മറവിലും ഒളിവിലുമായി ഒരു മുസ്‌ലിമില്‍നിന്നു സംഭവിച്ചുപോയ തെറ്റുകളും കുറവുകളും പരസ്യമാക്കാതിരിക്കലും അതിന്റെ പേരില്‍ അവന്റെ അഭിമാനത്തെ മോശപ്പെടുത്താതിരിക്കലും ഉത്തമ ഗുണവും മാന്യതയുമാണ്. വിശിഷ്യാ തെറ്റുപറ്റിയ വ്യക്തി സച്ചരിതനും സല്‍കീര്‍ത്തിയുള്ളവനുമാണെങ്കില്‍. അഭിമാനം അന്യോന്യം സംരക്ഷിക്കുവാനും പ്രതിരോധിക്കുവാനുമാണ് കല്‍പനയുള്ളത്. അടിയാറുകളുടെ കുറവുകളും നഗ്നതകളും മറയ്ക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ചു. നീചവൃത്തികള്‍ പരസ്യപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും വിരോധിച്ചു. അത് പരസ്യപ്പെടുത്തുന്നവര്‍ക്ക് നോവേറുന്ന ശിക്ഷയുണ്ടെന്ന് അവന്‍ മുന്നറിയിപ്പേകുകയും ചെയ്തു.
إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَٰحِشَةُ فِى ٱلَّذِينَ ءَامَنُوا۟ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. (ഖു൪ആന്‍:24/19)
عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ يَا مَعْشَرَ مَنْ آمَنَ بِلِسَانِهِ وَلَمْ يَدْخُلِ الإِيمَانُ قَلْبَهُ لاَ تَغْتَابُوا الْمُسْلِمِينَ وَلاَ تَتَّبِعُوا عَوْرَاتِهِمْ فَإِنَّهُ مَنِ اتَّبَعَ عَوْرَاتِهِمْ يَتَّبِعِ اللَّهُ عَوْرَتَهُ وَمَنْ يَتَّبِعِ اللَّهُ عَوْرَتَهُ يَفْضَحْهُ فِي بَيْتِهِ ” .
അബൂബര്‍സ رضى الله عنه വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ഹൃദയത്തിലേക്ക് ഈമാന്‍ പ്രവേശിക്കാതെ നാവുകൊണ്ട് മാത്രം വിശ്വസിച്ചവരേ! നിങ്ങള്‍ മുസ്‌ലിംകളെക്കുറിച്ച് പരദൂഷണം പറഞ്ഞു നടക്കരുത്. അവരുടെ കുറവ് അന്വേഷിച്ച് പിറകെ നിങ്ങള്‍ നടക്കുകയുമരുത്. കാരണം ആരാണോ അവരുടെ കുറവുകള്‍ അന്വേഷിച്ച് അവരുടെ പിറകെ നടക്കുന്നത് അവരുടെ കുറവുകള്‍ അല്ലാഹു പിന്തുടര്‍ന്ന് പിടിക്കും. ആരുടെ കുറവുകളാണോ അല്ലാഹു പിന്തുടര്‍ന്ന് പിടികൂടുന്നത് അവനെ തന്റെ ഭവനത്തില്‍ വെച്ച് അല്ലാഹു വഷളാക്കും. (സുനനു അബീദാവൂദ്:4880 – അല്‍ബാനി ഹദീഥിനെ സഹീഹാക്കിയിട്ടുണ്ട്)
عن ثوبان عن النبي صلى الله عليه وسلم قال لا تؤذوا عباد الله ولا تعيروهم ولا تطلبوا عوراتهم فإنه من طلب عورة أخيه المسلم طلب الله عورته حتى يفضحه في بيته
ഥൗബാൻ رضى الله عنه വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്റെ ദാസന്മാരെ ദ്രോഹിക്കരുത്. അവരെ നിങ്ങള്‍ ആക്ഷേപിക്കുകയും ചെയ്യരുത്. അവരുടെ കുറവുകള്‍ നിങ്ങള്‍ അന്വേഷിക്കരുത്. കാരണം വല്ലവനും തന്റെ മുസ്‌ലിമായ സഹോദരന്റെ കുറവുകള്‍ അന്വേഷിച്ചാല്‍ അല്ലാഹു അവന്റെ കുറവുകള്‍ അന്വേഷിക്കുകയും അങ്ങനെ അവന്റെ വീട്ടില്‍ വെച്ച് അവനെ വഷളാക്കുകയും ചെയ്യും. (മുസ്‌നദുഅഹ്മദ്. അര്‍നാഊത്വ് സ്വഹീഹുന്‍ലിഗയ്‌രിഹീയെന്നുപറഞ്ഞു).
അബൂഹുറൈറ رضى الله عنه വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: …. നിങ്ങള്‍ തെറ്റുകള്‍ രഹസ്യമായി അന്വേഷിക്കരുത്… (ബുഖാരി)
അന്യരുടെ കുറവുകളും പോരായ്മകളും മറയ്ക്കുന്നതിന് അല്ലാഹു മഹത്തായ പ്രതിഫലമാണ് വാഗ്ദാനമേകിയിരിക്കുന്നത്.
عَنْ أُمِّ الدَّرْدَاءِ، عَنْ أَبِي الدَّرْدَاءِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ مَنْ رَدَّ عَنْ عِرْضِ أَخِيهِ رَدَّ اللَّهُ عَنْ وَجْهِهِ النَّارَ يَوْمَ الْقِيَامَةِ ” .
അബുദ്ദര്‍ദാഅ് رضى الله عنه വില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ പറഞ്ഞു: ”തന്റെ സഹോദരന്റെ അഭിമാനത്തെ ആരെങ്കിലും പ്രതിരോധിച്ചാല്‍ ക്വിയാമത്ത് നാളില്‍ അല്ലാഹു അവന്റെ മുഖത്തുനിന്നും നരകത്തെ തടുക്കും” (സുനനുത്തിര്‍മിദി:1931 – അല്‍ബാനി ഹദീഥിനെ ഹസനാക്കിയിട്ടുണ്ട്).
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ….وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالآخِرَةِ
അബൂഹുറൈറ رضى الله عنه വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: …ഒരു മുസ്‌ലിമിന്റെ (ന്യൂനത) ഒരാള്‍ മറച്ചുവെച്ചാല്‍, അല്ലാഹു അയാളുടെ ഇഹത്തിലെയും പരത്തിലെയും (ന്യൂനതകള്‍) മറയ്ക്കുന്നതാണ്… (മുസ്‌ലിം).
മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയുണ്ട്:
لاَ يَسْتُرُ عَبْدٌ عَبْدًا فِي الدُّنْيَا إِلاَّ سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ
ഏതൊരു അടിമയാണോ മറ്റൊരു ദാസന്റെ കുറവുകള്‍ ഇഹലോകത്തു മറച്ചുവെക്കുന്നത് അല്ലാഹു അവന്റെ കുറവ് പരലോകത്ത് മറച്ചുവെക്കുക തന്നെ ചെയ്യും. (മുസ്‌ലിം).
തെറ്റുചെയ്യുന്ന വ്യക്തികളെ നേരിട്ടാണെങ്കില്‍ ഗുണദോഷിച്ചും പരസ്യമായിട്ടാണെങ്കില്‍ വ്യക്തിപരാമര്‍ശം നടത്താതെ പൊതുവില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുമായിരുന്നു തിരുമേനി ﷺ .
അബൂഹുമയ്ദ് അസ്സാഇദീ رضى الله عنه വില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഒരു സംഭവത്തില്‍ പിരിവിന്നയച്ച ഒരു വ്യക്തിയെ തിരുമേനി ﷺ ഇപ്രകാരം കൈകാര്യം ചെയ്തത് നമുക്ക് വായിക്കാം:
عَنْ أَبِي حُمَيْدٍ السَّاعِدِيِّ ـ رضى الله عنه ـ قَالَ اسْتَعْمَلَ النَّبِيُّ صلى الله عليه وسلم رَجُلاً مِنَ الأَزْدِ يُقَالُ لَهُ ابْنُ اللُّتْبِيَّةِ عَلَى الصَّدَقَةِ، فَلَمَّا قَدِمَ قَالَ هَذَا لَكُمْ، وَهَذَا أُهْدِيَ لِي. قَالَ “ فَهَلاَّ جَلَسَ فِي بَيْتِ أَبِيهِ أَوْ بَيْتِ أُمِّهِ، فَيَنْظُرَ يُهْدَى لَهُ أَمْ لاَ وَالَّذِي نَفْسِي بِيَدِهِ لاَ يَأْخُذُ أَحَدٌ مِنْهُ شَيْئًا إِلاَّ جَاءَ بِهِ يَوْمَ الْقِيَامَةِ يَحْمِلُهُ عَلَى رَقَبَتِهِ، إِنْ كَانَ بَعِيرًا لَهُ رُغَاءٌ أَوْ بَقَرَةً لَهَا خُوَارٌ أَوْ شَاةً تَيْعَرُ ـ ثُمَّ رَفَعَ بِيَدِهِ، حَتَّى رَأَيْنَا عُفْرَةَ إِبْطَيْهِ ـ اللَّهُمَّ هَلْ بَلَّغْتُ اللَّهُمَّ هَلْ بَلَّغْتُ ثَلاَثًا ”.
അബൂഹുമയ്ദ് അസ്സാഇദീ رضى الله عنه പറയുന്നു: നബി ﷺ , അസ്ദ് ഗോത്രത്തിലെ ഇബ്‌നുല്ലത്ഫിയ്യ എന്ന് പറയപ്പെടുന്ന ഒരു വ്യക്തിയെ സ്വദക്വ മുതല്‍ ശേഖരിക്കുവാന്‍ നിയോഗിച്ചു. (ശേഖരണ ശേഷം) അദ്ദേഹം വന്നുകൊണ്ട് പറഞ്ഞു: ‘ഇത് നിങ്ങള്‍ക്കാകുന്നു. ഇത് എനിക്ക് സമ്മാനമായി നല്‍കപ്പെട്ടതാകുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അയാളുടെ വീട്ടിലിരുന്നാല്‍ തനിക്ക് ഹദ്‌യ നല്‍കപ്പെടുമോ ഇല്ലയോ എന്ന് അയാള്‍ക്ക് നോക്കിക്കൂടേ? അല്ലാഹുവാണെ സത്യം, വല്ലവനും അതില്‍നിന്ന് വല്ലതും എടുത്താല്‍ അവന്‍ അത് വഹിച്ചുകൊണ്ട് അന്ത്യനാളില്‍ വരുന്നതാണ്. (ഹദ്‌യയായി(ഗിഫ്റ്റായി) ലഭിച്ചത്) ഒട്ടകമാണെങ്കില്‍ ആ ഒട്ടകത്തിന് അലറിക്കരയുന്ന ശബ്ദമുണ്ടാകും. പശുവാണെങ്കില്‍ അതിന് അമര്‍ച്ചയുണ്ടാകും. ആടാണെങ്കില്‍ അതിന് കരച്ചിലുമുണ്ടാകും.’ ശേഷം നബി ﷺ തന്റെ ഇരുകരങ്ങളും (കക്ഷത്തിന്റെ (വെളുപ്പും ചുവപ്പും കലര്‍ന്ന) നിറം ഞങ്ങള്‍ കാണുവോളം ഉയര്‍ത്തി. എന്നിട്ട് നബി ﷺ പറഞ്ഞു: ‘അല്ലാഹുവേ, ഞാന്‍ എത്തിച്ചു നല്‍കിയില്ലേ?’ മൂന്ന് തവണ തിരുമേനി ഇത് ആവര്‍ത്തിച്ചു” (ബുഖാരി:2597)
ഈ വിഷയത്തില്‍ പരസ്യമായ ഒരു പ്രസംഗം തിരുമേനി ﷺ നടത്തുകയും ശക്തമായ ഭാഷ അതില്‍ പ്രയോഗിക്കുകയും എന്നാല്‍ വ്യക്തി പരാമര്‍ശം നടത്താതെ പൊതുവില്‍ സംസാരിക്കുകയും ചെയ്തത് ബുഖാരിയുടെ തന്നെ മറ്റൊരു നിവേദനത്തില്‍ കാണാം:
مَا بَالُ الْعَامِلِ نَبْعَثُهُ، فَيَأْتِي يَقُولُ هَذَا لَكَ وَهَذَا لِي.
നാം നിയോഗിക്കുന്ന ഉദ്യോഗസ്ഥന് എന്തു പറ്റി? അദ്ദേഹം വന്നുകൊണ്ട് പറയുന്നു; ഇത് നിങ്ങള്‍ക്കാകുന്നു, ഇത് എനിക്ക് സമ്മാനമായി നല്‍കപ്പെട്ടതാകുന്നു എന്ന്. (ബുഖാരി:7174)
സ്വന്തം കുറവുകളും തെറ്റുകളും പരസ്യപ്പെടുത്താതിരിക്കുവാനും നഗ്‌നതകള്‍ മറയ്ക്കുവാനും കല്‍പനയുണ്ട്.
عَنْ يَعْلَى، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى رَجُلاً يَغْتَسِلُ بِالْبَرَازِ فَصَعِدَ الْمِنْبَرَ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ : إِنَّ اللَّهَ عَزَّ وَجَلَّ حَلِيمٌ حَيِيٌّ سِتِّيرٌ يُحِبُّ الْحَيَاءَ وَالسَّتْرَ فَإِذَا اغْتَسَلَ أَحَدُكُمْ فَلْيَسْتَتِرْ
യഅ്‌ലാ ഇബ്‌നുഉമയ്യ رضى الله عنه വില്‍ നിന്ന് നിവേദനം; നബി ﷺ ഒരു വ്യക്തി തുറന്ന സ്ഥലത്ത് മുണ്ടുടുക്കാതെ കുളിക്കുന്നത് കണ്ടു. അപ്പോള്‍ തിരുദൂതര്‍ മിമ്പറില്‍ കയറി അല്ലാഹുവിന് ഹംദുകള്‍ അര്‍പ്പിച്ച് അവനെ വാഴ്ത്തിപ്പുകഴ്ത്തിക്കൊണ്ടു പറഞ്ഞു: ‘നിശ്ചയം, അല്ലാഹു, ഏറെ ലജ്ജയുള്ളവനും സിത്തീറുമാകുന്നു. അവന്‍ ലജ്ജയും മറയും ഇഷ്ടപ്പെടുന്നു. നിങ്ങളില്‍ ഒരാള്‍ കുളിക്കുകയായാല്‍ അവന്‍ മറ സ്വീകരിക്കട്ടെ. (സുനനുന്നസാഈ:406, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
വ്യഭിചാരമാകുന്ന പാപം ചെയ്ത ഒരു വ്യക്തി തിരുമേനി ﷺ യുടെ അടുക്കലെത്തി കുറ്റസമ്മതം നടത്തിയപ്പോള്‍ അയാളോടുള്ള തിരുമേനിയുടെ പ്രതികരണം ശ്രദ്ധേയമാണ്.
عَنْ أَبِي هُرَيْرَةَ، أَنَّهُ قَالَ أَتَى رَجُلٌ مِنَ الْمُسْلِمِينَ رَسُولَ اللَّهِ صلى الله عليه وسلم وَهُوَ فِي الْمَسْجِدِ فَنَادَاهُ فَقَالَ يَا رَسُولَ اللَّهِ إِنِّي زَنَيْتُ . فَأَعْرَضَ عَنْهُ فَتَنَحَّى تِلْقَاءَ وَجْهِهِ فَقَالَ لَهُ يَا رَسُولَ اللَّهِ إِنِّي زَنَيْتُ . فَأَعْرَضَ عَنْهُ حَتَّى ثَنَى ذَلِكَ عَلَيْهِ أَرْبَعَ مَرَّاتٍ فَلَمَّا شَهِدَ عَلَى نَفْسِهِ أَرْبَعَ شَهَادَاتٍ دَعَاهُ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ ” أَبِكَ جُنُونٌ ” . قَالَ لاَ . قَالَ ” فَهَلْ أَحْصَنْتَ ” . قَالَ نَعَمْ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” اذْهَبُوا بِهِ فَارْجُمُوهُ ” .
അബൂഹുറൈറ رضى الله عنه വില്‍നിന്നു നിവേദനം: നബി ﷺ പള്ളിയിലായിരിക്കെ മുസ്‌ലിംകളില്‍പെട്ട ഒരാള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു. തിരുമേനി ﷺ യെ വിളിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഞാന്‍ വ്യഭിചരിച്ചിരിക്കുന്നു.’ അപ്പോള്‍ തിരുമേനി അയാളില്‍ നിന്നു മുഖം തിരിച്ചു. അയാള്‍ തിരുനബി ﷺ യുടെ മുഖത്തിനു നേരെനീങ്ങിനിന്നുകൊണ്ട് പറഞ്ഞു: ‘തിരുദൂതരേ, ഞാന്‍ വ്യഭിചരിച്ചിരിക്കുന്നു.’ അപ്പോള്‍ തിരുമേനി അയാളില്‍ നിന്നു മുഖംതിരിച്ചു. അയാള്‍ നാലു തവണ ഇത് തിരുമേനിയോട് ആവര്‍ത്തിച്ചു. അയാള്‍ സ്വന്തത്തിന് എതിരില്‍ നാലു തവണ സാക്ഷ്യം വഹിച്ചപ്പോള്‍ തിരുമേനി അയാളെ വിളിച്ചു. അവിടുന്ന് ചോദിച്ചു: ‘താങ്കള്‍ക്കു ഭ്രാന്തുണ്ടോ?’ അയാള്‍ പറഞ്ഞു: ‘ഇല്ല.’ നബി ﷺ ചോദിച്ചു: ‘താങ്കള്‍ വിവാഹിതനാണോ?’ അയാള്‍ പറഞ്ഞു: ‘അതെ.’ അപ്പോള്‍ തിരുനബി പറഞ്ഞു: ‘നിങ്ങള്‍ ഇദ്ദേഹത്തെ കൊണ്ടുപോയി എറിഞ്ഞുകൊല്ലുക” (ബുഖാരി, മുസ്‌ലിം).
വ്യഭിചരിച്ച ഈ വ്യക്തിയെ തിരുസവിധത്തിലേക്ക് അയച്ചതും തന്റെ തെറ്റ് അറിയിക്കുവാന്‍ ആവശ്യപ്പെട്ടതും ഹസ്സാല്‍ ഇബ്‌നു രിആബ് എന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തോടു വരെ തിരുനബി ഇപ്രകാരം അരുളി:
”ഹസ്സാല്‍, നിങ്ങള്‍ക്ക് അയാളെ നിങ്ങളുടെ വസ്ത്രം കൊണ്ടു മറച്ചുപിടിച്ചുകൂടായിരുന്നുവോ?”
”ഹസ്സാല്‍, നിങ്ങള്‍ക്കു നാശം! നിങ്ങള്‍ അയാളെ നിങ്ങളുടെ വസ്ത്രംകൊണ്ടു മറച്ചു പിടിച്ചിരുന്നുവെങ്കില്‍ അതായിരുന്നു നിങ്ങള്‍ക്ക് ഉത്തമം” (മുസ്തദ്‌റക്, ഹാകിമും ദഹബിയും സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
അയാളുടെ തെറ്റ് പരസ്യപ്പെടുത്താതെ പശ്ചാത്തപിക്കുവാനും പാപമോചനത്തിനു തേടുവാനും അയാളോട് ആവശ്യപ്പെടുകയായിരുന്നു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് എന്നതാണ് നബി ﷺ ഇപ്പറഞ്ഞതിന് അര്‍ഥം. ജനങ്ങളുടെ കുറവുകള്‍ മറയ്ക്കുവാനും തെറ്റുകള്‍ക്ക് മറയിടുവാനും അഭിമാനങ്ങള്‍ സംരക്ഷിക്കുവാനുമാണ് അപവാദപ്രചാരണത്തെ ഇസ്‌ലാം നിഷിദ്ധവും വന്‍പാപവുമാക്കിയത്. അല്ലാഹു പറഞ്ഞു:
إِنَّ ٱلَّذِينَ يَرْمُونَ ٱلْمُحْصَنَٰتِ ٱلْغَٰفِلَٰتِ ٱلْمُؤْمِنَٰتِ لُعِنُوا۟ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَلَهُمْ عَذَابٌ عَظِيمٌ
പതിവ്രതകളും(ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്’. (ഖു൪ആന്‍:24/23)
അബൂഹുറൈറ رضى الله عنه വില്‍ നിന്നുള്ള ഹദീഥില്‍ ഇപ്രകാരമുണ്ട്. തിരുനബി ﷺ പറഞ്ഞു:
اجْتَنِبُوا السَّبْعَ الْمُوبِقَاتِ
നാശത്തില്‍ ആപതിപ്പിക്കുന്ന ഏഴ് (വന്‍പാപങ്ങളെ) നിങ്ങള്‍ വെടിയുക…
നബി ﷺ അവയില്‍ ഇപ്രകാരം ഉണര്‍ത്തി:
وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ
പതിവ്രതകളും സത്യവിശ്വാസിനികളും (തെറ്റുകളെ കുറിച്ച്) ആലോചിക്കുകപോലും ചെയ്യാത്തവരുമായ സ്ത്രീകളെ കുറിച്ച് അപവാദപ്രചാരണം നടത്തല്‍. (ബുഖാരി, മുസ്‌ലിം).
അപവാദ പ്രചാരണത്തിന്നുള്ള ശിക്ഷ ഇസ്‌ലാമില്‍ കഠിനമാണ്. ജനങ്ങളുടെ കുറവുകള്‍ മറയ്ക്കുക, അഭിമാനങ്ങള്‍ സംരക്ഷിക്കുക, തിന്മ പ്രചരിപ്പിക്കുന്ന നാവുകളെ നിശ്ശബ്ദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അപവാദ പ്രചാരണത്തിന്നുള്ള ശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇസ്‌ലാമിനുള്ളത്. വല്ലവനും ഒരു മുസ്‌ലിമിനെ വ്യഭിചാരാരോപണം നടത്തുകയും താന്‍ ആരോപിച്ചതിന്റെ സത്യസന്ധതക്ക് തെളിവ് സ്ഥാപിക്കാതിരിക്കുകയുമായാല്‍ എണ്‍പത് അടിയാണ് അവനുള്ള ശിക്ഷ. അല്ലാഹു പറഞ്ഞു:
وَٱلَّذِينَ يَرْمُونَ ٱلْمُحْصَنَٰتِ ثُمَّ لَمْ يَأْتُوا۟ بِأَرْبَعَةِ شُهَدَآءَ فَٱجْلِدُوهُمْ ثَمَٰنِينَ جَلْدَةً
ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. (ഖു൪ആന്‍:24/4)
ഈ ശിക്ഷ നടപ്പാക്കുന്നതോടൊപ്പം ആരോപണമുന്നയിച്ചവനില്‍ മറ്റൊരു ശിക്ഷകൂടി അനിവാര്യമാകും. അവന്റെ സാക്ഷ്യം തള്ളുകയും അവനില്‍ ഫിസ്‌ക്വ് (തെമ്മാടിയാണെന്ന്) വിധിക്കുകയും ചെയ്യലാണത്. അല്ലാഹു പറഞ്ഞു:
وَلَا تَقْبَلُوا۟ لَهُمْ شَهَٰدَةً أَبَدًا ۚ وَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മകാരികള്‍. (ഖു൪ആന്‍:24/4)
അബ്ദുല്‍ ജബ്ബാര്‍ മദീനി
www.kanzululoom.com