സ്വുൽഹ് അഥവാ ഒത്തുതീർപ്പ്

സ്വുൽഹ് ന്റെ അർഥം തൗഫീക്വ് അഥവാ തർക്കം തീർക്കുക എന്നതാണ് ഭാഷാർഥം. പ്രശ്‌നക്കാർക്കിടയിലെ വഴക്ക് അവസാനിപ്പിക്കുന്ന കരാറാണ് മതത്തിന്റെ ഭാഷ്യത്തിൽ സ്വുൽഹ്.

സ്വുൽഹിന്റെ തെളിവുകൾ:

വിശുദ്ധ ക്വുർആനും തിരുസുന്നത്തും ഇജ്മാഉം സ്വുൽഹ് മതപരമെന്നത് അറിയിക്കുന്നു. അല്ലാഹു വിശുദ്ധ ക്വുർആ നിൽ പറയുന്നു:

وَٱلصُّلْحُ خَيْرٌ ۗ

ഒത്തുതീർപ്പിൽ എത്തുന്നതാണ് കൂടുതൽ നല്ലത്. (ഖു൪ആന്‍:4/128)

وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ

സത്യവിശ്വാസികളിൽനിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ നിങ്ങൾ അവർക്കിടയിൽ രജ്ഞിപ്പുണ്ടാക്കണം. (ഖു൪ആന്‍:49/9)

لَّا خَيْرَ فِى كَثِيرٍ مِّن نَّجْوَىٰهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَٰحِۭ بَيْنَ ٱلنَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ٱبْتِغَآءَ مَرْضَاتِ ٱللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا

അവരുടെ രഹസ്യാലോചനകളിൽ മിക്കതിലും യാതൊരു നൻമയുമില്ല. വല്ല ദാനധർമവും ചെയ്യാനോ സദാചാരം കൈക്കൊള്ളാനോ ജനങ്ങൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കാനോ കൽപിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് വല്ലവനും അപ്രകാരം ചെയ്യുന്നപക്ഷം അവന് നാം മഹത്തായ പ്രതിഫലം നൽകുന്നതാണ്. (ഖു൪ആന്‍:4/114)

സുന്നത്തിൽ തിരുമൊഴി ഇപ്രകാരമുണ്ട്:

الصُّلْحُ جَائِزٌ بَيْنَ الْمُسْلِمِينَ إِلاَّ صُلْحًا حَرَّمَ حَلاَلاً أَوْ أَحَلَّ حَرَامًا

മുസ്‌ലിംകൾക്കിടയിൽ സ്വുൽഹ് (ഒത്തുതീർപ്പുണ്ടാക്കുന്നത്) അനുവദനീയമാണ്; ഹലാലിനെ ഹറാമാക്കിക്കൊണ്ടോ ഹറാമിനെ ഹലാലാക്കിക്കെണ്ടോ ഉള്ള തീർപ്പുകളൊഴികെ. (ഇബ്നുമാജ:2353)

തിരുനബിﷺ ജനങ്ങൾക്കിടയിൽ ഇ‌സ്ലാഹ് നിർവഹിക്കുമായിരുന്നു. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചും ശേഷം പ്രശ്‌നക്കാരുടെ പ്രീതി ഉദ്ദേശിച്ചും ജനങ്ങൾക്കിടയിൽ സ്വുൽഹ് ഉണ്ടാക്കൽ മതപരമാണെന്നതിൽ മുസ്‌ലിം സമുദായം ഏകോപിച്ചിരിക്കുന്നു.

സ്വുൽഹിന്റെ പൊതുവിലുള്ള ഇനങ്ങൾ

ജനങ്ങൾക്കിടയിൽ സ്വുൽഹ് വിവിധ ഇനങ്ങളാണ്:

1. ഭാര്യ-ഭർത്താക്കന്മാർക്കിടയിൽ ഭിന്നത ഭയപ്പെട്ടാലുള്ള സ്വുൽഹ്:

അല്ലാഹു പറഞ്ഞു:

وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَٱبْعَثُوا۟ حَكَمًا مِّنْ أَهْلِهِۦ وَحَكَمًا مِّنْ أَهْلِهَآ إِن يُرِيدَآ إِصْلَٰحًا يُوَفِّقِ ٱللَّهُ بَيْنَهُمَآ ۗ إِنَّ ٱللَّهَ كَانَ عَلِيمًا خَبِيرًا

ഇനി, അവർ(ദമ്പതിമാർ) തമ്മിൽ ഭിന്നിച്ചുപോകുമെന്ന് നിങ്ങൾ ഭയപ്പെടുന്നപക്ഷം അവന്റെ ആൾക്കാരിൽനിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആൾക്കാരിൽനിന്ന് ഒരു മധ്യസ്ഥനെയും നിങ്ങൾ നിയോഗിക്കുക. ഇരു വിഭാഗവും അനുരജ്ഞനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അല്ലാഹു അവർക്കിടയിൽ യോജിപ്പുണ്ടാക്കുന്നതാണ്. (ഖു൪ആന്‍:4/35)

അല്ലെങ്കിൽ, ഭർത്താവിന്റെ അവഗണന ഭാര്യ ഭയന്നാൽ, അഥവാ ഭർത്താവിന് അവളെ വേണ്ടെന്നോ അവളിൽ അതൃപ്തനെന്നോ ഭയന്നാലുള്ള സ്വുൽഹ്. അല്ലാഹു പറഞ്ഞു:

وَإِنِ ٱمْرَأَةٌ خَافَتْ مِنۢ بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَآ أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَٱلصُّلْحُ خَيْرٌ ۗ

ഒരു സ്ത്രീ തന്റെ ഭർത്താവിൽനിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കിൽ അവർ പരസ്പരം വല്ല ഒത്തുതീർപ്പും ഉണ്ടാക്കുന്നതിൽ അവർക്ക് കുറ്റമില്ല. ഒത്തുതീർപ്പിൽ എത്തുന്നതാണ് കൂടുതൽ നല്ലത്. (ഖു൪ആന്‍:4/128)

2. പോരടിക്കുന്ന രണ്ടു മുസ്‌ലിം കക്ഷികൾക്കിടയിലുള്ള സ്വുൽഹ്:

അല്ലാഹു പറഞ്ഞു:

وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ

സത്യവിശ്വാസികളിൽനിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ നിങ്ങൾ അവർക്കിടയിൽ രജ്ഞിപ്പുണ്ടാക്കണം. (ഖു൪ആന്‍:49/9)

3. മുസ്‌ലിംകൾക്കിടയിലും യുദ്ധം ചെയ്യുന്ന അവിശ്വാസികൾക്കിടയിലുമുള്ള സ്വുൽഹ്.

4. സാമ്പത്തികമല്ലാത്ത വിഷയങ്ങളിൽ പ്രശ്‌നക്കാർക്കിടയിലെ സ്വുൽഹ്.

5. സാമ്പത്തിക വിഷയങ്ങളിൽ പ്രശ്‌നക്കാർക്കിടയിലെ സ്വുൽഹ്. അത് രണ്ടു തരത്തിലാകുന്നു:

ഒന്ന്) അംഗീകാരമുള്ളതോടൊപ്പമുള്ള സ്വുൽഹ്. അതും രണ്ടു തരമുണ്ട്:

1.സ്വുൽഹുൽഇബ്‌റാഅ്: അംഗീകരിക്കപ്പെട്ട അവകാശത്തിൽ സ്വുൽഹുണ്ടാക്കലാണത്. ഒരു തന്റേടമുള്ള വ്യക്തി മറ്റൊരാൾക്ക് ഒരു കടമോ വസ്തുവോ നൽകാനുണ്ടെന്ന് അംഗീകരിക്കുന്നതുപോലെ. ശേഷം അംഗീകരിച്ചവന് വസ്തുവിലും കടത്തിലും ചിലത് ഒഴിവാക്കിക്കൊടുക്കുകയും ശേഷിക്കുന്നത് സ്വീകരിക്കുകയും ചെയ്യുക. സ്വുൽഹിനെ അറിയിക്കുന്ന മൊഴിയിലൂടെ കടത്തിൽ ചിലത് ഒഴിവാക്കിക്കൊടുക്കലാകുന്നു അത്. അവകാശി ദാനംചെയ്യൽ സാധുവാകുന്നവരിൽ പെട്ടവനായിരിക്കണം, ദാനം ചെയ്യുമെന്നത് അംഗീകരിക്കലിൽ നിബന്ധനയാക്കപ്പെടരുത് എന്നീ ശർത്ത്വോടെ ഈ സ്വുൽഹ് അനുവദനീയമാകുന്നു.

2. സ്വുൽഹുൽ മുആവദ്വ: അംഗീകരിച്ച അവകാശത്തിനു പകരം മറ്റൊരു വർഗത്തിൽ പെട്ടതിൽ സ്വുൽഹുണ്ടാക്കൽ. കടമോ വസ്തുവോ ഉണ്ടെന്ന് ഒരാൾ അംഗീകരിക്കുകയും ശേഷം അംഗീകരിക്കപ്പെട്ടതിന്റെ വകുപ്പിൽ പെടാത്തതു പകരം സ്വീകരിച്ചുകൊണ്ട് രണ്ടാളുകളും സ്വുൽഹാകുന്നതുപോലെ. ഇതിന് ബയ്ഇന്റെ (വ്യാപാരത്തിന്റെ) അതേ വിധിയാണ്. എന്നാൽ വല്ല മൻഫഅത്തിലുമാണ് (പ്രയോജനം) സ്വുൽഹെങ്കിൽ അതിന്റെ വിധി ഇജാറത്തിന്റെ (വാടകക്കു കൊടുക്കൽ) വിധിയാണ്.

രണ്ട്) നിഷേധമുള്ളതോടൊപ്പമുണ്ടാക്കുന്ന സ്വുൽഹ്:

ഒരാൾ മറ്റൊരാളുടെ അടുക്കൽ തന്റെ ഒരു വസ്തു ഉണ്ടെന്നോ അയാളുടെ ഉത്തരവാദിത്തത്തിൽ തനിക്ക് കടമുണ്ടെന്നോ വാദിക്കുകയും അപ്പോൾ പ്രതി അത് നിഷേധിക്കുകയോ അല്ലെങ്കിൽ വാദിച്ച വിഷയം അറിയാത്തനിലക്ക് മൗനമവലംബിക്കലോ ചെയ്യലാണത്. അതിൽപിന്നെ വാദി റൊക്കമായോ കടമായോ ഒരു സംഖ്യക്ക് തന്റെ വാദത്തിൽ സ്വുൽഹുണ്ടാക്കുക. ഈ അവസ്ഥയിൽ സ്വുൽഹ് സാധുവാകും; വാദം നിരർഥകമാണെന്ന് പ്രതി വിശ്വസിക്കുകയും തന്നെക്കുറിച്ചുള്ള പ്രശ്‌നം ഒഴിവാക്കുവാനും തന്റെ ശപഥത്തിന് പ്രായച്ഛിത്തമായും അയാൾ പണം നൽകുകയും വാദം ശരിയാണെന്ന് വാദി വിശ്വസിക്കു കയും സ്ഥിരപ്പെട്ട, തന്റെ അവകാശത്തിനു പകരമായാണ് അയാൾ പണം സ്വീകരിക്കുകയും ചെയ്യുന്നതെങ്കിൽ.

മൂന്ന്) സ്വുൽഹുമായി ബന്ധപ്പെട്ട മതവിധികൾ:

1.രണ്ടാളുകൾക്ക് അന്യോന്യമുള്ളതായാലും രണ്ടിൽ ഒരാൾക്കുള്ളതായാലും മജ് ഹൂലായ(അറിയപ്പെടാത്ത) അവകാശത്തിൽ സ്വുൽഹ് സാധുവാകും. കടമായാലും ഒരു വസ്തുവായാലും അതിനെ കുറിച്ച് അറിയൽ തടസ്സമാകുമ്പോഴാണത്. രണ്ടു വ്യക്തികൾക്കിടയിൽ ഇടപാടും കണക്കുമുണ്ടാവുകയും നാളുകൾ കഴിഞ്ഞുപോവുകയും രണ്ടിൽ ഒരാൾക്കും അപരന് എത്രയാണ് തന്റെമേൽ ബാധ്യതയായത് എന്നതിൽ യാതൊരു അറിവുമില്ലാതിരിക്കുകയും ചെയ്യുന്നതുപോലെ.

2.പകരം സ്വീകരിക്കൽ അനുവദനീയമായതിലെല്ലാം സ്വുൽഹ് സാധുവാകുന്നു. ക്വിസ്വാസ്വിനു (പ്രതിക്രിയ) പകരം ഇസ്‌ലാം നിശ്ചയിച്ച നഷ്ടപരിഹാരമോ അതിൽ കുറവോ കൂടുതലോ നൽകിയുള്ള സ്വുൽഹുപോലെ.

3.പകരം സ്വീകരിക്കൽ അനുവദനീയമല്ലാത്തതിൽ സ്വുൽഹ് അസാധുവാകുന്നു; ഹുദൂദിൽ (ശിക്ഷാവിധികളിൽ) സ്വുൽഹുണ്ടാക്കുന്നതുപോലെ. അതിൽ സ്വുൽഹ് സാധുവല്ല. കാരണം തെറ്റിൽനിന്നു വിലക്കുവാനും വിരട്ടുവാനുമാണത് മതപരമാക്കിയത്.

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *