നബി ﷺ ഉമ്മത്തില്‍ ഭയപ്പെട്ടത്

അല്ലാഹുവില്‍ നിന്നും ലഭിച്ചിട്ടുള്ള എല്ലാ സന്ദേശങ്ങളും നബി ﷺ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. ദീനുല്‍ ഇസ്ലാമിന്റെ പൂ൪ത്തീകരണത്തിന് ശേഷമാണ് അവിടുന്ന് വഫാത്തായിട്ടുള്ളത്. ഇരുട്ടില്‍ തപ്പിനടന്ന ഒരു ജനതക്ക് അവിടുന്ന് വെളിച്ചം പക൪ന്നു നല്‍കി. നരകത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തിന് അവിടുന്ന് സ്വ൪ഗത്തലേക്കുള്ള പാത കാണിച്ചുകൊടുത്തു. എന്നിരുന്നാലും തന്റെ ഉമ്മത്തില്‍ സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് നബി ﷺ ഭയപ്പെട്ടിരുന്നു. അവയെല്ലാം ഈ ഉമ്മത്തില്‍ സംഭവിച്ചിട്ടുണ്ട്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്. കാരണം അവയില്‍ നിന്നെല്ലാം അവന്‍ വിട്ടുനില്‍ക്കുവാന്‍ അത് സഹായകമാകും.

നബി ﷺ അവിടുത്തെ ജീവിതത്തില്‍ ഏറെ ദാരിദ്യം അനുഭവിച്ചിട്ടുണ്ട്. ഈ ഉമ്മത്തിന്റെ കാര്യത്തില്‍ നബി ﷺ ദാരിദ്ര്യമായിരുന്നില്ല ഭയപ്പെട്ടത്, മറിച്ച് സമ്പത്തും സൌഭാഗ്യങ്ങളും കൊണ്ടുള്ള പരീക്ഷണങ്ങളില്‍ അവര്‍ പരാജയപ്പെടുമോ എന്നതായിരുന്നു അവിടുത്തെ ഭയപ്പെടുത്തിയത്. കാരണം സമ്പത്ത് വ൪ദ്ധിക്കുമ്പോള്‍, ദുന്‍യാവ് വിശാലമാകുമ്പോള്‍ അത് പരീക്ഷണമാണെന്ന് തിരിച്ചറിയാതെ, അനുഗ്രഹം മാത്രമാണെന്ന് കരുതി അതില്‍ മതിമറന്ന് ജീവിക്കാന്‍ സാധ്യതയുണ്ട്.

ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻧَّﻤَﺎٓ ﺃَﻣْﻮَٰﻟُﻜُﻢْ ﻭَﺃَﻭْﻟَٰﺪُﻛُﻢْ ﻓِﺘْﻨَﺔٌ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻋِﻨﺪَﻩُۥٓ ﺃَﺟْﺮٌ ﻋَﻈِﻴﻢٌ

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(ഖു൪ആന്‍:8/28)

عَنْ كَعْبِ بْنِ عِيَاضٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ : إِنَّ لِكُلِّ أُمَّةٍ فِتْنَةً وَفِتْنَةُ أُمَّتِي الْمَالُ

കഅ്ബ് ബ്നു ഇയാള് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:എല്ലാ സമൂഹത്തിന്നും ഓരോ പരീക്ഷണമുണ്ട്. എന്റെ സമുദായത്തിന്റെ പരീക്ഷണം ധനമാണ്. (തിര്‍മിദി:2336)

അതുകൊണ്ടുതന്നെ തന്റെ ഉമ്മത്തില്‍ നബി ﷺ അത് ഭയപ്പെട്ടിരുന്നു.

فَوَاللَّهِ لاَ الْفَقْرَ أَخْشَى عَلَيْكُمْ، وَلَكِنْ أَخْشَى عَلَيْكُمْ أَنْ تُبْسَطَ عَلَيْكُمُ الدُّنْيَا كَمَا بُسِطَتْ عَلَى مَنْ كَانَ قَبْلَكُمْ، فَتَنَافَسُوهَا كَمَا تَنَافَسُوهَا وَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ

നബി ﷺ പറഞ്ഞു: അല്ലാഹുവിനെ തന്നയാണെ സത്യം, ഞാന്‍ നിങ്ങളില്‍ ദാരിദ്യത്തെ ഭയപ്പെടുന്നില്ല, എന്നാല്‍ നിങ്ങളുടെ മുമ്പുള്ളവ൪ക്ക് ലഭിച്ചതുപോലെ നിങ്ങള്‍ക്കും ദുന്‍യാവ് വിശാലമായി ലഭിക്കുന്നതാണ് ഞാന്‍ ഭയപ്പെടുന്നത്. അങ്ങനെ അവ൪ മല്‍സരിച്ചതുപോലെ നിങ്ങളും മല്‍സരിക്കുന്നതും അവ൪ നശിച്ചതുപോലെ നിങ്ങളും നശിക്കുന്നതുമാണ്. (ബുഖാരി: 3158)

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ: أَنَّ النَّبِيَّ صلى الله عليه وسلم جَلَسَ ذَاتَ يَوْمٍ عَلَى الْمِنْبَرِ وَجَلَسْنَا حَوْلَهُ فَقَالَ :‏ إِنِّي مِمَّا أَخَافُ عَلَيْكُمْ مِنْ بَعْدِي مَا يُفْتَحُ عَلَيْكُمْ مِنْ زَهْرَةِ الدُّنْيَا وَزِينَتِهَا

അബൂസഈദുൽ ഖുദ്‌രി (റ) വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ മിമ്പറില്‍ ഇരിക്കുകയായിരുന്നു. നബി ﷺ യുടെ ചുറ്റും ഞങ്ങളും ഇരിക്കുന്നുണ്ടായിരുന്നു. അന്നേരം അവിടുന്ന് പറഞ്ഞു: നിശ്ചയം, എന്റെ കാലശേഷം ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നത് ഐഹിക ആഡംബരവും സമ്പൽ സമൃദ്ധിയും ലഭിക്കുന്നതിനെയാണ്. (ബുഖാരി: 1465)

തന്റെ ഉമ്മത്തില്‍ നബി ﷺ ഭയപ്പെട്ടചില കാര്യങ്ങള്‍ കൂടി കാണുക:

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ما أَخْشى عَلَيْكُمُ الفقرَ، ولَكِنِّي أَخْشى عَلَيْكُمُ التَّكاثُرَ، وما أَخْشى عَلَيْكُمُ الخَطَأَ، ولَكِنِّي أَخْشى عَلَيْكُمُ التَّعَمُّدَ

അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ നിങ്ങളില്‍ ദാരിദ്യത്തെ ഭയപ്പെടുന്നില്ല, എന്നാല്‍ നിങ്ങള്‍ പരസ്പരം പെരുമ നടിക്കുന്നതിനെയാണ് ഞാന്‍ ഭയപ്പെടുന്നത്. നിങ്ങളില്‍ തെറ്റ് സംഭവിക്കുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്, നിങ്ങള്‍ ബോധപൂ൪വ്വം തെറ്റുകള്‍ ചെയ്യുന്നതിനെയാണ് ഞാന്‍ ഭയപ്പെടുന്നത്. (സില്‍സിലത്തുസ്വഹീഹ:2216)

عَنْ مَحْمُودِ بْنِ لَبِيدٍ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللَّهِ؟ قَالَ: الرِّيَاءُ، يَقُولُ اللَّهُ عَزَّ وَجَلَّ لَهُمْ يَوْمَ الْقِيَامَةِ: إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاءُونَ فِي الدُّنْيَا فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً

മഹ്മൂദ് ബ്നു ലബീദില്‍(റ) നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ചെറിയ ശി൪ക്കിനെയാണ്. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ എന്താണ് ചെറിയ ശി൪ക്ക്?. നബി ﷺ പറഞ്ഞു: രിയാഅ് (ലോകമാന്യം) ആണത്. (പരലോകത്ത്) ജനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടു കഴിഞ്ഞാല്‍ രിയാഇന്റെ ആളുകളോട് അല്ലാഹു പറയും: നിങ്ങള്‍ ദുനിയാവില്‍ ആരെയാണോ കാണിച്ചു കൊണ്ടിരുന്നത് അവരുടെ അടുക്കല്‍ പോയി വല്ല പ്രതിഫലവും കിട്ടുമോ എന്ന് നോക്കുക. (സ്വഹീഹ് അല്‍ബാനി)

عَنْ أَبِي سَعِيدٍ، قَالَ خَرَجَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ وَنَحْنُ نَتَذَاكَرُ الْمَسِيحَ الدَّجَّالَ فَقَالَ ‏”‏ أَلاَ أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِي مِنَ الْمَسِيحِ الدَّجَّالِ ‏”‏ ‏.‏ قَالَ قُلْنَا بَلَى ‏.‏ فَقَالَ ‏”‏ الشِّرْكُ الْخَفِيُّ أَنْ يَقُومَ الرَّجُلُ يُصَلِّي فَيُزَيِّنُ صَلاَتَهُ لِمَا يَرَى مِنْ نَظَرِ رَجُلٍ ‏”‏ ‏.‏

അബൂ സഈദ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങള്‍ മസീഹുദ്ദജ്ജാലിനെ കുറിച്ച് സംസാരിച്ച കൊണ്ടിരിക്കെ നബി ﷺ ഞങ്ങളിലേക്ക് പുറപ്പെട്ടുവന്ന് പറഞ്ഞു: മസീഹുദ്ദജ്ജാലിനേക്കാള്‍ ഞാന്‍ നിങ്ങളില്‍ ഭയക്കുന്നത് എന്താണെന്ന് അറിയിച്ച് തരട്ടെയോ? ഞങ്ങള്‍ പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: ‘ഗോപ്യമായ ശിര്‍ക്ക്,’ രു വ്യക്തി തന്റെ നമസ്‌കാരത്തെ തന്നെ നോക്കിക്കാണുന്നവര്‍ക്കായി ഭംഗിയാക്കി നിര്‍വഹിക്കുന്നതാണത്. (ഇബ്നുമാജ:37/105)

മറ്റുള്ളവര്‍ക്ക് മുമ്പില്‍ സല്‍കര്‍മങ്ങള്‍ പ്രകടിപ്പിക്കുകയോ നന്നാക്കിക്കാണിക്കുകയോ ചെയ്യുന്നതിനാണ് രിയാഅ് എന്ന് പറയുന്നത്.

وَإِنَّمَا أَخَافُ عَلَى أُمَّتِي الأَئِمَّةَ الْمُضِلِّينَ وَإِذَا وُضِعَ السَّيْفُ فِي أُمَّتِي لَمْ يُرْفَعْ عَنْهَا إِلَى يَوْمِ الْقِيَامَةِ وَلاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِي بِالْمُشْرِكِينَ وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِي الأَوْثَانَ‏

നബി ﷺ പറഞ്ഞു: (ജനങ്ങളെ) വഴി തെറ്റിക്കുന്ന നേതാക്കളെയാണ് ഞാൻ എന്റെ ജനതയിൽ ഏറ്റവും ഭയപ്പെടുന്നത്‌. അവരുടെ മേൽ വാൾ പതിച്ചാൽ അന്ത്യനാൾ വരെ അത്‌ ഉയർത്തപ്പെടുകയില്ല. എന്റെ ജനതയിൽ ഒരു വിഭാഗം മുശ്രിക്കുകളോട്‌ ചേരുന്നത്‌ വരേക്കും, എന്റെ ജനതയിലെ ധാരാളം സംഘങ്ങൾ വിഗ്രഹങ്ങളെ ആരാധിക്കുന്നത്‌ വരേക്കും അന്ത്യനാൾ സംഭവിക്കുകയില്ല. (അബൂദാവൂദ് : 4252 – സ്വഹീഹ് അല്‍ബാനി)

.عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِنَّمَا أَخَافُ عَلَى أُمَّتِي الأَئِمَّةَ الْمُضِلِّينَ ‏‏.‏قَالَ وَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ لاَ يَضُرُّهُمْ مَنْ يَخْذُلُهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ ‏‏ ‏

ഥൌബാന്‍(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (ജനങ്ങളെ) വഴി തെറ്റിക്കുന്ന നേതാക്കളെയാണ് എന്റെ ജനതയിൽ ഞാൻ ഏറ്റവും ഭയപ്പെടുന്നത്‌. അവിടുന്ന് പറഞ്ഞു:എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലക്കൊള്ളും. അവരെ എതിര്‍ക്കുന്നവരാരും അവര്‍ക്ക് ഉപദ്രവം വരുത്തുകയില്ല. (തി൪മിദി:2229)

عَنْ جَابِرٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنَّ أَخْوَفَ مَا أَخَافُ عَلَى أُمَّتِي عَمَلُ قَوْمِ لُوطٍ

ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ലൂത്വിന്റെ സമുദായം ചെയ്ത തിന്മയാണ് (സ്വവർഗരതി)  എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത്. (തിര്‍മിദി:1457)

തന്റെ ഉമ്മത്ത് ദേഹേച്ഛകള്‍ക്ക് അടിമപ്പെടുന്നതിനെയും നബി ﷺ ഭയപ്പെട്ടിരുന്നു. തന്നിഷ്ടം പിന്‍പറ്റലും മനസ്സ് ഇച്ഛിക്കുന്നത് പ്രവ൪ത്തിക്കലുമാണ് ദേഹേച്ഛ. ദേഹേച്ഛകള്‍ പിന്‍പറ്റുന്നതില്‍ നിന്നും അവിടുന്ന് അല്ലാഹുവിനോട് ഇപ്രകാരം പ്രാ൪ത്ഥിക്കുമായിരുന്നു.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلاَقِ وَالأَعْمَالِ وَالأَهْوَاءِ

അല്ലാഹുവേ, അധിക്ഷിപ്ത സ്വഭാവങ്ങളില്‍ നിന്നും, പ്രവൃത്തികളില്‍ നിന്നും, ദേഹേച്ഛകളില്‍ നിന്നും നിന്നോട് ഞാന്‍ കാവലിനെ തേടുന്നു. (തി൪മിദി:3591)

عَنْ أَبِي بَرْزَةَ، عَنِ النَّبِي صلى الله عليه وسلم قَالَ: إِنَّما أَخْشَى عَلَيْكُمْ شَهَوَاتِ الْغَىِّ في بُطُونِكُمْ، وَفُرُوجِكُمْ، وَمُضِلاَّتِ الْهَوَى

അബൂബ൪സയില്‍ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ നിങ്ങളില്‍ ഭയക്കുന്നത് നിങ്ങള്‍ ദേഹേച്ഛകള്‍ക്ക് അടിമപ്പെടുന്നതിനെയാണ്.

عن عم عباد بن تميم: يا نعايا العربِ ! يا نعايا العربِ ! ثلاثا، إن أخوفَ ما أخافُ عليكُم الرياءُ، والشهوةُالخفيّةُ

നബി ﷺ പറഞ്ഞു: ഹേ അറബികളെ നിങ്ങള്‍ക്ക് നാശം, ഹേ അറബികളെ നിങ്ങള്‍ക്ക് നാശം, മൂന്ന് തവണ അവിടുന്ന് ഇത് പറഞ്ഞു: ഞാന്‍ നിങ്ങളില്‍ ഭയക്കുന്നത് രിയാഅ്(ലോകമാന്യം) , ഗോപ്യമായ ഇച്ഛ എന്നിവയാണ്. (സില്‍സിലത്തു സ്വഹീഹ)

ഗോപ്യമായ ഇച്ഛ എന്നത് വ്യഭിചാരമാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന ഹദീസ് കൂടി ഇതിനോട് ചേ൪ത്ത് വായിക്കുക.

عَنْ أُسَامَةَ بْنِ زَيْدٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : مَا تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنَ النِّسَاءِ

 ‏ഉസാമ ഇബ്‌നു സെയ്ദ്(റ) വില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: പുരുഷന് സ്ത്രീകളെക്കാള്‍ വിനയായ ഒരു ഫിത്‌നയും ഞാന്‍ എന്റെ കാലശേഷം വിട്ടേച്ചിട്ടില്ല. (ബുഖാരി: 5096)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنِّي أَخَافُ عَلَى أُمَّتِي اثْنَتَيْنِ: الْقُرْآنَ وَاللَّبَنَ، أَمَّا اللَّبَنُ فَيَبْتَغُونَ الرِّيفَ [البادية] وَيَتَّبِعُونَ الشَّهَوَاتِ وَيَتْرُكُونَ الصَّلَوَاتِ، وَأَمَّا الْقُرْآنُ فَيَتَعَلَّمُهُ الْمُنَافِقُونَ فَيُجَادِلُونَ بِهِ الْمُؤْمِنِينَ

നബി ﷺ പറയുന്നു: എൻ്റെ സമുദായത്തിന് രണ്ട് കാര്യ ങ്ങൾ ഞാൻ ഭയപ്പെടുന്നു, അത് ഖുർആനും പാലുമാണ്. പാൽ എന്നാൽ താഴ്‌വരയിൽ (കാലികളിലും കൃഷിയിലുമായി) കഴിഞ്ഞുകൂടി ദേഹേഛകളെ പിൻപറ്റി നമസ്കാരം കയ്യൊഴിക്കലാണ്. ഖുർആൻ എന്നാൽ വിശ്വാസികളുമായി തർക്കിക്കാൻ മുനാഫിഖുകൾ (കപട വിശ്വാസികൾ) ഖുർആൻ പഠിക്കലുമാണ്. (അഹ്മദ്)

عَنْ أَبِي عُثْمَانَ النَّهْدِيِّ، قَالَ إِنِّي لَجَالِسٌ تَحْتَ مِنْبَرِ عُمَرَ رَضِيَ اللَّهُ عَنْهُ وَهُوَ يَخْطُبُ النَّاسَ فَقَالَ فِي خُطْبَتِهِ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّ أَخْوَفَ مَا أَخَافُ عَلَى هَذِهِ الْأُمَّةِ كُلُّ مُنَافِقٍ عَلِيمِ اللِّسَانِ‏.‏

അബൂ ഉസ്മാന്‍ അന്നഹ്ദിയ്യ്(റ) പറയുന്നു: ഉമ൪(റ) ജനങ്ങളോട് ഖുത്വുബ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ മിമ്പറിന് താഴെ ഇരിക്കുകയായിരുന്നു. ഉമ൪(റ) ഖുത്വുബയില്‍ പറഞ്ഞു:നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു:ഈ ഉമ്മത്തില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത്, നാവ് കൊണ്ട് പണ്ഢിതനായ എല്ലാ കപട വിശ്വാസികളെയുമാണ്. (അഹ്മദ്)

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *