വൈകിയെത്തുന്ന ഖേദവും നിരർത്ഥകമാകുന്ന ഈമാനും

മനുഷ്യജീവിതത്തിൽ പശ്ചാത്താപത്തിനുള്ള (തൗബ) വാതിലുകൾ അല്ലാഹു വിശാലമായി തുറന്നിട്ടിട്ടുണ്ടെങ്കിലും, ആ വാതിൽ എന്നെന്നേക്കുമായി അടഞ്ഞുപോകുന്ന ചില നിർണ്ണായക സന്ധികളുണ്ട്. ഭൌതിക ജീവിതത്തിന്റെ ഭൗതിക സീമകൾ കടന്ന് പരലോക യാഥാർത്ഥ്യങ്ങൾ പ്രത്യക്ഷപ്പെടുകയോ, അല്ലാഹുവിന്റെ ശിക്ഷ നേരിട്ട് ദൃശ്യമാവുകയോ ചെയ്യുന്ന ഘട്ടത്തിലെത്തുന്ന പശ്ചാത്താപവും വിശ്വാസവും അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമല്ല. അല്ലാഹു പറയുന്നു:

فَلَوْلَا كَانَتْ قَرْيَةٌ ءَامَنَتْ فَنَفَعَهَآ إِيمَٰنُهَآ إِلَّا قَوْمَ يُونُسَ لَمَّآ ءَامَنُوا۟ كَشَفْنَا عَنْهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَمَتَّعْنَٰهُمْ إِلَىٰ حِينٍ

ഒരു രാജ്യം [രാജ്യക്കാര്‍] വിശ്വസിക്കുകയും, എന്നിട്ടതിന്‍റെ വിശ്വാസം അതിന്‌ പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്? യൂനുസിന്റെ ജനത ഒഴികെ! അവര്‍ വിശ്വസിച്ചപ്പോള്‍ ഇഹലോകജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരില്‍ നിന്ന് നാം നീക്കം ചെയ്യുകയും, ഒരു നിശ്ചിതകാലം വരെ നാം അവര്‍ക്ക് സൗഖ്യം നല്‍കുകയും ചെയ്തു. (ഖുർആൻ:10/98)

പ്രവാചകന്‍മാര്‍ വന്ന്‌ സത്യമാര്‍ഗം പ്രബോധനം ചെയ്യുകയും, വിശ്വസിക്കാത്തവര്‍ക്ക്‌ പൊതുശിക്ഷയെക്കുറിച്ച്‌ താക്കീത്‌ നല്‍കുകയും ചെയ്‌ത നാട്ടുകാര്‍ തക്കസമയത്ത്‌ വിശ്വസിക്കുകയില്ല. ശിക്ഷ കണ്‍മുമ്പില്‍ എത്തുമ്പോഴേ അവര്‍ വിശ്വസിക്കുവാന്‍ തയ്യാറാകുകയുള്ളൂ. അതുകൊണ്ട്‌ ആ വിശ്വാസം അവര്‍ക്ക്‌ പ്രയോജനപ്പെട്ടതുമില്ല. അവര്‍ നേരത്തെ തന്നെ വിശ്വസിക്കുകയും, അങ്ങനെ ആ വിശ്വാസം അവര്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്‌തുകൂടെ?! എന്നാലവര്‍ക്ക്‌ ശിക്ഷക്ക്‌ വിധേയരാവാതെ കഴിക്കാമായിരുന്നു എന്നത്രെ അല്ലാഹു ആക്ഷേപിക്കുന്നത്‌. (അമാനി തഫ്സീര്‍)

മനുഷ്യൻ സ്വന്തം ഇച്ഛയാലും സ്വാതന്ത്ര്യത്താലും ഗയ്ബിൽ (അദൃശ്യ കാര്യങ്ങളിൽ) വിശ്വസിക്കുന്നതാണ് സ്വീകാര്യമായ ഈമാൻ. അല്ലാഹുവിന്റെ ശിക്ഷ കൺമുന്നിൽ പ്രത്യക്ഷപ്പെട്ട ശേഷമുള്ള വിശ്വാസ പ്രഖ്യാപനം യഥാർത്ഥ ഈമാനല്ല; മറിച്ച് നിലനിൽപ്പില്ലാത്ത വെറും ആത്മരക്ഷാശ്രമം മാത്രമാണ്. അതിന് യാതൊരു സ്ഥാനവുമില്ല.  ഭയം കൊണ്ട് മാത്രം നടത്തുന്ന ഖേദപ്രകടനം മാത്രമാണ്. ഇതിനെ ഇസ്ലാമിക കർമ്മശാസ്ത്രത്തിലും അഖീദയിലും الإيمان الاضطراري (നിബന്ധിതാവസ്ഥയിലെ വിശ്വാസം) എന്ന് വിളിക്കുന്നു.

ആയത്തിനെ വിശദീകരിച്ച് ശൈഖ് നാസിര്‍ അസ്സഅ്ദി  رَحِمَهُ اللَّهُ പറഞ്ഞു: അല്ലാഹു  പറയുന്നു: സത്യനിഷേധികളുടെ ഏതെങ്കിലുമൊരു രാജ്യം ശിക്ഷ കണ്ടപ്പോൾ വിശ്വാസം സ്വീകരിക്കുകയും വിശ്വാസം അതിന് പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്?അതായത്:  ശിക്ഷ കണ്ടതിനുശേഷം വിശ്വസിച്ചതുകൊണ്ട് അവരിൽ ആർക്കും തന്നെ യാതൊരു ഉപകാരവും ഉണ്ടായിട്ടില്ല; അല്ലാഹു ഫിർഔനിനെക്കുറിച്ച് പ്രസ്താവിച്ചതുപോലെ തന്നെ; അവൻ (ശിക്ഷ വന്നപ്പോള്‍) ഇപ്രകാരം പറഞ്ഞല്ലോ:

ءَامَنتُ أَنَّهُۥ لَآ إِلَٰهَ إِلَّا ٱلَّذِىٓ ءَامَنَتْ بِهِۦ بَنُوٓا۟ إِسْرَٰٓءِيلَ وَأَنَا۠ مِنَ ٱلْمُسْلِمِينَ

ഇസ്രായീല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്‌) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. (ഖുർആൻ:10/90)

അപ്പോൾ അവനോട് പറയപ്പെട്ടു:

ءَآلْـَٰٔنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ ٱلْمُفْسِدِينَ

മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത് ?) (ഖുർആൻ:10/91)

അല്ലാഹു പറഞ്ഞതുപോലെ:

فَلَمَّا رَأَوْا۟ بَأْسَنَا قَالُوٓا۟ ءَامَنَّا بِٱللَّهِ وَحْدَهُۥ وَكَفَرْنَا بِمَا كُنَّا بِهِۦ مُشْرِكِينَ ‎﴿٨٤﴾‏ فَلَمْ يَكُ يَنفَعُهُمْ إِيمَٰنُهُمْ لَمَّا رَأَوْا۟ بَأْسَنَا ۖ سُنَّتَ ٱللَّهِ ٱلَّتِى قَدْ خَلَتْ فِى عِبَادِهِۦ ۖ …. ‎﴿٨٥﴾‏

എന്നിട്ട് നമ്മുടെ ശിക്ഷ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുകയും അവനോട് ഞങ്ങള്‍ പങ്കുചേര്‍ത്തിരുന്നതില്‍ (ദൈവങ്ങളില്‍) ഞങ്ങള്‍ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ അവര്‍ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യത്തില്‍ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്‌. (ഖുർആൻ:40/84-85)

അല്ലാഹു  പറയുന്നു:

حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ ‎﴿٩٩﴾‏ لَعَلِّىٓ أَعْمَلُ صَٰلِحًا فِيمَا تَرَكْتُ ۚ كـَلَّآ ۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا ۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ

അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്‌) തിരിച്ചയക്കേണമേ. ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം. ഒരിക്കലുമില്ല, അതൊരു വെറും വാക്കാണ്‌. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌. (ഖു൪ആന്‍:23/99-100)

ഇതിലെ യുക്തി വളരെ വ്യക്തമാണ്; തീർച്ചയായും നിർബന്ധിതമായി ഉണ്ടാകുന്ന വിശ്വാസം (الإيمان الاضطراري) യഥാർത്ഥ വിശ്വാസമല്ല. ആ ശിക്ഷയും അവനെ വിശ്വാസത്തിലേക്ക് നിർബന്ധിതനാക്കിയ സാഹചര്യവും അവനിൽ നിന്ന് ഒഴിവാക്കിക്കൊടുത്താൽ, അവൻ വീണ്ടും (തന്റെ പഴയ) അവിശ്വാസത്തിലേക്ക് തന്നെ മടങ്ങും. (തഫ്സീറുസ്സഅ്ദി)

സാധാരണയായി അല്ലാഹുവിന്റെ ശിക്ഷ നേരിൽ കണ്ടതിനു ശേഷം വിശ്വസിച്ചാൽ അത് സ്വീകരിക്കപ്പെടില്ല. എന്നാൽ യൂനുസ് നബി(അ)യുടെ ജനത ഇതിൽനിന്ന് ഒരു അപവാദമാണ്. ശിക്ഷയുടെ ലക്ഷണം കണ്ടപ്പോൾ അവർ വിശ്വസിച്ചപ്പോൾ അല്ലാഹു അവരിൽ നിന്നുള്ള ശിക്ഷ ഒഴിവാക്കിക്കൊടുത്തു.

സത്യവിശ്വാസികളെ,

فَلَوْلَا كَانَتْ قَرْيَةٌ ءَامَنَتْ فَنَفَعَهَآ إِيمَٰنُهَآ (ഒരു രാജ്യം വിശ്വസിക്കുകയും, എന്നിട്ടതിന്‍റെ വിശ്വാസം അതിന്‌ പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്?) എന്ന ഖുർആനിക വചനം നമ്മെ ഓർമ്മിപ്പിക്കുന്നത് സമയം വൈകുന്നതിന് മുൻപുള്ള തൗബയുടെ അത്യന്താപേക്ഷിതത്വത്തെ കുറിച്ചാണ്. മരണം ഏത് നിമിഷവും നമ്മെ തേടിയെത്താം. അദൃശ്യമായ യാഥാർത്ഥ്യങ്ങൾ ദൃശ്യമാകുന്ന ആ അവസാന നിമിഷത്തിലെ ഖേദം നിരർത്ഥകമാണ്. അതുകൊണ്ട്, ശ്വാസവും ആരോഗ്യവും ആയുസ്സുമുള്ള ഈ നിമിഷത്തിൽ തന്നെ ആത്മാർത്ഥമായ പശ്ചാത്താപത്തിലൂടെ അല്ലാഹുവിലേക്ക് മടങ്ങുകയാണ് ബുദ്ധിമാനായ ഏതൊരു വിശ്വാസിയുടെയും കടമ.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *