സൂറ:അൻആം 42-45 ആയത്തുകളിലൂടെ
മുന്‍ സമുദായങ്ങളുടെ ചരിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട് അതുപോലെ നിങ്ങളിലും സംഭവിക്കുന്നത് സൂക്ഷിക്കണമെന്ന് അല്ലാഹു അവിശ്വാസികളെ താക്കീതു ചെയ്യുന്നു:
وَلَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَأَخَذْنَٰهُم بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَتَضَرَّعُونَ
നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദൂതന്‍മാരെ) അയച്ചിട്ടുണ്ട്. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി; അവര്‍ വിനയശീലരായിത്തീരുവാന്‍ വേണ്ടി. (ഖുർആൻ:6/42)
മുമ്പ് പല സമുദായങ്ങളിലേക്കും ഇതുപോലെ റസൂലുകളെ അയച്ചിട്ട് അവര്‍ അവരെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്തു. അപ്പോള്‍, അവരുടെ ധിക്കാരം മാറ്റി അവര്‍ വിനയവും പാകതയും ഉള്ളവരായിത്തീരുവാന്‍വേണ്ടി അല്ലാഹു ഓരോ തരത്തിലുള്ള പീഡനങ്ങളും ദുരിതങ്ങളും ഏര്‍പ്പെടുത്തി. അപ്പോഴും അവര്‍ നന്നായിത്തീരുകയല്ല ചെയ്തത്. സ്വഭാവം ദുഷിക്കുകയും ഹൃദയം കടുത്തുപോകുകയുമാണുണ്ടായത്. പിശാചിന്റെ ദുര്‍മ്മന്ത്രങ്ങള്‍ക്കു അവര്‍ വിധേയരായി. തങ്ങള്‍ ചെയ്യുന്ന തോന്നിയവാസങ്ങളെല്ലാം തങ്ങള്‍ക്കു ഭൂഷണമായി അവന്‍ അവര്‍ക്കു തോന്നിപ്പിക്കുകയും ചെയ്തു. അതാണ് അല്ലാഹു പറഞ്ഞത്:
فَلَوْلَآ إِذْ جَآءَهُم بَأْسُنَا تَضَرَّعُوا۟ وَلَٰكِن قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ ٱلشَّيْطَٰنُ مَا كَانُوا۟ يَعْمَلُونَ
അങ്ങനെ അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത് ? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്. അവര്‍ ചെയ്ത് കൊണ്ടിരുന്നത് പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു. (ഖുർആൻ:6/43)
തങ്ങള്‍ ചെയ്യുന്ന തിൻമകൾ നല്ലതായി അവര്‍ക്ക് തോന്നിയപ്പോള്‍, അല്ലാഹു അവര്‍ക്കു ക്ഷേമൈശ്വര്യങ്ങളുടെയും സുക്ഷസൗകര്യങ്ങളുടെയും മാര്‍ഗ്ഗങ്ങള്‍ വേണ്ടത്ര തുറന്നു കൊടുത്തു. കഷ്ടതകള്‍ മാറി അനുഗ്രഹങ്ങളില്‍ മുഴുകിയപ്പോള്‍ അവര്‍ അല്ലാഹുവിനോടു നന്ദി കാണിച്ചുവോ? അതുമില്ല. മറിച്ച് ദുരഭിമാനം നടിക്കുകയും ആഹ്ലാദം കൊള്ളുകയുമാണു ചെയ്തത്. അതാണ് അല്ലാഹു പറഞ്ഞത്:
فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦ فَتَحْنَا عَلَيْهِمْ أَبْوَٰبَ كُلِّ شَىْءٍ حَتَّىٰٓ إِذَا فَرِحُوا۟ بِمَآ أُوتُوٓا۟ أَخَذْنَٰهُم بَغْتَةً فَإِذَا هُم مُّبْلِسُونَ
അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു. (ഖുർആൻ:6/44)
അങ്ങനെ ആ അക്രമികളായ ജനതയെ അല്ലാഹു ശിക്ഷിച്ചു.
فَقُطِعَ دَابِرُ ٱلْقَوْمِ ٱلَّذِينَ ظَلَمُوا۟ ۚ وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ
അങ്ങനെ ആ അക്രമികളായ ജനത നിശ്ശേഷം നശിപ്പിക്കപ്പെട്ടു. ലോകരക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി. (ഖുർആൻ:6/45)
ചുരുക്കിപ്പറഞ്ഞാല്‍, തിന്‍മ മുഖേനയുള്ള ആദ്യത്തെ പരീക്ഷണംകൊണ്ടും, നന്മ മുഖേനയുള്ള രണ്ടാമത്തെ പരീക്ഷണം കൊണ്ടും അവര്‍ പാഠം പഠിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരില്‍ ഓരോ തരത്തിലുള്ള ശിക്ഷകളെ ഏര്‍പ്പെടുത്തി. അപ്പോഴാണവര്‍ കണ്ണുതുറന്നത്. പക്ഷേ, ഫലമെന്ത്? അല്ലാഹു അവരുടെ അവശിഷ്ടംപോലും ബാക്കിയാകാതെ അവരെ നിശ്ശേഷം ഭൂമുഖത്തു നിന്നു ഛേദിച്ചു കളഞ്ഞു. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഇവര്‍ക്കും പാഠമായിരിക്കട്ടെ എന്നു സാരം.
ധിക്കാരശീലരും തോന്നിയവാസികളുമായ ആളുകളെ ആപത്തുകളും കഷ്ടപ്പാടുകളും വഴി അല്ലാഹു പരീക്ഷണം നടത്താറുള്ളതുപോലെ, സുഖസൗകര്യങ്ങള്‍ മുഖേനയും പരീക്ഷണം നടത്തി നോക്കുമെന്നും ഇതിൽ നിന്നും വ്യക്തമാണ്.
وَبَلَوْنَٰهُم بِٱلْحَسَنَٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمْ يَرْجِعُونَ
അവര്‍ മടങ്ങേണ്ടതിനായി നാം അവരെ നന്‍മകള്‍കൊണ്ടും തിന്‍മകള്‍ കൊണ്ടും പരീക്ഷിക്കുകയുണ്ടായി. (ഖുർആൻ:7/168)
ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ
ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (ഖു൪ആന്‍:21/35)
قال ابن عباس رضي الله عنه: نبتليكم بالشدة والرخاء، والصحة والسقم، والغنى والفقر، والحلال والحرام، والطاعة والمعصية، والهدى والضلالة
ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു : നാം നിങ്ങളെ ക്ഷാമവും ക്ഷേമവും കൊണ്ടും, ആരോഗ്യവും അനാരോഗ്യവും കൊണ്ടും, സമ്പത്തും ദാരിദ്ര്യവും കൊണ്ടും, അനുവദനീയവും അനനുവദനീയവും കൊണ്ടും, അനുസരണവും ധിക്കാരവും കൊണ്ടും, നേർമാർഗ്ഗവും ദുർമാർഗ്ഗവും കൊണ്ടും പരീക്ഷിക്കുന്നതാണ്. [തഫ്സീറു ത്വബ്‌രി: (25/17)]
قال الحسن البصري : من وسع الله عليه فلم ير أنه يمكر به ، فلا رأي له . ومن قتر عليه فلم ير أنه ينظر له ، فلا رأي له ، ثم قرأ : ( فلما نسوا ما ذكروا به فتحنا عليهم أبواب كل شيء حتى إذا فرحوا بما أوتوا أخذناهم بغتة فإذا هم مبلسون ) قال الحسن : مكر بالقوم ورب الكعبة ; أعطوا حاجتهم ثم أخذوا .
ഇമാം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറയുന്നു:ആർക്കെങ്കിലും അല്ലാഹു ജീവിത വിഭവങ്ങൾ നൽകുകയും , എന്നിട്ട് ഇത്‌കൊണ്ട് അല്ലാഹു തന്നെ പരീക്ഷിക്കുകയല്ല എന്നവൻ കരുതുകയും ചെയ്താൽ അവൻ വിവരമില്ലാത്തവനാണ്. ഇനി ആർക്കെങ്കിലും അല്ലാഹു ജീവിത മാർഗ്ഗം ചുരുക്കുമ്പോൾ അല്ലാഹു എന്നിലേക്ക് നോക്കുന്നില്ല (പരിഗണിക്കുന്നില്ല) എന്ന് കരുതിയാൽ അവനും വിവരമില്ലാത്തവനാണ് (രണ്ടും അല്ലാഹുവിന്റെ പരീക്ഷണമാണു എന്നുദ്ദേശം). ശേഷം അദ്ദേഹം പാരായണം ചെയ്തു: {അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ ………} ശേഷം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറഞ്ഞു: കഅബയുടെ റബ്ബാണേ സത്യം , അവർ ആഗ്രഹിച്ചത് കൊടുക്കുക വഴി അല്ലാഹു അവരെ തെറ്റിദ്ധരിപ്പിച്ചു , പിന്നീട് അവർ ശിക്ഷിക്കപ്പെടുകയും ചെയ്തു. (തഫ്‌സീർ ഇബ്നു കഥീർ)
ആപത്തുകളും കഷ്ടപ്പാടുകളും മുഖേനയും സുഖസൗകര്യങ്ങള്‍ മുഖേനയും പരീക്ഷണം നടത്തി നോക്കുമ്പോൾ ആളുകൾ അല്ലാഹുവിലേക്ക് മടങ്ങുന്നില്ലെങ്കിൽ, അവര്‍ അല്ലാഹുവിന്റെ കോപത്തിനും, പെട്ടന്നുള്ള ശിക്ഷക്കും പാത്രമായിത്തീരുമെന്നും ഇതില്‍നിന്നു മനസ്സിലാക്കാം. ലോകചരിത്രം നോക്കുമ്പോള്‍ – വ്യക്തികളുടെ ചരിത്രത്തിലും സമുദായങ്ങളുടെ ചരിത്രത്തിലും തന്നെ – ഇതിന് ധാരാളം തെളിവുകളും കാണാം.
സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം രണ്ടുതരം പരീക്ഷണങ്ങളും അവര്‍ തങ്ങള്‍ക്കു ഗുണകരമായി കലാശിക്കുമാറ് ഉപയോഗപ്പെടുത്തുകയായിരിക്കും ചെയ്യുക. അനുഗ്രഹങ്ങൾക്ക് നന്ദി കാണിച്ചും പ്രയാസങ്ങൾക്ക് ക്ഷമ കാണിച്ചുകൊണ്ടുമാണ് സത്യവിശ്വാസികൾ പരീക്ഷണത്തിൽ വിജയിക്കുക.
عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ
സുഹൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമ സംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)
www.kanzululoom.com