ലോകത്തുള്ള മുഴുവൻ സത്യനിഷേധികൾക്കും സത്യവിശ്വാസികൾക്കും ഉദാഹരണമായി രണ്ട് വ്യക്തികളെ വീതം വിശുദ്ധ ഖുർആൻ സൂറ:തഹ്‌രിം 10-12 ആയത്തുകളിലൂടെ എടുത്ത് കാണിക്കുന്നുണ്ട്. ഈ നാല് വ്യക്തികളും സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്. ഈ വ്യക്തികളെ കുറിച്ചും ഈ ഉദാഹരണങ്ങളിലെ ചില പാഠങ്ങളെ കുറിച്ചുമാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ലോകത്തുള്ള മുഴുവൻ സത്യനിഷേധികൾക്കും അല്ലാഹു ഉദാഹരിക്കുന്നത് നൂഹ് عليه السلام , ലൂത്വ് عليه السلام എന്നീ പ്രവാചകന്മാരുടെ ഭാര്യമാരെയാണ്.
ضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ كَفَرُوا۟ ٱمْرَأَتَ نُوحٍ وَٱمْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَٰلِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ ٱللَّهِ شَيْـًٔا وَقِيلَ ٱدْخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ
സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു. (ഖുർആൻ:66/10)
രണ്ടു സ്ത്രീകളും അവരുടെ ഭര്‍ത്താക്കളായ ആ പ്രവാചകന്മാരെ വഞ്ചിച്ചു. നൂഹ് عليه السلام ന്റെ ഭാര്യ അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തിന് ഭ്രാന്താണെന്ന് ജനമദ്ധ്യേ പ്രചരിപ്പിച്ചിരുന്നുവെന്നും, ലൂത്വ് عليه السلام ന്റെ ഭാര്യ അദ്ദേഹത്തിന്റെ അടുക്കല്‍ വരുന്ന അതിഥികളെക്കുറിച്ച് അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക് – പ്രകൃതിവിരുദ്ധമായ ദുര്‍ന്നടപ്പുകളില്‍ മുഴുകിയിവരായിരുന്നല്ലോ അവര്‍ – ഗൂഢമായി വിവരം കൊടുത്തിരുന്നുവെന്നും മറ്റും പറയപ്പെടുന്നു. അല്ലഹുവിനറിയാം. ഏതായാലും രണ്ടു പേരും തങ്ങളുടെ ഭര്‍ത്താക്കന്മാരായ പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ക്കും അദ്ധ്യാപനങ്ങള്‍ക്കും എതിരായി കാപട്യം സ്വീകരിക്കുകയാണ് ചെയ്തിരുന്നത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 66/10 ന്റെ വിശദീകരണം)
സത്യവിശ്വാസത്തിന്റെ മാര്‍ഗത്തില്‍ ഈ രണ്ടു സ്ത്രീകളും നൂഹ് عليه السلام യേയും ലൂത്വ് عليه السلام യേയും പിന്തുണച്ചില്ല. സത്യദീനിന്റെ ശത്രുക്കളെയാണവര്‍ പിന്തുണച്ചത്.
{فَخَانَتَاهُمَا} فِي الدِّينِ، بِأَنْ كَانَتَا عَلَى غَيْرِ دِينِ زَوْجَيْهِمَا، وَهَذَا هُوَ الْمُرَادُ بِالْخِيَانَةِ لَا خِيَانَةَ النَّسَبِ وَالْفِرَاشِ، فَإِنَّهُ مَا بَغَتِ امْرَأَةُ نَبِيٍّ قَطْ، وَمَا كَانَ اللَّهُ لِيَجْعَلَ امْرَأَةَ أَحَدٍ مِنْ أَنْبِيَائِهِ بَغْيًا
{എന്നിട്ട് അവര്‍ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചുകളഞ്ഞു} മതകാര്യത്തില്‍ അവര്‍ രണ്ടുപേരും തങ്ങളുടെ ഭര്‍ത്താക്കളുടെ മതത്തിലായിരുന്നില്ല. ഇതാണ് വഞ്ചന കൊണ്ട് ഉദ്ദേശ്യം. അതല്ലാതെ കുടുംബ പരമ്പരയിലോ ദാമ്പത്യബന്ധത്തിലോ വഞ്ചന കാണിച്ചെന്നല്ല. ഒരു പ്രവാചകന്റെ ഭാര്യയും അവിഹിതബന്ധം നടത്തിയിട്ടില്ല. പ്രവാചകപത്‌നിമാരെ അല്ലാഹു അങ്ങനെയാക്കുകയും ഇല്ല. (തഫ്സീറുസ്സഅ്ദി)
ലോകത്തുള്ള മുഴുവൻ സത്യവിശ്വാസികൾക്കും അല്ലാഹു ഉദാഹരിക്കുന്നതിൽ ഒന്നാമത്തേത് അക്രമിയായ ഭരണാധികാരിയായിരുന്ന ഫിർഔനിന്റെ ഭാര്യയായിരുന്ന ആസിയ رضي الله عنها യേയാണ്.
وَضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ
സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. (ഖുർആൻ:66/11)
وهذه المرأة هي آسية بنت مزاحم ، رضي الله عنها
ഈ വനിത ആസിയ ബിന്‍ത് മുസാഹിം رضي الله عنها യാണ്. (തഫ്സീർ ഇബ്നുകസീർ)
وهي آسية بنت مزاحم رضي الله عنها
അവൾ ആസിയ ബിന്‍ത് മുസാഹിം رضي الله عنها യാണ്. (തഫ്സീറുസ്സഅ്ദി)
ഫിർഔനിന്റെ അക്രമങ്ങളോ അഭീഷ്ടങ്ങളോ വകവെക്കാതെ, അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, ആ വിശ്വാസം നിലനിര്‍ത്തുവാന്‍ വേണ്ടി വമ്പിച്ച ത്യാഗങ്ങള്‍ വരിക്കുകയും, എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുകയും ചെയ്തു. അങ്ങിനെ അവര്‍ക്ക് അല്ലാഹുവിങ്കല്‍ മഹത്തായ സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ചെയ്തു.
ലോകത്തുള്ള മുഴുവൻ സത്യവിശ്വാസികൾക്കും അല്ലാഹു ഉദാഹരിക്കുന്നതിൽ രണ്ടാമത്തേത് ഇംറാന്റെ മകളും, ഈസാ നബി عليه السلام യുടെ മാതാവായ മര്‍യം عليها السلام യേയാണ്.
وَمَرْيَمَ ٱبْنَتَ عِمْرَٰنَ ٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتْ مِنَ ٱلْقَٰنِتِينَ
തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു. (ഖുർആൻ:66/12)
ഗുണവതിയും സദ്‌വൃത്തയുമായിരുന്ന അവര്‍ തന്‍റെ ചാരിത്ര്യം കാത്തു സൂക്ഷിക്കുകയും അല്ലാഹുവിന്‍റെ കൽപനകളും വേദവാക്യങ്ങളും ശരിക്കു പാലിച്ചുകൊണ്ട് ഭക്തിപൂര്‍വ്വം ജീവിക്കുകയും ചെയ്തു. അല്ലാഹു അവരെ കടുത്ത പരീക്ഷണത്തിലകപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ താഴ്മയോടെ അത് സ്വീകരിക്കാന്‍ സന്നദ്ധമായി. കന്യകയായിരിക്കെ അല്ലാഹുവിന്റെ ആജ്ഞയാല്‍ ഒരു ദിവ്യാദ്ഭുതമെന്നോണം അവര്‍ ഗര്‍ഭിണിയായി. അല്ലാഹു അവരെക്കൊണ്ട് നിര്‍വഹിക്കാനുദ്ദേശിക്കുന്ന ദൗത്യമെന്തെന്ന് അവരെ അറിയിച്ചു. അതിന്റെ പേരില്‍ അവർ അക്ഷമയായില്ല. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സഹിക്കേണ്ടതെല്ലാം അവര്‍ സഹിച്ചു. അങ്ങനെ, അവര്‍ അല്ലാഹുവിന്‍റെ മഹത്തായ ആദരവിനും അനുഗ്രഹത്തിനും പാത്രമായിത്തീര്‍ന്നു.
عَنْ أَبِي مُوسَى الأَشْعَرِيِّ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : كَمَلَ مِنَ الرِّجَالِ كَثِيرٌ، وَلَمْ يَكْمُلْ مِنَ النِّسَاءِ إِلاَّ مَرْيَمُ بِنْتُ عِمْرَانَ، وَآسِيَةُ امْرَأَةُ فِرْعَوْنَ، وَفَضْلُ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَامِ
അബൂമൂസൽ അശ്അരിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺപറഞ്ഞു: പുരുഷന്മാരിൽ പൂർണ്ണത നേടിയവർ ധാരാളമുണ്ട്. (എന്നാൽ) സ്ത്രീകളിൽ പൂർണ്ണത നേടിയവർ ഇല്ല, ഇംറാന്റെ മകൾ മർയമും ഫിര്‍ഔന്‍റെ ഭാര്യയായ ആസിയയും അല്ലാതെ. മറ്റ് സ്ത്രീകളേക്കാൾ ആഇശയുടെ ശ്രേഷ്ഠത മറ്റ് ഭക്ഷണങ്ങളേക്കാൾ താരിദിന്റെ (മാംസവും മറ്റും ചേര്‍ത്തുണ്ടാകുന്ന ഭക്ഷണം) ശ്രേഷ്ഠത പോലെയാണ്. (ബുഖാരി:3769)
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضى الله عنهما قال رسول الله صلى الله عليه وسلم : أفضلُ نِساءِ أهلِ الجنةِ خديجةُ بنتُ خُوَيْلِدٍ، وفاطمةُ بنتُ محمدٍ، ومريمُ بنتُ عِمْرانَ، وآسِيَةُ بنتُ مُزاحِمٍ امرأةُ فِرْعَوْنَ
അബ്ദില്ലാഹിബ്നു അബ്ബാസ് رضى الله عنهما യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗ സ്ത്രീകളിലെ ശ്രേഷ്ഠവതികൾ ഖദീജ ബിൻത് ഖുവൈലിദ്, ഫാത്വിമ ബിൻത് മുഹമ്മദ്, മർയം ബിൻത് ഇംറാൻ, ഫിർഔന്റെ ഭാര്യയായ ആസിയ ബിൻത് മുസാഹിം എന്നിവരാണ്. (അഹ്മദ്)
അല്ലാഹു വിശുദ്ധ ഖു൪ആനിലൂടെ ഇവരെ ഉദാഹരിച്ചതിൽനിന്നും സത്യവിശ്വാസികള്‍ക്ക് ചില പാഠങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടത് സൂചിപ്പിക്കുന്നു.
ഒന്നാമതായി, ഹിദായത്ത് അല്ലാഹു അവനുദ്ദേശിക്കുന്നവർക്ക് മാത്രം നൽകുന്നു. അവനുദ്ദേശിക്കാത്തവർക്ക് ഹിദായത്ത് ലഭിക്കുകയുമില്ല. ഇക്കാര്യത്തിൽ മറ്റാർക്കും യാതൊരു കഴിവും തീരുമാനവുമില്ല. നബി ﷺ യോടായി അല്ലാഹു പറയുന്നു:
إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖുർആൻ:28/56)
രണ്ടാമതായി, ഒരാളുടെ c/o ൽ അയാളുടെ അടുത്ത ആളുകൾക്ക് ഹിദായത്ത് ലഭിക്കണമെന്നില്ല. സത്യനിഷേധികൾക്ക് ഉദാഹരിക്കപ്പെട്ട രണ്ട് സ്ത്രീകളും രണ്ട് പ്രവാചകൻമാരുടെ ഭാര്യമാർ ആയിരുന്നു. ഒരു പ്രവാചകന്റെ ഭാര്യയായി എന്നത് അവർക്ക് ഹിദായത്ത് ലഭിക്കാൻ കാരണമായില്ല.
നബി ﷺ ഇസ്ലാമിക പ്രബോധനം ആരംഭിച്ച വേളയിൽ ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും അവിടുത്തേക്ക് താങ്ങും തണലുമായി നിന്നത് പിതൃവ്യനായ അബൂത്വാലിബ് ആയിരുന്നു. അദ്ധഹത്തിന്റെ ഇസ്ലാം ആശ്ലേഷണം നബി ﷺ ഏറെ ആഗ്രഹിച്ചിരുന്നു. മരണമാസന്നമായപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നുച്ചരിപ്പിക്കാനും അങ്ങനെ അദ്ദേഹത്തിന്റെ അന്ത്യം നന്മയിലാകാനും നബി ﷺ അങ്ങേയറ്റം പരിശ്രമിച്ചു നോക്കുകയുണ്ടായി. പക്ഷേ, ഫലമുണ്ടായില്ല. നബി ﷺ ക്ക് ഏറെ ഇഷ്ടപ്പെട്ടയാളായിരുന്നുവെന്നത് ഹിദായത്തിന് കാരണമായില്ല.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَمِّهِ ” قُلْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ لَكَ بِهَا يَوْمَ الْقِيَامَةِ ” . قَالَ لَوْلاَ أَنْ تُعَيِّرَنِي قُرَيْشٌ يَقُولُونَ إِنَّمَا حَمَلَهُ عَلَى ذَلِكَ الْجَزَعُ لأَقْرَرْتُ بِهَا عَيْنَكَ فَأَنْزَلَ اللَّهُ { إِنَّكَ لاَ تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ}
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ തന്റെ പിതൃവ്യനോട് (അദ്ദേഹത്തിന്റെ മരണസമയത്ത്) പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹു എന്ന വചനം പറയൂ, അന്ത്യ നാളിൽ ഞാൻ (നിങ്ങൾക്ക് വേണ്ടി) സാക്ഷ്യം വഹിക്കും. അദ്ദേഹം (അബൂത്വാലിബ്) പറഞ്ഞു: ഖുറൈശികൾ എന്നെ കുറ്റപ്പെടുത്തുന്നതിലുള്ള ഭയം ഇല്ലായിരുന്നുവെങ്കിൽ, ഞാൻ തീർച്ചയായും നിങ്ങളുടെ കണ്ണുകളെ ആനന്ദിപ്പിക്കുമായിരുന്നു. അപ്പോഴാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചത്: {തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. ഖുർആൻ:28/56} (മുസ്ലിം:25)
മൂന്നാമതായി, ഒരാളുടെ c/o ൽ അവരുടെ ബന്ധുക്കളെ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുവാന്‍ കഴിയില്ല. فَلَمْ يُغْنِيَا عَنْهُمَا مِنَ ٱللَّهِ شَيْـًٔا وَقِيلَ ٱدْخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ (അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു.) എന്നാണല്ലോ അല്ലാഹു പറഞ്ഞിട്ടുള്ളത്. അന്ത്യനാളില്‍ എന്റെ ഭര്‍ത്താവ് നബിയായിരുന്നെന്ന് പറഞ്ഞ് നരക ശിക്ഷയില്‍ രക്ഷപ്പെടാന്‍ നൂഹ് عليه السلام , ലൂത്വ് عليه السلام എന്നീ പ്രവാചകന്മാരുടെ ഭാര്യമാർക്ക് സാധ്യമല്ലെന്ന് മാത്രമല്ല, അവരോടും നരകക്കാരുടെ കൂടെ പ്രവേശിക്കുവാന്‍ അല്ലാഹു കല്‍പിക്കും.
ഭാര്യ സത്യവിശ്വാസിനിയായതിനാല്‍ ഭര്‍ത്താവായ ഫിര്‍ഔനിനോ, മകന്‍ സത്യവിശ്വാസിയായതിനാല്‍ പിതാവായ ആസറിനോ പരലോകത്ത് രക്ഷപ്പെടാന്‍ കഴിയില്ല. ഓരോരുത്തരും അവനവനു വേണ്ടി അധ്വാനിക്കണം.
لَن تَنفَعَكُمْ أَرْحَامُكُمْ وَلَآ أَوْلَٰدُكُمْ ۚ يَوْمَ ٱلْقِيَٰمَةِ يَفْصِلُ بَيْنَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങളുടെ രക്തബന്ധങ്ങളോ നിങ്ങളുടെ സന്താനങ്ങളോ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല തന്നെ. അല്ലാഹു നിങ്ങളെ തമ്മില്‍ വേര്‍പിരിക്കും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. (ഖുർആൻ:60/3)
ആദര്‍ശമില്ലെങ്കില്‍ അല്ലാഹുവിങ്കല്‍ കുടുംബ ബന്ധം കൊണ്ട് യാതൊരു പ്രയോജനവുമില്ല. സത്യവിശ്വാസവും, സൽക്കര്‍മ്മവും കൊണ്ടല്ലാതെ ആര്‍ക്കും രക്ഷയില്ല. നേരെമറിച്ച് എത്ര ധിക്കാരികളായ അവിശ്വാസികളുടെ ബന്ധുക്കളായിരുന്നാലും അവര്‍ സത്യവിശ്വാസികളും സൽക്കര്‍മ്മികളുമാണെങ്കില്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ രക്ഷയും പ്രതിഫലവും ഉണ്ട്.
هَذَانَ الْمَثَلَانِ اللَّذَانِ ضَرَبَهُمَا اللَّهُ لِلْمُؤْمِنِينَ وَالْكَافِرِينَ، لِيُبَيِّنَ لَهُمْ أَنَّ اتِّصَالَ الْكَافِرِ بِالْمُؤْمِنِ وَقُرْبَهُ مِنْهُ لَا يُفِيدُهُ شَيْئًا، وَأَنَّ اتِّصَالَ الْمُؤْمِنِ بِالْكَافِرِ لَا يَضُرُّهُ شَيْئًا مَعَ قِيَامِهِ بِالْوَاجِبِ عَلَيْهِ.
സത്യവിശ്വാസികളുടെയും സത്യനിഷേധികളുടെയും രണ്ട് ഉപമകളാണ് അല്ലാഹു ഇവിടെ പറയുന്നത്. ഒരു സത്യനിഷേധിക്ക് സത്യവിശ്വാസിയുമായുണ്ടാകുന്ന ബന്ധവും സാമീപ്യവും അവനു പരലോകത്ത് യാതൊരു പ്രയോജനം ചെയ്യില്ല. വിശ്വാസിക്ക് അവിശ്വാസിയുമായുള്ള ബന്ധം അവനൊരു ഉപദ്രവവും ചെയ്യില്ല; അവന്റെ ബാധ്യതകളില്‍ അവന്‍ വീഴ്ച വരുത്തുന്നില്ലെങ്കില്‍. (തഫ്സീറുസ്സഅ്ദി)
നാലാമതായി, ഈ ഉദാഹരണത്തിൽ നബി ﷺ യുടെ പത്നിമാര്‍ക്ക് ചില ഉപദേശമുണ്ട്.
فَكَأَنَّ فِي ذَلِكَ إِشَارَةً وَتَحْذِيرًا لِزَوْجَاتِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنِ الْمَعْصِيَةِ، وَأَنَّ اتِّصَالَهُنَّ بِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، لَا يَنْفَعُهُنَّ شَيْئًا مَعَ الْإِسَاءَةِ،
അനുസരണക്കേടിനെ സൂക്ഷിക്കാനുള്ള ഒരു താക്കീത് പ്രവാചക പത്‌നിമാര്‍ക്ക് ഇതിലുണ്ട്. നല്ല നിലയ്ക്കല്ലെങ്കില്‍ നബി ﷺ യുമായുള്ള ബന്ധം അവര്‍ക്ക് ഗുണകരമാവില്ലെന്ന ഓര്‍മപ്പെടുത്തലും. (തഫ്സീറുസ്സഅ്ദി)
ഈ സൂറത്തിന്റെ അവസാനത്തില്‍ രണ്ടു ദുഷിച്ച സ്ത്രീകളുടെ ഉദാഹരണങ്ങളും, രണ്ടു സദ്‌വൃത്തരായ സ്ത്രീകളുടെ ഉദാഹരണങ്ങളും ഉദ്ധരിച്ചതില്‍, നബി ﷺ യുടെ പത്നിമാര്‍ ആദ്യത്തെ രണ്ടുപേരെപ്പോലെ ആകാതിരിക്കുവാനും, ഒടുവിലത്തെ രണ്ടു സ്ത്രീകളെപ്പോലെ ആയിരിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ഒരു സൂചന കാണാം. والله علم (അമാനി തഫ്സീർ)
kanzululoom.com