പ്രലോഭനങ്ങളുടെ പെരുമഴക്കാലത്തെ ആത്മവിശുദ്ധി

ഈജിപ്തിലെ രാജകൊട്ടാരത്തിന്റെ സുഖലോലുപതകൾക്കും പ്രൗഢിക്കും ഇടയിലാണ് യൂസുഫ് عليه السلام തന്റെ ജീവിതത്തിന്റെ ഒരു ഘട്ടം പിന്നിട്ടത്. അടിമയായി വിറ്റഴിക്കപ്പെട്ട്, അവിചാരിതമായി അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് എത്തിപ്പെട്ട ആ കൊട്ടാരജീവിതം പുറമെക്കണ്ട് അത്ഭുതപ്പെടാൻ പാകത്തിലുള്ളതായിരുന്നു. എന്നാൽ ആ ഭൗതിക സൗകര്യങ്ങളുടെയും പ്രശസ്തിയുടെയും ഉള്ളറകളിൽ അദ്ധേഹത്തെ കാത്തിരുന്നത് മനുഷ്യന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പരീക്ഷണങ്ങളിലൊന്നായിരുന്നു. സൗന്ദര്യവും അധികാരവും ഒരേസമയം സമ്മർദ്ദം ചെലുത്തിയ ആ പ്രത്യേക സാഹചര്യത്തിൽ, ഒരു മനുഷ്യന്റെ വിശ്വാസവും ധാർമ്മികതയും എത്രത്തോളം ദൃഢമായിരിക്കണം എന്ന് ലോകത്തിന് പഠിപ്പിച്ചുകൊടുത്ത ആ നിർണായക സംഭവത്തിലേക്ക് വെളിച്ചം വീശുന്നതാണ് സൂറ: യൂസുഫിലെ 23, 24 ആയത്തുകൾ.

യൂസുഫ് عليه السلام യെ വളർത്തി വലുതാക്കിയ ആ നാട്ടിലെ അസീസിന്റെ (മന്ത്രിയുടെ) ഭാര്യ, സൗന്ദര്യവും അധികാരവും ഒത്തുകൂടിയ ആ സ്ത്രീ, സ്വന്തം കൊട്ടാരത്തിൽ വെച്ച് യൂസുഫ് عليه السلام ക്ക് നേരെ തിന്മയുടെ പ്രലോഭനവുമായെത്തി. പെട്ടെന്ന് ആരും വീണുപോകാവുന്ന ആ സാഹചര്യത്തിൽ, വീടിന്റെ എല്ലാ വാതിലുകളും അടച്ച് അവൾ അദ്ദേഹത്തെ തെറ്റിലേക്ക് ക്ഷണിച്ചു. എന്നാൽ തന്റെ യജമാനൻ തന്നോട് കാണിച്ച ആദരവിന് വിശ്വാസവഞ്ചന കാണിക്കാനോ അതിലുപരി സർവ്വലോക നാഥനായ അല്ലാഹുവിന്റെ കോപത്തിന് പാത്രമാകാനോ അദ്ധേഹം തയ്യാറായില്ല. “അല്ലാഹുവില്‍ അഭയം!” എന്ന് പറഞ്ഞ് യൂസുഫ് عليه السلام ആ പ്രലോഭനത്തിൽ നിന്ന് പെട്ടെന്ന് പിന്തിരിഞ്ഞോടുകയും, പുറത്തേക്ക് ഓടുന്നതിനിടയിൽ ആ സ്ത്രീ അദ്ദേഹത്തിന്റെ കുപ്പായം പിന്നിലൂടെ വലിച്ചു കീറുകയും ചെയ്തു. ആ സമയത്ത് അവിടെ കടന്നുവന്ന അവളുടെ ഭർത്താവിന് മുന്നിൽ വെച്ച് സത്യം പുറത്തുവരികയും, യൂസുഫിന്റെ നിർമ്മലതയും പവിത്രതയും ലോകത്തിന് ബോധ്യപ്പെടുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ സുദീര്‍ഘമായി വിവരിച്ച ചരിത്രമാണിത്. സൂറ: യൂസുഫിലെ 23, 24 ആയത്തുകളില്‍ നിന്നുള്ള പാഠം മാത്രമാണ് ഇവിടെ നല്‍കുന്നത്. അല്ലാഹു പറയുന്നു:

وَرَٰوَدَتْهُ ٱلَّتِى هُوَ فِى بَيْتِهَا عَن نَّفْسِهِۦ وَغَلَّقَتِ ٱلْأَبْوَٰبَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ ٱللَّهِ ۖ إِنَّهُۥ رَبِّىٓ أَحْسَنَ مَثْوَاىَ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّٰلِمُونَ ‎﴿٢٣﴾‏ وَلَقَدْ هَمَّتْ بِهِۦ ۖ وَهَمَّ بِهَا لَوْلَآ أَن رَّءَا بُرْهَٰنَ رَبِّهِۦ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ ٱلسُّوٓءَ وَٱلْفَحْشَآءَ ۚ إِنَّهُۥ مِنْ عِبَادِنَا ٱلْمُخْلَصِينَ ‎﴿٢٤﴾

അവന്‍ (യൂസുഫ്‌) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്‍റെ രക്ഷിതാവ്‌. അവന്‍ എന്‍റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല. അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്‍റെ രക്ഷിതാവിന്‍റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്‌) തിന്‍മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്കളങ്കരായ ദാസന്‍മാരില്‍ (മുഖ്ലിസ്) പെട്ടവനാകുന്നു. (ഖുര്‍ആൻ:12/24)

ഇബ്നു കസീര്‍ رحمه الله പറയുന്നു: ഈജിപ്തിൽ യൂസുഫ് عليه السلام ഏതൊരു സ്ത്രീയുടെ വീട്ടിലാണോ താമസിച്ചിരുന്നത്, ആ അസീസിന്റെ (മന്ത്രിയുടെ) ഭാര്യയെക്കുറിച്ചാണ് അല്ലാഹു ഇവിടെ വിവരിക്കുന്നത്. യൂസുഫിനെ നന്നായി പരിപാലിക്കാനും ആദരിക്കാനും അവളുടെ ഭർത്താവ് അവളോട് വസ്വിയ്യത്ത് ചെയ്തിരുന്നു. {അവന്‍ (യൂസുഫ്‌) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി}: അതായത്, അവൾ അദ്ദേഹത്തെ പ്രലോഭിപ്പിക്കാനും തന്നിലേക്ക് ക്ഷണിക്കാനും ശ്രമിച്ചു. അദ്ദേഹത്തിന്റെ സൗന്ദര്യവും ഭംഗിയും തേജസ്സും കണ്ട് അവൾക്ക് അദ്ദേഹത്തോട് അതിയായ പ്രണയം തോന്നിയതാണ് അതിന് കാരണം. അങ്ങനെ അവൾ അദ്ദേഹത്തിനായി അണിഞ്ഞൊരുങ്ങുകയും, വാതിലുകളെല്ലാം അടച്ചുപൂട്ടുകയും, തന്നെത്തന്നെ അദ്ദേഹത്തിന് സമർപ്പിക്കാൻ ക്ഷണിക്കുകയും ചെയ്തു. {അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ} എന്നാൽ അദ്ദേഹം അതിൽ നിന്ന് അങ്ങേയറ്റം ശക്തമായി വിട്ടുനിൽക്കുകയും വിസമ്മതിക്കുകയും ചെയ്തു. {അവന്‍ പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്‍റെ രക്ഷിതാവ്‌. അവന്‍ എന്‍റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു} ‘റബ്ബ്’ എന്ന പദം അക്കാലത്ത് യജമാനനും പ്രമുഖനുമായ വ്യക്തിയെ വിളിക്കാൻ അവർ ഉപയോഗിച്ചിരുന്നു. അതായത്, നിന്റെ ഭർത്താവ് എന്റെ യജമാനനാണ്; അദ്ദേഹം എനിക്ക് മികച്ച താമസസൗകര്യം നൽകുകയും എന്നോട് നന്മ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തോട് നീചവൃത്തി ചെയ്തുകൊണ്ട് എനിക്കതിനോട് പ്രതികരിക്കാനാവില്ല. {തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല} മുജാഹിദ്, സുദ്ദി, മുഹമ്മദ് ബ്നു ഇസ്ഹാഖ് (رحمهم الله) തുടങ്ങിയ പണ്ഡിതന്മാരെല്ലാം ഇപ്രകാരമാണ് ഇതിനെ വിശദീകരിച്ചിട്ടുള്ളത്. (ഇബ്നു കസീര്‍)

ശൈഖ് അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി رحمه الله പറയുന്നു: യൂസുഫ് عليه السلام ക്ക് സഹോദരന്മാരിൽ നിന്നുണ്ടായ പരീക്ഷണത്തേക്കാൾ വളരെ വലുതാണ് ഈ മഹത്തായ പരീക്ഷണം. അതിലുള്ള അദ്ധേഹത്തിന്റെ സഹനത്തിന് പ്രതിഫലവും അനവധിയാണ്. കാരണം, അത് സ്വന്തം ഇഷ്ടപ്രകാരം (സ്വയം നിയന്ത്രിച്ചുകൊണ്ട്) ചെയ്ത ക്ഷമയാണ്. അതേസമയം ആ തിന്മയിലേക്ക് നയിക്കുന്ന അനവധി പ്രേരണകളും സാഹചര്യങ്ങളും അവിടെ ശക്തമായി ഉണ്ടായിരുന്നു. എന്നാൽ അദ്ധേഹം അല്ലാഹുവിന്റെ പ്രീതിക്ക് മുൻഗണന നൽകി.

എന്നാൽ സഹോദരന്മാരുടെ ഭാഗത്തുനിന്നുള്ള പരീക്ഷണം അങ്ങനെയല്ല; അത് നിർബന്ധിത സാഹചര്യത്തിലുള്ള ക്ഷമയായിരുന്നു. ഒരാൾക്ക് തന്റെ ഇഷ്ടമില്ലാതെ വന്നുഭവിക്കുന്ന രോഗങ്ങളെയും പ്രയാസങ്ങളെയും പോലെയുള്ളതാണത്. അതിൽ പൊരുത്തപ്പെട്ടാലും ഇല്ലെങ്കിലും, ക്ഷമിക്കുകയല്ലാതെ അയാൾക്ക് മറ്റ് അഭയമില്ല.

യൂസുഫ് عليه السلام അസീസിന്റെ (മന്ത്രിയുടെ) വീട്ടിൽ എല്ലാ ആദരവുകളോടും കൂടി കഴിഞ്ഞുകൂടി. അവിടുത്തേക്ക് ലഭിച്ച അപാരമായ സൗന്ദര്യവും പൂർണ്ണതയും ഭംഗിയുമാണ് അതിന് കാരണമായത്. അങ്ങനെ, ‘താൻ താമസിക്കുന്ന വീടിന്റെ ഉടമസ്ഥയായ ആ സ്ത്രീ അദ്ദേഹത്തെ വഴിപിഴപ്പിക്കാൻ നോക്കി.’ അതായത്, അദ്ദേഹം അവളുടെ പരിചാരകനാണ്, അവളുടെ നിയന്ത്രണത്തിലുമാണ്. താമസിക്കുന്ന വീട് ഒന്നുതന്നെയാണ്. മറ്റാരുടെയും ശ്രദ്ധയിലോ തിരിച്ചറിവിലോ പെടാതെ തിന്മ സംഭവിക്കാൻ അതുകൊണ്ടുതന്നെ വളരെ എളുപ്പമായിരുന്നു.

ആ പ്രയാസം വർദ്ധിപ്പിച്ചുകൊണ്ട് അവൾ ‘വാതിലുകളൊക്കെ അടച്ചുപൂട്ടി’. സ്ഥലം ജനശൂന്യമായി. വാതിലുകൾ അടച്ചതുകൊണ്ട് പുറത്തുനിന്ന് ആരെങ്കിലും കടന്നുവരുമെന്ന ഭയവുമില്ല. അവൾ അദ്ധേഹത്തെ തന്റെ അടുത്തേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു: هَيْتَ لَكَ (ഞാൻ നിനക്കായി ഒരുങ്ങിയിരിക്കുന്നു, ഇങ്ങോട്ട് വരൂ!). അതായത്, ആ നീചപ്രവൃത്തി ചെയ്ത് എന്റെ അടുത്തേക്ക് വരൂ!

ഇതിനെല്ലാം പുറമേയുള്ള മറ്റ് സാഹചര്യങ്ങൾ കൂടിയുണ്ടായിരുന്നു; അദ്ദേഹത്തിന്റെ സ്വന്തം നാടല്ല, മറിച്ച് അന്യനാട്ടിലാണ്. സ്വന്തം നാട്ടിലും പരിചയക്കാരുടെ ഇടയിലുമായിരിക്കുമ്പോൾ ഉള്ളതുപോലെയുള്ള ഒരു സങ്കോചമോ മടിയോ അദ്ദേഹത്തിന് അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹം അവളുടെ കൈവശമുള്ള ഒരു അടിമയാണ്, അവളോ അദ്ദേഹത്തിന്റെ യജമാനത്തിയും. അവളിൽ പ്രലോഭനത്തിലേക്ക് ക്ഷണിക്കുന്ന സൗന്ദര്യവുമുണ്ടായിരുന്നു. അദ്ദേഹം അവിവാഹിതനായ ഒരു യുവാവാണ്. മാത്രമല്ല, താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അദ്ദേഹത്തെ തടവിലാക്കുമെന്നോ കഠിനമായ ശിക്ഷ നൽകുമെന്നോ അവൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

അങ്ങനെയൊക്കെയുള്ള ശക്തമായ പ്രേരണകൾ നിലനിൽക്കെത്തന്നെ, അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിന്ന് അദ്ദേഹം ക്ഷമയവലംബിച്ചു. കാരണം, (മനുഷ്യ സഹജമായി) മനസ്സിൽ ഒരു ചിന്ത കടന്നുവന്നെങ്കിലും അല്ലാഹുവിനെ ഓർത്ത് അദ്ദേഹം അത് ഉപേക്ഷിച്ചു. തിന്മയോട് ആർത്തികാണിക്കുന്ന മനസ്സിന്റെ ഇച്ഛയേക്കാൾ അല്ലാഹുവിന്റെ പ്രീതിക്ക് അദ്ദേഹം മുൻഗണന നൽകി.

അല്ലാഹുവില്‍ നിന്നുള്ള തെളിവ് – അതായത് അല്ലാഹു വിലക്കിയതെല്ലാം ഉപേക്ഷിക്കാൻ തക്കവണ്ണം അദ്ദേഹത്തിനുണ്ടായിരുന്ന അറിവും ഈമാനും – അദ്ദേഹം കണ്ടു. ആ വലിയ തിന്മയിൽ നിന്ന് അകന്നുനിൽക്കാനും അതിൽ നിന്ന് പിന്തിരിയാനും അത് കാരണമായി. അദ്ദേഹം പറഞ്ഞു: مَعَاذَ اللَّهِ (അല്ലാഹു കാത്തുരക്ഷിക്കട്ടെ!). അതായത്, ഇത്രയും നീചമായ പ്രവൃത്തി ചെയ്യുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് ശരണം തേടുന്നു. കാരണം അത് അല്ലാഹുവിനെ കോപിപ്പിക്കുന്നതും അവനിൽ നിന്ന് അകറ്റുന്നതുമാണ്. മാത്രമല്ല, എന്നെ ആദരിച്ച് താമസിപ്പിച്ച എന്റെ യജമാനനോടുള്ള വഞ്ചനയുമാണത്. അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള ഏറ്റവും മോശമായ പെരുമാറ്റത്തിലൂടെ അദ്ദേഹത്തിന് പ്രതിഫലം നൽകുന്നത് എനിക്ക് യോജിച്ചതല്ല. അത് ഏറ്റവും വലിയ അക്രമമാണ്; അക്രമികൾ വിജയിക്കുകയുമില്ല.

ചുരുക്കത്തിൽ, അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞ ഘടകങ്ങൾ ഇവയായിരുന്നു:

1.അല്ലാഹുവിലുള്ള ഭയഭക്തി (തഖ്‌വ):

2.തന്നെ ആദരിച്ച യജമാനനോടുള്ള കടപ്പാടും സൂക്ഷ്മതയും.

3.ആരെങ്കിലും അതിൽ ഏർപ്പെട്ടാൽ ഒരിക്കലും വിജയിക്കില്ലാത്ത അക്രമത്തിൽ നിന്ന് സ്വന്തത്തെ കാത്തുസൂക്ഷിക്കൽ.

4.അല്ലാഹു അദ്ധേഹത്തിന്റെ ഹൃദയത്തിൽ നൽകിയ ഈമാനിന്റെ തെളിവ്: കൽപ്പിക്കപ്പെട്ടവ അനുസരിക്കാനും വിലക്കപ്പെട്ടവ വെടിയാനും അത് അദ്ധേഹത്തിന് പ്രചോദനമായി.

ഇതിന്റെയെല്ലാം പൊതുവായ സാരം എന്തെന്നാൽ; അല്ലാഹു തിന്മയും നീചവൃത്തിയും അദ്ദേഹത്തിൽ നിന്ന് അകറ്റി. കാരണം, അവൻ തന്റെ ഇബാദത്തുകളില്‍ ഇഖ്ലാസ് (ആത്മാർത്ഥത) പുലർത്തിയ ‘മുഖ്ലിസീങ്ങളില്‍ പെട്ടവനായിരുന്നു. അല്ലാഹു തനിക്കായി പ്രത്യേകമായി മാറ്റിവെക്കുകയും തിരഞ്ഞെടുത്തെടുക്കുകയും ചെയ്തവരാണവർ. തന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമരായ അവർക്ക് അവൻ അനുഗ്രഹങ്ങൾ വർഷിക്കുകയും, എല്ലാ തിന്മകളിൽ നിന്നും അവരെ അവൻ സംരക്ഷിക്കുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

പരലോകത്ത് അല്ലാഹുവിന്റെ തണലല്ലാത്ത മറ്റു യാതൊരു തണലുമില്ലാത്ത ദിവസം ഏഴ് വിഭാഗത്തിന് അവൻ തണല്‍ നൽകുന്നതാണെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. അതില്‍ ഒരു വിഭാഗം ഇവരാണ്:

وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ

സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള ഒരു സ്‌ത്രീ അവിഹിത വേഴ്ചക്ക് ആവശ്യപ്പെട്ടപ്പോൾ ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മനുഷ്യൻ. (ബുഖാരി)

ഇത്തരം സാഹചര്യങ്ങളില്‍ ശൈത്വാന്റെ പ്രലോഭനവും ഉറപ്പാണ്. എന്നാല്‍ മനുഷ്യര്‍ക്ക് ഇഖ്‌ലാസ് ഉണ്ടെങ്കില്‍ ശൈത്വാന് അത് ദൌര്‍ബല്യമാണ്. ശൈത്വാന്റെ ഉപദ്രവങ്ങളെ തടുക്കുന്ന പരിചയാണ് ഇഖ്‌ലാസ്. എല്ലാ ക൪മ്മളും ഇഖ്‌ലാസോടെ ചെയ്യുമ്പോള്‍ ശൈത്വാന് നമ്മെ ഉപദ്രവിക്കാന്‍ കഴിയില്ല. ഇത് ശൈത്വാൻ തന്നെ പറഞ്ഞിട്ടുള്ളത് കാണുക:

ﻗَﺎﻝَ ﻓَﺒِﻌِﺰَّﺗِﻚَ ﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ ﺇِﻻَّ ﻋِﺒَﺎﺩَﻙَ ﻣِﻨْﻬُﻢُ ٱﻟْﻤُﺨْﻠَﺼِﻴﻦَ

അവന്‍ (ശൈത്വാൻ) പറഞ്ഞു: നിന്റെ പ്രതാപമാണ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.(ഖു൪ആന്‍ : 38/82-83)

قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ ‎﴿٣٩﴾‏ إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ‎﴿٤٠﴾

അവന്‍ (ശൈത്വാൻ) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ ഇഖ്‌ലാസുള്ള (നിഷ്കളങ്കരായ) ദാസന്‍മാരൊഴികെ. (ഖു൪ആന്‍:15/39-40)

قال الشافعي رحمه الله: أعز الأشياء ثلاثة: الجود من قلة، والورع في خلوة، وكلمة الحق عند من يرجى أو يخاف.

ഇമാം ശാഫിഈ رحمه الله പറഞ്ഞു: ‘ഏറ്റവും വിലപിടിപ്പുള്ള കാര്യങ്ങൾ മൂന്നാണ്: 1)ദാരിദ്ര്യത്തിലും ഉദാരത കാണിക്കൽ. 2) ഏകാന്തതയിൽ സൂക്ഷ്മത (ഭയഭക്തി) പുലർത്തൽ. 3) വല്ല നന്മയും പ്രതീക്ഷിച്ചോ ദോഷം ഭയന്നോ കഴിയുന്നവരുടെ മുന്നിലും (ഭരണാധികാരിയുടെ) സത്യത്തിന്റെ വചനം തുറന്നുപറയൽ. [جامع العلوم والحكم ١٩٥.]

قال ابن تيمية رحمه الله: فإن قوة إخلاص يوسف عليه السلام كان أقوى من جمال امرأة العزيز وحسنها وحبه لها.

ഇബ്നു തൈമിയ رحمه الله പറഞ്ഞു: തീർച്ചയായും യൂസുഫ് عليه السلام യുടെ ഇഖ്‌ലാസിന്റെ കരുത്ത് അസീസിന്റെ ഭാര്യയുടെ സൗന്ദര്യത്തേക്കാളും, കുലീനതയെക്കാളും, (യൂസുഫിനോടുള്ള) അവളുടെ ഇഷ്ടത്തേക്കാളും ശക്തമായിരുന്നു. [الفتاوى ١٠/٦٠٢]

പ്രശ്നം ഇവിടെ അവസാനിക്കുന്നില്ല. അസീസിന്റെ ഭാര്യയില്‍ അസ്വസ്ഥതയും പ്രണയവും അദ്ദേഹവുമായി ഒത്തുചേരാനുള്ള തീവ്രമായ ആഗ്രഹവും വർദ്ധിച്ചു. അവള്‍ മറ്റ് സ്ത്രീകളുടെ മുന്നില്‍ വെച്ച് ഭീഷണിയിലൂടെ പരസ്യമായിതന്നെ  പ്രഖ്യാപിച്ചു.

وَلَقَدْ رَٰوَدتُّهُۥ عَن نَّفْسِهِۦ فَٱسْتَعْصَمَ ۖ وَلَئِن لَّمْ يَفْعَلْ مَآ ءَامُرُهُۥ لَيُسْجَنَنَّ وَلَيَكُونًا مِّنَ ٱلصَّٰغِرِينَ

തീര്‍ച്ചയായും ഞാന്‍ അവനെ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അപ്പോള്‍ അവന്‍ (സ്വയം കളങ്കപ്പെടുത്താതെ) കാത്തുസൂക്ഷിക്കുകയാണ് ചെയ്തത്‌. ഞാനവനോട് കല്‍പിക്കുന്ന പ്രകാരം അവന്‍ ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ തടവിലാക്കപ്പെടുകയും, നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:12/32)

യൂസുഫ് عليه السلام അസീസിന്റെ ഭാര്യയുടെ ആവശ്യത്തിന് വഴങ്ങുന്നതിനായി മറ്റ് സ്ത്രീകളും അദ്ദേഹത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങി. അപ്പോൾ യൂസഫ് നബി عليه السلام തന്റെ രക്ഷിതാവിനെ ശരണം പ്രാപിക്കുകയും, അവരുടെ കുതന്ത്രങ്ങളിൽ നിന്ന് രക്ഷനേടാൻ അവനോട് സഹായം തേടുകയും ചെയ്തു.

قَالَ رَبِّ ٱلسِّجْنُ أَحَبُّ إِلَىَّ مِمَّا يَدْعُونَنِىٓ إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّى كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ ٱلْجَٰهِلِينَ

അവന്‍ (യൂസുഫ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും. (ഖു൪ആന്‍:12/33)

അങ്ങനെ അദ്ദേഹത്തിന്റെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകി:

فَٱسْتَجَابَ لَهُۥ رَبُّهُۥ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ

അപ്പോള്‍ അവന്‍റെ പ്രാര്‍ത്ഥന തന്‍റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന്‍ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. (ഖു൪ആന്‍:12/34)

ദുനിയാവിലെ അല്പകാലത്തെ ചെറിയൊരു സുഖത്തിനുവേണ്ടി, പരലോകത്തെ അനന്തവും മനോഹരവുമായ സ്വർഗീയ സുഖങ്ങളെ ആരും നഷ്ടപ്പെടുത്തരുത്.

യഥാർത്ഥ ബുദ്ധിയും അറിവും ഉള്ളവർ എപ്പോഴും തിരഞ്ഞെടുക്കുന്നത് വലിയ നന്മയും ശാശ്വതവുമായ വിജയമാണ്.

കഠിനമായ പരീക്ഷണങ്ങളിലും കുഴപ്പങ്ങളിലും പെട്ടുപോകുമ്പോൾ മനുഷ്യന് പിടിച്ചുനിൽക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ ആയുധവും രക്ഷാമാർഗ്ഗവുമാണ് അല്ലാഹുവിലേക്കുള്ള പ്രാർത്ഥന.

ഈ സംഭവത്തിൽ നിന്നുള്ള ചില പാഠങ്ങൾ കൂടി:

1. വീട്ടുജോലിക്കാർ, ഡ്രൈവർമാർ തുടങ്ങിയ അന്യപുരുഷന്മാർ സ്ത്രീകളുമായി ഇടകലരുന്നതിനെതിരെയും, സ്ത്രീകളുടെ അടുക്കൽ കയറിച്ചെല്ലുന്നതിനെയും, അവരുമായി ഒറ്റക്കാകുന്നതിനെയും ഗൗരവമായി കാണുക. അസീസിന്റെ ഭാര്യക്ക് സംഭവിച്ചത് സ്ത്രീകളിൽ നിന്നുണ്ടാകാതിരിക്കാൻ ഇത് അത്യന്തം ആവശ്യമാണ്; പ്രത്യേകിച്ചും ഗൃഹനാഥൻ ഇല്ലാത്ത സന്ദർഭങ്ങളിൽ.

2.ഡ്രൈവർമാർ, ജോലിക്കാർ, അധ്യാപകർ തുടങ്ങി ആരെയും അല്ലാഹു സംരക്ഷിച്ച യൂസുഫ് عليه السلام യുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താൽ കാക്കപ്പെട്ടവരൊഴികെ അവർ ഇത്തരം നീചവൃത്തികളിൽ വീണുപോയേക്കാം.

3.ഭർത്താവിനോട് വഞ്ചന കാണിച്ച അസീസിന്റെ ഭാര്യക്ക് സംഭവിച്ചതിൽ നിന്ന് സ്ത്രീകൾ ഗൗരവമായി പഠിക്കേണ്ട പാഠം; അവരുടെ ആ വാർത്ത നാട്ടിലെ സ്ത്രീകൾക്കിടയിൽ പ്രചരിക്കുകയും, അവൾ വ്യക്തമായ ദുർമാർഗത്തിലാണെന്ന് സ്ത്രീകൾ കാണുകയുമുണ്ടായി. (ആയത്ത് 30 കാണുക)

4.യൂസുഫ് നബി عليه السلام യെ മാതൃകയാക്കുക; വ്യഭിചാരത്തിൽ നിന്നും അതിലേക്കുള്ള മാര്‍ഗങ്ങളില്‍ നിന്നും അകന്നുനിൽക്കുക. പ്രത്യേകിച്ച്, തന്റെ മതം അതൊക്കെ കർശനമായി നിരോധിച്ചിട്ടുള്ള ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ടതാണ്.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *