നബിദിനാഘോഷത്തിന്റെ ഇസ്‌ലാമിക വിധി

അല്ലാഹുവിന്റെയും അവന്റെ റസൂൽ ﷺ യുടെയും നിയമനിര്‍ദ്ദേശങ്ങളെ പിന്തുടരാനുള്ള കൽപന

അല്ലാഹുവിന്റെയും അവന്റെ റസൂൽ ﷺ യുടെയും നിയമനിര്‍ദ്ദേശങ്ങളെ പിന്തുടരണമെന്ന കൽപനയും, മതത്തിൽ ബിദ്അത്ത് (പുതുതായി കാര്യങ്ങൾ) ഉണ്ടാക്കാൻ പാടില്ലെന്ന വിലക്കും ഖുർആനിലും സുന്നത്തിലും വ്യക്തമായി വന്നിട്ടുള്ളതാണ്. അല്ലാഹു പറയുന്നു:

ﻗُﻞْ ﺇِﻥ ﻛُﻨﺘُﻢْ ﺗُﺤِﺒُّﻮﻥَ ٱﻟﻠَّﻪَ ﻓَﭑﺗَّﺒِﻌُﻮﻧِﻰ ﻳُﺤْﺒِﺒْﻜُﻢُ ٱﻟﻠَّﻪُ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ﺫُﻧُﻮﺑَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ

(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 3/31)

ٱتَّبِعُوا۟ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۗ قَلِيلًا مَّا تَذَكَّرُونَ ‎

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്‌. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. (ഖു൪ആന്‍ :7/3)

وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ

ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌. (ഖു൪ആന്‍:6/153)

നബി ﷺ പറഞ്ഞു:

فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ ‏

നിശ്ചയം, ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളിൽ ഏറ്റവും മോശമായത് (മതത്തിൽ) പുതുതായി ഉണ്ടാക്കപ്പെട്ടവയാണ്. എല്ലാ ബിദ്അത്തുകളും (പുതുതായി ഉണ്ടാക്കപ്പെട്ട കാര്യങ്ങളും) വഴികേടാകുന്നു. (മുസ്ലിം:867)

مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ

നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത്‌ പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്‌. (ബുഖാരി:2697)

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

നബിദിനാഘോഷത്തിന്റെ വിവിധ രൂപങ്ങൾ

ജനങ്ങൾ പുതുതായി ഉണ്ടാക്കിയ വെറുക്കപ്പെട്ട ബിദ്അത്തുകളിൽ ഒന്നാണ് റബീഉൽ അവ്വൽ മാസത്തിൽ നടത്തുന്ന നബിദിനാഘോഷം. ഈ ആഘോഷം നടത്തുന്നവർ പല രീതിക്കാരാണ്:

▪️അവരിൽ ചിലർ അതിനെ നബി ചരിത്രം വായിക്കപ്പെടാനോ, ഈ സന്ദർഭത്തിൽ പ്രസംഗങ്ങളും കവിതകളും അവതരിപ്പിക്കപ്പെടാനോ വേണ്ടിയുള്ള ഒരുമിച്ചുകൂടൽ മാത്രമാക്കുന്നു.

▪️മറ്റു ചിലർ ഈ അവസരത്തിൽ ഭക്ഷണവും മധുരപലഹാരങ്ങളും മറ്റും തയ്യാറാക്കുകയും, എത്തുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു.

▪️അവരിൽ ചിലർ ഇത് പള്ളികളിൽ വെച്ച് സംഘടിപ്പിക്കുമ്പോൾ, മറ്റു ചിലർ വീടുകളിലാണ് സംഘടിപ്പിക്കുന്നത്.

▪️മറ്റു ചിലരാകട്ടെ, മുൻപ് പരാമർശിച്ച കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ആണും പെണ്ണും തമ്മിലുള്ള ഇടകലരൽ, നൃത്തം, സംഗീതം തുടങ്ങിയ ഹറാമുക തിന്മകളും നിറഞ്ഞതാക്കി ഈ ഒരുമിച്ചുകൂടലിനെ മാറ്റുന്നു. അതല്ലെങ്കിൽ അല്ലാഹുവിന്റെ റസൂൽ ﷺ യോട് സഹായമർത്ഥിക്കുക, അവിടുത്തെ വിളിച്ച് പ്രാർത്ഥിക്കുക, ശത്രുക്കൾക്കെതിരെ അവിടുത്തോട് വിജയം തേടുക തുടങ്ങിയ ശിർക്കായ പ്രവർത്തികൾ വരെ അവർ ഇതിൽ ഉൾപ്പെടുത്തുന്നു.

നബിദിനാഘോഷത്തിന്റെ ചരിത്രം

അതിന്റെ എല്ലാ ഇനങ്ങളും, വിവിധ രൂപങ്ങളും, അത് ചെയ്യുന്നവരുടെ വ്യത്യസ്ത ഉദ്ദേശ്യങ്ങളും എന്തൊക്കെയായാലും, അത് സംശയമേതുമില്ലാതെ വിലക്കപ്പെട്ടതും പുതുതായി ഉണ്ടാക്കപ്പെട്ടതുമായ ഒരു ബിദ്അത്ത് തന്നെയാണ്. മുസ്ലിങ്ങളുടെ ദീൻ നശിപ്പിക്കുന്നതിനായി, ഉത്തമമായ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം ശിയാക്കളായ ഫാത്തിമികളാണ് ഇത് പുതുതായി നിർമ്മിച്ചെടുത്തത്. അവർക്ക് ശേഷം ഇത് ആദ്യമായി വെളിവാക്കിയത് ഹിജ്റ ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഇർബിലിലെ രാജാവായിരുന്ന മുളഫ്ഫർ ആണ്; ഇബ്നു ഖല്ലികാനെ പോലുള്ള ചരിത്രകാരന്മാരും മറ്റും പരാമർശിച്ചിട്ടുള്ളതുപോലെ.

قال أبو شامة : وكان أول من فعل ذلك بالموصل الشيخ عمر بن محمد الملا أحد الصالحين المشهورين , وبه اقتدى في ذلك صاحب إربل وغيره.

അബൂ ശാമ رحمة الله പറഞ്ഞു: (ഇറാഖിലെ) മോസുളിൽ ഈ കാര്യം (നബിദിനാഘോഷം) ആദ്യമായി സംഘടിപ്പിച്ചത് പ്രശസ്തരായ സ്വാലിഹീങ്ങളിൽ പെട്ട ശൈഖ് ഉമർ ബിൻ മുഹമ്മദ് അൽമുല്ല ആയിരുന്നു. ഇർബിലിലെ ഭരണാധികാരിയും മറ്റുള്ളവരും അദ്ദേഹത്തെ മാതൃകയാക്കിയാണ് അത് തുടർന്നുപോന്നത്.

ഇബ്നു കസീർ رحمة الله മുളഫ്ഫർ രാജാവിന്റെ ജീവചരിത്ര വിവരണത്തിൽ പറയുന്നു:

وكان يعمل المولد الشريف في ربيع الأول ويحتفل به احتفالاٌ هائلاً .. إلى أن قال : قال السبط : حكى بعض من حضر سماط المظفر في بعض الموالد كان يمد في ذلك السماط خمسة آلاف رأس مشوي , وعشرة آلاف دجاجة , ومائة ألف زبدية , وثلاثين صحن حلوى .. إلى أن قال : ويعمل للصوفية سماعاً من الظهر إلى الفجر ويرقض بنفسه معهم.

അദ്ദേഹം റബീഉൽ അവ്വലിൽ നബി ﷺയുടെ ജൻമദിനാഘോഷം സംഘടിപ്പിക്കുകയും അതിഗംഭീരമായി അത് ആഘോഷിക്കുകയും ചെയ്തിരുന്നു… സിബ്ത് പറയുന്നു: ചില ജൻമദിനാഘോഷ വേളകളിൽ മുളഫ്ഫറിന്റെ സദ്യയിൽ പങ്കെടുത്ത ചിലർ പറഞ്ഞത്, ആ സദ്യയിൽ അയ്യായിരം ചുട്ട മൃഗങ്ങളെയും പതിനായിരം കോഴികളെയും, ഒരു ലക്ഷം കപ്പുകളിൽ ഭക്ഷണവും, മുപ്പതിനായിരം തട്ട് മധുരപലഹാരങ്ങളും വിളമ്പിയിരുന്നു.  അദ്ദേഹം സൂഫികൾക്കായി ളുഹർ മുതൽ ഫജ്ര്‍ വരെ  സാഹിത്യ സംഗീത സദസ്സ് ഒരുക്കുകയും അവരോടൊപ്പം സ്വയം നൃത്തം ചെയ്യുകയും ചെയ്തിരുന്നു. (അൽ-ബിദായത്തു വന്നഹായ:13/137)

قال ابن خلكان رحمة الله: فإذا كان أول صفر زينوا تلك القباب بأنواع الزينة الفاخرة المتجملة , وقعد في كل قبة جوق من الأغاني وجوق من أرباب الخيال ومن أصحاب الملاهي , ولم يتركوا طبقة من تلك الطبقات (طبقات القباب) حتى رتبوا فيها جوقاً. وتبطل معايش الناس في تلك المدة ، وما يبقى لهم شغل إلا التفرج والدوران عليهم … ” إلى أن قال : ( فإذا كان قبل المولد بيومين أخرج من الإبل والبقر والغنم شيئاً كثيراً زائداً عن الوصف ، وزفها بجميع ما عنده من الطبول والأغاني والملاهي ، حتى يأتي بها إلى الميدان … ” إلى أن قال : ” فإذا كانت ليلة المولد عمل السماعات بعد أن يصلي المغرب في القلعة.

ഇബ്നു ഖല്ലികാൻ رحمة الله പറയുന്നു: സഫർ മാസം ആരംഭിച്ചാൽ അവർ ആ ഗോളാകൃതിയുള്ള തമ്പുകളെ  വളരെ വിലകൂടിയ ഭംഗിയുള്ള അലങ്കാരങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഓരോ തമ്പിലും ഒരു ഗായകസംഘവും, നിഴൽക്കൂത്ത് കലാകാരന്മാരും , സംഗീതോപകരണങ്ങൾ വായിക്കുന്ന സംഘവും ഇരിക്കും. ഈ മണ്ഡപങ്ങളുടെ ഒരു തട്ടിലും ഒരു സംഘത്തെ ക്രമീകരിക്കാതെ അവർ ഒഴിവാക്കിയിരുന്നില്ല.

ആ സമയമത്രയും ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ തടസ്സപ്പെടുകയും, വിനോദത്തിൽ ഏർപ്പെടാനും ചുറ്റിനടന്നു കാണാനും മാത്രമായി അവരുടെ സമയം മാറ്റിവെക്കപ്പെടുകയും ചെയ്യുമായിരുന്നു. (തുടർന്ന് അദ്ദേഹം പറയുന്നു:) നബിദിനത്തിന് രണ്ടു ദിവസം മുമ്പ് വിവരണാതീതമായത്ര വലിയ അളവിൽ ഒട്ടകങ്ങളെയും പശുക്കളെയും ആടുകളെയും പുറത്തിറക്കുകയും, തന്റെ പക്കലുള്ള എല്ലാത്തരം തപ്പുകളും (വാദ്യമേളങ്ങൾ) ഗാനങ്ങളും വിനോദോപാധികളും അകമ്പടിയാക്കി വാദ്യമേളങ്ങളോടെ അവയെ മൈതാനത്തേക്ക് നയിക്കുകയും ചെയ്യുന്നു… (തുടർന്ന് പറയുന്നു:) നബിദിന രാവായാൽ കോട്ടയിൽ വെച്ച് മഗ്‌രിബ് നമസ്കാരം നിർവ്വഹിച്ച ശേഷം അദ്ദേഹം സാഹിത്യ സംഗീത സദസ്സുകൾ സംഘടിപ്പിക്കുമായിരുന്നു. (وفيات الأعيان : 3/274)

നബിദിനാഘോഷം ആരംഭിക്കുന്നതിന്റെയും അത് സംഘടിപ്പിക്കുന്നതിന്റെയും തുടക്കം ഇപ്രകാരമായിരുന്നു;. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ബിദ്അത്തിന് പിന്നാലെ, വിനോദങ്ങളും ധൂർത്തും സാമ്പത്തിക-സമയ നഷ്ടങ്ങളുമായി കൂട്ടിക്കലർത്തിയ രീതിയിലാണ് പിൽക്കാലത്ത് ഇത് രൂപപ്പെട്ടുവന്നത്.

ഒരു മുസ്ലിമിന് ഏറ്റവും യോജിച്ച കാര്യം സുന്നത്തുകളെ പുനരുജ്ജീവിപ്പിക്കുകയും ബിദ്അത്തുകളെ ഇല്ലാതാക്കുകയുമാണ്; ഏതൊരു കാര്യത്തിലും അല്ലാഹുവിന്റെ വിധി എന്തെന്ന് മനസ്സിലാക്കുന്നത് വരെ അതിലേക്ക് പ്രവേശിക്കാതിരിക്കലുമാണ്.

നബിദിനാഘോഷത്തിന്റെ വിധി

നബിദിനാഘോഷം വിലക്കപ്പെട്ടതും മതത്തിൽ തള്ളപ്പെടേണ്ടതുമാണ്; അത് പല കാരണങ്ങളാലാണ്:

ഒന്നാമതായി, ഇത് നബി ﷺ യുടെയോ അവിടുത്തെ ഖലീഫമാരുടെയോ ചര്യയിൽ  പെട്ടതല്ല. ഏതൊരു കാര്യം അങ്ങനെ ആയിരുന്നില്ലയോ, അത് വിരോധിക്കപ്പെട്ട ബിദ്അത്തുകളിൽ പെട്ടതാണ്. കാരണം നബി ﷺ പറഞ്ഞു:

عليكم بسنتي وسنة الخلفاء الراشدين المهديين من بعدي ، تمسكوا بها وعضوا عليها بالنواجذ ، وإياكم ومحدثات الأمور ، فإن كل محدثة بدعة ، وكل بدعة ضلالة.

നിങ്ങൾ എന്റെ ചര്യയും, എനിക്ക് ശേഷം സന്മാർഗ്ഗചാരികളും നേർവഴിയിലുള്ളവരുമായ ഖലീഫമാരുടെ ചര്യയും മുറുകെ പിടിക്കുക. അത് ദൃഢമായി ഗ്രഹിക്കുകയും അണപ്പല്ലുകൾ കൊണ്ട് കടിച്ചു അതിനെ മുറുകെ പിടിക്കുകയും ചെയ്യുക. പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങളെ (മതത്തിലെ അനാചാരങ്ങളെ) നിങ്ങൾ സൂക്ഷിക്കുക. കാരണം, പുതുതായി ഉണ്ടാക്കപ്പെടുന്ന ഓരോ കാര്യവും ബിദ്അത്താകുന്നു; ഓരോ ബിദ്അത്തും വഴികേടാകുന്നു. (أخرجه أحمد 4/126 ، والترمذي برقم 2676)

നബിദിനാഘോഷം എന്നത് മുസ്ലിങ്ങളുടെ ദീനിനെ മലിനമാക്കാനും തെറ്റിക്കാനുമായി ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷം ശിയാക്കളായ ഫാത്തിമികൾ പുതുതായി ഉണ്ടാക്കിയ ഒന്നാണ്. നബി ﷺ ചെയ്യുകയോ കൽപ്പിക്കുകയോ, അദ്ദേഹത്തിന് ശേഷമുള്ള ഖലീഫമാർ പ്രവർത്തിക്കുകയോ ചെയ്യാത്ത ഒരു കാര്യം അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗ്ഗമായി ഒരാൾ ചെയ്താൽ, നബി ﷺ ജനങ്ങൾക്ക് ദീൻ കൃത്യമായി വിവരിച്ചു കൊടുത്തിട്ടില്ലെന്ന ആരോപണം അവന്റെ ആ പ്രവൃത്തിയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ (ഇന്ന്‌ ഞാൻ നിങ്ങൾക്ക്‌ നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു – സൂറ: മാഇദ 3) എന്ന അല്ലാഹുവിന്റെ വചനത്തെ നിഷേധിക്കലും അതിലുണ്ട്. കാരണം, നബി ﷺ കൊണ്ടുവരാത്ത ഒരു കാര്യം ദീനിൽ പെട്ടതാണെന്ന് വാദിച്ച് അവൻ അതിലേക്ക് കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്.

രണ്ടാമതായി, നബിദിനാഘോഷം സംഘടിപ്പിക്കുന്നതിൽ നസ്വാറാക്കളോട് സാദൃശ്യപ്പെടൽ  അടങ്ങിയിരിക്കുന്നു. കാരണം അവർ ഈസാ നബി عليه السلام യുടെ ജനനം ആഘോഷിക്കുന്നവരാണ്. അവരോട്ട് സാദൃശ്യപ്പെടുന്നത് കഠിനമായി വിലക്കപ്പെട്ട കാര്യവുമാണ്. അവിശ്വാസികളോട്, സാദൃശ്യപ്പെടുന്നത് വിരോധിച്ചുകൊണ്ടും അവരോട് എതിരാകാൻ കൽപ്പിച്ചുകൊണ്ടും ഹദീസുകൾ വന്നിട്ടുണ്ട്. നബി ﷺ പറഞ്ഞു:

مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ

ആരെങ്കിലും ഏതെങ്കിലും ജനതയോട്‌ സാമ്യപ്പെട്ടാല്‍ അവന്‍ അവരില്‍പെട്ടവനാണ്‌. (أخرجه أحمد 2/50 ، وأبو داود 4/314)

خَالِفُوا الْمُشْرِكِينَ

നിങ്ങൾ മുശ്രിക്കുകളോട് എതിരാവുക. (മുസ്ലിം)

അതായത്: അവരുടെ മതപരമായ ആചാരങ്ങളിലും അടയാളങ്ങളിലും പെട്ട കാര്യങ്ങളിൽ.

മൂന്നാമതായി, പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നത് ബിദ്അത്തും നസ്വാറാക്കളോടുള്ള സാദൃശ്യപ്പെടലും ആയതോടൊപ്പം തന്നെ – ഇവ രണ്ടും ഹറാമാണ് – അല്ലാഹുവിന് പുറമെ പ്രവാചകനോട് പ്രാർത്ഥിക്കുന്നതിലേക്കും സഹായം തേടുന്നതിലേക്കും  നയിക്കും വിധം പ്രവാചകനെ അമിതമായി പുകഴ്ത്തുന്നതിലേക്കും അതിരു കടക്കുന്നതിലേക്കും നയിക്കുന്ന ഒരു വഴി കൂടിയാണ് അത്. നബിദിനം ആഘോഷിക്കുന്ന പലരിൽ നിന്നും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇത് തന്നെയാണ്; അതായത് അല്ലാഹുവിന് പുറമെ പ്രവാചകനോട് പ്രാർത്ഥിക്കുക, പ്രവാചകനോട് സഹായമഭ്യർത്ഥിക്കുക, ബുർദ പോലെയുള്ള ശിർക്കൻ ആശയമുള്ള കവിതകൾ ആലപിക്കുക തുടങ്ങിയവ. എന്നാൽ തന്നെ പുകഴ്ത്തുന്നതിൽ അതിരുകടക്കുന്നതിനെ തൊട്ട് നബി ﷺ വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ

ക്രൈസ്തവ൪ മറിയമിന്റെ മകനെ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. തീ൪ച്ചയായും ഞാന്‍ (അല്ലാഹുവിന്റെ) അടിമയാണ്. നിങ്ങള്‍ പറയുക: അല്ലാഹുവിന്റെ റസൂലും അവന്റെ അടിമയുമെന്ന്. (ബുഖാരി:3445)

അതായത്, ക്രിസ്ത്യാനികൾ ഈസാ നബി عليه السلام യെ പുകഴ്ത്തുന്നതിലും ബഹുമാനിക്കുന്നതിലും അതിരുവിട്ട്, ഒടുവിൽ അല്ലാഹുവിന് പുറമെ അദ്ധേഹത്തെ ആരാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയതുപോലെ, നിങ്ങൾ എന്നെ പുകഴ്ത്തുന്നതിലും ബഹുമാനിക്കുന്നതിലും അതിരുവിടരുത്. അല്ലാഹു അവരെ അതിൽ നിന്ന് വിലക്കിക്കൊണ്ട് ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ട്:

يَٰٓأَهْلَ ٱلْكِتَٰبِ لَا تَغْلُوا۟ فِى دِينِكُمْ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ إِنَّمَا ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلْقَىٰهَآ إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ ۖ

വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. (ഖു൪ആന്‍:4/171)

അവർക്ക് (മുൻഗാമികൾക്ക്) സംഭവിച്ച അബദ്ധങ്ങൾ നമുക്കും സംഭവിക്കാതിരിക്കാൻ വേണ്ടി നമ്മുടെ പ്രവാചകൻ ﷺ അതിരുവിടുന്നതിനെക്കുറിച്ച്  നമ്മെ വിലക്കിയിട്ടുണ്ട്. നബി ﷺ പറഞ്ഞു:

إياكم والغلو ، فإنما أهلك من كان قبلكم الغلو

നിങ്ങൾ (മതകാര്യങ്ങളിൽ) അതിരുവിടുന്നതിനെ തൊട്ട് ജാഗ്രത പാലിക്കുക. കാരണം, നിങ്ങൾക്ക് മുമ്പുള്ളവരെ നശിപ്പിച്ചത് മതത്തിലെ അതിരുവിടൽ മാത്രമായിരുന്നു. (നസാഇ)

നാലാമതായി, നബിദിനമെന്ന ബിദ്അത്തിനെ പുനരുജ്ജീവിപ്പിക്കുന്നത് മറ്റ് ബിദ്അത്തുകളിലേക്ക് വാതിൽ തുറക്കാനും, സുന്നത്തുകളിൽ നിന്ന് ശ്രദ്ധതിരിച്ച് ആളുകളെ ഇതിൽ വ്യാപൃതരാക്കാനും കാരണമാകുന്നു. അതുകൊണ്ടാണ് ബിദ്അത്തിന്റെ ആളുകൾ അനാചാരങ്ങൾ സംഘടിപ്പിക്കുന്നതിൽ വളരെ ആവേശഭരിതരാവുകയും, എന്നാൽ സുന്നത്തുകൾ പ്രവർത്തിക്കുന്നതിൽ മടിയന്മാരാവുകയും, അതിനോട് വിദ്വേഷം വെച്ചുപുലർത്തുകയും, സുന്നത്തിന്റെ ആളുകളോട് ശത്രുത കാണിക്കുകയും ചെയ്യുന്നത്. ഒടുവിൽ അവരുടെ ദീൻ മുഴുവൻ ബിദ്അത്തുകളായ അനുസ്മരണങ്ങളും മൗലിദുകളുമായി മാറി. ഓരോ വിഭാഗവും തങ്ങളുടെ ഇമാമുമാരുടെ മൗലിദുകൾ ആഘോഷിക്കുന്ന വിവിധ വിഭാഗങ്ങളായി അവർ പിരിഞ്ഞു; അഹ്മദ് അൽ-ബദവി, ഇബ്നു അറബി, അൽ-ദസൂഖി, അൽ-ശാദിലി എന്നിവരുടെ മൗലിദുകൾ ഉദാഹരണം. ഒരു മൗലിദ് കഴിയുമ്പോഴേക്ക് അടുത്ത ഒന്നിലേക്ക് അവർ കടക്കുന്നു. ഇതിന്റെ ഫലമായി മരണപ്പെട്ട ഈ വ്യക്തികളോടും മറ്റുള്ളവരോടും അതിരുകടന്ന ബഹുമാനവും  ഉടലെടുക്കുകയും, അല്ലാഹുവിനെ പുറന്തള്ളി അവരോട് പ്രാർത്ഥിക്കാനും, ഉപകാരവും ഉപദ്രവവും ചെയ്യാൻ അവർക്ക് സാധിക്കുമെന്ന് വിശ്വസിക്കാനും ഇടയാക്കി. ഒടുവിൽ അല്ലാഹുവിന്റെ ദീനിൽ നിന്ന് പുറത്തുപോവുകയും അല്ലാഹു ഇപ്രകാരം വിശേഷിപ്പിച്ച ജാഹിലിയ്യാ കാലഘട്ടത്തിലെ ആളുകളുടെ ദീനിലേക്ക് അവർ മടങ്ങുകയും ചെയ്തു:

ﻭَﻳَﻌْﺒُﺪُﻭﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ ﻭَﻳَﻘُﻮﻟُﻮﻥَ ﻫَٰٓﺆُﻻَٓءِ ﺷُﻔَﻌَٰٓﺆُﻧَﺎ ﻋِﻨﺪَ ٱﻟﻠَّﻪِ ۚ

അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (ഖു൪ആന്‍:10/18)

ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺨَﺬُﻭا۟ ﻣِﻦ ﺩُﻭﻧِﻪِۦٓ ﺃَﻭْﻟِﻴَﺎٓءَ ﻣَﺎ ﻧَﻌْﺒُﺪُﻫُﻢْ ﺇِﻻَّ ﻟِﻴُﻘَﺮِّﺑُﻮﻧَﺎٓ ﺇِﻟَﻰ ٱﻟﻠَّﻪِ ﺯُﻟْﻔَﻰٰٓ

അവന് (അല്ലാഹുവിന്) പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. (ഖു൪ആന്‍:39/3)

മൗലിദ് ആഘോഷിക്കുന്നവരുടെ വാദങ്ങൾക്കുള്ള മറുപടി

ഈ ബിദ്അത്തിനെ ശരിവെക്കുന്നവർ ചിലന്തിവലയേക്കാൾ ദുർബലമായ ചില സംശയങ്ങളെ (ന്യായീകരണങ്ങളെ) ആധാരമാക്കാറുണ്ട്. ആ സംശയങ്ങളെ താഴെ പറയുന്ന രീതിയിൽ സംഗ്രഹിക്കാം:

ഇത് നബി ﷺ യെ ബഹുമാനിക്കലും ആദരിക്കലുമാണ് എന്ന അവകാശവാദം

ഇതിനുള്ള മറുപടി : നബി ﷺ യെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് അവിടുത്തെ അനുസരിക്കുന്നതിലൂടെയും, കൽപ്പനകൾ പാലിക്കുന്നതിലൂടെയും, വിലക്കുകളിൽ നിന്ന് അകന്നുനിൽക്കുന്നതിലൂടെയും, അവിടുത്തെ സ്നേഹിക്കുന്നതിലൂടെയുമാണ്. അല്ലാതെ ബിദ്അത്തുകൾ, അന്ധവിശ്വാസങ്ങൾ, പാപങ്ങൾ എന്നിവയിലൂടെയല്ല. നബിദിനം ആഘോഷം എന്നത് ഇത്തരത്തിലുള്ള വിരോധിക്കപ്പെട്ട കാര്യങ്ങളിൽ പെട്ടതാണ്; കാരണം അതൊരു ധിക്കാരമാണ്. നബി ﷺ യെ ഏറ്റവും കൂടുതൽ ആദരിച്ചിരുന്നത് അവിടുത്തെ സ്വഹാബികളായിരുന്നു. ഉർവത്ത് ബിൻ മസ്ഊദ് ഖുറൈശികളോട് പറഞ്ഞതുപോലെ:

أَىْ قَوْمِ، وَاللَّهِ لَقَدْ وَفَدْتُ عَلَى الْمُلُوكِ، وَوَفَدْتُ عَلَى قَيْصَرَ وَكِسْرَى وَالنَّجَاشِيِّ وَاللَّهِ إِنْ رَأَيْتُ مَلِكًا قَطُّ، يُعَظِّمُهُ أَصْحَابُهُ مَا يُعَظِّمُ أَصْحَابُ مُحَمَّدٍ صلى الله عليه وسلم مُحَمَّدًا، وَاللَّهِ إِنْ تَنَخَّمَ نُخَامَةً إِلاَّ وَقَعَتْ فِي كَفِّ رَجُلٍ مِنْهُمْ، فَدَلَكَ بِهَا وَجْهَهُ وَجِلْدَهُ، وَإِذَا أَمَرَهُمُ ابْتَدَرُوا أَمْرَهُ وَإِذَا تَوَضَّأَ كَادُوا يَقْتَتِلُونَ عَلَى وَضُوئِهِ، وَإِذَا تَكَلَّمَ خَفَضُوا أَصْوَاتَهُمْ عِنْدَهُ، وَمَا يُحِدُّونَ إِلَيْهِ النَّظَرَ تَعْظِيمًا لَهُ،

എന്റെ ജനങ്ങളേ, അല്ലാഹുവിനെത്തന്നെ സത്യം! ഞാൻ രാജാക്കന്മാരുടെ ദൂതനായി പോയിട്ടുണ്ട്; കൈസർ (റോമൻ ചക്രവർത്തി), കിസ്ര (പേർഷ്യൻ ചക്രവർത്തി), നജ്ജാഷി (അബിസീനിയൻ രാജാവ്) എന്നിവരുടെ അടുക്കലൊക്കെ ഞാൻ പോയിട്ടുണ്ട്. എന്നാൽ അല്ലാഹുവിനെത്തന്നെ സത്യം, മുഹമ്മദിന്റെ അനുചരന്മാർ (സ്വഹാബികൾ) മുഹമ്മദിനെ (ﷺ) ആദരിക്കുന്നതുപോലെ ഒരു രാജാവിനെയും അദ്ദേഹത്തിന്റെ അനുചരന്മാർ ആദരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അല്ലാഹുവിനെത്തന്നെ സത്യം! അവിടുന്ന് ഒരു തുപ്പൽ തുപ്പിയാൽ പോലും അത് അവരിൽ ഒരാളുടെ കയ്യിലല്ലാതെ വീഴാറില്ല; അവർ അത് തങ്ങളുടെ മുഖത്തും ചർമ്മത്തിലും പുരട്ടും. അവിടുന്ന് എന്തെങ്കിലും കൽപ്പിച്ചാൽ അത് നടപ്പിലാക്കാൻ അവർ തിടുക്കം കൂട്ടും. അവിടുന്ന് വുളൂഅ് ചെയ്താൽ (അതിന്റെ ബാക്കി വെള്ളത്തിന് വേണ്ടി) അവർ പോരടിക്കുന്ന അവസ്ഥയിലെത്തും. അവിടുന്ന് സംസാരിച്ചാൽ അവിടുത്തെ മുന്നിൽ അവർ ശബ്ദം താഴ്ത്തും. അവിടുത്തോടുള്ള അതിരറ്റ ആദരവ് കാരണം അവിടുത്തെ മുഖത്തേക്ക് അവർ ഉറ്റുനോക്കാറുമില്ല. (ബുഖാരി:2731، 2732)

ഇത്രയധികം ആദരവും ബഹുമാനവും ഉണ്ടായിരുന്നിട്ടും, അവർ അവിടുത്തെ ജനിച്ച ദിവസത്തെ ഒരു പെരുന്നാളോ ആഘോഷമോ ആക്കി മാറ്റിയില്ല. ഇനി അത് ദീനിൽ ശരിവെക്കപ്പെട്ടതും അനുവാദമുള്ളതുമായ ഒന്നായിരുന്നെങ്കിൽ അവർ അത് ഉപേക്ഷിക്കുമായിരുന്നില്ല.

ധാരാളം നാടുകളിൽ ബഹുഭൂരിപക്ഷം ആളുകളും ചെയ്യുന്ന കാര്യമാണിത് എന്ന വാദം

ഇതിനുള്ള മറുപടി : പ്രമാണം എന്നത് അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന കാര്യങ്ങൾ മാത്രമാണ്. നബി ﷺയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നതാകട്ടെ പൊതുവായി ബിദ്അത്തുകളെ എതിർക്കലുമാണ്; ഈ ആഘോഷവും അതിൽ പെട്ടതാണ്. പ്രമാണത്തിന്  വിരുദ്ധമാണ് ജനങ്ങളുടെ പ്രവർത്തനമെങ്കിൽ, അത് ചെയ്യുന്നവർ എത്രതന്നെ കൂടുതലാണെങ്കിലും ശരി, അതൊരിക്കലും പ്രമാണമോ തെളിവോ ആകുകയില്ല. അല്ലാഹു പറയുന്നു:

وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ

ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്‌. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌. (ഖു൪ആന്‍:6/116)

അല്ലാഹുവിന് സ്തുതി. ഈ ബിദ്അത്തിനെ എതിർക്കുകയും ഇതിന്റെ അസാധുത വ്യക്തമാക്കി കൊടുക്കുകയും ചെയ്യുന്നവർ എല്ലാ കാലഘട്ടത്തിലും ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. അതിനാൽ, സത്യം വ്യക്തമായി മനസ്സിലായ ശേഷവും ഇത് തുടർന്നുപോരുന്നവരുടെ പ്രവർത്തനം ഒട്ടും തെളിവോ ന്യായീകരണമോ ആയി സ്വീകരിക്കാൻ കഴിയില്ല.

നബിദിനം ആഘോഷിക്കുന്നതിനെ എതിർത്ത പണ്ഡിതന്മാരിൽ പെട്ടവരാണ്: اقتضاء الصراط المستقيم എന്ന ഗ്രന്ഥത്തിൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, الاعتصام എന്ന ഗ്രന്ഥത്തിൽ ഇമാം ശാത്വിബി, المدخل എന്ന ഗ്രന്ഥത്തിൽ ഇബ്നുൽ ഹാജ്ജ്, ഇതിനെ എതിർത്തുകൊണ്ട് പ്രത്യേക പുസ്തകം തന്നെ രചിച്ച ശൈഖ് താജുദ്ദീൻ അലി ബിൻ ഉമർ അല്ലഖ്മി, صيانة الإنسان എന്ന ഗ്രന്ഥത്തിൽ ഇന്ത്യൻ പണ്ഡിതനായ ശൈഖ് മുഹമ്മദ് ബഷീർ അസ്സഹ്സവാനി, ഇതിൽ പ്രത്യേക പ്രബന്ധം എഴുതിയ സയ്യിദ് മുഹമ്മദ് റശീദ് റിളാ, പ്രത്യേക പ്രബന്ധം രചിച്ച ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം ആലുശ്ശൈഖ്, ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് (رحمهم الله) എന്നിവർ. ഇവരെക്കൂടാതെ, ഈ ബിദ്അത്ത് സംഘടിപ്പിക്കപ്പെടുന്ന സമയങ്ങളിൽ, പത്രങ്ങളുടെയും മാസികകളുടെയും താളുകളിലൂടെ ഓരോ വർഷവും ഇതിനെ എതിർത്തുകൊണ്ട് എഴുതിക്കൊണ്ടിരിക്കുന്നവർ ഇന്നും നിലവിലുണ്ട്.

അവർ പറയുന്നു: ജൻമദിനാഘോഷം സംഘടിപ്പിക്കുന്നതിൽ നബി ﷺ യുടെ സ്മരണ പുതുക്കലുണ്ട്

ഇതിനുള്ള മറുപടി : നബി ﷺ യുടെ സ്മരണ ഓരോ മുസ്ലിമിന്റെ ഉള്ളിലും ദിനംപ്രതി പുതുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാങ്കുവിളിയിലും ഇഖാമത്തിലും ഖുതുബകളിലും അവിടുത്തെ നാമം പരാമർശിക്കപ്പെടുമ്പോഴും, വുളൂഇന് ശേഷവും നമസ്കാരങ്ങളിലും ഒരു മുസ്ലിം രണ്ട് ശഹാദത്ത് വചനങ്ങളും ചൊല്ലുമ്പോഴും, നമസ്കാരങ്ങളിലോ അവിടുത്തെ പേര് കേൾക്കുമ്പോഴോ സ്വലാത്ത് ചൊല്ലുമ്പോഴൊക്കെയും മുസ്ലിമിന്റെ ബന്ധം അവിടുത്തെ ഓർമ്മകളുമായി പുതുക്കപ്പെടുന്നു. കൂടാതെ, നബി ﷺ കാണിച്ചുതന്ന നിർബന്ധമോ ഐച്ഛികമോ ആയ ഏതൊരു സൽക്കർമ്മം ഒരു മുസ്ലിം ചെയ്യുമ്പോഴും അവിടുത്തെ ഓർക്കുകയും ചെയ്യുകയാണ്; അതോടെ ആ പ്രവൃത്തി ചെയ്യുന്നവന്റെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം അവിടുത്തേക്കും ലഭിക്കുന്നു. ഇങ്ങനെ ഒരു മുസ്ലിം തനിക്ക് അല്ലാഹു നിശ്ചയിച്ചുതന്ന കാര്യങ്ങളിലൂടെ തന്റെ ജീവിതകാലം മുഴുവൻ രാപ്പകൽ വ്യത്യാസമില്ലാതെ നബി ﷺ യുടെ ഓർമ്മകളെ നിലനിർത്തുകയും അവിടുത്തെയുമായി ബന്ധപ്പെടുകയും ചെയ്യുന്നു. അല്ലാതെ നബിദിനത്തിൽ മാത്രം ബിദ്അത്തായതും പ്രവാചകചര്യക്ക് വിരുദ്ധവുമായ കാര്യങ്ങളിലൂടെയല്ല അത് ചെയ്യേണ്ടത്. ഇത്തരം പ്രവൃത്തികൾ ഒരാളെ  നബി ﷺ യിൽ നിന്ന് അകറ്റുകയേ ഉള്ളൂ. അവിടുന്ന് അതിൽ നിന്ന് പൂർണ്ണമായി ഒഴിവാകുകയും ചെയ്യും (നബി ﷺ ആ പ്രവൃത്തിയെയും അത് ചെയ്യുന്നവരെയും തള്ളിപ്പറയുകയും അതിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാകുകയും ചെയ്യും).

അല്ലാഹു നബി ﷺക്ക് നിശ്ചയിച്ചു നൽകിയ ആദരവും ബഹുമാനവും കാരണം, അവിടുന്ന് ഇത്തരം ബിദ്അത്തായ ആഘോഷങ്ങളിൽ നിന്ന് തികച്ചും മുക്തനാണ് (ആവശ്യമില്ലാത്തവനാണ്). അല്ലാഹു പറഞ്ഞതുപോലെ:

وَرَفَعْنَا لَكَ ذِكْرَكَ

നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:94/4)

അതിനാൽ ബാങ്കിലോ ഇഖാമത്തിലോ ഖുതുബയിലോ അല്ലാഹുവിന്റെ നാമം പരാമർശിക്കപ്പെടുമ്പോഴൊക്കെയും, അതിന് തൊട്ടുപിന്നാലെ നബി ﷺ യുടെ നാമവും പരാമർശിക്കപ്പെടുന്നു. നബി ﷺയെ ആദരിക്കാനും സ്നേഹിക്കാനും, അവിടുത്തെ ഓർമ്മകൾ പുതുക്കാനും, അവിടുത്തെ ചര്യ പിന്തുടരാൻ പ്രചോദനമാകാനും ഈയൊരു പദവി തന്നെ ധാരാളമാണ്.

അല്ലാഹു  വിശുദ്ധ ഖുർആനിൽ നബി ﷺ യുടെ ജനനത്തെക്കുറിച്ചല്ല എടുത്തുപറഞ്ഞിട്ടുള്ളത്; മറിച്ച് അവിടുത്തെ നിയോഗത്തെക്കുറിച്ചാണ് (പ്രവാചകത്വ ലബ്ധി). അല്ലാഹു പറഞ്ഞു:

لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ

തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. (ഖു൪ആന്‍:3/164)

هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًا مِّنْهُمْ

അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. (ഖുർആൻ:62/2)

അവർ പറയുന്നു: നബിദിനാഘോഷം ആരംഭിച്ചത് നീതിമാനും പണ്ഡിതനുമായ ഒരു രാജാവാണ്; അല്ലാഹുവിലേക്ക് അടുക്കൽ ലക്ഷ്യമാക്കിക്കൊണ്ടാണ് അദ്ദേഹം അത് ചെയ്തത്.

ഇതിനുള്ള മറുപടി : ബിദ്അത്ത് ആരിൽ നിന്നും സ്വീകരിക്കപ്പെടുകയില്ല. നല്ല ഉദ്ദേശ്യം എന്നത് മോശമായ ഒരു പ്രവൃത്തിയെ ന്യായീകരിക്കാൻ തക്ക തെളിവല്ല. ഇനി അദ്ദേഹം പണ്ഡിതനോ നീതിമാനോ ആയിരുന്നു എന്ന കാര്യം അദ്ദേഹത്തെ തെറ്റുകളിൽ നിന്ന് പൂർണ്ണമായും മുക്തനാക്കുന്നുമില്ല.

അവരുടെ വാദം: നബിദിനം സംഘടിപ്പിക്കുന്നത് നല്ല ബിദ്അത്തിന്റെ  വിഭാഗത്തിൽ പെട്ടതാണ്; കാരണം അത് ഉദാരമതിയായ പ്രവാചകന്റെ വരവിൽ അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിക്കലാണ്.

ഇതിനുള്ള മറുപടി : ബിദ്അത്തുകളിൽ നല്ലത് എന്ന് പറയുന്ന ഒന്നുമില്ല. കാരണം നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ

നമ്മുടെ ഇക്കാര്യത്തില്‍ (മതത്തില്‍) ഇല്ലാത്ത ഒന്ന് ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത് നിരാകരിക്കപ്പെടെണ്ടാതാണ്. (ബുഖാരി, മുസ്ലിം)

فإن كل بدعة ضلالة

എല്ലാ ബിദ്അത്തുകളും വഴികേടാണ്. (أخرجه أحمد 4/126 ، والترمذي رقم 2676)

നബി ﷺ എല്ലാ ബിദ്അത്തുകളും വഴികേടാണ് എന്ന് വിധി കൽപ്പിച്ചു; എന്നാൽ ഇവര്‍ പറയുന്നത്, ‘എല്ലാ ബിദ്അത്തുകളും വഴികേടല്ല, മറിച്ച് കൂട്ടത്തിൽ നല്ല ബിദ്അത്തുകളും ഉണ്ട്’ എന്നാണ്.

قال الحافظ ابن رجب في شرح الأربعين : ( فقوله صلى الله عليه وسلم : {كل بدعة ضلالة} من جوامع الكلم ، لا يخرج عنه شيء ، وهو أصل عظيم من أصول الدين ، وهو شبيه بقوله صلى الله عليه وسلم : {من أحدث في أمرنا هذا ما ليس منه فهو رد} أخرجه البخاري 3/167 رقم 2697 ، الفتح 5/355 ، فكل من أحدث شيئاً ونسبه إلى الدين ولم يكن له أصل من الدين يرجع إليه فهو ضلالة والدين بريء منه ، وسواء في ذلك مسائل الاعتقادات أو الأعمال أو الأقوال الظاهرة والباطنة ) انتهي جامع العلوم والحكم ، ص 233

ഹാഫിള് ഇബ്നു റജബ് رحمه الله അൽഅർബഈന്റെ ശറഹിൽ പറഞ്ഞു: നബി ﷺ യുടെ {എല്ലാ ബിദ്അത്തുകളും വഴികേടാണ്} എന്ന വാക്ക് ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയങ്ങൾ അടങ്ങിയതാണ്. അതിൽ നിന്നും യാതൊന്നും ഒഴിവാകുന്നില്ല. അത് ദീനിലെ മഹത്തായ അടിത്തറകളിൽ ഒന്നാണ്. അവിടുത്തെ {നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്} (ബുഖാരി) എന്ന വാക്കിന് സമാനമാണിത്. മതത്തിലേക്ക് ഏതെങ്കിലും ഒരു കാര്യം പുതുതായി ഉണ്ടാക്കിച്ചേർക്കുകയും, അതിന് മതത്തിൽ ആധാരമാക്കാവുന്ന യാതൊരു അടിസ്ഥാനവും ഇല്ലാതിരിക്കുകയും ചെയ്താൽ അത് വഴികേടാണ്; ദീൻ അതിൽ നിന്ന് മുക്തവുമാണ്. കാര്യങ്ങൾ വിശ്വാസപരമായ വിഷയങ്ങളോ, കർമ്മങ്ങളോ, ബാഹ്യവും ആന്തരികവുമായ വാക്കുകളോ ആകട്ടെ, ഇതിലെല്ലാം വിധി ഇതുതന്നെയാണ്. (ജാമിയുൽ ഉലൂമി വൽ ഹിംകം, പേജ് 233)

നല്ല ബിദ്അത്ത് എന്ന് ഒന്നുമുണ്ട് എന്നതിന്, ഇക്കൂട്ടരുടെ പക്കൽ തറാവീഹ് നമസ്കാരത്തിന്റെ കാര്യത്തിൽ ഉമർ رَضِيَ اللهُ عَنْهُ പറഞ്ഞ نعمت البدعة هذه (ഇത് എത്ര നല്ല ബിദ്അത്താണ്) (ബുഖാരി) എന്ന വാക്കല്ലാതെ മറ്റ് യാതൊരു തെളിവുമില്ല.

അവർ ഇപ്രകാരവും വാദിച്ചു: ‘മുൻഗാമികളായ പണ്ഡിതന്മാർ എതിർക്കാത്ത പല കാര്യങ്ങളും പിന്നീട് പുതുതായി ഉണ്ടാക്കപ്പെട്ടിട്ടുണ്ടല്ലോ; ഉദാഹരണത്തിന് ഖുർആൻ ഒറ്റ ഗ്രന്ഥമായി ക്രോഡീകരിച്ചതും, ഹദീസുകൾ എഴുതി സൂക്ഷിച്ചതുമെല്ലാം.’

ഇതിനുള്ള മറുപടി : ഈ കാര്യങ്ങൾക്കെല്ലാം (തറാവീഹ് ജമാഅത്തായി നമസ്കരിക്കുന്നത്, ഖുർആൻ ഒരൊറ്റ ഗ്രന്ഥമായി ക്രോഡീകരിച്ചത്, ഹദീസുകൾ എഴുതി വെച്ചത്) ഇസ്‌ലാമിക പ്രമാണങ്ങളിൽ അടിസ്ഥാനങ്ങളുണ്ട് (أصل); അതിനാൽ ഇവ പുതുതായി ഉണ്ടാക്കപ്പെട്ടവ (ബിദ്അത്തുകൾ) അല്ല.

ഉമർ رَضِيَ اللهُ عَنْهُ വിന്റെ ‘ഇത് എത്ര നല്ല ബിദ്അത്താണ്’ എന്ന വാക്ക് കൊണ്ട് ഉദ്ദേശിച്ചത് ഭാഷാപരമായ അർത്ഥത്തിലുള്ള ബിദ്അത്താണ്, അല്ലാതെ ശരീഅത്ത് പ്രകാരമുള്ള ബിദ്അത്തല്ല. അതിനാൽ ശരീഅത്തിൽ അടിസ്ഥാനമുള്ള ഒരു കാര്യത്തെ ‘ബിദ്അത്ത്’ എന്ന് വിളിക്കുകയാണെങ്കിൽ, അത് ഭാഷാപരമായി മാത്രമാണ് ബിദ്അത്താകുന്നത്, അല്ലാതെ ശരീഅത്ത് പ്രകാരമല്ല. കാരണം ശരീഅത്ത് പ്രകാരമുള്ള ബിദ്അത്ത് എന്നാൽ ഇസ്‌ലാമിക പ്രമാണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യമാണ്.

ഖുർആൻ ഒറ്റ ഗ്രന്ഥമായി ക്രോഡീകരിച്ചതിന് ശരീഅത്തിൽ അടിസ്ഥാനമുണ്ട്. കാരണം നബി ﷺ ഖുർആൻ എഴുതിവെക്കാൻ കൽപ്പിച്ചിരുന്നു; എങ്കിലും അത് (പലയിടങ്ങളിലായി) വ്യത്യസ്ത ഭാഗങ്ങളിലായി എഴുതപ്പെട്ട നിലയിലായിരുന്നു. തുടർന്ന് സ്വഹാബികൾ അതിനെ സംരക്ഷിക്കുന്നതിനായി ഒറ്റ ഗ്രന്ഥത്തിലേക്ക് ക്രോഡീകരിക്കുകയാണുണ്ടായത്.

തറാവീഹ് നമസ്കാരമാകട്ടെ, നബി ﷺ കുറച്ചു രാത്രികളിൽ തൻ്റെ സ്വഹാബികളുമൊന്നിച്ച് നിർവ്വഹിച്ചിട്ടുള്ളതാണ്. എന്നാൽ അത് അവരുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന് ഭയന്നാണ് പിന്നീട് അവിടുന്ന് അത് ഒഴിവാക്കിയത്. നബി ﷺ യുടെ ജീവിതകാലത്തും അവിടുത്തെ വഫാത്തിന് ശേഷവും സ്വഹാബികൾ അത് വെവ്വേറെ സംഘങ്ങളായി പിരിഞ്ഞുനിന്ന് നമസ്കരിക്കുന്നത് തുടർന്നുപോന്നു. പിന്നീട് ഉമർ رَضِيَ اللهُ عَنْهُ നബി ﷺ യുടെ പിന്നിൽ നമസ്കരിച്ചിരുന്നതുപോലെ അവരെ ഒരൊറ്റ ഇമാമിന് കീഴിൽ ഒന്നിച്ചു കൂട്ടുകയാണുണ്ടായത്. ഇത് ദീനിൽ ഒരു പുതിയ കാര്യമേ (ബിദ്അത്ത്) അല്ല.

ഹദീസുകൾ എഴുതി സൂക്ഷിക്കുന്നതിനും ശരീഅത്തിൽ അടിസ്ഥാനമുണ്ട്. ചില സ്വഹാബികൾ ആവശ്യപ്പെട്ടപ്പോൾ ചില ഹദീസുകൾ എഴുതിക്കൊടുക്കാൻ നബി ﷺ കൽപ്പിച്ചിട്ടുണ്ടായിരുന്നു. അവിടുത്തെ കാലത്ത് പൊതുവായി ഹദീസ് എഴുതിവെക്കുന്നത് വിലക്കിയിരുന്നത് ഖുർആൻ അല്ലാത്തവ അതിൽ കൂട്ടിക്കലർന്നു പോകുമോ എന്ന് ഭയന്നായിരുന്നു. എന്നാൽ നബി ﷺ യുടെ വഫാത്തോടെ ആ ഭയം ഇല്ലാതായി; കാരണം അവിടുത്തെ വഫാത്തിന് മുമ്പ് തന്നെ ഖുർആൻ പൂർണ്ണമാകുകയും കൃത്യമായി തിട്ടപ്പെടുത്തപ്പെടുകയും ചെയ്തിരുന്നു. തുടർന്ന്, ഹദീസുകൾ നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കുന്നതിനായി മുസ്ലിംകൾ സുന്നത്ത് ക്രോഡീകരിച്ചു. തങ്ങളുടെ റബ്ബിന്റെ ഗ്രന്ഥത്തെയും നബിയുടെ ﷺ സുന്നത്തിനെയും നഷ്ടപ്പെട്ടുപോകുന്നതിൽ നിന്നും അനാവശ്യക്കാരുടെ കളിതമാശകളിൽ നിന്നും അവർ സംരക്ഷതിനാൽ ഇസ്‌ലാമിനും മുസ്ലിംകൾക്കും വേണ്ടി അല്ലാഹു അവർക്ക് അർഹമായ ഉത്തമ പ്രതിഫലം നൽകട്ടെ.

ഇപ്രകാരവും ചോദിക്കപ്പെടാം: നിങ്ങളുടെ വാദപ്രകാരം (നബിദിനാഘോഷം എന്നത്) നന്ദി പ്രകടിപ്പിക്കലാണെങ്കിൽ, എന്തുകൊണ്ടാണ് ഉത്തമ നൂറ്റാണ്ടുകളിലെ ആളുകളായ സ്വഹാബികളും താബിഉകളും തബഉ താബിഉകളും ഈ നന്ദിപ്രകടനം നടത്താതിരുന്നത്? അവർ നബി ﷺ യോട് ഏറ്റവും കൂടുതൽ സ്നേഹമുള്ളവരും നന്മകൾ ചെയ്യാനും നന്ദി പ്രകടിപ്പിക്കാനും ഏറ്റവും കൂടുതൽ ആഗ്രഹമുള്ളവരുമായിരുന്നു. അങ്ങനെയെങ്കിൽ, നബിദിനാഘോഷം പുതുതായി ഉണ്ടാക്കിയ ആളുകളാണോ അവരേക്കാൾ സന്മാർഗ്ഗം പ്രാപിച്ചവരും അല്ലാഹുവിന് ഏറ്റവും കൂടുതൽ നന്ദി കാണിക്കുന്നവരും? ഒരിക്കലുമല്ല!

അവർ പറയുന്നു: നബി ﷺ യുടെ ജന്മദിനം ആഘോഷിക്കുന്നത് അവിടുത്തോടുള്ള സ്നേഹത്തിന്റെ സൂചനയാണ്, അതിനാൽ അത് ആ സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള വഴികളിൽ ഒന്നാണ്. നബി ﷺ യോടുള്ള സ്നേഹം പ്രകടിപ്പിക്കുക എന്നത് (ഇസ്ലാമിൽ) അനുവദിക്കപ്പെട്ടതും നിർദ്ദേശിക്കപ്പെട്ടതുമായ കാര്യമാണല്ലോ!

ഇതിനുള്ള മറുപടി : നബി ﷺ യോടുള്ള സ്നേഹം സ്വന്തം ശരീരത്തെക്കാളും, മക്കളെക്കാളും, മാതാപിതാക്കളെക്കാളും, മറ്റെല്ലാ മനുഷ്യരെക്കാളും ഉപരിയായി ഓരോ മുസ്ലിമിനും നിർബന്ധമാണ് എന്നതിൽ യാതൊരു സംശയവുമില്ല – എന്റെ മാതാപിതാക്കൾ അവിടുത്തെക്കായി സമർപ്പിക്കപ്പെടട്ടെ, അല്ലാഹുവിന്റെ സ്വലാത്തും സലാമും അവിടുത്തെമേൽ ഉണ്ടാകട്ടെ – എന്നാൽ അതിന്റെ അർത്ഥം, അവിടുന്ന് നമുക്ക് നിയമമാക്കി തരാത്ത കാര്യങ്ങൾ അതിൽ (മതത്തിൽ) പുതുതായി ഉണ്ടാക്കുക എന്നതല്ല. മറിച്ച്, അവിടുത്തോടുള്ള സ്നേഹം ആവശ്യപ്പെടുന്നത് അവിടുത്തെ അനുസരിക്കലും പിൻപറ്റലുമാണ്. കാരണം അത് തന്നെയാണ് സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഏറ്റവും മഹത്തായ മാർഗ്ഗം. കവി പാടിയതുപോലെ:

لو كان حبك صادقاً لأطعته – إن المحبّ لمن يحب مطيع

നിന്റെ സ്നേഹം സത്യസന്ധമായിരുന്നുവെങ്കിൽ നീ അദ്ധേഹത്തെ അനുസരിക്കുമായിരുന്നു; കാരണം, സ്നേഹിക്കുന്നവൻ താൻ സ്നേഹിക്കുന്ന വ്യക്തിയെ അനുസരിക്കുന്നവനായിരിക്കും.

അതിനാൽ നബി ﷺ യോടുള്ള സ്നേഹം ആവശ്യപ്പെടുന്നത് അവിടുത്തെ സുന്നത്തിനെ ജീവിപ്പിക്കലും, അണപ്പല്ലുകൾ കൊണ്ട് അത് കടിച്ചു മുറുകെ പിടിക്കലുമാണ്; കൂടാതെ അവിടുത്തെ സുന്നത്തിന് എതിരാകുന്ന വാക്കുകളിൽ നിന്നും പ്രവർത്തികളിൽ നിന്നും അകന്നുനിൽക്കലുമാണ്. അവിടുത്തെ സുന്നത്തിന് എതിരായുള്ള ഏതൊരു കാര്യവും ആക്ഷേപകരമായ ബിദ്അത്തും പ്രത്യക്ഷമായ ധിക്കാരവുമാണ് എന്നതിൽ യാതൊരു സംശയവുമില്ല. അവിടുത്തെ ജന്മദിനം ആഘോഷിക്കുന്നതും മറ്റ് ബിദ്അത്തുകളും ഇതിൽപെട്ടതാണ്. നല്ല ഉദ്ദേശ്യം എന്നത് മതത്തിൽ പുതിയ കാര്യങ്ങൾ ഉണ്ടാക്കുന്നതിനെ  അനുവദനീയമാക്കുന്നില്ല. കാരണം ഇസ്ലാം ദീൻ രണ്ട് അടിസ്ഥാനങ്ങളിലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: ഇഖ്‌ലാസ് (അല്ലാഹുവിന് മാത്രമായി നിർവ്വഹിക്കൽ), മുതാബഅത്ത് (നബി ﷺ യെ പിൻപറ്റൽ) എന്നിവയാണവ. അല്ലാഹു  പറയുന്നു:

بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

അങ്ങനെയല്ല, ആരൊരുവന്‍, താന്‍ സുകൃതം ചെയ്യുന്നവനായും കൊണ്ട് തന്റെ മുഖം അല്ലാഹുവിന് കീഴ്‌പെടുത്തിയോ [പൂര്‍ണമായി കീഴൊതുങ്ങിയോ] അവന് തന്റെ റബ്ബിന്റെ അടുക്കല്‍ തന്റെ പ്രതിഫലം ഉണ്ട്; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍:2/112)

‘തന്റെ മുഖത്തെ അല്ലാഹുവിന് കീഴൊതുക്കുക’ എന്നാൽ അല്ലാഹുവോടുള്ള ഇഖ്‌ലാസ് ആകുന്നു; സുകൃതം ചെയ്യുക എന്നാൽ നബി ﷺ യെ പിന്തുടരലും സുന്നത്തിന് അനുസൃതമായി പ്രവർത്തിക്കലുമാണ്.

അവർ പറയുന്നു: നബിദിനാഘോഷം സംഘടിപ്പിക്കുന്നതിൽ നബി ﷺ യുടെ  ജീവിതചരിത്രം വായിക്കുന്നതിലും അവിടുത്തെ മാതൃകയാക്കാനും പിൻപറ്റാനുമുള്ള പ്രോത്സാഹനമുണ്ട്.

ഇതിനുള്ള മറുപടി : ബി ﷺ യുടെ  ജീവിതചരിത്രം വായിക്കുന്നതും അവിടുത്തെ മാതൃകയാക്കുന്നതും വർഷം മുഴുവനും ജീവിതകാലം മുഴുവനും ഒരു മുസ്ലിമിൽ നിന്ന് ആവശ്യപ്പെടപ്പെടുന്ന കാര്യമാണ്. എന്നാൽ അതിനായി വ്യക്തമായ തെളിവുകളൊന്നുമില്ലാതെ ഒരു പ്രത്യേക ദിവസം നിശ്ചയിക്കുന്നത് ബിദ്അത്താകുന്നു; وكل بدعة ضلالة (എല്ലാ ബിദ്അത്തുകളും വഴികേടുമാണ്) (അഹ്മദ്, തിർമിദി).

ബിദ്അത്ത് തിന്മയല്ലാതെ മറ്റൊന്നും പ്രദാനം ചെയ്യുകയില്ല, കൂടാതെ അത് നബി ﷺ യിൽ നിന്ന് കൂടുതൽ അകറ്റുകയും ചെയ്യും.

നബി ﷺ പറഞ്ഞു:

فإنه من يعش منكم فسيرى اختلافاً كثيراً ، فعيلكم بسنتي وسنة الخلفاء الراشدين المهدين من بعدي ، عضّوا عليها بالنواجذ ، وإياكم ومحدثات الأمور ، فإن كل بدعة ضلالة

നിങ്ങളിൽ നിന്ന് എനിക്ക് ശേഷം ജീവിച്ചിരിക്കുന്നവർ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ കാണുന്നതാണ്. അതിനാൽ നിങ്ങൾ എന്റെ സുന്നത്തും, എനിക്ക് ശേഷം സന്മാർഗ്ഗചാരികളായ നേർവഴിയിലുള്ള ഖുലഫാഉർ റാശിദീങ്ങളുടെ സുന്നത്തും മുറുകെ പിടിക്കുക. അണപ്പല്ലുകൾ കൊണ്ട് അത് കടിച്ചുപിടിക്കുക. മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങളെ നിങ്ങൾ ജാഗ്രത പാലിക്കുക; കാരണം എല്ലാ ബിദ്അത്തുകളും വഴിപിഴവാണ്. (أخرجه أحمد 4/126 ، والترمذي رقم 2676 )

അങ്ങനെ ഈ മഹത്തായ ഹദീസിലൂടെ നബി ﷺ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്ന ഘട്ടത്തിൽ നാം ആരെയാണ് മാതൃകയാക്കേണ്ടതെന്ന് വ്യക്തമാക്കിത്തന്നു. കൂടാതെ, സുന്നത്തിന് വിരുദ്ധമായ എല്ലാ വാക്കുകളും പ്രവർത്തികളും ബിദ്അത്താണെന്നും, എല്ലാ ബിദ്അത്തുകളും വഴിപിഴവാണെന്നും അവിടുന്ന് വ്യക്തമാക്കിയിരിക്കുന്നു.

നബിദിനാഘോഷത്തെ നാം പരിശോധിച്ച് നോക്കുകയാണെങ്കിൽ, നബി ﷺ യുടെ സുന്നത്തിലോ അവിടുത്തെ സന്മാർഗ്ഗചാരികളായ ഖുലഫാഉർ റാശിദീങ്ങളുടെ സുന്നത്തിലോ അതിന് യാതൊരു അടിസ്ഥാനവും നാം കാണുകയില്ല. അതിനാൽ അത് പുതുതായി ഉണ്ടാക്കപ്പെട്ട കാര്യങ്ങളിലും വഴിപിഴപ്പിക്കുന്ന ബിദ്അത്തുകളിലും പെട്ടതാണ്. ഈ ഹദീസ് ഉൾക്കൊള്ളുന്ന അടിസ്ഥാന തത്വം ഇതാണ്; കൂടാതെ അല്ലാഹുവിന്റെ  ഈ വചനവും അതിലേക്ക് വിരൽ ചൂണ്ടുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (ഖു൪ആന്‍:4/59)

‘അല്ലാഹുവിലേക്ക് മടക്കുക’ എന്നാൽ അവന്റെ വിശുദ്ധ ഗ്രന്ഥത്തിലേക്ക് (ഖുർആനിലേക്ക്) മടങ്ങുക എന്നാണ്. ‘റസൂലിലേക്ക് മടക്കുക’ എന്നാൽ അവിടുത്തെ വഫാത്തിന് ശേഷം അവിടുത്തെ സുന്നത്തിലേക്ക് മടങ്ങുക എന്നതുമാണ്. അതിനാൽ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുമ്പോൾ മടങ്ങേണ്ട പ്രമാണം ഖുർആനും സുന്നത്തുമാണ്. അങ്ങനെയെങ്കിൽ നബി ﷺ യുടെ ജൻമദിനം ആഘോഷിക്കുന്നത് ശരിവെക്കുന്ന തരത്തിൽ എന്താണ് ഖുർആനിലും സുന്നത്തിലും ഉള്ളത്? അതിനാൽ, ഇത് ചെയ്യുകയോ ഇതിനെ നല്ലതായി കാണുകയോ ചെയ്യുന്നവർ ഇതിൽ നിന്നും മറ്റ് ബിദ്അത്തുകളിൽ നിന്നും അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങൽ നിർബന്ധമാണ്. സത്യം അന്വേഷിക്കുന്ന ഒരു വിശ്വാസിയുടെ രീതി ഇതാണ്. എന്നാൽ തെളിവ് വ്യക്തമായ ശേഷവും വാശിപിടിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നവന്റെ വിചാരണ അവന് തന്റെ റബ്ബിന്റെ അടുക്കൽ മാത്രമായിരിക്കും.

 

അവലംബം: സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭ  അംഗമായ ശൈഖ് ഡോക്ടർ സ്വാലിഹ് ബിൻ ഫൗസാൻ അൽ-ഫൗസാൻ حَفِظَهُ اللَّهُ യുടെ حقوق النبي صلى الله عليه وسلم بين الإجلال والإخلال ص 139 എന്ന ഗ്രന്ഥം.

https://islamqa.info/ar/articles/60/

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *