എന്തിന് നാം നൻമകൾ പ്രവർത്തിക്കണം? എന്തുകാണ്ട് നമുക്ക് തിൻമകൾ പ്രവർത്തിച്ചുകൂടാ? എന്ന് ചിന്തിക്കുന്ന മനുഷ്യരുണ്ട്. മനുഷ്യരുടെ ഈ സംശയത്തിന് വിശുദ്ധ ഖുർആൻ വ്യക്തമായ മറുപടി നൽകുന്നുണ്ട്.
നൻമകൾ പ്രവർത്തിക്കുന്നതിന്റെയും തിൻമകൾ ഉപേക്ഷിക്കുന്നതിന്റെ വിവിധങ്ങളായ ഉദ്ദേശ ലക്ഷ്യങ്ങൾ വിശുദ്ധ ഖുർആനും തിരുസ്സുന്നത്തും വിശദീകരിച്ചിട്ടുണ്ട്. അതിന്റെ ആകെത്തുക ഇപ്രകാരമാണ്: നൻമകൾ പ്രവർത്തിക്കുന്നവർ പരലോകത്ത് എല്ലാവിധ ഭയവിഹ്വലതകളിൽ നിന്നും സുരക്ഷിതരായിരിക്കും. തിന്‍മകൾ പ്രവർത്തിക്കുന്നവരാകട്ടെ നരകത്തില്‍ പ്രവേശിക്കുന്നതാണ്.
مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا وَهُم مِّن فَزَعٍ يَوْمَئِذٍ ءَامِنُونَ ﴿٨٩﴾ وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴿٩٠﴾
ആര് നന്‍മയും കൊണ്ട് വന്നോ അവന് (അന്ന്) അതിനെക്കാള്‍ ഉത്തമമായത് ഉണ്ടായിരിക്കും. അന്ന് ഭയവിഹ്വലതയില്‍ നിന്ന് അവര്‍ സുരക്ഷിതരായിരിക്കുകയും ചെയ്യും. ആര് തിന്‍മയും കൊണ്ട് വന്നുവോ അവര്‍ നരകത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ? (ഖുർആൻ:27/89-90)
‘നന്മ’ (ٱلْحَسَنَة) കൊണ്ടുദ്ദേശ്യം സല്‍ക്കര്‍മ്മങ്ങളും, ‘തിന്മ’ (ٱلسَّيِّئَة) കൊണ്ടുദ്ദേശ്യം ദുഷ്കര്‍മ്മങ്ങളുമാണെന്ന് സാമാന്യമായിപ്പറയാം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 27/89-90 ന്റെ വിശദീകരണത്തില്‍ നിന്ന്)
അല്ലാഹുവിലും അവന്‍റെ ഏകത്വത്തിലും (തൌഹീദിലും) നിഷ്കളങ്കമായി വിശ്വസിക്കുന്നതാണ് എല്ലാ നന്മകളിലുംവെച്ച് ഏറ്റവും പ്രധാനമായത്. തിന്മകളുടെ കൂട്ടത്തില്‍ ഏറ്റവും വമ്പിച്ചത് ദൈവനിഷേധവും, ബഹുദൈവവിശ്വാസവുമാകുന്നു. ഇതുകൊണ്ടാണ് ചില മഹാന്മാര്‍ ഇവിടെ ‘നന്മ’യെ തൗഹീദിന്‍റെ വാക്യം (كلمة التوحيد ) എന്നും, തിന്മയെ കുഫ്റിന്‍റെ വാക്യം (كلمة الكفر ) എന്നും വ്യാഖ്യാനിച്ചിട്ടുള്ളത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 27/89-90 ന്റെ വിശദീകരണത്തില്‍ നിന്ന്)
إِنَّ ٱلَّذِينَ سَبَقَتْ لَهُم مِّنَّا ٱلْحُسْنَىٰٓ أُو۟لَٰٓئِكَ عَنْهَا مُبْعَدُونَ ﴿١٠١﴾لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَٰلِدُونَ ﴿١٠٢﴾ لَا يَحْزُنُهُمُ ٱلْفَزَعُ ٱلْأَكْبَرُ وَتَتَلَقَّىٰهُمُ ٱلْمَلَٰٓئِكَةُ هَٰذَا يَوْمُكُمُ ٱلَّذِى كُنتُمْ تُوعَدُونَ ﴿١٠٣﴾
തീര്‍ച്ചയായും നമ്മുടെ പക്കല്‍ നിന്നു മുമ്പേ നന്‍മ ലഭിച്ചവരാരോ അവര്‍ അതില്‍ (നരകത്തില്‍) നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നവരാകുന്നു. അതിന്‍റെ നേരിയ ശബ്ദം പോലും അവര്‍ കേള്‍ക്കുകയില്ല. തങ്ങളുടെ മനസ്സുകള്‍ക്ക് ഇഷ്ടപ്പെട്ട സുഖാനുഭവങ്ങളില്‍ അവര്‍ നിത്യവാസികളായിരിക്കും. ഏറ്റവും വലിയ ആ സംഭ്രമം അവര്‍ക്ക് ദുഃഖമുണ്ടാക്കുകയില്ല. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന നിങ്ങളുടേതായ ദിവസമാണിത് എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരെ സ്വാഗതം ചെയ്യുന്നതാണ്. (ഖുർആൻ:21/101-103)
إِنَّ ٱلَّذِينَ يُلْحِدُونَ فِىٓ ءَايَٰتِنَا لَا يَخْفَوْنَ عَلَيْنَآ ۗ أَفَمَن يُلْقَىٰ فِى ٱلنَّارِ خَيْرٌ أَم مَّن يَأْتِىٓ ءَامِنًا يَوْمَ ٱلْقِيَٰمَةِ ۚ ٱعْمَلُوا۟ مَا شِئْتُمْ ۖ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ
നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ വക്രത കാണിക്കുന്നവരാരോ അവര്‍ നമ്മുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞു പോകുകയില്ല; തീര്‍ച്ച. അപ്പോള്‍ നരകത്തിലെറിയപ്പെടുന്നവനാണോ ഉത്തമന്‍ അതല്ല ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിര്‍ഭയനായിട്ട് വരുന്നവനോ? നിങ്ങള്‍ ഉദ്ദേശിച്ചത് നിങ്ങള്‍ ചെയ്തുകൊള്ളുക. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. (ഖുർആൻ:41/40)
مَآ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَٰتِ ءَامِنُونَ
നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ ഉന്നത സൌധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്. (ഖുർആൻ:34/37)
وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُۥ فِيهَا حُسْنًا ۚ إِنَّ ٱللَّهَ غَفُورٌ شَكُورٌ
വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന് നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു. (ഖുർആൻ:42/23)
{وَمَنْ يَقْتَرِفْ حَسَنَةً} مِنْ صَلَاةٍ، أَوْ صَوْمٍ، أَوْ حَجٍّ، أَوْ إِحْسَانٍ إِلَى الْخَلْقِ {نَزِدْ لَهُ فِيهَا حُسْنًا} بِأَنْ يَشْرَحَ اللَّهُ صَدْرَهُ، وَيُيَسِّرَ أَمْرَهُ، وَتَكُونُ سَبَبًا لِلتَّوْفِيقِ لِعَمَلٍ آخَرَ، وَيَزْدَادُ بِهَا عَمَلُ الْمُؤْمِنِ، وَيَرْتَفِعُ عِنْدَ اللَّهِ وَعِنْدَ خَلْقِهِ، وَيَحْصُلُ لَهُ الثَّوَابُ الْعَاجِلُ وَالْآجِلُ.
{വല്ലവനും ഒരു നന്മ പ്രവർത്തിക്കുന്നപക്ഷം}നമസ്‌കാരമോ നോമ്പോ ഹജ്ജോ, അതല്ലെങ്കിൽ ഏതെങ്കിലും സൃഷ്ടികൾക്ക് എന്തെങ്കിലും നന്മ. {അവനു നാം അതിന്റെ ഗുണം വർധിപ്പിച്ചുകൊടുക്കുന്നതാണ്} അവന്റെ ഹൃദയത്തെ വിശാലമാക്കിയും അവന്റെ കാര്യങ്ങൾക്ക് സൗകര്യമേർപ്പെടുത്തിയും മറ്റു സൽപ്രവർത്തനങ്ങൾക്ക് അവസരമൊരുക്കിയും. അതിലൂടെ സത്യവിശ്വാസിയുടെ പ്രവർത്തനങ്ങൾ വർധിക്കുന്നു; അല്ലാഹുവിന്റെ അടുക്കലും മറ്റു സൃഷ്ടികൾക്കിടയിലും. അവന്റെ പദവി വർധിക്കുന്നു. ഇഹത്തിലും പരത്തിലും അവൻ പ്രതിഫലാർഹനായിത്തീരുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)
فَهُوَ فِى عِيشَةٍ رَّاضِيَةٍ ﴿٢١﴾ فِى جَنَّةٍ عَالِيَةٍ ﴿٢٢﴾ قُطُوفُهَا دَانِيَةٌ ﴿٢٣﴾ كُلُوا۟ وَٱشْرَبُوا۟ هَنِيٓـَٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ ﴿٢٤﴾
അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു. ഉന്നതമായ സ്വര്‍ഗത്തില്‍. അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു. കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. (എന്ന് അവരോട് പറയപ്പെടും.) (ഖുർആൻ:69/21-24)
{കഴിഞ്ഞുപോയദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി} നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ സല്‍പ്രവര്‍ത്തനങ്ങള്‍ മൂലവും സൃഷ്ടികളോട് ചെയ്ത സുകൃതങ്ങളും അല്ലാഹുവിനെ സ്മരിച്ചതും അവനിലേക്ക് ഖേദിച്ചു മടങ്ങിയതും ചീത്ത പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചതുംകൊണ്ടാണ്. അപ്പോള്‍ പ്രവര്‍ത്തനങ്ങളെ സ്വര്‍ഗപ്രവേശത്തിനുള്ള ഒരു നിമിത്തമായി അല്ലാഹു നിശ്ചയിച്ചു; അതിലെ സുഖങ്ങള്‍ക്കും സൗഭാഗ്യങ്ങള്‍ക്കുമുള്ള അടിസ്ഥാനമായും. (തഫ്സീറുസ്സഅ്ദി)
മൂസാ നബി عليه السلام യോട് അദ്ദേഹത്തിന്റെ ഗോത്രത്തില്‍ പെട്ട ഒരു വ്യക്തി അദ്ദേഹത്തിന്റെ ശത്രുവിനെതിരില്‍ സഹായമ൪ത്ഥിച്ചപ്പോൾ മൂസാ നബി عليه السلام ശത്രുവിന് ഒരടി കൊടുക്കുകയും അവൻ മരണപ്പെടുകയും ചെയ്ത സംഭവം വിശുദ്ധ ഖുര്‍ആൻ പരാമര്‍ശിക്കുന്നുണ്ട്. അതിനെ തുടര്‍ന്ന് മൂസാ നബി عليه السلام അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചപ്പോൾ അല്ലാഹു അദ്ധേഹത്തിന് പൊറുത്തുകൊടുത്തു. അത് അദ്ധേഹത്തിന് ലഭിച്ച ഒരനുഗ്രഹമായിരുന്നു. ഈ അനുഗ്രഹത്തിന് നന്ദിയെന്നോണം മൂസാ നബി عليه السلام പ്രഖ്യാപിച്ചത് കാണുക:
قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُۥٓ ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴿١٦﴾ قَالَ رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ ﴿١٧﴾
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം നല്‍കിയിട്ടുള്ളതു കൊണ്ട് ഇനി ഒരിക്കലും ഞാന്‍ കുറ്റവാളികള്‍ക്കു സഹായം നല്‍കുന്നവനാവുകയില്ല. (ഖുർആൻ:28/16-17)
وهذا وعد من موسى عليه السلام، بسبب منة اللّه عليه، أن لا يعين مجرما، كما فعل في قتل القبطي. وهذا يفيد أن النعم تقتضي من العبد فعل الخير، وترك الشر.
അല്ലാഹു അനുഗ്രഹം നൽകിയതിന്റെ നന്ദിയായി ഇത് മൂസാ عليه السلام ചെയ്ത കരാറാണ്. ഖിബ്തിയെ കൊന്നപോലെ ഒരു കുറ്റവാളിക്കും ഞാൻ സഹായം ചെയ്യില്ല. ഇതിൽനിന്ന് മനസ്സിലാകുന്നത്, അനുഗ്രങ്ങൾ ലഭിക്കുന്നത് ഒരടിമക്ക് നന്മ ചെയ്യാനും തിന്മ ഉപേക്ഷിക്കാനും പ്രേരണയാകണം എന്നാണ്. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com