ഈനത്ത് കച്ചവടം എന്താണ്?
ഈനത്ത് കച്ചവടം (بيع العينة) എന്നാൽ: ഒരാൾ ഒരു വസ്തു അവധിവെച്ചുള്ള (തവണ വ്യവസ്ഥയിലുള്ള) തുകയ്ക്ക് വിൽക്കുകയും, പിന്നീട് അതേ വസ്തു അതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് റെഡി പണമായി (വിറ്റയാൾ തന്നെ) തിരികെ വാങ്ങുകയും ചെയ്യുക എന്നതാണ്. ഇതിന്റെ അന്തിമമായ രൂപം എന്നത്, വസ്തു ആദ്യം വാങ്ങിയ ആൾക്ക് അപ്പോൾ തന്നെ പണം ലഭിക്കുകയും കുറച്ചുകാലത്തിനു ശേഷം അതിനേക്കാൾ കൂടിയ തുക തിരിച്ചടയ്ക്കുകയും ചെയ്യുക എന്നതാണ്. ചുരുക്കത്തിൽ, കച്ചവടത്തിന്റെ രൂപത്തിലുള്ള ഒരു കടംകൊടുക്കലാണിത്.
للعينة المنهيّ عنها تفسيرات، أشهرُها: أن يبيع سلعةً بثمن إلى أجل معلوم، ثمّ يشتريها نفسها نقداً بثمن أقلّ، وفي نهاية الأجل يدفع المشتري الثّمن الأوّل، والفرق بين الثّمنين هو رباً، للبائع الأوّل. وتؤول العمليّة إلى قرض عشرة، لردّ خمسة عشر، والبيع وسيلة صوريّة إلى الرّبا
വിലക്കപ്പെട്ട ‘ഈനത്ത്’ കച്ചവടത്തിന് പല വിശദീകരണങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രശസ്തമായത്: ഒരാൾ ഒരു സാധനം നിശ്ചിത കാലാവധിക്ക് ശേഷം പണം നൽകാം എന്ന വ്യവസ്ഥയിൽ വിൽക്കുകയും, പിന്നീട് അതേ സാധനം തന്നെ അതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് രൊക്കം പണം നൽകി തിരികെ വാങ്ങുകയും ചെയ്യുക എന്നതാണ്. കാലാവധി പൂർത്തിയാകുമ്പോൾ, വാങ്ങിയ ആൾ ആദ്യത്തെ (കൂടിയ) തുക നൽകുകയും വേണം. ഇവിടെ രണ്ട് വിലകൾക്കുമിടയിലുള്ള വ്യത്യാസം ആദ്യത്തെ വിൽപ്പനക്കാരന് ലഭിക്കുന്ന പലിശയാണ്. ഈ പ്രക്രിയയുടെ അന്തിമഫലം എന്നത്, പതിനഞ്ച് തിരികെ നൽകാൻ വേണ്ടി പത്ത് വായ്പയായി നൽകുന്നതിന് തുല്യമാണ്. ഇവിടെ കച്ചവടം എന്നത് പലിശയിലേക്ക് എത്തിപ്പെടാനുള്ള ഒരു വ്യാജ (ചടങ്ങ് മാത്രമായ) മാർഗ്ഗം മാത്രമാണ്. [الموسوعة الفقهية (9/96)]
ഇസ്‌ലാമിൽ പലിശ ഹറാമാണ്. അതിനാൽ പലിശയ്ക്ക് പണം വാങ്ങാനും കൊടുക്കാനും സാധിക്കാത്തപ്പോൾ, കച്ചവടത്തിന്റെ മറപിടിച്ച് ആളുകൾ ഉണ്ടാക്കിയെടുത്ത ഒരു തന്ത്രമാണ് ഈനത്ത് കച്ചവടം.
ഒരു ലളിതമായ ഉദാഹരണം:
A എന്നയാൾക്ക് അത്യാവശ്യമായി 10,000 രൂപ വേണം. B എന്നയാൾ തുക കൊടുക്കാൻ തയ്യാര്‍. A പലിശ കൊടുക്കാനും B പലിശ വാങ്ങാനും തയ്യാര്‍. എന്നാൽ പലിശ ഹറാമാണല്ലോ. അപ്പോൾ അവിടെ ഒരു തന്ത്രം പ്രയോഗിക്കുന്നു:
B തന്റെ കയ്യിലുള്ള ഒരു മൊബൈൽ ഫോൺ 15,000 രൂപയ്ക്ക് (ഒരു വർഷത്തിന് ശേഷം പണം തന്നാൽ മതി എന്ന അവധിയിൽ) A ക്ക് വിൽക്കുന്നു. തൊട്ടുപിന്നാലെ, അതേ മൊബൈൽ ഫോൺ A 10,000 രൂപക്ക് B ക്ക് റെഡി (രൊക്കം) തുകക്ക് വിൽക്കുന്നു.
ഇവിടെ എന്താണ് സംഭവിച്ചത്?
▪️ഫോൺ B യുടെ കയ്യിൽ തന്നെ തിരികെ എത്തി!
▪️A ക്ക് 10,000 രൂപ കിട്ടി.
▪️ഒരു വർഷം കഴിയുമ്പോൾ A എന്നയാൾ B ക്ക് 15,000 രൂപ കൊടുക്കണം.
പ്രത്യക്ഷത്തിൽ ഇത് ഫോൺ വിൽക്കലും വാങ്ങലുമാണെന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ നടന്നത് 10,000 രൂപ കടം കൊടുത്ത് 15,000 രൂപ തിരികെ വാങ്ങുന്ന പലിശ ഇടപാടാണ്. ഇടയിൽ വെറുതെ കാണിച്ച ഒരു വ്യാജ കച്ചവടം (Show) മാത്രമാണ് ആ ഫോൺ.
ഈനത്ത് കച്ചവടത്തിന്റെ വിധി
ഇത്തരം കച്ചവടങ്ങളിൽ പലിശയ്ക്കായുള്ള തന്ത്രം വ്യക്തമായി കാണപ്പെടുന്നതിനാൽ, മുൻഗാമികളും പിൻഗാമികളുമായ ഭൂരിപക്ഷം പണ്ഡിതന്മാരും ഇത് ഇത് നിഷിദ്ധവും തടയപ്പെടേണ്ടതുമാണെന്ന വീക്ഷണത്തിലേക്ക് പോയിട്ടുണ്ട്.
ഇമാം മുഹമ്മദ് ബ്നുൽ ഹസൻ അശ്ശൈബാനി رحمه الله ഈനത്ത് കച്ചവടത്തിന്റെ ഒരു രൂപത്തെക്കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി:
هذا البيع في قلبي كأمثال الجبال، اخترعه أَكَلَةُ الربا.
ഈ കച്ചവടം എന്റെ മനസ്സിൽ മലകളെപ്പോലെ (ഭാരമുള്ളതാണ്), പലിശ തിന്നുന്നവരാണ് ഇത് ഉണ്ടാക്കിയെടുത്തത്. [ فتح القدير (7/213)]
ഈനത്ത് കച്ചവടം നിഷിദ്ധമാണ് എന്നതിനുള്ള തെളിവ്
عَنِ ابْنِ عُمَرَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” إِذَا تَبَايَعْتُمْ بِالْعِينَةِ وَأَخَذْتُمْ أَذْنَابَ الْبَقَرِ وَرَضِيتُمْ بِالزَّرْعِ وَتَرَكْتُمُ الْجِهَادَ سَلَّطَ اللَّهُ عَلَيْكُمْ ذُلاًّ لاَ يَنْزِعُهُ حَتَّى تَرْجِعُوا إِلَى دِينِكُمْ ” .
ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: നിങ്ങൾ ‘ഈനത്ത്’ കച്ചവടം ചെയ്യുകയും, പശുക്കളുടെ വാലുകൾ പിടിക്കുകയും കൃഷി കൊണ്ട് തൃപ്തിയടയുകയും ജിഹാദ് ഉപേക്ഷിക്കുകയും ചെയ്‌താൽ! അല്ലാഹു നിങ്ങൾക്കുമേൽ നിന്ദ്യത അടിച്ചേൽപിക്കുന്നതാണ്. നിങ്ങൾ നിങ്ങളുടെ ദീനിലേക്ക് തിരിച്ചുവരുന്നതുവരെ അത് നിങ്ങളിൽ നിന്ന് അവൻ നീക്കംചെയ്യുകയില്ല. (അബൂദാവൂദ്: 3462)
ഇമാം അബ്ദുർറസ്സാഖ് അസ്സ്വൻആനിയുടെ ‘അൽ-മുസ്വന്നഫ്’ (8/184) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം ഒരു അധ്യായം കൊടുത്തിട്ടുണ്ട്:
باب الرجل يبيع السلعة ثم يريد اشتراءها بنقد.
ഒരാൾ ഒരു ചരക്ക് വിൽക്കുകയും, പിന്നീട് അത് പണമായി (കുറഞ്ഞ തുകയ്ക്ക്) തിരികെ വാങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള അധ്യായം.
أخبرنا معمر والثوري عن أبي إسحاق عن امرأته: أنها دخلت على عائشة في نسوة، فسألتها امرأة فقالت: يا أم المؤمنين ! كانت لي جارية، فبعتها من زيد بن أرقم بثمانمائة إلى أجل، ثم اشتريتها منه بستمائة، فنقدته الستمائة، وكتبت عليه ثمانمائة، فقالت عائشة: بئس والله ما اشتريت ! وبئس والله ما اشترى ! أخبري زيد بن أرقم أنه قد أبطل جهاده مع رسول الله صلى الله عليه وسلم إلا أن يتوب، فقالت المرأة لعائشة: أرأيت إن أخذت رأس مالي ورددت عليه الفضل، قالت: من جاءه موعظة من ربه فانتهى الآية، أو قالت: إن تبتم فلكم رؤوس أموالكم الآية ” انتهى.
മഅ്മറും ഥൗരിയും അബൂഇസ്ഹാഖിൽ നിന്നും, അദ്ദേഹം തന്റെ ഭാര്യയിൽ നിന്നും നിവേദനം ചെയ്യുന്നു: അവർ ഏതാനും സ്ത്രീകളോടൊപ്പം ആയിശ رضى الله عنها യുടെ അടുക്കൽ പ്രവേശിച്ചു. അപ്പോൾ ഒരു സ്ത്രീ ആയിശ رضى الله عنها യോട് ചോദിച്ചു: “ഓ ഉമ്മുൽ മുഅ്മിനീൻ! എന്റെ പക്കൽ ഒരു അടിമ സ്ത്രീയുണ്ടായിരുന്നു. ഞാൻ അവളെ 800 ദിർഹമിന് (തവണകളായി നൽകുന്ന) ഒരു നിശ്ചിത അവധി വെച്ച് സൈദ് ബ്നു അർഖമിന് (റ) വിറ്റു. പിന്നീട് അതേ അടിമ സ്ത്രീയെ 600 ദിർഹമിന് (റെഡി പണത്തിന്) ഞാൻ അദ്ദേഹത്തിൽ നിന്ന് തിരികെ വാങ്ങി. 600 ദിർഹം പണമായി ഞാൻ അദ്ദേഹത്തിന് നൽകുകയും, 800 ദിർഹം അദ്ദേഹത്തിന്റെ പേരിൽ കടമായി എഴുതി വെക്കുകയും ചെയ്തു.
അപ്പോൾ ആയിശ رضى الله عنها പറഞ്ഞു: “അല്ലാഹുവാണെ സത്യം! നീ വാങ്ങിയതും മോശം, അല്ലാഹുവാണെ സത്യം! അദ്ദേഹം വാങ്ങിയതും മോശം! സൈദ് ബ്നു അർഖമിനോട് പറയുക: തൗബ ചെയ്ത് മടങ്ങുന്നില്ലെങ്കിൽ അല്ലാഹുവിന്റെ റസൂൽ ﷺ യോടൊപ്പം അദ്ദേഹം ചെയ്ത ജിഹാദ് മുഴുവൻ അദ്ദേഹം പാഴാക്കിക്കളഞ്ഞിരിക്കുന്നു.”
അപ്പോൾ ആ സ്ത്രീ ആയിശ رضى الله عنها യോട് ചോദിച്ചു: “ഞാൻ എന്റെ എന്റെ മുതൽ മുടക്ക് തുക മാത്രം വാങ്ങുകയും ബാക്കി അധികം വന്ന തുക അദ്ദേഹത്തിന് വിട്ടുകൊടുക്കുകയും ചെയ്താൽ താങ്കൾ എന്താണ് പറയുന്നത്?”
അപ്പോൾ ആയിശ رضى الله عنها പാരായണം ചെയ്തു:
فَمَن جَآءَهُۥ مَوْعِظَةٌ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمْرُهُۥٓ إِلَى ٱللَّهِ ۖ
അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയില്‍ നിന്ന്) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:2/275)
وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَٰلِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ
നിങ്ങള്‍ (പലിശയില്‍ നിന്ന്) പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്. (ഖു൪ആന്‍:2/279)
[قال ابن عبد الهادي في “تنقيح التعليق” (2/558): إسناد جيد. وصححه الزيلعي في “نصب الراية” (4/16)]
قال الشيخ ابن عثيمين رحمه الله: مثال بيع العينة: أنا بعت على زيد سيارة بعشرين ألفاً إلى سنة، ثم إني اشتريتها من هذا الرجل بثمانية عشر ألفاً، فهذا حرام لا يجوز؛ لأنه يتخذ حيلة إلى أن أبيع السيارة بيعاً صورياً بعشرين ألفاً، ثم أعود فأشتريها بثمانية عشر ألفاً نقداً، فيكون قد أخذ مني ثمانية عشر ألفاً وسيوفيني عشرين ألفاً وهذا ربا، فهذا لا يجوز؛ لأنه حيلة واضحة، ولذلك قال ابن عباس رضي الله عنهما: (دراهم بدراهم وبينهما حريرة)، وهذه تسمى مسألة العِينة؛ لأن الرجل أعطى عيناً وأخذ عيناً، والعين: النقد؛ الذهب والفضة. واعلم أنه كلما احتال الإنسان على محرم لم يزدد إلا خبثاً، فالمحرم خبيث، فإذا احتلت عليه صار أخبث؛ لأنك جمعت بين حقيقة المحرم وبين خداع الرب عزّ وجل، والله سبحانه وتعالى لا تخفى عليه خافية، وإنما الأعمال بالنيات.
ഈനത്ത് കച്ചവടത്തിന് ഉദാഹരണം: ഞാൻ സൈദിന് 20,000 രൂപയ്ക്ക് ഒരു വർഷത്തെ അവധിയിൽ ഒരു കാർ വിൽക്കുന്നു. പിന്നീട് അതേ ആളിൽ നിന്ന് ഞാൻ ആ കാർ 18,000 രൂപ റെഡി പണത്തിന് തിരികെ വാങ്ങുന്നു. ഇത് ഹറാമും പാടില്ലാത്തതുമാണ്. കാരണം, ഞാൻ കാർ 20,000 രൂപയ്ക്ക് വ്യാജമായി (show) വിൽക്കുകയും, പിന്നീട് തിരികെ വന്ന് അത് 18,000 രൂപ റെഡി പണം നൽകി വാങ്ങുകയും ചെയ്യുന്ന തന്ത്രമാണ് ഇതിലൂടെ പ്രയോഗിക്കുന്നത്. ഫലത്തിൽ അയാൾ എന്റെ പക്കൽ നിന്ന് 18,000 രൂപ കൈപ്പറ്റുകയും പിന്നീട് എനിക്ക് 20,000 രൂപ തിരികെ നൽകുകയും ചെയ്യുന്നു; ഇത് പലിശയാണ്! അതുകൊണ്ട് ഇത് പാടില്ല, കാരണം ഇത് വ്യക്തമായ തന്ത്രമാണ്. അതുകൊണ്ടാണ് ഇബ്നു അബ്ബാസ് رضى الله عنه പറഞ്ഞത്: “ഒരു വശത്ത് ദിർഹമുകൾ, മറുവശത്ത് ദിർഹമുകൾ, അവ രണ്ടിനുമിടയിൽ ഒരു പട്ട് (ചരക്ക്).”. ഇതിനാണ് ‘ഈനത്ത്’ എന്ന് പറയുന്നത്. കാരണം, ഒരാൾ പണം നൽകി പകരം പണം കൈപ്പറ്റുകയാണ് ചെയ്യുന്നത്.
അറിയുക! ഏതൊരു മനുഷ്യനും ഒരു ഹറാമായ കാര്യത്തിന് തന്ത്രം മെനയുമ്പോൾ, അത് അവന്റെ തിന്മ കൂട്ടുക മാത്രമേയുള്ളൂ. ഹറാമായ കാര്യം സ്വയം അശുദ്ധമാണ്, അതിന് തന്ത്രം കൂടെ മെനയുമ്പോൾ അത് കൂടുതൽ അശുദ്ധമായി മാറുന്നു. കാരണം, ഹറാമിന്റെ യാഥാർത്ഥ്യത്തോടൊപ്പം അല്ലാഹുവിനെ വഞ്ചിക്കുക എന്ന കുറ്റം കൂടെ നിങ്ങൾ ഇവിടെ ഒന്നിച്ചുകൂട്ടുകയാണ്. എന്നാൽ അല്ലാഹുവിന് ഒരു കാര്യവും മറഞ്ഞിരിക്കില്ല; കാര്യങ്ങൾ നിശ്ചയിക്കപ്പെടുന്നത് ഉദ്ദേശ്യങ്ങൾ (നിയ്യത്ത്) അനുസരിച്ചാണ്. [في الشرح الممتع (8/223)]
കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ ‘ഈനഃ’യോട് അനുബന്ധമായി വരുന്ന കൂടുതൽ കച്ചവട രൂപങ്ങളെക്കുറിച്ചും, ഈ കച്ചവടം നിഷിദ്ധമാകുന്നതിന്റെ മാനദണ്ഡങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ചില റഫറൻസ് ഗ്രന്ഥങ്ങൾ ചുവടെ ചേര്‍ക്കുന്നു:
بدائع الصنائع (5/198)
مواهب الجليل (4/391)
الأم (3/78)
إعلام الموقعين (3/166)
وانظر لمزيد الفائدة جواب هذه الأسئلة: (171117 ،98124 ،45042، 359779، 291561، 67799، 215040، 103149) .
വിഷയത്തിന്റെ ഗൗരവം
മുസ്ലിംകൾ ഏറെ നിന്ദ്യതയിലും അടിമത്തത്തിലും ആപതിച്ച ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിൻ്റെ കാരണവും ഈ വിഷയവുമായും ബന്ധമുണ്ട്. നാം ചില കാര്യങ്ങൾ ചെയ്താൽ നമ്മിൽ നിന്ദ്യത അടിച്ചേൽപ്പിക്കുന്നതാണ് എന്നാണല്ലോ ഹദീസിൽ ഉള്ളത്. അതിൽ ഒന്നാമതായി എണ്ണിയത് ഈനത്ത് കച്ചവടമാണ്.
കച്ചവടം എന്ന പേരിലാണ് ഇത് നടക്കുന്നത്. യഥാർത്ഥത്തിൽ ഇതൊരു മറയാണ്. ഹറാമാണെന്നറിഞ്ഞു കൊണ്ട് ഒരു ഹറാമിൽ പെട്ടു പോകുന്നതിനേക്കാൾ അപകടകരമാണിത്. കാരണം, തന്റെ ചെയ്‌തി ഹറാമാണെന്ന് മനസ്സിലാക്കുന്നവന് തന്റെ രക്ഷിതാവിന്റെ അടുത്തേക്ക് തിരിച്ചു പോകണമെന്ന ബോധമുണ്ടായി എന്നെങ്കിലുമൊരു ദിവസം തൗബ ചെയ്യാനിടയുണ്ട്. എന്നാൽ, തെറ്റായ വ്യാഖ്യാനമോ കടുത്ത അജ്ഞതയോ മൂലം ദുഷിച്ച പ്രവൃത്തി നന്നായി തോന്നിപ്പിക്കപ്പെട്ടവൻ, തൗബ ചെയ്യുന്നതിനെ ക്കുറിച്ച് എന്നെങ്കിലും ചിന്തിക്കുമെന്ന് പ്രതീക്ഷിച്ചുകൂടാ. അതിനാൽ, വിശ്വാസപരവും ചിന്താപരവുമായി, ‘അനുവദനീയമായി’ കണക്കാക്കപ്പെട്ട ഹറാം, വ്യക്തമായ ഹറാമിനേക്കാൾ അപകടകരമാണ്. പലിശയാണെന്ന് മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവനായിരിക്കെ പലിശ തിന്നുന്നവൻ – ഖുർആനിന്റെ നസ്സു പ്രകാരം അല്ലാഹുവിനോടും അവന്റെ റസൂലിനോടും യുദ്ധം ചെയ്യുന്നവനാണ്. എന്നാൽ, താൻ ഭക്ഷിക്കുന്നത് ഹലാലാണെന്ന വിശ്വാസത്തോടെ പലിശ തിന്നുന്നവനേക്കാൾ (പര്യവസാനം വെച്ചു വിലയിരുത്തുമ്പോൾ) അവന്റെ കാര്യം എളുപ്പമാണ്. ഹറാമാണെന്ന് വിശ്വസിച്ചവനായിരിക്കെ മദ്യമുപയോഗിക്കുന്നവൻ ഒരു പക്ഷേ, അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി നന്നായിത്തീരാം. എന്നാൽ, താൻ കുടിക്കുന്നത് ഹലാലാണെന്ന് വിശ്വസിച്ചുകൊണ്ട് മദ്യമുപയോഗിക്കുന്നവൻ അതിനേക്കാൾ അപകടകാരിയാണ്. കാരണം, അതേക്കുറിച്ച മതവിധി തെറ്റായി മനസ്സിലാക്കുന്നിടത്തോളം കാലം അവൻ തൗബ ചെയ്യുമെന്ന് പ്രതീക്ഷിച്ചുകൂടാ.’
ഉപര്യുക്ത ഹദീസിൽ നബി ﷺ കച്ചവടത്തെക്കുറിച്ച് പറഞ്ഞത് ഒരുദാഹരണമെന്ന നിലക്കാണ്. വ്യാഖ്യാനം എന്തുതന്നെയായാലും ഒരു മുസ്‌ലിം ഏതെങ്കിലുമൊരു ഹറാമിനെ ഹലാലാക്കി പ്രവർത്തിക്കുമ്പോൾ അതിന്റെ ഫലമായി അല്ലാഹു അവനെ നിന്ദിക്കുന്നതാണ്. അത് മുസ്ലിംകൾക്കിടയിൽ പ്രചാരം തേടുമ്പോൾ അതുകാരണമായി മുസ്ലിംകളേയും അല്ലാഹു നിന്ദിക്കുന്നതാണ്. ഉപര്യുക്ത നബി വചനം സൂചിപ്പിക്കുന്നത് അതാണ്.
അവസാനമായി,
ഈ നബിവചനം നുബുവ്വത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ്. ഏവർക്കും കാണാവുന്ന രീതിയിൽ നമ്മിൽ ഈ നിന്ദ്യത യാഥാർത്ഥ്യമായിരിക്കുകയാണ്. അതിനാൽ, ഈ നബിവചനത്തിൽ നിന്നു തന്നെ നാം അതിന്റെ ചികിത്സ മനസ്സിലാക്കേണ്ടതുണ്ട്. അതിനാൽ, നമുക്ക് നബി നിർണയിച്ചു തന്ന മരുന്ന് പ്രയോഗിക്കാനും ബാധ്യതയുണ്ട്. നാമത് ചെയ്യുന്ന പക്ഷം നമുക്ക് മീതെയുള്ള നിന്ദ്യത അല്ലാഹു ദൂരീകരിച്ചു തരുമെന്ന് അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. “നിങ്ങൾ നിങ്ങളുടെ ദീനിലേക്ക് തിരിച്ചുപോകുന്നത് വരെ” എന്നാണ് ഹദീസിലുള്ളത്.
യഥാർത്ഥ ഇസ്ലാമിക പ്രമാണങ്ങളിലേക്കുള്ള മടക്കമാണ് പരിഹാരം. ഇസ്ലാം കൽപ്പിച്ച കൽപ്പനകൾ അനുസരിക്കുകയും വിലക്കിയ കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യുന്ന പൂർണ്ണമായ ജീവിതരീതിയിലേക്ക് മടങ്ങുക. അതോടൊപ്പം തിന്മകളും ചതികളും ഉപേക്ഷിക്കുക. അതായത് ‘ഈനത്ത്’ കച്ചവടം പോലെയുള്ള പലിശ ഇടപാടുകൾ, വ്യാജ മാർഗ്ഗങ്ങൾ, കച്ചവടത്തിലെ ചതികൾ എന്നിവ പൂർണ്ണമായി ഉപേക്ഷിക്കുക. ഭൗതിക നേട്ടങ്ങളിലും ആഡംബരങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പരലോകത്തെയും ദീനീ ബാധ്യതകളെയും മറക്കുന്ന അവസ്ഥയിൽ നിന്ന് മാറ്റം വരുത്തുക. ചെയ്ത തെറ്റുകളെക്കുറിച്ച് ഓർത്ത് പശ്ചാത്തപിക്കുകയും അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യുക.
www.kanzululoom.com