مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۖ
അവര്‍ അവിടെ (സ്വര്‍ഗത്തിൽ) സോഫകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. (ഖുര്‍ആൻ:76/13)
സൗകര്യ പൂര്‍ണമായ ഇരുത്തമാണ് ചാരിയിരുത്തം. മനസ്സമാധാനവും സന്തോഷവും ആശ്വാസവും ഉള്ളപ്പോഴുള്ള ഇരുത്തം. അലംകൃത വസ്ത്രങ്ങളുള്ള കട്ടിലുകളാണ് സോഫകള്‍ കൊണ്ട് ഉദ്ദേശ്യം.
هُمْ وَأَزْوَٰجُهُمْ فِى ظِلَٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ
അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. (ഖുര്‍ആൻ:36/56)
{അലംകൃതമായ കട്ടിലുകളിൽ} മനോഹരമായ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ച കട്ടിലുകളിൽ. {ചാരി ഇരിക്കുന്നവരായിരിക്കും} ചാരി ഇരിക്കുന്നുവെന്നത് പരിപൂർണമായ സന്തോഷത്തെയും സമാധാനത്തെയും ആസ്വാദനത്തെയും സൂചിപ്പിക്കുന്നു.
مُتَّكِـِٔينَ عَلَىٰ فُرُشِۭ بَطَآئِنُهَا مِنْ إِسْتَبْرَقٍ ۚ
അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. (ഖുര്‍ആൻ:55/54)
ഇത് സ്വര്‍ഗക്കാരുടെ വിരിപ്പിന്‍റെയും അതിലുള്ള ഇരുത്തത്തിന്‍റെയും പ്രത്യേകതകളാകുന്നു. അവരതില്‍ ചാരിയിരിക്കുന്നവരായിരിക്കും. അതായത് ആശ്വാസത്തിന്‍റെയും സുസ്ഥിരതയുടെയും സൗകര്യത്തിന്‍റെയും ഇരുത്തം; രാജാക്കള്‍ കട്ടിലുകളില്‍ ഇരിക്കുന്നതുപോലെ. ആ വിരിപ്പിന്‍റെ പ്രത്യേകതയും ഭംഗിയും അല്ലാഹുവിന് മാത്രമെ അറിയുകയുള്ളൂ. ആ വിരിപ്പിന്‍റെ തറയിലേക്ക് ചേര്‍ന്നഭാഗം കട്ടിയുള്ള പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാണ്. അത് പട്ടില്‍ ഏറ്റവും പ്രൗഢിയുള്ളതും മനോഹരമായതുമാണ്. അപ്പോള്‍ ഈ പട്ടിന്‍റെ, അവരോട് അടുത്ത് നില്‍ക്കുന്ന ഭാഗം എന്തുമാത്രം ഗംഭീരമായിരിക്കും!
مُتَّكِـِٔينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِىٍّ حِسَانٍ
പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍. (ഖുര്‍ആൻ:55/76)
{പച്ചനിറമുള്ള തലയിണകളും അഴകുള്ള പരവതാനികളും} ഈ രണ്ട് സ്വര്‍ഗത്തിലെയും ആളുകള്‍ പച്ചത്തലയിണകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. ഉന്നതമായ ഇരിപ്പിടങ്ങള്‍ക്ക് താഴെ വിരിക്കുന്ന പരവതാനി, അത് അവരുടെ ഇരിപ്പിടങ്ങളില്‍ ധാരാളമുണ്ട്. അവരുടെ ഇരിപ്പിടങ്ങള്‍ക്ക് പിന്നില്‍ തലയിണകളുണ്ട്; ആ സദസ്സിന്‍റെ കാഴ്ചയും വര്‍ധിപ്പിക്കാനായി. {അഴകുള്ള പരവതാനികളും} പ്രൗഢമായ ഭംഗിയോടെ നെയ്തുണ്ടാക്കപ്പെട്ടതിനെല്ലാം ‘അല്‍അബ്ക്വരിയ്യ്’ എന്നു പറയാം
مُتَّكِـِٔينَ عَلَىٰ سُرُرٍ مَّصْفُوفَةٍ ۖ
വരിവരിയായ് ഇട്ട കട്ടിലുകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും അവര്‍. (ഖുര്‍ആൻ:52/20)
ചാരിയിരിക്കല്‍ എന്നത് സൗകര്യത്തിലും സന്തോഷത്തിലും സ്വസ്ഥമായുമുള്ള ഇരുത്തമാണ്. പ്രശോഭിക്കുന്ന വിരിപ്പുകള്‍കൊണ്ടും പ്രൗഢിയുള്ള വസ്ത്രങ്ങള്‍കൊണ്ടുമുള്ള വ്യത്യസ്ത അലങ്കാരവേലകള്‍കൊണ്ട് അലങ്കരിച്ച കട്ടിലുകളാണ് ‘സുറുറ്’ എന്നത്. കട്ടിലുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ വരിവരിയായി വെക്കപ്പെട്ടത് എന്ന് അല്ലാഹു പറഞ്ഞു.
അവ ധാരാളമുണ്ടെന്നും നല്ല ചിട്ടയോടെ സംവിധാനിക്കപ്പെട്ടതാണെന്നും അവര്‍ ഒരുമിച്ച് കൂടുമെന്നും പരസ്പരം നല്ല സഹവാസങ്ങളും സ്‌നേഹപ്രകടനങ്ങളും ഉണ്ടായിരിക്കുമെന്നും മനസ്സിലാകുന്നു. നിസ്സാരമല്ലാത്തതും ഭാവനയില്‍പോലും വരാത്തതുമായ ആസ്വാദ്യകരമായ ഭക്ഷണ പാനീയങ്ങളും മനോഹരങ്ങളായ ഇരിപ്പിടങ്ങളിലുമായി ശാരീരികവും മാനസികവുമായ സുഖാനുഗ്രങ്ങള്‍ അവിടെ അവര്‍ ഒരുമിച്ച് അനുഭവിക്കും.
عَلَىٰ سُرُرٍ مَّوْضُونَةٍ ﴿١٥﴾ مُّتَّكِـِٔينَ عَلَيْهَا مُتَقَٰبِلِينَ ﴿١٦﴾
സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍.അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും. (ഖുര്‍ആൻ:56/15-16)
{സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിലായിരിക്കും അവര്‍} സ്വര്‍ണവും വെള്ളിയും മുത്തും പവിഴവുംകൊണ്ട് നെയ്തത്. അല്ലാഹുവിന് മാത്രം അറിയുന്ന അലങ്കാരവും ആഭരണങ്ങളും. {അതിലവര്‍ ചാരിയിരിക്കുന്നവരായിരിക്കും} അതായത്, ആ കട്ടിലുകളില്‍, സൗകര്യപ്രദവും സമാധാനപരവും സന്തോഷഭരിതവും സുസ്ഥിരതയുള്ളതുമായ ഇരുത്തം. {അഭിമുഖമായി} ഓരോരുത്തരുടെയും മുഖം തന്‍റെ കൂട്ടുകാരന്‍റെ മുഖത്തേക്ക് തിരിഞ്ഞായിരിക്കും. അവരുടെ ഹൃദയശുദ്ധിയും പരസ്പര സ്നേഹവും നല്ല പെരുമാറ്റവും ഹൃദയബന്ധവുമെല്ലാമാണ് അതിന്‍റെ കാരണം.
مُتَّكِـِٔينَ فِيهَا يَدْعُونَ فِيهَا بِفَٰكِهَةٍ كَثِيرَةٍ وَشَرَابٍ
അവര്‍ അവിടെ ചാരി ഇരുന്നു വിശ്രമിച്ചു കൊണ്ട് സമൃദ്ധമായുള്ള ഫലവര്‍ഗങ്ങള്‍ക്കും പാനീയത്തിനും ആവശ്യപ്പെട്ട് കൊണ്ടിരിക്കും. (ഖുര്‍ആൻ:38/51)
{അവർ അവിടെ ചാരിയിരിക്കുന്നവരായി} അലങ്കരിച്ച കട്ടിലുകളിലും ഇരിപ്പിടങ്ങളിലും ചാരിയിരുന്ന് അവർ വിളിക്കും. {അവർ അതിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കും} അതായത് അവർ തങ്ങളുടെ സേവകന്മാരോട് നിർദേശിക്കും. {സമൃദ്ധമായ ഫലവർഗങ്ങളും പാനീയങ്ങളും} അവരുടെ ഹൃദയം ആഗ്രഹിക്കുന്നതും അവരുടെ കണ്ണുകൾക്ക് ആനന്ദം നൽകുന്നതുമായ എന്തും. ഇത് സ്വർഗത്തിലെ തികഞ്ഞ ആനന്ദവും നിറഞ്ഞ സന്തോഷവും സമാധാനവും ആസ്വാദനങ്ങളും നമുക്ക് മനസ്സിലാക്കിത്തരുന്നു.
വിവരണം : തഫ്സീറുസ്സഅ്ദി
www.kanzululoom.com