പ്രവാചകനും നേതാവുമായ സുലൈമാൻ عليه السلام

തന്റെ പിതാവായ ദാവൂദ് നബി عليه السلام ക്ക് ശേഷം, സുലൈമാൻ عليه السلام ഇസ്രായേൽ സന്തതികളുടെ രാജാവും അവരുടെ നേതാവുമായിത്തീർന്നു. അല്ലാഹു പറയുന്നു:

وَوَرِثَ سُلَيْمَٰنُ دَاوُۥدَ ۖ وَقَالَ يَٰٓأَيُّهَا ٱلنَّاسُ عُلِّمْنَا مَنطِقَ ٱلطَّيْرِ وَأُوتِينَا مِن كُلِّ شَىْءٍ ۖ إِنَّ هَٰذَا لَهُوَ ٱلْفَضْلُ ٱلْمُبِينُ

സുലൈമാന്‍ ദാവൂദിന്‍റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളില്‍ നിന്നും നമുക്ക് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഇത് തന്നെയാകുന്നു പ്രത്യക്ഷമായ അനുഗ്രഹം. (ഖു൪ആന്‍:27/16)

ഈ ആയത്തിൽ പരാമർശിച്ചിട്ടുള്ള ‘അനന്തരാവകാശം’ എന്നത് പ്രവാചകത്വത്തിന്റെ അനന്തരാവകാശമല്ല; കാരണം, പ്രവാചകത്വം എന്നത് അല്ലാഹു തന്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരെ പ്രത്യേകമായി തിരഞ്ഞെടുക്കുന്ന  ഒരു ഉന്നത പദവിയാണ്. പ്രവാചകന്മാരുടെ മക്കളിൽ ചിലർ പ്രവാചകന്മാരായിട്ടുണ്ടെങ്കിലും, അത് അല്ലാഹുവിന്റെ പ്രത്യേകമായ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണ്, അല്ലാതെ പാരമ്പര്യമായി ലഭിച്ചതല്ല. അതുപോലെ തന്നെ, ഇത് സമ്പത്തിന്റെ അനന്തരാവകാശവുമല്ല; കാരണം പ്രവാചകന്മാർ സമ്പത്ത് അനന്തരമായി വിട്ടേച്ചു പോകാറില്ല.  മുഹമ്മദ് നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

إِنَّا مَعْشَرَ الأَنْبِيَاءِ لا نُورَثُ ، مَا تَرَكْنَا فَهُوَ صَدَقَةٌ.

തീർച്ചയായും ഞങ്ങൾ പ്രവാചക സമൂഹം അനന്തരാവകാശികളെ വെക്കാറില്ല; ഞങ്ങൾ ഉപേക്ഷിച്ചുപോകുന്നതെല്ലാം സ്വദഖ ആണ്. (നസാഇ)

അതിനാൽ, ഇവിടെയുള്ള ‘അനന്തരാവകാശം’ എന്നത് ഭൂമിയിലെ ഭരണനേതൃത്വത്തിന്റെ ചുമതല ഏറ്റെടുക്കുകയും, അല്ലാഹു അവതരിപ്പിച്ച നിയമങ്ങൾക്കനുസൃതമായി ജനങ്ങൾക്കിടയിൽ ഭരണം നടത്തുകയും അവരെ നയിക്കുകയും ചെയ്യുന്ന വലിയ ഉത്തരവാദിത്തത്തിന്റെയും കൈമാറ്റമാണ്. അതുപോലെ തന്നെ അത് വിജ്ഞാനത്തിന്റെ (ഇൽമ്) അനന്തരാവകാശവുമാണ്. അതുകൊണ്ടാണ് മുഹമ്മദ് നബി ﷺ ഇപ്രകാരം പറഞ്ഞത്:

إن العلماء ورثة الأنبياء، وإن الأنبياء لم يورِّثوا دينارًا ولا درهمًا، وأورثوا العلم.

തീർച്ചയായും പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പ്രവാചകൻമാർ ദീനാറോ ദിർഹമോ  അനന്തരാവകാശമായി വെച്ചുപോയിട്ടില്ല; അവർ അനന്തരാവകാശമായി നൽകിയത് വിജ്ഞാനത്തെയാണ്. (ഇബ്നുഹിബ്ബാന്‍)

വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട സുലൈമാൻ നബി عليه السلام യുടെ പ്രധാനപ്പെട്ട നേതൃത്വ ഗുണങ്ങളിൽ പെട്ടതാണ്:

▪️അദ്ധേഹം أوَّاب (നിരന്തരം പശ്ചാതപിച്ചു മടങ്ങുന്നവന്‍) ആയിരുന്നു: അല്ലാഹു പറയുന്നു:

وَوَهَبْنَا لِدَاوُۥدَ سُلَيْمَٰنَ ۚ نِعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ

ദാവൂദിന് നാം സുലൈമാനെ (പുത്രന്‍) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്‌) ഏറ്റവും അധികം ഖേദിച്ചുമടങ്ങുന്നവനാകുന്നു. (ഖു൪ആന്‍:38/30)

▪️അദ്ധേഹം ജനങ്ങളുടെയും സൈന്യത്തിന്റെയും ക്ഷേമം അന്വേഷിക്കുമായിരുന്നു: ഒരു നേതാവിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ് തന്റെ പ്രജകളുടെയും സൈനികരുടെയും കാര്യങ്ങൾ നിരന്തരം നിരീക്ഷിക്കുകയും അവരുടെ ക്ഷേമാന്വേഷണങ്ങൾ നടത്തുകയും ചെയ്യുക എന്നത്. അല്ലാഹു പറയുന്നു:

وَتَفَقَّدَ ٱلطَّيْرَ فَقَالَ مَا لِىَ لَآ أَرَى ٱلْهُدْهُدَ أَمْ كَانَ مِنَ ٱلْغَآئِبِينَ

അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു; എന്തുപറ്റി? മരംകൊത്തിയെ ഞാന്‍ കാണുന്നില്ലല്ലോ, അഥവാ അത് സ്ഥലം വിട്ടു പോയ കൂട്ടത്തിലാണോ? (ഖു൪ആന്‍:27/20)

ആ ക്ഷേമാന്വേഷണവും നിരീക്ഷണവും പ്രധാനമായും രണ്ട് നയങ്ങളുടെ (രീതികളുടെ) അടിസ്ഥാനത്തിലായിരിക്കും:

ഒന്നാമത്തേത്: കാര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുക; നിയമങ്ങൾ ലംഘിക്കുന്നവരെയും അവ കൃത്യമായി പാലിക്കുന്നവരെയും തിരിച്ചറിയുക, അതുപോലെ ജോലികൾ ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്നവരും അല്ലാത്തവരും ആരൊക്കെയെന്ന് മനസ്സിലാക്കുക.

രണ്ടാമത്തേത്: സാമ്പത്തികവും ആരോഗ്യപരവുമായ സഹായങ്ങൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള സഹായങ്ങൾ ആവശ്യമുളളവരെ കണ്ടെത്തുക.

സുലൈമാൻ عليه السلام യുടെ  പരിശോധനയുമായി  ബന്ധപ്പെട്ട വിഷയത്തിൽ ചില പ്രധാന കാര്യങ്ങൾ അടങ്ങിയിരിക്കുന്നു:

ഒന്നാമതായി: ഭരണാധികാരിയായ സുലൈമാൻ നബി عليه السلام തന്റെ പ്രജകളെയെല്ലാം യാതൊരു വിവേചനവുമില്ലാതെ പരിശോധിച്ചറിയാറുണ്ടായിരുന്നു. പക്ഷികളുടെ കൂട്ടത്തിൽ ഒരാൾ ഹാജരാകാതിരുന്നതുകൊണ്ടാണ് അദ്ദേഹം പക്ഷികളെ പരിശോധിച്ചു എന്ന് ഖുർആനിൽ പരാമർശിച്ചിട്ടുള്ളത്. അല്ലാതെ, പക്ഷികളെ മാത്രം പരിശോധിക്കുകയും ഉദാഹരണത്തിന് സൈനികരെ പരിശോധിക്കാതിരിക്കുകയും ചെയ്യുക എന്നത് യുക്തിസഹമല്ലല്ലോ. ക്രിയാത്മകനായ ഒരു നേതാവ് തന്റെ പ്രജകളെയെല്ലാം – ചെറിയവരെയും വലിയവരെയും, ധനികരെയും ദരിദ്രരെയും, ആരോഗ്യവാന്മാരെയും രോഗികളെയും – ഒരുപോലെ അന്വേഷിച്ചറിയുന്നവനായിരിക്കും. ഇതായിരുന്നു ഭരണാധികാരിയായ സുലൈമാൻ عليه السلام യുടെ പതിവ് രീതി.

രണ്ടാമത്തേത്: ഹുദ്ഹുദ് (മരംകൊത്തി) ഒരു പക്ഷിയായതുകൊണ്ടുതന്നെ വളരെ ദുർബലമായ ജീവികളിൽ പെട്ടതാണ്. അതിനാൽ, തന്റെ കീഴുദ്യോഗസ്ഥരെയും പ്രജകളെയും പരിശോധിക്കുമ്പോൾ സമൂഹത്തിലെ ചെറിയവരെയും സാധാരണക്കാരെയും ഒരു നേതാവും മറന്നുപോകരുത് എന്ന സന്ദേശമാണ് ഇത് ഓരോ നേതാവിനും നൽകുന്നത്.

മൂന്നാമത്തേത്: ഹുദ്ഹുദ് ന് വലിപ്പക്കുറവും ദൗർബല്യവും ഉണ്ടെങ്കിലും, അത് അതിശയകരമായ കഴിവുകൾ ഉള്ള ഒന്നാണ്; വളരെ സൂക്ഷ്മമായ കാഴ്ചശക്തിയാണ് അതിനുള്ളത്, ഒരു നിശ്ചിത പരിധി വരെ ഭൂമിക്കടിയിലുള്ളത് പോലും തിരിച്ചറിയാൻ അതിന് സാധിക്കും. അതുപോലെ വലിയ ദൂരങ്ങൾ താണ്ടാനുള്ള കഴിവ്, അതിമനോഹരമായ രൂപം എന്നിവയും അതിനുണ്ട്.

عن ابن عباس رضي الله عنهما، قال: كان الهدهد يَدلُّ سليمان على الماء.

അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنهما പറയുന്നു: സുലൈമാൻ عليه السلام ക്ക് വെള്ളമുള്ള സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തിരുന്നത് ഹുദ്ഹുദ് ആയിരുന്നു. [المستدرك على الصحيحين للحاكم – كتاب التفسير – تفسير سورة النمل.]

ഹുദ്ഹുദ് എന്നത്, സുലൈമാൻ عليه السلام നയിക്കുന്ന രാജ്യത്തിന്റെ അതിർത്തിയിലും പരിസരങ്ങളിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുന്ന ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ സ്ഥാനത്തായിരുന്നു. അതിനാൽ, ഒരു നേതാവ് പ്രത്യേക കഴിവും പ്രാവീണ്യവുമുള്ള വ്യക്തികളെ നിരീക്ഷിക്കുകയും, അവരെ പ്രത്യേകം പരിഗണിക്കുകയും, ആവശ്യമായ പരിശോധനകൾ നടത്തുകയും വേണം. അതുപോലെ അവർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങളും ദൗത്യങ്ങളും നൽകാനും അവരുമായി നിരന്തരം ആശയവിനിമയം നടത്താനും ഒരു നേതാവിന് സാധിക്കണം.

നാലാമത്തേത്: സുലൈമാൻ عليه السلام ഹുദ്ഹുദ് നെ നേരിട്ടാണ് അന്വേഷിച്ചത്.

مَا لِىَ لَآ أَرَى ٱلْهُدْهُدَ

എന്തുപറ്റി? മരംകൊത്തിയെ ഞാന്‍ കാണുന്നില്ലല്ലോ, (ഖു൪ആന്‍:27/20)

മറ്റുള്ളവരുടെ റിപ്പോർട്ടുകളെ മാത്രം പൂർണ്ണമായി ആശ്രയിക്കുകയല്ല അദ്ദേഹം ചെയ്തത്. ഒരു നേതാവിന് ആവശ്യമായ റിപ്പോർട്ടുകൾ ലഭിച്ചാൽ പോലും, അതിന്റെ നിജസ്ഥിതി അദ്ദേഹം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. കാരണം, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും റിപ്പോർട്ട് ചെയ്യുന്നവർ വ്യക്തിപരമായ കാരണങ്ങളോ, ഭൌതിക താൽപ്പര്യങ്ങളോ, അല്ലെങ്കിൽ ആരോടെങ്കിലും ഉള്ള ശത്രുതയോ കൊണ്ടാകാം അത്തരം കാര്യങ്ങൾ ചെയ്യുന്നത്. അതുവഴി വഞ്ചിക്കപ്പെടാതിരിക്കാൻ നേതാവ് ജാഗ്രത പാലിക്കണം.

3.മറ്റുള്ളവരുടെ സന്മാർഗദർശനത്തിലുള്ള ഉത്തരവാദിത്തബോധം: ഇതൊരു നല്ല നേതാവിന്റെ സവിശേഷതയാണ്; എന്നുമാത്രമല്ല, അതൊരു ബാധ്യതകൂടിയാണ്. താൻ നയിക്കുന്ന പ്രജകളുടെയോ അനുയായികളുടെയോ ഭാഗമല്ലാത്തവരായാൽപോലും, മറ്റുള്ളവരെ നേരായ വഴിയിലേക്ക് നയിക്കാനും സമൂഹത്തിൽ നന്മ പരത്താനും തനിക്ക് പ്രത്യേകമായ ഉത്തരവാദിത്തമുണ്ടെന്ന് അത്തരം നേതാക്കൾക്ക് ബോധമുണ്ടാകും.

അതുകൊണ്ടാണ് സുലൈമാൻ عليه السلام ബിൽഖീസിനും അവളുടെ ജനതയ്ക്കും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതിയത്. ഇവിടെ സുലൈമാൻ عليه السلام യുടെ കത്തിൽ അനാവശ്യമായ ദീർഘിപ്പിക്കലുകളോ നീണ്ട വിവരണങ്ങളോ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മറിച്ച്, വളരെ ചുരുങ്ങിയതും വ്യക്തവുമായ, ലളിതവും ഗ്രഹിക്കാൻ എളുപ്പമുള്ളതുമായ ഭാഷയായിരുന്നു അതിലുണ്ടായിരുന്നത്. അല്ലാഹു പറയുന്നു:

إِنَّهُۥ مِن سُلَيْمَٰنَ وَإِنَّهُۥ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ‎﴿٣٠﴾‏ أَلَّا تَعْلُوا۟ عَلَىَّ وَأْتُونِى مُسْلِمِينَ ‎﴿٣١﴾

അത് സുലൈമാന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. ആ കത്ത് ഇപ്രകാരമത്രെ: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും, കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരികയും ചെയ്യുക. (ഖു൪ആന്‍:27/30-31)

സന്ദേശ വിനിമയത്തിൽ ഒരു നല്ല നേതാവ് പാലിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു രീതിയാണിത്; കേൾവിക്കാരോ വായനക്കാരോ വാക്കുകളുടെ ആധിക്യത്തിലും ആശയങ്ങളുടെ നീളത്തിലും കുടുങ്ങി ആശയക്കുഴപ്പത്തില്‍ ആകാതിരിക്കാൻ അദ്ദേഹം സംസാരം ചുരുക്കുന്നു.

ഇമാം ത്വബ്‌രി رحمه الله രേഖപ്പെടുത്തുന്നു:

وكذلك كانت تَكتب الأنبياء، لا تُطنِب، إنما تَكتب جُملاً،

ഇതുതന്നെയായിരുന്നു പ്രവാചകന്മാരുടെയെല്ലാം എഴുത്തുരീതി; അവർ ഒരിക്കലും വാക്കുകൾ നീട്ടിപ്പറയാറില്ല, മറിച്ച് ഹ്രസ്വമായ വാചകങ്ങളേ എഴുതാറുള്ളൂ.

അദ്ദേഹം കൂട്ടിച്ചേർക്കുന്നു:

لم يَزد سليمان على ما قصَّ الله جل جلاله في كتابه: إنه، وإنه.

അല്ലാഹു തന്റെ ഗ്രന്ഥത്തിൽ വ്യക്തമാക്കിയതിനേക്കാൾ കൂടുതൽ വരികൾ സുലൈമാൻ عليه السلام തന്റെ കത്തിൽ ചേർത്തിരുന്നില്ല: {തീർച്ചയായും ഇത്… തീർച്ചയായും ഇത്..} (ത്വബ്‌രി)

ഇമാം ത്വബ്‌രി رحمه الله രേഖപ്പെടുത്തുന്നു:

وكان – سليمان عليه السلام – مع ذلك رجلاً حُبِّب إليه الجهاد والغَزو، فلما دلَّه الهدهد على مُلكٍ بموضع من الأرض، هو لغيره، وقوم كفَرة يعبدون غير الله جل جلاله، له في جهادهم وغزوهم الأجرُ الجزيل، والثواب العظيم في الآجل، وضمُّ مملكة لغيره إلى مُلكه حقَّت للهدهد المعذرة، وصحَّت له الحجَّة في مَغيبه عن سليمان.

അതോടൊപ്പം തന്നെ, ജിഹാദും യുദ്ധവും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു സുലൈമാൻ عليه السلام. അങ്ങനെ, മറ്റൊരാളുടെ അധീനതയിലുള്ളതും അല്ലാഹുവിനെ കൂടാതെ മറ്റുള്ളവരെ ആരാധിക്കുന്ന അവിശ്വാസികളായ ജനങ്ങൾ വസിക്കുന്നതുമായ ഒരു രാജ്യത്തെക്കുറിച്ചുള്ള വിവരം ഹുദ്ഹുദ് അദ്ദേഹത്തിന് നൽകിയപ്പോൾ – അവരോട് സമരം ചെയ്യുന്നതിലൂടെ പരലോകത്ത് വലിയ പ്രതിഫലവും മഹത്തായ നന്മയും ലഭിക്കുമെന്നതിനാലും, മറ്റൊരു രാജ്യം തന്റെ ഭരണത്തിന് കീഴിലേക്ക് ചേർക്കാൻ കഴിയുമെന്നതിനാലും – ഹുദ്ഹുദ് ന്റെ അഭാവത്തിനുള്ള ന്യായീകരണം സ്വീകാര്യമായി തീർന്നു; സുലൈമാൻ عليه السلام ക്ക് മുമ്പിൽ തന്റെ ഭാഗം ന്യായീകരിക്കാനുള്ള ശക്തമായ തെളിവ് അതിന് ലഭിക്കുകയും ചെയ്തു. (ത്വബ്‌രി)

അതുകൊണ്ടുതന്നെ, സുലൈമാൻ عليه السلام ക്ക് മുന്നിൽ ഹുദ്ഹുദ് ആ വാർത്ത അവതരിപ്പിച്ചപ്പോൾ, ജിഹാദിന്റെയും  സൈനിക നീക്കങ്ങളുടെയും പശ്ചാത്തലത്തിന് അനുയോജ്യമായ രീതിയിലാണ് അത് അവതരിപ്പിച്ചത്. അതായത്, നേതാവിന്റെ പൊതുവായ ലക്ഷ്യങ്ങളോടും താല്പര്യങ്ങളോടും യോജിക്കുന്ന രീതിയിലാണ് അത് നേതാവിനോട് സംസാരിച്ചത്. ഇതിൽ നിന്നും വ്യക്തമാകുന്നത്, ഒരു നേതാവും തന്നോടൊപ്പം പ്രവർത്തിക്കുന്നവരും തമ്മിൽ പരസ്പരം മനസ്സിലാക്കുന്ന ഒരു പൊതുഭാഷയും പരസ്പര ധാരണയും ഉണ്ടായിരിക്കണം എന്നാണ്.

4. ഉത്തരവാദിത്തം ചോദിക്കലും ശിക്ഷാ നടപടിയും (അൽ-മുഹാസബ):

തന്റെ കീഴിലുള്ളവരിൽ വീഴ്ച വരുത്തുന്നവരെ കുറിച്ച് വിചാരണ നടത്തുക എന്നത് ഒരു നല്ല നേതാവിന്റെ അധികാരങ്ങളിൽ പെട്ടതാണ്. എന്നാൽ ആ വിചാരണ എപ്പോഴും നീതിപൂർവ്വമായിരിക്കണം. ബോധപൂർവ്വം വീഴ്ച വരുത്തുന്നവരോ, കാര്യങ്ങൾ ഗൗരവത്തിലെടുക്കാത്തവരോ, നിയമങ്ങൾ ലംഘിക്കുന്നവരോ ആയവർക്കെതിരെ തീർച്ചയായും നടപടിയെടുക്കേണ്ടതുണ്ട്; ആവശ്യമെങ്കിൽ അതിനു പിന്നാലെ ഉചിതമായ ശിക്ഷയും നൽകേണ്ടതുണ്ട്.

കൃത്യമായ ഉത്തരവാദിത്ത ബോധവും വിചാരണയും ഇല്ലാതിരുന്നാൽ അനുയായികൾ വഴിതെറ്റിപ്പോകും; അവർ തെറ്റുകൾ ആവർത്തിക്കുകയും, നിയമങ്ങൾ കാറ്റിൽപ്പറത്തുകയും ചെയ്യും. തങ്ങൾ ചെയ്യുന്ന പ്രവൃത്തികളുടെ അനന്തരഫലങ്ങളെക്കുറിച്ച് യാതൊരു ആകുലതയുമില്ലാതെ അവർ തോന്നിയപടി മുന്നോട്ടുപോകും. അതുകൊണ്ടാണ് ഒരു പണ്ഡിതൻ പറഞ്ഞത്: “ശിക്ഷയെക്കുറിച്ച് ഭയമില്ലാത്തവൻ മര്യാദകേട് കാണിക്കും”.

ഈ അടിസ്ഥാന തത്വത്തിൽ നിന്നാണ്, ഹുദ്ഹുദ് ന്റെ ഭാഗത്തുനിന്ന് യാതൊരു ന്യായവുമില്ലാത്ത വീഴ്ചയാണ് സംഭവിച്ചതെന്ന് തെളിഞ്ഞാൽ താൻ അതിനെ കഠിനമായി ശിക്ഷിക്കുകയോ അറുത്തുകളയുകയോ ചെയ്യുമെന്ന് സുലൈമാൻ നബി (അ) വ്യക്തമാക്കിയത്. അല്ലാഹു പറയുന്നു:

لَأُعَذِّبَنَّهُۥ عَذَابًا شَدِيدًا أَوْ لَأَا۟ذْبَحَنَّهُۥٓ أَوْ لَيَأْتِيَنِّى بِسُلْطَٰنٍ مُّبِينٍ

ഞാനതിന് കഠിനശിക്ഷ നല്‍കുകയോ, അല്ലെങ്കില്‍ അതിനെ അറുക്കുകയോ തന്നെ ചെയ്യും. അല്ലെങ്കില്‍ വ്യക്തമായ വല്ല ന്യായവും അതെനിക്ക് ബോധിപ്പിച്ചു തരണം. (ഖു൪ആന്‍:27/21)

ഒരു നേതാവിന്റെ കീഴിലുള്ള ഏതെങ്കിലും അനുയായി – അതൊരു സൈനികനായാലും ശരി, ഏത് ഉദ്യോഗസ്ഥനായാലും ശരി – കൃത്യമായ കാരണമോ മുൻകൂട്ടി അനുവാദമോ ഇല്ലാതെ ഹാജരാകാതിരുന്നാൽ, നേതാവ് അവനെ വിചാരണ ചെയ്യേണ്ടതും ആവശ്യമാണെങ്കിൽ ശിക്ഷിക്കേണ്ടതുമാണ്.

അത്തരത്തിൽ, തന്നിൽ നിന്ന് അനുവാദമില്ലാതെ വിട്ടുനിന്ന ഹുദ്ഹുദിന് ശിക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് മൂന്ന് സാധ്യതകളാണ് സുലൈമാൻ عليه السلام യുടെ ഭാഗത്തുനിന്ന് ഉണ്ടായത്:

ഒന്നാമത്തെ സാധ്യത: ഔദ്യോഗിക ചുമതലകളിൽ വരുത്തിയ അശ്രദ്ധയോ, അലസതയോ, അല്ലെങ്കിൽ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് പുറത്തുള്ള മറ്റു കാര്യങ്ങളിലെ ആസക്തിയോ കാരണമാണ് ആ അഭാവമെങ്കിൽ, കഠിനമായ ശിക്ഷ നൽകും. ജയിൽവാസമോ, ഭക്ഷണവിഹിതം തടയുവോ, അടികൊടുക്കലോ മറ്റോ അതിൽ ഉൾപ്പെടാം. അത്തരം സന്ദർഭങ്ങളിൽ അതിനുള്ള നിയമങ്ങളും നടപടികളും രൂപീകരിക്കാൻ നേതാവിന് പൂർണ്ണ അവകാശമുണ്ട്.

രണ്ടാമത്തെ സാധ്യത: രാജ്യദ്രോഹം കാരണം അല്ലെങ്കിൽ മറ്റൊരു രാജ്യത്തേക്ക് കൂറുമാറിപ്പോയതുകൊണ്ടാണ് ആ അഭാവമെങ്കിൽ, അതിനുള്ള ശിക്ഷ വധശിക്ഷയായിരിക്കും. കാരണം, അതൊരു രാജ്യദ്രോഹക്കുറ്റമായതുകൊണ്ട് അതിനനുയോജ്യമായ ശിക്ഷ തന്നെ നൽകേണ്ടതുണ്ട്.

മൂന്നാമത്തെ സാധ്യത: താൻ എന്തിനാണ് വരാതിരുന്നത് എന്നതിന് യാതൊരു സംശയത്തിനും ഇടനൽകാത്ത വ്യക്തമായ തെളിവുകളോടെ സ്വീകാര്യമായ ഒരു കാരണം ഹുദ്ഹുദ് സമർപ്പിക്കുകയാണെങ്കിൽ, അവിടെ ശിക്ഷാ നടപടി പൂർണ്ണമായി ഒഴിവാക്കപ്പെടുന്നതാണ്.

ഹുദ്ഹുദ് തിരിച്ചെത്തിയപ്പോൾ, വ്യക്തമായ തെളിവുകളും ശക്തമായ ന്യായങ്ങളും അടങ്ങിയ ഒരു ഒഴികഴിവാണ് അത് സമർപ്പിച്ചത്. ‘അള്വാഉൽ ബയാൻ’ എന്ന ഗ്രന്ഥത്തിൽ ശൻഖീത്വി رحمه الله പറയുന്നു:

ഈ പശ്ചാത്തലത്തിൽ, ഹുദ്ഹുദ് തിരിച്ചറിയുകയും അല്ലാഹുവിന്റെ പ്രവാചകനായ സുലൈമാൻ عليه السلام നു മുമ്പിൽ വ്യക്തമാക്കുകയും ചെയ്യുന്ന പത്ത് പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

1: സുലൈമാൻ عليه السلام യുടെ അറിവിൽ ഇല്ലാത്ത ഒരു കാര്യം താൻ മനസ്സിലാക്കിയിട്ടുണ്ട് എന്ന ബോധ്യം ഹുദ്ഹുദിന് ഉണ്ടായിരുന്നു.

2: മറ്റേതെങ്കിലും നാടുകളെക്കുറിച്ചല്ല, മറിച്ച് ‘സബഅ്’ എന്ന രാജ്യത്തെക്കുറിച്ച് തന്നെയാണ് താൻ അറിഞ്ഞതെന്നും, അവിടെ നിന്നും യാതൊരു സംശയവുമില്ലാത്ത ഉറപ്പുള്ള വാർത്തയുമായാണ് താൻ വന്നിരിക്കുന്നതെന്നുമുള്ള വ്യക്തമായ അറിവ്.

3: ഒരു സ്ത്രീയാണ് അവരെ ഭരിക്കുന്നത് എന്ന അറിവും, അവരുടെ ആ രീതിയോടുള്ള വിയോജിപ്പും.

4: സബഅ് രാജ്യത്തെ ജനങ്ങൾക്ക് ഐഹിക ജീവിതത്തിലെ എല്ലാവിധ സുഖസൗകര്യങ്ങളും സമ്പത്തും നൽകപ്പെട്ടിട്ടുണ്ട് എന്ന തിരിച്ചറിവ്.

5: ആ ഭരണാധികാരിക്ക് മഹത്തായ ഒരു സിംഹാസനമുണ്ട് എന്ന അറിവ്.

6: അവർ അല്ലാഹുവിനെ കൂടാതെ സൂര്യനാണ് സുജൂദ് ചെയ്യുന്നത് എന്ന തിരിച്ചറിവ്.

7: ഇത് അല്ലാഹുവിൽ പങ്കുചേർക്കലാണ് (ശിർക്ക്) എന്ന വ്യക്തമായ ബോധ്യം.

8: പിശാച് അവരുടെ ഈ പ്രവർത്തനങ്ങളെ അവർക്ക് ഭംഗിയായി തോന്നിപ്പിച്ചതാണ്  എന്ന അറിവ്.

9: ഇത് നേരായ മാർഗ്ഗത്തിൽ നിന്നുള്ള വ്യതിചലനമാണ് എന്ന തിരിച്ചറിവ്.

10: അവർ സന്മാർഗ്ഗം പ്രാപിക്കുന്നില്ല (നേർവഴിയിലല്ല) എന്ന യാഥാർത്ഥ്യം.

ഇവയെല്ലാം ഹുദ്ഹുദ് ശരിക്കും മനസ്സിലാക്കിയിട്ടുണ്ട് എന്ന് സുലൈമാൻ عليه السلام ക്ക് ബോധ്യപ്പെട്ടു. തുടർന്ന് അദ്ദേഹം അതിനോട് പറഞ്ഞു:

سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ ٱلْكَٰذِبِينَ

നീ സത്യം പറഞ്ഞതാണോ അതല്ല നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന് നാം നോക്കാം. (ഖു൪ആന്‍:27/27) [أضواء البيان]

ഒരു നേതാവ് തന്റെ കീഴിലുള്ള ഒരാൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമ്പോൾ, ആ ശിക്ഷാ മാർഗ്ഗങ്ങൾ താഴെ പറയുന്ന ഗുണവിശേഷങ്ങൾ ഉൾക്കൊണ്ടതായിരിക്കണം:

◄ കാര്യങ്ങൾ നന്നായി പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷവും, ശിക്ഷിക്കപ്പെടുന്ന വ്യക്തിയുടെ വാദം കേട്ട ശേഷവും, തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാനും തന്റെ ഭാഗം യാഥാർത്ഥ്യബോധത്തോടെ ന്യായീകരിക്കാനുമുള്ള ഉചിതമായ അവസരം നൽകിയ ശേഷവുമല്ലാതെ ഒരിക്കലും ശിക്ഷ നടപ്പിലാക്കാൻ പാടില്ല. അപ്പോൾ മാത്രമേ ആ ശിക്ഷാ നടപടി തൊഴിൽ നിയമങ്ങളുടെ ഗൗരവത്തിന്റെയും, സ്ഥാപനത്തിന്റെ കാര്യക്ഷമതയുടെയും, നേതാവിന്റെ നീതിബോധത്തിന്റെയും യഥാർത്ഥ പ്രകടനമായി മാറൂ.

◄ ഒന്നിലധികം ശിക്ഷകൾ ബാധകമാകുന്ന സാഹചര്യമാണെങ്കിൽ, അവ ഒറ്റയടിക്ക് ഒന്നിച്ചു നടപ്പിലാക്കാതെ ക്രമാനുഗതമായിട്ടാണ് നടപ്പിലാക്കേണ്ടത്.

◄ ശിക്ഷയുടെ ലക്ഷ്യം വ്യക്തിയെ നേരെയാക്കലും (തിരുത്തലും) പരിഷ്കരിക്കലുമാണ്; അല്ലാതെ അവനെ താഴ്ത്തിക്കെട്ടുകയോ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുകയോ അല്ല. അതിനാൽ, ആ ലക്ഷ്യം കൈവരിക്കുകയാണെങ്കിൽ (വ്യക്തി തിരുത്തപ്പെടുകയാണെങ്കിൽ) ആ ശിക്ഷയുടെ എല്ലാ അടയാളങ്ങളും പൂർണ്ണമായി നീക്കം ചെയ്യുകയാണ് ഏറ്റവും നല്ലത്. കഅ്ബ് ബിൻ മാലിക് رضي الله عنه വിന്റെയും കൂട്ടുകാരുടെയും കാര്യത്തിൽ അല്ലാഹു വിശുദ്ധ ഖുർആൻ അവതരിപ്പിച്ചത് അതാണ്; അവർ അനുഭവിച്ച ശിക്ഷകളുടെ ഭാഗമായി ഉണ്ടായ എല്ലാ പ്രത്യാഘാതങ്ങളും അവശേഷിപ്പുകളും പൂർണ്ണമായി ഒഴിവാക്കിക്കൊടുക്കാൻ വേണ്ടിയായിരുന്നു അത്. അല്ലാഹു പറയുന്നു:

وَعَلَى ٱلثَّلَٰثَةِ ٱلَّذِينَ خُلِّفُوا۟ حَتَّىٰٓ إِذَا ضَاقَتْ عَلَيْهِمُ ٱلْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوٓا۟ أَن لَّا مَلْجَأَ مِنَ ٱللَّهِ إِلَّآ إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوٓا۟ ۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ

പിന്നേക്ക് മാറ്റി വെക്കപ്പെട്ട ആ മൂന്ന് പേരുടെ നേരെയും (അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു.) അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്‍ക്ക് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍. അവന്‍ വീണ്ടും അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവര്‍ ഖേദിച്ചുമടങ്ങുന്നവരായിരിക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:9/118)

◄ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് തന്റെ മുൻകാല പദവിയും സ്ഥാനവും തിരിച്ചുനൽകുക; ഒപ്പം അതേ മൂല്യവും ആദരവും അദ്ദേഹത്തിന് തുടർന്നും ഉറപ്പാക്കുകയും ചെയ്യുക.

◄ ശിക്ഷാ നടപടികൾ നടപ്പിലാക്കുന്നതിലെ ആത്മാർത്ഥതയും വിശ്വാസ്യതയും; യാതൊരുവിധ ഇളവുകളോ വ്യത്യാസമോ കൂടാതെ അവ എല്ലാവർക്കും ഒരുപോലെ ബാധകമാക്കുക എന്നത് പ്രധാനമാണ്. പ്രഖ്യാപിക്കപ്പെട്ട ശിക്ഷകളിൽ വീഴ്ച വരുത്തുന്നത് ആളുകൾ കണ്ടാൽ, ആ ഭീഷണിയുടെ കാഠിന്യമില്ലായ്മയോ അല്ലെങ്കിൽ അതിന്റെ ആത്മാർത്ഥതയില്ലായ്മയോ കാരണം അവർ തൊഴിൽ നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നതിൽ അശ്രദ്ധരായി മാറും. അങ്ങനെ സംഭവിച്ചാൽ, ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് ഫലപ്രദമായി എത്തിച്ചേരാൻ ആ ശിക്ഷാ നടപടികൾക്ക് സാധിക്കാതെ വരും.

5.വിശാലമായ സ്വാധീനവും അധികാരവും: ഒരു കാര്യം നടപ്പിലാക്കാനോ അല്ലെങ്കിൽ തടയാനോ ഉള്ള കഴിവിനെയാണ് النفوذ (സ്വാധീനം / അധികാരം) എന്ന് പറയുന്നത്. ഇത് വ്യക്തിയുടെ സ്വന്തം കഴിവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു; അതോടൊപ്പം ഭൗതികമായ സൗകര്യങ്ങളും, നൽകപ്പെട്ട അധികാരങ്ങളും, ലഭ്യമായ ഉപകരണങ്ങളും ഇതിനോട് ചേർന്നുവരുന്നു. സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സുലൈമാൻ عليه السلام ന് കഴിയണമെങ്കിൽ, അദ്ദേഹത്തിന് അതിവിശാലമായ അധികാരവും സ്വാധീനവും ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ, തന്റെ വിവേകത്താൽ അദ്ദേഹം മഹത്തായ ഒരു അധികാരത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അല്ലാഹു പറയുന്നു:

قَالَ رَبِّ ٱغْفِرْ لِى وَهَبْ لِى مُلْكًا لَّا يَنۢبَغِى لِأَحَدٍ مِّنۢ بَعْدِىٓ ۖ إِنَّكَ أَنتَ ٱلْوَهَّابُ ‎﴿٣٥﴾‏ فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِۦ رُخَآءً حَيْثُ أَصَابَ ‎﴿٣٦﴾‏ وَٱلشَّيَٰطِينَ كُلَّ بَنَّآءٍ وَغَوَّاصٍ ‎﴿٣٧﴾‏ وَءَاخَرِينَ مُقَرَّنِينَ فِى ٱلْأَصْفَادِ ‎﴿٣٨﴾‏ هَٰذَا عَطَآؤُنَا فَٱمْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ ‎﴿٣٩﴾

അദ്ദേഹം പറഞ്ഞു. എന്‍റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് ഏറ്റവും വലിയ ദാനശീലന്‍. അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു. അദ്ദേഹത്തിന്‍റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൌമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു. എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്പെടുത്തികൊടുത്തു.) ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ (പിശാചുക്കളെ)യും (അധീനപ്പെടുത്തികൊടുത്തു.) ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ച് കൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല. (എന്ന് നാം സുലൈമാനോട് പറയുകയും ചെയ്തു). (ഖു൪ആന്‍:38/35-39)

അല്ലാഹു അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയും, അദ്ദേഹം ചോദിച്ചത് നൽകുകയും ചെയ്തു; അതുവഴി അതിബൃഹത്തായ സൗകര്യങ്ങളോടും കഴിവുകളോടും കൂടി ഒരു നേതാവിന്റെ ദൗത്യം നിർവ്വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അല്ലാഹു തന്റെ പ്രവാചകനായ സുലൈമാൻ عليه السلام  ന് നൽകിയ അനുഗ്രഹങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്:

◄അല്ലാഹു അദ്ദേഹത്തിന് കാറ്റിനെ കീഴ്പ്പെടുത്തിക്കൊടുത്തു.

◄അദ്ദേഹത്തിന്റെ ഇച്ഛപ്രകാരം പണികൾ ചെയ്യുന്ന ശൈത്താനുകളെ  അദ്ദേഹത്തിന് അല്ലാഹു കീഴ്പ്പെടുത്തിക്കൊടുത്തു.

◄പക്ഷികളുടെ ഭാഷ (സംസാരം) അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുത്തു.

◄വിശ്വാസികളായ തന്റെ ധാരാളം ദാസന്മാരേക്കാൾ അദ്ദേഹത്തിന് അല്ലാഹു മുൻഗണനയും ഉന്നതപദവിയും നൽകി.

◄അദ്ദേഹത്തിന് ശേഷം മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്തവിധം മഹത്തായ ഒരു രാജാധികാരം അദ്ദേഹത്തിന് നൽകി.

◄തനിക്ക് നൽകപ്പെട്ട ആ അധികാരങ്ങളിൽ നിന്ന് ഇഷ്ടമുള്ളവർക്ക് നൽകാനോ, തടയാനോ, കണക്കു നോക്കാതെ വിനിയോഗിക്കാനോ ഉള്ള പൂർണ്ണ അധികാരം അദ്ദേഹത്തിന് അനുവദിച്ചുകൊടുത്തു.

6.കൈക്കൂലി നിരസിക്കൽ: ഇവിടെ നേതാവ് ‘കൈക്കൂലിയും’ ‘സമ്മാനവും’ തമ്മിലുള്ള വ്യത്യാസം വളരെ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. ഈ വേർതിരിവിലേക്ക് നയിക്കുന്നതിൽ അറിവും (العلم), സൂക്ഷ്മതയും (التقوى), ആന്തരിക ശുദ്ധിയും, ഉദ്ദേശ്യശുദ്ധിയുമെല്ലാം സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. വാങ്ങുന്നതിലും കൊടുക്കുന്നതിലുമുള്ള പ്രകൃതത്തിൽ സമ്മാനവും കൈക്കൂലിയും ഒരേപോലെയാണെങ്കിലും, അവയുടെ പിന്നിലെ ഉദ്ദേശ്യങ്ങളിലും അവ ഉണ്ടാക്കുന്ന ഫലങ്ങളിലും പ്രകടമായ വ്യത്യാസമുണ്ട്.

അതുകൊണ്ടുതന്നെയാണ്, രാജ്ഞിയായ ബില്‍ഖീസ് അയച്ചുതന്ന വസ്തുക്കൾ, തന്നെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള തീരുമാനത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ വേണ്ടിയുള്ള ഒരു ‘കൈക്കൂലി’ മാത്രമാണെന്ന് സുലൈമാൻ നബി عليه السلام  തിരിച്ചറിഞ്ഞത്. അതിനാൽ, അവിടുന്ന് അത് ശക്തമായി തന്നെ നിരസിച്ചു. അല്ലാഹു പറയുന്നു:

فَلَمَّا جَآءَ سُلَيْمَٰنَ قَالَ أَتُمِدُّونَنِ بِمَالٍ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيْرٌ مِّمَّآ ءَاتَىٰكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ

അങ്ങനെ അവന്‍ (ദൂതന്‍) സുലൈമാന്‍റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ സമ്പത്ത് തന്ന് എന്നെ സഹായിക്കുകയാണോ? എന്നാല്‍ എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളതാണ് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമം. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു. (ഖു൪ആന്‍:27/36)

നേതാവിന് വ്യക്തിപരമോ അല്ലെങ്കിൽ സമൂഹത്തിന്റെ പൊതു താൽപ്പര്യത്തിനോ വേണ്ടി സമ്മാനങ്ങൾ സ്വീകരിക്കാവുന്നതാണ്; എന്നാൽ കൈക്കൂലി സ്വീകരിക്കാൻ ഒരിക്കലും അദ്ദേഹത്തിന് അവകാശമില്ല. സമ്മാനവും കൈക്കൂലിയും തമ്മിൽ വേർതിരിച്ചറിയാനുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:

◄ സമ്മാനം യാതൊരു പ്രതിഫലേച്ഛയുമില്ലാതെ നൽകപ്പെടുന്നതാണ്; അതുകൊണ്ടാണ് ബില്‍ഖീസ് സമ്മാനം അയച്ചുകൊണ്ട് പറഞ്ഞ വാക്കുകളെ സുലൈമാൻ നബി عليه السلام  കൈക്കൂലിയായി വിലയിരുത്തിയത്:

وَإِنِّى مُرْسِلَةٌ إِلَيْهِم بِهَدِيَّةٍ فَنَاظِرَةُۢ بِمَ يَرْجِعُ ٱلْمُرْسَلُونَ

ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്‍മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോകുകയാണ്‌. (ഖു൪ആന്‍:27/35)

താൻ സമ്മാനവുമായി അയച്ച ദൂതന്മാർ എന്തെങ്കിലും മറുപടിയുമായി തിരിച്ചുവരുമെന്ന് രാജ്ഞിയായ ബില്‍ഖീസ് പ്രതീക്ഷിച്ചിരുന്നു എന്നതുകൊണ്ട് തന്നെ, ആ സമ്മാനത്തിന് പകരമായി അവൾ എന്തെങ്കിലും പ്രത്യുപകാരമാണ് (ഫലമാണ്) ആഗ്രഹിച്ചിരുന്നത് എന്ന് വ്യക്തമാണ്; അതിനാൽ അത് വെറുമൊരു സമ്മാനമല്ല, മറിച്ച് കൈക്കൂലി തന്നെയായിരുന്നു.

◄ ആ സമ്മാനം നൽകപ്പെടുന്ന സമയം ഒരു പ്രത്യേക തീരുമാനമെടുക്കുന്ന ഘട്ടത്തിലായിരിക്കരുത്; അങ്ങനെയുണ്ടായാൽ, ആ സമ്മാനത്തിന്റെ സാന്നിധ്യം ആ തീരുമാനത്തെ പൂർണ്ണമായോ ഭാഗികമായോ സ്വാധീനിക്കാനിടയാക്കും.

◄ ചുരുക്കത്തിൽ, അസത്യത്തെ സത്യമാക്കി മാറ്റാനോ അല്ലെങ്കിൽ യഥാർത്ഥ സത്യത്തെ ഇല്ലാതാക്കാനോ ഉപയോഗിക്കപ്പെടുന്ന ഏതൊരു മാർഗ്ഗവും ‘കൈക്കൂലി’ ആണ്.

يقول شيخ الإسلام ابن تيمية: “قال العلماء: إنَّ مَن أهدى هدية لولي الأمر ليفعل معه ما لا يجوز كان حرامًا على المُهدي والمُهدى إليه، وهي مِن الرشوة التي قال فيها رسول الله صلى الله عليه وسلم: لعن الله الراشيَ والمرتشيَ والرائش.

ശൈഖുൽ ഇസ്ലാം ഇബ്‌നു തൈമിയ്യ رحمه الله പറയുന്നു:പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്: ഭരണാധികാരി തനിക്ക് ചെയ്യാൻ പാടില്ലാത്ത എന്തെങ്കിലും കാര്യം തനിക്ക് ചെയ്തുതരാൻ വേണ്ടിയാണ് ആർക്കെങ്കിലും സമ്മാനം നൽകുന്നതെങ്കിൽ, അത് സമ്മാനം നൽകിയവനും അത് സ്വീകരിച്ചവനും ഒരുപോലെ ഹറാമാണ് (വിലക്കപ്പെട്ടതാണ്). നബി ﷺ പറഞ്ഞ, “കൈക്കൂലി നൽകുന്നവനെയും വാങ്ങുന്നവനെയും അവർക്കിടയിൽ മാധ്യസ്ഥം വഹിക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു” എന്ന തിരുവചനത്തിൽ പെട്ട കൈക്കൂലി തന്നെയാണ് ഇതും.

7.ശാസ്ത്രീയ പുരോഗതി ഉൾക്കൊള്ളുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുക: സുലൈമാൻ നബി عليه السلام ശാസ്ത്രവിദ്യയെ ഗ്ലാസ് (ചില്ല്) നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തി എന്നതും ഇതിൽ പെടുന്നു. ബില്‍ഖീസിനെ ഇസ്ലാമിന്റെ മാർഗ്ഗത്തിലേക്ക് നയിക്കുന്നതിനായി അവളെ വിസ്മയിപ്പിക്കാനാണ് അദ്ദേഹം ഇത് പ്രയോജനപ്പെടുത്തിയത്. തന്റെ അടുക്കലേക്ക് വരുന്ന ബില്‍ഖീസിനെ സ്വീകരിക്കാനായി ഒരുക്കിയ തറ, ചില്ല് പാവിച്ചുകൊണ്ട് നിർമ്മിക്കാൻ അദ്ദേഹം ഉത്തരവിട്ടു. ആ സുതാര്യമായ ചില്ലിനടിയിലൂടെ വെള്ളം ഒഴുകിക്കൊണ്ടിരിക്കാൻ അദ്ദേഹം സംവിധാനിക്കുകയും ചെയ്തു. അത് കണ്ട ഉടനെ ബില്‍ഖീസ് അതൊരു വെള്ളക്കെട്ടാണെന്ന് തെറ്റിദ്ധരിക്കുകയും, വസ്ത്രം നനഞ്ഞുപോകാതിരിക്കാൻ അത് മുകളിലേക്ക് ഉയർത്തുകയും ചെയ്തു. അല്ലാഹു പറയുന്നു:

قِيلَ لَهَا ٱدْخُلِى ٱلصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَن سَاقَيْهَا ۚ قَالَ إِنَّهُۥ صَرْحٌ مُّمَرَّدٌ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّى ظَلَمْتُ نَفْسِى وَأَسْلَمْتُ مَعَ سُلَيْمَٰنَ لِلَّهِ رَبِّ ٱلْعَٰلَمِينَ

കൊട്ടാരത്തില്‍ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാല്‍ അവളതു കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്ന് വിചാരിക്കുകയും, തന്‍റെ കണങ്കാലുകളില്‍ നിന്ന് വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടികകഷ്ണങ്ങള്‍ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:27/44)

8.പ്രജകളുടെ ഭാഷകൾ മനസ്സിലാക്കുക (അവ വ്യത്യസ്തമായാലും ശരി): കാര്യക്ഷമനായ ഒരു നേതാവിന് തന്റെ പ്രജകളുടെ ഭാഷയിൽ സംസാരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഗോത്രങ്ങൾ, പ്രദേശങ്ങൾ അല്ലെങ്കിൽ ലിംഗഭേദം എന്നിവ കാരണം ഒരു സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഭാഷാശൈലികൾ വ്യത്യസ്തമായിരിക്കാം. എന്നാൽ നേതാവും അനുയായികളും തമ്മിലുള്ള ആശയവിനിമയം പരിഭാഷകരെ ആശ്രയിച്ചുമാത്രം നടക്കുന്നത് ആശയഗ്രഹണത്തിൽ ചില പിഴവുകളോ വിടവുകളോ ഉണ്ടാക്കിയേക്കാം.  അല്ലാഹു സുലൈമാൻ عليه السلام ന് നൽകിയ വലിയൊരു അനുഗ്രഹമായിരുന്നു മൃഗങ്ങളുടെയും പ്രാണികളുടെയും മറ്റും ഭാഷകൾ പഠിപ്പിച്ചുകൊടുത്തു എന്നത്; കാരണം അവയും പ്രായോഗികമായി അദ്ദേഹത്തിന്റെ പ്രജകളിൽ പെട്ടവരും അദ്ദേഹത്തിന്റെ കൽപ്പന അനുസരിച്ച് പ്രവർത്തിക്കുന്നവരും ആയിരുന്നു.

സുലൈമാൻ നബി عليه السلام ക്ക് അറിയാമായിരുന്ന ഭാഷകളിൽ പെട്ടതാണ്:

◄ പക്ഷികളുടെ ഭാഷ; അല്ലാഹു പറയുന്നു:

وَقَالَ يَٰٓأَيُّهَا ٱلنَّاسُ عُلِّمْنَا مَنطِقَ ٱلطَّيْرِ وَأُوتِينَا مِن كُلِّ شَىْءٍ ۖ إِنَّ هَٰذَا لَهُوَ ٱلْفَضْلُ ٱلْمُبِينُ

അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളില്‍ നിന്നും നമുക്ക് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഇത് തന്നെയാകുന്നു പ്രത്യക്ഷമായ അനുഗ്രഹം. (ഖു൪ആന്‍:27/16)

◄ പ്രാണികളുടെ ഭാഷ; അതിൽ ഉറുമ്പുകളുടെ ഭാഷയും ഉൾപ്പെടുന്നു. അല്ലാഹു പറയുന്നു:

حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌ يَٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ ‎﴿١٨﴾‏ فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا …. ‎﴿١٩﴾‏

അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ. അപ്പോള്‍ അതിന്‍റെ വാക്ക് കേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു. (ഖു൪ആന്‍:27/18-19)

9.നന്ദി പ്രകടനം (الشكر): അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക എന്നത് മാതൃകാപരമായ ഒരു നേതാവിൽ എക്കാലവും ഉണ്ടായിരിക്കേണ്ട സൽസ്വഭാവമാണെന്ന് സുലൈമാൻ നബി عليه السلام മനസ്സിലാക്കിയിരുന്നു. അല്ലാഹുവിന്റെ ഏതെങ്കിലും അനുഗ്രഹം കാണുമ്പോൾ തന്നെ അദ്ദേഹം അവന് നന്ദി അർപ്പിക്കാൻ തിടുക്കം കൂട്ടുമായിരുന്നു. ഉറുമ്പിന്റെ സംസാരം കേട്ട് അത് ഗ്രഹിച്ചപ്പോഴും അദ്ദേഹം അല്ലാഹുവിനോട് നന്ദി പറയുകയാണുണ്ടായത്. അല്ലാഹു പറയുന്നു:

حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌ يَٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ ‎﴿١٨﴾‏ فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّٰلِحِينَ ‎﴿١٩﴾

അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ.  അപ്പോള്‍ അതിന്‍റെ വാക്ക് കേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു. എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്‍റെ കാരുണ്യത്താല്‍ നിന്‍റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ. (ഖു൪ആന്‍:27/18-19)

അങ്ങനെ ബില്‍ഖീസിന്റെ സിംഹാസനം കൺമുന്നിൽ എത്തപ്പെട്ടപ്പോള്‍ – കണ്ണ് ചിമ്മി തുറക്കുന്ന വേഗതയിലാണ് അത് നടന്നത് – സുലൈമാൻ നബി عليه السلام അല്ലാഹുവിന് നന്ദി പറഞ്ഞു. അല്ലാഹു പറയുന്നു:

قَالَ ٱلَّذِى عِندَهُۥ عِلْمٌ مِّنَ ٱلْكِتَٰبِ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَءَاهُ مُسْتَقِرًّا عِندَهُۥ قَالَ هَٰذَا مِن فَضْلِ رَبِّى لِيَبْلُوَنِىٓ ءَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ رَبِّى غَنِىٌّ كَرِيمٌ

വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്‍റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് പരാശ്രയമുക്തനും, ഉല്‍കൃഷ്ടനുമാകുന്നു. (ഖു൪ആന്‍:27/40)

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *