മൃഗങ്ങളോടും കനിവ് കാണിക്കുക

അല്ലാഹുവിന്റെ ദീനായ ഇസ്ലാമിന്റെ മഹത്വത്തിൽ പെട്ടതാണ് അത് മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും കാരുണ്യം കാണിക്കുന്നുവെന്നത്. ജീവജാലങ്ങളോട് കരുണ കാണിക്കാനും അവയെ ഉപദ്രവിക്കാതിരിക്കാനും ഇസ്‌ലാം വിശ്വാസികളോട് നിരന്തരമായി ആവശ്യപ്പെടുന്നു.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم: الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ارْحَمُوا أَهْلَ الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ

അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:‘കാരുണ്യവാന്‍മാരിലാണ് അല്ലാഹു കരുണ ചൊരിയുന്നത്. നിങ്ങള്‍ ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കാരുണ്യം കാണിക്കും’.(സുനനു അബൂദാവൂദ് : 4290, ജാമിഉത്തി൪മിദി: 1847)

എല്ലാ ജീവജാലങ്ങളും നമ്മെപ്പോലെ തന്നെയുള്ള വര്‍ഗമാണെന്ന്, സമൂഹമാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. ആ വര്‍ഗത്തോട്, സമൂഹത്തോട് കരുണകാണിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയാണിത്. അല്ലാഹു പറയുന്നു:

وَمَا مِن دَآبَّةٍ فِى ٱلْأَرْضِ وَلَا طَٰٓئِرٍ يَطِيرُ بِجَنَاحَيْهِ إِلَّآ أُمَمٌ أَمْثَالُكُم ۚ

ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. (ഖു൪ആന്‍: 6/38)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ بَيْنَا رَجُلٌ بِطَرِيقٍ، اشْتَدَّ عَلَيْهِ الْعَطَشُ فَوَجَدَ بِئْرًا فَنَزَلَ فِيهَا فَشَرِبَ، ثُمَّ خَرَجَ، فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَالَ الرَّجُلُ لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي كَانَ بَلَغَ مِنِّي، فَنَزَلَ الْبِئْرَ، فَمَلأَ خُفَّهُ مَاءً، فَسَقَى الْكَلْبَ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ وَإِنَّ لَنَا فِي الْبَهَائِمِ لأَجْرًا فَقَالَ ‏”‏ فِي كُلِّ ذَاتِ كَبِدٍ رَطْبَةٍ أَجْرٌ ‏”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ അയാള്‍ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. ‘ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ’ എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്ക് പൊറുത്തു കൊടുത്തു.’ ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? നബി ﷺ പ്രതിവചിച്ചു: പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.’ (ബുഖാരി:2466)

عَنْ عَبْدِ الرَّحْمَنِ بْنِ عَبْدِ اللهِ عَنْ أَبِيهِ قَالَ: كُنَّا مَعَ رَسُولِ اللهِ صلى الله عليه وسلم فِي سَفَرٍ فَانْطَلَقَ لِحَاجَتِهِ، فَرَأَيْنَا حُمَّرَةً مَعَهَا فَرْخَانِ، فَأَخَذْنَا فَرْخَيْهَا، فَجَاءَتِ الْحُمَّرَةُ فَجَعَلَتْ تُفرِّشُ، فَجَاءَ النَّبِيُّ r فَقَالَ: «مَنْ فَجَعَ هَذِهِ بِوَلَدِهَا؟ رُدُّوا وَلَدَهَا إِلَيْهَا».

അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞങ്ങള്‍ പ്രവാചകനോടൊപ്പം യാത്രയിലായിരുന്നു. പ്രവാചകന്‍ ﷺ പ്രാഥമിക ആവശ്യത്തിനായി പോയി. രണ്ട് കുഞ്ഞുങ്ങളോടൊപ്പം ചെറിയൊരു പക്ഷിയെ ഞങ്ങള്‍ കണ്ടു. ആ രണ്ട് കുഞ്ഞുങ്ങളെയും ഞങ്ങള്‍ എടുത്തു. ആ പക്ഷി വന്ന് അതിന്റെ ചിറകിട്ടടിച്ചു. അപ്പോള്‍ പ്രവാചകന്‍ ﷺ വന്ന് പറഞ്ഞു: ‘ആരാണ് ഈ പക്ഷിക്കുഞ്ഞിനെ പ്രയാസപ്പെടുത്തിയത്? അതിന്റെ കുഞ്ഞിനെ അവിടെ തിരിച്ചുകൊണ്ടുപോയി വെക്കുക.’ (അബൂദാവൂദ്)

عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ، قَالَ ‏:‏ أَرْدَفَنِي رَسُولُ اللَّهِ صلى الله عليه وسلم خَلْفَهُ ذَاتَ يَوْمٍ فَأَسَرَّ إِلَىَّ حَدِيثًا لاَ أُحَدِّثُ بِهِ أَحَدًا مِنَ النَّاسِ، وَكَانَ أَحَبُّ مَا اسْتَتَرَ بِهِ رَسُولُ اللَّهِ صلى الله عليه وسلم لِحَاجَتِهِ هَدَفًا أَوْ حَائِشَ نَخْلٍ ‏.‏ قَالَ ‏:‏ فَدَخَلَ حَائِطًا لِرَجُلٍ مِنَ الأَنْصَارِ فَإِذَا جَمَلٌ فَلَمَّا رَأَى النَّبِيَّ صلى الله عليه وسلم حَنَّ وَذَرَفَتْ عَيْنَاهُ، فَأَتَاهُ النَّبِيُّ صلى الله عليه وسلم فَمَسَحَ ذِفْرَاهُ فَسَكَتَ، فَقَالَ ‏:‏ ‏”‏ مَنْ رَبُّ هَذَا الْجَمَلِ، لِمَنْ هَذَا الْجَمَلُ ‏”‏ ‏.‏ فَجَاءَ فَتًى مِنَ الأَنْصَارِ فَقَالَ ‏:‏ لِي يَا رَسُولَ اللَّهِ ‏.‏ فَقَالَ ‏:‏ ‏”‏ أَفَلاَ تَتَّقِي اللَّهَ فِي هَذِهِ الْبَهِيمَةِ الَّتِي مَلَّكَكَ اللَّهُ إِيَّاهَا، فَإِنَّهُ شَكَى إِلَىَّ أَنَّكَ تُجِيعُهُ وَتُدْئِبُهُ ‏”‏ ‏.‏

അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ رَضِيَ اللَّهُ عَنْهُ ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഒരു ദിവസം അല്ലാഹുവിന്‍റെ റസൂല്‍ ﷺ എന്‍റെ പുറകില്‍ (വാഹനപ്പുറത്ത്) ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. അങ്ങനെ എനിക്ക് ഒരു സംഭവം ഏറെ കൗതുകമുള്ളതായി. അത് ഞാന്‍ ഒരാളോടും പറഞ്ഞിട്ടില്ല. നബി ﷺ ആവശ്യനിര്‍വഹണത്തിന് മറസ്വീകരിക്കുന്നതിന് ഉയര്‍ന്നസ്ഥലമോ അല്ലെങ്കില്‍ ഈത്തപ്പന തൈകളോ ഇഷ്ടപ്പെടുമായിരുന്നു.” അബ്ദുല്ലാഹ് رَضِيَ اللَّهُ عَنْهُ പറയുന്നു: “അങ്ങനെ നബി ﷺ ഒരു അന്‍സ്വാരിയുടെ തോട്ടത്തില്‍ കയറി. അപ്പോഴതാ ഒരു ഒട്ടകം; അത് നബി ﷺ യെ കണ്ടപ്പോള്‍ തേങ്ങിക്കരയുന്നു. അതിന്‍റെ കണ്ണുകള്‍ ഒലിക്കുന്നുമുണ്ട്. അങ്ങനെ നബി ﷺ അതിന്‍റെ അടുത്ത് ചെന്നു. എന്നിട്ട് നബി ﷺ അതിന്‍റെ ചെവിയുടെ അടുത്ത് തടവി. അപ്പോള്‍ അത് (കരച്ചില്‍) അടക്കി. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ആരാണ് ഈ ഒട്ടകത്തിന്‍റെ യജമാനന്‍? ഈ ഒട്ടകം ആരുടെതാണ്?’ അപ്പോള്‍ അന്‍സ്വാരിയായ ഒരു ചെറുപ്പക്കാരന്‍ വന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, എന്‍റെതാണ്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: അല്ലാഹു നിനക്ക് ഉടമപ്പെടുത്തിത്തന്ന ഈ മൃഗത്തിന്‍റെ കാര്യത്തില്‍ നിനക്ക് അല്ലാഹുവിനെ സൂക്ഷിച്ചുകൂടേ? കാരണം, നീ അതിനെ പട്ടിണിക്കിടുന്നുണ്ടെന്നും നീ അതിനെ ഭാരിച്ച ജോലി ചെയ്യിച്ച് പ്രയാസപ്പെടുത്തുന്നുണ്ടെന്നും അത് എന്നോട് ആവലാതി ബോധിപ്പിച്ചിരിക്കുന്നു. (അബൂദാവൂദ് : 2549)

