വന്‍പാപങ്ങള്‍ : ഒരു ആമുഖം

അല്ലാഹു പറയുന്നു:

ﺇِﻥ ﺗَﺠْﺘَﻨِﺒُﻮا۟ ﻛَﺒَﺎٓﺋِﺮَ ﻣَﺎ ﺗُﻨْﻬَﻮْﻥَ ﻋَﻨْﻪُ ﻧُﻜَﻔِّﺮْ ﻋَﻨﻜُﻢْ ﺳَﻴِّـَٔﺎﺗِﻜُﻢْ ﻭَﻧُﺪْﺧِﻠْﻜُﻢ ﻣُّﺪْﺧَﻼً ﻛَﺮِﻳﻤًﺎ

നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. (ഖു൪ആന്‍ :4/31)

وَٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ

മഹാപാപങ്ങളും നീചവൃത്തികളും വര്‍ജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍ക്ക്‌ (ഉള്ളതാകുന്നു സ്വർഗം). (ഖു൪ആന്‍:42/37)

ٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ

അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. (ഖു൪ആന്‍:53/32)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقُولُ :‏ الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അ‍ഞ്ച് നേരത്തെ നമസ്കാരങ്ങളും ഒരു ജുമുഅ മറ്റൊരു ജുമുഅ വരേയും ഒരു റമദാന്‍ മറ്റൊരു റമദാന്‍ വരേയും അവക്കിടയിലുള്ള പാപങ്ങള്‍ മായ്ച്ച് കളയുന്നു, വന്‍പാപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ (വൻപാപങ്ങൾ പൊറുക്കപ്പെടാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകതന്നെ വേണം). (മുസ്ലിം:233)

വൻപാപങ്ങളിൽ നിന്ന് വിട്ടുനിൽക്കൽ നിർബന്ധമാണെന്ന് മുകളിൽ സൂചിപ്പിച്ച ഖുർആൻ വചനങ്ങളും ഹദീസും വ്യക്തമാക്കുന്നു. അപ്പോൾ ഏതെല്ലാമാണ് ആ വൻപാപങ്ങൾ? അവയിൽ നിന്നും വിട്ടുനിൽക്കാൻ ഉദ്ദേശിക്കുന്ന മുസ്‌ലിംകൾ തീർച്ചയായും അവ മനസ്സിലാക്കേണ്ടതുണ്ട്. അവയുടെ എണ്ണത്തിൽ പണ്ഡിതന്മാർ ക്കിടയിൽ വ്യത്യസ്‌ത അഭിപ്രായങ്ങൾ കാണാം. ഇമാം ദഹബി رحمه الله  തൻ്റെ الكبائر (വന്‍പാപങ്ങള്‍) എന്ന കൃതിയില്‍ 76 വന്‍പാപങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ ശാഫിഈ കർമ്മശാസ്ത്ര പണ്ഡിതനായ ഇമാം ഹൈത്തമി رحمه الله തൻ്റെ ‘അസ്സവാജിർ’ എന്ന കൃതിയില്‍ നൂറിലധികം വൻപാപങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്.

എന്നാൽ, ചില ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നത് വൻപാപങ്ങൾ വെറും ഏഴെണ്ണം മാത്രമെയുള്ളൂ എന്നാണ്. അത് നബി ﷺ പറഞ്ഞ ഈ ഹദീസിനെ ആധാരമാക്കിയാണ്:

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ اجْتَنِبُوا السَّبْعَ الْمُوبِقَاتِ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ، وَمَا هُنَّ قَالَ ‏”‏ الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ ഏഴ് നാശകരങ്ങളായ വൻപാപങ്ങളെ വെടിയുക , അവർ (സ്വഹാബികൾ) ചോദിച്ചു : ഏതാണവ ? അവിടുന്ന് പറഞ്ഞു : 1) അല്ലാഹുവിൽ പങ്ക്ചേർക്കൽ (ശിർക്ക്‌) (2) സിഹ്‌ർ (മാരണം) ചെയ്യൽ (3) അല്ലാഹു നിഷിദ്ധമാക്കിയ ആത്മാക്കളെ അന്യായമായി കൊല്ലൽ (4) പലിശ ഭക്ഷിക്കൽ (5) അനാഥയുടെ ധനം തിന്നൽ (6) യുദ്ധത്തില്‍ സൈന്യങ്ങൾ അന്യോന്യം കണ്ടുമുട്ടുമ്പോൾ തിരിഞ്ഞോടൽ (7) വിശ്വാസികളും ചാരിത്രവതികളുമായ സ്ത്രീകളെ കുറിച്ച്‌ (സമൂഹത്തിൽ) അപവാദം പറയൽ എന്നിവയാണവ. (ബുഖാരി:2766)

قال ابن عباس – رضِي الله عنهما -: هي إلى السبعين أقرب منها إلى السبع.

ഇബ്‌നു അബ്ബാസ് رضِي الله عنهما പറഞ്ഞു: അവ (ആ വൻപാപങ്ങൾ) എഴുപതാകുന്നു. അവയിൽ ഏറ്റവും അടുത്തത് ഏഴാകുന്നു. (തഫ്‌സീർ ത്വബ‌രി: 5/41)

ഇബ്നുഅബ്ബാസ് رضِي الله عنهما വിൻ്റെ ഈ നിവേദനം ശരിയാണ്. അദ്ദേഹത്തിൻ്റെ ഈ വാക്കിൽ വൻപാപങ്ങൾ (ഏറ്റവും ചുരുങ്ങിയത്) ഉൾക്കൊള്ളുന്നു. വൻപാപം എന്നാൽ: മോഷണം, വ്യഭിചാരം, കൊലപാതകം പോലുള്ള ഈ ലോകത്തുനിന്നു തന്നെ കഠിനമായ ശിക്ഷ നൽകുവാൻ അല്ലാഹു കൽപ്പിച്ച പാപങ്ങളാണ്. അല്ലെങ്കിൽ ഒരു പാപത്തിന്, അല്ലാഹുവിൻ്റെ കോപമുണ്ടെന്നോ, അല്ലെങ്കിൽ (നരകം കൊണ്ടുള്ള) മുന്നറിയിപ്പ് തന്നതോ, അല്ലെങ്കിൽ (അല്ലാഹുവിന്റെയൊ അവൻ്റെ റസൂലിൻ്റെയൊ) ശാപം തുടങ്ങിയവ നബിയുടെ നാവിലൂടെ മുന്നറിയിപ്പുതന്നതോ ആണ്. ഇവയെയാണ് അൽ കബാഇർ (വൻപാപങ്ങൾ) എന്നു പറയുന്നത്.

ചില വൻപാപങ്ങൾ മറ്റു ചിലതിനെക്കാളും വലുതാണ് എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊാണ് നബി  ശിർക്കിനെ മറ്റുള്ള എല്ലാ പാപങ്ങളെക്കാളുമധികം വലുതായി എണ്ണിയത്. അഥവാ, വലിയ ശിർക്ക് ഏറ്റവും അപകടം നിറഞ്ഞതും മറ്റുള്ള പാപങ്ങളെക്കാളെല്ലാം വലുതുമാണ്. എന്നാൽ ചെറിയ ശിർക്ക് എന്ന പാപം വലിയ ശിർക്കിനെക്കാളും കുറവും മറ്റുള്ള പാപങ്ങളെ ക്കാളെല്ലാം മുകളിലുമാകുന്നു.

അല്ലാഹു പറയുന്നു:

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്‌. (ഖു൪ആന്‍:4/48)

إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും.അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. (ഖു൪ആന്‍:5/72)

ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَلَوْ أَشْرَكُوا۟ لَحَبِطَ عَنْهُم مَّا كَانُوا۟ يَعْمَلُونَ

അതാണ് അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത് മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു. അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു. (ഖു൪ആന്‍:6/88)

عَنْ أَبِي بَكْرَةَ، ـ رضى الله عنه ـ قَالَ: قَالَ كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ – ثَلاَثًا – الإِشْرَاكُ بِاللَّهِ وَعُقُوقُ الْوَالِدَيْنِ وَشَهَادَةُ الزُّورِ أَوْ قَوْلُ الزُّورِ ‏”‏ ‏.‏

അബൂബക്റ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ നബി ﷺയു‌ടെ അ‌ുക്കലായിരുന്നു. അവിടുന്ന് പറഞ്ഞു: ”ഞാന്‍ നിങ്ങള്‍ക്ക് മഹാപാപങ്ങളെക്കുറിച്ച് അറിയിച്ചുതരട്ടെയോ?” മൂന്നുതവണ നബി ﷺ ഇത് ആവര്‍ത്തിച്ചു.  നബി ﷺ പറഞ്ഞു: 1.അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍, 2.മാതാപിതാക്കളെ ഉപദ്രവിക്കൽ, 3.കള്ളസാക്ഷ്യം വഹിക്കൽ അല്ലെങ്കി‍ല്‍ കള്ളം പറയല്‍. (മുസ്ലിം:87)

ഇവിടെ നബി നമുക്ക് വിവരിച്ചുതന്നത് കള്ളസാക്ഷ്യം വഹിക്കൽ വൻപാപങ്ങളിൽ ഗുരുതരമായതാണെന്നാണ്. അതേ സമയം, ഇത് മുമ്പ് മുകളിൽ പറഞ്ഞ ഏഴ് വൻപാപങ്ങളിൽ ഉൾപ്പെടുന്നുമില്ല. അതുപോലെതന്നെ വൻപാപങ്ങളിൽ ഉൾപ്പെട്ടതാണ് മാതാപിതാക്കളെ പ്രയാസപ്പെടുത്തലും. അതുകൊണ്ട്, ‘ഇവ വെറും ഏഴെണ്ണം മാത്രമെയുള്ളൂ’ എന്ന ചില ആളുകളുടെ തെറ്റിദ്ധാരണ തിരുത്തി, വൻപാപങ്ങളെ പഠിച്ച് അവ വർജ്ജിക്കൽ എല്ലാ മുസ്‌ലിംകള്‍ക്കും  നിർബന്ധമാണ്. അപ്പോൾ മാത്രമെ ദുന്‍യാവി‍ല്‍ അനുഗ്രഹീത ജീവിതം ലഭിക്കാനും പരലോകത്ത് നരകശിക്ഷയിൽ നിന്ന് മോക്ഷം ലഭിക്കുവാനും സ്വർഗ്ഗപ്രവേശനം ലഭിക്കുവാനും സാധിക്കുകയുള്ളൂ!.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *