أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ
അവരാണോ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം. (ഖുർആൻ:43/32)
മനുഷ്യരുടെ ജീവിതമാര്‍ഗ്ഗം, ഉപജീവനം തുടങ്ങിയ കാര്യങ്ങളിൽ വിശുദ്ധ ഖുർആൻ നൽകുന്ന യാഥാർത്ഥ്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒന്നാമതായി, മനുഷ്യരുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ അവരവര്‍ക്കു വിഹിതിച്ചുകൊടുക്കുന്നത് യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണ്. ഭൂമിയില്‍ മനുഷ്യന്‍ വളരെ കുറവായിരുന്ന മുന്‍കാലങ്ങളിലും, ജനപ്പെരുപ്പമുള്ള പില്‍ക്കാലങ്ങളിലും അങ്ങനെതന്നെ. മനുഷ്യന്‍ അവന്റെ ജീവിത മാർഗത്തിന് വേണ്ടി അന്വേഷണം നടത്തുന്നു, പ്രയത്നിക്കുന്നു, അവനാല്‍ കഴിയുന്ന സാമര്‍ത്ഥ്യങ്ങളെല്ലാം പ്രയോഗിക്കുകയും ചെയ്യുന്നു. എന്നാൽ ഓരോരുത്തനും ലഭിക്കുന്നതിന്റെ അളവ് അവന്റെ ആഗ്രഹത്തിന്റെയോ, പ്രവര്‍ത്തനത്തിന്റെയോ, സാമര്‍ത്ഥ്യത്തിന്റെയോ തോതനുസരിച്ചല്ല. അല്ലാഹു കണക്കാക്കുന്ന തോതനുസരിച്ചു മാത്രമായിരിക്കും. ബുദ്ധിയിലും, സാമര്‍ത്ഥ്യത്തിലും വളരെ പിന്നോക്കമുള്ള ചിലര്‍ക്കു സമ്പല്‍ സമൃദ്ധിയും, വമ്പിച്ച സുഖസൌകര്യങ്ങളും ലഭിക്കുന്നതും, വലിയ ബുദ്ധിമതികളും അതിസമര്‍ത്ഥരുമായ ചിലര്‍ക്കു ശുഷ്കിച്ച ജീവിതമാര്‍ഗ്ഗം മാത്രം ലഭിക്കുന്നതും, ഒരേ കണക്കിനു മുതല്‍മുടക്കം, ഒരേതരത്തില്‍ പ്രവര്‍ത്തനവും ഉപയോഗപ്പെടുത്തി ആസൂത്രിതമായി നടത്തിയാല്‍പോലും രണ്ടുപേരുടെ അദ്ധ്വാനഫലങ്ങള്‍ പരസ്പരം വ്യത്യസ്തമായിത്തീരുന്നതുമെല്ലാം ഇതുകൊണ്ടാകുന്നു. അതെ, യഥാര്‍ത്ഥത്തില്‍ ഐഹികജീവിതത്തിലെ ജീവിതമാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഭാഗിച്ചുകൊടുക്കുന്നതു അല്ലാഹുതന്നെ.
ഉപജീവനത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. അല്ലാഹു പറയുന്നു:
وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا
ഭൂമിയിലുള്ള ഏതൊരു ജീവിയാകട്ടെ, അതിനു ഉപജീവനം നല്‍കുന്നതു അല്ലാഹുവിന്റെമേല്‍ ബാധ്യത ഇല്ലാത്തതില്ല. (സൂറ: ഹൂദ്)
ഉപജീവനത്തിന്റെ കാര്യത്തിൽ അല്ലാഹു അവനുമാത്രം അറിയാവുന്ന ചില യുക്തിരഹസ്യങ്ങളനുസരിച്ച് അവന്‍ ചിലര്‍ക്കു വിശാലമായും ചിലര്‍ക്കു ഇടുക്കമായും അതു വിതരണം ചെയ്യുന്നു. അതില്‍ വ്യത്യാസം വരുത്തുവാന്‍ ആര്‍ക്കും സാധ്യമല്ല. ദാവൂദ് عليه السلام, സുലൈമാന്‍ عليه السلام മുതലായ നബിമാര്‍ക്ക് അവന്‍ ധാരാളം സമ്പത്ത് നല്‍കി. ഈസാ നബി عليه السلام, മുഹമ്മദ് നബി ﷺ മുതലായ നബിമാര്‍ നിര്‍ദ്ധനന്‍മാരായിരുന്നു.
രണ്ടാമതായി, ഉപജീവന മാര്‍ഗ്ഗങ്ങളില്‍ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും മനുഷ്യര്‍ പരസ്പരം വ്യത്യസ്ത നിലക്കാരായിട്ടാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ധനം, സന്താനം, ആരോഗ്യം, യോഗ്യത, ബുദ്ധി, അറിവ്, പെരുമാറ്റം എന്നിങ്ങിനെ ഏതെടുത്താലും ശരി, എണ്ണത്തിലോ, വണ്ണത്തിലോ, സ്വാഭാവത്തിലോ, ഉപയോഗത്തിലോ വ്യത്യാസം കാണാതിരിക്കയില്ല. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാനിലക്കും സമന്മാരായ വ്യക്തികളെ കണ്ടെത്തുക സാധ്യമല്ല. അതെ, അല്ലാഹു ചിലരെക്കാള്‍ ചിലരെ പല നിലക്കും ഉയര്‍ത്തിയാണ് വെച്ചിരിക്കുന്നത്.
മൂന്നാമതായി, ഇങ്ങിനെ വ്യത്യസ്തമായ നിലയില്‍ മനുഷ്യര്‍ക്ക് അവന്റെ അനുഗ്രഹങ്ങള്‍ വിഹിതിച്ചുകൊടുക്കുവാനും, ചിലരെ മറ്റുചിലരെക്കാള്‍ ഓരോ നിലക്കു ഉയര്‍ത്തിവെക്കുവാനുമുള്ള കാരണം – അഥവാ അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന യുക്തി രഹസ്യം – അവരില്‍ ചിലര്‍ ചിലരെ കീഴ്പെടുത്തിവെക്കുകയാണ്. അതിനു വേണ്ടിയാണത്.
നാലാമതായി, എല്ലാവര്‍ക്കും ഇഷ്ടംപോലെ ഉപജീവനമാര്‍ഗ്ഗം വിശാലമാക്കിക്കൊടുത്തിരുന്നുവെങ്കില്‍ മനുഷ്യന്‍ ഭൂമിയില്‍ അക്രമവും, കുഴപ്പവും നിറക്കുമായിരുന്നു. നേരെമറിച്ച് എല്ലാവര്‍ക്കും ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നാലത്തെ കഥയും അതുതന്നെ.
لَوْ بَسَطَ ٱللَّهُ ٱلرِّزْقَ لِعِبَادِهِۦ لَبَغَوْا۟ فِى ٱلْأَرْضِ وَلَٰكِن يُنَزِّلُ بِقَدَرٍ مَّا يَشَآءُ ۚ إِنَّهُۥ بِعِبَادِهِۦ خَبِيرُۢ بَصِيرٌ
അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്ക് ഉപജീവനം വിശാലമാക്കികൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷെ, അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നത് ഇറക്കി കൊടുക്കുന്നുഠീര്‍ച്ചയായും അവന്‍ തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു. (ഖുർആൻ:42/27)
എല്ലാവർക്കും അവരുടെ ഇഷ്ടം പോലെ ജീവിതമാർഗ്ഗങ്ങൾ വിശാലമാക്കിക്കൊടുത്താൽ മനുഷ്യർ ഭൂമിയിൽ അക്രമവും കുഴപ്പവും ഉണ്ടാക്കുകയാണ് ചെയ്യുക. അതുകൊണ്ട് അല്ലാഹു അവനുദ്ദേശിക്കുന്ന ഒരു തോതനുസരിച്ചാണ് അതു നൽകിക്കൊണ്ടിരിക്കുന്നത്. തന്റെ അടിയാന്മാരായ മനുഷ്യരുടെ എല്ലാ സ്വഭാവങ്ങളും അവന് സസൂക്ഷ്‍മം അറിയാം. സുഖസൗകര്യങ്ങൾ വർദ്ധിച്ചാലും, കുറഞ്ഞാലും അവരുടെ സ്ഥിതിഗതികൾ എപ്രകാരമായിരിക്കും? അവ ഏത് തോതിൽ നൽകുന്നതിലാണ് പൊതുനൻമ? ഇത്യാദി എല്ലാ കാര്യങ്ങളും അവന് തികച്ചും അറിയാം. തുറന്ന ഹൃദയത്തോടുകൂടി മനുഷ്യചരിത്രം പരിശോധിക്കുന്ന ഏവർക്കും ഈ യാഥാർത്ഥ്യം വേഗം മനസ്സിലാക്കാവുന്നതാണ്. വ്യക്തികളാകട്ടെ, ജനതകളാകട്ടെ, രാഷ്ട്രങ്ങളാകട്ടെ, ഉയർന്ന ജീവിത നിലവാരത്തിൽ എത്തിക്കഴിഞ്ഞാൽ, മാനുഷികമൂല്യങ്ങളും, ധാർമ്മികബോധവും നശിച്ച്, പൈശാചികവും മൃഗീയവുമായ ജീവിതം നയിക്കുന്നതായിട്ടാണ് അനുഭവം. ഇന്നത്തെ സമ്പന്ന വിഭാഗങ്ങളുടെ സ്ഥിതിഗതികൾ പരിശോധിച്ചാൽ ഈ വാസ്‌തവം മനസ്സിലാക്കാം.
അഞ്ചാമതായി, മനുഷ്യരെല്ലാം ഒരേ നിലവാരത്തിലുള്ളവരാണെങ്കില്‍ അവരുടെ ജീവിത വ്യവസ്ഥ താറുമാറാകുമായിരുന്നു. മനുഷ്യരെല്ലാം ഒരേ നിലവാരത്തിലുള്ളവരാണെങ്കില്‍ ജോലി ചെയ്‌വാനും ചെയ്യിക്കാനും, തൊഴില്‍ശാലകള്‍ നടത്തുവാനും നടത്തിക്കുവാനും ഉപദേശിക്കുവാനും അതു കേള്‍ക്കുവാനും, നേതൃത്വം കൊടുക്കുവാനും അതു സ്വീകരിക്കുവാനും, പഠിക്കുവാനും പഠിപ്പിക്കുവാനും ആളെക്കിട്ടുമോ? ദരിദ്രനില്ലെങ്കില്‍ ധനവാന്റെ ധനംകൊണ്ടോ, മൂഢനില്ലെങ്കില്‍ ബുദ്ധിമാന്റെ ബുദ്ധിശക്തികൊണ്ടോ, തൊഴിലാളിയില്ലെങ്കില്‍ മുതലാളിയുടെ മൂലധനംകൊണ്ടോ രോഗിയില്ലെങ്കില്‍ വൈദ്യന്റെ നൈപുണ്യംകൊണ്ടോ എന്താണ് പ്രയോജനം? കര്‍ഷകനുവേണ്ടി തുണി നെയ്യുവാനും, കച്ചവടക്കാരനു ഭക്ഷണമെത്തിക്കുവാനും രോഗിക്കു ചികിത്സിക്കുവാനും ആളെക്കിട്ടുമോ?! ചുരുക്കിപ്പറഞ്ഞാല്‍, മനുഷര്‍ക്കിടയില്‍ പരിപൂര്‍ണ്ണമായ സ്ഥിതിസമത്വമാണ് നല്‍കപ്പെട്ടിരിക്കുന്നതെങ്കില്‍, മാനുഷലോകമാസകാലം ഒരേ മൂശയില്‍ വാര്‍ത്തുണ്ടാക്കപ്പെട്ട യന്ത്രങ്ങള്‍ കണക്കെ മറ്റെന്തോ ഒരു തരം ജീവിയായി മാറുമായിരുന്നേനെ! എല്ലാവരും ജീവിതക്ലേശം അനുഭവിക്കുന്നതായാലത്തെ സ്ഥിതിയും ഏറെക്കുറെ ഇതുതന്നെയായിരിക്കുന്നതാണ്. അതു കൊണ്ടുതന്നെയാണ് ഉപജീവനമാർഗ്ഗത്തിൽ അല്ലാഹു ചിലരെ ഉയർത്തിയും, മറ്റുചിലരെ താഴ്ത്തിയും വെച്ചിരിക്കുന്നതും. അപ്പോഴേ മനുഷ്യജീവിതമാകുന്ന തുലാസ്സിന്റെ സമനില (ബാലൻസ്) ശരിപ്പെടുകയുള്ളൂ.
ഒരാള്‍ തനിക്കുവേണ്ടി സമ്പാദിച്ചു കുന്നുകൂട്ടുവാനായി മറ്റൊരുവനെക്കൊണ്ടു വേലചെയ്യിക്കുന്നു; വേലക്കാരന്‍ അവന്റെ അന്നത്തെ പട്ടിണിക്കു പരിഹാരത്തിനായി അവനു വേലയെടുക്കാന്‍ മുമ്പോട്ടു വരുന്നു: ഒരാള്‍ തന്റെ ഉപജീവനാര്‍ത്ഥം മരുന്നുണ്ടാക്കി വില്‍പന നടത്തുന്നു; വേറൊരുവന്‍ തന്റെ രോഗശമനത്തിനായി അതു തേടിച്ചെന്നു വില കൊടുത്തു മേടിക്കുന്നു: ഒരാള്‍ അധികാരമോഹത്താല്‍ നേതാവായി രംഗത്തിറങ്ങുന്നു; വേറൊരാള്‍ അയാളുടെ ചില താല്പര്യങ്ങളെ മുന്‍നിറുത്തി അയാള്‍ക്കു വഴങ്ങുന്നു… ഇങ്ങിനെ പരസ്പരഭിന്നങ്ങളായ ഉദ്ദേശ്യങ്ങളില്‍, പരസ്പരഭിന്നമായ സ്വഭാവത്തോടുകൂടി, ആളുകള്‍ തമ്മതമ്മില്‍ ഇണക്കത്തിലും വണക്കത്തിലും കഴിഞ്ഞുകൂടുന്നു.
പ്രഥമവീക്ഷണത്തില്‍ നോക്കുമ്പോള്‍ ദരിദ്രന്റെ മുമ്പില്‍ ധനികനും, പ്രജയുടെ മുമ്പില്‍ രാജാവും, തൊഴിലാളിയുടെ മുമ്പില്‍ മുതലാളിയും, സാധാരണക്കാരന്റെ മുമ്പില്‍ നേതാവും വലിയവരായിരിക്കാം. എങ്കിലും, അല്പം ഉള്ളോട്ടു കടന്നു ആലോചിച്ചാല്‍, അവരുടെ വലുപ്പവും, യോഗ്യതയും മറ്റേവരെ ആശ്രയിച്ചാണിരിക്കുന്നതെന്നു കാണാവുന്നതാണ്. അതെ, ഒരു തുലാസ്സിന്റെ രണ്ടുതട്ടുകളെന്നോണം, മനുഷ്യസമുദായത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളുടെ തട്ടുകളെയും അല്ലാഹു പാകപ്പെടുത്തിവെച്ചിരിക്കുകയാണ്. മനുഷ്യപ്രകൃതിക്കു അനുയോജ്യമായി അല്ലാഹു നിശ്ചയിച്ചരുളിയ ഈ പ്രകൃതിനിയമത്തെ മാറ്റി തല്‍സ്ഥാനത്തു പരിപൂര്‍ണ്ണമായ ഒരു സ്ഥിതിസമത്വം സ്ഥാപിക്കുവാന്‍ ഏതൊരു ‘ഇസ’ത്തിനോ ‘ഇസക്കാര്‍’ക്കോ സാധ്യമല്ലതന്നെ.
وَلَن تَجِدَ لِسُنَّةِ اللَّـهِ تَبْدِيلًا
അല്ലാഹുവിന്റെ നടപടിക്രമത്തിനു യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല. (ഖുർആൻ:33/62)
ആറാമതായി, താരതമേന്യ നോക്കുമ്പോൾ, ജീവിതസൗകര്യം കുറവാകുന്നതു കൊണ്ട് ഉളവാകുന്ന ദോഷത്തെക്കാൾ അതിന്റെ ആധിക്യംകൊണ്ടാണ് ലോകത്ത് ദോഷം സംഭവിക്കുന്നതെന്ന് കാണാം. ഭൗതിക വീക്ഷണത്തിലൂടെ മാത്രം ഗുണദോഷങ്ങൾ വിലയിരുത്തുന്നവർക്കുമാത്രമേ ഈ വാസ്‌തവം സമ്മതിക്കുവാൻ പ്രയാസം തോന്നുകയുള്ളൂ. മനുഷ്യന്റെ ഏക ജീവിതലക്ഷ്യം ക്ഷണികമായ ഈ ഭൗതിക സുഖഭോഗം മാത്രമായിരിക്കുമല്ലോ അവരുടെ ദൃഷ്ടിയിൽ, നേരെമറിച്ച് അതിനെക്കാൾ ഉപരിയായ – ശാശ്വതമായ – സുഖസൗകര്യങ്ങളാണ് തങ്ങളുടെ ജീവിതലക്ഷ്യമെന്നും, ആകയാൽ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളുടെ സുരക്ഷിതത്വത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും അറിയുന്നവർക്ക് ഈ പ്രസ്‌താവനയിൽ അണുവോളം സംശയം തോന്നുകയില്ല.
അതുകൊണ്ടാണ് നബി ﷺ ഇപ്രകാരം പ്രസ്‌താവിച്ചത്:
إِنِّي مِمَّا أَخَافُ عَلَيْكُمْ مِنْ بَعْدِي مَا يُفْتَحُ عَلَيْكُمْ مِنْ زَهْرَةِ الدُّنْيَا وَزِينَتِهَا
എന്റെ ശേഷം നിങ്ങളെപ്പറ്റി ഞാൻ ഭയപ്പെടുന്ന ഒരു കാര്യമാണ്. ഇഹലോകജീവിതത്തിന്റെ മോടിയും അലങ്കാരവും നിങ്ങൾക്ക് തുറന്നുകിട്ടുന്നത്. (ബുഖാരി:1465)
ഏഴാമതായി, ശാരീരികവും, ഐഹികവുമായ സുഖസൗകര്യങ്ങള്‍ സമ്പാദിക്കുവാന്‍ മനുഷ്യന്‍ ശ്രമിക്കുന്നു; വാസ്തവത്തില്‍ അതിനെക്കാള്‍ ആവശ്യമായിട്ടുള്ളതു ആത്മീയവും പാരത്രികവുമായ സുഖസൗകര്യങ്ങള്‍ സമ്പാദിക്കുവാന്‍ പരിശ്രമിക്കണം. “നിന്റെ റബ്ബിന്റെ കാരുണ്യം അവര്‍ ശേഖരിച്ചുണ്ടാക്കുന്നതിനെക്കാള്‍ ഉത്തമമാണ്” എന്ന വിശുദ്ധ ഖുർആനിന്റെ പ്രയോഗം ശ്രദ്ധേയമാണ്.
وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ
അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്‍റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും. (ഖുർആൻ:20/131)
وفي هذه الآية، إشارة إلى أن العبد إذا رأى من نفسه طموحا إلى زينة الدنيا، وإقبالا عليها، أن يذكرها ما أمامها من رزق ربه، وأن يوازن بين هذا وهذا.
ഒരു അടിമ തന്നിൽ ദുനിയാവിന്റെ അലങ്കാരങ്ങളോട് ചായ്‌വും, അതിലേക്ക് മുന്നിടുന്നതും കണ്ടാൽ, അതിനെക്കാൾ മുൻ പന്തിയിലുള്ള അവന്റെ റബ്ബിന്റെ ഉപജീവനത്തെ കുറിച്ചോർക്കുകയും, അവരണ്ടും തമ്മിൽ തൂക്കി നോക്കുവാനും ഈ വചനം സൂചിപ്പിക്കുന്നു. (തഫ്സീറുസ്സഅ്ദി)
അവലംബം : അമാനിതഫ്സീര്‍
kanzululoom.com