ബലി അറുക്കപ്പെടുന്ന സമയത്തുപോലും ബലിമൃഗത്തോട് കാരുണ്യം കാണിക്കാൻ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.

عَنْ شَدَّادِ بْنِ أَوْسٍ، قَالَ ثِنْتَانِ حَفِظْتُهُمَا عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ : إِنَّ اللَّهَ كَتَبَ الإِحْسَانَ عَلَى كُلِّ شَىْءٍ فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ فَلْيُرِحْ ذَبِيحَتَهُ

ശദ്ദാദുബ്നു ഔസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു : രണ്ട് കാര്യങ്ങള്‍ ഞാന്‍ നബി ﷺ യില്‍ നിന്ന് മനപാഠമാക്കി. നബി ﷺ പറഞ്ഞു : അല്ലാഹു എല്ലാത്തിലും നന്‍മ നി൪ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ എന്തിനെയെങ്കിലും കൊല്ലുകയാണെങ്കില്‍ മാന്യമായ നിലയില്‍ കൊല്ലുക. നിങ്ങള്‍ അറവ് നടത്തുകയാണെങ്കില്‍ നല്ല രീതിയില്‍ അറുക്കുക. ആയുധം മൂ൪ച്ച കൂട്ടുകയും അറവ് മൃഗത്തിന് സാവകാശം നല്‍കുകയും ചെയ്യട്ടെ. (മുസ്ലിം:1955)

മൂ൪ച്ച കൂടിയ കത്തികൊണ്ട് അറുക്കുമ്പോള്‍ മൃഗത്തിന് ആശ്വാസം ലഭിക്കുന്നു. മൃഗത്തോട് വാത്സല്യവും കരുണയും കാണിക്കുകയും കൂടുതല്‍ പ്രയാസപ്പെടുത്താതെ അതിവേഗം ജീവന്‍ പോകാവുന്നവിധം അറുക്കുകയുമാണ് വേണ്ടത്. അതേപോലെ മൃഗത്തിന്റെ മുമ്പില്‍ വെച്ച് കത്തിക്ക് മൂ൪ച്ച കൂട്ടാതിരിക്കുക, മൃഗത്തെ അറുക്കുമ്പോള്‍ അത് അറുക്കാനുള്ള മറ്റ് മൃഗങ്ങളെ കാണിക്കാതിരിക്കുക, മൃഗത്തെ വലിച്ചിഴച്ച് കൊണ്ടുപോകാതിരിക്കുക, ജീവന്‍ വേ൪പിരിയുന്നതിന് മുമ്പ് മൃഗത്തിന് വേദനിക്കുന്ന പ്രവൃത്തികള്‍ ചെയ്യാതിരിക്കുക എന്നിവയെല്ലാം മൃഗത്തോട് കാണിക്കേണ്ട മര്യാദയില്‍ പെട്ടതാണ്.

ബലിമൃഗത്തെ വീഴ്ത്തിയതിനു ശേഷം ഒരുകാല്‍ കൊണ്ട് അതിനെ ചവിട്ടിപ്പിടിച്ച അവസ്ഥയില്‍ കത്തി മൂര്‍ച്ചകൂട്ടുന്ന ഒരാള്‍ക്കരികെ നബി ﷺ കടന്നുപോയി. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ഇതിന് മുമ്പ് ആകാമായിരുന്നില്ലേ ഈ മൂര്‍ച്ചകൂട്ടല്‍? നീ അതിനെ പലതവണ കൊല്ലാനാണോ ഉദ്ദേശിക്കുന്നത്?’ (ഹാകിം, ത്വബ്‌റാനി).

ഇമാം നവവി رحمه الله പറയുന്നു: ‘മൃഗത്തിന്റെ സന്നിധിയില്‍ വെച്ച് കത്തി മൂര്‍ച്ചകൂട്ടാതിരിക്കലും ഒരു മൃഗം നോക്കി നില്‍ക്കെ മറ്റൊന്നിനെ അറുക്കാതിരിക്കലും അറവു സ്ഥലത്തേക്ക് മൃഗത്തെ വലിച്ചിഴച്ച് കൊണ്ട് പോകാതിരിക്കലും അഭികാമ്യമാകുന്നു” (ശറഹു മുസ്‌ലിം 13/43)

മനുഷ്യർക്ക് ഉപദ്രവമുണ്ടാക്കുന്ന ചില ജീവികളെ ചില സന്ദർഭത്തിൽ കൊല്ലാനുള്ള അനുവാദം ഇസ്ലാം  നൽകിയിട്ടുണ്ടെങ്കിലും ജീവികളെ അന്യായമായി പീഢിപ്പിക്കാനോ അംഗഭേദം നടത്തുവാനോ കരിച്ചു കൊല്ലുവാനോ പാടില്ലെന്ന് ഇസ്ലാം കൽപ്പിച്ചു.

عَنْ جَابِرُ بْنُ عَبْدِ اللَّهِ، قَالَ: نَهَى رَسُولُ اللَّهِ صلى الله عليه وسلم أَنْ يُقْتَلَ شَىْءٌ مِنَ الدَّوَابِّ صَبْرًا ‏.‏

ജാബിര്‍ ബ്നു അബ്ദില്ലാ رَضِيَ اللَّهُ عَنْهُ പറയുന്നു: കെട്ടിയിട്ട് (ആഹാരം കൊടുക്കാതെ)  മൃഗത്തെയും കൊല്ലുന്നത് അല്ലാഹുവിന്റെ റസൂല്‍ ﷺ വിരോധിച്ചിട്ടുണ്ട്. (മുസ്ലിം: 1959)

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏: لاَ تَتَّخِذُوا شَيْئًا فِيهِ الرُّوحُ غَرَضًا ‏”‏ ‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജീവനുള്ളവയെ ഉന്നമായി വെച്ച് (അമ്പെയ്യാനോ കല്ലെറിയാനോ) പാടില്ല. (മുസ്ലിം:1957)

عَنِ ابْنِ عُمَرَ، لَعَنَ النَّبِيُّ صلى الله عليه وسلم مَنْ مَثَّلَ بِالْحَيَوَانِ‏.‏

ഇബ്നുഉമർ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ജീവികളെ അംഗഭംഗം വരുത്തുന്നവരെ നബി ﷺ ശപിച്ചിരിക്കുന്നു. (ബുഖാരി: 5515)

عَنْ جَابِرٍ رضى الله عنه ، أَنَّ النَّبِيَّ صلى الله عليه وسلم مَرَّ بحِمَار قَدْ وُسِمَ فِي وَجْهِهِ فَقَالَ ‏ “‏ لَعَنَ اللَّهُ الَّذِي وَسَمَهُ ‏”‏ ‏.‏

ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മുഖത്ത് അടയാളം (അടയാളത്തിനായി പൊള്ളിക്കുക) വെക്കപ്പെട്ട ഒരു കഴുതയുടെ അടുക്കലൂടെ പ്രവാചകന്‍ ﷺ നടന്നു. അപ്പോള്‍ പ്രവാചന്‍ ﷺ പറയുകയുണ്ടായി; ‘അടയാളം വെച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു.’ (മുസ്ലിം)

عَنْ جَابِرٍ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنِ الضَّرْبِ فِي الْوَجْهِ وَعَنِ الْوَسْمِ فِي الْوَجْهِ ‏.‏

ജാബിര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: (മൃഗങ്ങളുടെ) മുഖത്ത് അടിക്കുന്നതും മുഖത്ത് (ചൂടുവെച്ച്) പൊള്ളിക്കുന്നതും അല്ലാഹുവിന്റെ റസൂല്‍ ﷺ വിരോധിച്ചിട്ടുണ്ട്. (മുസ്ലിം: 2116).

عَنْ سَعِيدِ بْنِ جُبَيْرٍ، قَالَ كُنْتُ عِنْدَ ابْنِ عُمَرَ فَمَرُّوا بِفِتْيَةٍ أَوْ بِنَفَرٍ نَصَبُوا دَجَاجَةً يَرْمُونَهَا، فَلَمَّا رَأَوُا ابْنَ عُمَرَ تَفَرَّقُوا عَنْهَا، وَقَالَ ابْنُ عُمَرَ مَنْ فَعَلَ هَذَا إِنَّ النَّبِيَّ صلى الله عليه وسلم لَعَنَ مَنْ فَعَلَ هَذَا‏.‏

ഇബ്നുഉമർ  رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അദ്ദേഹം ഒരു സംഘം ആളുകളുടെ അടുത്തുകൂടെ നടന്നുപോവുകയായിരുന്നു. അവർ ഒരു കോഴിയെ കെട്ടിയിട്ട് അതിനെ ലക്ഷ്യമാക്കി അമ്പെയ്യുകയായിരുന്നു. ഇബ്നുഉമറിനെ കണ്ടപ്പോൾ അവർ പലവഴിക്കും തിരിഞ്ഞുപോയി. ഇബ്നുഉമർ رَضِيَ اللَّهُ عَنْهُ ചോദിച്ചു; ആരാണിത് ചെയ്തത്? ഇങ്ങിനെ ചെയ്യുന്നവനെ നബി(ﷺ) ശപിച്ചിരിക്കുന്നു. (ബുഖാരി: 5515)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ: سَمِعْتُ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ: قَرَصَتْ نَمْلَةٌ نَبِيًّا مِنَ الأَنْبِيَاءِ، فَأَمَرَ بِقَرْيَةِ النَّمْلِ فَأُحْرِقَتْ، فَأَوْحَى اللهُ إِلَيْهِ أَنْ قَرَصَتْكَ نَمْلَةٌ أَحْرَقْتَ أُمَّةً مِنَ الأُمَمِ تُسَبِّحُ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാന്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറയുന്നതായി കേട്ടു: ‘പ്രവാചകന്മാരില്‍ പെട്ട ഒരു പ്രവാചകനെ ഉറുമ്പ് കടിച്ചു. അദ്ദേഹം കല്‍പിക്കുകയും, ആ ഉറുമ്പ് സമൂഹം ചുട്ടെരിച്ച് ചാമ്പലാക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രവാകന് അല്ലാഹു വെളിപാട് നല്‍കി; താങ്കളെ കടിച്ചത് ഒരു ഉറുമ്പാണ്, താങ്കള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ആ സമൂഹത്തെ മുഴവന്‍ ചുട്ടെരിച്ച് ചാമ്പലാക്കിയിരിക്കുന്നു. (ബുഖാരി, മുസ്ലിം)

എന്നാല്‍ ഒരു മനുഷ്യന്‍ ജീവജാലങ്ങളെ കഷ്ടപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണെങ്കില്‍ അത് കാരണമായി അല്ലാഹു അവനെ പരലോകത്ത് ശിക്ഷിക്കുന്നതാണ്.

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ دَخَلَتِ امْرَأَةٌ النَّارَ فِي هِرَّةٍ رَبَطَتْهَا، فَلَمْ تُطْعِمْهَا، وَلَمْ تَدَعْهَا تَأْكُلُ مِنْ خِشَاشِ الأَرْضِ ‏”‏‏.‏

ഇബ്‌നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു പൂച്ചയെ കെട്ടിയതിന്റെ പേരിൽ ഒരു സ്ത്രീ നരകത്തിൽ പ്രവേശിച്ചു, അതിന് ഭക്ഷണം കൊടുക്കുകയോ ഭൂമിയിലെ കീടങ്ങളിൽ നിന്ന് ഭക്ഷിക്കാൻ സ്വതന്ത്രമാക്കുകയോ ചെയ്തില്ല. (ബുഖാരി:3318)

عَنْ أَبِي هُرَيْرَةَ رضى الله عنه، قَالَ رَسُولَ اللَّهِ صلى الله عليه وسلم ‏:‏دَخَلَت امْرَأَةٌ النَّارَ مِنْ جَرَّاءِ هِرَّةٍ لَهَا – أَوْ هِرٍّ – رَبَطَتْهَا فَلَا هِيَ أَطْعَمَتْهَا، وَلَا هِيَ أَرْسَلَتْهَا تُرَمْرِمُ مِنْ خَشَاشِ الأَرْضِ حَتَّى مَاتَتْ هَزْلًا.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ഒരു സ്ത്രീ അവരുടെ പൂച്ച കാരണമായി നരകത്തില്‍ പ്രവേശിച്ചു. അവര്‍ ഭക്ഷണം നല്‍കാതെ പൂച്ചയെ കെട്ടിയിട്ടു; അഴിച്ചുവിട്ടില്ല. മണ്ണില്‍ നിന്ന് അത് പെറുക്കി തിന്നു, അവസാനം പട്ടിണി കിടന്ന് ചത്തുപോയി.’ (മുസ്ലിം)

عَنْ عَبْدُ اَللَّهِ بْنُ عُمَرَ قَالَ رَسُولُ اَللَّهِ صَلَّى اَللَّهُ عَلَيْهِ وَ آلِهِ : ما من إنسانٍ يَقْتُلُ عُصْفُورًا فما فَوْقَها بغيرِ حَقِّها، إلَّا سَأَلهُ اللهُ عَنْها يومَ القيامةِ

അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു പക്ഷിയെയോ അതിന് മുകളിലുള്ളതിനേയോ അന്യായമായി കൊല്ലുന്നപക്ഷം, അതിനെക്കുറിച്ച്  ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അല്ലാഹു ചോദിക്കാതിരിക്കുകയില്ല. (സ്വഹീഹ് അൽബാനി)

عن الشَّرِيدَ رضى الله عنه قَالَ: سَمِعْتُ رَسُولَ اللهِ لى الله عليه وسلم يَقُولُ: مَنْ قَتَلَ عُصْفُورًا عَبَثًا عَجَّ إِلَى اللهِ عَزَّ وَجَلَّ يَوْمَ الْقِيَامَةِ، يَقُولُ: يَا رَبِّ، إِنَّ فُلَانًا قَتَلَنِي عَبَثًا وَلَمْ يَقْتُلْنِي لِمَنْفَعَةٍ.

അശ്ശരീദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ‘അല്ലാഹുവിന്റെ റസൂല്‍  ﷺ പറയുന്നതായി ഞാന്‍ കേട്ടു; ആരെങ്കിലും പക്ഷികളെ അന്യായമായി കൊല്ലുകയാണെങ്കില്‍, അന്ത്യനാളില്‍ അവ അല്ലാഹുവിലേക്ക് നിലവിളിച്ചുകൊണ്ട് വരുന്നതായിരിക്കും. എന്നിട്ട് പറയും; രക്ഷിതാവേ, ഇന്നാലിന്ന മനുഷ്യന്‍ എന്നെ അന്യായമായി കൊലചെയ്തിരിക്കുന്നു. ഒരു ആവശ്യത്തിനും വേണ്ടിയല്ല എന്നെ കൊന്നിരിക്കുന്നത്. (നസാഇ)

 

 

www.kanzululoom.com

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *