ഹറാമായ ഭക്ഷണങ്ങൾ

ആമുഖം

هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًا

അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌ …. (ഖു൪ആന്‍:2/29)

يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ

മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു. (ഖു൪ആന്‍:2/168)

ഭൂമിയിലുള്ളതെല്ലാം മനുഷ്യര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് 29-ാം വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ ഉപയോഗപ്രദമായിരിക്കാത്ത പദാര്‍ത്ഥങ്ങള്‍ ഭൂമിയിലില്ല. എങ്കിലും മുഴുവന്‍ വസ്തുക്കളും തിന്നാന്‍ കൊള്ളുന്നവയല്ല. അതുകൊണ്ടാണ് كُلُوامِمَّافِي الأرْضِ (ഭൂമിയിലുള്ളവയില്‍ നിന്ന് തിന്നുകൊള്ളുവിന്‍)എന്ന് പറഞ്ഞിരിക്കുന്നത്. താഴെ, 173-ാം വചനത്തില്‍ കാണാവുന്നതു പോലെ, അല്‍പം ചില വസ്തുക്കള്‍ ഭക്ഷിക്കുന്നത് വിരോധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഭക്ഷിക്കുവാന്‍ കഴിയുന്ന വസ്തുക്കളില്‍ ചിലത് വൃത്തികെട്ടതോ ഉപദ്രവകരമോ ആയിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് അനുവദനീയമായതും, വിശിഷ്ടമായതും (حَلالاطَيِّبًا) എന്നുകൂടി പറഞ്ഞിരിക്കുന്നത്. നല്ലത് ശുദ്ധമായത്, ഹൃദ്യമായത്, വിശിഷ്ടമായത് എന്നൊക്കെ അര്‍ത്ഥം കല്‍പിക്കാവുന്ന വാക്കാണ് طَيِّب (ത്വയ്യിബ്). ഇതിന്‍റെ എതിര്‍ പദമാണ് خَبِيث (ഖബീഥ്), ചീത്തയായത്, ദുഷിച്ചത്, മ്‌ളേച്ഛമായത് എന്നൊക്കെയാണിതിനര്‍ത്ഥം. മനസ്സിന് സ്വതവേ നന്നായും തൃപ്തികരമായും തോന്നുന്നത് എന്നാണ് ഇവിടെ ഉദ്ദേശ്യമെന്ന് സാമാന്യമായി പറയാം. ചുരുക്കത്തില്‍, മതത്തിന്‍റെ വ്യക്തമായ വിലക്കില്ലാത്തതും, മ്‌ളേച്ഛവും ഉപദ്രകരവുമല്ലാത്തതുമായ വസ്തുക്കളെല്ലാം ഭക്ഷിക്കുന്നതിന് വിരോധമില്ലെന്നാണ് ഇസ്‌ലാമിന്‍റെ വിധിയെന്ന് പൊതുവില്‍ മനസ്സിലാക്കാവുന്നതാണ്. (അമാനി തഫ്സീര്‍)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ:

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ജനങ്ങളേ, അല്ലാഹു നല്ലവനാണ്. നല്ലതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല. പ്രവാചകനോട് എന്താണോ കല്‍പ്പിച്ചത് അത് തന്നെയാണ് സത്യവിശ്വാസികളോടും അല്ലാഹു കല്‍പ്പിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَٰتِ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ

ഹേ, ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു. (ഖു൪ആന്‍: 23/51)

അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)

ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ.

ശേഷം പ്രവാചകന്‍ ഒരാളെ പരാമ൪ശിക്കുകയുണ്ടായി. ജട കുത്തിയ മുടിയും പൊടി പുരണ്ട ശരീരവുമായി അയാള്‍ ദീ൪ഘമായി യാത്ര ചെയ്തിട്ടുണ്ട്. തന്റെ ഇരു കൈകളും ആകാശത്തേക്കുയ൪ത്തി അയാള്‍ എന്റെ റബ്ബേ, എന്റെ റബ്ബേ എന്ന് പ്രാ൪ത്ഥിക്കുന്നുണ്ട്. അയാളുടെ ഭക്ഷണം നിഷിദ്ധമായതില്‍ നിന്നാണ്. അയാളുടെ പാനീയവും നിഷിദ്ധമായതില്‍ നിന്നാണ്. അയാളുടെ വസ്ത്രവും നിഷിദ്ധമായതില്‍ നിന്നാണ്. നിഷിദ്ധത്തില്‍ ഊട്ടപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനാണ് അയാള്‍. ഇത്തരമൊരു മനുഷ്യന് എങ്ങനെ ഉത്തരം നല്‍കപ്പെടാനാണ്?’ (മുസ്‌ലിം : 1015)

സഅദ്‌ ബ്‌നു അബീവക്വാസ് رَضِيَ اللَّهُ عَنْهُ വിനോട്‌ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു:

ا سعد أطب مطعمك تكن مستجاب الدعوة

ഓ, സഅദ്‌, താങ്കള്‍ ഭക്ഷണം നന്നാക്കുക, താങ്കള്‍ ദുആക്ക്‌ ഉത്തരം നല്‍കപ്പെടുന്നവനാകും. (ത്വബ്റാനി)

നബി ﷺ യുടെ കര്‍ത്തവ്യങ്ങളെക്കുറിച്ചു പറയുന്ന കൂട്ടത്തില്‍ അല്ലാഹു പറയുന്നു:

وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَٰٓئِثَ

അദ്ദേഹം അവര്‍ക്ക് നല്ല വസ്തുക്കള്‍ അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:7/157)

يَسْـَٔلُونَكَ مَاذَآ أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ ٱلطَّيِّبَٰتُ

തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവര്‍ നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:5/4)

വിശിഷ്‌ടമല്ലാത്തതും, ദുഷിച്ചതുമായ ചില വസ്തുക്കളെ വസ്‌തുക്കളെ ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ട്.

ഹറാമായ ഭക്ഷണങ്ങൾ

ഭൂവിഭവങ്ങളില്‍ പ്രത്യേകം വിരോധിക്കപ്പെട്ടതോ ദോഷകരമായതോ അല്ലാത്ത വസ്തുക്കളെല്ലാം മനുഷ്യര്‍ക്ക് ഭക്ഷിക്കാവുന്നതാണ്. ഭക്ഷിക്കാന്‍ പാടില്ലാത്ത ചിലതിനെപ്പറ്റി ഖുര്‍ആനിലും ചിലതിനെക്കുറിച്ച് ഹദീസുകളിലും പരാമര്‍ശിക്കുന്നുണ്ട്. അതിൽ വിശുദ്ധ ഖുര്‍ആനിൽ സൂചിപ്പിച്ചവ ആദ്യം സൂചിപ്പിക്കുന്നു.

إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:2/173)

ഈ ആയത്തിൽ സൂചിപ്പിച്ചിട്ടുള്ള നിഷിദ്ധമാക്കപ്പെട്ട വസ്തുക്കള്‍ ഇവയാകുന്നു:

(1)  الْمَيْتَة (ശവം)

അറവു കൊണ്ടല്ലാതെ – രോഗം കൊണ്ടോ പരുക്ക് കൊണ്ടോ – ജീവന്‍ നഷ്ടപ്പെട്ട എല്ലാ ശവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ശവം ഭക്ഷിക്കൽ നിഷിദ്ധമാണ്.

എന്നാല്‍, സമുദ്രത്തില്‍ നിന്നും വേട്ടയാടി പിടിക്കപ്പെടുന്ന വസ്തുക്കള്‍ ഇതില്‍ നിന്നും ഒഴിവാണ്.

أُحِلَّ لَكُمْ صَيْدُ ٱلْبَحْرِ وَطَعَامُهُۥ مَتَٰعًا لَّكُمْ وَلِلسَّيَّارَةِ

നിങ്ങള്‍ക്കും യാത്രാസംഘങ്ങള്‍ക്കും ജീവിതവിഭവമായിക്കൊണ്ട് കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. (ഖുർആൻ:5/96)

عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ ‏ :‏ أُحِلَّتْ لَنَا مَيْتَتَانِ الْحُوتُ وَالْجَرَادُ

അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് ശവങ്ങൾ നമുക്ക് അനുവദനീയമാണ്: മൽസ്യവും വെട്ടുകിളിയും. (ഇബ്നുമാജ:3218)

ഇവിടെ കരജീവികളുടെ ശവമാണ് നിഷിദ്ധമാക്കിയിട്ടുള്ളതെന്ന് ഈ വചനത്തിൽ നിന്ന് മനസ്സിലാക്കാം.

(2) الدٌم രക്തം

മാംസത്തില്‍ പറ്റിപിടിച്ചു നില്‍ക്കുന്ന രക്തത്തിന് വിരോധമില്ലെന്നും ഒഴുകി വരുന്ന രക്തമാണ് വിരോധിക്കപ്പെട്ടിരിക്കുന്നതെന്നും സൂറഃ അന്‍ആമിലെ 145-ാം ആയത്തില്‍ നിന്നും മനസ്സിലാക്കാം. അവിടെ مسفوح (ഒഴുക്കപ്പെട്ടത്) എന്ന് രക്തത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.

قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُۥٓ إِلَّآ أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُۥ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۚ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ ‎

(നബിയേ) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍ :6/145)

(3) لَحْمَ خِنْزِيرِ (പന്നിമാംസം)

സാധാരണ നിലക്ക് ഭക്ഷിക്കപ്പെടാറുള്ള മാംസമായതുകൊണ്ട് മാംസം എന്ന് പറഞ്ഞുവെങ്കിലും പന്നിയുടെ എല്ല് മുതലായ അംശങ്ങളും വിരോധിക്കപ്പെട്ടതു തന്നെ. പന്നിയെ നിഷിദ്ധമാക്കുവാന്‍ കാരണം അത് മ്‌ളേച്ഛമായ ഒരു വസ്തുവാണ് (فَانَّهُ رِجْس) എന്ന് സൂറ: അന്‍ആം 145 ല്‍ പറയുന്നുണ്ട് (മേൽ കൊടുത്തത്).  പന്നി അറുക്കപ്പെട്ടതായാലും അല്ലെങ്കിലും നിഷിദ്ധം തന്നെ.

പന്നിമാംസം വിരോധിച്ചതിന് പ്രത്യേക കാരണമൊന്നും പറഞ്ഞിട്ടില്ല. ഇവിടെ ‘അതിനു കാരണം അതു മ്ലേച്ഛമാണ്’ (فَإِنَّهُ رِجْسٌ) എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നു. പന്നിമാംസം കഴിക്കുന്നവര്‍ക്കു അതു ഒരു ആസ്വാദ്യ വസ്‌തുവായി തോന്നാമെങ്കിലും അത് രോഗാംശം കലര്‍ന്നതാണെന്ന് പല വൈദ്യ വിശാരദന്മാരും സമ്മതിച്ചതാണ്‌. ഒരു പക്ഷെ, പ്രസ്‌തുത രോഗാംശങ്ങളെ പരിശോധിച്ച് നീക്കം ചെയ്‌വാന്‍ ഏതെങ്കിലും ശാസ്‌ത്രീയ പരിഹാരം ഉണ്ടെന്നു വന്നാല്‍ തന്നെയും അതൊരു മ്ലേച്ഛ വസ്‌തുവാണെന്ന്‌ അതിനെപറ്റി മനുഷ്യരെക്കാള്‍ അറിയുന്നവനായ സൃഷ്‌ടാവ് പറയുമ്പോള്‍ – ആ മ്ലേച്ഛതയെക്കുറിച്ച് നമുക്കു വേണ്ടതുപോലെ മനസ്സിലാക്കുവാന്‍ കഴിയാതിരുന്നാല്‍ തന്നെയും – അതില്‍ നമുക്കു അജ്ഞാതമായ ചില ദോഷവശങ്ങളുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണ്‌. കാഷ്‌ടങ്ങള്‍ തുടങ്ങിയ മ്ലേച്ഛ വസ്‌തുക്കള്‍ തിന്നുക പതിവാക്കിയ മറ്റൊരു മൃഗത്തെ പന്നിയെപ്പോലെ വേറെ കാണുവാന്‍ പ്രയാസം. അതോടുകൂടി മ്‌ളേച്ഛത ശരീരാരോഗ്യത്തെ ബാധിക്കുന്നത് തന്നെയാവണമെന്നില്ല താനും. സ്വഭാവ വികാരാദികളെ ദുഷിപ്പിക്കുന്ന വല്ല ദോഷങ്ങളും ആയിരിക്കുവാനും സാധ്യതയുണ്ട്‌. ഇതിനുദാഹരണമായി ചില പണ്ഡിതന്മാര്‍ ചിലതൊക്കെ ചൂണ്ടിക്കാട്ടാതെയുമില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ :6/145 ന്റെ വിശദീകരണം)

(4) مَا أُهِلَّ بِهِ لِغَيْرِ ا للهِ (അല്ലാഹു അല്ലാത്തവര്‍ക്ക്‌വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ടത്)

അല്ലാഹു അല്ലാത്ത മറ്റാരുടെയെങ്കിലും – അത് വിഗ്രഹങ്ങളോ മഹാന്‍മാരോ പിശാചുക്കളോ ആരുതന്നെ ആയാലും ശരി – നാമത്തിലോ, അവരുടെ പ്രീതിക്കുവേണ്ടിയോ അറുക്കപ്പെട്ടത് എന്നാണിത് ‌കൊണ്ട് വിവക്ഷ. അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയോ വഴിപാടോ ആയി അറുക്കപ്പെട്ടതും, യാഗം, ബലി മുതലായവക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥാനങ്ങളില്‍ വെച്ച് അറുക്കപ്പെട്ടതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്.

അറുക്കപ്പെട്ടത് എന്ന ഉദ്ദേശ്യത്തില്‍ مَا أُهِلَّ بِهِ (ശബ്ദം ഉയര്‍ത്തപ്പെട്ടത്)എന്ന വാക്ക് പ്രയോഗിച്ചതിനെപ്പറ്റി ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചതിന്റെ സാരം ഇബ്‌നു ജരീര്‍ رحمه الله പറയുന്നത് കാണുക: مَا أُهِلَّ بِهِ എന്ന് പറയുവാന്‍ കാരണം അവര്‍ (മുശ്‌രിക്കുകള്‍) തങ്ങളുടെ ദൈവങ്ങള്‍ക്ക് വഴിപാടാക്കപ്പെട്ടിരുന്ന വസ്തുക്കളെ അറുക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍, ആ ദൈവങ്ങളുടെ പേരുകള്‍ പറയുകയും അത് ഉച്ചത്തില്‍ ശബ്ദിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങിനെ പതിവായിപ്പോന്ന് അവസാനം (ദൈവങ്ങളുടെ) പേരുപറഞ്ഞോ പറയാതെയോ, ഉച്ചത്തില്‍ ശബ്ദിച്ചോ അല്ലാതെയോ അറുക്കുന്ന എല്ലാവര്‍ക്കും مُهِلّ (ശബ്ദം ഉയര്‍ത്തുന്നവന്‍)എന്ന് പറയപ്പെട്ടുവന്നു. مَا أُهِلَّ بِهِ لِغَيْرِ اللَّهِ (അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ടത്) എന്ന് അല്ലാഹു പറഞ്ഞതിലെ ശബ്ദം ഉയര്‍ത്തല്‍ (إهْلال) കൊണ്ട് വിവക്ഷ ഇതാണ്.

ഇബ്‌നു ജരീര്‍ رحمه الله യുടെ പ്രസ്താവനയില്‍ നിന്ന് ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും: അറുക്കുമ്പോള്‍ ആരുടെ പേര് പറഞ്ഞുവെന്നല്ല നോക്കേണ്ടത്, ആര്‍ക്ക് വേണ്ടിയാണ് – ആരുടെ പേരിലോ പ്രീതിക്കോ വേണ്ടിയാണ് – അറുക്കപ്പെടുന്നത് എന്നാണ് നോക്കേണ്ടത്. അല്ലാഹു അല്ലാത്ത ആരുടെ പേരിലോ ‘ആരുടെ പ്രീതിക്കോ’ ആര്‍ക്ക് നേര്‍ച്ച വഴിപാടായോ അറുക്കപ്പെട്ടാലും, അതെല്ലാം ഈ വാക്കില്‍ ഉള്‍പ്പെടുന്നതും ഭക്ഷിക്കുവാന്‍ പാടില്ലാത്തതുമാകുന്നു. അല്ലാഹു അല്ലാത്തവരില്‍ വിഗ്രഹങ്ങളും, മഹാന്‍മാരും, ദേവീദേവന്‍മാരും, വിശിഷ്ടന്‍മാരും, നികൃഷ്ടന്‍മാരും എന്നിങ്ങിനെയുള്ള വ്യത്യാസമില്ലാതെ എല്ലാ വസ്തുക്കളും ഉള്‍പ്പെടുന്നതാണ്.

അലി  رضي الله عنه വില്‍ നിന്ന് ഇമാം മുസ്‌ലിം  رحمه الله  ഉദ്ധരിച്ച ഒരു നബി വചനം കാണുക:

وَلَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ

അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെയും അല്ലാഹു ശപിച്ചിരിക്കുന്നു

ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി رحمه الله പറയുന്നു: അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക എന്നത് കൊണ്ടുദ്ദേശ്യം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കുക എന്നാകുന്നു. അതായത്, വിഗ്രഹത്തിനോ, കുരിശിനോ, മൂസാ عليه السلام ക്കോ, ഈസാ عليه السلام ക്കോ, കഅ്ബഃ മുതലായതിനോ വേണ്ടി അറുക്കുന്നതുപോലെ. ഇതെല്ലാം ഹറാമാകുന്നു. ഈ അറുക്കപ്പെട്ടത് (ഭക്ഷിക്കല്‍) അനുവദനീയവുമല്ല. അറുത്തവന്‍ മുസ്‌ലിമോ, ക്രിസ്ത്യാനിയോ, യഹൂദിയോ ആയിക്കൊള്ളട്ടെ. ശാഫിഈ  رحمه الله  അത് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. നമ്മുടെ ആള്‍ക്കാര്‍ (പണ്ഡിതന്‍മാര്‍) അതില്‍ യോജിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവല്ലാത്ത ഏതൊന്നിനായി അറുക്കപ്പെട്ടുവോ അതിനെ ബഹുമാനിക്കലും ആരാധിക്കലും കൂടി അതോടൊപ്പം കരുതിയിട്ടുണ്ടെങ്കില്‍ അത് കുഫ്‌റു (അവിശ്വാസവു)മാണ്. അറുത്തവന്‍ മുമ്പ് മുസ്‌ലിമായിരുന്നാല്‍ അവനിപ്പോള്‍ മതഭ്രഷ്ടനാകുകയും ചെയ്തു. (شرح مسلم)

സുല്‍ത്താന്റെ (ഭരണാധിപന്റെ) സ്വീകരണവേളയില്‍, അദ്ദേഹത്തിന്റെ സാമീപ്യം ഉദ്ദേശിച്ച് കൊണ്ടുള്ള അറവ് ഹറാമാണെന്നും അത് അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കപ്പെട്ട (مَا أُهِلَّ بِهِ لِغَيْرِ اللَّهِ) തില്‍ പെടുമെന്നും, അദ്ദേഹത്തിന്റെ വരവിലുള്ള സന്തോഷപ്രകടനമെന്ന നിലക്കാണെങ്കില്‍ വിരോധമില്ലെന്നുമുള്ള ചില അഭിപ്രായങ്ങളും തുടര്‍ന്ന് കൊണ്ട് നവവി  رحمه الله ഉദ്ധരിച്ചു കാണാം. അപ്പോള്‍, അറുക്കുമ്പോള്‍ അല്ലാഹുവിന്റെ പേര് പറഞ്ഞു അറുത്താല്‍തന്നെയും അല്ലാഹു അല്ലാത്ത ഏതെങ്കിലും ആളുടെയൊ വസ്തുവിന്‍റെയോ ബഹുമാനാര്‍ത്ഥം അറുക്കുന്നതും നിഷിദ്ധമാണെന്ന് ഇതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്.

ഈ വചനത്തില്‍ പ്രസ്താവിച്ച നാല് വസ്തുക്കള്‍ക്ക് പുറമെയാണെന്ന് ബാഹ്യത്തില്‍ തോന്നാവുന്നതും, വാസ്തവത്തില്‍ ഈ നാലില്‍ തന്നെ ഉള്‍പ്പെടുന്നതുമായ ചില ഇനങ്ങളെപ്പറ്റി സൂറഃ മാഇദഃയിലും, വിരോധിച്ചതായി കാണാം. അല്ലാഹു പറയുന്നു:

حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ് ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്‌. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :5/3)

ഇതില്‍ ഭക്ഷിക്കല്‍ നിഷിദ്ധമാക്കപ്പെട്ടതായി പ്രസ്താവിക്കപ്പെട്ട ആദ്യത്തെ നാലിനെയും (ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ടത് – അറുക്കപ്പെട്ടത്) എന്നിവയെ കുറിച്ച് മേൽ പ്രസ്താവിച്ചിട്ടുള്ളതാണു. അവിടെ പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത ചില വസ്തുക്കള്‍ കൂടി ഇവിടെ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഇതാണവ:

(1) الْمُنْخَنِقَةُ (കുടുങ്ങിച്ചത്തത്): സ്വയം കുടുങ്ങിയതായാലും അല്ലെങ്കിലും ശരി. വല്ല കുടുക്കിലും പെട്ട് ശ്വാസം മുട്ടിച്ചത്തതെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

(2) الْمَوْقُوذَةُ (തല്ലിക്കൊല്ലപ്പെട്ടത്): വടി മുതലായ മൂര്‍ച്ചയില്ലാത്ത വസ്തുക്കള്‍ക്കൊണ്ട് അടിയേറ്റു ചത്തത്.

(3) الْمُتَرَدِّيَةُ (വീണു ചത്തത്): ഉയരത്തുനിന്നു കീഴ്‌പ്പോട്ടു വീണോ കിണര്‍ മുതലായ കുണ്ടുകളില്‍ വീണോ ചത്തവ.

(4) النَّطِيحَةُ (കുത്തേറ്റു ചത്തത്): മറ്റൊരു മൃഗം കുത്തിയതു കൊണ്ടോ പരസ്പരം കുത്തിയോ ചത്തത്.

(5) مَا أَكَلَ السَّبُعُ (ദുഷ്ടമൃഗം തിന്നത്): നരി, ചെന്നായ മുതലായ ഹിംസ്ര ജീവികളുടെ ആക്രമണം കൊണ്ടു ജീവന്‍ പോയത്.

ഈ അഞ്ചും വാസ്തവത്തില്‍ ശവത്തിന്റെ ചില ഇനങ്ങളാകുന്നു. സാധാരണ ഗതിയില്‍ സ്വയം ചത്തതല്ലാതെ, ഇങ്ങിനെയുള്ള പ്രത്യേക കാരണങ്ങളാല്‍ ജീവനാശം വന്ന ശവത്തില്‍ ഉള്‍പ്പെടുമോ, എന്നു സംശയിക്കപ്പെടാമല്ലോ. ആ സംശയം അസ്ഥാനത്താണെന്നത്രെ ഈ വിശദീകരണം കാട്ടിത്തരുന്നത്.

കുടുക്കില്‍ അകപ്പെടുക മുതലായി മേല്‍പറഞ്ഞ ഏതെങ്കിലും ഒരു അപകടത്തില്‍ പെട്ടെങ്കിലും ചത്തുപോകും മുമ്പായി പിടിച്ച് അറുക്കുവാന്‍ കഴിഞ്ഞാല്‍ അതു നിഷിദ്ധമല്ല. അതാണ് إِلَّا مَا ذَكَّيْتُمْ (നിങ്ങള്‍ അറുത്തതൊഴികെ) എന്നു പറഞ്ഞത്. പക്ഷേ, അറുക്കുമ്പോള്‍ ശരിക്കു ജീവനുണ്ടായിരിക്കണം. അറുത്തശേഷം കൈകാലുകള്‍ കുടയുക, പിടക്കുക മുതലായ ലക്ഷണങ്ങള്‍ കണ്ടാല്‍ അറവ് മൂലമാണു ജീവന്‍ പോയതെന്നു മനസ്സിലാക്കാം. ഇല്ലാത്തപക്ഷം അതു ശവത്തില്‍ പെട്ടതായിരിക്കും. അറുത്താല്‍ വിരോധമില്ലെന്നുള്ളതു ആദ്യം പറഞ്ഞ നാലിനും ബാധകമല്ല. കാരണം അറവുകൊണ്ടു ജീവന്‍പോയതു ശവമായിരിക്കയില്ല. രക്തത്തെ സംബന്ധിച്ചിടത്തോളം അറവ് സാധ്യവുമല്ല. പന്നിയാകട്ടെ, അറുത്താലും ഇല്ലെങ്കിലും നിഷിദ്ധം തന്നെ. അല്ലാഹു അല്ലാത്തവരുടെ നാമത്തില്‍ അറുക്കപ്പെട്ടതും, അല്ലാഹു അല്ലാത്തവരുടെ പേരില്‍ നേര്‍ച്ച വഴിപാടാക്കപ്പെട്ടതും അങ്ങിനെതന്നെ. അത് ശിര്‍ക്കില്‍ പെട്ടതാകകൊണ്ടു അറവു നിമിത്തം അതു അനുവദനീയമാകുവാന്‍ പോകുന്നില്ല. അറവുമൂലം ആ ശിര്‍ക്കിനെ ദൃഢപ്പെടുത്തലായിരിക്കും ഉണ്ടായിത്തീരുക.

സൂറത്തുല്‍ ബക്വറഃയിലും മറ്റും പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ ഇനമാണു ഇവിടെ 10-ാമത്തെതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്ന مَا ذُبِحَ عَلَى النُّصُبِ (ബലിപീഠത്തിങ്കല്‍ അറുക്കപ്പെട്ടതു). ജാഹിലിയ്യാ കാലത്തു കഅ്ബഃയുടെ ചുറ്റുപാടിലായി കുറേ കല്ലുകള്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. വിഗ്രഹങ്ങള്‍ക്കു വഴിപാടായി അറുക്കപ്പെടുന്ന ബലി മൃഗങ്ങള്‍ ആ കല്ലുകളുടെ അടുക്കല്‍ വെച്ചാണ് അറുക്കപ്പെട്ടിരുന്നതു. ഇത്തരം 360 കല്ലുകള്‍ അന്നവിടെ പ്രതിഷ്ഠിക്കപ്പെട്ടിരുന്നുവത്രെ. ഇന്നും പല ആരാധനാലയങ്ങളിൽ ബലികര്‍മ്മങ്ങള്‍ നടത്തുവാനായി സ്ഥാപിക്കപ്പെട്ട ബലിപീഠങ്ങള്‍ കാണാം. ചില മഹാത്മാക്കളുടെ ക്വബ്ര്‍ സ്ഥാനങ്ങളിലേക്ക് ആടു, കോഴി മുതലായവയെ നേര്‍ച്ച നേരുകയും, അവിടെ കൊണ്ടുപോയി അറുക്കുകയും ചെയ്യുന്ന ഒരു പതിവു അന്ധവിശ്വാസത്തില്‍ അടിയുറച്ച ചില മുസ്‌ലിംകള്‍ക്കിടയിലും പതിവുണ്ടു. ഇതെല്ലാം ഈ ഇനത്തില്‍ ഉള്‍പെട്ടതും തനി നിഷിദ്ധവുമാകുന്നു.

مَا أُهِلَّ لِغَيْرِ اللَّهِ بِهِ (അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ടതു) എന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടവയും അല്ലാഹു അല്ലാത്തവര്‍ക്കു നേര്‍ച്ചയാക്കപ്പെട്ടവയുമാണെന്നു സൂറത്തുല്‍ ബക്വറഃയില്‍ സൂചിപ്പിച്ചല്ലോ. ഇവിടെ مَا ذُبِحَ عَلَى النُّصُبِ (ബലിപീഠത്തിങ്കല്‍ വെച്ചു അറുക്കപ്പെട്ടവയും) എന്നുകൂടി പറഞ്ഞതില്‍ നിന്നു ഒരു കാര്യം വ്യക്തമാകുന്നു. അതായത്: ബലിപീഠങ്ങളിലോ, ബലിപീഠത്തിന്റെ സ്ഥാനം കല്‍പിക്കപ്പെടുന്ന മറ്റു സ്ഥാനങ്ങളിലോ വെച്ചു അറുക്കപ്പെടുന്ന പക്ഷം ആ അറുക്കപ്പെടുന്ന വസ്തു അതേ കാരണം കൊണ്ടുമാത്രം ഹറാമായിരിക്കുന്നതാണ്. അറുക്കുമ്പോള്‍ അല്ലാഹുവിന്റെ പേര് പറഞ്ഞുവോ (‘ബിസ്മി’ ചൊല്ലിയോ) ഇല്ലേ എന്നോ, അല്ലാഹുവിനുള്ള വഴിപാടായി അറുക്കപ്പട്ടതാണോ അല്ലേ എന്നോ ഉള്ള വ്യത്യാസത്തിനൊന്നും ഇവിടെ പരിഗണനയില്ല. ഇമാം ഇബ്‌നുകഥീര്‍  رحمه الله  മുതലായവര്‍ ഈ സംഗതി ഇവിടെ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുള്ളതു ശ്രദ്ധേയമാകുന്നു.

ഇവക്ക് പുറമെ നബി ﷺ ചില വസ്തുക്കളെ വിരോധിച്ചതായി ഹദീഥുകളിലും കാണാം. അതിനെ കുറിച്ചാണ് താഴെ വിവരിക്കുന്നത്:

നാട്ടുകഴുതയും കോവര്‍കഴുതയും

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ نَهَى النَّبِيُّ صلى الله عليه وسلم عَنْ أَكْلِ لُحُومِ الْحُمُرِ الأَهْلِيَّةِ‏.‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ നാടന്‍ കഴുതകളുടെ മാംസം കഴിക്കുന്നത് വിലക്കിയിട്ടുണ്ട്. (ബുഖാരി:4218)

عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم يَوْمَ خَيْبَرَ عَنْ لُحُومِ الْحُمُرِ، وَرَخَّصَ فِي الْخَيْلِ‏.‏

ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ ഖൈബര്‍യുദ്ധ ദിവസം നാടന്‍ കഴുതകളുടെ മാംസം ഭക്ഷിക്കുന്നത് വിരോധിക്കുകയും കുതിരമാംസം ഭക്ഷിക്കുന്നതിന് ഇളവ് നല്‍കുകയും ചെയ്തു. (ബുഖാരി:4219)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ ذَبَحْنَا يَوْمَ خَيْبَرَ الْخَيْلَ وَالْبِغَالَ وَالْحَمِيرَ فَنَهَانَا رَسُولُ اللَّهِ صلى الله عليه وسلم عَنِ الْبِغَالِ وَالْحَمِيرِ وَلَمْ يَنْهَنَا عَنِ الْخَيْلِ ‏.‏

ജാബിര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ഖൈബർ ദിനത്തിൽ ഞങ്ങൾ കുതിരകളെയും കോവർ കഴുതകളെയും നാട്ടുകഴുതകളെയും അറുത്തു.  നബി ﷺ കോവർകഴുതകളെയും നാട്ടുകഴുതകളെയും (ഭക്ഷിക്കുന്നത്) ഞങ്ങളെ വിലക്കി, പക്ഷേ കുതിരമാംസം അവിടുന്ന് വിലക്കിയില്ല. (അബൂദാവൂദ്:3789)

عن جابر بن عبد الله رضي الله عنهما قَالَ : أَكَلْنَا زَمَنَ خَيْبَرَ الْخَيْلَ وَحُمُرَ الْوَحْشِ وَنَهَانَا النَّبِيُّ صلى الله عليه وسلم عَنِ الْحِمَارِ الأَهْلِيِّ ‏.‏

ജാബിര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ഖൈബർ യുദ്ധ കാലത്ത് ഞങ്ങൾ കുതിരയെയും കാട്ടുകഴുതയെയും ഭക്ഷിച്ചിരുന്നു, എന്നാൽ നബി ﷺ ഞങ്ങളോട് നാടൻ കഴുതകളെ വിരോധിച്ചു. (മുസ്ലിം:1941)

عن عبد الله بن أبي أوفى رضي الله عنه قال: أَصَابَتْنَا مَجَاعَةٌ لَيَالِيَ خَيْبَرَ فَلَمَّا كَانَ يَوْمُ خَيْبَرَ وَقَعْنَا فِي الْحُمُرِ الأَهْلِيَّةِ فَانْتَحَرْنَاهَا فَلَمَّا غَلَتْ بِهَا الْقُدُورُ نَادَى مُنَادِي رَسُولِ اللَّهِ صلى الله عليه وسلم أَنِ اكْفَئُوا الْقُدُورَ وَلاَ تَأْكُلُوا مِنْ لُحُومِ الْحُمُرِ شَيْئًا

അബ്ദുല്ലാഹ് ഇബ്നു അബൂ ഔഫ് رَضِيَ اللَّهُ عَنْهُ  പറഞ്ഞു: ഖൈബർ യുദ്ധത്തിന്റെ രാത്രിയിൽ ഞങ്ങൾക്ക് കഠിനമായ വിശപ്പ് അനുഭവപ്പെട്ടു, അങ്ങനെ ഖൈബർ ദിവസം രാവിലെ ഞങ്ങൾക്ക് ഒരു നാടൻ കഴുതയെ ലഭിക്കുകയും ഞങ്ങൾ അതിനെ അറുക്കുകയും ചെയ്തു, അങ്ങനെ അതുമായി പത്രങ്ങളിൽ നിറക്കവേ നബി ﷺ ക്ക് വേണ്ടി വിളിച്ചു പറയുന്നവൻ പാത്രം മറിച്ചിടാൻ വിളിച്ചു പറഞ്ഞു, അല്ലെങ്കിൽ ഇപ്രകാരം പറഞ്ഞു: നിങ്ങൾ കഴുത മാംസത്തിൽ നിന്ന് ഒന്നും തന്നെ ഭക്ഷിക്കരുത്. (മുസ്ലിം:1937)

عَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ، قَالَ انْطَلَقَ أَبِي عَامَ الْحُدَيْبِيَةِ فَأَحْرَمَ أَصْحَابُهُ، وَلَمْ يُحْرِمْ، وَحُدِّثَ النَّبِيُّ صلى الله عليه وسلم أَنَّ عَدُوًّا يَغْزُوهُ، فَانْطَلَقَ النَّبِيُّ صلى الله عليه وسلم، فَبَيْنَمَا أَنَا مَعَ أَصْحَابِهِ يَضْحَكُ بَعْضُهُمْ إِلَى بَعْضٍ، فَنَظَرْتُ فَإِذَا أَنَا بِحِمَارِ وَحْشٍ، فَحَمَلْتُ عَلَيْهِ، فَطَعَنْتُهُ، فَأَثْبَتُّهُ، وَاسْتَعَنْتُ بِهِمْ، فَأَبَوْا أَنْ يُعِينُونِي، فَأَكَلْنَا مِنْ لَحْمِهِ، وَخَشِينَا أَنْ نُقْتَطَعَ، فَطَلَبْتُ النَّبِيَّ صلى الله عليه وسلم أَرْفَعُ فَرَسِي شَأْوًا، وَأَسِيرُ شَأْوًا، فَلَقِيتُ رَجُلاً مِنْ بَنِي غِفَارٍ فِي جَوْفِ اللَّيْلِ قُلْتُ أَيْنَ تَرَكْتَ النَّبِيَّ صلى الله عليه وسلم قَالَ تَرَكْتُهُ بِتَعْهِنَ، وَهُوَ قَائِلٌ السُّقْيَا‏.‏ فَقُلْتُ يَا رَسُولَ اللَّهِ إِنَّ أَهْلَكَ يَقْرَءُونَ عَلَيْكَ السَّلاَمَ وَرَحْمَةَ اللَّهِ، إِنَّهُمْ قَدْ خَشُوا أَنْ يُقْتَطَعُوا دُونَكَ، فَانْتَظِرْهُمْ قُلْتُ يَا رَسُولَ اللَّهِ أَصَبْتُ حِمَارَ وَحْشٍ، وَعِنْدِي مِنْهُ فَاضِلَةٌ‏.‏ فَقَالَ لِلْقَوْمِ ‏ “‏ كُلُوا ‏”‏ وَهُمْ مُحْرِمُونَ‏.‏

അബൂഖത്താദ:رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ യുടെ കൂടെ ഹുദൈബിയ്യാ സന്ധി വർഷത്തിൽ ഞങ്ങൾ പുറപ്പെട്ടു. അപ്പോൾ നബിയുടെ സ്വഹാബിമാർ ഇഹ്റാമിൽ പ്രവേശിച്ചു. ഞാൻ ഇഹ്റാമിൽ പ്രവേശിച്ചിട്ടുണ്ടായിരുന്നില്ല. അപ്പോൾ ഗൈഖ എന്ന സ്ഥലത്ത് ശത്രു സംഘമുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. അപ്പോൾ ഞങ്ങൾ അവരുടെ നേർക്ക് തിരിച്ചു. അപ്പോൾ എന്റെ കൂട്ടുകാർ ഒരു കാട്ടുകഴുതയെ കണ്ടു. അവർ പരസ്‌പരം ചിരിക്കാൻ തുടങ്ങി. ഞാനും അതിനെ നോക്കിക്കണ്ടു. ഞാൻ എന്റെ കുതിരയെ അതിന്റെ നേർക്ക് തെളിച്ചു; എന്നിട്ട് അതിനെ ഒരു കുത്തിന് വീഴ്ത്തി. ഞാൻ അവരോട് സഹായം തേടി. എന്നാൽ അവർ എന്നെ സഹായിക്കാൻ വിസമ്മതിച്ചു. ഞങ്ങൾ അതിന്റെ മാംസത്തിൽ നിന്ന് ഭക്ഷിച്ചു. പിന്നെ ഞാൻ റസൂലിൻ്റെ ഒപ്പം എത്തിച്ചേരാൻ പോയി. നബി ﷺ യിൽ നിന്ന് ഞങ്ങൾ ഒറ്റപ്പെട്ടകന്നുപോകുമോയെന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു. എൻ്റെ കുതിരയെ ഇടക്ക് വേഗത്തിലും ഇടയ്ക്ക് സാവകാശത്തിലും ഞാൻ ഓടിച്ചിരുന്നു. അങ്ങിനെ അർദ്ധരാത്രിയിൽ ഞാൻ ഗിഫാർ ഗോത്രത്തിലെ ഒരാളെ കണ്ടു. ഞാൻ ചോദിച്ചു: റസൂൽ  ﷺ എവിടെ എത്തിയതായാണ് നിങ്ങൾ കണ്ടത്? അദ്ദേഹം പറഞ്ഞു: ‘തഅ്ഹിൻ’ ജലാശയത്തിനടുത്താണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ‘സുഖ്‌യാഇൽ’ ഉച്ച വിശ്രമം നടത്തും. അങ്ങിനെ ഞാൻ നബിയുടെ അരികിൽ ചെന്നു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ സ്വഹാബികൾ എന്നെ അയച്ചതാണ്. അവർ താങ്കൾക്ക് ‘സലാം’ പറഞ്ഞിട്ടുണ്ട്. ശത്രുക്കൾ അവരെ താങ്കളിൽ നിന്ന് ഒറ്റപ്പെടുത്തിക്കളയുമോയെന്ന് അവർക്ക് ഭയമുണ്ട്. അതിനാൽ അവരെ കാത്ത് നിൽക്കണം. അപ്പോൾ നബി ﷺ അങ്ങിനെ ചെയ്തു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ ഒരു കാട്ടുകഴുതയെ വേട്ടയാടി. ഞങ്ങളുടെ പക്കൽ അതിന്റെ ബാക്കിയുണ്ട്. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അനുചരന്മാരോട് പറഞ്ഞു: നിങ്ങൾ ഭക്ഷിച്ചുകൊള്ളുവിൻ. അവരെല്ലാം ഇഹ്റാമിൽ പ്രവേശിച്ചവരായിരുന്നു (ബുഖാരി:1824)

നാട്ടുകഴുതയെയും കോവര്‍കഴുതയെയും ഭക്ഷിക്കൽ ഹറാമാണെന്നും കാട്ടുകഴുതയെ ഭക്ഷിക്കൽ ഹലാലാണെന്നും ഇതിൽ നിന്നും വ്യക്തം.

തേറ്റയുള്ള മൃഗങ്ങളെയും നഖം കൊണ്ട് വേട്ടയാടുന്ന പക്ഷികളെയും

വശങ്ങളിൽ കാണപ്പെടുന്ന മൂർച്ചയുള്ള പല്ലുകൾ കൊണ്ട് വേട്ടയാടുന്ന ഹിംസ്രജന്തുക്കളെ ഭക്ഷിക്കുന്നതും, കാലിലെ നഖങ്ങൾ കൊണ്ട് അക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്ന പക്ഷികളെ ഭക്ഷിക്കുന്നതും നബി -ﷺ- വിലക്കിയിരിക്കുന്നു

عَنِ ابْنِ عَبَّاسٍ رَضيَ اللهُ عنهُما ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنْ كُلِّ ذِي نَابٍ مِنَ السِّبَاعِ وَعَنْ كُلِّ ذِي مِخْلَبٍ مِنَ الطَّيْرِ ‏.‏

ഇബ്‌നു അബ്ബാസ്  رَضِيَ اللَّهُ عَنْهُمَا യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹിംസ്രജന്തുക്കളായ മുനപ്പല്ലുകളുള്ള എല്ലാ ജീവികളെയും, റാഞ്ചാനുള്ള നഖങ്ങളുള്ള എല്ലാ പക്ഷികളെയും (ഭക്ഷിക്കുന്നത്) നബി -ﷺ- വിലക്കിയിരിക്കുന്നു. (മുസ്‌ലിം:1934)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ كُلُّ ذِي نَابٍ مِنَ السِّبَاعِ فَأَكْلُهُ حَرَامٌ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹിംസ്രജന്തുക്കളായ മുനപ്പല്ലുകളുള്ള എല്ലാ ജീവികളെയും ഭക്ഷിക്കൽ നിഷിദ്ധമാണ്. (മുസ്‌ലിം:1933)

ആന, സിഹം, കടുക, ചീറ്റ, നായ, പൂച്ച എന്നിവ ഉദാഹണം. എന്നാൽ ആട്, മുയൽ പോലെയുള്ള തേറ്റ ഇല്ലാത്ത ജീവജാലങ്ങളെ ഭക്ഷിക്കാവുന്നതാണ്.

عَنْ أَنَسٍ ـ رضى الله عنه ـ قَالَ أَنْفَجْنَا أَرْنَبًا بِمَرِّ الظَّهْرَانِ، فَسَعَى الْقَوْمُ فَلَغَبُوا، فَأَدْرَكْتُهَا فَأَخَذْتُهَا، فَأَتَيْتُ بِهَا أَبَا طَلْحَةَ فَذَبَحَهَا، وَبَعَثَ بِهَا إِلَى رَسُولِ اللَّهِ صلى الله عليه وسلم بِوَرِكِهَا ـ أَوْ فَخِذَيْهَا قَالَ فَخِذَيْهَا لاَ شَكَّ فِيهِ ـ فَقَبِلَهُ‏.‏ قُلْتُ وَأَكَلَ مِنْهُ قَالَ وَأَكَلَ مِنْهُ‏.‏ ثُمَّ قَالَ بَعْدُ قَبِلَهُ‏.‏

അനസ് رَضِيَ اللَّهُ عَنْهُ  പറയുന്നു: മര്‍ദള്ളഹ്റാന്‍ എന്ന സ്ഥലത്തുവെച്ച് ഞങ്ങളൊരു മുയലിനെ ഇളക്കിവിട്ടു. ആളുകള്‍ അതിന്‍റെ പിന്നാലെ ഓടി ക്ഷീണിച്ചു പോയി. അവസാനം ഞാന്‍ അതിനെ പിടികൂടി അബൂത്വല്‍ഹത്തിന്‍റെ അടുക്കല്‍ കൊണ്ടു വന്നു. അദ്ദേഹം അതിനെ അറുത്തു. അതിന്‍റെ തുട രണ്ടും നബി ﷺ ക്ക് കൊടുത്തയച്ചു. നബി ﷺ അതു സ്വീകരിച്ചു. നബി ﷺ അതില്‍ നിന്ന് ഭക്ഷിച്ചുവോ എന്ന് ഞാന്‍ (ഒരു നിവേദകന്‍)ചോദിച്ചു. അതെയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി:2572)

പക്ഷികളില്‍ നഖമുള്ളവ,റാഞ്ചിക്കൊണ്ട് പോകുന്ന എന്നിവക്ക് കഴുകൻ, പരുന്ത് പോലുള്ളവ ഉദാഹണം. എന്നാൽ പ്രാവ് പോലുള്ളവയെ ഭക്ഷിക്കാവുന്നതാണ്.

ജല്ലാല

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم يَوْمَ خَيْبَرَ عَنْ لُحُومِ الْحُمُرِ الأَهْلِيَّةِ وَعَنِ الْجَلاَّلَةِ عَنْ رُكُوبِهَا وَأَكْلِ لَحْمِهَا ‏.‏

അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഖൈബര്‍ യുദ്ധദിവസം നാടന്‍ കഴുതകളുടെ മാംസം ഭക്ഷിക്കുന്നത് വിരോധിച്ചു. ജല്ലാലയെ ഭക്ഷിക്കുന്നതും അവയിൽ യാത്ര ചെയ്യുന്നതും. (അബൂദാവൂദ്:3811)

عَنِ ابْنِ عَبَّاسٍ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنِ الْمُجَثَّمَةِ وَلَبَنِ الْجَلاَّلَةِ وَالشُّرْبِ مِنْ فِي السِّقَاءِ ‏.‏

ഇബ്‌നു അബ്ബാസ്  رَضِيَ اللَّهُ عَنْهُمَا യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അമ്പുകൊണ്ടോ വെടിവെച്ചോ വീഴ്ത്തിയ മൃഗങ്ങളെയും, ജല്ലാലയുടെ പാലും, അത് കൊണ്ടുണ്ടാക്കിയ പാത്രത്തിൽ നിന്ന് കുടിക്കുന്നതും അല്ലാഹുവിന്റെ ദൂതൻ നിരോധിച്ചു. (നസാഇ:4448)

കൊല്ലാൻ കല്പിച്ച ജീവികൾ

عَنْ عَائِشَةَ ـ رضى الله عَنْهَا ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ خَمْسٌ فَوَاسِقُ يُقْتَلْنَ فِي الْحَرَمِ الْفَأْرَةُ، وَالْعَقْرَبُ، وَالْحُدَيَّا، وَالْغُرَابُ، وَالْكَلْبُ الْعَقُورُ ‏”‏‏.‏

ആയിശാ  رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം:അഞ്ചുതരം മൃഗങ്ങൾ ദുഷ്പ്രവൃത്തിക്കാരാണ്, അവയെ ഹറമിൽപോലും കൊല്ലാം. അവ എലി, തേൾ, പരുന്ത് ഇനത്തിലെ പക്ഷി, കാക്ക, ഉപദ്രവകാരിയായ നായ എന്നിവയാണവ. (ബുഖാരി:3314)

عَنْ أُمِّ شَرِيكٍ ـ رضى الله عنها أَنَّ النَّبِيَّ صلى الله عليه وسلم أَمَرَهَا بِقَتْلِ الأَوْزَاغِ‏.‏

ഉമ്മുശരീക് رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബിﷺ അവരോട് പല്ലികളെ കൊല്ലാൻ കൽപിച്ചു. (ബുഖാരി:3307)

عَنْ عَبْدِ اللَّهِ، قَالَ بَيْنَمَا نَحْنُ مَعَ النَّبِيِّ صلى الله عليه وسلم فِي غَارٍ إِذْ نَزَلَتْ عَلَيْهِ وَالْمُرْسَلاَتِ، فَإِنَّهُ لَيَتْلُوهَا وَإِنِّي لأَتَلَقَّاهَا مِنْ فِيهِ وَإِنَّ فَاهُ لَرَطْبٌ بِهَا، إِذْ وَثَبَتْ عَلَيْنَا حَيَّةٌ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ اقْتُلُوهَا ‏”‏‏.‏ فَابْتَدَرْنَاهَا فَذَهَبَتْ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ وُقِيَتْ شَرَّكُمْ، كَمَا وُقِيتُمْ شَرَّهَا ‏”‏‏.‏ قَالَ عُمَرُ حَفِظْتُهُ مِنْ أَبِي فِي غَارٍ بِمِنًى‏.‏

അബ്ദില്ലാ رَضِيَ اللَّهُ عَنْهُ പറയുന്നു:  ഞങ്ങൾ നബിﷺ യുടെ കൂടെ ഒരു ഗുഹയിലായിരിക്കുമ്പോൾ, സൂറത്ത് മുർസലാത്ത് അദ്ദേഹത്തിന് അവതരിപ്പിച്ചു. അവിടുന്ന അത് ഓതിക്കൊടുത്തു.  ഞാൻ അത് അദ്ദേഹത്തിൽ നിന്ന് നേരിട്ട് കേട്ടു.. പെട്ടെന്ന് ഒരു പാമ്പ് ഞങ്ങളുടെ നേരെ ചാടി. നബിﷺ പറഞ്ഞു: അതിനെ കൊല്ലൂ. ഞങ്ങൾ അതിനെ കൊല്ലാൻ ഓടി, പക്ഷേ അത് വേഗത്തിൽ രക്ഷപ്പെട്ടു. നബിﷺപറഞ്ഞു. അത് നിങ്ങളുടെ തിന്മയിൽ നിന്ന് രക്ഷപ്പെട്ടു, നിങ്ങളും അതിന്റെ തിന്മയിൽ നിന്ന് രക്ഷപ്പെട്ടു. (ബുഖാരി:4934)

കൊല്ലരുതെന്ന് പറഞ്ഞ ജീവികൾ

عَنِ ابْنِ عَبَّاسٍ، قَالَ نَهَى رَسُولُ اللَّهِ ـ صلى الله عليه وسلم ـ عَنْ قَتْلِ أَرْبَعٍ مِنَ الدَّوَابِّ النَّمْلَةِ وَالنَّحْلِ وَالْهُدْهُدِ وَالصُّرَدِ ‏.‏

ഇബ്‌നു അബ്ബാസ്  رَضِيَ اللَّهُ عَنْهُمَا പറയുന്നു: ഉറുമ്പ്, തേനീച്ച, മരംകൊത്തി, ചെറിയ ഒരുതരം കിളി എന്നിങ്ങനെ നാല് തരം മൃഗങ്ങളെ കൊല്ലുന്നത് അല്ലാഹുവിൻ്റെ ദൂതൻ (ﷺ) വിലക്കിയിട്ടുണ്ട്. (ഇബ്നുമാജ:3224)

عَنْ عَبْدِ الرَّحْمَنِ بْنِ عُثْمَانَ، أَنَّ طَبِيبًا، سَأَلَ النَّبِيَّ صلى الله عليه وسلم عَنْ ضِفْدَعٍ يَجْعَلُهَا فِي دَوَاءٍ فَنَهَاهُ النَّبِيُّ صلى الله عليه وسلم عَنْ قَتْلِهَا ‏.‏

 തവളകളെ മരുന്നായി ഉപയോഗിക്കുന്നതിനെകുറിച്ച് ഒരു വൈദ്യൻ നബിﷺ യോട് ചോദിച്ചു. അപ്പോൾ അവയെ കൊല്ലുന്നത് നബിﷺ വിലക്കി. (അബൂദാവൂദ്:5269)

വേട്ടക്ക് പരിശീലിപ്പിച്ചിട്ടില്ലാത്ത ജന്തുക്കള്‍ സ്വന്താവശ്യാര്‍ത്ഥം പിടിച്ചു കൊണ്ടുവരുന്ന ജീവികൾ

വേട്ടക്ക് പരിശീലിപ്പിച്ച ജന്തുക്കള്‍ അവയുടെ സ്വന്താവശ്യാര്‍ത്ഥമല്ലാതെ അവയുടെ യജമാനന്മാരുടെ ആവശ്യാര്‍ത്ഥം പിടിച്ചു കൊണ്ടുവരുന്ന ജീവികൾ ചത്തു പോയിട്ടുണ്ടെങ്കില്‍ തന്നെയും അവ ഭക്ഷിക്കാവുന്നതാണല്ലോ. അല്ലാഹു പറഞ്ഞതുപോലെ:

وَمَا عَلَّمْتُم مِّنَ ٱلْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُ ۖ فَكُلُوا۟ مِمَّآ أَمْسَكْنَ عَلَيْكُمْ وَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهِ ۖ

അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിദ്യ ഉപയോഗിച്ച് നായാട്ട് പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക് വേണ്ടി പിടിച്ച് കൊണ്ടുവന്നതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്‍റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക. (ഖു൪ആന്‍ :5/4)

വേട്ടക്ക് പരിശീലിപ്പിച്ചിട്ടില്ലാത്ത ജന്തുക്കള്‍ സ്വന്താവശ്യാര്‍ത്ഥം പിടിച്ചു കൊണ്ടുവരുന്ന ജീവികളെ ഭക്ഷിക്കൽ നിഷിദ്ധമാണ്.

عَنْ عَدِيِّ بْنِ حَاتِمٍ، قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم فَقَالَ ‏”‏ إِذَا أَرْسَلْتَ كَلْبَكَ الْمُعَلَّمَ فَقَتَلَ فَكُلْ، وَإِذَا أَكَلَ فَلاَ تَأْكُلْ، فَإِنَّمَا أَمْسَكَهُ عَلَى نَفْسِهِ ‏”‏‏.‏ قُلْتُ أُرْسِلُ كَلْبِي فَأَجِدُ مَعَهُ كَلْبًا آخَرَ قَالَ ‏”‏ فَلاَ تَأْكُلْ، فَإِنَّمَا سَمَّيْتَ عَلَى كَلْبِكَ، وَلَمْ تُسَمِّ عَلَى كَلْبٍ آخَرَ ‏”‏‏.‏

അദിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു:  ഞാനൊരിക്കല്‍ നബി ﷺ യോട് (വേട്ടനായയെക്കുറിച്ച്) ചോദിച്ചു. അപ്പോള്‍ അവിടുന്നു അരുളി: പരിശീലനം നല്‍കിയ നിന്റെ നായയെ നീ വേട്ടക്ക് ഊരിവിടുകയും എന്നിട്ട് അത് ജീവിയെ വധിക്കുകയും ചെയ്താല്‍ നീ അതു ഭക്ഷിക്കുക. ആ നായ അതില്‍ നിന്ന് ഭക്ഷിച്ചാല്‍ നീ അതു ഭക്ഷിക്കരുത്. കാരണം അതിന് തിന്നാന്‍ വേണ്ടിയാണത് പിടിച്ചിരിക്കുന്നത്. ഞാന്‍ ചോദിച്ചു; ഞാനെന്റെ നായയെ അയക്കും. എന്നിട്ട് അതിന്റെ കൂടെ മറ്റൊരു നായയെ ചിലപ്പോള്‍ ഞാന്‍ കാണാറുണ്ട്. അവിടുന്നു പറഞ്ഞു. നീ അതു ഭക്ഷിക്കരുത്. കാരണം നിന്റെ നായയെ മാത്രമാണ് നീ ബിസ്മി ചൊല്ലി അയച്ചിട്ടുളളത്. മറ്റെ നായയെ നീ ബിസ്മി ചൊല്ലി അയച്ചിട്ടില്ല. (ബുഖാരി:175)

ഹറാമായത് ഹലാലാകുന്ന സാഹചര്യം

إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:2/173)

قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُۥٓ إِلَّآ أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُۥ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۚ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ ‎

(നബിയേ) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍ :6/145)

ഹറാമായത് ഭക്ഷിക്കുന്നത് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷാര്‍ഹമായ പാപമാണ്. എന്നാല്‍, നിര്‍ബന്ധിതാവസ്ഥ നേരിടുന്ന പക്ഷം, അപ്പോള്‍ അവ ഭക്ഷിക്കുന്നതിന് തെറ്റില്ലെന്ന് അല്ലാഹു അറിയിക്കുന്നു. സഹിക്കവയ്യാത്ത വിശപ്പോ ദാഹമോ ഉണ്ടാകുകയും ഇവയില്‍ ഏതെങ്കിലുമല്ലാതെ മറ്റൊന്നും കിട്ടാതിരിക്കുകയും ചെയ്യുക എന്നത്രെ നിര്‍ബന്ധിതാവസ്ഥ കൊണ്ടുദ്ദേശ്യം. പക്ഷേ, ഇതിലും ചില ഉപാധികളുണ്ട്. നിയമത്തെ ലംഘിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ടാവരുത്. ആവശ്യത്തില്‍ കവിഞ്ഞുകൊണ്ടുമാവരുത്. അഥവാ നിഷിദ്ധ വസ്തുക്കളെ ഉപയോഗിക്കുവാന്‍ സ്വന്തം നിലക്ക് ആഗ്രഹം തോന്നാതിരിക്കുകയും, അസഹനീയമായ വിഷമത്തില്‍ നി്ന്ന് മോചനം ലഭിക്കുവാനുള്ള അളവില്‍ കവിയാതിരിക്കുകയും വേണം. ഈ ആനുകൂല്യത്തെയും ഉപാധിയെയും സംബന്ധിച്ച് മാഇദഃയിലെ ആയത്തിലെ വാചകം ഇപ്രകാരമാകുന്നു:

فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :5/3)

അങ്ങനെ നിര്‍ബ്ബന്ധിതാവസ്ഥയില്‍പെട്ട് കഷ്ടപ്പെടുന്ന പക്ഷം, ഒരു കരുതിക്കൂട്ടലോ താല്‍പര്യമെടുക്കലോ ഇല്ലാതെ അത്യാവശ്യമായ അളവില്‍ മാത്രം ആ നിഷിദ്ധ വസ്തുക്കള്‍ ഏതെങ്കിലും ഉപയോഗിച്ചുകൊള്ളുന്നതിനു വിരോധമില്ല.

മ്‌ളേച്ഛവും ഉപദ്രകരവുമല്ലാത്തതുമായ വസ്തുക്കളെ കുറിച്ച്

ഇവിടെ ആമുഖത്തിൽ കൊടുത്ത ആയത്തുകളിൽ ഭക്ഷിക്കുമ്പോൾ ഹലാലായതിന് പുറമെ, ത്വയ്യിബ് ആയത് ഭക്ഷിക്കാനും പറഞ്ഞിരിക്കുന്നു. നല്ലത് ശുദ്ധമായത്, ഹൃദ്യമായത്, വിശിഷ്ടമായത് എന്നൊക്കെ അര്‍ത്ഥം കല്‍പിക്കാവുന്ന വാക്കാണ് طَيِّب (ത്വയ്യിബ്). ഇതിന്റെ എതിര്‍ പദമാണ് خَبِيث (ഖബീഥ്), ചീത്തയായത്, ദുഷിച്ചത്, മ്‌ളേച്ഛമായത് എന്നൊക്കെയാണിതിനര്‍ത്ഥം. മനസ്സിന് സ്വതവേ നന്നായും തൃപ്തികരമായും തോന്നുന്നത് എന്നാണ് ഇവിടെ ഉദ്ദേശ്യമെന്ന് സാമാന്യമായി പറയാം. അപ്പോൾ മ്‌ളേച്ഛവും ഉപദ്രകരവുമായ വസ്തുക്കളെല്ലാം ഭക്ഷിക്കാതിരിക്കുകയാണ് വേണ്ടതെന്ന് മനസ്സിലാകുന്നു.

ഹറാമായ സമ്പാദ്യം കൊണ്ടുള്ള ഭക്ഷണം

ഹലാലായ മാ൪ഗത്തിലൂടെ മാത്രമേ സമ്പാദിക്കാവൂ എന്നാണ് ഇസ്ലാമിന്റെ അദ്ധ്യാപനം. അപ്പോൾ അതുവഴിയുള്ള ഭക്ഷണം ഹലാലായിരിക്കും. ഹറാമായ മാ൪ഗത്തിലൂടെ സമ്പാദിച്ചാൽ കൊണ്ട് ലഭിക്കുന്ന ഭക്ഷണവും ഹറാമായിരിക്കും.

 

 

www.kanzululoom.com

 

 

 

Leave a Reply

Your email address will not be published. Required fields are marked *