തുച്ഛമായ ലാഭം ഇഷ്ടപ്പെടുന്നവരോട്

തൗറാത്ത് അവതരിപ്പിച്ചതിനെ കുറിച്ച് വിശുദ്ധ ഖുര്‍ആനിൽ അല്ലാഹു പറയുന്നു:

 إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسْلَمُوا۟ لِلَّذِينَ هَادُوا۟ وَٱلرَّبَّٰنِيُّونَ وَٱلْأَحْبَارُ بِمَا ٱسْتُحْفِظُوا۟ مِن كِتَٰبِ ٱللَّهِ وَكَانُوا۟ عَلَيْهِ شُهَدَآءَ ۚ فَلَا تَخْشَوُا۟ ٱلنَّاسَ وَٱخْشَوْنِ وَلَا تَشْتَرُوا۟ بِـَٔايَٰتِى ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَٰٓئِكَ هُمُ ٱلْكَٰفِرُونَ

തീര്‍ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌. (അല്ലാഹുവിന്‌) കീഴ്പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക് അതിനനുസരിച്ച് വിധികല്‍പിച്ച് പോന്നു. പുണ്യവാന്‍മാരും പണ്ഡിതന്‍മാരും (അതേ പ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു.) കാരണം അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം അവര്‍ക്ക് ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്‍റെ വചനങ്ങള്‍ നിങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച് തന്നതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍. (ഖു൪ആന്‍:5/44)

വേദക്കാരോട് അല്ലാഹു പറയുന്നു:

وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرِۭ بِهِۦ ۖ وَلَا تَشْتَرُوا۟ بِـَٔايَٰتِى ثَمَنًا قَلِيلًا وَإِيَّٰىَ فَٱتَّقُونِ

നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട് ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്‌. തുച്ഛമായ വിലയ്ക്ക് (ഭൗതിക നേട്ടത്തിനു) പകരം എന്റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്‌. എന്നോട് മാത്രം നിങ്ങള്‍ ഭയഭക്തി പുലര്‍ത്തുക. (ഖു൪ആന്‍:2/41)

‘എന്‍റെ ആയത്തുകള്‍ക്ക് നിങ്ങള്‍ കുറഞ്ഞ വില വാങ്ങരുത് (وَلا ﺗَﺸْﺘَﺮُﻭﺍ ﺑِﺎَﻳَﺎﺗِﻰ ﺛَﻤَﻨًﺎﻗَﻠِﻴﻼ‌) എന്ന വാക്യം കുറേ വിപുലമായ ആശയം ഉള്‍ക്കൊള്ളുന്നതാകുന്നു. അല്ലാഹുവിന്‍റെ വിധിവിലക്കുകളും, ആജ്ഞാനിര്‍ദ്ദേശങ്ങളും, ലക്ഷ്യദൃഷ്ടാന്തങ്ങളും അവഗണിച്ചുകൊണ്ട് അവക്ക് പകരം ഐഹികമായ കാര്യലാഭങ്ങളൊന്നും സ്വീകരിക്കരുതെന്നാണിതിന്‍റെ രത്‌നച്ചുരുക്കം. മത കാര്യങ്ങളിലും നീതിന്യായങ്ങളിലും കൈക്കൂലിയും മാമൂലും വാങ്ങുക, നേതൃത്വമോഹം, സ്ഥാന നഷ്ടഭയം, സ്വാര്‍ത്ഥതാല്‍പര്യം എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ മതശാസനകള്‍ ലംഘിക്കുകയോ സത്യം മൂടിവെക്കുകയോ ചെയ്യുക, മത നിയമങ്ങള്‍ മറച്ചുവെച്ച് അതില്‍നിന്ന് മുതലെടുക്കുക മുതലായ കാര്യങ്ങളെല്ലാം ഇതില്‍പെടുന്നു. അല്ലാഹുവിന്‍റെ ‘ആയത്തുകളെ അപേക്ഷിച്ച് അവയെല്ലാം വില കുറഞ്ഞതും നിസ്സാരവുമാണല്ലോ.

قُلْ مَتَٰعُ ٱلدُّنْيَا قَلِيلٌ

നീ പറയുക: ഇഹലോക വിഭവം തുച്ഛമായതാകുന്നു. (ഖു൪ആന്‍:4/77)

ഇസ്‌റാഈല്യരെ അഭിമുഖീകരിച്ചുകൊണ്ട് ഇതു പറയുവാന്‍ കാരണം. മുകളില്‍ പറഞ്ഞതുപോലുള്ള ദുഃസ്സമ്പ്രദായങ്ങള്‍ അവരില്‍ സര്‍വ്വത്രയായിരുന്നതുകൊണ്ടും, അവര്‍ സത്യവിശ്വാസം സ്വീകരിക്കാതിരുന്നത് അത്തരം ഐഹിക സ്വാര്‍ത്ഥങ്ങള്‍ നിമിത്തമായതുകൊണ്ടുമാകുന്നു. ഈ വാക്യം അവരെ അഭിമുഖീകരിച്ചാണെന്നും മുസ്‌ലിംകള്‍ക്ക് ബാധകമല്ലെന്നും കരുതേണ്ടതില്ല. നബി ﷺ പറഞ്ഞതായി അബൂഹുറൈറ رَضِيَ اللَّهُ عَنْهُ ഇപ്രകാരം ഉദ്ധരിക്കുന്നു:

من تعلم علما مما يبتغى به وجه الله لا يتعلمه إلا ليصيب به عرضا من الدنيا لم يرح رائحة الجنة يوم القيامة

അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിക്കപ്പെടേണ്ടതായ ഒരു അറിവ് ഒരാള്‍ പഠിച്ചു; ഇഹത്തില്‍നിന്നുള്ള വല്ല വിഭവവും അതുമുഖേന നേടുവാനല്ലാതെ അവനത് പഠിച്ചിരുന്നില്ല; എന്നാല്‍ ക്വിയാമത്തു നാളില്‍ സ്വര്‍ഗത്തിന്‍റെ വാസന അവന്‍ വാസനിക്കുകയില്ലതന്നെ.

ഈ ഹദീഥ് ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു കഥീര്‍ رحمه الله പ്രസ്താവിച്ച ചില സംഗതികള്‍ അറിയുന്നത് സര്‍ഭോചിതമായിരിക്കും.

وأما تعليم العلم بأجرة ، فإن كان قد تعين عليه فلا يجوز أن يأخذ عليه أجرة ، ويجوز أن يتناول من بيت المال ما يقوم به حاله وعياله ، فإن لم يحصل له منه شيء وقطعه التعليم عن التكسب ، فهو كما لم يتعين عليه ، وإذا لم يتعين عليه ، فإنه يجوز أن يأخذ عليه أجرة عند مالك والشافعي وأحمد وجمهور العلماء

അറിവ് (മതപരമായ അറിവ്) പഠിപ്പിച്ചുകൊടുക്കുവാന്‍ വേറെ ആളില്ലാതെ ഒരാള്‍ നിയമിക്കപ്പെട്ടുകഴിഞ്ഞാല്‍, അത് പഠിപ്പിച്ചുകൊടുക്കുന്നതിന് അവന്‍ പ്രതിഫലം വാങ്ങുവാന്‍ പാടില്ല. ‘ബൈത്തുല്‍ മാലില്‍’ (പൊതു ഭണ്ഡാരത്തില്‍) നിന്ന് അവന്‍റെയും ഭാര്യാമക്കള്‍ മുതലായവരുടെയും അത്യാവശ്യങ്ങള്‍ക്കുള്ള വക അവന് സ്വീകരിക്കാം. ബൈത്തുല്‍ മാലില്‍നിന്ന് അത് ലഭിക്കാതിരിക്കുകയും, അദ്ധ്യാപനവൃത്തി നിമിത്തം വേറെ ജോലിക്ക് സാധിക്കാതെ വരുകയും ചെയ്താല്‍ പ്രതിഫലം വാങ്ങുന്നതിന് വിരോധമില്ല.

അനുഗ്രഹങ്ങളെ ഓര്‍മിക്കലും കരാറു നിറവേറ്റലും എല്ലാവരുടെയും കടമയാണല്ലോ. അതില്‍ പണ്ഡിതന്മാരും അല്ലാത്തവരുമെന്ന വ്യത്യാസമില്ല. ആയത്തുകള്‍ക്ക് തുച്ഛം വിലവാങ്ങുന്ന വിഷയം പ്രധാനമായും പണ്ഡിതന്മാരെ ബാധിക്കുന്നതായിരിക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/77 ന്റെ വിശദീകരണം)

{وَلا تَشتَروا بِآياتي ثَمَنًا قَليلًا} سُئل الحسن البصري رحمه الله :عن
﴿ ثَمَنًا قَليلًا ﴾ ؟ فقال: الثمنُ القليل الدُّنيا بحذافيرها

{എന്‍റെ ആയത്തുകള്‍ക്ക് നിങ്ങള്‍ തുഛമായ വില വാങ്ങുകയുമരുത് (2:41)} ”തുഛമായ വില ”എന്നതിനെക്കുറിച്ച് ഹസനുല്‍ ബസ്വരി رحمه الله യോട് ചോദിക്കപ്പെട്ടു: അപ്പോള്‍ അദ്ദേഹം പറഞ്ഞു: ദുനിയാവ് മുഴുവനുമാകുന്നു. (തഫ്സീര്‍ ഇബ്നു കസീര്‍-1/367)

വേദഗ്രന്ഥത്തെപ്പറ്റി മനസ്സിലാക്കിയിട്ടും കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടി  അല്ലാഹുവിന്റെയും മതത്തിന്റെയും പേരില്‍ കളവും അനീതിയും കെട്ടിച്ചമയ്ക്കുന്ന വേദക്കാരിലെ പണ്ഢിത പുരോഹിതൻമാര്‍ക്ക് ശിക്ഷയുണ്ടെന്ന് അല്ലാഹു അറിയിക്കുന്നു:

فَوَيْلٌ لِّلَّذِينَ يَكْتُبُونَ ٱلْكِتَٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ

എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്‌.) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം. (ഖു൪ആന്‍:2/79)

ഈ വചനം യഹൂദികളെ ആക്ഷേപിച്ചു കൊണ്ട് അവതരിച്ചതാണെങ്കിലും, ക്വുര്‍ആനെയും നബിവചനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടും ഇസ്‌ലാമിന്റെ അംഗീകൃത തത്വങ്ങളെയും നിയമങ്ങളെയും മാറ്റി മറിച്ചുകൊണ്ടും, അതിന് കൃത്രിമമായ തെളിവുകളും ന്യായങ്ങളും സമര്‍പ്പിച്ചുകൊണ്ടും ഗ്രന്ഥങ്ങള്‍ മുഖേനയോ മറ്റോ മതത്തിന്റെ പേരില്‍ പ്രചാരണം നടത്തി മുതലെടുക്കുന്ന എല്ലാ പണ്ഡിത പുരോഹിതന്‍മാര്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ബാധകമാണ് ഈ താക്കീത് എന്നുള്ളതില്‍ സംശയമില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/79 ന്റെ വിശദീകരണം)

إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَٰبِ وَيَشْتَرُونَ بِهِۦ ثَمَنًا قَلِيلًا ۙ أُو۟لَٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ‎﴿١٧٤﴾‏ أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَٰلَةَ بِٱلْهُدَىٰ وَٱلْعَذَابَ بِٱلْمَغْفِرَةِ ۚ فَمَآ أَصْبَرَهُمْ عَلَى ٱلنَّارِ ‎﴿١٧٥﴾

അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്‌) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. സന്‍മാര്‍ഗത്തിനു പകരം ദുര്‍മാര്‍ഗവും, പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു അവര്‍. നരകശിക്ഷ അനുഭവിക്കുന്നതില്‍ അവര്‍ക്കെന്തൊരു ക്ഷമയാണ്‌! (ഖു൪ആന്‍:2/174-175)

അവതരണ സന്ദര്‍ഭം നോക്കുമ്പോള്‍ നബി തിരുമേനി  ﷺ യുടെ സത്യതയെ സ്ഥാപിച്ചും പ്രവചിച്ചുംകൊണ്ട് തൗറാത്തിലും ഇന്‍ജീലിലും വന്നിട്ടുള്ള സത്യങ്ങളെ ജനങ്ങള്‍ക്ക് വെളിവാക്കിക്കൊടുക്കാതെ മൂടിവെക്കുന്ന വേദക്കാരായ പണ്ഡിതന്‍മാരെ – വിശേഷിച്ചും യഹൂദി പണ്ഡിതന്‍മാരെ – സംബന്ധിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കപ്പെടുന്നത്. പക്ഷേ, ഈ വചനങ്ങളിലെ വാചകങ്ങള്‍ പരിശോധിക്കുമ്പോഴും, അവതരണ കാരണം പ്രത്യേകമായിരുന്നാലും വിധി പൊതുവായിരിക്കുമെന്ന തത്വപ്രകാരവും ഈ വചനങ്ങള്‍ അവരെ മാത്രം ബാധിക്കുന്നതാണെന്ന് കരുതിക്കൂടാ. വേദവിജ്ഞാനങ്ങളും മതസത്യങ്ങളും അറിഞ്ഞുകൊണ്ട് – എന്തെങ്കിലും കാര്യലാഭങ്ങളെയും, സ്വാര്‍ത്ഥ താല്‍പര്യങ്ങളെയും ഉദ്ദേശിച്ചുകൊണ്ട് – മൂടിവെക്കുന്ന എല്ലാവര്‍ക്കും ബാധകമാണ് ഈ താക്കീതുകള്‍ എന്നതില്‍ സംശയമില്ല. ഈ ദുഃസ്സമ്പ്രദായത്തിന്‍റെ ഭയങ്കരത എത്രമാത്രമാണെന്ന് ഈ വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നത് നോക്കുക:

(1) അല്ലാഹു വേദഗ്രന്ഥത്തില്‍ അവതരിപ്പിച്ചതിനെയാണവര്‍ മൂടിവെക്കുന്നത്. ഇത് അല്ലാഹുവിനോട് ചെയ്യുന്ന ധിക്കാരമാണല്ലോ.

(2) മൂടിവെക്കുന്നതിന് പകരം അവര്‍ക്ക് ലഭിക്കുന്ന വില – അതിന് പകരം ലഭിക്കുന്ന നേട്ടം – കേവലം തുച്ഛവും നിസ്സാരവുമായിരിക്കും. ഐഹികമായ ലാഭങ്ങളോ താല്‍കാലിക നേട്ടങ്ങളോ മാത്രമാണ് ഈ കൃത്യത്തിന് അവരെ പ്രേരിപ്പിക്കുന്നത്. ഐഹികമായ നേട്ടങ്ങള്‍ എത്ര തന്നെ വമ്പിച്ചതായിരുന്നാലും അത് കേവലം നിസ്സാരം തന്നെയായിരിക്കും.

فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الْآخِرَةِ إِلَّا قَلِيلٌ

ഇഹലോക ജീവിതത്തിന്‍റെ സുഖസൗകര്യം പരലോകസുഖത്തെ അപേക്ഷിച്ച് തുച്ഛമല്ലാതെ ഇല്ല. (സൂറ:തൗബ – 38)

(3) ധനസമ്പാദനവും നേതൃത്വമോഹവും ഉദരപൂരണവുമായിരിക്കുമല്ലോ ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം. വാസ്തവത്തില്‍ അത് അഗ്നികൊണ്ട് വയറു നിറക്കലാണ്. അഥവാ അതിന്‍റെ പേരില്‍ അവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ ഓരോന്നും പരലോകത്തില്‍ അവരെ നരകാഗ്നിക്ക് ഇരയാക്കുകയാണ് ചെയ്യുന്നത്

(4) അത്തരക്കാര്‍ ഇവിടെ വലിയ നേതാക്കളും വമ്പന്മാരുമായി അഭിനയിക്കുന്നവരായിരിക്കുമെങ്കിലും അല്ലാഹുവിന്‍റെ മുമ്പില്‍ അവര്‍ നിന്ദ്യരും വെറുക്കപ്പെട്ടവരുമായിരിക്കും. അതിനാല്‍, ക്വിയാമത്തുനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകപോലും ചെയ്കയില്ല. ഇതിലധികം നിന്ദ്യത മറ്റെന്താണുള്ളത് ?!

(5) അവരുടെ ദയനീയതയോ നിസ്സഹായതയോ പരിഗണിച്ച് അവരെ ഏതെങ്കിലും വിധേന നന്നാക്കി എടുക്കുവാനോ, അവര്‍ക്ക് പരിശുദ്ധി നല്‍കുവാനോ അല്ലാഹു തയ്യാറാകുന്നതുമല്ല.

(6) ഇതിനെല്ലാം പുറമെ, വേദനയേറിയ ശിക്ഷയും, അഥവാ കഠിനകഠോരമായ നരകശിക്ഷയും!

സത്യം ഇന്ന പ്രകാരമാണെന്ന് അറിയാതെയും, അന്വേഷിക്കാതെയും വഴിപിഴച്ചു പോകുന്നതിനെക്കാള്‍ ഗൗരവപ്പെട്ടതാണ് ഇക്കൂട്ടരുടെ വഴിപിഴവ്. സത്യം അറിഞ്ഞിട്ടും കല്‍പിച്ചു കൂട്ടി ഒളിച്ചുവെക്കുകയാണിവര്‍ ചെയ്യുന്നത്. അതും തുച്ഛമായ നേട്ടങ്ങള്‍ക്ക് വേണ്ടി. അപ്പോള്‍, സന്‍മാര്‍ഗം വിറ്റു ദുര്‍മാര്‍ഗം വിലക്കുവാങ്ങുകയും, അല്ലാഹുവിങ്കല്‍ നിന്ന് പാപമോചനം ലഭിക്കുവാനുള്ള മാര്‍ഗങ്ങള്‍ കൊട്ടി അടച്ചു അതിന് പകരം അവന്‍റെ ശിക്ഷ കൈനീട്ടി വാങ്ങുകയുമാണ് വാസ്തവത്തില്‍ ഈ പ്രവര്‍ത്തനം മുഖേന സംഭവിക്കുന്നത്. നരക ശിക്ഷ എത്രതന്നെ കഠിനകഠോരമായാലും അത് ഞങ്ങള്‍ സഹിച്ചും ക്ഷമിച്ചും കൊള്ളാം. താല്‍ക്കാലികമായ ഈ കാര്യലാഭങ്ങളാണ് അതിനെക്കാള്‍ തങ്ങള്‍ക്ക് പ്രിയംകരമായത് എന്ന ഭാവമാണല്ലോ ഇവരില്‍ നിന്ന് പ്രകടമാകുന്നത്. അതാണ് അല്ലാഹു ചോദിക്കുന്നത്, ഇവര്‍ക്ക് നരകത്തെപ്പറ്റി ഇത്ര സഹനം നല്‍കിയത് എന്താണ്? (فَمَا أَصْبَرَهُمْ عَلَى النَّارِ) എന്ന്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/174-175 ന്റെ വിശദീകരണം)

وَإِذْ أَخَذَ ٱللَّهُ مِيثَٰقَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ لَتُبَيِّنُنَّهُۥ لِلنَّاسِ وَلَا تَكْتُمُونَهُۥ فَنَبَذُوهُ وَرَآءَ ظُهُورِهِمْ وَٱشْتَرَوْا۟ بِهِۦ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ

വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും, തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്‌. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ. (ഖു൪ആന്‍:3/187)

വേദഗ്രന്ഥത്തിന്റെ ഉള്ളടക്കങ്ങളൊന്നും മൂടിവെക്കാതെ യഥാരൂപത്തില്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുവാന്‍ വേദക്കാര്‍ പൊതുവിലും, അവരിലെ പണ്ഡിതന്‍മാര്‍ പ്രത്യേകിച്ചും ബാധ്യസ്ഥരാണ്. അവരുടെ പ്രവാചകന്‍മാര്‍ മുഖേന അതവരെ ചുമതലപ്പെടുത്തുകയും, അവരത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അതാണ് അവരുടെ ഉറപ്പ് – കരാര്‍- അല്ലാഹു മേടിച്ചു എന്ന് പറഞ്ഞത്. ഈ കരാര്‍ അവര്‍ പാലിച്ചില്ല. വേദഗ്രന്ഥം തന്നെ പുറം തള്ളിക്കളയുകയാണവര്‍ ചെയ്തത്.  അതിന്റെ പല ഭാഗങ്ങളും – വിശേഷിച്ച് നബി ﷺ യുടെ പ്രവാചകത്വത്തെ സ്ഥിരീകരിക്കുന്നതും, തങ്ങളുടെ മാമൂലാചാരങ്ങള്‍ക്ക് നിരക്കാത്തതും – അവര്‍ വിട്ടുകളഞ്ഞു. അഥവാ പുറത്തു പറയാതെയും, അന്യഥാ വ്യാഖ്യാനിച്ചും, മാറ്റി മറിച്ചും യഥാര്‍ത്ഥം മൂടിവെച്ച് കളഞ്ഞു. ഐഹികമായ കാര്യലാഭങ്ങളും സ്വാര്‍ത്ഥമോഹങ്ങളും മാത്രമാണ് ഇതിന് അവരെ പ്രേരിപ്പിച്ചതും. അങ്ങനെ, തങ്ങളുടെ ശാശ്വതമായ രക്ഷക്കും മോക്ഷത്തിനുമുള്ള മാര്‍ഗങ്ങള്‍ അവര്‍ കൊട്ടി അടക്കുകയും, പകരം താത്കാലികവും നശ്വരവുമായ തുച്ഛം നേട്ടങ്ങള്‍ കൊണ്ട് തൃപ്തി അടയുകയും ചെയ്തു. ഈ കച്ചവടവും, അതില്‍ നിന്നുള്ള ലാഭവും അങ്ങേഅറ്റം മോശപ്പെട്ടത് തന്നെ! എന്നിങ്ങനെയാണ് ആദ്യത്തെ വചനത്തിന്‍റെ സാരം.

വേദഗ്രന്ഥത്തിന്റെ അദ്ധ്യാപനങ്ങളെ ജനങ്ങള്‍ക്ക് വിവരിച്ചു കൊടുക്കാതെ മൂടിവെക്കുന്ന യഹൂദികളെക്കുറിച്ച് വന്ന ഈ താക്കീതും ആക്ഷേപവും അതുപോലെ ക്വുര്‍ആന്റെ അദ്ധ്യാപനങ്ങളെ മൂടിവെക്കുന്ന മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കും ബാധകമാണെന്നുള്ളതില്‍ സംശയമില്ല. അതുപോലെത്തന്നെ, സന്ദര്‍ഭം നോക്കുമ്പോള്‍ രണ്ടാമത്തെ വചനത്തില്‍ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് വേദക്കാരായ ആളുകളാണെന്ന് തോന്നാമെങ്കിലും, അതിലെ വാക്കുകള്‍ നോക്കുമ്പോള്‍ സത്യവിശ്വാസികളെന്നോ, അവിശ്വാസികളെന്നോ, കപടവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ എല്ലാതരം ആളുകളെയും ഉള്‍പ്പെടുത്തുന്നതാണ് ആ വചനമെന്നും കാണാവുന്നതാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 3/187 ന്റെ വിശദീകരണം)

إِنَّ ٱلَّذِينَ يَشْتَرُونَ بِعَهْدِ ٱللَّهِ وَأَيْمَٰنِهِمْ ثَمَنًا قَلِيلًا أُو۟لَٰٓئِكَ لَا خَلَٰقَ لَهُمْ فِى ٱلْـَٔاخِرَةِ وَلَا يُكَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيْهِمْ يَوْمَ ٱلْقِيَٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ

അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌. (ഖു൪ആന്‍:3/77)

നബി ﷺ യില്‍ വിശ്വസിക്കുക, അവിടുന്ന് കൊണ്ടു വന്ന മാര്‍ഗം പിന്‍പറ്റുക മുതലായവ ചെയ്തുകൊള്ളാമെന്ന നിശ്ചയവും പ്രതിജ്ഞയുമാണിവിടെ പ്രധാനമായും ഉദ്ദേശ്യം. അല്ലാഹുവിനോടു ബാധ്യത ഏറ്റിട്ടുള്ള കരാറുകളും ശപഥങ്ങളും നിറവേറ്റാതെ, അതിന് പകരം നിസ്സാരമായ വില – ഐഹികമായ കാര്യലാഭങ്ങള്‍ – കൊണ്ട് തൃപ്തിപ്പെടുന്നവര്‍ക്ക് പരലോകത്ത് യാതൊരു നന്മയും രക്ഷയും ലഭിക്കാനില്ലെന്നും, കാരുണ്യത്തിന്‍റെയോ, സ്‌നേഹത്തിന്‍റെയോ, മാപ്പിന്‍റെയോ കണികപോലും അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുകയില്ലെന്നും, അതോടുകൂടി അതികഠിനമായ ശിക്ഷയും അവര്‍ അനുഭവിക്കേണ്ടി വരുമെന്നും അല്ലാഹു താക്കീത് ചെയ്യുന്നു. അവരോട് അല്ലാഹു സംസാരിക്കുകയില്ലെന്നും, അവരുടെ നേരെ നോക്കുകയില്ലെന്നും പറഞ്ഞത് അല്ലാഹുവിന് അവരോടുള്ള അമര്‍ഷത്തിന്‍റെ ഗൗരവമാണ് കുറിക്കുന്നത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 3/77 ന്റെ വിശദീകരണം)

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‌‏ مَنِ اقْتَطَعَ مَالَ امْرِئٍ مُسْلِمٍ بِيَمِينٍ كَاذِبَةٍ، لَقِيَ اللَّهَ وَهْوَ عَلَيْهِ غَضْبَانُ ‏”‌‏.‏ قَالَ عَبْدُ اللَّهِ ثُمَّ قَرَأَ رَسُولُ اللَّهِ صلى الله عليه وسلم مِصْدَاقَهُ مِنْ كِتَابِ اللَّهِ جَلَّ ذِكْرُهُ ‏{‏إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلاً أُولَئِكَ لاَ خَلاَقَ لَهُمْ فِي الآخِرَةِ وَلاَ يُكَلِّمُهُمُ اللَّهُ‏}‏ الآيَةَ‏.‏

അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുന്നതിനു വേണ്ടി കള്ളസത്യം ചെയ്യുന്നവൻ അല്ലാഹുവിനെ കോപിഷ്ടനായിട്ടായിരിക്കും കണ്ടുമുട്ടുക. അബ്ദുല്ല رَضِيَ اللَّهُ عَنْهُ പറയുന്നു: പിന്നീട്  നബി ﷺ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന ആയത്ത്  ഓതികേൾപ്പിച്ചു. {അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛമായ വിലക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌.} (ആലുഇംറാൻ:77) (ബുഖാരി: 7445)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: ثَلاَثَةٌ لاَ يَنْظُرُ اللَّهُ إِلَيْهِمْ يَوْمَ الْقِيَامَةِ، وَلاَ يُزَكِّيهِمْ، وَلَهُمْ عَذَابٌ أَلِيمٌ رَجُلٌ كَانَ لَهُ فَضْلُ مَاءٍ بِالطَّرِيقِ، فَمَنَعَهُ مِنِ ابْنِ السَّبِيلِ، وَرَجُلٌ بَايَعَ إِمَامًا لاَ يُبَايِعُهُ إِلاَّ لِدُنْيَا، فَإِنْ أَعْطَاهُ مِنْهَا رَضِيَ، وَإِنْ لَمْ يُعْطِهِ مِنْهَا سَخِطَ، وَرَجُلٌ أَقَامَ سِلْعَتَهُ بَعْدَ الْعَصْرِ، فَقَالَ وَاللَّهِ الَّذِي لاَ إِلَهَ غَيْرُهُ لَقَدْ أَعْطَيْتُ بِهَا كَذَا وَكَذَا، فَصَدَّقَهُ رَجُلٌ‏.‏ ثُمَّ قَرَأَ هَذِهِ الآيَةَ ‏{‏إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلاً‏}‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം മനുഷ്യന്മാര്‍ ഉണ്ട്. അന്ത്യദിനത്തില്‍ അല്ലാഹു അവരുടെ നേരെ (പരിഗണനാപൂര്‍വം) നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. (1) വഴിയരികില്‍ മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യന്‍. (2) ഭൌതിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇമാമിനോട് അനുസരണ പ്രതിജ്ഞ ചെയ്ത മനുഷ്യന്‍. ഇമാം അവന് വല്ല കാര്യലാഭവും നേടിക്കൊടുത്താല്‍ അവന്‍ സംതൃപ്തനാകും, ഇല്ലെങ്കിലോ വെറുപ്പും. (3) തന്റെ ചരക്ക് അസറിന് ശേഷം അങ്ങാടിയിലിറക്കി അല്ലാഹുവാണ് സത്യം, ഞാന്‍‌ ഈ ചരക്ക് ഇന്ന നിലവാരത്തില്‍ വാങ്ങിയതാണ് എന്ന് ഒരാള്‍ സത്യം ചെയ്തു പറഞ്ഞു. ഇതുകേട്ട് വിശ്വസിച്ച് മറ്റൊരാള്‍ ചരക്ക് വാങ്ങി. ആ മനുഷ്യനും. അനന്തരം നബി ﷺ ഇപ്രകാരം ഓതി :{നിശ്ചയം തന്റെ പ്രതിജ്ഞയേയും അല്ലാഹുവിനോട് ചെയ്ത കരാറുകളും തുച്ഛമായ വിലക്ക് വാങ്ങുന്നവര്‍}. (ബുഖാരി:2358)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *