ശൈഖ് സഈദ് ബിൻ അലി ബിൻ വഹ്ഫ് അൽ ഖഹ്താനി رَحِمَهُ اللَّهُ യുടെ ‘ആഫാത്തുല്ലിസാൻ’ അവലംബമാക്കി തയ്യാറാക്കിയത്
നാവു കൊണ്ട് മനുഷ്യൻ ചെയ്തു കൂട്ടുന്ന മഹാപാപങ്ങളിൽ ഒന്നാണ് ‘നമീമത്ത്’ അഥവാ ഏഷണി. വ്യക്തിബന്ധങ്ങൾ തകർക്കാനും, കുടുംബങ്ങൾക്കിടയിൽ ഛിദ്രതയുണ്ടാക്കാനും, സമൂഹത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനും ഏഷണിയോളം പോന്ന മറ്റൊരു ആയുധമില്ല.
എന്താണ് നമീമത്ത്?
ഇമാം നവവി رَحِمَهُ اللَّهُ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചുകൊണ്ട് നമീമത്തിനെ ഇപ്രകാരം നിർവചിക്കുന്നു: “ജനങ്ങൾക്കിടയിൽ കുഴപ്പമുണ്ടാക്കുക (ഫസാദ്) എന്ന ലക്ഷ്യത്തോടെ, ഒരാളുടെ സംസാരം മറ്റൊരാളിലേക്ക് എത്തിച്ചുകൊടുക്കുന്നതിനാണ് നമീമത്ത് എന്ന് പറയുന്നത്.”
അബ്ദുൽ ഹമീദ് ഗസ്സാലി ഇതിന് കുറച്ചുകൂടി വിശാലമായ അർത്ഥം നൽകുന്നുണ്ട്. വെറുമൊരു സംസാരം കൈമാറുന്നതിലുപരി, വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കാര്യം വെളിപ്പെടുത്തലാണ് നമീമത്ത്. അത് പറഞ്ഞവനോ, കേൾക്കുന്നവനോ, അതല്ലെങ്കിൽ മൂന്നാമതൊരാളോ വെറുക്കുന്ന കാര്യമായിരിക്കാം. അത് സംസാരത്തിലൂടെയോ, എഴുത്തിലൂടെയോ, ആംഗ്യത്തിലൂടെയോ ആകാം. ചുരുക്കത്തിൽ, മുസ്ലിംകൾക്കിടയിൽ രഹസ്യമായി ഇരിക്കേണ്ട കാര്യങ്ങൾ, കുഴപ്പമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പരസ്യമാക്കുന്നതും വെളിപ്പെടുത്തുന്നതും നമീമത്തിന്റെ പരിധിയിൽ വരുന്നു.
ഖുർആനിലും സുന്നത്തിലുമുള്ള താക്കീതുകൾ
നമീമത്ത് നിഷിദ്ധമാണ് എന്ന കാര്യത്തിൽ മുസ്ലിം ഉമ്മത്തിൽ ഏകോപിച്ച അഭിപ്രായമാണുള്ളത്. അല്ലാഹു പറയുന്നു:
وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ ﴿١٠﴾ هَمَّازٍ مَّشَّآءِۭ بِنَمِيمٍ ﴿١١﴾ مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ ﴿١٢﴾
അധികമായി സത്യം ചെയ്യുന്നവനും, നീചനും, കുത്തുവാക്ക് പറയുന്നവനും, ഏഷണി കൊണ്ട് നടക്കുന്നവനും, നന്മയെ തടയുന്നവനും, അതിക്രമിയും, മഹാപാപിയുമായ യാതൊരാളെയും നീ അനുസരിച്ചു പോകരുത്. (ഖു൪ആന്:68/10-12)
ഏഷണിക്കാരുടെ പര്യവസാനം സ്വർഗ്ഗപ്രവേശം തടയപ്പെടലാണ് എന്ന് പ്രവാചകൻ (ﷺ) പഠിപ്പിക്കുന്നു:
عَنْ حُذَيْفَةُ عَنِ النَّبِيِّ صلى الله عليه وسلم قَالَ : للاَ يَدْخُلُ الْجَنَّةَ نَمَّامٌ
ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം : നബി ﷺപറഞ്ഞു:ഏഷണി പറയുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (മുസ്ലിം:105)
മറ്റൊരു റിപ്പോർട്ടിൽ ‘ഖത്താത്ത്’ (قَتَّات) സ്വർഗ്ഗത്തിൽ കടക്കില്ല എന്നും വന്നിട്ടുണ്ട്. നമീമത്ത് പറയുന്നവനും ഖത്താത്തും തമ്മിൽ നേരിയ വ്യത്യാസമുണ്ടെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. താൻ കൂടി സന്നിഹിതനായ സദസ്സിലെ കാര്യം മറ്റൊരാൾക്ക് എത്തിക്കുന്നവനാണ് ‘നമ്മാം‘ (ഏഷണിക്കാരൻ). എന്നാൽ, ആളുകൾ അറിയാതെ അവരുടെ സംസാരം ഒളിഞ്ഞു കേൾക്കുകയും അത് മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവനാണ് ‘ഖത്താത്ത്‘. രണ്ടുപേരുടെയും പ്രവർത്തി ഒരുപോലെ നിഷിദ്ധമാണ്.
ഖബ്റിലെ ശിക്ഷ
ഖബ്റിലെ ശിക്ഷയ്ക്ക് കാരണമാകുന്ന പാപങ്ങളിൽ പ്രധാനപ്പെട്ടതാണ് ഏഷണി. ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْهُمَا) റിപ്പോർട്ട് ചെയ്യുന്നു: നബി (ﷺ) രണ്ട് ഖബ്റുകൾക്ക് അരികിലൂടെ നടന്നുപോയപ്പോൾ ഇപ്രകാരം പറഞ്ഞു:
إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ، أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ البَوْلِ، وَأَمَّا الآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ
തീർച്ചയായും ഇവർ രണ്ടുപേരും ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൻകാര്യത്തിന്റെ പേരിലൊന്നുമല്ല ഇവർ ശിക്ഷിക്കപ്പെടുന്നത് (അതായത് ഇവരെ സംബന്ധിച്ചിടത്തോളം അത് ഉപേക്ഷിക്കാൻ പ്രയാസമുള്ള കാര്യമായിരുന്നില്ല). അവരിൽ ഒരാൾ മൂത്രത്തിൽ നിന്ന് ശുദ്ധി വരുത്തുന്നതിൽ (അല്ലെങ്കിൽ മൂത്രമൊഴിക്കുമ്പോൾ മറക്കുന്നതിൽ) ശ്രദ്ധിച്ചിരുന്നില്ല. മറ്റേയാൾ ഏഷണി പറഞ്ഞു നടക്കുന്നവനായിരുന്നു. (ബുഖാരി:218)
ഇരുമുഖമുള്ള മനുഷ്യർ
ഏഷണിക്കാരുടെ മറ്റൊരു രൂപമാണ് ‘ഇരുമുഖമുള്ളവർ’. ഒരു വിഭാഗത്തിന്റെ അടുത്ത് ചെല്ലുമ്പോൾ അവരുടെ മുഖത്തോട് കൂടിയും, മറ്റൊരു വിഭാഗത്തിന്റെ അടുത്ത് ചെല്ലുമ്പോൾ വേറൊരു മുഖത്തോട് കൂടിയും (അവരെ സുഖിപ്പിച്ചും) സംസാരിക്കുന്നവരാണിവർ. നബി (ﷺ) പറഞ്ഞു:
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم: تَجِدُ مِنْ شِرَارِ النَّاسِ يَوْمَ الْقِيَامَةِ عِنْدَ اللَّهِ ذَا الْوَجْهَيْنِ، الَّذِي يَأْتِي هَؤُلَاءِ بِوَجْهٍ، وَهَؤُلَاءِ بِوَجْهٍ
അബൂഹുറൈറ رضى الله عنه യിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവനായി അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ നീ കാണുക ഇരുമുഖമുള്ളവനെയാണ്. അവൻ ഇക്കൂട്ടരുടെ അടുത്ത് ഒരു മുഖവുമായും, അക്കൂട്ടരുടെ അടുത്ത് മറ്റൊരു മുഖവുമായും ചെല്ലുന്നു. (ബുഖാരി:6058)
എന്നാൽ, ജനങ്ങൾക്കിടയിൽ അനുരഞ്ജനം ഉണ്ടാക്കാൻ വേണ്ടി സംസാരിക്കുന്നവർ ഇതിൽ ഉൾപ്പെടില്ല. കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കാര്യങ്ങൾ നീക്കുമ്പോഴാണ് അത് ഏഷണിയും കാപട്യവുമായി മാറുന്നത്.
ഏഷണി കേട്ടാൽ എന്ത് ചെയ്യണം?
ഒരാൾ നമ്മുടെ അടുത്ത് വന്ന് “ഇന്നയാൾ നിങ്ങളെക്കുറിച്ച് ഇന്നതൊക്കെ പറഞ്ഞു” എന്ന് അറിയിച്ചാൽ നാമെന്താണ് ചെയ്യേണ്ടത്? ഇമാം നവവി (رَحِمَهُ اللَّهُ) ആറ് കാര്യങ്ങൾ നിർദ്ദേശിക്കുന്നു:
1. അവിശ്വസിക്കുക: ഏഷണി പറയുന്നവൻ ‘ഫാസിഖ്’ (തെമ്മാടി) ആണ്. ഒരു ഫാസിഖ് കൊണ്ടുവരുന്ന വാർത്ത വിശ്വസിക്കാൻ പാടില്ലെന്ന് ഖുർആൻ (ഹുജുറാത്ത്: 6) പഠിപ്പിക്കുന്നു.
2. വിരോധിക്കുക: അയാളെ ആ തിന്മയിൽ നിന്ന് തടയുകയും ഉപദേശിക്കുകയും ചെയ്യുക.
3. ദേഷ്യപ്പെടുക: അല്ലാഹുവിന് വേണ്ടി അയാളോട് വെറുപ്പ് തോന്നണം. കാരണം അല്ലാഹു വെറുക്കുന്നവനാണവൻ.
4. സഹോദരനെ സംശയിക്കരുത്: ഏഷണി കേൾക്കുമ്പോൾ തന്റെ സഹോദരനെക്കുറിച്ച് മോശമായി ചിന്തിക്കാൻ പാടില്ല.
5. ചാരപ്പണി നടത്തരുത്: പറഞ്ഞത് സത്യമാണോ എന്നറിയാൻ അന്വേഷിച്ചുകൊണ്ട് പോകരുത്.
6. നമ്മളും ഏഷണിക്കാരാകരുത്: “ഇന്നയാൾ ഇന്ന കാര്യം പറഞ്ഞു” എന്ന് മറ്റൊരാളോട് പറയുന്നതിലൂടെ നമ്മളും ഏഷണിക്കാരായി മാറും. അത് പാടില്ല.
അനുവദനീയമായ സന്ദർഭങ്ങൾ
എല്ലാ സാഹചര്യങ്ങളിലും വാർത്ത കൈമാറുന്നത് നമീമത്തായി പരിഗണിക്കില്ല. ശറഈ ആയ ആവശ്യങ്ങൾക്ക് വേണ്ടി ചിലപ്പോൾ അത് അനുവദനീയമാകും. ഉദാഹരണത്തിന്:
▪️ഒരാൾ നിരപരാധിയായ ഒരു വ്യക്തിയെ ആക്രമിക്കാൻ പദ്ധതിയിടുന്നത് കേട്ടാൽ, ആ വ്യക്തിക്ക് മുന്നറിയിപ്പ് നൽകുന്നതിന് വേണ്ടി വിവരം അറിയിക്കാം.
▪️നാട്ടിൽ കുഴപ്പമുണ്ടാക്കുന്നവനെക്കുറിച്ച് അധികാരികൾക്ക് വിവരം നൽകാം.
ഇത്തരം സന്ദർഭങ്ങളിൽ ‘നസീഹത്ത്’ (ഗുണകാംക്ഷ), ജനങ്ങളെ തിന്മയിൽ നിന്ന് രക്ഷിക്കൽ എന്നിവയാണ് ഉദ്ദേശ്യമെങ്കിൽ അത് തെറ്റല്ല. എന്നാൽ കുഴപ്പമുണ്ടാക്കലാണ് ലക്ഷ്യമെങ്കിൽ അത് കൊടിയ പാപമാണ്.
ഏഷണി പറയുന്നവൻ ഇഹലോകത്ത് വെച്ചുതന്നെ ജനങ്ങളാൽ വെറുക്കപ്പെട്ടവനും, പരലോകത്ത് കഠിനശിക്ഷ അനുഭവിക്കുന്നവനുമായിരിക്കും. നാവിനെ സൂക്ഷിക്കാനും, പരദൂഷണം, ഏഷണി തുടങ്ങിയ തിന്മകളിൽ നിന്ന് വിട്ടുനിൽക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
മുഹമ്മദ് അമീൻ
www.kanzululoom.com