സംസാരിക്കുന്നവരോട്….

അല്ലാഹു മനുഷ്യന് നല്‍കിയ മഹാ അനുഗ്രഹങ്ങളില്‍ പെട്ട ഒന്നാണ് അവന് സംസാരശേഷി നല്‍കിയെന്നുള്ളത്. അക്കാര്യം അല്ലാഹു മനുഷ്യനെ ഓ൪മ്മപ്പെടുത്തുന്നുമുണ്ട്.

خَلَقَ ٱلْإِنسَٰنَ ‎﴿٣﴾‏ عَلَّمَهُ ٱلْبَيَانَ ‎﴿٤﴾

അവന്‍(അല്ലാഹു) മനുഷ്യനെ സൃഷ്ടിച്ചു. അവനെ(മനുഷ്യനെ) അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. (ഖു൪ആന്‍ :55/3-4)

മറ്റുജീവജാലങ്ങളില്‍നിന്ന് മനുഷ്യനെ സവിശേഷമാക്കിയത് ഇതാണ്: {അവനെ സംസാരിക്കാന്‍ പഠിപ്പിച്ചു} ഹൃദയങ്ങളിലെ ആശയങ്ങളെ വ്യക്തമാക്കാന്‍. വാമൊഴിയും വരമൊഴിയും ഇതില്‍ ഉള്‍ക്കൊള്ളുന്നു. മനുഷ്യന് അല്ലാഹു ചെയ്തുകൊടുത്ത ഈ മഹാ അനുഗ്രഹത്തിലൂടെ മറ്റുള്ളവയില്‍നിന്ന് അവനെ സവിശേഷമാക്കി. (തഫ്സീറുസ്സഅ്ദി)

ﺃَﻟَﻢْ ﻧَﺠْﻌَﻞ ﻟَّﻪُۥ ﻋَﻴْﻨَﻴْﻦِ ﻭَﻟِﺴَﺎﻧًﺎ ﻭَﺷَﻔَﺘَﻴْﻦِ

അവന് (മനുഷ്യന്) നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ട് ചുണ്ടുകളും. (ഖു൪ആന്‍ :90/8-9)

അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ അടിമകള്‍ ഏറ്റവും നല്ലത് സംസാരിക്കണമെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്.

ﻭَﻗُﻞ ﻟِّﻌِﺒَﺎﺩِﻯ ﻳَﻘُﻮﻟُﻮا۟ ٱﻟَّﺘِﻰ ﻫِﻰَ ﺃَﺣْﺴَﻦُ ۚ ……

നീ എന്റെ ദാസന്‍മാരോട് പറയുക, അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌……..(ഖു൪ആന്‍ :17/53)

عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ « مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ – البخاري، مسلم

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരി: 6475 – മുസ്‌ലിം: 47)

ഒരു മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അത് അവന്റെ കര്‍മ്മങ്ങളായിതന്നെ രേഖപ്പെടുത്തുന്നുണ്ട്.

ﻣَّﺎ ﻳَﻠْﻔِﻆُ ﻣِﻦ ﻗَﻮْﻝٍ ﺇِﻻَّ ﻟَﺪَﻳْﻪِ ﺭَﻗِﻴﺐٌ ﻋَﺘِﻴﺪٌ

അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും (അത് രേഖപ്പെടുത്തുന്നതിനായി) അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാകാതിരിക്കുകയില്ല.(ഖു൪ആന്‍ :50/18)

മനുഷ്യന് ലഭിച്ച ഇതര സൃഷ്ടിവര്‍ഗ്ഗങ്ങള്‍ക്കില്ലാത്ത ഈ മഹത്തായ അനുഗ്രഹം ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇഹലോകത്തും പരലോകത്തും അവന് വമ്പിച്ച പ്രത്യാഘാതമാണ് ഉണ്ടാവുക. എന്നാല്‍ ഇതിനെ നല്ല രീതിയില്‍ വിനിയോഗിക്കുന്നവ൪ക്ക് നല്ല പ്രതിഫലമാണുള്ളത്.

كُلُّ كَلِمَةٍ طَيْبَةٍ صَدَقَةٌ

റസൂല്‍(സ്വ) പറഞ്ഞു: സദ് വചനം സ്വദഖയാണ്.(ബുഖാരി)

പ്രവാചകൻ (സ്വ) പറഞ്ഞു: പാപമോചനം അനിവാര്യമാക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ് സലാം പറയലും നല്ല സംസാരവും. (ത്വബ്റാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മാത്രമല്ല, നല്ല വാക്കിനെ നരകത്തില്‍ നിന്നുള്ള രക്ഷയായിട്ടും സ്വ൪ഗ്ഗത്തിലേക്കുള്ള വഴിയായിട്ടും നബി(സ്വ) പരിചയപ്പെടുത്തിയിട്ടുണ്ട്.

عَنْ عَدِىِّ بْنِ حَاتِمٍ أَنَّ النَّبِىَّ – صلى الله عليه وسلم – ذَكَرَ النَّارَ فَأَشَاحَ بِوَجْهِهِ فَتَعَوَّذَ مِنْهَا ، ثُمَّ ذَكَرَ النَّارَ فَأَشَاحَ بِوَجْهِهِ فَتَعَوَّذَ مِنْهَا ، ثُمَّ قَالَ « اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ ، فَمَنْ لَمْ يَجِدْ فَبِكَلِمَةٍ طَيِّبَةٍ – البخاري، مسلم

അദിയ്യ് ഇബ്നു ഹാതിമില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: ഒരു കാരക്കയുടെ ചീള് കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക, വല്ലവനും അത് കണ്ടെത്തിയില്ലെങ്കില്‍ ഒരു സദ് വചനം കൊണ്ടെങ്കിലും (നരകത്തെ സൂക്ഷിക്കുക). (ബുഖാരി)

عن سهل بن سعد رضي اللّه عنه، عن رسول اللّه صلى اللّه عليه وسلم قال:مَنْ يَضْمَنْ لي ما بينَ لَحْيَيْهِ وَما بينَ رِجْلَيْهِ، أضْمَنْ لَهُ الجَنَّةَ

സഹ്ല്‍ ബിന്‍ സഅദില്‍(റ) നിന്നും നിവേദനം: പ്രവാചകന്‍(സ്വ) പറഞ്ഞു: തന്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിനേയും(നാവ്) രണ്ട്‌ കാലുകൾക്ക് ഇടയിലുള്ളതിനേയും (ഗുഹ്യാവയവം) സംരക്ഷിച്ച് കൊള്ളാമെന്ന് ആരെങ്കിലും എനിക്ക് ഉറപ്പ് നൽകിയാൽ അയാൾക്ക് സ്വർഗം നൽകാമെന്ന് ഞാനേൽക്കുന്നു. (ബുഖാരി: 6474)

عَنْ أَبِي هُرَيْرَةَ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مَا يَتَبَيَّنُ فِيهَا، يَزِلُّ بِهَا فِي النَّارِ أَبْعَدَ مِمَّا بَيْنَ الْمَشْرِقِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നത് ഞാൻ കേട്ടു: ഒരു അടിമ സംശയാസ്പദമായ ചില വാക്കുകൾ സംസാരിക്കും. അത് മുഖേന അയാൾ കിഴക്ക് പടിഞ്ഞാറിന്റെ ഇടയിലുള്ള അകലത്തേക്കാൾ അഗാധതയിൽ നരകത്തിലേക്ക് വഴുതിപ്പോകുന്നു.(ബുഖാരി: 6477 – മുസ്‌ലിം: 2988)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ رِضْوَانِ اللَّهِ لاَ يُلْقِي لَهَا بَالاً، يَرْفَعُ اللَّهُ بِهَا دَرَجَاتٍ، وَإِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللَّهِ لاَ يُلْقِي لَهَا بَالاً يَهْوِي بِهَا فِي جَهَنَّمَ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:ഒരടിമ ഗൗരവത്തിലല്ലാതെ പറഞ്ഞ അല്ലാഹുവിന് തൃപ്തിയുള്ള ഒരു വാക്കു മൂലം അവന്റെ പദവികൾ അവൻ ഉയർത്തും. അപ്രകാരം അല്ലാഹുവിന് കോപമുള്ള ഒരു വാക്കു പറഞ്ഞവനെ അതുമൂലം അവൻ നരകത്തിൽ പതിപ്പിക്കുകയും ചെയ്യും. (ബുഖാരി : 6478)

قال الإمام الفقيه الأصولي ابن العثيمين رحمه الله:فيجب على الإنسان أن يمسك اللسان لأن زلته عظيمة

ശൈഖ് ഉസൈമീൻ (റ) പറഞ്ഞു:നാവിനെ പിടിച്ച് വെക്കൽ ഓരോ മനുഷ്യനും നിർബന്ധമാണ്.കാരണം അതിന്റെ (നാവിന്റെ) വീഴ്ച്ച ഭയങ്കരമാണ്.القول المفيد على كتاب التوحيد186

قال الإمام ابن القيم رحمه الله :إِنَّ العَبْدَ لَيَأْتِي يَوْمَ القِيَامَةِ بِحَسَنَاتِ أَمْثَالِ الجِبَالِ ؛ فَيَجِدُ (لِسَانَهُ) قَدْ هَدََمَهَا عَلَيْهِ كُلَّهَا

ഇമാം ഇബ്നുൽ ഖയ്യിം (റ) പറഞ്ഞു:ഒരു അടിമ ഖിയാമത്ത് നാളിൽ പർവത സമാനമായ നൻമകളുമായ വരും .. അപ്പോൾ തന്റെ നാവ് (ആ നൻമകളെ) മുഴുവൻ പൊളിച്ച് കളഞ്ഞതായി അവൻ കണ്ടത്തും. [ الجواب الكافي (١٦١) ]

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَإِنَّ الرَّجُلَ لَيَصْدُقُ حَتَّى يَكُونَ صِدِّيقًا، وَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَإِنَّ الرَّجُلَ لَيَكْذِبُ، حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا ‏”‏‏.‏

അബ്ദുല്ലഹിബ്‌നുമസ്ഊദ്(റ) നിവേദനം : നബി (സ) പറഞ്ഞു: “സത്യം പറയല്‍ നന്മയിലേക്കും സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്ന പക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തും. കള്ളം പറയുന്ന ശീലം ദുര്‍വൃത്തിയിലേക്കും, ദുര്‍വൃര്‍ത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേര് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും.” (ബുഖാരി:6094)

സത്യവിശ്വാസികളുടെ സ്വ൪ഗ്ഗവും നരകവും തീരുമാനിക്കപ്പെടുന്നതില്‍ അവന്റെ സംസാരത്തിന് മുഖ്യമായ പങ്കുണ്ടെന്ന് ചുരുക്കം. ഒരു മനുഷ്യന്റെ നാവ് നന്നായാല്‍ അവന്റെ മറ്റ് അവയവങ്ങളും നേരെയാവും, നാവ് മോശമായാല്‍ അവന്റെ മറ്റ് അവയവങ്ങളും മോശമാവും.

അബൂസഈദില്‍ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം : അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: മനുഷ്യന്‍ പ്രഭാതത്തിലായാല്‍ അവന്റെ അവയവങ്ങള്‍ നാവിനോട് വിനയ പുരസ്സരം പറയും: ഞങ്ങളുടെ വിഷയത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക. നീ നേരെ ചൊവ്വേ ആയാല്‍, ഞങ്ങള്‍ നേരെ ആയി. നീ വളഞ്ഞാല്‍ ഞങ്ങളും വളഞ്ഞു…(മുസ്നദ് അഹ്മദ്)

അല്ലാഹു അനുഗ്രഹിച്ച് നല്‍കിയിട്ടുള്ള നാവ് കൊണ്ട് മോശം സംസാരിക്കുന്നതിനെ അല്ലാഹുവിന്റെ റസൂല്‍(സ്വ) താക്കീത് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ പ്രവാചകനോടൊപ്പം യാത്രചെയ്യവേ മുആദ് ഇബ്നു ജബലിന്(റ) ഇസ്ലാം കാര്യങ്ങളേയും പുണ്യ പ്രവൃത്തികളേയും പറഞ്ഞു കൊടുത്ത അല്ലാഹുവിന്റെ റസൂല്‍(സ്വ) അവസാനമായി അദ്ദേഹത്തോട് പറഞ്ഞു:

قَالَ: أَلا أُخبِرُكَ بِملاكِ ذَلِكَ كُلِّهِ ؟ قُلْتُ:بَلَى يَارَسُولَ اللهِ. فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْكَ هَذَا. قُلْتُ يَانَبِيَّ اللهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ ؟ فَقَالَ: ثَكِلَتْكَ أُمُّكَ يَامُعَاذُ. وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَو قَالَ: عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلسِنَتِهِمْ

അവകളൊന്നും പാഴാക്കാതെ നിങ്ങള്‍ക്ക് നേടിതരുന്നത് നിങ്ങള്‍ക്ക് നാം അറിയിച്ച് തരട്ടെയോ? ഞാന്‍ പറഞ്ഞു: അതെ, നബിയേ. അപ്പോള്‍ റസൂല്‍(സ്വ) തന്റെ നാവ് പിടിച്ചു. എന്നിട്ട് റസൂല്‍(സ്വ) പറഞ്ഞു: ഇത് നീ പിടിച്ച് നി൪ത്തുക. ഞാന്‍ ചോദിച്ചു: ഞങ്ങള്‍ സംസാരിക്കുന്നതില്‍ ഞങ്ങള്‍ പിടികൂടപ്പെടുമോ? നബി (സ്വ) പറഞ്ഞു:മുആദ്, ജനങ്ങളെ അവരുടെ മുഖങ്ങളില്‍ അല്ലെങ്കില്‍ അവരുടെ മൂക്കുകളില്‍ നരകത്തില്‍ വീഴ്ത്തുന്നത് അവരുടെ നാവുകളുടെ ദുഷ്യസംസാരങ്ങള്‍ മാത്രമാണ്…(സുനനുത്തി൪മുദി)

‏وصية من ذهب للإمام الشافعي :من أحب أن يفتح الله له قلبه أو ينوره، فعليه بترك كثرة الكلام فيما لا يعنيه،وترك الذنوب واجتناب المعاصي،ويكون له فيما بينه وبين الله خبيئة من عمل، فإنه إذا فعل ذلك فتح الله عليه من العلم ما يشغله عن غيره.

ഇമാം _ശാഫിഈرحمه الله യുടെ ഒരു വസിയ്യത്ത്: അല്ലാഹു ആർക്കെങ്കിലും തന്റെ ഹൃദയത്തെ ( നന്മകൾക്കായി ) തുറക്കണമെന്നോ, അതിനെ പ്രകാശിപ്പിക്കണമെന്നോ ആഗ്രഹിക്കുന്നുവെങ്കിൽ അവന്ന് ഗുണം ചെയ്യാത്ത അമിതമായ സംസാരം ഉപേക്ഷിക്കണം.പാപങ്ങൾ ഒഴിവാക്കി തിന്മകളിൽ നിന്നകലണം. അവനും അല്ലാഹുവിനുമിടയിൽ മാത്രമായി ഒതുങ്ങുന്ന ഏതെങ്കിലും രഹസ്യമായ സൽകർമ്മമുണ്ടാകണം .ഇങ്ങനെ ആരെങ്കിലും ചെയ്താൽ (ഗുണകരമല്ലാത്ത) മറ്റെല്ലാത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കുന്ന വിജ്ഞാനങ്ങൾ നൽകി അല്ലാഹു അവനെ പഠിപ്പിക്കും. (മനാഖിബുശ്ശാഫിഈ :2/172)

قـــال العلامة ابن القيم رحمه الله :فإن اللسان لا يسكت البتة، فإما لسان ذاكر وإما لسان لاغ ولا بد من أحدهما. فهي النفس إن لم تشغلها بالحق، شغلتك بالباطل!!وهو القلب، إن لم تسكنه محبة الله عز وجل، سكنته محبة المخلوقين ولا بد!!وهو اللسان، إن لم تشغله بالذكر، شغلك باللغو، وما هو عليك ولا بد!! فاختر لنفسك إحدى الخطتين، وأنزلها في إحدى المنزلتين.

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: തീർച്ചയായും നാവ് ഒരിക്കലും നിശ്ശബ്ദമാകുന്നില്ല. ഒന്നുകിൽ അല്ലാഹുവിനെ സ്മരിക്കുന്ന നാവായിരിക്കും. അല്ലെങ്കിൽ വിനോദങ്ങളിൽ മുഴുകുന്ന നാവായിരിക്കും. രണ്ടാലൊന്ന് സംഭവിക്കും. മനസ്സിനെ നീ യാഥാർത്ഥ്യങ്ങളിൽ (ഹഖിൽ) വ്യാപൃതമാക്കിയിട്ടില്ലെങ്കിൽ നിരർത്ഥകമായ കാര്യങ്ങളിൽ മനസ്സ് നിന്നെ വ്യാപൃതമാക്കുന്നതാണ്. ഹൃദയത്തിൽ അല്ലാഹുവിനോടുള്ള സ്നേഹം അധിവസിച്ചിട്ടില്ലെങ്കിൽ തൽസ്ഥാനത്ത് സൃഷ്ടികളോടുള്ള സ്നേഹമാകും നിലകൊള്ളുക. നാവിനെ അല്ലാഹുവിന്റെ ദിക്റിൽ (സ്മരണയിൽ ) നീ വ്യാപൃതമാക്കിയിട്ടില്ലെങ്കിൽ അത് നിന്നെ വിനോദങ്ങളിലും നിനക്ക് പ്രതികൂലമായ കാര്യങ്ങളിലും വ്യാപൃതമാക്കുന്നതാണ്. അതിനാൽ ഇവ രണ്ടിൽ ഏതു മാർഗ്ഗമാണ് നിനക്ക് വേണ്ടതെന്ന് നീ തന്നെ തെരഞ്ഞെടുത്ത് സ്വീകരിക്കുക. [അൽ വാബിലുസ്സ്വയ്ബ്: 1/111]

قال الماوردي رحمه الله تعالى:القلوب أوعية الأسرار والشفاه أقفالها والألسن مفاتيحها، فليحفظ كل امرئ مفتاح سره!

ഇമാം അൽ മാവർദി رحمه الله പറഞ്ഞു:ഹൃദയങ്ങൾ രഹസ്യങ്ങളുടെ സൂക്ഷിപ്പു സ്ഥലങ്ങളാണ്, വായകൾ അവ (രഹസ്യങ്ങൾ) യുടെ താഴുകളും, നാവുകൾ താക്കോലുകളുമാണ്. അതുകൊണ്ട് ഓരോ വ്യക്തികളും തങ്ങളുടെ രഹസ്യത്തിന്റെ താക്കോലിനെ സംരക്ഷിച്ചു കൊള്ളട്ടെ ! (അദബുദ്ദുൻയാ വദ്ദീൻ)

قال الحافظ ابن رجب الحنبلي رحمه الله تعالى : واعلم أنَّ العبد مبتلى بلسانه ، يلعن به من يغضب عليه ، ويمدح به من يرضى عنه ، وكثيرًا يمدح من لا يستحق المدح ، ويلعن من لا يستحق اللعن .

ഹാഫിള് ഇബ്നു റജബ് അൽ ഹമ്പലി رحمه الله പറഞ്ഞു : അറിയുക, തീർച്ചയായും അടിമ നാവിനാൽ പരീക്ഷിക്കപ്പെട്ടവനാകുന്നു. അവനോട് കോപിക്കുന്നവനെ നാവുപയോഗിച്ച് ശപിക്കുകയും, അവൻ തൃപ്തിപ്പെടുന്നവനെ നാവിലൂടെ പുകഴ്ത്തുകയും ചെയ്യും. പുകഴ്ത്തപ്പെടാൻ അർഹതയില്ലാത്തവൻ പുകഴ്ത്തപ്പെടുകയും, ശാപത്തിന് അർഹതയില്ലാത്തവൻ ശപിക്കപ്പെടുകയുമാണ് അധിക സന്ദർഭത്തിലും ചെയ്യുക. (മജ്മൂഉ റസാഇൽ)

عن أبي موسى الأشعري قال: قلتُ يا رسولُ اللّه، أيُّ المسلمين أفضلُ؟ قال: مَنْ سَلِمَ المُسْلِمُونَ مِنْ لِسانِهِ وَيَدِهِ

അബൂ മൂസല്‍ അശ്അരി(റ) പറയുന്നു: ഞാന്‍ പ്രവാചകനോട്(സ്വ) ചോദിച്ചു: അല്ലയോ പ്രവാചകരേ, ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം ആരാണ് ? പ്രവാചകന്‍(സ്വ) പറഞ്ഞു: ഏതൊരാളുടെ നാവില്‍ നിന്നും, കയ്യില്‍ നിന്നും മറ്റു മുസ്ലിംകള്‍ രക്ഷപ്പെടുന്നുവോ അവനാകുന്നു ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം. (ബുഖാരി, മുസ്‌ലിം)

ഇമാം നവവി- റഹിമഹുല്ലാഹ് – പറഞ്ഞു: (എന്തെങ്കിലും) സംസാരിക്കുവാന്‍ ഉദ്ദേശിച്ചവന്‍,അത് സംസാരിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് തന്‍റെ മനസില്‍ ഉറ്റാലോചിക്കുന്നത് അനിവാര്യമാണ്. അതിന്‍റെ നന്‍മ വ്യക്തമായാല്‍ സംസാരിക്കുക. അല്ലെങ്കില്‍ മിണ്ടാതിരിക്കുക. (ശറഹു മുസ്‌ലിം)

ഇമാം നവവി (റ) പറയുന്നു: പ്രായപൂര്‍ത്തിയെത്തിയ വിവേകമുള്ള ഓരോ വ്യക്തിയും ഉപകാരപ്രദമല്ലാത്ത സകല സംസാരങ്ങളില്‍ നിന്നും തന്റെ നാവിനെ സൂക്ഷിക്കേണ്ടതുണ്ട്. സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ പ്രത്യേകിച്ച് വിത്യാസമൊന്നുമില്ലാത്ത ഒരു കാര്യമാണെങ്കില്‍ പോലും അത് സംസാരിക്കാതെ നാവിനെ പിടിച്ചു വെക്കലാണ് സുന്നത്ത്. കാരണം അത്തരത്തിലുള്ള സംസാരം പിന്നീട് വെറുക്കപ്പെട്ട സംസാരങ്ങളിലേക്കും നിഷിദ്ധമായ സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കും. സാധാരണ അങ്ങനെയാണ് സംഭവിക്കാറുള്ളത്. സുരക്ഷിതമായിടത്ത് നിന്നാല്‍ അതിന് തുല്യമായി മറ്റൊന്നും തന്നെയില്ല.(അല്‍ അദ്കാര്‍)

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ قُلْتُ يَا رَسُولَ اللَّهِ مَا النَّجَاةُ قَالَ ‏ :أَمْسِكْ عَلَيْكَ لِسَانَكَ وَلْيَسَعْكَ بَيْتُكَ وَابْكِ عَلَى خَطِيئَتِكَ

ഇക്വ്‌ബ ഇബ്നു ആമിറി(റ)ൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്താണ്‌ രക്ഷാമാർഗ്ഗം?” തിരുമേനി ﷺ മറുപടി പറഞ്ഞു: “നിന്റെ നാവിനെ നിയന്ത്രിക്കുക, നിനക്ക്‌ നിന്റെ വീട്‌ മതിയാവുക, ചെയ്തുപോയ പാപങ്ങളെ ഓർത്ത്‌ കരയുക: ഇവയാണ്‌ രക്ഷാമാർഗം.” (അത്തിർമിദി 2406)

قال عبدالله بن مسعود رضي الله عنه: ما على وجه الأرض شيء أحوج إلى طول السجن من لسان

അബ്ദുല്ലാഹിബ്നു മസ്ഊദ്رضي الله عنه പറഞ്ഞു: നാവിനെക്കാൾ കൂടുതൽ ബന്ധനം ആവശ്യമുള്ള മറ്റൊന്നും തന്നെ ഈ ഭൂലോകത്തില്ല. (അസ്സുഹ്ദ് :162)

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *