ഒന്നാമതായി, ഉദ്യോഗം ഒരു അമാനത്താണ്. ഒരാള്‍ മറ്റൊരാളെ വിശ്വാസപൂര്‍വ്വം ഏല്‍പിക്കുകയും, ആ ആള്‍ ഏറ്റെടുക്കുകയും ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും, വസ്തുക്കള്‍ക്കും ‘അമാനത്ത്’ എന്ന് പറയപ്പെടുന്നു. അമാനത്ത് പാലിക്കൽ സത്യവിശ്വാസികൾക്ക് നിർബന്ധമാണ്. നമുക്ക് ലഭിച്ചിരിക്കുന്ന ജോലി വിശ്വസ്തതയോടെ ചെയ്യുക എന്നത് നമ്മുടെ കടമയാണ്. അതിൽ വീഴ്ച വരുത്തൽ കുറ്റകരമാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَخُونُوا۟ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓا۟ أَمَٰنَٰتِكُمْ وَأَنتُمْ تَعْلَمُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്. (ഖു൪ആന്‍:8/27)
عَنْ أَبِي ذَرٍّ، قَالَ قُلْتُ يَا رَسُولَ اللَّهِ أَلاَ تَسْتَعْمِلُنِي قَالَ فَضَرَبَ بِيَدِهِ عَلَى مَنْكِبِي ثُمَّ قَالَ “ يَا أَبَا ذَرٍّ إِنَّكَ ضَعِيفٌ وَإِنَّهَا أَمَانَةٌ وَإِنَّهَا يَوْمَ الْقِيَامَةِ خِزْىٌ وَنَدَامَةٌ إِلاَّ مَنْ أَخَذَهَا بِحَقِّهَا وَأَدَّى الَّذِي عَلَيْهِ فِيهَا ” .
അബൂദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ (നബിﷺയോട്) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നെ ഗവര്‍ണറായി നിശ്ചയിക്കുന്നില്ലേ?’ അപ്പോള്‍ നബി ﷺ തന്റെ കൈകൊണ്ട് എന്റെ ഇരുചുമലുകളിലും തട്ടി. ശേഷം തിരുമേനി പറഞ്ഞു: ‘അബൂദര്‍റ്! താങ്കള്‍ ദുര്‍ബലനാണ്. നേതൃപദവിയാകട്ടെ അമാനത്തുമാണ്. അത് അന്ത്യനാളില്‍ നിന്ദ്യതയും അപമാനവുമാണ്; നേതൃത്വം യഥാവിധം ഏറ്റെടുക്കുകയും അതില്‍ തന്റെമേല്‍ ബാധ്യതയായത് നിര്‍വഹിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്.’ (മുസ്‌ലിം:1825)
രണ്ടാമതായി, ഉദ്യോഗസ്ഥന്‍ തന്റെ ജോലി ആത്മാര്‍ഥതയോടും താല്‍പര്യത്തോടും നിര്‍വഹിച്ചാല്‍ ഇഹത്തിലും പരത്തിലും അവന് പ്രതിഫലം ലഭിക്കും. അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ച് താല്‍പര്യപൂര്‍വം ജോലിയെടുക്കുന്നവന്‍ തന്റെ ചുമതല നിറവേറ്റിയവനും ഭൗതികമായി ജോലിക്കുള്ള കൂലി അര്‍ഹിക്കുന്നവനും പാരത്രികലോകത്തെ പ്രതിഫലം നേടി വിജയിക്കുന്നവനുമായിത്തീരും. മനുഷ്യര്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്കുള്ള പ്രതിഫലവും കൂലിയും ഉണ്ടാകുന്നത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നതോടൊപ്പവും പ്രതിഫലേച്ഛയോടൊപ്പവുമാണ് എന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു:
لَّا خَيْرَ فِى كَثِيرٍ مِّن نَّجْوَىٰهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَٰحِۭ بَيْنَ ٱلنَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ٱبْتِغَآءَ مَرْضَاتِ ٱللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا
അവരുടെ രഹസ്യാലോചനകളില്‍ മിക്കതിലും യാതൊരു നന്മയുമില്ല. വല്ല ദാനധര്‍മവും ചെയ്യുവാനോ, സദാചാരം കൈക്കൊള്ളുവാനോ, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുവാനോ കല്‍പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്നപക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്. (ഖു൪ആന്‍:4/114)
عَنْ أَبِي مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ
അബു മസ്‌ഊദ്(റ) നിവേദനം: നബി ﷺ അരുളി: ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്തു. അല്ലാഹുവിന്റെ പ്രതിഫലമാണ് അവനുദ്ദേശിച്ചത്, എന്നാല്‍ അതവനു ഒരു ദാനധര്‍മ്മമാണ്. (ബുഖാരി:58)
عَنْ سَعْدِ بْنِ أَبِي وَقَّاصٍ أَنَّهُ أَخْبَرَهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إِلَّا أُجِرْتَ عَلَيْهَا حَتَّى مَا تَجْعَلُ فِي فَمِ امْرَأَتِكَ”
സഅദ്ബ്‌നു അബീവഖാസ്(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി ﷺ പറഞ്ഞു: നീ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് ചെയ്യുന്ന ഏത് ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. നിന്‍റെ ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്നതുവരെ. (ബുഖാരി:56)
ഒരു മുസ്‌ലിം, മറ്റുള്ളവരോട് തന്റെമേല്‍ നിര്‍ബന്ധമായ ബാധ്യത നിര്‍വഹിച്ചാല്‍ അവന്റെ ഉത്തരവാദിത്തം അവന്‍ നിറവേറ്റി. എന്നാല്‍ പ്രതിഫലവും കൂലിയും അവന്‍ നേടുന്നത് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോഴും അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുമ്പോഴും മാത്രമാണ്. ഇതാണ് ഉപരി സൂചിത പ്രമാണ വചനങ്ങള്‍ അറിയിക്കുന്നത്.
മൂന്നാമതായി, തനിക്ക് നിശ്ചയിക്കപ്പെട്ട ജോലിക്ക് നിര്‍ണയിക്കപ്പെട്ട സമയം പ്രസ്തുത ജോലിക്കായി വിനിയോഗിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ടതുണ്ട്. ആ സമയത്ത് ഇതര കാര്യങ്ങളില്‍ വ്യാപൃതനായി സമയം കളയുന്നത് അമാനത്തില്‍ വരുത്തുന്ന വീഴ്ചയാണ്.
തന്റെ കൂലി സമ്പൂര്‍ണമായി സ്വീകരിക്കുവാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നു. അത് തെല്ലും കുറക്കപ്പെടുന്നത് അവന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ജോലിസമയം ജോലിയുടെ നന്മക്കല്ലാതെ മറ്റു കാര്യങ്ങളില്‍ വിനിയോഗിച്ച് തെല്ലും കുറക്കാതിരിക്കലും അയാളുടെ ബാധ്യതയാണ്.
തങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായി സ്വീകരിക്കുകയും അന്യരുടെ അവകാശങ്ങളില്‍ കുറവ് വരുത്തുകയും ചെയ്യുന്ന, അളവുകളിലും തൂക്കങ്ങളിലും കൃത്രിമം കാണിക്കുന്നവരെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
وَيْلٌ لِّلْمُطَفِّفِينَ ﴿١﴾ ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ ﴿٢﴾ وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ ﴿٣﴾ أَلَا يَظُنُّ أُو۟لَٰٓئِكَ أَنَّهُم مَّبْعُوثُونَ ﴿٤﴾ لِيَوْمٍ عَظِيمٍ ﴿٥﴾ يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ ﴿٦﴾
അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്? ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്! അതെ, ലോക രക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ്‌വരുന്ന ദിവസം’. (ഖു൪ആന്‍:83/1-6)
നാലാമതായി, ജോയിയിൽ നല്ല മാതൃകയാകണം. ഉത്തരവാദപ്പെട്ട മുതിര്‍ന്നവര്‍ ചെറിയവര്‍ക്ക് കാര്യക്ഷമതയിലും അലസതയിലും ഒരുപോലെ മാതൃകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായി നിര്‍വഹിച്ചാല്‍ അവരുടെ കീഴ്ഘടകങ്ങള്‍ അതില്‍ അവരെ അനുധാവനം ചെയ്യും. ജോലിയിലുള്ള എല്ലാ മേലാധികാരികളും ത ന്നെക്കുറിച്ചും തന്റെ കീഴിലുള്ളവരെക്കുറിച്ചും ചോദിക്കപ്പെടും.
عَنْ عَبْدِ اللَّهِ، قَالَ النَّبِيُّ صلى الله عليه وسلم : كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ، فَالإِمَامُ رَاعٍ وَهْوَ مَسْئُولٌ وَالرَّجُلُ رَاعٍ عَلَى أَهْلِهِ وَهْوَ مَسْئُولٌ وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ زَوْجِهَا وَهْىَ مَسْئُولَةٌ، وَالْعَبْدُ رَاعٍ عَلَى مَالِ سَيِّدِهِ وَهُوَ مَسْئُولٌ، أَلاَ فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ.
അബ്ദുല്ലാഹിബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ എല്ലാവരും പ്രജാധിപന്മാരാണ്. തന്റെ പ്രജയെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്. ജനങ്ങള്‍ക്ക് നേതാവായിട്ടുള്ളവന്‍ അവരുടെ മേല്‍നോട്ടക്കാരനാണ്. അയാള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. പുരുഷന്‍ തന്റെ കുടുംബത്തിന്റെ മേല്‍നോട്ടക്കാരനാണ്; അയാള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. സ്ത്രീ ഭര്‍തൃവീടിന്റെയും സന്താനങ്ങളുടെയും മേല്‍നോട്ടക്കാരിയാണ്. അവള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളാണ്. ഭൃത്യന്‍ തന്റെ യജമാനന്റെ സ്വത്ത് കയ്യാളുന്നവനാണ്; അയാള്‍ അതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. അറിയുക, അതിനാല്‍ നിങ്ങള്‍ എല്ലാവരും മേല്‍നോട്ടക്കാരാണ്. നിങ്ങള്‍ മേല്‍നോട്ടം നടത്തുന്നവരെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്. (ബുഖാരി:5188)
ഉന്നത ഉദ്യോഗസ്ഥര്‍ ജോലികള്‍ അതിന്റെ മുഴുസമയങ്ങളിലും സൂക്ഷിച്ച് നിര്‍വഹിക്കുന്നവരായാല്‍ അവര്‍ തങ്ങളുടെ കീഴ്ഘടകങ്ങള്‍ക്ക് ഉത്തമ മാതൃകയായി.
അഞ്ചാമതായി, കൈക്കൂലി ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. അതിൽ നിന്നും സത്യവിശ്വാസികൾ പരിപൂർണ്ണമായി വിട്ടുനിൽക്കണം.
لعن الله الراشي والمرتشي في الحكم
അനുകൂല വിധി സമ്പാദിക്കുവാന്‍ കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു. (അഹ്മദ് : 2/387 – സ്വഹീഹുല്‍ ജാമിഅ് :5069)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الرَّاشِيَ وَالْمُرْتَشِيَ .
അബ്ദുല്ലാഹിബ്നു അംറ് رضي الله عنه വിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അല്ലാഹുവിന്‍റെ റസൂൽ ﷺ ശപിച്ചിരിക്കുന്നു. (അബൂദാവൂദ്:3580)
പാരിതോഷികങ്ങളും സമ്മാനങ്ങളും സ്വീകരിക്കാതെ മാറിനില്‍ക്കാന്‍ ഒരു സത്യവിശ്വാസി ശ്രദ്ധിക്കേണ്ടതുണ്ട്.
هدايا العمال غلول
ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഗിഫ്റ്റുകള്‍ ചതിമുതലുകളാകുന്നു. (മുസ്നദു അഹ്മദ്)
عَنْ أَبِي أُمَامَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ شَفَعَ لأَخِيهِ بِشَفَاعَةٍ فَأَهْدَى لَهُ هَدِيَّةً عَلَيْهَا فَقَبِلَهَا فَقَدْ أَتَى بَابًا عَظِيمًا مِنْ أَبْوَابِ الرِّبَا .
അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഒരാൾക്കുവേണ്ടി വല്ല ശുപാര്‍ശയും ചെയ്തതിന്റെ പേരില്‍ അയാളിൽ നിന്ന് സമ്മാനങ്ങളെന്തെങ്കിലും സ്വീകരിക്കുന്നവൻ പലിശയുടെ വലിയൊരു കവാടത്തിലാണ് ചെന്നെത്തുന്നത്. (അബൂദാവൂദ് 3541)
kanzululoom.com