വിശുദ്ധ ഖുര്‍ആൻ സൂറ:സ്വാദ് 17-40 ആയത്തുകളിൽ ദാവൂദ് عليه السلام, സുലൈമാൻ عليه السلام എന്നിവരുടെ ചരിത്രത്തിലെ ചില രംഗങ്ങൾ പരാമര്‍ശിക്കുന്നുണ്ട്. ഈ ആയത്തുകളിൽ നിന്നും ധാരാളം പാഠങ്ങൾ നമുക്ക് മനസ്സിലാക്കാവുന്നതാണ്. പ്രസ്തുത ആയത്തുകളിലൂടെ ……
സത്യനിഷേധികളുടെ ചെയ്തികളാൽ പ്രയാസപ്പെടുന്ന മുഹമ്മദ് നബി ﷺ യെ ആശ്വസിപ്പിച്ചുകൊണ്ടാണ് വിശുദ്ധ ഖുര്‍ആൻ ഈ ചരിത്രത്തിലേക്ക് കടക്കുന്നത്. അല്ലാഹു പറഞ്ഞു:
ٱصْبِرْ عَلَىٰ مَا يَقُولُونَ وَٱذْكُرْ عَبْدَنَا دَاوُۥدَ ذَا ٱلْأَيْدِ ۖ إِنَّهُۥٓ أَوَّابٌ
(നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു. (ഖു൪ആന്‍:38/17)
തന്റെ ജനതയിൽ നിന്നുണ്ടാകുന്ന ദ്രോഹങ്ങളിൽ ക്ഷമിക്കുവാൻ നിർദേശിച്ചപ്പോൾതന്നെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ ക്ഷമിച്ചുനിന്ന് അല്ലാഹുവോട് സഹായം തേടാനാണ് പറയുന്നത്. ഭക്തരുടെ അവസ്ഥയും ഓർമപ്പെടുത്തുന്നു. മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ غُرُوبِهَا
ആയതിനാല്‍ ഇവര്‍ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന് മുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. (ഖു൪ആന്‍:20/130)
ഭക്തരിൽ ഉന്നതനാണ് അല്ലാഹുവിന്റെ പ്രവാചകനായ ദാവൂദ് عليه السلام. ‘കൈയൂക്കുള്ളവൻ’ എന്നാൽ ഹൃദയത്തിനും ശരീരത്തിനും അല്ലാഹുവിനെ ആരാധിക്കുന്നതിൽ മഹത്തായ ശക്തിയുടെ ഉടമയെന്നാണ്. സർവകാര്യങ്ങളിലും അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങിയവനാകുന്നു അദ്ദേഹം. അല്ലാഹുവോടുള്ള സ്‌നേഹവും ആരാധ്യതയും ഭയവും പ്രതീക്ഷയും ഭക്തിയും പ്രാർഥനയും കൊണ്ടാണ് മടക്കം. എന്തെങ്കിലും ചില വീഴ്ചകൾ വരുമ്പോൾ അത് പിഴുതെറിഞ്ഞ് ആത്മാർഥമായി ഖേദിച്ചുമടങ്ങും.
അല്ലാഹുവോട് അദ്ദേഹം കാണിച്ച മടക്കത്തിന്റെയും ആരാധനയുടെ ശക്തി മനസ്സിലാക്കിത്തരുന്നതാണ് അദ്ദേഹത്തിന് കീഴ്‌പ്പെടുത്തിക്കൊടുത്ത കാര്യങ്ങൾ.
إِنَّا سَخَّرْنَا ٱلْجِبَالَ مَعَهُۥ يُسَبِّحْنَ بِٱلْعَشِىِّ وَٱلْإِشْرَاقِ ﴿١٨﴾ وَٱلطَّيْرَ مَحْشُورَةً ۖ كُلٌّ لَّهُۥٓ أَوَّابٌ ﴿١٩﴾
സന്ധ്യാസമയത്തും, സൂര്യോദയ സമയത്തും സ്തോത്രകീര്‍ത്തനം നടത്തുന്ന നിലയില്‍ നാം പര്‍വ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു. ശേഖരിക്കപ്പെട്ട നിലയില്‍ പറവകളെയും (നാം കീഴ്പെടുത്തി.) എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു. (ഖു൪ആന്‍:38/18-19)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
يَٰجِبَالُ أَوِّبِى مَعَهُۥ وَٱلطَّيْرَ
(നാം നിര്‍ദേശിച്ചു:) പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം (കീര്‍ത്തനങ്ങള്‍) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും. (ഖു൪ആന്‍:34/10)
ആരാധനമൂലം അല്ലാഹു ചെയ്തുകൊടുക്കുന്ന അനുഗ്രഹങ്ങളാണിതെല്ലാം. തുടർന്ന് അദ്ദേഹത്തിന് നൽകിയ മഹത്തായ അനുഗ്രഹമാണ് പറയുന്നത്.
وَشَدَدْنَا مُلْكَهُۥ وَءَاتَيْنَٰهُ ٱلْحِكْمَةَ وَفَصْلَ ٱلْخِطَابِ
അദ്ദേഹത്തിന്‍റെ ആധിപത്യം നാം സുശക്തമാക്കുകയും, അദ്ദേഹത്തിന് നാം തത്വജ്ഞാനവും തീര്‍പ്പുകല്‍പിക്കുവാന്‍ വേണ്ട സംസാരവൈഭവവും നല്‍കുകയും ചെയ്തു. (ഖു൪ആന്‍:38/20)
അധികരിച്ച സൈന്യങ്ങളും ഒരുക്കങ്ങളും നൽകിക്കൊണ്ട് അല്ലാഹു അദ്ദേഹത്തിന്റെ അധികാരത്തെ ശക്തിപ്പെടുത്തി. അദ്ദേഹത്തിന് അനുഗ്രഹമായി പ്രവാചകത്വവും മഹത്തായ അറിവും. നൽകി. ജനങ്ങൾക്കിടയിലെ തർക്കങ്ങളിൽ തീർപ്പ് കൽപിക്കുവാൻ വേണ്ടി സംസാരവൈഭവവും നൽകി. അതിലദ്ദേഹം പ്രസിദ്ധനും ആളുകൾ അന്വേഷിച്ചു വരുന്നവനുമായിരുന്നു. ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ അടുക്കൽവന്ന രണ്ട് താർക്കികന്മാരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ദാവൂദ് നബി عليه السلام ക്ക് പരീക്ഷണമായി അല്ലാഹു നിശ്ചയിച്ചതായിരുന്നു അത്. അദ്ദേഹത്തിന് സംഭവിച്ച ഒരു പിഴവ് ബോധ്യപ്പെടുത്താൻ വേണ്ടി അല്ലാഹു നിശ്ചയിച്ചതാണിത്. അതിൽ അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്തു. തന്റെ പ്രവാചകൻ മുഹമ്മദ് നബിﷺയോട് അല്ലാഹു ഇക്കാര്യം പറയുന്നുണ്ട്.
وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ
വഴക്ക് കൂടുന്ന കക്ഷികള്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്‍റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ? (ഖു൪ആന്‍:38/21)
അദ്ദേഹം ആരാധന നടത്തുന്ന സ്ഥലത്ത് സമ്മതമോ അനുവാദമോ ഇല്ലാതെ. വാതിലിലൂടെയല്ല അവർ പ്രവേശിച്ചത്. ഈ രൂപത്തിൽ കടന്നുചെന്നപ്പോൾ അദ്ദേഹം അവരെ കണ്ടുപേടിച്ചു. അപ്പോൾ അവർ അദ്ദേഹത്തോട് പറഞ്ഞു.
إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ
അവര്‍ ദാവൂദിന്‍റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം. (ഖു൪ആന്‍:38/22)
ഇതിൽനിന്ന് മനസ്സിലാകുന്നത്, ആ എതിർ കക്ഷികളെക്കുറിച്ച് അദ്ദേഹം ധരിച്ചത് അവരുടെ ഉദ്ദേശ്യം സത്യം വ്യക്തമാകാനാണെന്നാണ്. അങ്ങനെയായിരുന്നങ്കിൽ അവർ കാര്യങ്ങൾ വ്യക്തമായി അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. അവരുടെ സംസാരത്തോട് അദ്ദേഹം വിമുഖത കാണിച്ചിട്ടില്ല. വിസമ്മതിച്ചിട്ടുമില്ല. അവരിൽ ഒരാൾ പറഞ്ഞു:
إِنَّ هَٰذَآ أَخِى لَهُۥ تِسْعٌ وَتِسْعُونَ نَعْجَةً وَلِىَ نَعْجَةٌ وَٰحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ
ഇതാ, ഇവന്‍ എന്‍റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു. (ഖു൪ആന്‍:38/23)
قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَقَلِيلٌ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًا وَأَنَابَ
അദ്ദേഹം (ദാവൂദ്) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളു അത്തരക്കാര്‍. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്. തുടര്‍ന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു. (ഖു൪ആന്‍:38/24)
ഇതാണ് മിക്ക കൂട്ടുകാരുടെയും പങ്കാളികളുടെയും അവസ്ഥ. അക്രമം മനുഷ്യമനസ്സിന്റെ ഭാഗമാണ്. വിശ്വാസവും ശരിയായ അറിവും കൂടെയുണ്ടെങ്കിൽ അത് അക്രമങ്ങളിൽനിന്ന് തടയും. അത് വളരെകുറച്ച് പേരേയുള്ളൂ. അത് അല്ലാഹു മറ്റൊരിടത്ത് പറയുന്നു:
وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ
തികഞ്ഞ നന്ദിയുള്ളവര്‍ എന്‍റെ ദാസന്‍മാരില്‍ അപൂര്‍വ്വമത്രെ. (ഖു൪ആന്‍:34/13)
ദാവൂദ് عليه السلام കാര്യം മനസ്സിലാക്കി അവർക്കിടയിൽ വിധി കൽപിച്ചപ്പോൾ അല്ലാഹു അദ്ദേഹത്തെ പരീക്ഷിച്ചെന്നും ഈ പ്രശ്‌നത്തിലൂടെ ഉത്ബുദ്ധനാകാൻ ചിന്തക്ക് അവസരം നൽകിയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. തുടർന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും ചെയ്ത് തന്നിൽ സംഭവിച്ചുപോയതിന് ആരാധനകൊണ്ടും നിഷ്‌ക്കളങ്കമായ പശ്ചാത്താപം കൊണ്ടും, അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തിന് അല്ലാഹു പൊറുത്തുകൊടുക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. അതാണ് തുടര്‍ന്ന് പറയുന്നത്:
فَغَفَرْنَا لَهُۥ ذَٰلِكَ ۖ وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍ
അപ്പോള്‍ അദ്ദേഹത്തിന് നാം അത് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യവും മടങ്ങിവരാന്‍ ഉത്തമമായ സ്ഥാനവുമുണ്ട്. (ഖു൪ആന്‍:38/25)
يَٰدَاوُۥدُ إِنَّا جَعَلْنَٰكَ خَلِيفَةً فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ ۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌ شَدِيدُۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ
(അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്. കാരണം അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്‍റെ ഫലമത്രെ അത്. (ഖു൪ആന്‍:38/26)
ദാവൂദ് നബി عليه السلام യുടെ പുത്രൻ സുലൈമാൻ നബി عليه السلام യെകൂടി പരാമർശിക്കുന്നു.
وَوَهَبْنَا لِدَاوُۥدَ سُلَيْمَٰنَ ۚ نِعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ
ദാവൂദിന് നാം സുലൈമാനെ (പുത്രന്‍) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചുമടങ്ങുന്നവനാകുന്നു. (ഖു൪ആന്‍:38/30)
ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ആരാധനയും പശ്ചാത്താപവും സ്‌നേഹവും സ്മരണയും പ്രാർഥനയും വിനയുംകൊണ്ടെല്ലാം. അല്ലാഹുവിലേക്ക് മടങ്ങുന്നവനാണ് സുലൈമാൻ നബി عليه السلام. എല്ലാറ്റിനെക്കാളും അവന്റെ തൃപ്തിക്ക് മുൻഗണന നൽകി അതിൽ അദ്ധ്വാനിക്കുന്നവനാണ് അദ്ദേഹം.
إِذْ عُرِضَ عَلَيْهِ بِٱلْعَشِىِّ ٱلصَّٰفِنَٰتُ ٱلْجِيَادُ
കുതിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന വിശിഷ്ടമായ കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം. (ഖു൪ആന്‍:38/31)
മനോഹരമായ, വിസ്മയിപ്പിക്കുന്ന ഭംഗിയുള്ള നല്ല കുതിരകളെ സൂര്യൻ മായുന്നതുവരെ അവയെ നോക്കിയിരുന്നു. അങ്ങനെ വൈകുന്നേരം പ്രാർഥനയിൽനിന്നും ദിക്റിൽനിന്നും അദ്ദേഹം അശ്രദ്ധനായി. തനിക്ക് സംഭവിച്ചുപോയതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടും അല്ലാഹുവിനെ സ്മരിക്കുന്നതിൽ വന്ന വീഴ്ച പരിഹരിച്ച് അവനിലേക്ക് അടുക്കാനും മറ്റുള്ളവയോട് ഉള്ളതിനേക്കാൾ സ്‌നേഹം അല്ലാഹുവോട് പ്രകടിപ്പിക്കാനും അദ്ദേഹം ഉദ്ദേശിച്ചു.
فَقَالَ إِنِّىٓ أَحْبَبْتُ حُبَّ ٱلْخَيْرِ عَن ذِكْرِ رَبِّى حَتَّىٰ تَوَارَتْ بِٱلْحِجَابِ ﴿٣٢﴾ رُدُّوهَا عَلَىَّ ۖ فَطَفِقَ مَسْحَۢا بِٱلسُّوقِ وَٱلْأَعْنَاقِ ﴿٣٣﴾
അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവിന്‍റെ സ്മരണയുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യത്തെ ഞാന്‍ സ്നേഹിച്ചിട്ടുള്ളത്. അങ്ങനെ അവ (കുതിരകള്‍) മറവില്‍ പോയി മറഞ്ഞു. (അപ്പോള്‍ അദ്ദേഹം പറഞ്ഞു:) നിങ്ങള്‍ അവയെ എന്‍റെ അടുത്തേക്ക് തിരിച്ചു കൊണ്ട് വരൂ. എന്നിട്ട് അദ്ദേഹം (അവയുടെ) കണങ്കാലുകളിലും കഴുത്തുകളിലും തടവാന്‍ തുടങ്ങി. (ഖു൪ആന്‍:38/32-33)
തന്റെ വാളുകൊണ്ട് അവയെ കഴുത്തിലും കണങ്കാലുകളിലുമായി അറുക്കാൻ തുടങ്ങി.
وَلَقَدْ فَتَنَّا سُلَيْمَٰنَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِۦ جَسَدًا ثُمَّ أَنَابَ
സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ സിംഹാസനത്തിന്‍മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി. (ഖു൪ആന്‍:38/34)
അദ്ദേഹത്തിന്റെ അധികാരവും നഷ്ടപ്പെടുത്തിക്കൊണ്ട് അല്ലാഹു അദ്ദേഹത്തെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു. ആ പരീക്ഷണവേളയിൽ അദ്ദേഹത്തിന്റെ സിംഹാസനത്തിൽ ഒരു പിശാചിനെ ഇരുത്തുവാൻ അല്ലാഹു തീരുമാനിച്ചു. അവൻ ഭരണകാര്യങ്ങൾ നിയന്ത്രിച്ചു. പിന്നീട് സുലൈമാൻ നബി عليه السلام അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങി.
قَالَ رَبِّ ٱغْفِرْ لِى وَهَبْ لِى مُلْكًا لَّا يَنۢبَغِى لِأَحَدٍ مِّنۢ بَعْدِىٓ ۖ إِنَّكَ أَنتَ ٱلْوَهَّابُ
അദ്ദേഹം പറഞ്ഞു. എന്‍റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് ഏറ്റവും വലിയ ദാനശീലന്‍. (ഖു൪ആന്‍:38/35)
അല്ലാഹു അദ്ദേഹത്തിന്റെ പ്രാർത്ഥന കേട്ട് പൊറുത്തുകൊടുക്കുകയും ചെയ്തു. അധികാരം തിരിച്ചുനൽകി. തനിക്കുശേഷം മറ്റൊരാൾക്കും കരസ്ഥമാക്കാൻ കഴിയാത്ത അധികാരവും നൽകി. അതിൽ പെട്ടതാണ് പിശാചുക്കളെ കീഴ്‌പ്പെടുത്തിക്കൊടുത്തത്. അദ്ദേഹത്തിന് ആവശ്യമുള്ളത് അവയെക്കൊണ്ട് നിർമാണം നടത്തിച്ചു, കടലുകളിൽ അദ്ദേഹത്തിനുവേണ്ടി അവർ മുങ്ങും. എന്നിട്ട് മുത്തും ആഭരണങ്ങളും പുറത്തെടുക്കും. ആരെങ്കിലും അനുസരിക്കാതിരുന്നാൽ അവനെ ചങ്ങലകളിൽ ബന്ധിക്കും. അല്ലാഹു പറയുന്നത് കാണുക:
فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِۦ رُخَآءً حَيْثُ أَصَابَ ﴿٣٦﴾ وَٱلشَّيَٰطِينَ كُلَّ بَنَّآءٍ وَغَوَّاصٍ ﴿٣٧﴾ وَءَاخَرِينَ مُقَرَّنِينَ فِى ٱلْأَصْفَادِ ﴿٣٨﴾
അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു. അദ്ദേഹത്തിന്‍റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൌമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു. എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്പെടുത്തികൊടുത്തു.) ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ (പിശാചുക്കളെ)യും (അധീനപ്പെടുത്തികൊടുത്തു.) (ഖു൪ആന്‍:38/36-38)
هَٰذَا عَطَآؤُنَا فَٱمْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ
ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ച് കൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല. (എന്ന് നാം സുലൈമാനോട് പറയുകയും ചെയ്തു.) (ഖു൪ആന്‍:38/39)
ഇതെല്ലാം സുലൈമാൻ നബി عليه السلام ക്ക് ഇവിടെ മാത്രമുള്ളതാണെന്ന് ധരിക്കരുത്. പരലോകത്ത് ഇതിനെക്കാൾ വലിയ നേട്ടങ്ങൾ വരാനിരിക്കുന്നു. അതാണ് അല്ലാഹു പറഞ്ഞത്:
وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍ
തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യമുണ്ട്. മടങ്ങിയെത്താന്‍ ഉത്തമമായ സ്ഥാനവും. (ഖു൪ആന്‍:38/40)
അദ്ദേഹം അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവനും ധാരാളം ആദരവുകൾ നൽകി അല്ലാഹു ആദരിച്ചവനുമാകുന്നു.
ദാവൂദ് നബി عليه السلام, സുലൈമാൻ നബി عليه السلام എന്നിവരുടെ ചരിത്രത്തിൽനിന്ന് മനസ്സിലാകുന്ന തത്വങ്ങളും പാഠങ്ങളും
തനിക്കു മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെ കഥകൾ അല്ലാഹു മുഹമ്മദ് നബി ﷺക്ക് പറഞ്ഞുകൊടുക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിർത്താനും മനസ്സിന് സമാധാനം ലഭിക്കാനും അത് ഉപകരിക്കുന്നു. അവരുടെ ആരാധന, സഹനശേഷി, ഭക്തി എന്നിവ ഓർമപ്പെടുത്തി. അങ്ങനെ അവരുമായി മത്സരിക്കാനും അവരെപ്പോലെ അല്ലാഹുവിലേക്ക് അടുക്കാനും തന്റെ ജനതയുടെ ഉപദ്രവം സഹിക്കുന്നതിൽ ക്ഷമ കാണിക്കാനും അവൻ നിർദേശിച്ചു. തന്റെ ദാസനായ ദാവൂദിനെ ഓർമിപ്പിച്ച് അദ്ദേഹത്തെ മാതൃകയാക്കാനും ഉപദേശിക്കുന്നു.
ദീനിനെ പുലർത്തുന്നതിൽ കാണിക്കുന്ന ശക്തിയും ധീരതയും അല്ലാഹു പുകഴ്ത്തുന്നു. ഹൃദയത്തിന്റെയും ശരീരത്തിന്റെയും ശക്തി. അതുമൂലം മതകാര്യങ്ങൾ ശരിയായും കൂടുതലായും അനുഷ്ഠിക്കുവാൻ കഴിയുന്നു. ദുർബലരായവർക്കത് സാധിക്കുന്നില്ല. ഒരാളെപ്പോഴും താൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. മടിയുണ്ടാവാൻ പാടില്ല. അലസത ശക്തി ക്ഷയിപ്പിക്കുകയും മനസ്സിനെ ദുർബലമാക്കുകയും ചെയ്യും.
എല്ലാ കാര്യത്തിലും അല്ലാഹുവിലേക്ക് മടങ്ങുക എന്നത് അല്ലാഹുവിന്റെ ദൂതന്മാരുടെയും അവന്റെ സൃഷ്ടികളിലെ ഉന്നതരുടെയും സവിശേഷതയാണ്. അക്കാര്യത്തിലാണ് ദാവൂദ് عليه السلام, സുലൈമാൻ عليه السلام എന്നിവരെ അല്ലാഹു പ്രശംസിച്ചത്. അതിനാൽ നന്മയിൽ മാതൃകയാക്കുന്നവർ അവരെയാണ് മാതൃകയാക്കേണ്ടത്. അവരുടെ വഴിയാണ് സ്വീകരിക്കേണ്ടത്.
أُو۟لَٰٓئِكَ ٱلَّذِينَ هَدَى ٱللَّهُ ۖ فَبِهُدَىٰهُمُ ٱقْتَدِهْ ۗ
അവരെ അല്ലാഹു സന്മാർഗത്തിലാക്കി. അവരുടെ മാർഗം നീ പുന്തുടരുക. (ഖു൪ആന്‍:6/39)
നല്ല ശബ്ദം നൽകിയും ദാവൂദ് നബി عليه السلام യെ അല്ലാഹു ആദരിച്ചു. ആ ശബ്ദത്താൽ കേൾവി ശക്തിയില്ലാത്ത പർവതങ്ങളെയും ഗ്രഹിക്കാൻ കഴിയാത്ത പക്ഷികളെയും അദ്ദേഹം പ്രകീർത്തനം ചെയ്യുമ്പോൾ പ്രതികരിക്കുന്നവയാക്കി. രാവിലെയും വൈകുന്നേരവും അദ്ദേഹത്തോടൊപ്പം അവയെ പ്രകീർത്തനം ചെയ്യുന്നവയുമാക്കി.
പ്രയോജനകരമായ അറിവ് നൽകുക എന്നതാണ് അല്ലാഹു തന്റെ ദാസന് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹം. അവന് നിയമങ്ങൾ മനസ്സിലാക്കാനും ജനങ്ങൾക്കിടയിൽ തീർപ്പുകൽപിക്കാനും കഴിയുന്നു. ദാവൂദ് നബി عليه السلام ക്ക് അല്ലാഹു നൽകിയത് ഈ അനുഗ്രഹമാണ്.
എന്തെങ്കിലും നിസ്സാരമായ വീഴ്ചകൾ സംഭവിക്കുമ്പോഴേക്കുതന്നെ തന്റെ പ്രവാചകന്മാരും വിശുദ്ധരുമായവരെ അല്ലാഹു പരീക്ഷിക്കുന്നു എന്നതാണ് മറ്റൊന്ന്. അതിലൂടെ അവർ അത് തിരുത്തുന്നു. ആദ്യത്തേതിനെക്കാൾ നല്ലവരായി അവർ മാറുന്നു. അതാണിവിടെ സുലൈമാൻ നബി عليه السلام യിലും ദാവൂദ് നബി عليه السلام യിലും കണ്ടത്.
അല്ലാഹുവിൽനിന്നും എത്തിക്കാൻ പറ്റിയ ദൗത്യങ്ങളിൽ യാതൊരു വീഴ്ചയും സംഭവിക്കാത്തവരാണ് പ്രവാചകന്മാർ. കാരണം, അങ്ങനെയായാലേ പ്രവാചകത്വം പൂർണമാകൂ. പിഴവുകളിൽനിന്നും പ്രകൃതിപരമായ ചിലത് അവർക്കും സംഭവിക്കാം. എന്നാൽ അല്ലാഹു തന്റെ കാരുണ്യത്താൽ അവർ പശ്ചാത്തപിക്കുന്നു.
ദാവൂദ് നബി عليه السلام മിക്ക സമയങ്ങളിലും തന്റെ രക്ഷിതാവിനുള്ള ആരാധനകളുമായി പ്രാർത്ഥനാ മണ്ഡപത്തിൽതന്നെ കഴിഞ്ഞുകൂടുകയാണ് ചെയ്തിരുന്നത്. അതുകൊണ്ടാണ് വഴക്കുകൂടിയ കക്ഷികൾ പ്രാർഥനാ മണ്ഡപത്തിലേക്ക് മതിൽ കയറിച്ചെന്ന് എത്തിയത്. പ്രാർത്ഥനാ മണ്ഡപത്തിൽ ആരാധനാനിരതനാവുമ്പോൾ ആരും അദ്ദേഹത്തിന്റെയടുക്കൽ വരുന്നില്ല. അതായത് എല്ലാസമയവും ജനങ്ങൾക്കായി നീക്കിവെക്കുന്നില്ലെന്നർഥം; ധാരാളം കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാനുണ്ടെങ്കിലും. മറിച്ച് കുറച്ചുസമയം തന്റെ റബ്ബിനുവേണ്ടി അദ്ദേഹം മാറ്റിവെച്ചു. അതിലൂടെ അദ്ദേഹം കൺകുളിർമ നേടി. അത് എല്ലാ കാര്യങ്ങളും ആത്മാർഥമായി ചെയ്യാൻ അദ്ദേഹത്തെ സഹായിച്ചു.
ഭരണാധികാരികളുടെ അടുത്ത് ചെല്ലുമ്പോൾ ചില മര്യാദകൾ നിർബന്ധമായും പാലിക്കണം. പതിവില്ലാത്ത ഒരു സമയത്താണ് തർക്ക കക്ഷികൾ കടന്നുചെന്നത്. മാത്രമല്ല, ശരിയായ വാതിലിലൂടെയല്ല. അദ്ദേഹം പേടിച്ചു. അത് പ്രയാസമുണ്ടാക്കി. അത് സന്ദർഭത്തിന് യോജിച്ചതല്ലാത്തതായി അദ്ദേഹം കണ്ടു.
കക്ഷികളുടെ മര്യാദയില്ലാത്ത പെരുമാറ്റം ഭരണാധികാരികളെ ന്യായത്തിൽനിന്ന് തടയാനോ തെറ്റായത് ചെയ്യാനോ പ്രേരിപ്പിക്കാതവതല്ല.
ദാവൂദ് നബി عليه السلام യുടെ അങ്ങേയറ്റത്തെ ക്ഷമയാണ് മറ്റൊന്ന്. സമ്മതം കൂടാതെ കടന്നുവന്നിട്ടുപോലും ആ കക്ഷികളോട് അദ്ദേഹം കോപിച്ചില്ല. അദ്ദേഹം രാജാവാണ്. അവരെ വിരട്ടുകയോ അപമാനിക്കുകയോ ചെയ്തില്ല.
അക്രമിക്കപ്പെട്ടവന് തന്നെ അക്രമിച്ച വ്യക്തിയോട് ‘നീ എന്നെ അക്രമിച്ചു’ എന്നോ ‘ഏ അക്രമീ’ എന്നോ ‘എന്നെ അക്രമിച്ചവനേ’ എന്നോ ഒക്കെ പറയൽ അനുവദനീയമാണ്. അതിന് തെളിവ് ഈ വചനമാണ്.
خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ
ഞങ്ങൾ രണ്ട് എതിർകക്ഷികളാകുന്നു. ഞങ്ങളിൽ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. (ഖു൪ആന്‍:38/22)
ഉപദേശിക്കപ്പെടുന്നവൻ എത്ര തന്നെ ഉന്നതനും അറിവുള്ളവനുമാണെങ്കിലും അവനെ ആരെങ്കിലും ഉപദേശിക്കുകയോ ഗുണദോഷിക്കുകയോ ചെയ്താൽ അവൻ ദേഷ്യപ്പെടാനോ അനിഷ്ടം കാണിക്കാനോ പാടില്ല. മറിച്ച് വേഗത്തിൽ ആ ഉപദേശം സ്വീകരിക്കുകയും നന്ദി പറയുകയും ചെയ്യുകയാണ് വേണ്ടത്. തർക്കകക്ഷികൾ രണ്ടുപേരും ദാവൂദ് നബി عليه السلام യെ ഉപദേശിക്കുന്നുണ്ട്. അദ്ദേഹം ഒരനിഷ്ടവും കാണിച്ചില്ല, കോപിച്ചതുമില്ല. അന്യായം ചെയ്യാൻ അത് കാരണമായില്ല. ശരിയായ ന്യായപ്രകാരം അദ്ദേഹം വിധിച്ചു.
സുഹൃത്തുക്കളും ബന്ധുക്കളുമായി ഇടപഴകുമ്പോഴും സാമ്പത്തിക ഇടപാടുകൾ ധാരാളമായി നിർവഹിക്കുമ്പോഴും അതിക്രമമുണ്ടാവുക സാധാരണമാണ്. ‘അവർ ചിലർ ചിലരോട് അതിക്രമം കാണിച്ചു’ എന്നു പറഞ്ഞത് അതാണ്. അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ സൂക്ഷ്മതയും ക്ഷമയുമാണ് ഇത്തരം അതിക്രമങ്ങളെ തടയുന്നത്. ശരിയായ വിശ്വാസം കൊണ്ടും സൽപ്രവൃത്തി കൊണ്ടും പിടിച്ചുനിൽക്കണം. ഇത് വളരെ അപൂർവം ആളുകൾക്ക് മാത്രം കഴിയുന്നതാണ്.
പാപമോചനം, ആരാധനകൾ, പ്രത്യേകിച്ച് നമസ്‌കാരം എന്നിവ പാപങ്ങളെ മായ്ച്ചു കളയുന്നതാണ്. കാരണം ദാവൂദ് നബിയുടെ പാപമോചനത്തെ അല്ലാഹു അദ്ദേഹത്തിന്റെ പാപമോചന പ്രാർഥനയും സുജൂദുമായി ബന്ധിപ്പിച്ചു.
തന്റെ ദാസന്മാരായ ദാവൂദ് നബിക്കും സുലൈമാൻ നബിക്കും അല്ലാഹു നൽകിയ ആദരവാണ് മറ്റൊരു കാര്യം. അവന്റെ സാമീപ്യവും നല്ല പ്രതിഫലവും നൽകി ആദരിച്ചു. അവർക്ക് സംഭവിച്ച കാര്യങ്ങൾ കൊണ്ട് അല്ലാഹുവിന്റെ അടുക്കൽ അവർക്കുള്ള പദവി കുറഞ്ഞിട്ടില്ല. ഇത് നിഷ്‌കളങ്കരായ തന്റെ ദാസന്മാർക്ക് അവൻ നൽകുന്ന സ്‌നേഹത്തിന്റെ ഭാഗമാണ്. പൊറുത്തുകൊടുക്കുമ്പോൾ ആ തെറ്റിന്റെ അനന്തരഫലങ്ങളെയും അവൻ ഇല്ലാതാക്കും, ആളുകളുടെ മനസ്സിലുണ്ടാകുന്ന സ്വാധീനം പോലും. കാരണം അവർക്ക് സംഭവിച്ച തെറ്റിനെക്കുറിച്ച് ജനങ്ങളറിയുമ്പോൾ അവരെക്കുറിച്ച് ജനങ്ങളുടെ മനസ്സിലുള്ള അവരുടെ സ്ഥാനം കുറയും. അതാണ് അല്ലാഹു നീക്കിക്കളഞ്ഞത്. ഔദാര്യവാനും പാപം പൊറുക്കുന്നവനുമായ അല്ലാഹുവിന് അത് തീരെ പ്രയാസകരമല്ല.
ജനങ്ങൾക്കിടയിൽ തീർപ്പുകൽപിക്കൽ മതപരമായ ഒരു പദവിയാണ്. പ്രവാചകന്മാരും മനുഷ്യരിൽ പ്രധാനികളുമാണ് അത് ഏറ്റെടുത്തിരിക്കുന്നത്. അത് ഏറ്റെടുക്കുന്നവൻ നീതിപൂർവം നിർവഹിക്കണം. തന്നിഷ്ടം നോക്കരുത്. ശരിയായി വിധിക്കാൻ മതപരമായ അറിവ് അനിവാര്യമാണ്. വിധിപറയുന്ന കാര്യത്തെക്കുറിച്ചും അറിവ് വേണം. അതെങ്ങനെ മതപരമായ വിധിയിൽ ഉൾപ്പെടുന്നെന്നും അറിയണം. ഇതിൽ ഏതെങ്കിലും ഒന്നറിയില്ലെങ്കിൽ വിധി ശരിയാവില്ല. ഈ ദൗത്യം ഏറ്റെടുത്ത് മുന്നോട്ടുപോകുന്നത് അദ്ദേഹത്തിന് അനുവദനീയമല്ല.
തന്റെ താൽപര്യങ്ങൾ വിധികളെ ബാധിക്കുന്നത് വിധികർത്താവ് ഭയപ്പെടണം. അതിനെ ഗൗരവപരമായി കാണണം. കാരണം ആരും അതിൽനിന്ന് മുക്തമല്ല. വരാതിരിക്കാൻ നന്നായി പരിശമിക്കണം. വിധി ന്യായപ്രകാരമാകണം എന്നതായിരിക്കണം ഉദ്ദേശ്യം. വിധി പറയുമ്പോൾ ദേഹേച്ഛയെ മാറ്റിനിർത്തണം. ഏതെങ്കിലും ഒരു കക്ഷിയോടുള്ള ഇഷ്ടമോ കോപമോ സ്വാധീനിക്കരുത്.
അല്ലാഹു ദാവൂദ് നബി عليه السلام ക്ക് നൽകിയ അനുഗ്രഹമാണ് സുലൈമാൻ നബി عليه السلام. നല്ല സന്താനത്തെ നൽകുക എന്നത് ഒരു ദാസന് അല്ലാഹു നൽകുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. പണ്ഡിതനായ പിതാവാണെങ്കിൽ അത് വെളിച്ചത്തിനുമേൽ വെളിച്ചമാണ്.
സുലൈമാൻ നബി عليه السلام യെ അല്ലാഹു പ്രത്യേകം പുകഴ്ത്തുന്നു എന്നതാണ് മറ്റൊന്ന്.
نِعْمَ الْعَبْدُ إِنَّهُ أَوَّابٌ
വളരെ നല്ല ദാസൻ. തീർച്ചയായും അദ്ദേഹം ധാരാളമായി ഖേദിച്ചുമടങ്ങുന്നവനാകുന്നു. (ഖു൪ആന്‍:38/30)
തന്റെ ദാസന്മാർക്ക് അല്ലാഹു നൽകുന്ന ഗുണങ്ങളും അനുഗ്രഹങ്ങളും ഏറെയാണെന്നതാണ് മറ്റൊരു കാര്യം. അവരുടെ സൽപ്രവൃത്തിയും സൽസ്വഭാവവും കാരണം അവൻ നൽകിയ കാര്യത്തിൽ അവരെ പ്രശംസിക്കുകയും ചെയ്യുന്നു. അവൻ അത്യധികമായി നൽകുന്ന മഹാ ഔദാര്യവാൻ.
സുലൈമാൻ നബി عليه السلام എല്ലാറ്റിനെക്കാളും അല്ലാഹുവിനെയാണ് സ്‌നേഹിക്കുന്നത്. അല്ലാഹുവിൽനിന്ന് അശ്രദ്ധമാകുന്നതൊന്നും അവന്റെ ദാസനിൽനിന്ന് ഉണ്ടായിക്കൂടാ. അങ്ങനെയാണെങ്കിൽ അത് ഉപേക്ഷിക്കലാണ് അവന് ഏറ്റവും നല്ലത്. അല്ലാഹുവിനുവേണ്ടി ഉപേക്ഷിക്കുന്ന കാര്യത്തിന് അവൻ പകരം നൽകും എന്നൊരു തത്ത്വമുണ്ട്. അതും ഇവിടെ കാണാം. സുലൈമാൻ നബി عليه السلام തനിക്കേറ്റവും ഇഷ്ടപ്പെട്ട മുന്തിയതരം കുതിരകളെ അറുത്തു. അല്ലാഹുവിനോടുള്ള സ്‌നേഹത്തിന് മുൻഗണന നൽകി. അപ്പോൾ അല്ലാഹു അതിനെക്കാൾ ഉത്തമമായത് പകരം നൽകി. മൃദുലവും സമൃദ്ധവുമായ കാറ്റിനെ കീഴ്‌പ്പെടുത്തി നൽകി. അവ അദ്ദേഹം ഉദ്ദേശിക്കുന്നിടത്തേക്ക് അദ്ദേഹത്തിന്റെ നിർദേശപ്രകാരം സഞ്ചരിക്കും. പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. പിശാചുക്കളെയും അദ്ദേഹത്തിന് കീഴ്‌പ്പെടുത്തി നൽകി. അവർ മനുഷ്യന് കഴിയാത്ത പല കാര്യങ്ങളും ചെയ്യാൻ കഴിവുള്ളവരാകുന്നു.
സുലൈമാൻ നബി عليه السلام ഒരു രാജാവും പ്രവാചകനുമാണ്. ഉദ്ദേശിച്ചതെന്തും ചെയ്യാനാവും. പക്ഷേ, ന്യായമല്ലാത്തതൊന്നും ചെയ്യില്ല. ഇത് മറ്റുള്ളവരിൽനിന്നുള്ള പ്രവാചകന്മാരുടെ വ്യത്യാസമാകുന്നു. അവരുടെ താൽപര്യങ്ങൾ അല്ലാഹുവിന്റെ നിർദേശങ്ങളെ ആശ്രയിച്ചാണ്. അവന്റെ കൽപനയില്ലാതെ ഒന്നും ചെയ്യുകയോ ചെയ്യാതിരിക്കുകയോ ഇല്ല. മുഹമ്മദ് നബിﷺയും ഇതുപോലെയാണ്.
അവലംബം : തഫ്സീറുസ്സഅ്ദി
കടപ്പാട് : ഹാരിസ് ബിന്‍ സലീം
kanzululoom.com