അമാനത്ത്

സൂക്ഷിപ്പുമുതല്‍, ഉത്തരവാദിത്വം, വിശ്വസ്തത എന്നീ അര്‍ത്ഥകല്‍പനകളോടെ ഉപയോഗിക്കുന്ന പദമാണ് അമാനത്ത്.

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: അമാനത്ത് ( أَمَانَةَ ) എന്നാല്‍ ‘വിശ്വസ്തത’ എന്ന് വാക്കര്‍ഥം. ഒരാള്‍ മറ്റൊരാളെ വിശ്വാസപൂര്‍വ്വം ഏല്‍പിക്കുകയും, ആ ആള്‍ ഏറ്റെടുക്കുകയും ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും, വസ്തുക്കള്‍ക്കും ‘അമാനത്ത്’ എന്ന് പറയപ്പെടുന്നു. ഇതേ അര്‍ഥത്തില്‍ തന്നെ ‘അമാനത്ത്’ എന്നും ‘അനാമത്ത്’ എന്നും മലയാളത്തിലും പറയപ്പെടാറുണ്ട്. അമാനത്തുകളെ മൂന്നായി വിഭജിക്കാം.

(1) മനുഷ്യനും അവന്‍റെ റബ്ബിനും ഇടക്കുള്ള അമാനത്ത്. പ്രവാചകന്മാര്‍ മുഖേനയും വേദഗ്രന്ഥങ്ങള്‍ മുഖേനയും അല്ലാഹുവിനോട് മനുഷ്യര്‍ പാലിക്കേണ്ടതായി അറിയപ്പെടുന്ന കടമകളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

(2) മനുഷ്യര്‍ തമ്മതമ്മിലുള്ള അമാനത്ത്. ഒരാള്‍ ഒരാളെ വിശ്വാസ പൂര്‍വ്വം ഏല്‍പിച്ച സ്വത്തുക്കളും, രഹസ്യങ്ങളും, ഇടപാടുകളില്‍ പാലിക്കപ്പെടേണ്ടുന്ന മര്യാദകളുമെല്ലാം ഇതില്‍ ഉള്‍പെടുന്നു.

(3) സ്വന്തം ദേഹങ്ങളോടു പാലിക്കപ്പെടേണ്ടുന്ന അമാനത്ത്. സ്വന്തം ഗുണത്തിനും നന്മക്കും അനുപേക്ഷണീയമായ കാര്യങ്ങളാണ് ഈ ഇനത്തിലുള്ളത്. ഇവയില്‍ രണ്ടാമത്തെ – മനുഷ്യര്‍ തമ്മിതമ്മിലുള്ള – ഇനത്തെ ഉദ്ദേശിച്ചാണ് സാധാരണ ഗതിയില്‍ അമാനത്ത് എന്ന് നാം പറഞ്ഞുവരുന്നത്.(അമാനി തഫ്സീ൪ : ഖു൪ആന്‍ 4/58 ന്റെ വിശദീകരണത്തില്‍ നിന്ന്)

അമാനത്തിന്റെ വിവരണത്തില്‍ ധാരാളം വാക്കുകള്‍ നല്‍കിയ ശേഷം ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: ‘പുണ്യകര്‍മങ്ങള്‍, നിര്‍ബന്ധകര്‍മങ്ങള്‍, മതകാര്യങ്ങള്‍, ശിക്ഷാവിധികള്‍ എന്നിവയെല്ലാം അമാനത്തില്‍ പെട്ടതാണ്.’ അദ്ദേഹം പറഞ്ഞു: ‘ഈ അഭിപ്രായങ്ങളെല്ലാം ഒന്നൊന്നിനെ നിരാകരിക്കുന്നില്ല. പ്രത്യുത, വിധിവിലക്കുകള്‍ ബാധകമാക്കുക, കല്‍പനകളും വിരോധങ്ങളും അവയുടെ നിബന്ധനകള്‍ക്കൊത്ത് സ്വീകരിക്കുക എന്നതില്‍ എല്ലാം യോജിക്കുകയും പ്രസ്തുത ആശയത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. കല്‍പനകളും വിരോധങ്ങളും നിബന്ധനകള്‍ക്ക് ഒത്ത് സ്വീകരിക്കുക എന്നത് മനുഷ്യന്‍ അവ നിര്‍വഹിച്ചാല്‍ അവന് പ്രതിഫലം നല്‍കപ്പെടുമെന്നതും കയ്യൊഴിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്നതുമാണ്. എന്നാല്‍ അല്ലാഹു—നന്മയിലക്ക് ഉദവിനല്‍കിയവരൊഴിച്ചുള്ളവര്‍ തങ്ങളുടെ ദുര്‍ബലതയും അജ്ഞതയും അന്യായവുമുള്ള നിലയ്ക്ക് അവ സ്വീകരിച്ചു.’

അല്ലാഹുവിന്‍റെ നിയമനിര്‍ദ്ദേശങ്ങളാകുന്ന മതശാസനങ്ങള്‍ ഏറ്റെടുക്കുന്നതിന്‌ സൃഷ്ടികളില്‍ വമ്പിച്ചതായ ആകാശഭൂമികളും, പര്‍വ്വതങ്ങളുമെല്ലാം വിസമ്മതിച്ചപ്പോള്‍ ഈ അമാനത്ത് മനുഷ്യന്‍‌ ഏറ്റെടുത്തു.

إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَٰنُ ۖ إِنَّهُۥ كَانَ ظَلُومًا جَهُولًا

തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു. (ഖു൪ആന്‍:33/72)

വിധിവിലക്കുകള്‍ യഥാവിധം പാലിക്കല്‍ അമാനത്തിന്റെ നിര്‍വഹണമാണ്. കല്‍പനകളെ ശിരസ്സാവഹിച്ചും വിരോധങ്ങളെ വിട്ടകന്നും അമാനത്ത് പാലിക്കുവാന്‍ വിശുദ്ധ ക്വുര്‍ആന്‍ അനുശാസിച്ചിട്ടുണ്ട്. അമാനത്തുകള്‍ നിര്‍വഹിക്കേണ്ടുന്നതിന്റെ ഗൗരവവും പ്രധാന്യവുമാണ് പ്രസ്തുത അവതരണം അറിയിക്കുന്നത്.

ബാധ്യതകളുടെ നിര്‍വഹണവും സംരക്ഷണവുമാണ് അമാനത്ത്. ഒരാളുടെ മേല്‍ ബാധ്യതയാക്കപ്പെട്ട നമസ്‌കാരം, സകാത്ത്, നോമ്പ് പോലുള്ളതെല്ലാം അമാനത്തുകളാണ്. സൂക്ഷിപ്പുസ്വത്തുക്കള്‍, രഹസ്യങ്ങള്‍, സ്വകാര്യതകള്‍ തുടങ്ങിയവയും ഗൗരവപ്പെട്ട അമാനത്തുകളാകുന്നു.

ഉടമസ്ഥനോ അല്ലെങ്കില്‍ അയാളുടെ പ്രതിനിധിയോ പ്രതിഫലമൊന്നും നല്‍കാതെ സൂക്ഷിക്കുന്നവന്റെ അടുക്കല്‍ നിക്ഷേപിക്കുന്ന വസ്തുക്കളാണല്ലോ വദീഅത്തുകള്‍ (സൂക്ഷിപ്പുസ്വത്തുകള്‍). അവയെല്ലാം യഥാവിധം നിര്‍വഹിക്കല്‍ അമാനത്തിന്റെ തേട്ടമാകുന്നു. ഈ വിഷയത്തില്‍ അല്ലാഹുവിന്റെ വചനം കാണുക:

فَإِنْ أَمِنَ بَعْضُكُم بَعْضًا فَلْيُؤَدِّ ٱلَّذِى ٱؤْتُمِنَ أَمَٰنَتَهُۥ وَلْيَتَّقِ ٱللَّهَ رَبَّهُۥ ۗ

…….. ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. (ഖു൪ആന്‍:2/283)

പരസ്പരം വിശ്വാസം അര്‍പ്പിച്ചു കഴിഞ്ഞാല്‍ ആ വിശ്വാസ്യത ശരിക്കും പാലിക്കേണ്ടത് വിശ്വസിക്കപ്പെട്ടവന്‍റെ കടമയാണ്; അതില്‍ കൃത്രിമമോ വഞ്ചനയോ നടത്തുന്നതില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളണം എന്നുള്ളതാണ്.

إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّوا۟ ٱلْأَمَٰنَٰتِ إِلَىٰٓ أَهْلِهَا وَإِذَا حَكَمْتُم بَيْنَ ٱلنَّاسِ أَن تَحْكُمُوا۟ بِٱلْعَدْلِ ۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓ ۗ إِنَّ ٱللَّهَ كَانَ سَمِيعًۢا بَصِيرًا

വിശ്വസിച്ചേല്‍പിക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്‌. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു. (ഖു൪ആന്‍:4/58)

വസ്തുക്കളാണെങ്കില്‍, തിരിച്ചു കൊടുക്കേണ്ടുന്ന സമയത്ത് അമാന്തം വരുത്താതെയും, കൃത്രിമത്വം നടത്താതെയും തിരിച്ച് കൊടുക്കുക; കാര്യങ്ങളാണെങ്കില്‍, നിശ്ചയപ്രകാരം വീഴ്ച വരുത്താതെ നിര്‍വ്വഹിക്കുക: രഹസ്യങ്ങളാണെങ്കില്‍, പുറത്തറിയിക്കാതെ സൂക്ഷിക്കുക; ഇടപാടുകളാണെങ്കില്‍, അതില്‍ ചതിയും വഞ്ചനയും നടത്താതിരിക്കുക എന്നൊക്കെയാണ് അമാനത്തുകളെ അവയുടെ ആള്‍ക്കാര്‍ക്ക് കൊടുത്ത് വീട്ടണ’മെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏:‏ أَدِّ الأَمَانَةَ إِلَى مَنِ ائْتَمَنَكَ وَلاَ تَخُنْ مَنْ خَانَكَ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”നിന്നെ വിശ്വസിച്ചേല്‍പിച്ചവനിലേക്ക് അമാനത്ത് തിരിച്ചേല്‍പിക്കുക. നിന്നെ ചതിച്ചവനെ നീ ചതിക്കരുത്. (സുനനുത്തുര്‍മുദി:1264 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

രഹസ്യം അമാനത്താണ്‌. അതിനെ ജനമധ്യേ പ്രചരിപ്പിക്കുന്നത്‌ വഞ്ചനയാണ്‌. വിശ്വസിച്ചവനോടുള്ള ചതിയുംകരാറു പാലനത്തിലുള്ള അനീതിയുമാണത്‌. ഭാര്യഭ൪തൃ ബന്ധങ്ങളിലെ രഹസ്യം ഇതില്‍ പ്രധാനപ്പെട്ടതാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ مِنْ أَعْظَمِ الأَمَانَةِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ الرَّجُلَ يُفْضِي إِلَى امْرَأَتِهِ وَتُفْضِي إِلَيْهِ ثُمَّ يَنْشُرُ سِرَّهَا

അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ അമാനത്തില്‍ പ്രധാനപ്പെട്ടത്, ഒരാള്‍ തന്റെ ഭാര്യയിലേക്ക് കൂടിച്ചേരുകയും ഭാര്യ അയാളിലേക്ക് കൂടിച്ചേരുകയും ചെയ്തതില്‍ പിന്നെ അവളുടെ രഹസ്യങ്ങള്‍ പരസ്യമാക്കുന്ന വ്യക്തിയാണ്. (മുസ്ലിം:1437)

അധികാരവും ഉദ്യോഗവുമെല്ലാം അമാനത്താണ്. അതിലെ വീഴ്ച അമാനത്തില്‍ വരുത്തുന്ന വീഴ്ചയാണ്. ഏത് ജോലി ചെയ്യുന്നവനാണെങ്കിലും അത് ചെയ്യാനുള്ള കഴിവുണ്ടായിരിക്കുന്നതോടൊപ്പം അവന്‍ വിശ്വസ്തനുമായിരിക്കണം.

قَالَتْ إِحْدَىٰهُمَا يَٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ

ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ(മൂസയെ) താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. (ഖു൪ആന്‍:28/26)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: ജോലിക്കാരന്‍ കഴിവുള്ളവനും, വിശ്വസ്തനും (الْقَوِيُّ الْأَمِينُ) ആയിരിക്കുക എന്ന തത്വം ഇത്രയും പ്രാധാന്യമര്‍ഹിക്കുന്നതുകൊണ്ട് തന്നെയാണ് കേവലം ഒരു സ്ത്രീയുടെ ആ വാക്ക് അല്ലാഹു ഇവിടെ ഉദ്ധരിച്ചതും. സുലൈമാന്‍ നബി (അ) ബില്‍ഖീസിന്‍റെ സിംഹാസനം ആരാണ് വേഗം കൊണ്ടുവരിക എന്നന്വേഷിച്ചപ്പോള്‍, അങ്ങുന്ന് ഈ സ്ഥാനത്തുനിന്നു എഴുന്നേറ്റുപോകുംമുമ്പ് ഞാന്‍ കൊണ്ടുവരാമെന്നു പറഞ്ഞ ജിന്നും പറയുകയുണ്ടായി: وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ (ഞാന്‍ അതിനു കഴിവുള്ളവനും വിശ്വസ്തനുമാണ്‌) എന്ന്. (അമാനി തഫ്സീ൪ : ഖു൪ആന്‍ 28/26 ന്റെ വിശദീകരണത്തില്‍ നിന്ന്)

‘അമാനത്ത്’ എന്നതിന്റെ വിപരീതപദമാണ് ‘ഖിയാനത്ത്.’ ഖിയാനത്ത് വഞ്ചനയാണ്. വഞ്ചന ഇസ്‌ലാമില്‍ വിരോധിക്കപ്പെട്ട കൊടിയ കുറ്റവുമാണ്.വഞ്ചന വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലുമെല്ലാമുണ്ട്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَخُونُوا۟ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓا۟ أَمَٰنَٰتِكُمْ وَأَنتُمْ تَعْلَمُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്‌. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്‌. (ഖു൪ആന്‍:8/27)

ഈ ആയത്തിന്റെ വിവരണത്തില്‍ ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു:

والخيانة تعم الذنوب الصغار والكبار اللازمة والمتعدية

ഈ ഖിയാനത്ത് (വഞ്ചന) ചെറുതും വലുതുമായ എല്ലാ പാപങ്ങളെയും പൊതുവില്‍ ഉള്‍കൊള്ളുന്നു; പ്രസ്തുത പാപങ്ങള്‍ സ്വന്തത്തോട് ചെയ്തതാകട്ടെ, അന്യരോട് ചെയ്തതാകട്ടെ.

നബി (സ്വ) പറഞ്ഞു: വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. (മുസ്‌ലിം).

അലിയ്യ് ഇബ്‌നു അബീത്വല്‍ഹ(റ)യില്‍ നിന്നും ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി നിവേദനം: ”നിങ്ങള്‍ അമാനത്തുകളില്‍ വഞ്ചന കാണിക്കുകയും ചെയ്യരുത്. അമാനത്ത് എന്നാല്‍ അല്ലാഹു അടിയാറുകളെ വിശ്വസിച്ചേല്‍പിച്ച നിര്‍ബന്ധ കര്‍മങ്ങളാണ്. നിങ്ങള്‍ വഞ്ചന കാണിക്കരുത് എന്നാല്‍ നിങ്ങള്‍ അവ ലംഘിക്കരുത് എന്നുമാണ്. വഞ്ചന മുസ്‌ലിമിന്റെ ലക്ഷണമല്ല; വിശിഷ്യാ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളിലും വസ്തുവകകളിലും. അത് കപടന്മാരുടെ ദുര്‍ഗുണമാണ്.”

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ آيَةُ الْمُنَافِقِ ثَلاَثٌ إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ”കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാകുന്നു. അവന്‍ സംസാരിച്ചാല്‍ കളവ് പറയും. കരാര്‍ ചെയ്താല്‍ ലംഘിക്കും. വിശ്വസിച്ചേല്‍പിക്കപ്പെട്ടാല്‍ വഞ്ചിക്കും” (ബുഖാരി:6095)

മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരം കൂടിയുണ്ട്:

وَإِنْ صَامَ وَصَلَّى وَزَعَمَ أَنَّهُ مُسْلِمٌ

അവന്‍ നോമ്പ് അനുഷ്ഠിക്കുകയും നമസ്കരിക്കുകയും മുസ്ലിമാണെന്ന് ജല്‍പ്പിക്കുകയും ചെയ്താലുംശരി (മുസ്ലിം:59)

വിജയികളായ വിശ്വാസികളുടെ സ്വഭാവഗുണങ്ങള്‍ വിശുദ്ധ ഖു൪ആന്‍ എണ്ണിപ്പറഞ്ഞതില്‍ ഒന്ന്, അവ൪ അമാനത്തിന്റെ പരിപാലകരും പരിരക്ഷകരുമാണെന്നാണ്.

وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ

തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരുമത്രേ (ആ വിജയം പ്രാപിച്ചവരായ വിശ്വാസികള്‍) (ഖു൪ആന്‍:23/8)

അതുകൊണ്ടുതന്നെ അമാനത്ത് നിര്‍വഹിക്കുന്നതിന്റെ പ്രാധാന്യമറിയിക്കുന്ന ധാരാളം ഹദീസുകള്‍ കാണാവുന്നതാണ്.

عن أَنَسِ بْنِ مَالِك قَالَ مَا خَطَبَنَا نَبِيُّ اللَّهِ إِلاَّ قَالَ: لاَ إِيمَانَ لِمَنْ لاَ أَمَانَةَ لَهُ، وَلاَ دِينَ لِمَنْ لاَ عَهْدَ لَهُ

അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ ഞങ്ങളോട് പ്രസംഗിക്കുമ്പോഴെല്ലാം ഇപ്രകാരം പറയുമായിരുന്നു: അമാനത്തില്ലാത്തവര്‍ക്ക് ഈമാനില്ല. കരാര്‍ പാലനമില്ലാത്തവര്‍ക്ക് ദീനുമില്ല. ( അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

عن عبد الله بن عمرو، أن رسول الله صلى الله عليه وسلم ، قال : أربع إذا كن فيك فلا عليك ما فاتك من الدنيا : حفظ أمانة، وصدق حديث ، وحسن خليقة، وعفة طعمة

അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: നാല് കാര്യങ്ങള്‍, അത് നിന്റെ ജീവിതത്തിലുണ്ടെങ്കില്‍ ഈ ലോകത്ത് നിന്ന് എന്ത് നഷ്ടപ്പെട്ടാലും നിനക്ക് ദുഖിക്കേണ്ടി വരില്ല. അമാനത്ത് കാത്തുസൂക്ഷിക്കുക, സംസാരത്തില്‍ സത്യസന്ധത പുല൪ത്തുകു, സല്‍സ്വഭാവം നിലനി൪ത്തുക, ഭക്ഷണത്തിന്റെ കാര്യത്തില്‍ പരിശുദ്ധി നിലനി൪ത്തുക എന്നിവയാണവ. أخرجه أحمد (٦٦٥٢)

നബി ﷺ യും അബൂദര്‍റും(റ) തമ്മില്‍ നടന്ന ഒരു സംഭാഷണം അമാനത്തിന്റെ ഗൗരവം ഉറക്കെ വിളിച്ചോതുന്നു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു:

عَنْ أَبِي ذَرٍّ، قَالَ قُلْتُ يَا رَسُولَ اللَّهِ أَلاَ تَسْتَعْمِلُنِي قَالَ فَضَرَبَ بِيَدِهِ عَلَى مَنْكِبِي ثُمَّ قَالَ ‏ “‏ يَا أَبَا ذَرٍّ إِنَّكَ ضَعِيفٌ وَإِنَّهَا أَمَانَةٌ وَإِنَّهَا يَوْمَ الْقِيَامَةِ خِزْىٌ وَنَدَامَةٌ إِلاَّ مَنْ أَخَذَهَا بِحَقِّهَا وَأَدَّى الَّذِي عَلَيْهِ فِيهَا ‏”‏ ‏.‏

അബൂദര്‍റില്‍(റ) നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു: ഞാന്‍ (നബിയോട്) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നെ ഗവര്‍ണറായി നിശ്ചയിക്കുന്നില്ലേ?’ അപ്പോള്‍ നബി ﷺ തന്റെ കൈകൊണ്ട് എന്റെ ഇരുചുമലുകളിലും തട്ടി. ശേഷം തിരുമേനി പറഞ്ഞു: ‘അബൂദര്‍റ്! താങ്കള്‍ ദുര്‍ബലനാണ്. നേതൃപദവിയാകട്ടെ അമാനത്തുമാണ്. അത് അന്ത്യനാളില്‍ നിന്ദ്യതയും അപമാനവുമാണ്; നേതൃത്വം യഥാവിധം ഏറ്റെടുക്കുകയും അതില്‍ തന്റെമേല്‍ ബാധ്യതയായത് നിര്‍വഹിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്.’ (മുസ്‌ലിം:1825).

അബൂദര്‍റി(റ)ല്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ നബി ﷺ പറഞ്ഞതായി ഇപ്രകാരമാണുള്ളത്:

يَا أَبَا ذَرٍّ إِنِّي أَرَاكَ ضَعِيفًا وَإِنِّي أُحِبُّ لَكَ مَا أُحِبُّ لِنَفْسِي لاَ تَأَمَّرَنَّ عَلَى اثْنَيْنِ وَلاَ تَوَلَّيَنَّ مَالَ يَتِيمٍ

അബൂദര്‍റ്! താങ്കളെ ഞാന്‍ ദുര്‍ലബനായി കാണുന്നു. എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്നത് താങ്കള്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ ആളുകളുടെ നേതൃപദവി ഏറ്റെടുക്കരുത്. യതീമിന്റെ ധനവും ഏറ്റെടുക്കരുത്. (മുസ്‌ലിം:1826)

മതനിഷ്ഠകളില്‍ ആദ്യമായി ആളുകള്‍ക്ക് കൈമോശം വന്നുപോകുന്നത് അമാനത്തായിരിക്കുമെന്ന മുന്നറിയിപ്പും വിഷയത്തിന്റെ ഗൗരവമാണറിയിക്കുന്നത്.

അനസ് ഇബ്‌നുമാലികി ﷺ ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: നിങ്ങളുടെ ദീനില്‍ ആദ്യമായി നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് അമാനത്തായിരിക്കും. അതില്‍ അവസാനത്തേത് നമസ്‌കാരവുമായിരിക്കും. (മകാരിമുല്‍ അഖ്‌ലാക്വ്, ഇമാം അല്‍ഖറാഇത്വി – അല്‍ബാനി സ്വഹീഹെന്ന്‌ വിശേഷിപ്പിച്ചു).

പരലോകത്ത് നരകത്തിന് മുകളില്‍ സ്ഥാപിക്കപ്പെടുന്ന ഒരു പാലമാണ് സ്വിറാത്ത്. സത്യവിശ്വാസികള്‍ക്ക് സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനായി സ്വിറാത്ത് പാലത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. അതേപോലെ അല്ലാഹുവില്‍ വിശ്വസിക്കുകയും എന്നാല്‍ പാപങ്ങള്‍ ചെയ്ത് നരകപ്രവേശനത്തിന് അ൪ഹത നേടിയവ൪ക്കും സ്വിറാത്ത് പാലത്തിലൂടെ കടക്കേണ്ടതുണ്ട്. അല്ലാഹു അമാനത്തിനേയും കുടുംബബന്ധത്തേയും സ്വിറാത്തിനരുകിലേക്ക് പറഞ്ഞയക്കും. അവ കാത്തുസൂക്ഷിച്ച ആളുകളെ രക്ഷപെടുത്തുന്നതിനായി അവ അല്ലാഹുവിനോട് ശുപാ൪ശ പറയുകയും അത് പാഴാക്കിയ ആളുകളെ വലിച്ച് നരകത്തിലിടുകയും ചെയ്യും.

وَتُرْسَلُ الأَمَانَةُ وَالرَّحِمُ فَتَقُومَانِ جَنَبَتَىِ الصِّرَاطِ يَمِينًا وَشِمَالاً

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: ‘അമാനത്തിനേയും കുടുംബബന്ധം ചേ൪ക്കലിനേയും ‘ അയക്കപ്പെടുന്നു. അത് സ്വിറാത്തിന്റെ ഇടതും വലതുമായി നില്‍ക്കുന്നു. (മുസ്‌ലിം:195)

അന്ത്യനാളിന്റെ അടയാളങ്ങള്‍ അനവധിയാണ്. അവയെക്കുറിച്ചുള്ള അനുസ്മരണ വേളയില്‍ അമാനത്തിനെ വിശേഷിച്ച് എണ്ണിയതും അമാനത്ത് നഷ്ടപ്പെടുത്തല്‍ അന്ത്യനാളിന്റെ അടയാളമാണെന്ന് പ്രത്യേകം പറഞ്ഞതും അതിന്റെ പ്രാധാന്യവും ഗൗരവവും തന്നെയാണ് അറിയിക്കുന്നത്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു സംഭവം നോക്കൂ:

عَنْ أَبِي هُرَيْرَةَ، قَالَ بَيْنَمَا النَّبِيُّ صلى الله عليه وسلم فِي مَجْلِسٍ يُحَدِّثُ الْقَوْمَ جَاءَهُ أَعْرَابِيٌّ فَقَالَ مَتَى السَّاعَةُ فَمَضَى رَسُولُ اللَّهِ صلى الله عليه وسلم يُحَدِّثُ، فَقَالَ بَعْضُ الْقَوْمِ سَمِعَ مَا قَالَ، فَكَرِهَ مَا قَالَ، وَقَالَ بَعْضُهُمْ بَلْ لَمْ يَسْمَعْ، حَتَّى إِذَا قَضَى حَدِيثَهُ قَالَ ‏”‏ أَيْنَ ـ أُرَاهُ ـ السَّائِلُ عَنِ السَّاعَةِ ‏”‏‏.‏ قَالَ هَا أَنَا يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ فَإِذَا ضُيِّعَتِ الأَمَانَةُ فَانْتَظِرِ السَّاعَةَ ‏”‏‏.‏ قَالَ كَيْفَ إِضَاعَتُهَا قَالَ ‏”‏ إِذَا وُسِّدَ الأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَظِرِ السَّاعَةَ ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:’നബി ﷺ ഒരു സദസ്സില്‍ ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ഒരു ഗ്രാമീണ അറബി നബി ﷺ യുടെ അടുക്കല്‍ ആഗതനായി. അയാള്‍ ചോദിച്ചു: ‘അന്ത്യനാള്‍ എപ്പോഴാണ്?’ തിരുമേനി ﷺ തന്റെ സംസാരം തുടര്‍ത്തികൊണ്ടുപോയി. ജനങ്ങളില്‍ ചിലര്‍പറഞ്ഞു: ‘അയാളുടെ ചോദ്യം റസൂല്‍ ﷺ കേട്ടിരിക്കുന്നു; എന്നാല്‍ അദ്ദേഹത്തിന് അതില്‍ നീരസമുണ്ടായി.’ ചിലര്‍ പറഞ്ഞു: ‘നബി ﷺ അത് കേട്ടിട്ടില്ല.’ തിരുദൂതര്‍ ﷺ തന്റെ സംസാരം അവസാനിപ്പിച്ചപ്പോള്‍ ചോദിച്ചു: ‘അന്ത്യനാളിനെ കുറിച്ച് ചോദിച്ച വ്യക്തി എവിടെയാണ്?’ അയാള്‍ പറഞ്ഞു: ‘തിരുദൂതരേ, ഞാന്‍ ഇതാ.’ നബി ﷺ പറഞ്ഞു: ‘അമാനത്ത് നഷ്ടപ്പെടുത്തപ്പെട്ടാല്‍ താങ്കള്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക.’ അയാള്‍ ചോദിച്ചു: ‘എങ്ങനെയാണ് അത് നഷ്ടപ്പെടുത്തല്‍?’ തിരുമേനി ﷺ പറഞ്ഞു: ‘കാര്യങ്ങള്‍ അതിന്റെ അര്‍ഹരല്ലാത്തവരിലേക്ക് ഏല്‍പിക്കപ്പെട്ടാല്‍ താങ്കള്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക’ (ബുഖാരി:59)

عَنْ زَيْدِ بْنِ وَهْبٍ، حَدَّثَنَا حُذَيْفَةُ، قَالَ حَدَّثَنَا رَسُولُ اللَّهِ صلى الله عليه وسلم حَدِيثَيْنِ رَأَيْتُ أَحَدَهُمَا وَأَنَا أَنْتَظِرُ الآخَرَ حَدَّثَنَا ‏”‏ أَنَّ الأَمَانَةَ نَزَلَتْ فِي جَذْرِ قُلُوبِ الرِّجَالِ، ثُمَّ عَلِمُوا مِنَ الْقُرْآنِ، ثُمَّ عَلِمُوا مِنَ السُّنَّةِ ‏”‏‏.‏ وَحَدَّثَنَا عَنْ رَفْعِهَا قَالَ ‏”‏ يَنَامُ الرَّجُلُ النَّوْمَةَ فَتُقْبَضُ الأَمَانَةُ مِنْ قَلْبِهِ، فَيَظَلُّ أَثَرُهَا مِثْلَ أَثَرِ الْوَكْتِ، ثُمَّ يَنَامُ النَّوْمَةَ فَتُقْبَضُ فَيَبْقَى فِيهَا أَثَرُهَا مِثْلَ أَثَرِ الْمَجْلِ، كَجَمْرٍ دَحْرَجْتَهُ عَلَى رِجْلِكَ فَنَفِطَ، فَتَرَاهُ مُنْتَبِرًا وَلَيْسَ فِيهِ شَىْءٌ، وَيُصْبِحُ النَّاسُ يَتَبَايَعُونَ فَلاَ يَكَادُ أَحَدٌ يُؤَدِّي الأَمَانَةَ فَيُقَالُ إِنَّ فِي بَنِي فُلاَنٍ رَجُلاً أَمِينًا‏.‏ وَيُقَالُ لِلرَّجُلِ مَا أَعْقَلَهُ، وَمَا أَظْرَفَهُ، وَمَا أَجْلَدَهُ، وَمَا فِي قَلْبِهِ مِثْقَالُ حَبَّةِ خَرْدَلٍ مِنْ إِيمَانٍ

ഹുദൈഫ നിവേദനം ചെയ്യുന്നു: നബി(സ) ഞങ്ങളോട് രണ്ട് കാര്യങ്ങള്‍ പ്രവചിച്ചു. അവയില്‍ ഒന്ന് ഞാന്‍ നേരില്‍ കണ്ടു. മറ്റേത് പ്രതീക്ഷിച്ചിരിക്കുകയാണ്. അവിടുന്ന് ഇതാണ് ഞങ്ങളോട് പറഞ്ഞത്: ‘അമാനത്ത് ജനഹൃദയങ്ങളുടെ അടിത്തട്ടില്‍ അവതരിച്ചു (മനുഷ്യമനസ്സില്‍ അന്തര്‍ലീനമാണ്). പിന്നെ ഖുര്‍ആന്‍ അവതരിച്ചു. അവര്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും (അതുസംബന്ധമായ)കാര്യങ്ങള്‍ മനസ്സിലാക്കി’. പിന്നെ അമാനത്ത് ഉയര്‍ത്തപ്പെടുന്നതിനെ കുറിച്ച് അവിടുന്ന് ഞങ്ങളോട് പറഞ്ഞു: ‘ഒരാള്‍ ഉറങ്ങുമ്പോഴായിരിക്കും അയാളുടെ ഹൃദയത്തില്‍ നിന്ന് അമാനത്തിനെ പിടികൂടുക. അമാനത്തിന്റെ നിറം മങ്ങിയ അടയാളം മാത്രം ബാക്കിയാവും. വീണ്ടും അയാള്‍ ഉറങ്ങും. അപ്പോഴും അയാളുടെ ഹൃദയത്തില്‍ നിന്ന് (ബാക്കിയുള്ള) അമാനത്തിനെ പിടിക്കും. പിന്നെ ഒരു കുമിള മാത്രമേ ശേഷിക്കൂ. ഒരു തീക്കനലെടുത്ത് കാലില്‍ ഉരുട്ടിയാല്‍ പൊള്ളലേറ്റ് ഉണ്ടാവുന്ന കുമിള പോലെ. അത് വീര്‍ത്തിരിക്കുന്നതായി നിനക്ക് കാണാം. എന്നാല്‍ അതിനകത്ത് ഒന്നുമുണ്ടാകില്ല’. അനന്തരം പ്രവാചകന്‍ ഒരു ചരല്‍ക്കല്ലെടുത്ത് തന്റെ കാലില്‍ ഉരുട്ടി. നബി തുടര്‍ന്നു: ‘ജനം ക്രമയവിക്രയത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവരില്‍ ഒരാളും വിശ്വസ്തത പുലര്‍ത്തുന്നവരായി ഉണ്ടാവുകയില്ല. എത്രത്തോളമെന്നാല്‍ ഇന്ന കുടുംബത്തില്‍ ഒരു വിശ്വസ്തനുണ്ടെന്ന് ആളുകള്‍ പറയാന്‍ തുടങ്ങും. മറ്റൊരാളെപ്പറ്റി എത്ര ക്ഷമയുള്ളവന്‍, എത്ര സമര്‍ഥന്‍, എത്ര ബുദ്ധിമാന്‍ എന്നൊക്കെ പറയപ്പെടും. പക്ഷേ അയാളുടെ ഹൃദയത്തില്‍ ഒരു കടുക് മണിത്തൂക്കം പോലും ഈമാന്‍ ഉണ്ടാവുകയില്ല’. (ബുഖാരി: 7086)

പ്രവാചകന്‍മാ൪ അമാനത്ത് പാലിച്ചവ൪

പ്രവാചകന്മാരില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് വിശ്വസ്തത (അമാനത്ത്). അതില്‍ ഒരു വീഴ്ചയും വരുത്തുന്നവരായിരുന്നില്ല അവര്‍. ഏല്‍പിക്കപ്പെട്ട മുഴുവന്‍ കാര്യങ്ങളും വിശ്വസ്തതയോടെ അവര്‍ നിറവേറ്റി. പ്രവാചകന്മാര്‍ അത് ജനങ്ങളോട് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു; എന്തിന്? അല്ലാഹുവിന്റെ കാര്യത്തില്‍ തങ്ങള്‍ പറയുന്നത് ഒരു സംശയവും ഇല്ലാതെ വിശ്വസിക്കാന്‍. ഹൂദ്(അ) തന്റെ ജനതയോട് പറയുന്നത് കാണുക:

قَالَ يَٰقَوْمِ لَيْسَ بِى سَفَاهَةٌ وَلَٰكِنِّى رَسُولٌ مِّن رَّبِّ ٱلْعَٰلَمِينَ – أُبَلِّغُكُمْ رِسَٰلَٰتِ رَبِّى وَأَنَا۠ لَكُمْ نَاصِحٌ أَمِينٌ

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ യാതൊരു മൌഢ്യവുമില്ല. പക്ഷെ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്‌. എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു.(ഖു൪ആന്‍:7/67-68)

പ്രവാചകന്മാ൪ അല്ലാഹുവിന്റെ സന്ദേശം മാറ്റത്തിരുത്തലുകളോ ഏറ്റക്കുറച്ചിലോ ഇല്ലാതെ ജനങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ജനങ്ങളുടെ ശത്രുതയോ വെറുപ്പോ പരിഗണിക്കാതെ അല്ലാഹുവിനെ മാത്രം ഭയപ്പെട്ട് ഈ വിശ്വസ്തത നിറവേറ്റുന്നവരായിരുന്നു അവര്‍. അല്ലാഹു പറയുന്നു:

ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخْشَوْنَهُۥ وَلَا يَخْشَوْنَ أَحَدًا إِلَّا ٱللَّهَ ۗ وَكَفَىٰ بِٱللَّهِ حَسِيبًا

അതായത് അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്‍റെ നടപടി.) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി.(ഖു൪ആന്‍:33/39)

നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, ശുഐബ് എന്നീനബിമാരുടെ ചരിത്രങ്ങള്‍ സൂറതുശ്ശുഅറാഇല്‍ അല്ലാഹു നല്‍കിയപ്പോള്‍ അവരെക്കുറിച്ച് പറഞ്ഞത്കാണുക:

إِنِّى لَكُمْ رَسُولٌ أَمِينٌ

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു (ഖു൪ആന്‍:26/107, 125, 143, 162,178)

നബി ﷺ ഉത്തമ മാതൃക

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ وَذَكَرَ ٱللَّهَ كَثِيرًا

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌. (ഖു൪ആന്‍:33/21)

ഏതൊരു കാരയത്തിലെതുംപോലെ ഈ കാര്യത്തിലും നബി ﷺ തന്നെയാണ് സത്യവിശ്വാസികള്‍ക്ക് മാതൃക. അവിടുന്ന് പ്രവാചകത്വത്തിനു മുമ്പുതന്നെ മക്കാനിവാസികളുടെ ‘അല്‍അമീന്‍’ (വിശ്വസ്തന്‍) ആയിരുന്നു. തിരുദൂതരുടെ സംസാരത്തിലെ സത്യസന്ധതയും അമാനത്ത് നിര്‍വഹണത്തിലെ കാര്യക്ഷമതയും സ്വഭാവ മാഹാത്മ്യവും മക്കയില്‍ പാട്ടായിരുന്നു. അതിനാലാണ് കുലീനയും സമ്പന്നയുമായ ഖദീജ(റ) തിരുമേനി ﷺ യെ വിളിച്ചുവരുത്തി സിറിയയിലേക്കുള്ള തന്റെ കച്ചവടച്ചരക്കുകളുടെ ചുമതല ഏല്‍പിച്ചത്. ഖദീജ(റ)യുടെ ഭൃത്യന്‍ മയ്‌സറയോടൊപ്പം കച്ചവട സംഘത്തെ നയിച്ച തരുദൂതരി ﷺ ല്‍ മയ്‌സറ കണ്ടത് സത്യസന്ധതയും വിശ്വാസ്യതയുമാണ്. പ്രസ്തുത സ്വഭാവ വിശേഷതകള്‍ തന്നെയാണ് ഖദീജ(റ)യെ നബി ﷺ യിലേക്ക് അടുപ്പിച്ചതും അവരില്‍ നിന്നുള്ള വിവാഹാഭ്യര്‍ഥനയിലേക്കെത്തിച്ചതും.

ഹിറോക്ലിയസ് രാജാവും റോമന്‍ അധിപന്മാരും അബൂസുഫ്‌യാന്‍(റ) അവിശ്വാസിയായിരുന്ന നാളില്‍ അദ്ദേഹവുമായി ഈലിയാ പട്ടണത്തില്‍ സന്ധിച്ചപ്പോള്‍ ഹിറോക്ലിയസ് ചോദിച്ചു: ‘മുഹമ്മദ് ചതിപ്രയോഗം നടത്താറുണ്ടോ?’ ഇല്ലെന്ന അബൂസുഫ്‌യാന്റെ പ്രതികരണത്തിന് ഹിറോക്ലിയസിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘അപ്രകരമാണ് ദൈവദൂതന്മാര്‍; അവര്‍ ചതിക്കുകയില്ല.’

മുഹമ്മദ് നബി ﷺ അനുശാസിക്കുന്ന കാര്യങ്ങളേതെന്ന ഹിറോക്ലിയസിന്റെ ചോദ്യത്തിന് അബൂസുഫ്‌യാന്‍ നല്‍കിയ മറുപടിയും അമാനത്തിന്റെ പ്രധാന്യം വിളച്ചോതുന്നു. അബൂസുഫ്‌യാന്‍ പറഞ്ഞു: ‘നിങ്ങള്‍ ഏകനായ അല്ലാഹുവെ മാത്രം ആരാധിക്കണം; അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കരുത്. നിങ്ങളുടെപൂര്‍വികര്‍ പറയുന്ന തെറ്റുകള്‍ നിങ്ങള്‍ കയ്യൊഴിക്കുക. കൂടാതെ, നമസ്‌കരിക്കുവാനും ദാനം നല്‍കുവാനും പരിശുദ്ധി പ്രാപിക്കുവാനും ബന്ധങ്ങള്‍ നല്ല രീതിയിലാക്കുവാനും കരാര്‍ പാലിക്കുവാനും അമാനത്ത് നിര്‍വഹിക്കുവാനും അദ്ദേഹം ഞങ്ങളോട് കല്‍പിക്കുന്നു.’

 

 

kanzululoom.com

One Response

  1. അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ്. വളരെ ഉപകാരപ്രതം.

Leave a Reply

Your email address will not be published. Required fields are marked *