ഉൽബോധനങ്ങളെ അവഗണിച്ചാൽ

വിശുദ്ധ ഖുര്‍ആന്‍ ജനങ്ങള്‍ക്ക്‌ ഉല്‍ബോധവും, ഉപദേശവുമായി കൊണ്ടാണ് അല്ലാഹു അവതരിപ്പിച്ചത്.

ﻭَﺇِﻧَّﻪُۥ ﻟَﺬِﻛْﺮٌ ﻟَّﻚَ ﻭَﻟِﻘَﻮْﻣِﻚَ ۖ ﻭَﺳَﻮْﻑَ ﺗُﺴْـَٔﻠُﻮﻥَ

തീര്‍ച്ചയായും അത് (ഖു൪ആന്‍) നിനക്കും നിന്റെ ജനതയ്ക്കും ഒരു ഉല്‍ബോധനം തന്നെയാകുന്നു. വഴിയെ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.(ഖു൪ആന്‍:43/44)

ﺻٓ ۚ ﻭَٱﻟْﻘُﺮْءَاﻥِ ﺫِﻯ ٱﻟﺬِّﻛْﺮِ

സ്വാദ്‌. ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.(ഖു൪ആന്‍:38/1)

എന്താണ് വിശുദ്ധ ക്വുര്‍ആന്‍ മാനവസമൂഹത്തില്‍ നിര്‍വഹിക്കുന്ന ദൗത്യം എന്നതിനെ സംബന്ധിച്ച്  അല്ലാഹു പറയുന്നു:

هَٰذَا بَلَٰغٌ لِّلنَّاسِ وَلِيُنذَرُوا۟ بِهِۦ وَلِيَعْلَمُوٓا۟ أَنَّمَا هُوَ إِلَٰهٌ وَٰحِدٌ وَلِيَذَّكَّرَ أُو۟لُوا۟ ٱلْأَلْبَٰبِ

ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും, അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം). (ഖുർആൻ:14/52)

അല്ലാഹുവില്‍ നിന്നുള്ള സന്ദേശങ്ങളും മുന്നറിയിപ്പുകളുമാണ് ഈ വേദഗ്രന്ഥത്തിന്റെ ഉള്ളടക്കം എന്നാണ് അല്ലാഹു നമ്മെ ഓര്‍മപ്പെടുത്തുന്നത്. അപ്പോള്‍ ഈ ക്വുര്‍ആന്‍, അത് ആരിലൊക്കെ എത്തിയിട്ടുണ്ടോ അവര്‍ക്കെല്ലാമുള്ള സന്ദേശവും താക്കീതുമാകുന്നു. അല്ലാഹു പറയുന്നു:

وَأُوحِىَ إِلَىَّ هَٰذَا ٱلْقُرْءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَ

ഈ ഖുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത്‌, അത് മുഖേന നിങ്ങള്‍ക്കും അത് (അതിന്‍റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാകുന്നു. (ഖുർആൻ:6/19)

എന്നാല്‍ മനുഷ്യന്‍ ഉദ്‌ബോധനങ്ങളെ സംബന്ധിച്ച് ഏറെ അശ്രദ്ധനും താക്കീതുകളെ അവഗണിക്കുന്നവനുമാകുന്നു.

മനുഷ്യരുടെ ശാശ്വത നന്മക്കും രക്ഷക്കും വേണ്ടി അവരുടെ സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ വേദവാക്യം മുഖേനെ ഉല്‍ബോധനം ചെയ്യപ്പെടുമ്പോള്‍ അത് സ്വീകരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ പിന്തിരിഞ്ഞു കളയുന്നവന്റെ പരിണിത ഫലങ്ങൾ വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.

1.ഏറ്റവും വലിയ അക്രമിയായിതീരുന്നു
2.പിന്നീട് സത്യം ഗ്രഹിക്കുന്നതിൽ നിന്നും തടയപ്പെടും

ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦ ﺫُﻛِّﺮَ ﺑِـَٔﺎﻳَٰﺖِ ﺭَﺑِّﻪِۦ ﻓَﺄَﻋْﺮَﺽَ ﻋَﻨْﻬَﺎ ﻭَﻧَﺴِﻰَ ﻣَﺎ ﻗَﺪَّﻣَﺖْ ﻳَﺪَاﻩُ ۚ ﺇِﻧَّﺎ ﺟَﻌَﻠْﻨَﺎ ﻋَﻠَﻰٰ ﻗُﻠُﻮﺑِﻬِﻢْ ﺃَﻛِﻨَّﺔً ﺃَﻥ ﻳَﻔْﻘَﻬُﻮﻩُ ﻭَﻓِﻰٓ ءَاﺫَاﻧِﻬِﻢْ ﻭَﻗْﺮًا ۖ ﻭَﺇِﻥ ﺗَﺪْﻋُﻬُﻢْ ﺇِﻟَﻰ ٱﻟْﻬُﺪَﻯٰ ﻓَﻠَﻦ ﻳَﻬْﺘَﺪُﻭٓا۟ ﺇِﺫًا ﺃَﺑَﺪًا

തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാരവും (അടപ്പ്‌) ഏര്‍പെടുത്തിയിരിക്കുന്നു. (അങ്ങനെയിരിക്കെ) നീ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്‍മാര്‍ഗം സ്വീകരിക്കുകയില്ല. (ഖു൪ആന്‍:18/57)

ഹൃദയത്തിന് മൂടിയിടപ്പെടുമെന്നും ചെവികൾ അടക്കപ്പെടുമെന്നും പറഞ്ഞതിന്റെ വിവക്ഷ ‘പിന്നീട് സത്യം ഗ്രഹിക്കുന്നതിൽ നിന്നും തടയപ്പെടും’ എന്നാണ്.

സത്യനിഷേധികളുടെ ഹൃദയങ്ങൾ മൂടുവാനും ചെവികൾ അടക്കുവാനും കാരണം അവരുടെ ചെയ്തികൾ തന്നെയാണ്.

وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَٰقَوْمِ لِمَ تُؤْذُونَنِى وَقَد تَّعْلَمُونَ أَنِّى رَسُولُ ٱللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ ‎

മൂസാ തന്‍റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്‌? ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ ദൂതനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:61/5)

3. അല്ലാഹുവിന്റെ ശിക്ഷ ലഭിക്കും

ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦ ﺫُﻛِّﺮَ ﺑِـَٔﺎﻳَٰﺖِ ﺭَﺑِّﻪِۦ ﺛُﻢَّ ﺃَﻋْﺮَﺽَ ﻋَﻨْﻬَﺎٓ ۚ ﺇِﻧَّﺎ ﻣِﻦَ ٱﻟْﻤُﺠْﺮِﻣِﻴﻦَ ﻣُﻨﺘَﻘِﻤُﻮﻥَ

തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉല്‍ബോധനം നല്‍കപ്പെട്ടിട്ട് അവയില്‍ നിന്ന് തിരിഞ്ഞുകളഞ്ഞവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അത്തരം കുറ്റവാളികളുടെ പേരില്‍ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്‌. (ഖു൪ആന്‍:32/22)

وَمَن يُعْرِضْ عَن ذِكْرِ رَبِّهِۦ يَسْلُكْهُ عَذَابًا صَعَدًا

തന്‍റെ രക്ഷിതാവിന്‍റെ ഉല്‍ബോധനത്തെ വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവന്‍ (രക്ഷിതാവ്‌) പ്രയാസകരമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുന്നതാണ്‌. (ഖു൪ആന്‍:72/17)

4.അല്ലാഹു കഴുതകളോട് ഉപമിക്കുന്നു

فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ ‎﴿٤٩﴾‏ كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ ‎﴿٥٠﴾‏ فَرَّتْ مِن قَسْوَرَةِۭ ‎﴿٥١﴾‏

എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.  സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍) (ഖു൪ആന്‍:74/49-51)

5.പിശാചിന്റെ അനുയായിയായിതീരും

وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَٰنِ نُقَيِّضْ لَهُۥ شَيْطَٰنًا فَهُوَ لَهُۥ قَرِينٌ ‎﴿٣٦﴾‏ وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ ‎﴿٣٧﴾

പരമകാരുണികന്‍റെ ഉല്‍ബോധനത്തിന്‍റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട് അവന്‍ (പിശാച്‌) അവന്ന് കൂട്ടാളിയായിരിക്കും. തീര്‍ച്ചയായും അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും.(ഖു൪ആന്‍:43/36-37)

الَّذِي هُوَ أَعْظَمُ رَحْمَةً رَحِمَ بِهَا الرَّحْمَنُ عِبَادَهُ، فَمَنْ قَبَلَهَا، فَقَدْ قَبَلَ خَيْرَ الْمَوَاهِبِ، وَفَازَ بِأَعْظَمِ الْمَطَالِبِ وَالرَّغَائِبِ، وَمَنْ أَعْرَضَ عَنْهَا وَرَدَّهَا، فَقَدْ خَابَ وَخَسِرَ خَسَارَةً لَا يَسْعَدُ بَعْدَهَا أَبَدًا، وَقَيَّضَ لَهُ الرَّحْمَنُ شَيْطَانًا مَرِيدًا، يُقَارِنُهُ وَيُصَاحِبُهُ، وَيَعِدُهُ وَيُمَنِّيهِ، وَيَؤُزُّهُ إِلَى الْمَعَاصِي أَزًّا.

പരമകാരുണ്യവാൻ തന്റെ ദാസന്മാരോട് ചെയ്ത ഏറ്റവും വലിയ കാരുണ്യമാണത്. അതിനെ സ്വീകരിക്കുന്നവൻ ഏറ്റവും ഉത്തമമായ സമ്മാനം സ്വീകരിച്ചവനാണ്; ഉന്നതമായ ആഗ്രഹങ്ങൾ സഫലീകരിച്ചവനും. എന്നാൽ അതിനെ നിരാകരിച്ചവനും അവഗണിച്ചവനും ഒരിക്കലും സൗഭാഗ്യം തിരിച്ചുകിട്ടാത്ത നഷ്ടവും പരാജയവും സംഭവിച്ചവനാണ്. പരമകാരുണ്യവാൻ അവന് ഒരു പിശാചിനെ ഏർപ്പെടുത്തിക്കൊടുക്കും. ആ പിശാചാകട്ടെ, സദാസമയവും അവനോടൊപ്പം നിന്ന് അവനെ ഭീഷണിപ്പെടുത്തിയും കൊതിപ്പിച്ചും തെറ്റിലേക്ക് ശക്തമായി തള്ളിവിട്ടുകൊണ്ടിരിക്കും. (തഫ്സീറുസ്സഅ്ദി)

6.മുൻ സമുദായങ്ങൾക്ക് വന്നുഭവിച്ചതിന് സമാനമായ ശിക്ഷയിറങ്ങും

فَإِنْ أَعْرَضُوا۟ فَقُلْ أَنذَرْتُكُمْ صَٰعِقَةً مِّثْلَ صَٰعِقَةِ عَادٍ وَثَمُودَ

എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്‌, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. (ഖു൪ആന്‍:41/13)

7.ദുൻയാവിൽ ഇടുങ്ങിയ ജീവിതം ലഭിക്കും

അല്ലാഹുവിൻ്റെ ഉൽബോധനം എന്ന് ഇവിടെ ഉദ്ദേശിച്ചത് അവൻ പ്രവാചകന്മാർ വഴിയും വേദഗ്രന്ഥങ്ങൾ മുഖേനയും മനുഷ്യർക്ക് അല്ലാഹു നൽകിയ മാർഗ്ഗനിർദേശങ്ങൾക്ക് എതിര് പ്രവർത്തിക്കുകയും, അതിൽ നിന്ന് മുഖം തിരിക്കുകയും അതിനെ മറന്ന് കളയുകയും അതല്ലാത്തതിൽ നിന്ന് സന്മാർഗം സ്വീകരിക്കുകയും ചെയ്താൽ അവന്റെ ജീവിതം ഇടുങ്ങിയതായിത്തീരുന്നതാണ്.

وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا

എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. (ഖു൪ആന്‍:20/124)

യഥാർത്ഥ വിശ്വാസത്തിലേക്കും സന്മാർഗ്ഗത്തിലേക്കും എത്താത്തവൻ ബാഹ്യമായി എന്തൊക്കെ അനുഗ്രഹങ്ങൾ അവന് ഉണ്ടെങ്കിലും, അവന് ഇഷ്ടപ്പെട്ടത് ധരിച്ചാലും, ഭക്ഷിച്ചാലും, അവൻ ആഗ്രഹിക്കുന്നിടത്ത് താമസിച്ചാലും അവൻ അസംതൃപ്തിയിലും അസ്വസ്ഥതയിലും കുടുസതയിലും വെപ്രാളത്തിലുമായിരിക്കും.

ദുനിയാവിലെ കുടുസ്സത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് – അവന് ഹൃദയ വിശാലതയോ, സ്വസ്ഥതയോ ഇല്ലാതെ തൻ്റെ വഴികേടുകൾ കൊണ്ട് മാനസിക പിരിമുറുക്കത്തിലായിരിക്കും.

അല്ലാഹുവില്‍ ശരിയായി വിശ്വസിക്കുകയും, അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നവനു അവന്റെ ജീവിതത്തില്‍ അനുഭവപ്പെടുന്ന എല്ലാ സുഖദുഃഖങ്ങളിലും ശാന്തിയും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. ഭാവിയെക്കുറിച്ചുള്ള ഭയമോ, ഭൂതകാലത്തെച്ചൊല്ലിയുള്ള വ്യസനമോ അവനുണ്ടായിരിക്കുകയില്ല. അവന്‍ സന്തോഷത്തില്‍ കൃതജ്ഞനും, സന്താപത്തില്‍ ക്ഷമാലുവുമായിരിക്കും. അതിനാല്‍, ഒരു പരിതസ്ഥിതിയിലും അവന്‍ വഴിതെറ്റിപ്പോകുവാനും, വിഷമിച്ചു വലയുവാനും ഇടവരികയില്ല. നേരെമറിച്ച് അവിശ്വസിക്കുകയും, അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നവന്റെ സ്ഥിതിയാകട്ടെ, ഇതിനു നേരെ വിപരീതവുമായിരിക്കും. അവന്‍ സുഖസന്തോഷങ്ങളില്‍ കൃതഘ്നനും സന്താപങ്ങളില്‍ അക്ഷമനുമായിരിക്കും. അതിനാല്‍ അവനു ഇപ്പോഴും മനശ്ശാന്തിയും, സമാധാനവുമില്ലാത്ത ഇടുങ്ങിയ ജീവിതമാണുണ്ടാവുക. (അമാനി തഫ്സീര്‍)

8.നരകം ലഭിക്കും

كَذَٰلِكَ نَقُصُّ عَلَيْكَ مِنْ أَنۢبَآءِ مَا قَدْ سَبَقَ ۚ وَقَدْ ءَاتَيْنَٰكَ مِن لَّدُنَّا ذِكْرًا ‎﴿٩٩﴾‏ مَّنْ أَعْرَضَ عَنْهُ فَإِنَّهُۥ يَحْمِلُ يَوْمَ ٱلْقِيَٰمَةِ وِزْرًا ‎﴿١٠٠﴾‏ خَٰلِدِينَ فِيهِ ۖ وَسَآءَ لَهُمْ يَوْمَ ٱلْقِيَٰمَةِ حِمْلًا ‎﴿١٠١﴾

അപ്രകാരം മുമ്പ് കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റിയുള്ള വൃത്താന്തങ്ങളില്‍ നിന്ന് നാം നിനക്ക് വിവരിച്ചുതരുന്നു. തീര്‍ച്ചയായും നാം നിനക്ക് നമ്മുടെ പക്കല്‍ നിന്നുള്ള ബോധനം നല്‍കിയിരിക്കുന്നു. ആരെങ്കിലും അതില്‍ നിന്ന് തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (പാപത്തിന്‍റെ) ഭാരം വഹിക്കുന്നതാണ്‌.  അതില്‍ അവര്‍ നിത്യവാസികളായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ആ ഭാരം അവര്‍ക്കെത്ര ദുസ്സഹം! (ഖു൪ആന്‍:20/99-101)

فكل من بلغه القرآن فهو نذير له وداع ، فمن اتبعه هدي ، ومن خالفه وأعرض عنه ضل وشقي في الدنيا ، والنار موعده يوم القيامة; ولهذا قال : {من أعرض عنه فإنه يحمل يوم القيامة وزرا}

ഖുർആൻ ആർക്കെല്ലാം എത്തിയോ അതവന് താക്കീതുകാരനും പ്രബോധകനുമാകുന്നു. ആര് അതിനെ പിൻതുടരുന്നുവോ അവൻ നേർമാഗ്ഗത്തിലാവുകയും ചെയ്യും. ഇനി ആരെങ്കിലും അതിനെതിരാവുകയും അതിനെ അവഗണിക്കുകയും ചെയ്തുവോ അവൻ വഴി തെറ്റിപ്പോവുകയും ദുനിയാവിൽ അവൻ നിർഭാഗ്യവാനായിത്തീരുകയും ചെയ്യും. അന്ത്യനാളിൽ അവൻ നരകാവകാശിയുമായിരിക്കും. അതാണ് അല്ലാഹു പറഞ്ഞത്:{ആരെങ്കിലും അതില്‍ നിന്ന് തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (പാപത്തിന്‍റെ) ഭാരം വഹിക്കുന്നതാണ്‌.} (ഇബ്നുകസീർ)

وَمَن يَكْفُرْ بِهِۦ مِنَ ٱلْأَحْزَابِ فَٱلنَّارُ مَوْعِدُهُ

വിവിധ സംഘങ്ങളില്‍ നിന്ന് അതില്‍ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു. (ഖു൪ആന്‍:11/17)

9.പരലോകത്ത് അന്ധത
10.അല്ലാഹു മറക്കും

وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ ‎﴿١٢٤﴾‏ قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًا ‎﴿١٢٥﴾‏ قَالَ كَذَٰلِكَ أَتَتْكَ ءَايَٰتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ ‎﴿١٢٦﴾

എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്‌.  അവന്‍ പറയും: എന്‍റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്‌? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. (ഖു൪ആന്‍:20/124-126)

قال عكرمة رضى الله عنه: عمي عليه كل شيء إلا جهنم .

ഇക്രിമ رضى الله عنه പറയുന്നു: നരകമല്ലാത്ത ഒന്നും അവന് കാണാനാവില്ല. (ഇബ്നുകസീർ)

{قَالَ كَذَٰلِكَ أَتَتْكَ ءَايَٰتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ} أي : لما أعرضت عن آيات الله ، وعاملتها معاملة من لم يذكرها ، بعد بلاغها إليك تناسيتها وأعرضت عنها وأغفلتها ، كذلك نعاملك [ اليوم ] معاملة من ينساك

{അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു} നമ്മുടെ ദൃഷ്ടാന്തങ്ങളെ നീ അവഗണിക്കുകയും, അത് നിന്നിലേക്ക് വന്നെത്തിയിട്ടും അതിനെ വിസ്മരിച്ചുകൊണ്ട് നീ നിന്റേതായ പ്രവർത്തനങ്ങൾ ചെയ്തതിനാലും, നിന്നെ മറന്ന ഒരുവൻ നിന്നോട് പെരുമാറുന്നത് പോലെ ഇന്നേ ദിവസം ഞാനും നിന്നോട് പെരുമാറുകയാണ്.

فَٱلْيَوْمَ نَنسَىٰهُمْ كَمَا نَسُوا۟ لِقَآءَ يَوْمِهِمْ هَٰذَا وَمَا كَانُوا۟ بِـَٔايَٰتِنَا يَجْحَدُونَ

അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു.(ഖു൪ആന്‍:7/51) (ഇബ്നുകസീർ)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *