ഫുട്ബോൾ ജ്വരം : വിശ്വാസികൾക്ക് ഒരു ഓര്‍മ്മപ്പെടുത്തൽ

ലോകജനതയിൽ വലിയൊരു വിഭാഗം ഫുട്‌ബോൾ ലോകകപ്പിന്റെ വരവിനും ആഘോഷങ്ങൾക്കും കാത്തിരിക്കുകയാണ്. കട്ടൗട്ടുകളും കൊടിതോരണങ്ങളും കൊണ്ട് വഴികളും വീടുകളും തയ്യാറാകുന്നു. ഈ സന്ദർഭത്തിൽ സത്യവിശ്വാസികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഓര്‍മ്മിപ്പിക്കുന്നു.

ഒന്നാമതായി, സൃഷ്ടിപ്പിന്റെ ലക്ഷ്യം തിരിച്ചറിയുക എന്നതാണ്. അല്ലാഹു പറയുന്നു:

اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا

അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (ഖുര്‍ആൻ:65/12)

ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍ :51/56)

മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തിൽ എല്ലാ ദിവസവും എല്ലാ സമയത്തും എല്ലാ നിമിഷവും ചെയ്യാനുള്ളതാണ് ആയത്തിലെ പ്രതിപാദ്യവിഷയം. ആഘോഷങ്ങളിൽ മുഴുകാനല്ല ജീവിതം, പ്രവർത്തിക്കാനാണെന്നത് വ്യക്തം. അല്ലാഹു പറയുന്നു:

ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ ‎

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:67/2)

ജീവിതത്തെ കളികളിലും വിനോദങ്ങളിലും മാത്രം തളച്ചിടുക എന്നത് മരണം തന്നെ കാത്തിരിക്കുന്നുണ്ടെന്നും, മരണശേഷം നന്മതിന്മകൾ ചോദ്യം ചെയ്യപ്പെടുന്ന വിചാരണയുടെ നാളുണ്ടെന്നും, തന്റെ രക്ഷിതാവായ അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്നുമെല്ലാം വിശ്വസിക്കുന്ന ഒരാൾക്ക് യോജിക്കുകയേയില്ല. അല്ലാഹു പറയുന്നു:

وَذَرِ ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَعِبًا وَلَهْوًا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَ

തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. (ഖു൪ആന്‍:6/70)

അല്ലാഹുവിനെ വിസ്‌മരിക്കുകയും ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിയാതെ ആഘോഷത്തിമിർപ്പുകളിൽ മുഴുകുകയും ചെയ്തവർക്കുള്ള താക്കീതായി അല്ലാഹു പറയുന്നു:

ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَهْوًا وَلَعِبًا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ نَنسَىٰهُمْ كَمَا نَسُوا۟ لِقَآءَ يَوْمِهِمْ هَٰذَا وَمَا كَانُوا۟ بِـَٔايَٰتِنَا يَجْحَدُونَ

(അതായത്‌) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്‌. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു. (ഖു൪ആന്‍:7/51)

ആധുനിക യുവത്വം പഠിപ്പിക്കപ്പെടുന്നത് ജീവിതം ആഘോഷമാക്കാനാണ്; അതാകട്ടെ, അടിസ്ഥാനപരമായ പിഴവുകളിലൊന്നാണ്. ജീവിതം ആഘോഷമാക്കാനുള്ളതല്ല; അല്ലാഹുവിനെ അറിയുന്നതിനും ആരാധിക്കുന്നതിനും വേണ്ടിയുള്ളതാണ്. ഫുട്ബോളിന്റെയും മറ്റു വിനോദങ്ങളുടെയും പിറകിൽ വിലപ്പെട്ട സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നവര്‍ നഷ്ടത്തിലാണ്. അതുകൊണ്ട് തന്നെ ബുദ്ധിയുള്ള ഒരു മുസ്ലിം തന്റെ ഐഹിക പാരത്രിക ജീവിതത്തിൻറെ പ്രയോജനത്തിന് വേണ്ട കാര്യങ്ങളിലാണ് വ്യാപൃതനാവുക. നാളെ ശുദ്ധവും സുന്ദരവുമായ ഒരു ജീവിതം ലഭിക്കാൻ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന തിരിച്ചറിവ് അവനുണ്ട്.

مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ

ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖു൪ആന്‍:16/97)

രണ്ടാമാതായി, കായിക വിനോദങ്ങൾ സംബന്ധിച്ച ഇസ്ലാമിന്റെ അദ്ധ്യാപനം കൃത്യമായി മനസ്സിലാക്കുക. ശാരീരികമായ ഉന്മേഷവും ആരോഗ്യവും പ്രധാനം ചെയ്യുന്ന കളികളും കായിക വിനോദങ്ങളും അടിസ്ഥാനപരമായി ഇസ്‌ലാമിൽ അനുവദനീയമാണ്. കാരണം ഇത്തരം കളികളും വിനോദങ്ങളും ഭൗതികമായ കാര്യമാണ്; അവയെല്ലാം അനുവദനീയമാണ് എന്നതാണ് അടിസ്ഥാന നിയമം.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ وَلَا تَعْجَزْ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ മുസ്‌ലിമിനേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനും. എല്ലാവരിലും നന്മയുണ്ട്. നിനക്ക് പ്രയോജനപ്പെടുന്നതിനോട് താല്‍പര്യം കാണിക്കുക. അല്ലാഹുവിനോട് സഹായം തേടുക. നീ ദുര്‍ബലനായിപ്പോകരുത് … (മുസ്‌ലിം:2664)

ഈമാനികമായ ശക്തിയാണ് ഈ ഹദീസിൽ ആദ്യമായി അർത്ഥമാക്കപ്പെട്ടിരിക്കുന്നത് എങ്കിലും ശാരീരികമായ ശക്തിയും അതിൻറെ പൊതുവായ ഉദ്ദേശ്യത്തിൽ ഉൾപ്പെടുന്നതാണ്. കാരണം ശാരീരികമായ ഉന്മേഷവും ശക്തിയുമുള്ളവർക്കാണ് ആരാധനാ കർമ്മങ്ങളിലും നന്മകളിലും മറ്റുള്ളവരേക്കാൾ മുന്നേറാൻ സാധിക്കുക. ശാരീരികമായ വിനോദങ്ങൾ നന്മകളിലേക്ക് നയിക്കുന്നതാണെങ്കിൽ ഇസ്‌ലാം അതിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

عَنْ عُقْبَةَ بْنِ عَامِرٍ الْجُهَنِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: …. وَكُلُّ مَا يَلْهُو بِهِ الْمَرْءُ الْمُسْلِمُ بَاطِلٌ إِلاَّ رَمْيَهُ بِقَوْسِهِ وَتَأْدِيبَهُ فَرَسَهُ وَمُلاَعَبَتَهُ امْرَأَتَهُ فَإِنَّهُنَّ مِنَ الْحَقِّ

ഉഖ്ബത് ബ്നു ആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ വിനോദമായി സ്വീകരിക്കുന്നതെല്ലാം നിരർത്ഥകമാണ്; അവൻ്റെ അമ്പ് കൊണ്ടുള്ള അമ്പെയ്തും, തന്റെ കുതിരയെ പരിശീലിപ്പിക്കുന്നതും, ഭാര്യയുമായി കളിചിരികളിൽ ഏർപ്പെടുന്നതും. അവ പ്രയോജനകരമായതിൽ പെടുന്നതാണ്. (ഇബ്നുമാജഃ: 2811)

ഇവിടെ എടുത്തു പറഞ്ഞ വിനോദങ്ങൾ പ്രയോജനകരമായ കാര്യത്തിലേക്ക് നയിക്കുന്നതാണ് എന്നതിനാൽ അവിടുന്ന് അതിന് പ്രോത്സാഹനം നൽകുകയാണ് ചെയ്തത്. അമ്പെയ്ക്കും കുതിരയുടെ കുതിപ്പും യുദ്ധങ്ങളിലും മറ്റും പ്രയോജനകരമാകുന്നു.

عن سَلَمَة بن الأكْوَع رضي الله عنه قال: مَرَّ النَّبِيُّ صلى الله عليه وسلم عَلَى نَفَرٍ مِنْ أَسْلَمَ يَنْتَضِلُونَ فَقَالَ النَّبِيُّ صلى الله عليه وسلم ‏” ‏ ارْمُوا بَنِي إِسْمَاعِيلَ، فَإِنَّ أَبَاكُمْ كَانَ رَامِيًا ارْمُوا وَأَنَا مَعَ بَنِي فُلاَنٍ ‏”‏‏.‏ قَالَ فَأَمْسَكَ أَحَدُ الْفَرِيقَيْنِ بِأَيْدِيهِمْ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا لَكُمْ لاَ تَرْمُونَ ‏”‏‏.‏ قَالُوا كَيْفَ نَرْمِي وَأَنْتَ مَعَهُمْ‏.‏ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ ارْمُوا فَأَنَا مَعَكُمْ كُلِّكُمْ ‏”‏‏.‏

സലമതു ബ്നുൽ അക്വഅ് رَضِيَ اللَّهُ عَنْهُ പറയുന്നു:  നബി ﷺ അസ്ലം ഗോത്രക്കാരുടെ അരികിലൂടെ നടന്നു പോയി. അവർ അമ്പെയ്ത് നടത്തി കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: “ഇസ്മാഈൽ സന്തതികളേ! അമ്പെയ്യുക! തീർച്ചയായും നിങ്ങളുടെ പിതാവ് അമ്പെയ്ക്കുകാരനായിരുന്നു. ഞാൻ (അമ്പെയ്യുന്ന ഈ മത്സരത്തിൽ) ഇന്ന കൂട്ടരുടെ ഒപ്പമാകട്ടെ.” അതോടെ (നബി ﷺ ചേർന്നവരുടെ എതിർ ഭാഗം) അമ്പെയ്യുന്നത് അവസാനിപ്പിച്ചു. നബി ﷺ അവരോട് ചോദിച്ചു: “നിങ്ങൾക്കെന്തു പറ്റി? നിങ്ങൾ അമ്പെയ്യുന്നില്ലേ?!” അവർ പറഞ്ഞു: “അല്ലാഹുവിൻറെ റസൂലേ! അങ്ങ് അവരുടെ കൂട്ടത്തിലാകുമ്പോൾ ഞങ്ങൾ അമ്പെയ്യുകയോ?” നബി പറഞ്ഞു: “നിങ്ങൾ അമ്പെയ്യുക! ഞാൻ എല്ലാവരോടും ഒപ്പമുണ്ട്.” (ബുഖാരി: 2899)

ഇസ്ലാമിൽ കായിക വിനോദങ്ങൾ അടിസ്ഥാനപരമായി അനുവദനീയമാണെന്നും, അവ നന്മയിലേക്കുള്ള വഴിയാണെങ്കിൽ പ്രോത്സാഹിക്കപ്പെടാമെന്നും വ്യക്തം. എന്നാൽ ഏതൊരു അനുവദനീയമായ കാര്യവും ഒരു നന്മയിലേക്കോ തിന്മയിലേക്കോ വഴിനയിക്കുന്നതായി മാറിയാൽ അത് നന്മയോ തിന്മയോ ആയി മാറും. കായിക വിനോദങ്ങളിലൂടെ ശരീരത്തിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാനും അതിലൂടെ അല്ലാഹുവിനുള്ള ആരാധനകൾ നിർവ്വഹിക്കാനുമാണ് ഒരാൾ ഉദ്ദേശിക്കുന്നത് എങ്കിൽ അത് പ്രതിഫലാർഹമാണ്. എന്നാൽ വിഭാഗീയതയോ പരസ്പര വിദ്വേഷമോ വളർത്താനാണ് ഒരാൾ ഇവയിലൂടെ ഉദ്ദേശിക്കുന്നത് എങ്കിൽ അത് നിഷിദ്ധമാണ്. ഇങ്ങനെ ഏതൊരു ലക്ഷ്യത്തിലേക്കാണ് ഇത്തരം വിനോദങ്ങൾ എത്തിക്കുന്നത് എന്നതിൻറെ അടിസ്ഥാനത്തിൽ അവയുടെ വിധിയിൽ വ്യത്യാസമുണ്ടാകും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇതുമായി ബന്ധപ്പെട്ട ചില അടിസ്ഥാന കാര്യങ്ങൾ കൂടി സൂചിപ്പിക്കുന്നു:

ഒന്ന്: വിനോദങ്ങൾ സ്വന്തത്തിനോ മറ്റുള്ളവർക്കോ ഉപദ്രവങ്ങൾ സൃഷ്ടിക്കുന്നതാകരുത്. തൻറെ സ്വന്തം ശരീരത്തിനോ സമ്പത്തിനോ മറ്റോ ഉപദ്രവമുണ്ടാക്കുന്ന, അതല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രയാസമോ ഉപദ്രവമോ സൃഷ്ടിക്കുന്ന കാര്യങ്ങളിൽ നിന്ന് ഒരു മുസ്‌ലിം വിട്ടു നിൽക്കേണ്ടതുണ്ട്.

രണ്ട്: വിനോദങ്ങളിൽ നിഷിദ്ധവൃത്തികൾ കൂടിച്ചേരാൻ പാടുള്ളതല്ല. അടിസ്ഥാനപരമായി അനുവദിക്കപ്പെട്ട കാര്യങ്ങളാണെങ്കിലും അവയിൽ എന്തെങ്കിലും നിഷിദ്ധമായ കാര്യങ്ങൾ കൂടിച്ചേർന്നാൽ ആ അനുവാദം എടുത്തുനീക്കപ്പെടുന്നതാണ്. ഉദാഹരണത്തിന്, അനുവദനീയമായ ഒരു കായിക വിനോദം ഔറത്ത് വെളിവാക്കിയാണ് കളിക്കുന്നതെങ്കിൽ അത് നിഷിദ്ധമാകും.

മൂന്ന്: വിനോദങ്ങൾക്ക് പിറകിലെ ഉദ്ദേശ്യം തെറ്റാകരുത്. ഇസ്ല‌ാം വിനോദങ്ങൾ അനുവദിച്ചതിന് പിന്നിൽ പ്രധാനപ്പെട്ട രണ്ട് ഉദ്ദേശ്യങ്ങളുണ്ട്. ഒന്ന്: അല്ലാഹുവിനുള്ള ആരാധനകളിൽ ഉന്മേഷവും നൈപുണ്യവും ലഭിക്കാൻ. രണ്ട്: മനസ്സിനെ ബാധിച്ചേക്കാവുന്ന മടുപ്പും അലസതയും നീക്കാൻ. ഒരാൾ വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ഈ ഉദ്ദേശ്യം അവൻറെ മനസ്സിൽ ഉണ്ടെങ്കിൽ അവ ഒന്നല്ലെങ്കിൽ അനുവദനീയമോ അല്ലെങ്കിൽ പ്രതിഫലാർഹമായ നന്മയോ ആകുന്നതാണ്.

എന്നാൽ ഈ ഉദ്ദേശ്യം ഏതുമില്ലാതെ ഒരാൾ വിനോദങ്ങളെ സമീപിക്കുകയാണെങ്കിൽ അവന്റെ പ്രവർത്തനങ്ങൾ തെറ്റായ ദിശയിലേക്കുള്ള സഞ്ചാരം തുടങ്ങിയിരിക്കുന്നു. ചിലപ്പോൾ അവന്റെ കളി വെറുക്കപ്പെട്ട മക്റൂഹ് എന്ന വിധിയിലേക്കോ, അതല്ലെങ്കിൽ നിഷിദ്ധമായ ഹറാമിലേക്കോ പ്രവേശിക്കുന്നതാണ്.

നാല്: നിഷിദ്ധവൃത്തികളിലേക്ക് നയിക്കുന്ന മാർഗമാകരുത് കായിക വിനോദങ്ങൾ. ഇസ്‌ലാം ഹറാമായ കാര്യങ്ങളെ നിഷിദ്ധമാക്കിയതോടൊപ്പം അതിലേക്ക് വഴിനയിക്കുന്ന കാര്യങ്ങളെയും നിഷിദ്ധമാക്കിയിട്ടുണ്ട്. വ്യഭിചാരത്തെ നിഷിദ്ധമാക്കിയതോടൊപ്പം അതിലേക്ക് നയിക്കുന്നതിനാൽ അന്യ സ്ത്രീ-പുരുഷന്മാർ ഒറ്റക്കാകുന്നതും മറ്റുമെല്ലാം ഇസ്‌ലാം നിഷേധിച്ചത് ഒരു ഉദാഹരണമാണ്.

ഇതേ കാര്യം വിനോദങ്ങൾക്കും ബാധകമാണ്. മനുഷ്യര്‍ക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നതിനോ, രാജ്യങ്ങളുടെ പേരിൽ തമ്മിൽ തല്ലുന്നതിനോ, കുഴപ്പങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നതിനോ, നിർബന്ധകർമ്മമായ നമസ്കാരം പോലുള്ളവ ഉപേക്ഷിക്കപ്പെടുന്നതിനോ വിനോദങ്ങൾ കാരണമായാൽ അവ അതോടെ നിഷിദ്ധമാകുന്നതാണ്. കാരണം ഹറാമുകളിലേക്ക് നയിക്കുന്നതും ഹറാമാകും.

അഞ്ച്: അനുവദനീയമായ കാര്യങ്ങൾ അധികരിപ്പിക്കരുത്. കായിക വിനോദങ്ങൾ അടിസ്ഥാനപരമായി അനുവദനീയമാണ്. അനുവദിക്കപ്പെട്ട ഏതൊരു കാര്യവും ഒരു പരിധി വരെ മാത്രമേ ഉപയോഗിക്കാവൂ. അതിൽ കൂടുതൽ അവയിൽ മുഴുകുന്നത് അനുവദനീയമല്ല. ഭക്ഷണം കഴിക്കുക, ഉറങ്ങുക, സംസാരിക്കുക പോലുള്ളവയെല്ലാം അടിസ്ഥാനപരമായി അനുവദിക്കപ്പെട്ടതാണെങ്കിലും ഇവ അധികരിപ്പിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടില്ല. കായിക വിനോദങ്ങൾക്കും ഈ നിയമം ബാധകമാണ്.

ബഹുഭൂരിപക്ഷവും സമയവും ഒരാൾ വിനോദങ്ങളിലും കളികളിലും മുഴുകുന്ന നിലയിൽ ഒരാൾ ജീവിക്കുന്നത് ഈ പറഞ്ഞതിന് ഉദാഹരണമാണ്. സുന്നത്തായ കാര്യങ്ങൾ ഉപേക്ഷിക്കുന്നതിലേക്ക് ഒരാളുടെ കളികളും വിനോദവും ചെന്നെത്തിയാൽ അത് മക്റൂഹാകും എന്നതും ഇതേ വിധിയുടെ ഭാഗമാണ്.

മേൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഫുട്ബോൾ എന്ന വിനോദത്തിന്റെ വിധിയും  വ്യക്തമാണ്. അടിസ്ഥാനപരമായി ഈ കായിക വിനോദം അനുവദനീയമാണ്.

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറയുന്നു: കായിക വിനോദങ്ങളിൽ ഏർപ്പെടുക എന്നത് അനുവദനീയമാണ്; പക്ഷേ ഒരാളുടെ മേലുള്ള നിർബന്ധബാധ്യതകളിൽ നിന്ന് അവനെ അശ്രദ്ധനാക്കുന്ന വിധത്തിൽ ഇക്കാര്യം സംഭവിച്ചുകൂടാ. ഒരാളുടെ നിർബന്ധബാധ്യതകളിൽ നിന്ന് അവനെ അശ്രദ്ധമാക്കുന്ന വിധത്തിൽ ഇത്തരം വിനോദങ്ങൾ  എത്തിയാൽ അവ നിഷിദ്ധമാകും. അതുപോലെ, ഒരാളുടെ ജീവിതത്തിലെ സിംഹഭാഗവും ഈ കളിയിൽ മുഴുകുന്ന അവസ്ഥയിലാണെങ്കിലും ഇതു പോലെത്തന്നെ. അവന്റെ സമയം പാഴാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയാൽ ഏറ്റവും ചുരുങ്ങിയത് അത് മക്റൂഹ് (വെറുക്കപ്പെട്ടത്) ആകും. കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ തുടയും അതിലധികവുമെല്ലാം വെളിവാകുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും പാടില്ല. യുവാക്കളും മറ്റുമെല്ലാം തങ്ങളുടെ തുടഭാഗം മറച്ചു വെക്കുക എന്നത് നിർബന്ധമാണ്. തുടഭാഗം കാണിച്ചു കൊണ്ട് കളികളിൽ ഏർപ്പെടുന്നവരെ വീക്ഷിച്ചു കൊണ്ടിരിക്കുക എന്നതും അനുവദനീയമല്ല. (അസ്‌ഇലഃ മുഹിമ്മഃ: 27)

ഇന്ന് നടക്കുന്ന ഫുട്ബോൾ മൽസരങ്ങളിലൊക്കെ ഈ പറഞ്ഞത് സംഭവിക്കുന്നുണ്ടെന്നതാണ് വാസ്തവം. അല്ലാഹുവിനെ ഓര്‍ന്നതിൽ നിന്ന് ആളുകളെ തടയുകയും, അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയ കാര്യങ്ങളിൽ (ഫർളുകൾ) നിന്ന് അവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുന്നുണ്ട്. ഫുട്ബോൾ മൽസര സീസണുകളിൽ എത്രയാളുകൾക്കാണ് നമസ്കാരം നിര്‍വ്വഹിക്കാൻ കഴിയാത്തത്. അല്ലാഹുവിനെ ഓര്‍ക്കാൻ തീരെ സമയം കിട്ടുന്നില്ല. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയെ തൊട്ടും നമസ്കാരത്തെ തൊട്ടും മനുഷ്യനെ തടസ്സപ്പെടുത്തുന്ന എല്ലാത്തരം വിനോദങ്ങളും വിലക്കപ്പെട്ടതാകുന്നു. അതിനുപുറമെ കളിക്കുന്നവരാകട്ടെ അവരുടെ ഔറത്ത് വെളിപ്പെടുത്തുകയും ചെയ്യുന്നു.

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളവും അവന് ഏറ്റവും നിർബന്ധമായ കർമ്മമാണ് നമസ്കാരം. യുദ്ധരംഗത്ത് പോലും നമസ്കാരം ഉപേക്ഷിക്കാൻ അനുവാദമില്ല. ഒരാളിൽ ബുദ്ധിയും ചിന്താശേഷിയും ബാക്കിയുള്ളിടത്തോളം അവൻറെ മേൽ നമസ്കാരം നിർബന്ധമാണ്. എന്നാൽ സുദീർഘമായി കളികൾ വീക്ഷിച്ചു കൊണ്ടോ, അതല്ലെങ്കിൽ വിനോദങ്ങളിൽ പങ്കെടുത്തു കൊണ്ടോ നമസ്കാരം ഉപേക്ഷിക്കുന്നത് ഇവിടെ സംഭവിക്കുന്നുണ്ട്.

ഫുട്ബോളും മറ്റു വിനോദങ്ങളും മനുഷ്യരുടെ വ്യക്തി ജീവിതത്തെയും സാമൂഹിക ജീവിതത്തെയും അപകടകരമായി സ്വാധീനിക്കുന്ന തലത്തിലേക്ക് ചിലപ്പോഴെല്ലാം  മാറുന്നുണ്ട് എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. അതിൽ ചിലത് ഇവിടെ പറയട്ടെ:

ഒന്ന്: ഇത്തരം കളികൾ പലപ്പോഴും തനിച്ച വിഭാഗീയതയിലേക്കും ദേശീയതയുടെ പേരിലുള്ള അക്രമണങ്ങളിലേക്കും വഴിമാറുന്നു. മനുഷ്യർ തമ്മിൽ അകൽച്ചയും വിദ്വേഷയും പകയും വർദ്ധിപ്പിക്കുന്നതിന് ഈ കളികൾ കാരണമാകുന്നു.

രണ്ട്: ഫുട്ബോൾ മാച്ചുകളുടെയും മറ്റും പേരിൽ ചെറുതും വലുതുമായ തുക പന്തയം വെക്കുന്ന അനേകം സംഭവങ്ങൾ കാണാം.

മൂന്ന്: കായിക വിനോദങ്ങളിലെ വിജയ പരാജയങ്ങൾ ഒരു പരിധിക്കപ്പുറം സന്തോഷമോ ദുഃഖമോ സൃഷ്ടിക്കുന്നുവെങ്കിൽ അത് മനുഷ്യൻറെ യാഥാർഥ്യബോധം നഷ്ടമായി എന്നതിനുള്ള അടയാളമാണ്. ഏതെങ്കിലുമൊരു ടീം വിജയിച്ചാൽ അത്യാഹ്ളാദം കൊള്ളുകയും, എതിരാളികളെ ചീത്ത പറയുകയും ആക്രോശിക്കുകയും ചെയ്യുന്ന ഒരാൾ ശരിയായ മാനസിക നിലയിലല്ല ജീവിക്കുന്നത്. തന്റെ ടീം തോറ്റാൽ കഠിനമായി ദുഃഖിക്കുകയും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ദിവസങ്ങൾ കഴിച്ചു കൂട്ടുകയും ചെയ്യുന്നവരുടെ കാര്യവും ഇതു പോലെത്തന്നെ. കളി തോറ്റതിൻറെ പേരിൽ ആത്മഹത്യ ചെയ്ത സംഭവങ്ങൾ വരെ സംഭവിച്ചിട്ടുണ്ട്.

നാല്: കളിക്കാരുടെ ഫ്ലക്സുകൾ കെട്ടിയും കട്ടൗട്ടുകൾ ഉയർത്തിയും നട മാടുന്ന ‘താരാരാധനകൾ’ ഇസ്‌ലാമിന്റെ പ്രാഥമിക പാഠങ്ങൾക്ക് പോലും കടകവിരുദ്ധമാണ്.

അഞ്ച്: സാമ്പത്തിക ദുർവ്യയം, സമയം പാഴാക്കൽ, സൽകര്‍മ്മങ്ങൾ ഒഴിവാക്കൽ.

عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ ‏‏

അബൂബർസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല. (1) തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്. (2) തന്റെ അറിവ് കൊണ്ട് എന്താണ്‌ പ്രവർത്തിച്ചതെന്ന്. (3) തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്. (4)തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)

ഇന്ന് നടക്കുന്ന ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിന്റെ ഇസ്ലാമിക വിധിയെന്താണെന്ന ചോദ്യത്തിന് സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയായ ‘ലജ്നത്തുദ്ദാഇമ’ മറുപടി പറയുന്നു:

مباريات كرة القدم التي على مال أو نحوه من جوائز حرام ؛ لكون ذلك قمارا ؛ لأنه لا يجوز أخذ السبق وهو العوض إلا فيما أذن فيه الشرع ، وهو المسابقة على الخيل والإبل والرماية ، وعلى هذا فحضور المباريات حرام ، ومشاهدتها كذلك ، لمن علم أنها على عوض ؛ لأن في حضوره لها إقرارا لها . أما إذا كانت المباراة على غير عوض ولم تشغل عما أوجب الله من الصلاة وغيرها ، ولم تشتمل على محظور : ككشف العورات ، أو اختلاط النساء بالرجال ، أو وجود آلات لهو – فلا حرج فيها ولا في مشاهدتها .

പണമോ അതുപോലുള്ള പാരിതോഷികങ്ങളോ വെച്ചുകൊണ്ട് നടത്തുന്ന ഫുട്ബോൾ മത്സരങ്ങൾ ഹറാമാണ് (നിഷിദ്ധമാണ്); കാരണം അതിന്റെ രൂപം ചൂതാട്ടമാകുന്നു. ശറഅ് വ്യക്തമായി അനുവദിക്കപ്പെട്ട കാര്യങ്ങളിൽ അല്ലാതെ പന്തയത്തുകയോ പ്രതിഫലമോ വാങ്ങാൻ പാടുള്ളതല്ല. കുതിരയോട്ടം, ഒട്ടകയോട്ടം, അമ്പെയ്ത്ത് എന്നിവയിലാണ് അത് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ, ഇത്തരം മത്സരങ്ങൾ സമ്മാനത്തുക വെച്ചുള്ളതാണെന്ന് അറിഞ്ഞുകൊണ്ട് അതിൽ പങ്കെടുക്കുന്നതും അത് കാണുന്നതും ഹറാമാകുന്നു; കാരണം, അതിൽ പങ്കുചേരുകയോ അത് കാണാൻ ഇരിക്കുകയോ ചെയ്യുന്നത് ആ തിന്മയെ അംഗീകരിക്കുന്നതിന് തുല്യമാണ്. എന്നാൽ, ഒരു മത്സരം യാതൊരുവിധ പ്രതിഫലമോ (പന്തയത്തുകയോ പാരിതോഷികങ്ങളോ) ഇല്ലാത്തതാണെങ്കിൽ, അല്ലാഹു നിർബന്ധമാക്കിയ നമസ്കാരം പോലുള്ള കാര്യങ്ങളിൽ നിന്ന് അത് മനുഷ്യനെ അശ്രദ്ധനാക്കുന്നില്ലെങ്കിൽ, അതുപോലെതന്നെ ഇസ്‌ലാം നിരോധിച്ച കാര്യങ്ങളൊന്നും അതിൽ അടങ്ങിയിട്ടില്ലെങ്കിൽ – അതായത്: ഔറത്ത് വെളിപ്പെടുത്തുക, സ്ത്രീകളും പുരുഷന്മാരും ഇടകലരുക, അല്ലെങ്കിൽ സംഗീതോപകരണങ്ങളുടെ സാന്നിധ്യമുണ്ടാവുക എന്നിവ ഇല്ലാതിരുന്നാൽ – ആ മത്സരം കളിക്കുന്നതിലോ അത് കാണുന്നതിലോ യാതൊരു തെറ്റുമില്ല. [فتاوى اللجنة الدائمة (15/238)]

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *