, ഞങ്ങൾ അദ്ദേഹത്തിന് ചുറ്റുമിരിക്കുകയായിരുന്നു:

يَا مَعْشَرَ الشَّبَابِ قُوَّتُكُمُ اجْعَلُوهَا فِي شَبَابِكُمْ وَنَشَاطَكَمُ فِي طَاعَةِ اللهِ. يَا مَعْشَرَ الشُّيُوخِ حَتَّى مَتَى؟

‘ഓ യുവാക്കളെ, നിങ്ങളുടെ ശക്തി നിങ്ങളുടെ യുവത്വത്തിൽ വിനിയോഗിക്കുക. നിങ്ങളുടെ ഉന്മേഷം അല്ലാഹുവിനെ അനുസരിക്കുന്നതിലും. ഓ പ്രായമായവരെ, എതുവരെയാണ് (നിങ്ങൾ ഇങ്ങനെ തുടരുക)?’ [അബൂ നുഐം ‘അൽ-ഹിൽയ’യിൽ ഉദ്ധരിച്ചത് (4/87).]

അദ്ദേഹം رَحِمَهُ الله യുവത്വത്തിന്റെ ശക്തിയും ഉന്മേഷവും അല്ലാഹുവിനെ അനുസരിക്കുന്നതിലും അവനിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളിലും വിനിയോഗിക്കാൻ ഉപദേശിച്ചു. ശേഷം അദ്ദേഹം പറഞ്ഞു: “ഓ പ്രായമായവരെ, എതുവരെയാണ്?” അതായത്, എതുവരെയാണ് നിങ്ങൾ കാത്തിരിക്കുന്നത്, നിങ്ങളുടെ ജീവിതം അല്ലാഹുവിനെ അനുസരിക്കുന്നതിൽ വിനിയോഗിക്കാതെ?

പന്ത്രണ്ടാമത്തെ ഉപദേശം

അൽ-ഫിർയാബി رَحِمَهُ الله പറഞ്ഞു: “സുഫിയാനുസ്സൗരി رَحِمَهُ الله നമസ്കരിക്കും, എന്നിട്ട് യുവാക്കളുടെ നേരെ തിരിഞ്ഞു ചോദിക്കും: ‘ഇന്ന് നിങ്ങൾ നമസ്കരിക്കുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ്?’ [അബൂ നുഐം ‘അൽ-ഹിൽയ’യിൽ ഉദ്ധരിച്ചത് (7/59).]

സുഫിയാനുസ്സൗരി رَحِمَهُ الله യുവാക്കൾക്ക് അവരുടെ യുവത്വം അല്ലാഹുവിനെ അനുസരിക്കുന്നതിൽ വിനിയോഗിക്കണമെന്ന മഹത്തായ ഉപദേശം നൽകി. ഒരു യുവാവ് തന്റെ യുവത്വ ഘട്ടം അല്ലാഹുവിന് സുജൂദ് ചെയ്യുന്നതിൽ വിനിയോഗിച്ചില്ലെങ്കിൽ, അവൻ ദുർബലനാകുകയും, സുജൂദ് ചെയ്യാൻ ആഗ്രഹിക്കുകയും എന്നാൽ അതിന് സാധിക്കാതെ വരികയും ചെയ്യുന്ന ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചേക്കാം; അവന്റെ ശക്തിയുടെ ബലഹീനതയും, ശരീരത്തിന്റെ രോഗവും കാരണം. അപ്പോൾ അവന് സുജൂദ് ചെയ്യാൻ സാധിക്കാതെ വരും. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്: “ഇന്ന് നിങ്ങൾ നമസ്കരിക്കുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ്?”

പതിമൂന്നാമത്തെ ഉപദേശം

റബീഅത്ത് ബ്നു കൽഥൂം رَحِمَهُ الله പറഞ്ഞു: “ഹസൻ ഞങ്ങളെ നോക്കി, ഞങ്ങൾ അദ്ദേഹത്തിന് ചുറ്റും യുവാക്കളായിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘ഓ യുവാക്കളെ, നിങ്ങൾ ഹൂറുൽ ഈനിനെ (സ്വർഗ്ഗത്തിലെ സുന്ദരിമാരെ) ആഗ്രഹിക്കുന്നില്ലേ?’ [ഇബ്നു അബിദ്ദുൻയാ ‘സ്വിഫത്തുൽ ജന്ന’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചത് (312).]

ഇത് ഇമാം ഹസനുൽ ബസ്വരി رَحِمَهُ الله യുടെ മനോഹരമായ ഒരു തിരിഞ്ഞുനോട്ടമാണ്. അതിലൂടെ അദ്ദേഹം യുവാവിനെ സ്വർഗ്ഗത്തിലെ അനുഗ്രഹങ്ങളെക്കുറിച്ചും, അതിലുള്ള സുഖങ്ങളെയും സന്തോഷങ്ങളെയും കുറിച്ചും ഓർമ്മിപ്പിക്കുന്നു. അതിൽ പെട്ടതാണ് മനോഹരികളായ ഹൂറുൽ ഈൻ. അതുവഴി സ്വർഗ്ഗത്തോടും അതിലെ അനുഗ്രഹങ്ങളോടുമുള്ള ഉന്മേഷവും ആഗ്രഹവും പുതുക്കുന്നു. ഇത് ഒരു യുവാവിന്റെ ഹൃദയത്തിൽ ഉണ്ടായാൽ, അല്ലാഹുവിന്റെ തൗഫീഖിന് ശേഷം, അത് അവനെ പരലോകത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പരിശ്രമിക്കാനും അതിനായി പ്രയത്നിക്കാനും പ്രേരിപ്പിക്കും. അല്ലാഹു ﷻ പറയുന്നു:

﴿وَمَنْ أَرَادَ الْآخِرَةَ وَسَعَى لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَئِكَ كَانَ سَعْيُهُمْ مَشْكُورًا﴾

ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, വിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്താൽ, അത്തരക്കാരുടെ പരിശ്രമം സ്വീകാര്യമായിരിക്കും).

പതിനാലാമത്തെ ഉപദേശം

ഹസനുൽ ബസ്വരി رَحِمَهُ الله യിൽ നിന്ന് തന്നെ ഉദ്ധരിക്കപ്പെട്ട മറ്റൊരു ഉപദേശത്തിൽ അദ്ദേഹം പറഞ്ഞു: “ഓ യുവാക്കളെ, നിങ്ങൾ കാര്യങ്ങൾ നീട്ടിവെക്കുന്നതിനെ സൂക്ഷിക്കുക: ഞാൻ പിന്നീട് ചെയ്യാം, ഞാൻ പിന്നീട് ചെയ്യാം (എന്ന് പറയുന്നതിനെ).” [ഇബ്നു അബിദ്ദുൻയാ ‘ഖിസ്വറുൽ അംൽ’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചത് (212).]

അദ്ദേഹത്തിന്റെ വാക്ക്: “നിങ്ങൾ കാര്യങ്ങൾ നീട്ടിവെക്കുന്നതിനെ സൂക്ഷിക്കുക”: കാര്യങ്ങൾ നീട്ടിവെക്കുക എന്നത് ധാരാളം യുവാക്കളെ നശിപ്പിച്ച ഒരു വിപത്താണ്. ചിലർ പറയുന്നത് പോലെ: “ഞാൻ പിന്നീട് തൗബ ചെയ്യും, ഞാൻ പിന്നീട് നമസ്കാരം കൃത്യമായി നിർവഹിക്കും, ഞാൻ പിന്നീട് മാതാപിതാക്കൾക്ക് നന്മ ചെയ്യും…” അവൻ അത് ചെയ്യുകയോ, തിടുക്കം കാണിക്കുകയോ, അവസരം മുതലെടുക്കുകയോ ചെയ്യുന്നില്ല. മറിച്ച്, അവൻ അത് നീട്ടിവെക്കുകയും നാളേക്ക് മാറ്റിവെക്കുകയും ചെയ്യുന്നു. അവന്റെ മനസ്സ് തൗബ ചെയ്യാനോ, നമസ്കാരം കൃത്യമായി നിർവഹിക്കാനോ മറ്റോ അവനോട് പറയുമ്പോൾ, ഈ വിപത്ത് വന്ന് അവനെ ആ നന്മയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. അവൻ യുവത്വത്തിന്റെ ബറകത്തും, അതിന്റെ സമയം നന്മയിൽ ഉപയോഗപ്പെടുത്തുന്നതും നഷ്ടപ്പെടുന്നത് വരെ കാര്യങ്ങൾ നീട്ടിവെച്ചുകൊണ്ടേയിരിക്കും. ചിലർ തൗബ ചെയ്യുന്നത് ഒരു പ്രത്യേക പ്രായത്തിലെത്തുന്നത് വരെ നീട്ടിവെച്ചേക്കാം. എന്നാൽ ആ പ്രായത്തിലെത്തുന്നതിന് മുൻപ് മരണം അവനെ പിടികൂടുന്നു.

പതിനഞ്ചാമത്തെ ഉപദേശം

ഹഫ്സ്വ ബിൻത് സീരീൻ رَحِمَهَا الله പറഞ്ഞതായി വന്നിരിക്കുന്നു:
“ഓ യുവാക്കളെ, നിങ്ങൾ യുവാക്കളായിരിക്കുമ്പോൾ തന്നെ നിങ്ങളുടെ ശരീരത്തിൽ നിന്ന് (സൽകർമ്മങ്ങൾ) എടുക്കുക. കാരണം, അല്ലാഹുവാണ് സത്യം, ഞാൻ യുവത്വത്തിലല്ലാതെ (യഥാർത്ഥ) കർമ്മം കണ്ടിട്ടില്ല.” [അൽ-മർവസി ‘മുഖ്തസ്വർ ഖിയാമില്ലൈലി’ൽ ഉദ്ധരിച്ചത് (പേജ്: 49).]

അവരുടെ വാക്ക്: “ഞാൻ യുവത്വത്തിലല്ലാതെ (യഥാർത്ഥ) കർമ്മം കണ്ടിട്ടില്ല” എന്നതിനർത്ഥം, യുവത്വ ഘട്ടം ഏറ്റവും മഹത്തായ ഘട്ടങ്ങളിൽ ഒന്നാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരു യുവാവിന് അത് മുതലെടുക്കാൻ സാധിച്ചാൽ അത് നന്മയുടെ ഘട്ടമാണ്. എന്നാൽ അവൻ ആ ഘട്ടം മുതലെടുക്കുന്നതിൽ അശ്രദ്ധനാവുകയും, യുവത്വത്തിലെ സമയം സുഖങ്ങളിലും, ദേഹേച്ഛകളിലും, മനസ്സിന്റെ താല്പര്യങ്ങളിലും, പ്രത്യേകിച്ച് ഹറാമുകളിലും – അല്ലാഹുവിൽ ശരണം – ചെലവഴിക്കുകയും, അത് ആസ്വദിക്കുകയും ചെയ്താൽ, അവൻ തന്റെ യുവത്വത്തോടും ഭാവിയോടും ദ്രോഹം ചെയ്തിരിക്കുന്നു. കവി പറഞ്ഞതുപോലെ: “യുവത്വത്തിൽ അതിന്റെ ആളുകൾക്ക് മധുരമായിരുന്ന ആഗ്രഹങ്ങൾ, വാർദ്ധക്യത്തിൽ ശിക്ഷയായി മാറി.”

യുവത്വത്തിൽ ആഗ്രഹങ്ങൾ മധുരമായിരുന്നു, അത് ചെയ്യുന്നവൻ അതിനെ മധുരമായി കണ്ടു. എന്നാൽ അവൻ പ്രായമായപ്പോൾ, അത് അവന് ശിക്ഷയായി മാറി. അതിന് കാരണമായത്, അതിന്റെ അനന്തരഫലമായി വന്ന ദുരന്തങ്ങളാണ്. അതുകൊണ്ട്, യുവത്വം ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ മഹത്തായ ഒരു ഘട്ടമാണ്. അത് നന്നായി മുതലെടുക്കാൻ അവൻ ശ്രമിക്കണം. അതിന്റെ നന്മയും ബറകത്തും നഷ്ടപ്പെടുത്താതിരിക്കാൻ അവൻ തന്റെ മനസ്സിനോട് പൂർണ്ണമായി സമരം ചെയ്യണം. അല്ലാഹുവിനോട് സഹായം തേടുകയും, അവന്റെ പിന്തുണയും സഹായവും തൗഫീഖും ചോദിക്കുകയും വേണം. ഈ ഘട്ടത്തെക്കുറിച്ച് അല്ലാഹു ﷻ അവനെ കണ്ടുമുട്ടുന്ന ദിവസം മഹത്തായ ഒരു ചോദ്യം ചോദിക്കുമെന്ന് അവൻ സ്വയം ഓർമ്മിപ്പിക്കണം.

ഈ വിഷയത്തിൽ ഒരുമിച്ചുകൂട്ടാൻ സാധിച്ചത് ഇത്രയുമാണ്. ഞാൻ അല്ലാഹുൽ കരീം, റബ്ബുൽ അർശിൽ അളീമിനോട് അവന്റെ ഉത്തമ നാമങ്ങളാലും ഉന്നത ഗുണങ്ങളാലും ചോദിക്കുന്നു, അവൻ ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ ശരിയായ വാക്കുകളിലേക്കും നല്ല പ്രവർത്തനങ്ങളിലേക്കും അവൻ നമ്മെ നയിക്കുമാറാകട്ടെ. നമ്മുടെ എല്ലാ കാര്യങ്ങളും അവൻ നമുക്ക് നന്നാക്കിത്തരുമാറാകട്ടെ. കണ്ണിമവെട്ടുന്ന നേരം പോലും നമ്മെ നമ്മുടെ സ്വന്തം ഇഷ്ടത്തിന് വിട്ടുകൊടുക്കാതിരിക്കുമാറാകട്ടെ. അവനിലേക്ക് നേരായ പാതയിലേക്ക് അവൻ നമ്മെ നയിക്കുമാറാകട്ടെ.

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.

 

ശൈഖ് അബ്ദുറസ്സാഖ് ബ്നു അബ്ദുൽ മുഹ്സിൻ അൽ-ബദ്‌ർ حَفِظَهُ اللَّهُ

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *